മക്കളേ, പുറംലോകത്തില്‍ ഒരിക്കലും നമുക്കു പൂര്‍ണ്ണത കണ്ടെത്താനാവില്ല. എന്നിട്ടും ഇന്നത്തെ ലോകത്തില്‍ മനുഷ്യന്‍ പൂര്‍ണ്ണതയും സന്തോഷവും സദാ പുറത്തു തേടുകയാണു്.

പല സ്ത്രീകളും അമ്മയോടു വന്നു പറയാറുണ്ടു്, ‘അമ്മാ, എനിക്കു നാല്പതു വയസ്സായി. ഇതുവരെ കല്യാണം നടന്നിട്ടില്ല. പറ്റിയ പുരുഷനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ ഇതുപോലെത്തന്നെ പുരുഷന്മാരും വന്നുപറയും, ‘അമ്മാ, ഇത്ര വയസ്സായിട്ടും എൻ്റെ വിവാഹം നടന്നിട്ടില്ല. എൻ്റെ സങ്കല്പത്തിലെ ഭാര്യയെത്തേടി നടക്കുകയാണു്. ഇതുവരെയും കണ്ടെത്തിയില്ല.’ അങ്ങനെ അവര്‍  നിരാശരാകുന്നു. ജീവിതം ദുഃഖപൂര്‍ണ്ണമാകുന്നു. അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മവരുന്നു:

രണ്ടു സുഹൃത്തുക്കള്‍ ഏറെക്കാലത്തിനുശേഷം ഒരു ഹോട്ടലില്‍വച്ചു കണ്ടുമുട്ടി. ആദ്യത്തെയാള്‍ പറഞ്ഞു, ‘ഓ, നിന്നെക്കണ്ടെതു നന്നായി, എൻ്റെ കല്യാണം നിശ്ചയിച്ചു, നീ തീര്‍ച്ചയായും വരണം.

‘ഓ വരാമല്ലോ’ സുഹൃത്തു് സമ്മതിച്ചു.

‘ആട്ടെ, നിൻ്റെ കല്യാണം ഇതേവരെ നടന്നിട്ടില്ലല്ലോ. എന്താ കാരണം? കല്യാണമൊന്നും വേണ്ടെന്നു വച്ചിട്ടാണോ?’

‘അല്ല, അല്ല, കല്യാണം കഴിക്കാന്‍ എനിക്കു നല്ല താത്പര്യമുണ്ടു്. പക്ഷേ, എല്ലാം തികഞ്ഞ ഒരു സ്ത്രീയെത്തേടി നടക്കുകയായിരുന്നു.

സ്‌പെയിനില്‍വച്ചു് ഒരുത്തിയെ കണ്ടു. അവള്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യവുമുണ്ടു്. പക്ഷേ ,ലോകകാര്യങ്ങളില്‍ ഒരു പിടിപ്പില്ല. അങ്ങനെ അതു വേണ്ടെന്നു വച്ചു. പിന്നീടു്, കൊറിയയില്‍വച്ചു മറ്റൊരു സ്ത്രീയെ കണ്ടുമുട്ടി. അവള്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു എന്നു മാത്രമല്ല, ആദ്ധ്യാത്മികജ്ഞാനവും ലോകപരിചയവും നല്ല പോലെ ഉണ്ടായിരുന്നു. പക്ഷേ, അടുത്തിടപഴകാന്‍ വലിയ വൈഷമ്യം തോന്നി.

അങ്ങനെ എൻ്റെ അന്വേഷണം വീണ്ടും തുടര്‍ന്നു. ഒടുവില്‍ മറ്റൊരു രാജ്യത്തുവച്ചു് അവളെ കണ്ടെത്തി എൻ്റെ സങ്കല്പത്തിലെ ഭാര്യ, എല്ലാം തികഞ്ഞവള്‍. എന്തുകൊണ്ടും പൂര്‍ണ്ണ. ഞങ്ങള്‍ തമ്മില്‍ ഇടപഴകാനും പ്രയാസം തോന്നിയില്ല.

‘എന്നിട്ടു്, അവളെ വിവാഹം കഴിച്ചില്ലേ?’ സുഹൃത്തു് ആകാംക്ഷയോടെ ചോദിച്ചു.

‘ഇല്ല’ വിഷാദത്തോടെ രണ്ടാമന്‍ പറഞ്ഞു.

‘അതെന്തു പറ്റി?’

‘അതോ?…..അതു്…….അവളും എല്ലാം തികഞ്ഞ ഒരു പുരുഷനെ തേടി നടക്കുകയായിരുന്നു.

ഏതൊരു വിജയത്തിനും പ്രയത്‌നത്തിനെക്കാളുപരി, അവിടുത്തെ കൃപയാണു മുഖ്യമെന്നു പറയും. കൃപയ്ക്കു തടസ്സം നമ്മുടെ അഹം ഭാവമാണു്. അതിനാല്‍ എങ്ങനെയും അഹംഭാവത്തെ ഇല്ലാതാക്കേണ്ടതുണ്ടു്. ഈ അഹംഭാവത്യാഗം നമ്മളെ വലിയവരാക്കിത്തീര്‍ക്കും.

എന്നാല്‍ കൃപയ്ക്കു പാത്രമാകണമെങ്കില്‍ തീര്‍ച്ചയായും നല്ല കര്‍മ്മം ആവശ്യമാണു്. നമ്മള്‍ എപ്പോഴും ‘താ, താ’ എന്നു പറയുന്നു. പക്ഷേ, ‘താങ്ക്‌യൂ’ (നന്ദി) പറയാന്‍ പഠിച്ചിട്ടില്ല. ഏതു സാഹചര്യത്തിനും നന്ദി പറയാനാണു നാം പഠിക്കേണ്ടതു്. മറ്റുള്ളവരില്‍നിന്നു നമുക്കെന്തു ലഭിക്കും എന്ന ചിന്ത വെടിഞ്ഞിട്ടു മറ്റുള്ളവര്‍ക്കു എന്തു കൊടുക്കുവാന്‍ കഴിയും  ഈ ഒരു മനോഭാവത്തെയാണു്, നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

രാമനും കൃഷ്ണനും ക്രിസ്തുവും നബിയുമൊക്കെ എത്രയോ പ്രതിബന്ധങ്ങള്‍ നേരിട്ടു. എന്നാല്‍ അതിലൊന്നും തളര്‍ന്നില്ല. അവര്‍ പിന്നിലേക്കു നോക്കിയതേയില്ല. മുന്നോട്ടുതന്നെ പോയി. അതിൻ്റെ ഫലമായി വിജയം എന്നും അവരോടൊപ്പമായിരുന്നു. ഇന്നും അവര്‍ ജീവിക്കുന്നു.

ഇതുപറയുമ്പോള്‍ മക്കള്‍ ചിന്തിക്കാം, ”ഓ, അവരൊക്കെ, അവതാരപുരുഷന്മാരല്ലേ, അവര്‍ക്കതിനു കഴിയും. സാധാരണക്കാരായ നമുക്കെങ്ങനെ അവരെപ്പോലെയാകാന്‍ പറ്റും” എന്നു്. മക്കളേ, നിങ്ങള്‍ ആരും സാധാരണക്കാരല്ല, അസാധാരണശക്തികളുടെ ഉടമകളാണു്. നമ്മളില്‍ അനന്തമായ ശക്തിയുണ്ടു്. ഇന്നു് അതു് ഉറങ്ങിക്കിടക്കുകയാണു്. അതിനെ ഉണര്‍ത്തി എടുത്താല്‍ മാത്രം മതി. വിജയം തീര്‍ച്ചയാണു്.

ഇന്നു നമ്മുടെ ശരീരം വളര്‍ന്നു, പക്ഷേ, മനസ്സു് വളരുന്നില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. നമ്മളിലെ കുഞ്ഞുമനസ്സിനെ ഉണര്‍ത്തിയെടുക്കണം. ഒരു കുഞ്ഞിനേ വളരാന്‍ പറ്റൂ. നമ്മളില്‍ ഇന്നുള്ളതു വ്യക്തിഭാവമാണു്. ഈ ‘ഞാന്‍’ഭാവംകൊണ്ടു് ഒന്നും നേടാന്‍ പോകുന്നില്ല. അതു പോയി വ്യാപ്തഭാവം വരണം.

ഈശ്വരനിലുള്ള ഭക്തി എന്നാല്‍ സകലതിനോടുമുള്ള ആദരവാണു്. അല്ലാതെ വെറും പ്രാര്‍ത്ഥന മാത്രമല്ല. ഈശ്വരന്‍ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരു വ്യക്തിയല്ല. നമ്മുടെയെല്ലാം ഉള്ളിലാണു് അവിടുന്നു വസിക്കുന്നതു്. ഈ ഭാവത്തെയാണു നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്. അതിനു് ആവശ്യമായി വേണ്ട മുഖ്യ ഘടകം വിനയമാണു്.

ഒരു തുടക്കക്കാരനെപോലെയിരിക്കാന്‍ നമ്മള്‍ പഠിക്കണം. കാരണം, അവിടെ അഹങ്കാരമുണ്ടാവില്ല. ഇതിനു വേണ്ടി നമ്മള്‍ ഒരു വലിയ ത്യാഗം ചെയ്യേണ്ടിവരും  അഹംഭാവ ത്യാഗം. ഈ അഹംഭാവമാണു് എല്ലാത്തിനും തടസ്സമായിരിക്കുന്നതു്. ഇതിനെ ത്യജിക്കുന്നതിലൂടെ നാം ജീവിതവിജയം ഉറപ്പു വരുത്തുകയാണു ചെയ്യുന്നതു്.

”ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എന്തു കൊണ്ടു നമുക്കു് അവിടുത്തെ കാണാന്‍ കഴിയുന്നില്ല?” എന്നു ചോദിക്കാം.

വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ നമ്മുടെ വിരല്‍ കറണ്ടുള്ള ഒരു വയറില്‍ തൊട്ടുനോക്കുക, അപ്പോള്‍ അതനുഭവിക്കാം. ഈശ്വരതത്ത്വം അനുഭവമാണു്. അനുഭവത്തിലൂടെയാണു് അവിടുത്തെ അറിയേണ്ടതു്. 

നാം ഒരു വൃക്ഷത്തിൻ്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ കാണാന്‍ നമുക്കു കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിക്കുകയാണെന്നു മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല. വൃക്ഷത്തിനു സൂര്യനെ മറയ്ക്കുവാനുള്ള ശക്തി ഇല്ല. എന്നാല്‍ സൂര്യനെ കാണുന്നതില്‍നിന്നു് വൃക്ഷം നമ്മുടെ കാഴ്ചയെ മറയ്ക്കുന്നു. അതുപോലെ അജ്ഞാനം കാരണം നമുക്കവിടു ത്തെ ദര്‍ശിക്കാനാവുന്നില്ല.

മക്കളേ, ആകാശത്തിനപ്പുറം സ്വര്‍ണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരീശ്വരനില്‍ വിശ്വസിക്കുവാന്‍ സനാതനധര്‍മ്മം ആവശ്യപ്പെടുന്നില്ല. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ഈശ്വര തത്ത്വത്തെക്കുറിച്ചാണു സനാതനധര്‍മ്മം പറയുന്നതു്. നമ്മില്‍ ജീവചൈതന്യമായി, ബോധമായി ഈശ്വരന്‍ കുടികൊള്ളുന്നു. ആനന്ദസ്വരൂപനായ അവിടുന്നു തന്നെ നമ്മുടെ ആത്മാവു്.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും ‘ഞാന്‍ എന്നും എൻ്റെ’ തെന്നുമുള്ള നമ്മുടെ മനോഭാവം സത്യദര്‍ശനത്തെ മറയ്ക്കുകയും നമ്മുടെ മനസ്സിനെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനസ്സു് ഒന്നുമാത്രമാണു മനുഷ്യൻ്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം.

വികാരവിചാരങ്ങളില്‍നിന്നും ബാഹ്യവസ്തുക്കളോടുള്ള ആശ്രയത്തില്‍നിന്നും മനസ്സിനെ വിമുക്തമാക്കുന്ന തത്ത്വമാണു മതം. ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവമാണു് ഇന്നു നമ്മളെ അസ്വതന്ത്രരാക്കിയിരിക്കുന്നതു്. മതതത്ത്വങ്ങള്‍ പാലിക്കുന്നതിലൂടെ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുന്നു.

പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. മക്കളെല്ലാവരും ക്ഷമയോടും ഉത്സാഹത്തോടും കൂടി ഇവിടെ എത്തിയിരിക്കുകയാണു്. ഈ ക്ഷമയും ഉത്സാഹവും മക്കളുടെ ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ സാധിച്ചാല്‍ എല്ലാം മക്കളില്‍ എത്തിച്ചേരും. കാരണം ക്ഷമയും ഉത്സാഹവുമാണു ജീവിത വിജയത്തിനു് ആധാരം.

ചിലരില്‍ ഉത്സാഹം കാണാന്‍ കഴിയും. പക്ഷേ, ക്ഷമയുണ്ടാകില്ല. മറ്റു ചിലര്‍ക്കു ക്ഷമയുണ്ടായിരിക്കും. എന്നാല്‍, ഉത്സാഹം ഉണ്ടാകില്ല. ചെറുപ്പക്കാരായ മക്കളില്‍ തൊണ്ണൂറു ശതമാനം ഉത്സാഹമുള്ളവരാണു്. പക്ഷേ, അവരില്‍ അത്രകണ്ടു ക്ഷമ കാണാറില്ല. എന്തു കേട്ടാലും എടുത്തുചാട്ടമാണു്. ക്ഷമയില്ലാത്തതിനാല്‍, പലപ്പോഴും ഉദ്ദേശിച്ചതു നേടാന്‍ ആവുന്നില്ല.

അതുപോലെ പ്രായമായ മക്കളില്‍, അറുപതു്, എഴുപതു വയസ്സായവരില്‍ വേണ്ടത്ര ക്ഷമ കാണും. അവര്‍ ജീവിതാനുഭവങ്ങളില്‍ നിന്നു ക്ഷമയും വിവേകവും ബുദ്ധിയും നേടി. പക്ഷേ, ഉത്സാഹമില്ല. കാരണം ചോദിച്ചാല്‍ പറയും, ശരീരത്തിൻ്റെ ശക്തി നഷ്ടമായി. വിചാരിക്കുന്നതു പോലെ മുന്നോട്ടു പോകുവാന്‍ പറ്റുന്നില്ല എന്നു്. ഇതാണു് ഇന്നു കണ്ടുവരുന്നതു്.

എന്നാല്‍, നമ്മള്‍ ഒരു കൊച്ചു കുട്ടിയിലേക്കു നോക്കുക. കുട്ടിക്കു് ഉത്സാഹവും ക്ഷമയുമുണ്ടു്. കുട്ടി എഴുന്നേല്ക്കാന്‍ ശ്രമിക്കുന്നു, വീഴുന്നു. വീണ്ടും ശ്രമിക്കുന്നു, വീണ്ടും വീഴുന്നു. എന്നാല്‍ അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. ദേഹം മുറിഞ്ഞാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിൻ്റെ ഫലമായി അവനു് എഴുന്നേല്ക്കാന്‍ സാധിക്കുന്നു.

കുഞ്ഞിനറിയാം താന്‍ മറിഞ്ഞു വീണാല്‍ രക്ഷിക്കാന്‍ അമ്മ അടുത്തുണ്ടെന്നു്. മുറിവു പറ്റിയാലും രക്തം തുടച്ചു മരുന്നു വയ്ക്കാന്‍ അമ്മയുണ്ടു് എന്നു്. തൻ്റെ ശ്രമത്തില്‍ സഹായിക്കാന്‍ അമ്മ അടുത്തുള്ളതിനാല്‍ വിജയം തീര്‍ച്ചയാണെന്നുള്ള ശുഭാപ്തി വിശ്വാസവും ആ കുഞ്ഞിനുണ്ടു്. ക്ഷമയും ഉത്സാഹവും ശുഭാപ്തി വിശ്വാസവും; ഇതു മൂന്നുമാണു നമ്മുടെ ജീവിതത്തിൻ്റെ മന്ത്രമാകേണ്ടതു്.

ഒരു ചെരുപ്പു കമ്പനി ചെരുപ്പു വില്പനയ്ക്കായി ദൂരെ ഒരു ഗ്രാമത്തിലേക്കു രണ്ടുപേരെ അയച്ചു. അതില്‍ ഒരാള്‍ അവിടെ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയെ വിവരം അറിയിച്ചു, ”ഇവിടെയുള്ളവര്‍ ആദിവാസികളാണു്. അവര്‍ക്കു ചെരുപ്പിനെപ്പറ്റി യാതൊരു ബോധവുമില്ല. അതിനാല്‍ ഇവിടെ ചെരുപ്പുവില്പന അസാദ്ധ്യമാണു്. അതുകൊണ്ടു ഞാനിവിടെനിന്നും ഉടനെ തിരിച്ചു വരികയാണു്.”

ഇതേസമയം മറ്റെയാള്‍ കമ്പനിയെ വിവരം അറിയിച്ചതിങ്ങനെയാണു്, ”ഇവിടെ ആദിവാസികളാണു്. ഇവര്‍ക്കു ചെരുപ്പിനെപ്പറ്റി യാതൊരു ബോധവുമില്ല. ഇവര്‍ ചെളിയിലാണു നടക്കുന്നതും കിടക്കുന്നതും. വേണ്ട അറിവു പകര്‍ന്നാല്‍, ധാരാളം ചെരുപ്പുകള്‍ വിറ്റഴിക്കാന്‍ സാദ്ധ്യതയുണ്ടു്. അതിനാല്‍, ഒരു ലോഡ് ചെരുപ്പു് ഉടനെ അയയ്ക്കുക.” ഈ ശുഭാപ്തിവിശ്വാസമുള്ളവന്‍ വിജയിക്കുകയും ചെയ്തു.

ഏതു രംഗത്തും വിശ്വാസികള്‍ വിജയിക്കുന്നതും അവിശ്വാസികള്‍ തളരുന്നതും നാം കാണാറുള്ളതാണു്. ഈശ്വരന്‍ നമ്മളോടൊപ്പമുണ്ടു്. അവിടുന്നു് ഏതു പ്രതിസന്ധിയിലും സഹായത്തിനുണ്ടു് എന്നൊരു വിശ്വാസം വന്നാല്‍, ഏതൊരു പ്രതിബന്ധത്തെയും അതിജീവിച്ചു മുന്നോട്ടു പോകുവാനുള്ള ഉണര്‍വ്വും ഉന്മേഷവും നമ്മിലുണ്ടാകും. വിജയിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം നമ്മെ വിട്ടകലുകയുമില്ല.

പ്രേമസ്വരൂപികളായ എല്ലാവര്‍ക്കും നമസ്‌കാരം. ലോകത്തിനു മുഴുവന്‍ നന്മ വരുത്തുന്ന, മനുഷ്യനെ ഈശ്വരൻ ആക്കുന്ന ഈ സമ്മേളനം സംഘടിപ്പിച്ച സംഘടാകരെക്കുറിച്ചു് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം നിറയുന്നു. അവരോടു് അമ്മയ്ക്കു തോന്നുന്ന കൃതജ്ഞതയും സന്തോഷവും വാക്കുകൊണ്ടു പ്രകടിപ്പിക്കാവുന്നതല്ല.

ഭൗതികതയില്‍ മുങ്ങിയിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യൻ്റെ നിലനില്പിന്നും വളര്‍ച്ചയ്ക്കും ആധാരമായ മതത്തിൻ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടിയള്ള ഒരു വലിയ സമ്മേളനമാണു്  ഇവിടെ വിജയകരമായി ഒരുക്കിയിരിക്കുന്നതു്. ത്യാഗപൂര്‍ണ്ണമായ പ്രയത്‌നത്തിലൂടെ ലോകത്തിനു മുഴുവന്‍ പ്രയോജനകരമായ നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃകയാണു് ഇതിൻ്റെ സംഘാടകര്‍ കാട്ടിയിരിക്കുന്നതു്. ആ ത്യാഗത്തെക്കുറിച്ചു പറയാന്‍ അമ്മയ്ക്കു വാക്കുകളില്ല. ആ വിശാലതയുടെ മുന്നില്‍ അമ്മ നമിക്കുക മാത്രം ചെയ്യുന്നു.

പ്രസംഗം ചെയ്യുക എന്നതു് അമ്മയുടെ ശൈലിയല്ല. എങ്കിലും അമ്മയുടെ ജീവിതത്തിൻ്റെ അനുഭവത്തില്‍നിന്നു് ഉള്‍ക്കൊണ്ട ചില കാര്യങ്ങള്‍ പറയാം. നാമോരോരുത്തരും ഈശ്വരസ്വരൂപമാണു് എന്ന അറിവിലും അനുഭവത്തിലും എത്തിക്കുന്ന വിശ്വാസമാണു മതം. മനുഷ്യനെ ഈശ്വരസാക്ഷാത്കാരത്തിലേക്കു നയിക്കുക, മനുഷ്യനെ ഈശ്വരൻ ആക്കുക  ഇതാണു മതത്തിൻ്റെ, സനാതനധര്‍മ്മത്തിൻ്റെ ലക്ഷ്യം.

ഇപ്പോള്‍ നമ്മുടെ മനസ്സാകുന്ന തടാകം ചിന്തകളാകുന്ന അലകളാല്‍ ഇളകിമറിഞ്ഞു കൊണ്ടിരിക്കുന്നു. അലകള്‍ അടക്കി നിശ്ചലമായ അടിത്തട്ടു കണ്ടെത്തുന്ന തത്ത്വമാണു മതത്തിൻ്റെ കാതല്‍. സനാതനധര്‍മ്മത്തിൻ്റെ കേന്ദ്രബിന്ദുവായ അദ്വൈതദര്‍ശനത്തിൻ്റെ വിഷയവും അതുതന്നെ. ‘അഹം ബ്രഹ്‌മാസ്മി’ എന്ന ഋഷിവചനം ആ അദ്വൈതാനുഭൂതിയുടെ, അഥവാ, ആത്മസാക്ഷാത്കാരത്തിൻ്റെ, വാക്യമാണു്.

‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലീം’, ‘ഞാന്‍ എഞ്ചിനീയര്‍’, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണു് ഓരോരുത്തരും പറയുന്നതു്. എല്ലാവരിലും ഒരുപോലെയുള്ള സര്‍വ്വവ്യാപിയായ ഈ ‘ഞാനി’നു നാമവും രൂപവും ഇല്ല. ആ പരമതത്ത്വത്തെത്തന്നെയാണു് ആത്മാവ്, ബ്രഹ്‌മം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നതു്. ഈശ്വരനില്ലെന്നു പറയുന്നതു നാവു കൊണ്ടു നാവു് ഇല്ലെന്നു പറയുന്നതുപോലെയാണു്. താനില്ലെന്നു താന്‍തന്നെ പറയുന്നതിനു സമമാണതു്.

ഈശ്വരന്‍ നമ്മളിലോരോരുത്തരിലും കുടികൊള്ളുന്നു. സകലജീവജാലങ്ങളിലും സര്‍വ്വചരാചരങ്ങളിലും അവിടുത്തെ ചൈതന്യമാണു തുടിക്കുന്നതു്. അവിടുന്നു് ആകാശംപോലെയാണു്. ആകാശം എല്ലായിടത്തുമുണ്ടു്. ഈ പ്രപഞ്ചം മുഴുവന്‍ സ്ഥിതി ചെയ്യുന്നതു് ആകാശത്തിലാണു്. നാം ഒരു വീടു പണിയുന്നതിനു മുന്‍പു് ആകാശം അവിടെയുണ്ടു്. വീടുപണി കഴിഞ്ഞതിനുശേഷവും  ആകാശം അവിടെയുണ്ട്. മുന്‍പുണ്ടായിരുന്ന അതേ ആകാശത്തില്‍ത്തന്നെയാണു വീടു സ്ഥിതി ചെയ്യുന്നതു്. വീടു പൊളിച്ചു മാറ്റിയാലും ആകാശം അവിടെത്തന്നെയുണ്ടു്. ഇതുപോലെ എന്നെന്നും ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഭാവികാലത്തിലും മാറ്റമില്ലാതെ വര്‍ത്തിക്കുന്ന പരമതത്ത്വമാണു് ഈശ്വരന്‍.