27 സെപ്റ്റംബർ 2020, അമൃതപുരി
അമൃതവർഷം67 അമ്മയുടെ ജന്മദിനം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനായജ്ഞമായി ലോകവ്യാപകമായി ആചരിച്ചു.

അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിൻ്റെ വിവിധഭാഗങ്ങളിലെ ഭക്തരും, ധ്യാനത്തിനും, പ്രാർത്ഥനയ്ക്കും, മറ്റു ആരാധനകൾക്കുമായി അമ്മയുടെ ഈ ജന്മദിനം നീക്കിവച്ചു. അമൃതപുരിയിലെ ആശ്രമത്തിൽ നിന്നും അമ്മ ജന്മദിന സന്ദേശവും നൽകുകയുണ്ടായി. സാധാരണയായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തുന്ന അവസരമാണ് അമ്മയുടെ ജന്മദിനം. സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുടെ പ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും സമ്മേളിക്കുന്ന പ്രൗഢമായ ജന്മദിന ആഘോഷങ്ങൾക്കാണ് അമൃതപുരി വേദിയാകാറുള്ളത്.

‘നിങ്ങളുടെ എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ നേരിട്ടു കാണാൻ അമ്മയ്ക്ക് സാധിക്കുന്നില്ലെങ്കിലും, ഓരോരുത്തരുടെയും മുഖങ്ങൾ അമ്മ ഹൃദയത്തിൽ കാണുന്നു. മക്കളെക്കുറിച്ച് അമ്മ എപ്പോഴും ഓർക്കുകയും, മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.’ എന്നു പറഞ്ഞുകൊണ്ടാണ് അമ്മ ജന്മദിന സന്ദേശം ആരംഭിച്ചത്. മനുഷ്യൻ്റെ സ്വാർത്ഥവും, അതിരില്ലാത്തതുമായ പ്രകൃതിചൂഷണത്തിൻ്റെ പരിണിതഫലങ്ങളാണ് കോവിഡ്19 അടക്കമുള്ള മഹാമാരികൾ എന്ന് അമ്മ ഓർമിപ്പിച്ചു.

‘പ്രകൃതി എത്രയോ മുന്നറിയിപ്പുകൾ തന്നുകൊണ്ടിരുന്നു, എന്നാൽ മനുഷ്യർ അവയിൽ ഏറ്റവും ശക്തമായതിനെപ്പോലും കാണാനും, കേൾക്കാനും, അംഗീകരിക്കുവാനും വിസമ്മതിച്ചു. തെറ്റായ ശീലങ്ങൾ നമ്മുടെ സ്വഭാവമായി മാറി. അവ ക്രമേണ നമ്മുടെ ജീവിതരീതിയെത്തന്നെ സ്വാധീനിച്ചു. നമ്മുടെ അഹങ്കാരം നമ്മെ മാറുന്നതിൽ നിന്നും തടഞ്ഞു. ഈ അവസ്ഥ അധികകാലം നീണ്ടു നിൽക്കില്ലെന്നാണ് നാം ആശ്വസംകൊണ്ടത്. എന്നാൽ നമ്മുടെ ബുദ്ധിയുടെ കണക്കുകൂട്ടലുകൾ ആധുനിക ശാസ്ത്രത്തിൻ്റെ കണക്കുകൂട്ടലുകൾ പോലും പിഴച്ചുപോയി. മനുഷ്യരാശി കൊറോണ വയറസിൻ്റെ മുൻപിൽ ഇപ്പോഴും നിസ്സഹായരായിത്തന്നെ നിലകൊള്ളുന്നു.’ ‘അമ്മ പറഞ്ഞു.

എന്നിരുന്നാലും, ഇത് പഴിപറയലിനും കുറ്റപ്പെടുത്തലിനുമുള്ള സമയമല്ല, മറിച്ച് ധൈര്യത്തോടും, ജാഗ്രതയോടും ജഡത്വം വെടിഞ്ഞ് ക്രിയാത്മകമായി ധർമ്മത്തിലുറച്ച കർമ്മങ്ങളിൽ വ്യാപൃതരാവുകയാണ് നാം വേണ്ടത് എന്ന് അമ്മ പറഞ്ഞു. ഒപ്പം ഇനിയുള്ള കാലത്ത് മനുഷ്യരാശി മുറുകെപ്പിടിക്കേണ്ടുന്നതായി താൻ കരുതുന്ന ഏഴ് നിർദേശങ്ങളും അമ്മ മുന്നാേട്ടു വച്ചു.

  1. മനസ്സും ശരീരവും കഴിയാവുന്നത്ര നിയന്ത്രണത്തിലാക്കുക,
  2. കുറഞ്ഞപക്ഷം ഒരു ചെറിയ അളവിലെങ്കിലും ദിവസവും ആധ്യാത്മിക സാധനാചര്യകൾ ശീലിക്കുക.
  3. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കുക.
  4. പ്രകൃതിശക്തികളെ നിസ്സാരമായി കാണുകയോ, അവയോടു യുദ്ധം ചെയ്യുകയോ ചെയ്യാതിരിക്കുക.
  5. ജീവിതത്തെ വിശാലമായ വീക്ഷണത്തോടെ സമീപിക്കുവാൻ തയ്യാറാകുക.
  6. നിങ്ങളുടെ സ്വാർത്ഥവും നിസ്വാർത്ഥവുമായ താത്പര്യങ്ങളെ സംതുലിതമാക്കുക.
  7. പരമോന്നത വിധാതാവായ ജഗദീശ്വരനാൽ നിർമ്മിതമായ പ്രപഞ്ചനിയമങ്ങളെ ആദരിക്കുവാനും അനുസരിക്കുവാനും തയ്യാറാകുക.

‘ഒരുപ്രാവശ്യം മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളെ സംബന്ധിച്ച് നമ്മൾ സാധാരണ പറയാറുള്ള ഒരു വാക്യമുണ്ട്. ‘ ഉപയോഗിക്കുക കളയുക'(use & throw). വാസ്തവത്തിൽ അത് നാം ജീവിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ചുകൂടി വിശദമാക്കുന്ന ഒരു വാക്യമാണ്. നാം വാങ്ങുന്ന സാധനങ്ങളെക്കുറിച്ചാകട്ടെ, പ്രകൃതിയെക്കുറിച്ചാകട്ടെ, നമ്മുടെ ബന്ധങ്ങളെക്കുറിച്ചാകട്ടെ ഈ മനോഭാവമാണ് ഇന്ന് സമൂഹത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത്. സ്വാർത്ഥതയിൽ നിന്നുമാണ് ആ മനോഭാവം ഉടലെടുക്കുന്നത്. നമ്മുടെ കോശങ്ങൾ നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിരോധജന്യ രോഗത്തെ പോലെയാണ് സ്വാർത്ഥത. മറ്റുള്ളവരുടെ വികാരങ്ങളെയും, അവകാശങ്ങളെയും മനസ്സിലാക്കുന്നതിനുള്ള നമ്മുടെ ശേഷി നശിപ്പിക്കപ്പെടുന്നു. സഹജീവികളെയോ, പ്രകൃതിയെയോ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി വേദനിപ്പിക്കുമ്പോൾ മനുഷ്യർക്ക് മനസ്സാക്ഷിക്കുത്തു പോലും തോന്നാതായിത്തുടങ്ങിയിരിക്കുന്നു. എങ്കിലും, അത്തരം തെറ്റായ മാർഗ്ഗത്തിലെ നേട്ടങ്ങളൊന്നും ആർക്കും തന്നെ ഉപകാരപ്പെടുവാൻ പോകുന്നില്ല.’ മനുഷ്യൻ്റെ സ്വാർത്ഥതയെക്കുറിച്ച് അമ്മ പറഞ്ഞു.

എന്നാൽ കോവിഡ്19 പ്രകൃതിയുടെ ശിക്ഷയല്ല മറിച്ച് മനുഷ്യൻ്റെ തെറ്റു തിരുത്തുവാനാവശ്യപ്പെട്ടുള്ള സന്ദേശമാണെന്ന് അമ്മ വ്യക്തമാക്കി. ‘ഈ ദുരിതകാലം പ്രകൃതിയുടെ ശിക്ഷയാണെന്ന് ഒരുപക്ഷെ നമ്മൾ വിചാരിക്കുന്നുണ്ടാകും. എന്നാൽ അതിനെ അങ്ങനെയല്ല കാണേണ്ടത്. നമ്മുടെ പ്രവർത്തികൾ തിരുത്താനുള്ള പ്രകൃതിയുടെ ഉണർത്തുപാട്ടായി വേണം നാമിതിനെ സ്വീകരിക്കുവാൻ. ഇതിലും ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നും രക്ഷിക്കുന്നതിനായി ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നമുക്ക് നൽകിയ ഒരു ഷോക്ക് ട്രീറ്റ്‌മെൻ്റ് ആയി വേണം മനസ്സിലാക്കാൻ. ഭൂമിദേവിയെയും, പ്രകൃതിമാതാവിനെയും ക്ഷമയുടെ മൂർത്തികളായാണ് നാം കാണാറുള്ളത്. എന്നാൽ മനുഷ്യർ ആ ക്ഷമയെ എല്ലാ നശീകരണവും ചെയ്യുവാനുള്ള സമ്മതപത്രമായി ദുരുപയോഗം ചെയ്തു. ഇത് ആ തെറ്റു തിരുത്തുവാനുള്ള അവസരമാണ്. ‘

കാരുണ്യത്തിൻ്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് അമ്മ അനുഗ്രഹ പ്രഭാഷണം ഉപസംഹരിച്ചത്. ‘കാറ്റു വീശുന്ന ദിക്കിലേക്ക് മാത്രമാണ് ഒരു പുഷ്പത്തിൻ്റെ പരിമളം കടന്നു ചെല്ലുക. എന്നാൽ നന്മയുടെ സൗരഭ്യം എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്നു. ഈ ലോകത്തിലെ സകലരെയും ഒരുപക്ഷെ നമുക്ക് സഹായിക്കുവാൻ കഴിഞ്ഞു എന്ന് വരില്ല എന്നാൽ നമുക്കു ചുറ്റുമുള്ള കുറച്ചു പേരോടെങ്കിലും നമ്മുടെ കാരുണ്യം പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ, അവർ അത് പകർന്നു നൽകും, താമസംവിനാ കാരുണ്യത്തിൻ്റെ ഒരു ശൃംഖലയായി അത് പടരും. കൊറോണ വയറസിനെ ജയിക്കുവാൻ ശക്തിയുള്ള, ഈ ‘കാരുണ്യ’ വയറസാണ് ഇന്ന് ലോകത്തിൽ പടരേണ്ടത്.

ആകാശത്തുനിന്നും ശാന്തിയുടെ വെള്ളപുഷ്പങ്ങൾ ലോകമെങ്ങും പെയ്തിറങ്ങുന്നതായി ഭാവന ചെയ്തു കൊണ്ടുള്ള ലോകശാന്തിക്കായുള്ള പ്രാർത്ഥനാ സങ്കൽപ്പത്തിലും അമ്മയുടെ നേതൃത്വത്തിൽ എല്ലാവരും പങ്കാളികളായി. 2020ൽ ഉണ്ടാകാൻ പോകുന്ന പ്രയാസങ്ങളെ മുൻനിർത്തി, ഏതാനും വർഷങ്ങൾക്കു മുൻപ് തന്നെ അമ്മ ഈ പ്രാർത്ഥനാ സങ്കല്പം ആവിഷ്‌കരിക്കുകയും, ഭക്തരെ പരിശീലിപ്പിച്ചു വരികയും ചെയ്തിരുന്നു.

67 ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ചേർന്ന് പ്രഭാതത്തിൽ ആശ്രമ ഹാളിൽ വച്ചു ലോകശാന്തിക്കുവേണ്ടി ഹോമവും നടത്തിയിരുന്നു.

സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മറുപേരായി മലയാളി ലോകത്തിനു സമർപ്പിച്ച വ്യക്തിത്വമാണ്‌ മാതാ അമൃതാനന്ദമയി. ലോകമെങ്ങുമുള്ള എത്രയോ ഭക്തർക്ക്‌, അവർ എല്ലാം നൽകുന്ന അമ്മയാണ്‌.

കോവിഡ്‌ കാരണം ആശ്രമപ്രവർത്തനങ്ങളും ദർശനയാത്രകളും പതിവുപോലെ നടക്കുന്നില്ലെങ്കിലും അമൃതാനന്ദമയി ഇപ്പോഴും തിരക്കിലാണ്‌. ലോകത്തെ മുഴുവൻ അവർ കേൾക്കുന്നു. മറുപടിപറയുന്നു. നിരന്തരം, നിശ്ശബ്ദം, കർമ്മം തുടരുന്നു. അമൃതാനന്ദമയിയുടെ 67-ാം പിറന്നാളിൻ്റെ ഭാഗമായി മാതൃഭൂമി പത്രാധിപസമിതി അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക്‌ നൽകിയ മറുപടിയിലെ പ്രസക്തഭാഗമാണിത്‌

നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എല്ലാ സാഹചര്യങ്ങളെയും തുറന്നമനസ്സോടെ സ്വീകരിക്കുകയും അതിനൊപ്പം ശ്രുതിചേർന്നു നീങ്ങുകയും ചെയ്യുക എന്നതാണ് ജീവിതത്തോടുള്ള എൻ്റെ കാഴ്ചപ്പാട്. ഭക്തമക്കൾക്ക് അമ്മയുടെ അടുത്തു വരാൻ കഴിയുന്നില്ലെങ്കിലും അമ്മയുടെ മനസ്സിൽ അവർ എപ്പോഴുമുണ്ട്. എന്നെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല; സമൂഹത്തിനും ജനങ്ങൾക്കും പ്രത്യേകിച്ച്, ദുഃഖിക്കുന്നവർക്കുംവേണ്ടി എന്തുചെയ്യാൻ കഴിയും എന്നാണു ചിന്തിക്കുന്നത്. ഉണ്ടാവുകയും കുറച്ചുകാലം നിലനിൽക്കുകയും അതു കഴിയുമ്പോൾ നശിക്കുകയും ചെയ്യുക എന്നതു ലോകത്തിൻ്റെയും ലോകവസ്തുക്കളുടെയും സ്വഭാവമാണ്. അതുകൊണ്ട്, സുഖത്തിലും ദുഃഖത്തിലും എൻ്റെ മനസ്സ് ഉലയാറില്ല. അങ്ങനെ ചഞ്ചലപ്പെട്ടാൽ, എല്ലാം സമമായി കാണാനോ എല്ലാവരെയും തുല്യമായി സ്നേഹിക്കാനോ സേവിക്കാനോ കഴിയില്ല.

ലോകം ഒരു ഇരുണ്ട ദശയിലൂടെയാണ് കടന്നുപോകുന്നത് എന്നു തോന്നുന്നുണ്ടോ? എവിടെയാണു പ്രതീക്ഷയുടെ വെളിച്ചം?

ഇത്തരം ഒട്ടേറെ ഇരുണ്ട ദശകളിലൂടെ മനുഷ്യരാശി ഇതിനുമുമ്പും കടന്നുപോയിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചല്ലോ. ഈ ഇരുട്ടും മാറും. വെളിച്ചം വരും. എപ്പോൾ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാൻ പ്രയാസമാണ്. പക്ഷേ, മനുഷ്യൻ്റെ ഉള്ളിലെ അന്ധകാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ, ബാഹ്യമായ ഈ ഇരുട്ട് അത്ര വലുതല്ല. മനസ്സിൽ തിങ്ങിനിൽക്കുന്ന അന്ധകാരം തിരിച്ചറിയാനും തെറ്റുകൾ തിരുത്തി, അവിടെ പ്രകാശം പരത്താനും ഈ അവസരം വിനിയോഗിക്കണം. അതാണു പ്രധാനം.

എല്ലാവരും തനിച്ചായിപ്പോയ ഈ ലോക് ഡൗൺ കാലത്ത് അമ്മയുടെ പ്രതിദിനജീവിതം എങ്ങനെയായിരുന്നു?

ആശ്രമത്തിൽ സ്ഥിരതാമസക്കാരായി മൂവായിരത്തോളം പേരുണ്ട്. ഭൂരിപക്ഷവും ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. അവർക്കെല്ലാം മാസത്തിൽ പത്തുദിവസം മുറിയിലിരുന്നുതന്നെ അമ്മ ദർശനം നൽകുന്നുണ്ട്. എല്ലാ ദിവസവും ധ്യാനവും മക്കളുടെ ആധ്യാത്മികപ്രഭാഷണങ്ങളും ഭജനയും മുടങ്ങാതെ നടക്കുന്നു. ചൊവ്വാഴ്ച ദിവസങ്ങളിൽ ധ്യാനത്തിനുശേഷം മക്കളുടെ ചോദ്യങ്ങൾക്ക് അമ്മ ഉത്തരം നൽകാറുണ്ട്. തുടർന്ന് എല്ലാവർക്കും അമ്മതന്നെ ഭക്ഷണം നൽകും. ഇതിനിടയിൽ നാലുതവണ ആശ്രമത്തിലെ അന്തേവാസികൾക്കെല്ലാം അമ്മതന്നെ ആഹാരം പാചകംചെയ്തു നൽകി.

ലോക് ഡൗൺ തുടങ്ങിയ സമയത്ത് അമ്മയും ആശ്രമമക്കളും ഒരുമിച്ചിരുന്നു ആയിരക്കണക്കിന് മാസ്കുകൾ തയ്ച്ചു. അവ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു. മഠത്തിൻ്റെ മേൽനോട്ടത്തിൽ നടത്തുന്ന “അമൃതശ്രീ” വനിതകളുടെ സ്വാശ്രയസംഘങ്ങൾക്ക് സഹായധനം നൽകി. പതിനായിരം സ്വാശ്രയസംഘങ്ങളിലെ ഒന്നരലക്ഷത്തിലധികം പേർക്ക് ഈ സഹായം ലഭിച്ചു.

ആശ്രമം നടത്തുന്ന സ്ഥാപനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള നിർദേശങ്ങൾ അമ്മ നൽകേണ്ടതുണ്ട്. ദിവസവും നൂറുകണക്കിനു കത്തുകൾ വരും. രാത്രികാലങ്ങളിലാണ് അവ വായിക്കാറുള്ളത്. അത്യാവശ്യം വേണ്ടുന്ന കത്തുകൾക്ക് ഫോണിലൂടെ മറുപടി നൽകും. ഭാരതത്തിലെയും വിദേശരാജ്യങ്ങളിലെയും അൻപത്തിനാലു ഭാഷകളിൽ അഞ്ഞൂറോളം പുതിയ ഭജനകൾ റെക്കോഡ് ചെയ്തു. അവയെല്ലാം ആശ്രമവാസികൾതന്നെ എഴുതി ട്യൂൺ ചെയ്തതാണ്. കൊച്ചുകുട്ടികൾപോലും ഭജന എഴുതുകയും ഈണമിട്ട് അമ്മയോടൊപ്പം പാടുകയും ചെയ്യുന്നു. ഇതിനിടയിൽ അമ്മ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കി. വാസ്തവത്തിൽ, പണ്ടത്തെക്കാൾ നാലുമണിക്കൂർ കൂടുതൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

അന്തേവാസികളായ സന്ന്യാസിമാരും ബ്രഹ്മചാരികളും വിദേശീയരും ഗൃഹസ്ഥാശ്രമികളും ചേർന്നാണു ആശ്രമത്തിലെ ജോലികളെല്ലാം നിർവഹിക്കുന്നത്. ചെറിയ കുട്ടികളും വലിയവരും യോഗയും സംസ്കൃതവും ശാസ്ത്രവും സംഗീതവും നൃത്തവും വാദ്യോപകരണങ്ങൾ വായിക്കാനും ഒക്കെ പഠിക്കുന്നു. ജൈവവളം നിർമാണവും പച്ചക്കറിക്കൃഷിയും നടത്തുന്നു.

ഈ മഹാമാരിയിൽനിന്ന് മനുഷ്യരാശി പഠിക്കേണ്ട പ്രധാനപാഠം എന്താണെന്നാണു കരുതുന്നത്?

ബാഹ്യമായ വിഷയങ്ങൾക്കും സ്വാർഥതയ്ക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു ജീവിതമാണ് മനുഷ്യൻ ഇതുവരെ നയിച്ചുപോന്നത്. എന്നാൽ, ജീവിതം അതുമാത്രമല്ല. അതിന് ആന്തരികമായ ഒരു തലംകൂടിയുണ്ട്. അതിനെക്കുറിച്ചുള്ള ബോധം ഉണർത്താനുള്ള ഒരു അവസരമായി ഇതിനെ കാണണം. പ്രകൃതിയിൽനിന്ന് എടുക്കുന്നതിൻ്റെ ഒരംശമെങ്കിലും മടക്കിക്കൊടുക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടാകണം. വിനയവും നിഃസ്വാർഥതയും ശീലിക്കണം. ഈ വലിയ സന്ദേശമാണ് കോവിഡ് നൽകുന്നത്.

പ്രകൃതിയെയോ സഹജീവികളെയോ മറ്റു ജീവരാശികളെയോ തെല്ലും പരിഗണിക്കാതെ എല്ലാം വാരിക്കൂട്ടാനുള്ള മനുഷ്യൻ്റെ ഭ്രാന്തമായ ചിന്തയും പ്രവൃത്തിയുമാണ് ഈ മഹാമാരിയിൽ കൊണ്ടെത്തിച്ചത്. ഇതു വലിയൊരു താക്കീതാണ്. പ്രകൃതിയെയും പ്രപഞ്ചശക്തിയെയും മനുഷ്യൻ വിസ്മരിച്ചു. ആ മഹാശക്തികളെ ആദരവോടും സ്നേഹത്തോടും നമ്മൾ സമീപിക്കണം. കോവിഡിലൂടെ പ്രകൃതി നൽകിയ ഈ പാഠം നമ്മൾ മറക്കരുത്. പഠിക്കാനുള്ളതെല്ലാം ഇപ്പോൾ, ഇവിടെവെച്ച് മനസ്സിരുത്തി പഠിക്കണം. അതു ജീവിതത്തിൽ പ്രാവർത്തികമാക്കണം.

അറുപത്തിയേഴാം വയസ്സിലിരുന്നുകൊണ്ട് സ്വന്തം കുട്ടിക്കാലത്തേക്കും കൗമാര-യൗവന കാലത്തേക്കും തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ വരുന്നത് എന്തൊക്കെയാണ് ?

ജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കേണ്ടിവരുമ്പോൾ മാത്രമേ അമ്മ ആ കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറുള്ളൂ. അതിന് അത്ര പ്രാധാന്യമേയുള്ളൂ. എല്ലാം സംഭവിക്കുന്നത് വർത്തമാനകാലത്തിലെ ഈ നിമിഷത്തിലല്ലേ. അതല്ലേ പ്രധാനം?

രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടോ? പൊതുവേ നമ്മുടെ രാഷ്ട്രീയരംഗത്തെക്കുറിച്ച് എന്താണഭിപ്രായം?

പല മേഖലകളിലുള്ള പ്രവർത്തനങ്ങളും സ്ഥാപനങ്ങളും ആശ്രമത്തിനുണ്ടല്ലോ. അതിനാവശ്യമുള്ള രാഷ്ട്രീയകാര്യങ്ങൾ അറിയാൻ ശ്രമിക്കാറുണ്ട്. സമൂഹജീവിതത്തിൽ രാഷ്ട്രീയത്തിന് എപ്പോഴും പ്രസക്തിയുണ്ട്. പക്ഷേ, അതിൽ നീതിബോധവും ധർമനിഷ്ഠയും ഉണ്ടാകണം. അതുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് വ്യക്തിക്കും സമൂഹത്തിനും ഗുണംചെയ്യും.

അമൃതാനന്ദമയിയെ ഏറ്റവും ആകർഷിച്ച ഇന്ത്യൻ ആത്മീയവ്യക്തിത്വം ആരാണ്?

ഞാൻ എല്ലാത്തിലും ഈശ്വരനെ മാത്രമാണ് ദർശിക്കുന്നത്. പ്രത്യേകിച്ച് ഒരു പേര് എടുത്തു പറയണമെങ്കിൽ, അതു ശ്രീകൃഷ്ണനാണ്.

മതങ്ങളായും ജാതികളായും ഉപജാതികളായും മനുഷ്യർ കൂടുതൽക്കൂടുതൽ അകലുകയാണ് എന്ന് തോന്നിയിട്ടുണ്ടോ?

സ്നേഹം കുറയുമ്പോൾ അകലം കൂടും. സ്നേഹത്തിൻ്റെ ഉറവ ഉള്ളിലാണ്. അതാണു ജീവിതത്തിൻ്റെ കേന്ദ്രബിന്ദു അവിടെനിന്ന് ശ്രദ്ധതിരിയുമ്പോൾ, ജീവിതത്തിൻ്റെ എല്ലാ രംഗങ്ങളിലും അകലം വർധിക്കും. സ്വന്തം മനസ്സാക്ഷിയിൽനിന്നും മറ്റുള്ളവരിൽനിന്നും പ്രകൃതിയിൽനിന്നും ഈശ്വരനിൽനിന്നും ഒക്കെയുള്ള അകലം വർധിച്ചുവരുന്നു. ഏറിവരുന്ന ഈ അകലമാണ്, എല്ലാ മേഖലകളിലെയും ധ്രുവീകരണത്തിനു കാരണം.

തനിച്ചിരിക്കുമ്പോൾ എന്താണ് ചെയ്യാറുള്ളത്?

ഒറ്റയ്ക്കിരിക്കുമ്പോഴും കൂട്ടത്തിലിരിക്കുമ്പോഴും ഞാൻ ഒറ്റയ്ക്കാണ്. ബാഹ്യമായി പറയുകയാണെങ്കിൽ, അങ്ങനെ തനിച്ചിരിക്കുന്ന ഒരു സന്ദർഭമില്ല. ആരെങ്കിലുമൊക്കെ എപ്പോഴും കൂടെയുണ്ടാകും. എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടാകും. കോവിഡിനുമുമ്പ്, ദിവസവും കുറഞ്ഞത് പതിന്നാല് മണിക്കൂറെങ്കിലും ദർശനം നൽകിയിരുന്നു. മുറിയിൽ എത്തിയാൽ അല്പം എന്തെങ്കിലും കഴിക്കും. പിന്നെ കത്തുകൾ വായിക്കും. അവയ്ക്കുള്ള മറുപടികൾ നൽകും. അതിനുതന്നെ ആറു മണിക്കൂറെങ്കിലും വേണ്ടിവരും. ആശ്രമവാസികൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടുന്ന നിർദേശങ്ങൾ നൽകും. ഇതിൽ ദർശനത്തിൻ്റെ കാര്യത്തിൽ മാത്രമാണ്, ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുള്ളത്. ബാക്കി കാര്യങ്ങൾക്ക് പഴയതിലും കൂടുതൽ സമയം വേണ്ടിവരുന്നു.

പഴയതുപോലെ തുറന്നുകൊടുക്കപ്പെടുമ്പോൾ ലോകം അനുഭവത്തിൽനിന്നും വിവേകത്തോടെ പെരുമാറുമെന്നു തോന്നുന്നുണ്ടോ?

കോവിഡ് മനുഷ്യസമൂഹത്തെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. മനുഷ്യൻ ഭയത്തിൻ്റെ പിടിയിലാണ്. അതു മാറുന്നതുവരെ എന്തായാലും ശ്രദ്ധിക്കും. കുറച്ചൊക്കെ വിവേകത്തോടെ പ്രവർത്തിക്കും. ചെറിയൊരു ശതമാനം ആളുകൾ വിവേകബോധം നിലനിർത്തിയേക്കാം. ഭൂരിപക്ഷം ക്രമേണ എല്ലാം മറക്കാനും പഴയ ശീലങ്ങളിലേക്കു മടങ്ങിപ്പോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിൽ എലിയുടെയും പൂച്ചയുടെയും ശല്യമുണ്ടെങ്കിൽ നമ്മൾ എല്ലാം അടച്ചുവെക്കാറില്ലേ? അതുപോലെയൊരു ബോധവും ശ്രദ്ധയും ഇനിയുമങ്ങോട്ട് ഉണ്ടായിരിക്കണം. മുമ്പുണ്ടായ മഹാമാരികളുടെയും ദുരന്തങ്ങളുടെയും അനുഭവം മറന്നു പ്രവർത്തിച്ചതു കൊണ്ടാണല്ലോ, വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. പക്ഷേ, ഇപ്പോൾ കോവിഡ് നൽകുന്ന മുന്നറിയിപ്പ് മറക്കാൻപാടില്ല. മറക്കാതിരിക്കട്ടെ…

Interview published in Mathrubhumi: https://www.mathrubhumi.com/print-edition/weekend/this-darkness-will-change-and-light-will-come-matha-amrithanandamayi-1.5084893

1985 ജൂൺ 11, ചൊവ്വ

സമയം വൈകുന്നേരം നാലുമണി. അമ്മ ദർശനം നല്കുന്നതിനായി കുടിലിലേക്കു് വരുന്നു. കുടിലിൻ്റെ സമീപത്തു് ഒരു ചേര കിടക്കുന്നു. ഭക്തരും ബ്രഹ്മചാരികളും അതിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. അമ്മ അവരുടെ സമീപമെത്തി.

”മക്കളേ, അതിനെ ഉപദ്രവിക്കല്ലേ! പൊടിമണൽകൊണ്ടു് എറിഞ്ഞാൽ മതി.” അമ്മയുടെ വാക്കുകേട്ടെന്നവണ്ണം അതു് ഇഴഞ്ഞുനീങ്ങി.
”യാ ദേവീ സർവ്വഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ”
(യാതൊരു ദേവിയാണോ സർവ്വഭൂതങ്ങളിലും ദയാരൂപത്തിൽ സ്ഥിതിചെയ്യുന്നതു് ആ ദേവിക്കായിക്കൊണ്ടു വീണ്ടും വീണ്ടും നമസ്‌കാരം.)

ആദ്യ കാല ആശ്രമം

അമ്മ ഭക്തർക്കു ദർശനം നല്കുന്നതിനായി കുടിലിൽ ഉപവിഷ്ടയായി. ഭക്തർ ഓരോരുത്തരായിവന്നു് അമ്മയെ നമസ്‌കരിച്ചു. പ്രാരബ്ധഭാരങ്ങൾ അവർ മാതൃചരണങ്ങളിൽ അർപ്പിച്ചു. തങ്ങളുടെ ആഗ്രഹങ്ങളും മനഃശാന്തി കെടുത്തിയിരുന്ന പ്രശ്‌നങ്ങളും അവർ അമ്മയുടെ ചെവിയിലുണർത്തിച്ചു. ചിലർ അമ്മയെ ദർശിച്ച മാത്രയിൽ പൊട്ടിക്കരഞ്ഞു. ജീവിതയാതനയുടെ ഭാരവും പേറിവന്നവർ സംതൃപ്തമാനസരായി ശാന്തചിത്തരായി മടങ്ങുന്നു.
ഭക്തജനങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ബ്രഹ്മചാരികൾ അമ്മയുടെ
ചുറ്റും കൂടി.

ഒരു ബ്രഹ്മചാരി: ഇന്നു് ആദ്ധ്യാത്മികവിഷയങ്ങളെക്കുറിച്ചു് അമ്മ
കാര്യമായി ഒന്നും സംസാരിച്ചില്ലല്ലോ?

അമ്മ: മോനേ, ഇവിടെയിരുന്നവരെല്ലാം ദുഃഖിതരായിരുന്നു. വിശക്കുന്ന കുഞ്ഞിനു വേദാന്തമോ, തത്ത്വോപദേശമോ അല്ല ആവശ്യം. ആദ്യം അവരുടെ ദുഃഖത്തിനു് ഒരു ശമനം വരട്ടെ. പിന്നെയാകാം ആദ്ധ്യാത്മികം സംസാരിക്കുന്നത്. ഇപ്പോഴെന്തെങ്കിലും പറഞ്ഞാൽ അവർക്കു് അതുൾക്കൊള്ളുവാൻ പ്രയാസമാണ്.

എന്നാൽ മോനേ, ഈശ്വരദാഹികൾ എത്ര കടുത്ത ദുഃഖം വന്നാലും ഈശ്വരനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുവാൻ ഇഷ്ടപ്പെടില്ല. സുഖത്തിലും ദുഃഖത്തിലും അവർ സ്ഥിരചിത്തരായിരിക്കും. സുഖത്തിൽ മതിമറന്നു സന്തോഷിക്കുകയോ ദുഃഖത്തിൽ തളർന്നുപോകുകയോ ചെയ്യുന്നില്ല. രണ്ടും അവിടുത്തെ ഇച്ഛയായി സന്തോഷത്തോടെ അവർ സ്വീകരിക്കുന്നു. ദുഃഖവും അവിടുത്തെ അനുഗ്രഹമായിക്കരുതുന്നു.

നടക്കുമ്പോൾ കാലിൽ ഒരു മുള്ളു തട്ടിയാൽ പിന്നീടു നമ്മൾ ശ്രദ്ധിച്ചു നടക്കും. അതിനപ്പുറമുള്ള വലിയ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയും ചെയ്യും. ഈശ്വരൻ ദുഃഖംതരുന്നതു നമ്മെ രക്ഷിക്കാനാണ്. യഥാർത്ഥ ഈശ്വരവിശ്വാസി ദുഃഖത്തിലും അവിടുത്തെ പാദങ്ങളിൽ മുറുകെപ്പിടിക്കും. ‘സുഖംതരണേ’ എന്നു് അവർ ഒരിക്കലും പ്രാർത്ഥിക്കില്ല. സ്വാർത്ഥലാഭത്തെക്കുറിച്ചു് അവർ ചിന്തിക്കുക പോലുമില്ല.

എങ്കിലും ദുഃഖിക്കുന്നവർ നമ്മുടെ അടുത്തുവന്നാൽ അവർക്കു നമ്മൾ ആശ്വാസം നല്കണം. നല്ല രണ്ടുവാക്കു സംസാരിക്കാൻ സമയം കണ്ടെത്തണം. പക്ഷേ, അങ്ങനെയുള്ളവർ വിരളമാണ്. അന്യരുടെ ദുഃഖം അമ്മ സ്വന്തം ദുഃഖമായിക്കാണുന്നു. മക്കളുടെ സർവ്വഭാരങ്ങളും സ്വയം വഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
പ്രാരബ്ധങ്ങളുടെ യാഗാഗ്‌നിയാണു് അമ്മ. ദുഃഖിതരുടെ ആശാകേന്ദ്രമാണമ്മ.

(7 ഒക്ടോബർ 2000 ൽ കേരള കൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )

കാലത്തെക്കുറിച്ച് ചൈനക്കാരുടെ ഇടയിലൊരു കഥയുണ്ട്.
കാലം ഭീമാകാരമായ ഒരു ഘടികാരമാണെന്നാണ് ചൈനക്കാരുടെ സങ്കൽപ്പം. അതിന്റെ പെൻഡുലം ഒരു ദിശയിൽ നിന്നും മറ്റൊരു ദിശയിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഈ നീക്കത്തിന് സംവത്സരങ്ങൾ തന്നെ എടുത്തെന്നിരിക്കും. ഘടികാരത്തിന്റെ ഇടതുവശം മാതൃഭാവത്തെ സൂചിപ്പിക്കുന്നു. വലതുവശം പിതാവിനെയും. പെൻഡുലം വലതുവശത്തേക്ക് അടുക്കുമ്പോൾ ലോകം ദയാരഹിതമായി തീരുമത്രെ. മനുഷ്യരിൽ ധാർഷ്ട്യവും അഹങ്കാരവും നിറയും. ആസുരിക ശക്തികൾ ലോകം ഭരിക്കും. പെൻഡുലം ഇടത് വശത്തേക്ക് നീങ്ങും. അപ്പോൾ മാതൃഭാവത്തിന്റെ സാന്ത്വന സ്പർശത്താൽ ലോകം ശാന്തിയിലമരും. ആസുരിക മനസ്സുകളിൽ ദയയുടെ മുകുളങ്ങൾ പൊട്ടി മുളയ്ക്കും.

ആ പെൻഡുലം ഇപ്പോൾ മാതാ അമതൃതാനന്ദമയിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ലോകമാകെ മാതൃഭാവത്തിന്റെ ഹൃദയപുഷ്പങ്ങൾ വിരിയിക്കുന്ന മാതാ അമൃതാനന്ദമയി എല്ലാവർക്കും അമ്മയാണ്. അമ്മ എന്ന വിശേഷണത്തിന് പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ് അമൃതാനന്ദമയി. എങ്ങനെയിരിക്കും ഈ അമ്മയുടെ സ്വന്തം അമ്മ? അമ്മയിൽ നിന്നു തന്നെ അതു നേരിട്ട് കേൾക്കാം.

ദമയന്തിയമ്മയും അമ്മയും

“മറ്റേത് മനുഷ്യ സ്ത്രീയെക്കാളും കണ്ണീര് കുടിച്ചിട്ടുണ്ട് എനിക്ക് ജന്മമേകിയ അമ്മ. ഒരു പക്ഷേ, ഈ അമ്മയല്ലെങ്കിൽ മറ്റേതെങ്കിലുമൊരു അമ്മ അത് അനുഭവിച്ചേ പറ്റൂ. ആത്മീയതയ്ക്കും ഭൗതികതയ്ക്കും ഇടയിൽ കിടന്ന് അമ്മ നീറിപ്പുകഞ്ഞിട്ടുണ്ട്. ‘

ദമയന്തി എന്നാണ് മാതാ അമൃതാനന്ദമയിയുടെ അമ്മയുടെ പേര്. അച്ഛൻ സുഗുണാനന്ദനും. കരുനാഗപ്പള്ളി താലൂക്കിൽ ഭണ്ഡാരത്തു തുറയിൽ ‘കിണറ്റിൽമൂട്ടിൽ’ എന്ന തറവാട്ടിലാണ് ദമയന്തി ജനിച്ചത്. അച്ഛന്റെ പേര് പുണ്യൻ. അമ്മ കറുത്ത കുഞ്ഞും. ഈശ്വരഭക്തയാണ് ദമയന്തി അമ്മ. സത്യം വിട്ടു ചിന്തിക്കില്ല. കഷ്ടപ്പെടുന്നവരെ കൈയയച്ച് സഹായിക്കും. നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. എന്നും വെളുപ്പിനേ എഴുന്നേറ്റ് ഹരിനാമ കീർത്തനവും മറ്റും ചൊല്ലും. നന്നേ ചെറുതിലെ തുടങ്ങിയ ശീലമാണ്. എല്ലാ വ്രതങ്ങളും വളരെ ചിട്ടയോടെ അനുഷ്ഠിക്കും.

അമ്മയുടെ വ്രതനിഷ്ഠയെക്കുറിച്ച് മാതാ അമൃതാനന്ദമയി പറയുന്നു – “കരിക്ക് വെട്ടി വെള്ളം കുടിച്ചാണ് അമ്മ വ്രതം അവസാനിപ്പിക്കുക. അതിലേക്ക് കരിക്കിടാൻ ആളെ കിട്ടിയില്ലെങ്കിൽ സമയത്തിന് തെങ്ങിൽ നിന്ന് കരിക്ക് തനിയെ അടർന്ന് വീഴും. ഇത് യാദൃച്ഛികമായി ഒന്നോ രണ്ടോ തവണ സംഭവിച്ചിട്ടുള്ളതല്ല. അനേകം തവണ കൃത്യമായി നടന്നിട്ടുള്ള കാര്യമാണ്…”

ദമയന്തിയുടെ വ്രതങ്ങളും മറ്റ് ചിട്ടകളും തുറയിലാകെ പ്രസിദ്ധമാണ്. വെളുപ്പ് നിറം. ഇതെല്ലാം കൂടിയായപ്പോൾ തുറക്കാർ ദമയന്തി അമ്മയ്ക്ക് ഒരു പേരിട്ടു. – പട്ടത്തിയമ്മ. ഇന്നും പലരും അങ്ങനെയാണ് ദമയന്തി അമ്മയെ വിളിക്കുന്നത്. ദമയന്തി അമ്മ ഒമ്പത് മക്കളെ പ്രസവിച്ചു. രണ്ടു പേർ മരിച്ചു പോയി. കസ്തൂർ ബായി, സുധാമണി, സുഗുണമ്മ, സജനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ എന്നിവരാണ് മക്കൾ. സുധാമണിയാണ് പിന്നീട് മാതാ അമൃതാനന്ദമയി ആയി തീർന്നത്. മക്കളിൽ ചിലർക്ക് സർക്കാർ ജോലിയുണ്ട്. മറ്റുള്ളവർ ബിസിനസ് ചെയ്യുന്നു.

മാതാ അമൃതാനന്ദമയിയുടെ ജനനദിവസം തന്നെ ദമയന്തി അമ്മ വാവിട്ട് കരഞ്ഞു പോയി. ജനിച്ചയുടനെ കുഞ്ഞ് കരഞ്ഞില്ല! പോരെങ്കിൽ ഇളംനീല നിറവും. കുഞ്ഞ് മരിച്ചുപോകുമോ എന്ന ആധിയിലായിപ്പോയി ദമയന്തി അമ്മ. കടലമ്മയുടെ കാരുണ്യം കൊണ്ട് ജീവിക്കുന്നവരാണ് ഈ തുറയിലുള്ളവർ. കടലിൽ പോയാൽ തിരിച്ചു വരുന്നത് ഈശ്വരകൃപ കൊണ്ട് മാത്രമല്ല, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ മനസ്സിലിരിപ്പു കൊണ്ട് കൂടിയാണെന്നാണ് ഇവരുടെ വിശ്വാസം. ഭാര്യ പിഴച്ചാൽ ഭർത്താവ് കടലിൽ നിന്ന് മടങ്ങിവരില്ല എന്ന സങ്കൽപ്പമാണ് ഇവർക്ക്. അതുകൊണ്ടു തന്നെ പെൺകുട്ടികളെ കർശനമായ ചിട്ടകളിലും വിശ്വാസ കുരുക്കുകളിലും കെട്ടിമുറുക്കിയാണ് വളർത്തുന്നത്. സമൂഹം വരച്ച വരയിൽ നിന്നും അൽപ്പമെങ്കിലും മാറി സഞ്ചരിക്കുന്ന സ്ത്രീയെ സമൂഹത്തിനോ വീട്ടുകാർക്കോ ഉൾക്കൊള്ളാനാവില്ല. ഈയൊരു സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് വേണം മാതാ അമൃതാനന്ദമയിയുടെ ആദ്യകാല ജീവിതത്തെ മനസ്സിലാക്കാൻ.

മാതാ അമൃതാനന്ദമയിയിൽ പ്രകടമായ ആത്മീയ ചൈതന്യം ആദ്യകാലങ്ങളിൽ വീട്ടുകാർക്കോ ചുറ്റുമുള്ളവർക്കോ തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒട്ടേറെ പീഡനങ്ങൾക്ക് ബാലികയായ അമ്മ വിധേയമായി. ഓടിച്ചാടി കളിക്കുമ്പോഴോ മറ്റോ ആയിരിക്കും മാതാ അമൃതാനന്ദമയി അന്യമനസ്‌കയാകുന്നത്. പിന്നെ എവിടെയെങ്കിലും പോയി ഒറ്റയ്ക്കിരിക്കും. ആരോടും മിണ്ടാട്ടവുമില്ല കളിയുമില്ല. ഇല്ലെങ്കിൽ ‘ കൃഷ്ണാ കൃഷ്ണാ ‘ എന്ന് വിലപിച്ച് നടക്കും. ഒടുവിൽ ചതുപ്പ് നിലത്തിൽ തന്നെ തളർന്ന് കിടക്കും. ഇതെല്ലാം ഭ്രാന്തിന്റെ ലക്ഷണമായി ചുറ്റുവട്ടത്തുള്ളവർ കണ്ടു.

പലപ്പോഴും ബോധമില്ലതെ ചേറിൽ പുതഞ്ഞ് കിടക്കുന്ന മകളെ ദമയന്തി അമ്മ തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുവരും. ഇതു കാണുമ്പോൾ അയൽക്കാർ പറയും. ‘ പട്ടത്തിയമ്മേ…കുഞ്ഞിന് ഇത്ര കൊച്ചിലേ ഭ്രാന്ത് പിടിച്ചല്ലോ. കഷ്ടം ഇതിനെ ഇപ്പോഴേ ഈളമ്പാറയിലോ മറ്റോ കൊണ്ടുപോയി ചികിത്സിക്ക് ‘ ഇത് കേൾക്കുമ്പോൾ ദമയന്തി അമ്മ മകളെ മാറോട് ചേർത്ത് വിങ്ങിപ്പൊട്ടിക്കരയും. പെറ്റമ്മയ്ക്ക് താങ്ങാവുന്ന കൂരമ്പുകളല്ലല്ലോ അതെല്ലാം. ഭാവസമാധി വിടുന്ന കുട്ടി വീണ്ടും ഊർജ്ജസ്വലയായി ഓടിച്ചാടി കളിക്കും. ഇതെന്ത് മറിമായം ഈശ്വരാ എന്ന് വിസ്മയിച്ച് കണ്ണീരടക്കാനേ ദമയന്തി അമ്മയ്ക്ക് അന്ന് കഴിഞ്ഞിരുന്നുള്ളൂ.

പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും നാലാം ക്ലാസിൽ വച്ച് മാതാ അമൃതാനന്ദമയിക്ക് പഠിത്തം നിറുത്തേണ്ടി വന്നു. അപ്പോഴേക്കും അസുഖം ബാധിച്ച് ദമയന്തി അമ്മ കിടപ്പിലായി. മറ്റ് മക്കളെല്ലാം പഠിക്കുന്നു. എല്ലാ വീട്ടുജോലികളും അമൃതാനന്ദമയിയിലായി.

ആദ്ധ്യാത്മികമായി ഭാവസമാധിയിലായിരിക്കുമ്പോഴും കുസൃതിത്തരങ്ങൾ കാണിക്കുന്നതിൽ ബഹുകേമിയായിരുന്നു ചെറുപ്പത്തിലേ അമൃതാനന്ദമയി. ഇതിന് ദമയന്തി അമ്മയിൽ നിന്നും കണക്കിന് അടി കിട്ടിയിട്ടുമുണ്ട്. അയൽപക്കങ്ങളിൽ ഏതെങ്കിലും വീട്ടിൽ തീപുകയുന്നില്ലെങ്കിൽ അമൃതാനന്ദമയി അവിടെ കയറി ചെല്ലും. വിവരം തിരക്കും. പട്ടിണിയാണെന്ന് കണ്ടാൽ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുകൊണ്ടു ചെന്ന് കൊടുക്കും. ഇല്ലെങ്കിൽ അരിയോ മറ്റോ കൊടുക്കും. കള്ളം കണ്ടുപിടിക്കുന്ന ദമയന്തി അമ്മ മകളെ അടിക്കും. അനേകം ദിവസം പട്ടിണിക്കിട്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ ദമയന്തി അമ്മ ഭർത്താവിൽ നിന്നും ഒളിച്ചുവയ്ക്കും. മറ്റാരും മകളെ നുള്ളി നോവിക്കുന്നത് പോലും ദമയന്തി അമ്മയ്ക്ക് ഇഷ്ടമില്ല.

ഒരിക്കൽ ദമയന്തി അമ്മയ്ക്ക് ക്രൂരമായി മകളെ ശിക്ഷിക്കേണ്ടി വന്നു. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാനാണ് അമൃതാനന്ദമയി ഒരു കിലോമീറ്റർ അകലെയുള്ള കവലയിൽ പോയത്. അന്ന് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം കാണും. കടയിൽ ചെല്ലുമ്പോൾ വീടിനടുത്തുള്ള ചില സ്ത്രീകൾ അവിടെയുണ്ട്. അവർ കയർ വിൽക്കാൻ വന്നതാണ്. കടക്കാരൻ അവരിൽ നിന്നും കയർ കെട്ട് വാങ്ങിച്ച് തൂക്കി പിറകിലേക്ക് തള്ളുന്നു. എന്നിട്ട് പണം കൊടുക്കുന്നതിൽ അയാൾ ശ്രദ്ധിക്കുന്നു. ഈ സമയം ഒരു മുതിർന്ന സ്ത്രീ അമൃതാനന്ദമയിയുടെ ചെവിയിൽ പറഞ്ഞു. ‘ കുഞ്ഞേ നീ പുറകിൽ പോയി ഒരു കെട്ട് കയർ ആരും കാണാതെ ഇങ്ങ് എടുത്തോണ്ടുവാ ‘. വരും വരായ്കകളെക്കുറിച്ചൊന്നും അമൃതാനന്ദമയി ചിന്തിച്ചില്ല. കയറെടുത്തതും കടക്കാരൻ പിടികൂടിയതും ഒരുമിച്ചായിരുന്നു. കള്ളിയെ കയ്യോടെ പിടിച്ചതിന്റെ ഹാലിളക്കിലായിരുന്നു പിന്നെ കടക്കാരൻ. ചുറ്റും ആൾക്കാരും കൂടി. ആൾക്കൂട്ടത്തിന് നടുവിൽ നിന്നുരുകുകയായിരുന്നു ആ പെൺകുട്ടി. കള്ളം ചെയ്യാൻ പ്രേരിപ്പിച്ച സ്ത്രീ ഇതിനിടെ മുങ്ങുകയും ചെയ്തു.

സംഭവം വീട്ടിലറിഞ്ഞു. അഭിമാനിയായ ദമയന്തി അമ്മ കോപം കൊണ്ട് ജ്വലിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിയായിരുന്നു. ‘ കണ്ണീര് കുടിപ്പിക്കാൻ ജനിച്ചവൾ. പോ… പോയി എവിടെയെങ്കിലും പോയി തുലയ് ‘ ദമയന്തി അമ്മ മകളെ വീട്ടിൽ നിന്നും തള്ളി പുറത്തേക്കിട്ടു. ദമയന്തി അമ്മയ്ക്ക് അറിയാം മകൾ അന്യരുടെ മുതൽ മോഷ്ടിക്കില്ലെന്ന്. ആരെയോ സഹായിക്കാനാവും ഈ സാഹസത്തിനൊരുമ്പെട്ടത്. കായൽപ്പരപ്പിലേക്ക് നോക്കി നിശബ്ദമായിരിക്കുന്ന മകളെ കണ്ടപ്പോൾ ദമയന്തി അമ്മയുടെ ഹൃദയം നീറിപ്പുകഞ്ഞു. പതിയെ മകളുടെ അരികിലേക്ക് ചെന്നു. പിന്നെ അടിപ്പാടുകളിൽ മെല്ലെ തടവി. അപ്പോഴേക്കും ദമയന്തി അമ്മ പൊട്ടിക്കരഞ്ഞു.

വളരുംതോറും മകളുടെ ദിവ്യത്വം ദമയന്തി അമ്മ നേരിട്ടറിയുകയായിരുന്നു. സദാ സമയവും ഈശ്വരഭജനയും പാടി ‘ഭ്രാന്തി’ യായി നടന്ന മകളെക്കൊണ്ട് ദമയന്തി അമ്മ പലപ്പോഴും പൊറുതിമുട്ടി. മകളുടെ ഭക്തിയും ഭാവസമാധിയും നിറുത്താൻ ദമയന്തി അമ്മ ആവുംവിധം ഉപദേശിച്ചു. രക്ഷയില്ലെന്നായപ്പോൾ മിക്കപ്പോഴും പട്ടിണിക്കിട്ടു. ഒരു ദിവസം വിശപ്പും ദാഹവും കൊണ്ട് അമൃതാനന്ദമയി വലഞ്ഞു. വീട്ടുമുറ്റത്തു തന്നെ തളർന്ന് കിടന്നു. അപ്പോൾ എവിടെ നിന്നെന്നറിയില്ല ഒരു പശു അവിടെ എത്തി. പശു തറയിൽ കിടക്കുകയായിരുന്ന അമൃതാനന്ദമയിയുടെ വായയ്ക്ക് തൊട്ടുമുകളിൽ നിന്ന് പാൽ ചുരത്തിക്കൊടുത്തു. ഇതു കണ്ട ദമയന്തി അമ്മ അന്ധാളിച്ചുപോയി. ഇതിനുശേഷം പിന്നെയൊരിക്കലും ദമയന്തി അമ്മ മകളെ പട്ടിണി കിടത്തിയിട്ടില്ല. ഇതിനിടെ അത്ഭുതപ്പെടുത്തുന്ന ഓരോരോ സംഭവങ്ങൾ മകളിൽ നിന്നും ഉണ്ടാകുന്നത് ദമയന്തി അമ്മ കാണാനിടയായി. മകളിലെ ഈശ്വരാംശം നേരിട്ടുകണ്ട് മനസ്സിലാക്കാനുള്ള താൽപര്യത്തിലായി അപ്പോഴേക്കും ദമയന്തിഅമ്മ.

അമൃതാനന്ദമയിയുടെ അത്ഭുതകഥകൾ പുറത്തേക്കും പരക്കാൻ തുടങ്ങി. വിശ്വാസികൾക്കൊപ്പം സന്യാസതാൽപ്പര്യത്തോടെ കുറേ ബ്രഹ്മചാരി ശിഷ്യരും എത്തി. അവർ അവിടം വിട്ട് പോകാതെയായി. ചെറുപ്പക്കാരായ അവരെ കാണുമ്പോൾ തന്നെ സുഗുണാനന്ദൻ തല്ലിയോടിക്കും. അടുത്ത വീടുകളിലോ മറ്റോ ഒളിച്ചിരിക്കുന്ന ചെറുപ്പക്കാർക്ക് ആഹാരം ആരും കാണാതെ ദമയന്തി അമ്മ കൊണ്ടു കൊടുത്തിരുന്നു. ഇന്ന് സന്യാസിമാരായിത്തീർന്ന ഈ ശിഷ്യരാണ് മാതാ അമൃതാനന്ദമയിയുടെ ആദ്ധ്യാത്മിക സന്ദേശങ്ങൾ നാടെങ്ങും പ്രചരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു പെറ്റമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ നൽകി അവരെ പരിചരിച്ചത് ദമയന്തി അമ്മ ആയിരുന്നു.

ദമയന്തിയമ്മയ്ക്ക് ഇന്ന് മകൾ ‘അമ്മ’ യാണ്. അനുഭവങ്ങൾ അവരെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുന്നു. മകളുടെ പ്രശസ്തിയൊന്നും ഈ മാതാവിനെ ലഹരിപിടിപ്പിക്കുന്നില്ല. സദാ നാമജപവുമായി ദമയന്തിയമ്മ ആൾക്കൂട്ടത്തിലൊരാളായി ആശ്രമപരിസരത്തൊക്കെയുണ്ട്.

-ചന്ദ്രശേഖരൻ, ശാസ്തവട്ടം

(7 ഒക്ടോബർ 2000 ൽ കേരള കൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )

ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ അതുല്യമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ചരിത്രപുരുഷനാണ് ശ്രീകൃഷ്ണന്‍. ഭക്തി, സാഹിത്യം, കല രാജ്യതന്ത്രജ്ഞത, തുടങ്ങിയ ജീവിതത്തിൻ്റെ നാനാ മേഖലകളിലും ശ്രീകൃഷണൻ്റെ സാന്നിദ്ധ്യവും സ്വാധീനവും നിറഞ്ഞു നില്‍ക്കുന്നു. ഭഗവാന്‍ അര്‍ജ്ജുനനലൂടെ മനുഷ്യരാശിക്ക് നല്‍കിയ ഭഗവദ്ഗീത സനാതന ധര്‍മ്മത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ്.

മതങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം അതിക്രമിക്കുന്ന ആദ്ധ്യാത്മശാസ്ത്രം ആണ് അത്. പൂര്‍ണ്ണാവതാരം ആയ ശ്രീകൃഷ്ണന്‍ സാക്ഷാല്‍ ഭഗവാന്‍ തന്നെ ആണെന്ന് ഭാഗവതം പറയുന്നു. അവതാരം എന്നാല്‍ ഇറങ്ങി വരവ് എന്നാണ് അര്‍ത്ഥം. മനുഷ്യ ലോകത്തിലേക്കും, മനുഷ്യ ജീവിതത്തിലേക്കും ഉള്ള ഇറങ്ങിവരവ് ആണ് അത്.

ഭഗവാന്‍ പൂര്‍ണ്ണാവതാരം ആണ് എപ്പോഴും തന്നില്‍ തന്നെയാണ്. പൂര്‍ണ്ണത എപ്പോഴും ഉണ്ട്. ഇറക്കലും കേറ്റലും ഇല്ല. പക്ഷെ ഒരു പോലീസുകാരന്‍ കള്ളനെ പിടിക്കാന്‍, പോലീസ് വേഷത്തില്‍ ചെന്നാല്‍ പറ്റത്തില്ല. അതിനെക്കാള്‍ കള്ളൻ്റെ വേഷം കെട്ടിയാലെ വേഗം പിടിക്കാന്‍ സാധിക്കൂ. അതു പോലെ അവൻ്റെ തലത്തിലേക്ക് ചെല്ലുക. നടന്‍ ഏത് വേഷം കെട്ടിയാലും ആള് മാറുന്നില്ല. തന്നില്‍ തന്നെ. പൂര്‍ണ്ണതയാണ്. ഇറക്കലും കേറ്റലും ഇല്ല. സാധാരണ സംസാരിക്കുമ്പോള്‍ ഇറങ്ങി വരവ് എന്ന് പറയുകയാണ്.

പന്നിക്കൂട്ടത്തില്‍ ഇറങ്ങി, പന്നിയോടൊത്ത് ജീവിച്ച് അവരെ ഉദ്ധരിക്കുന്നത് പോലെ, മനുഷ്യന്‍ പന്നിയെന്നല്ല. പന്നിമരിച്ച് കഴിഞ്ഞെങ്കിലും അതിൻ്റെ നഖരൊ, മറ്റുള്ളതൊ ഒക്കെ ലോകത്തിന് ഉപകാരമാകും. അങ്ങിനെ പോലും ഉപകാരമല്ല നമ്മുടെ ശരീരം കൊണ്ട്. ഒന്നുകില്‍ അന്തരീക്ഷത്തില്‍ മാലിന്യം വരുത്തിയൊ, അല്ലെങ്കില്‍ മണ്ണില്‍ കുഴിച്ചിടുകയാണെങ്കില്‍ നൂറിരട്ടി കെമിക്കല്‍ ഒഴിച്ചിട്ട്, ഒന്നുകൂടി പ്രകൃതിയെ നശിപ്പിച്ചിട്ട് പോകുകയാണ്. ആരും വിഷമിക്കാന്‍ വേണ്ടി പറയുന്നതല്ല.

പൂച്ചക്ക് ഒരു വിനോദം എലിക്ക് മരണവേദന എന്ന് പറയുന്നത് പോലെയാണ്. പൂച്ചക്ക് വിനോദമാണ്, പക്ഷെ എലിക്ക് മരണവേദന ആണ്. അതു പോലെ ദാനധര്‍മ്മം ചെയ്യാതെ മറ്റുള്ളവരെ പിടിച്ച് പറിച്ചു, നമുക്ക് കിട്ടിയത് പോരാഞ്ഞിട്ടു പിടിച്ച് പറിച്ചു, മറ്റുള്ളവരെ ദു:ഖിപ്പിച്ചും അങ്ങിനെ സന്തോഷിക്കും. അതു കൊണ്ടാണ് അമ്മ അങ്ങിനെ പറയുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന മനുഷ്യ ജീവിതം നമ്മള്‍ തിന്നും കുടിച്ചും മാത്രം കഴിച്ചു കൂടുകയാണല്ലൊ. അതിനെ ഏതു രീതിയില്‍ നിനക്ക് സമാധാനമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്നുള്ളത്, ജീവിച്ചും, മറ്റുള്ളവര്‍ക്ക് ആ തത്ത്വം മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയുമുള്ള വേഷങ്ങളും ആയിരുന്നു എല്ലാം.

ജനനമരണങ്ങള്‍ ഇല്ലാത്ത ഈശ്വരന്‍ മനുഷ്യരൂപത്തില്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഈശ്വര തത്ത്വത്തെ വ്യക്തമായി അറിയുവാനും, ഈശ്വരനുമായി ഹൃദയബന്ധം പുലര്‍ത്തുവാനും ഇത് സഹായിക്കും. കണ്ണു കൊണ്ട് കാണുവാനൊ കാതു കൊണ്ട് കേള്‍ക്കുവാനൊ, കൈ കൊണ്ട് സ്പര്‍ശിക്കാനൊ കഴിയാത്ത ഈശ്വര തത്ത്വത്തെ, കണ്ണ് കൊണ്ട് കാണുവാനും, കാതു കൊണ്ട് കേള്‍ക്കുവാനും, കൈകള്‍ കൊണ്ട് സ്പര്‍ശിക്കുവാനും കഴിയുന്നത് പോലുള്ള അനുഭവമാണത്.

എൻ്റെ ഭക്തന് നാശമില്ലെന്ന് ഭഗവാന്‍ പ്രഖ്യാപിക്കുന്നു, തന്നെ ആശ്രയിക്കുന്ന ഭക്തനെ സദാ സംരക്ഷിക്കുക, എല്ലാ വീഴ്ചയില്‍ നിന്നും അവനെ ഉദ്ധരിക്കുക എന്നത് ഭഗവാൻ്റെ വ്രതമാണ്. ഭക്തൻ്റെ മനസ്സില്‍ അഹന്ത സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ തല പൊക്കിയാല്‍ സാഹചര്യങ്ങളിലൂടെ അവയെ ഭഗവാന്‍ ഇല്ലാതാക്കും. ഇതിനുള്ള എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും നമുക്ക് കാണാം.

ഭക്തി മാര്‍ഗ്ഗത്തിലൊ, കര്‍മ്മ മാര്‍ഗ്ഗത്തിലൊ ജ്ഞാനമാര്‍ഗ്ഗത്തിലൊ സഞ്ചരിക്കുന്നവര്‍ക്ക് ഭഗവാൻ്റെ ജീവിതം തന്നെ ഒരു പൂര്‍ണ്ണ ശാസ്ത്രം ആണ്. അതില്‍ എല്ലാവര്‍ക്കും പഠിക്കാനും ഗ്രഹിക്കാനുമുള്ള പാഠങ്ങള്‍ ഈ ലോകവും പ്രകൃതിയും ഈശ്വരൻ്റെ പ്രത്യക്ഷ രൂപങ്ങള്‍ ആണ്. ഈശ്വരന്‍ തന്നെയാണ്. ജീവിതം ഈശ്വരൻ്റെ പ്രസാദം ആണ്.ഈശ്വരന് നിവേദിച്ച പ്രസാദം കിട്ടിയാല്‍ നമ്മള്‍ എന്താണ് ചെയ്യുക? അത് കഴിക്കും.

ഉറിയടി

അതു പോലെ ജീവിതം ആകുന്ന മഹാപ്രസാദം, തത്ത്വം വേണ്ടവിധം ഉള്‍ക്കൊണ്ട് നമ്മള്‍ അതിനെ സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും വേണം. ഇതാണ് ശ്രീകൃഷ്ണന്‍ ലോകത്തെ പഠിപ്പിച്ചത്. മഹാത്മാക്കളെ പുകഴ്ത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരുണ്ട്. രണ്ടും അവര്‍ക്ക് തുല്യമാണ്. രണ്ടും ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്യുന്നവരാണ് അവര്‍. അവരുടെ ജീവിതം ഹൃദയം കൊണ്ട് തൊട്ടറിയാന്‍ കഴിയണം. ആത്മദര്‍ശികളായ അവരെ സ്വന്തം ആത്മാവിനെ കൊണ്ട് തന്നെ അനുഭവിക്കണം. ആദ്ധ്യാത്മവും സമഭാവനയും ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം

കൃഷ്ണപ്രേമം മക്കളുടെ ഹൃദയങ്ങളില്‍ നറുനിലാവായി പരന്നൊഴുകട്ടെ. ആ ഉണ്ണിക്കണ്ണന്‍ എന്നെന്നും ഉള്ളില്‍ വിളയാടട്ടെ, ആ തത്ത്വം ഗ്രഹിച്ച് ജീവിക്കാന്‍ മക്കള്‍ക്ക് പ്രചോദനം ഉണ്ടാകട്ടെ, ശക്തീ ഉണ്ടാകട്ടെ, അങ്ങിനെ ശാന്തിയും സമാധാനവും നുകര്‍ന്ന് മുന്നോട്ട് പോകാന്‍ പരമാത്മാവിൻ്റെ കൃപ മക്കളെയെല്ലാം അനുഗ്രഹിക്കട്ടെ.