ഈ ഭൂമി ഈ രീതിയില്‍ നമ്മളെ വേദനിപ്പിക്കുവാന്‍ എന്താണു കാരണം? മക്കള്‍ ഒന്നു് ഓര്‍ക്കണം, ഈ പ്രകൃതി നമുക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു. നദികള്‍, വൃക്ഷങ്ങള്‍, മൃഗങ്ങള്‍ ഇവയൊക്കെ നമുക്കുവേണ്ടി സഹിക്കുന്ന ത്യാഗം എത്രയാണു്. ഒരു വൃക്ഷത്തെ നോക്കുക. അതു ഫലം തരുന്നു, തണല്‍ തരുന്നു, കുളിര്‍മ്മ പകരുന്നു. വെട്ടിയാലും വെട്ടുന്നവനു തണല്‍ വിരിക്കുന്നു. ഈ ഒരു ഭാവമാണു വൃക്ഷത്തിനുള്ളതു്. ഇങ്ങനെ പ്രകൃതിയിലെ ഏതൊന്നെടുത്തു നോക്കിയാലും അവയെല്ലാം മനുഷ്യനുവേണ്ടി എന്തെന്തു ത്യാഗമാണു സഹിക്കുന്നതു്. പക്ഷേ, നമ്മള്‍ അവയ്ക്കുവേണ്ടി എന്തുചെയ്യുന്നു.
ഒരു വൃക്ഷം വെട്ടിയാല്‍ ഒരു തൈ വയ്ക്കണമെന്നു പറയും. പക്ഷേ, എത്രപേരു് അതനുസരിക്കുന്നു. അഥവാ, അതനുസരിച്ചാല്‍തന്നെ, ഈ ഒരു തൈകൊണ്ടു് എങ്ങനെ പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍ സാധിക്കും? വലിയ വൃക്ഷം പ്രകൃതിക്കു നല്കുന്ന ശക്തി ഒരു ചെറിയ തൈയ്ക്കു കൊടുക്കുവാന്‍ കഴിയില്ല. ഒരു മുതിര്‍ന്ന മനുഷ്യന്‍ ചെയ്തുകൊണ്ടിരുന്ന ജോലി, ഒരു കൊച്ചുകുട്ടിക്കു ചെയ്യുവാന്‍ പറ്റുമോ? അയാള്‍ ഒരു കുട്ട മണ്ണു ചുമന്നിടുമ്പോള്‍, ആ കുട്ടിക്കു് ഒരു സ്പൂണില്‍ അല്പം മണ്ണു കോരിയിടുവാന്‍ കഴിഞ്ഞേക്കും. അതുപോലെയുള്ള വ്യത്യാസമുണ്ടു്. ഒരു ഡ്രം വെള്ളം ശുദ്ധീകരിക്കാന്‍ പത്തു മില്ലി ഗ്രാം പൊടിയിടുന്നതിനു പകരം ഒരു മില്ലിഗ്രാം പൊടിയിട്ടാല്‍ പ്രയോജനമുണ്ടോ? ഇതുപോലെയാണു് ഇന്നത്തെ പ്രകൃതിസംരക്ഷണത്തിൻ്റെ അവസ്ഥ.
പ്രകൃതിയുടെ താളലയം നഷ്ടമായിക്കൊണ്ടിരിക്കുന്നു. കുളിര്‍മ്മ പകര്‍ന്നു നമ്മെ തലോടേണ്ട ചെറുതെന്നല്‍ വന്‍ചുഴലിയായി മാറിയിരിക്കുന്നു. ഇതുവരെ നമുക്കു താങ്ങായ ഭൂമി ഇന്നു നമ്മെ പാതാളത്തിലേക്കാഴ്ത്തിക്കൊണ്ടിരിക്കുകയാണു്. അതു പ്രകൃതിയുടെ കുറ്റമല്ല. നമ്മള്‍ ചെയ്ത അധര്‍മ്മത്തിൻ്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ശവപ്പെട്ടി വിറ്റു പണമുണ്ടാക്കി ജീവിക്കുന്നവന്‍, ഒടുവില്‍ ആ പെട്ടിക്കകത്തുതന്നെ ഒതുങ്ങുന്നതുപോലെയാണിതു്. നമ്മുടെ ശവക്കുഴി നമ്മള്‍തന്നെ തോണ്ടുകയാണു്. ഇപ്പോള്‍ എല്ലാവര്‍ക്കും ഭീതിയാണു്. ഉറങ്ങാന്‍ കിടന്നാല്‍, പിറ്റേന്നു ജീവനോടെ ഉണര്‍ന്നെഴുന്നേല്ക്കുവാന്‍ സാധിക്കുമോയെന്നു സംശയമാണു്.
മക്കളേ, ആദ്യം നമ്മള്‍ സംരക്ഷിക്കേണ്ടതു പ്രകൃതിയെയാണു്. എങ്കിലേ നമുക്കു നിലനില്പുള്ളൂ. പണത്തിനുവേണ്ടി, സ്വാര്‍ത്ഥതയ്ക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതു നമ്മള്‍ ഉപേക്ഷിക്കണം. അതോടൊപ്പം എല്ലാ മക്കളും അവരവരുടെ വീടുകളില്‍ കുറച്ചു സ്ഥലത്തെങ്കിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. വൃക്ഷങ്ങളെ പൂജിക്കണമെന്നു് ഋഷീശ്വരന്മാര്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യമാണതിലൂടെ അവര്‍ പഠിപ്പിച്ചതു്. പൂജയ്ക്കുവേണ്ടി ചെടികള്‍ വീട്ടുമുറ്റത്തു നട്ടുവളര്‍ത്തി, അതിലെ പുഷ്പങ്ങളിറുത്തു ദേവനു് അര്‍ച്ചിക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതും മറ്റും അന്തരീക്ഷശുദ്ധിക്കു നല്ലതാണു്.
ഇന്നു് അന്തരീക്ഷത്തിലുള്ളതു പുഷ്പങ്ങളുടെ മണമോ, എണ്ണയില്‍ കത്തുന്ന തിരിയുടെ ഗന്ധമോ അല്ല, ഫാക്ടറിയില്‍നിന്നുള്ള വിഷപ്പുകയുടെ ഗന്ധമാണ്. അന്തരീക്ഷം മലിനപ്പെട്ടു കഴിഞ്ഞു. പണ്ടു മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് ആയിരുന്നുവെങ്കില്‍ ഇന്നതു് എണ്‍പതും അറുപതും ആയിച്ചുരുങ്ങി. പുതിയ പുതിയ അസുഖങ്ങളായി. എല്ലാത്തിനും ‘വൈറസു്’ എന്നു പറയുന്നതല്ലാതെ, അസുഖങ്ങളുടെ യഥാര്‍ത്ഥ കാരണം ആര്‍ക്കുമറിയില്ല. അന്തരീക്ഷം മലിനമാകുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നശിക്കുന്നു. ആയുസ്സു് കുറയുന്നു. ഈ സ്ഥിതിയിലാണു് ഇന്നു നമ്മുടെ മുന്നോട്ടുള്ള പോക്കു്.
ഭൂമിയില്‍ സ്വര്‍ഗ്ഗം പടുത്തുയര്‍ത്താനാണു ശ്രമം. പക്ഷേ, ഫലത്തില്‍ ഇവിടം നരകമായി മാറിയിരിക്കുന്നു. മധുരം കഴിക്കുവാന്‍ ആഗ്രഹമുണ്ടു്, പക്ഷേ, സാധിക്കുന്നില്ല, അസുഖം. ഡാന്‍സുകാണാന്‍ പോകണമെന്നുണ്ടു്. പക്ഷേ, ഉറക്കൊഴിക്കാന്‍ പാടില്ല, അസുഖം. ഇങ്ങനെ ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ മനുഷ്യനു് അവൻ്റെ ആഗ്രഹത്തിനൊത്തു നീങ്ങാന്‍ പറ്റുന്നില്ല. സ്വയം സൃഷ്ടിച്ച കുരുക്കഴിക്കാനാകാതെ അവന്‍ കുഴയുകയാണു്. ഇതിൻ്റെ അവസാനമെന്തെന്നോ, പരിഹാരമെന്തെന്നോ ആരും ആലോചിക്കുന്നില്ല. ആലോചിച്ചാല്‍തന്നെ പ്രവൃത്തിയില്‍ കൊണ്ടുവരുന്നില്ല.
ചെടികള്‍ നട്ടുവളര്‍ത്തി പുഷ്പങ്ങളിറുത്തു ദേവനര്‍ച്ചിക്കുമ്പോള്‍ പ്രകൃതിശുദ്ധിയും ഹൃദയശുദ്ധിയുമായി. ഒരു ഭക്തന്‍ ചെടിക്കു വെള്ളമൊഴിക്കുന്നതും അതിലെ പുഷ്പങ്ങള്‍ ഇറുക്കുന്നതും മാലകൊരുക്കുന്നതും ദേവനര്‍ച്ചിക്കുന്നതും എല്ലാം മന്ത്രജപത്തോടെയായിരിക്കും. ആ മന്ത്രജപം അവനിലെ ചിന്തകളെ കുറയ്ക്കുന്നു. അതിലൂടെ മനസ്സു് ശുദ്ധമാകുന്നു. എന്നാല്‍ ഇന്നുള്ളവര്‍ ഇതിനെയൊക്കെ അന്ധവിശ്വാസം എന്നുപറഞ്ഞു തള്ളുകയാണു്. മനുഷ്യനാല്‍ നിര്‍മ്മിതമായ നശ്വരമായ കമ്പ്യൂട്ടറിനെയും ടി.വി.യെയുമൊക്കെയാണു നമുക്കിപ്പോള്‍ വിശ്വാസം. ജ്ഞാനികളായ ഋഷീശ്വരന്മാരുടെ വാക്കുകളെ വിശ്വസിക്കുവാന്‍ വയ്യ. കമ്പ്യൂട്ടറിനോ കാറിനോ കേടു സംഭവിച്ചാല്‍, അവ ശരിയാക്കുന്നതിനുവേണ്ടി ക്ഷമയോടെ എത്രനേരം വേണമെങ്കിലും അദ്ധ്വാനിക്കും, നമ്മള്‍ കാത്തിരിക്കും. പക്ഷേ, മനസ്സിൻ്റെ അപശ്രുതി നീക്കാന്‍ നമ്മള്‍ എന്തുചെയ്യുന്നു.
കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണു്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഥ കേള്‍ക്കാന്‍ താത്പര്യമാണു്. അറിയേണ്ട കാര്യങ്ങള്‍ കഥയുടെ രൂപത്തില്‍ കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പതിയും. അതുകൊണ്ടു കുട്ടികള്‍ക്കു കാതലുള്ള കഥകള്‍ വായിച്ചു കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടു്. കഥ വായിച്ചു കേള്‍ക്കുന്നതുകൊണ്ടു രണ്ടുണ്ടു ഗുണം. കേള്‍ക്കുന്നയാള്‍ക്കു വായനയില്‍ താത്പര്യം ജനിക്കും. അതു് എന്തെങ്കിലും കഥയുള്ള കഥയാണെങ്കില്‍ ഹൃദയ വികാസവുമുണ്ടാകും. മാത്രമല്ല, വായിക്കുന്നയാളിനും അതു മനനത്തിനുള്ള ഒരു കാരണമാകും.
അങ്ങനെയൊരിക്കല്‍, ഈ പറഞ്ഞ ഗുണങ്ങളൊക്കെയുള്ള ഒരു കഥ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോഴാണു കുഞ്ഞുതാരകത്തിൻ്റെ കഥ എൻ്റെ ശ്രദ്ധയില്‍പ്പെട്ടതു്. ഏതോ കുട്ടികളുടെ മാസികയില്‍ വന്ന ഒരു കഥയാണു്. അത്ര അറിയപ്പെടുന്ന എഴുത്തുകാരൻ്റെയൊന്നുമല്ല. എങ്കിലും ആ കഥ എൻ്റെ മനസ്സില്‍ പതിഞ്ഞു. നമ്മള്‍, അമ്മയുടെ മക്കള്‍ക്കു് ഏതു് അമ്മയുടെയും കുഞ്ഞിൻ്റെയും കഥ കേട്ടാലും മനസ്സില്‍ വരുന്ന ചിത്രങ്ങള്‍ ഒന്നുതന്നെയായിരിക്കുമല്ലോ.
കഥ ഇതാണു്… ഒരു കുഞ്ഞു താരകം. അമ്മ പറഞ്ഞതു് അനുസരിക്കാതെ ആകാശമുറ്റത്തു കളിക്കാനിറങ്ങി. കാലു തെറ്റി ഒറ്റ വീഴ്ച. വന്നുപതിച്ചതു് ഇങ്ങു താഴെ ഭൂമിയിലും. അമ്മ പറയുന്നതു് അനുസരിക്കാതെയിരിക്കുന്ന മക്കള്‍ക്കൊക്കെ പറ്റുന്ന അബദ്ധമാണിതു്. എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം എന്നു നമ്മുടെ അമ്മയും പറയാറുണ്ടല്ലോ. എത്ര ഉയരത്തിലെത്തിയ ആളാണെങ്കിലും, പതനം വന്നാല്‍പിന്നെ എത്രത്തോളം അധഃപതിക്കും എന്നു പറയാന്‍ പറ്റില്ല.
താഴത്തു വീണ താരകക്കുഞ്ഞിനു സങ്കടം സഹിക്കാനായില്ല. അമ്മ പറഞ്ഞതു് അനുസരിക്കാത്തതിൻ്റെ ഭവിഷ്യത്തു മനസ്സിലായതു് അമ്മ നഷ്ടപ്പെട്ടപ്പോഴാണു്. കുഞ്ഞു മുകളിലേക്കു നോക്കി, അമ്മയെ കാണാന്‍. ആകാശത്തു കോടാനുകോടി നക്ഷത്രങ്ങള്‍. അതില്‍ തൻ്റെ അമ്മ ഏതാണു്? തിരഞ്ഞുതിരഞ്ഞു കണ്ണു കഴച്ചു. ഭയമായിത്തുടങ്ങി. വിങ്ങിപ്പൊട്ടിക്കൊണ്ടു് അല്പനേരം കുനിഞ്ഞിരുന്നു. കുറച്ചു സമയം അങ്ങനെ ഇരുന്നിരിക്കണം. വീണ്ടും മുകളിലേക്കു നോക്കിയപ്പോള്‍ നക്ഷത്രങ്ങളെയൊന്നും കാണാനില്ല.
സൂര്യനുദിച്ചു തുടങ്ങിയിരിക്കുന്നുവല്ലോ. അമ്മ എവിടെപ്പോയൊളിച്ചു? അതിനു വേവലാതിയായി. ചുറ്റും നോക്കി. പരിചയമില്ലാത്ത സ്ഥലം. ഭയംകൊണ്ടു ശബ്ദംപോലും പുറത്തു വരുന്നില്ല. ഏങ്ങലടിച്ചു്, പേടിച്ചു വിറച്ചു കുഞ്ഞൊരു ചെടിയുടെ കീഴില്‍ കൂനിക്കൂടിയിരുന്നു. അതൊരു അവധിക്കാലമായിരുന്നു. കളിക്കാനായി കുട്ടികള്‍ പുറത്തു വന്നപ്പോഴാണു തനിയെയിരുന്നു വിതുമ്പുന്ന നക്ഷത്ര കുഞ്ഞിനെ കണ്ടതു്. അമ്മയെ പിരിഞ്ഞതുകൊണ്ടുള്ള ദുഃഖവും ഭയവുമാണു് എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കും വിഷമമായി.
എങ്ങനെയെങ്കിലും കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കാനുള്ള ശ്രമമായി. എല്ലാവരും കൂടി പ്രയത്‌നിച്ചു് ഉയരത്തില്‍ പറക്കുന്ന ഒരു പട്ടം ഉണ്ടാക്കി. അതിൻ്റെ മുകളിലിരുത്തി അവര്‍ നക്ഷത്ര കുഞ്ഞിനെ ആകാശത്തിലേക്കു പറത്തി. എന്തുകാര്യം! എത്ര ഉയരത്തില്‍ പറത്തിയിട്ടും അമ്മയെ കാണാന്‍പോലും പറ്റുന്നില്ല എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കു ശ്രമം അവസാനിപ്പിക്കേണ്ടിവന്നു. തങ്ങളുടെ പ്രയത്‌നംകൊണ്ടു പ്രയോജനമൊന്നുമില്ല എന്നു മനസ്സിലായപ്പോള്‍ അവര്‍ മറ്റേതെങ്കിലും മാര്‍ഗ്ഗം തേടാന്‍ തീരുമാനിച്ചു.
ഏറെ അറിവുള്ളവളാണല്ലോ തങ്ങളെ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപിക എന്നു് അപ്പോഴാണു കുട്ടികളോര്‍ത്തതു്. സൗരയൂഥത്തെക്കുറിച്ചും നക്ഷത്രമണ്ഡലങ്ങളെക്കുറിച്ചുമൊക്കെ അവര്‍ക്കെല്ലാമറിയാം. താരകക്കുഞ്ഞുമായി അവര്‍ അദ്ധ്യാപികയുടെ വീട്ടിലെത്തി. അദ്ധ്യാപികയും സഹായിക്കാന്‍ തയ്യാറായി. ”നിൻ്റെ അമ്മ ഏതു ഗാലക്‌സിയില്‍ പെട്ടതാണു്? എത്ര പ്രകാശവര്‍ഷം ദൂരെയാണു്?” അദ്ധ്യാപിക പതിവു പോലെ ചോദ്യങ്ങള്‍ തുടങ്ങി.
കുഞ്ഞിനുണ്ടോ അമ്മയെപ്പറ്റി എന്തെങ്കിലും ജ്ഞാനം? എത്രയൊക്കെ ശ്രമിച്ചിട്ടും, ഏതൊക്കെ പുസ്തകം പരിശോധിച്ചിട്ടും അമ്മനക്ഷത്രം ഏതു ഗാലക്‌സിയില്‍ പെട്ടതാണെന്നോ, എത്ര പ്രകാശവര്‍ഷം ദൂരത്തിലാണെന്നോ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അദ്ധ്യാപികയുടെ അറിവുകൊണ്ടും പ്രയോജനമൊന്നുമില്ല എന്നു മനസ്സിലായിട്ടും കുട്ടികള്‍ പക്ഷേ, തോല്ക്കാന്‍ തയ്യാറായില്ല.
അടുത്തതായി അവര്‍ സമീപിച്ചതു് ഒരു ജ്യോതിശാസ്ത്രജ്ഞനെ ആണു്. ശാസ്ത്രജ്ഞനാകുമ്പോള്‍ ബുദ്ധിയുപയോഗിച്ചു് ഏതു പ്രശ്നത്തിനും പരിഹാരം കാണുമല്ലോ. താരകക്കുഞ്ഞിൻ്റെ ദുഃഖം കണ്ടപ്പോള്‍ ശാസ്ത്രജ്ഞൻ്റെയും മനസ്സലിഞ്ഞു. വലിയൊരു ബഹിരാകാശ പേടകത്തില്‍ കയറ്റി കുഞ്ഞിനെ ബഹിരാകാശത്തിലേക്കയച്ചു. പാവം ശാസ്ത്രജ്ഞന്‍! മനുഷ്യൻ്റെ ബുദ്ധിക്കെത്താവുന്നതിലും എത്ര മേലെയാണു അമ്മ നക്ഷത്രം എന്നു് അദ്ദേഹത്തിനും ഊഹിക്കാന്‍ കഴിഞ്ഞില്ല. ബഹിരാകാശ പേടകം തിരിച്ചുവന്നപ്പോള്‍ കൂടെ നക്ഷത്രക്കുരുന്നും വീണ്ടും ഭൂമിയിലെത്തി.
അപ്പോഴേക്കും വൈകുന്നേരമായിരുന്നു. കുട്ടികള്‍ക്കു വീട്ടില്‍ പോകാനുള്ള സമയമായി. എല്ലാവര്‍ക്കും പകലന്തിയാകുമ്പോള്‍ സ്വന്തം അമ്മയുടെ അടുത്തുതന്നെ എത്തണമല്ലോ. വിഷമത്തോടെ ആണെങ്കിലും അവര്‍ താരകക്കുഞ്ഞിനോടു യാത്ര പറഞ്ഞു. കുഞ്ഞു വീണ്ടും വഴിയില്‍ തനിച്ചായി. ഒറ്റയ്ക്കായപ്പോള്‍ പിന്നേയും ഭയമായി, ദുഃഖമായി. നിസ്സഹായതയോടെ തേങ്ങിക്കൊണ്ടു് അടുത്തു കണ്ട ഒരു വീട്ടിലേക്കു കയറി. കണ്ണീരൊഴുക്കിക്കൊണ്ടു് അവിടത്തെ പൂന്തോട്ടത്തിലിരുന്നു. അപ്പോള്‍ ആരോ പുറത്തു തട്ടുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ തന്നെപ്പോലെ മറ്റൊരു കുഞ്ഞു്. ഇതു പക്ഷേ, മനുഷ്യക്കുഞ്ഞാണു്. വീട്ടില്‍നിന്നു് അമ്മയുടെ കണ്ണുവെട്ടിച്ചു മുട്ടിലിഴഞ്ഞു പുറത്തു വന്നിരിക്കയാണു്.
കുഞ്ഞുതാരകത്തിൻ്റെ കണ്ണീരു കണ്ടപ്പോള്‍ മനുഷ്യക്കുഞ്ഞും കാരണം തിരക്കി. അമ്മയെ പിരിയേണ്ടിവന്നതും, ദിവസം മുഴുവന്‍ അമ്മയുടെ അടുത്തൊന്‍ ശ്രമിച്ചു പരാജയപ്പെട്ടതും ഏങ്ങലടിച്ചു കൊണ്ടു നക്ഷത്രക്കുഞ്ഞു പറഞ്ഞുതീര്‍ത്തു. ”ഈ മുതിര്‍ന്നവര്‍ക്കു് ഒന്നുമറിയില്ല,” എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ മനുഷ്യക്കുഞ്ഞു പറഞ്ഞു. ”നമുക്കു് അമ്മയുടെ അടുത്തെത്താന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍ നിമിഷനേരംകൊണ്ടു് അമ്മയെ നമ്മുടെ അടുത്തു് എത്തിക്കാന്‍ പറ്റും. ആ വിദ്യ ഞാന്‍ കാണിച്ചു തരാം” പറഞ്ഞു തീര്‍ന്നതും, കുഞ്ഞു മുഖമുയര്‍ത്തി കണ്ണുകളിറുക്കിയടച്ചു ചുണ്ടുപിളര്‍ത്തി ഒറ്റ കരച്ചില്‍ ”ങ്ഹേ….”.
തൻ്റെ കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടതും, ചെയ്തിരുന്ന ജോലിയെല്ലാം ഉപേക്ഷിച്ചു പരിഭ്രമിച്ചുകൊണ്ടു് ഒരു സ്ത്രീ അകത്തുനിന്നു് ഓടി വന്നു, കുഞ്ഞിനെയെടുത്തു മാറോടണച്ചു, പുറത്തുതട്ടി സമാധാനിപ്പിച്ചുകൊണ്ടു തൊട്ടപ്പുറത്തിരുന്ന താരകക്കുഞ്ഞിനെ ഒന്നു നോക്കുകപോലും ചെയ്യാതെ തിരിഞ്ഞു വീട്ടിലേക്കു നടന്നു. പോകുന്ന പോക്കില്‍ ശിശു അമ്മയുടെ മാറിലിരുന്നു വിജയകരമായി ചിരിച്ചുകൊണ്ടു തോളിനു മുകളിലൂടെ താരക കുഞ്ഞിനെ നോക്കി, അമ്മയെ അടുത്തെത്തിക്കുന്ന സൂത്രം മനസ്സിലായില്ലേ എന്ന മട്ടില്‍.
സമയം കളഞ്ഞില്ല. താരകക്കുഞ്ഞും കണ്ണുകളിറുക്കിയടച്ചു മുഖമുയര്‍ത്തി അലറിപ്പൊളിച്ചു് ഒറ്റ കരച്ചില്‍ ”അമ്മേ…..”. അടുത്ത നിമിഷം മിന്നല്‍പിണര്‍പോലെ ഒരു പ്രകാശം ഭൂമിയിലേക്കു വന്നു, കുഞ്ഞുതാരകത്തെ വാരിയെടുത്തു, ആകാശത്തേക്കു പോയി. അമ്മ നഷ്ടപ്പെട്ട നിസ്സഹായനായ കൊച്ചുകുഞ്ഞു നിഷ്‌കളങ്കമായ ഒറ്റ വിളികൊണ്ടു് അമ്മയെ അടുത്തെത്തിച്ച കഥവായിച്ചു തീരുമ്പോഴേക്കും എൻ്റെ കണ്ണുകള്‍ നിറയാനും ശബ്ദമിടറാനും തുടങ്ങിയിരുന്നു. ഇല്ലാത്ത ചുമ ചുമച്ചും കര്‍ച്ചീഫുകൊണ്ടു മുഖം തുടച്ചും ഞാന്‍ ഒരുവിധം കഥ തീര്‍ത്തു.
അമ്മ എത്ര ദൂരെയാണെന്നു തോന്നിയാലും നിമിഷനേരംകൊണ്ടു് അടുത്തെത്തിക്കാനുള്ള വിദ്യ കുഞ്ഞുതാരകം എളുപ്പം പഠിച്ചപോലെ എനിക്കും പഠിക്കാന്‍ കഴിഞ്ഞെങ്കില്‍! പുസ്തകമടച്ചു തിരിഞ്ഞുനടക്കുമ്പോള്‍ എൻ്റെ മനസ്സു് മുഴുവന്‍ അമ്മയോടുള്ള നിശ്ശബ്ദപ്രാര്‍ത്ഥനയായിരുന്നു. ജഗദീശ്വരിയായ എൻ്റെ അമ്മേ! മനുഷ്യൻ്റെ പ്രയത്‌നംകൊണ്ടോ, അറിവുകൊണ്ടോ ബുദ്ധികൊണ്ടോ എത്തിപ്പിടിക്കാന്‍ പറ്റാത്തവളേ, എൻ്റെതു് എന്നു ഞാന്‍ കരുതുന്നതൊക്കെയുപേക്ഷിച്ചു രണ്ടു കൈയും നീട്ടി ‘അമ്മേ’ എന്നു വിളിച്ചു കരയാനുള്ള ശക്തിയും നിഷ്‌കളങ്കതയും ഒരിക്കലെങ്കിലും എനിക്കു തരേണമേ!
എവിടെപ്പോയാലും ഈശ്വരൻ്റെ നാമം ഒരിക്കലും കൈവിടരുത്. മെറ്റലിൽ അഴുക്കില്ലെങ്കിലേ കോൺക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമാക്കിയാലേ ഈശ്വരനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയൂ. മനസ്സിനെ ശുദ്ധീകരിക്കുവാൻ നാമജപംപോലെ മറ്റൊന്നില്ല.
ടീവികേന്ദ്രത്തിൽനിന്നും പരിപാടികൾ അയച്ചാലും ഇവിടെ ടെലിവിഷൻ ഓൺ ചെയ്താലല്ലേ പരിപാടികൾ കാണാൻ കഴിയൂ. അതു ചെയ്യാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു് എന്തു പ്രയോജനം? ഈശ്വരൻ്റെ കൃപ സദാ നമ്മളിലേക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കിൽ അവിടുത്തെ ലോകവുമായി നമ്മൾ ട്യൂൺ ചെയ്യണം.
സൂര്യൻ പ്രകാശം ചൊരിയുന്നുണ്ട്. വാതിലുകളെല്ലാം അടച്ചു മുറിക്കുള്ളിലിരുന്നിട്ടു സൂര്യൻ വെളിച്ചം തരുന്നില്ലെന്നു പറഞ്ഞു പരാതിപ്പെട്ടിട്ടു് എന്തു കാര്യം! നമ്മുടെ ഹൃദയത്തിൻ്റെ വാതിലുകൾ തുറന്നാൽ മതി. സദാ ചൊരിയുന്ന അവിടുത്തെ കൃപയ്ക്കു് പാത്രമാകുവാൻ നമുക്കു കഴിയും.
മഴ പെയ്യുമ്പോൾ എത്രയോ വെള്ളം മണ്ണിൽവീണു ചെളിയായി മറ്റുള്ളവർക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. മണലിൽ വീഴുന്ന വെള്ളം അവിടെ നഷ്ടമാകുന്നു. എന്നാൽ കടലിലെ ചിപ്പി, അതിനു കിട്ടുന്നതു് ഒരു തുള്ളി വെള്ളമാണെങ്കിൽക്കൂടി, കാത്തിരുന്നു കിട്ടിയ ആ ഒരു തുള്ളി വെള്ളത്തെ വിലമതിക്കാനാകാത്ത മുത്താക്കിമാറ്റുന്നു.
അവിടുന്നു കൃപ സദാ വർഷിക്കുന്നു. പക്ഷേ, പ്രയോജനം, നമ്മൾ അതു് എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ്. മക്കളേ, ഈശ്വരൻ്റെ ലോകവുമായി ട്യൂൺ ചെയ്യാത്തിടത്തോളം കാലം നമ്മളിലുള്ളതു് അറിവില്ലായ്മയുടെ അപശ്രുതിയാണു്. ഈശ്വരൻ്റെ ശ്രുതിയല്ല. അതിൻ്റെ കുറവുകൾ നാം സഹിക്കുക തന്നെ വേണം. ആരെയും പഴി പറഞ്ഞിട്ടു കാര്യമില്ല.
ഒരു ബസ്സ് സ്റ്റോപ്പിൽ എത്ര സമയം വേണമെങ്കിലും ബസ്സു കാത്തു നില്ക്കാൻ നാം തയ്യാറാണ്. കോടതിത്തിണ്ണയിൽ ദിവസം മുഴുവൻ ചെലവാക്കുവാൻ നമുക്കു മടിയില്ല. എന്നാൽ ഒരു മഹാത്മാവിനെ ദർശിക്കാൻച്ചെന്നാൽ അല്ലെങ്കിൽ ക്ഷേത്രത്തിൽപ്പോയാൽ നാം ക്ഷമ കാട്ടാറില്ല. ഇവിടെ വന്നാലും ക്ഷേത്രത്തിൽ പോയാലും ഭക്തിയോടെ, കുറെസമയം ഈശ്വരസ്മരണയിൽ ചെലവഴിക്കണം. ഈശ്വരനാമം ജപിക്കണം, ധ്യാനിക്കണം. അല്ലെങ്കിൽ നിഷ്‌കാമം ആയി നല്ല കർമ്മൾ ചെയ്യണം. എങ്കിലേ ഫലപ്രാപ്തി ഉണ്ടാകൂ.
അമ്മ കളരിമണ്ഡപത്തിലെത്തി. മൂന്നുനാലു ബ്രഹ്മചാരികളും, ആദ്യമായി ആശ്രമത്തിലെത്തിയ ചില ഗൃഹസ്ഥഭക്തരും കൂടെയുണ്ട്. അമ്മ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരനോടു നിർമ്മലമായ ഭക്തി ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റിയാണു സംഭാഷണം.
അമ്മ പറഞ്ഞു: ‘എനിക്കു് എൻ്റെ അമ്മയെ സ്നേഹിക്കുവാനുള്ള ഹൃദയം മാത്രം മതി, ദേവീ, നീ എനിക്കു ദർശനം തന്നില്ലെങ്കിലും വേണ്ട, എല്ലാവരെയും സ്നേഹിക്കുന്ന നിൻ്റെ ഹൃദയം എനിക്കു താ. നീ എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ട. നിന്നോടെനിക്കു സ്നേഹമുണ്ടായിരിക്കണം.’ എന്നാണമ്മ പ്രാർത്ഥിച്ചിരുന്നത്.
ഈശ്വരനോടു് ഉൾപ്രേമം വന്നവൻ പനി വന്നവനെപ്പോലെയാണ്. അവനു് ഒന്നിലും രുചി തോന്നാറില്ല. ഉപ്പും പുളിയുമൊന്നും ഇഷ്ടമാകാറില്ല. മധുരംപോലും കയ്പ്പുള്ളതായിത്തോന്നും. ആഹാരകാര്യങ്ങളിലൊന്നും താത്പര്യമുണ്ടാകില്ല.
എന്നാൽ ഒരു സാധകനു തുടക്കത്തിൽ ഈ പ്രേമം കിട്ടാൻ പ്രയാസമാണ്. അതിനാൽ ആദ്യം ഓരോ കാര്യത്തിലും നിയന്ത്രണം വച്ചു ശ്രദ്ധയോടെ നീങ്ങണം. പ്രത്യേകിച്ച് ആഹാരകാര്യത്തിൽ. മനസ്സു്, ബാഹ്യവസ്തുക്കളിലേക്കു പോയാൽ അതിനെ വീണ്ടും വീണ്ടും ഈശ്വരസ്മരണയിൽത്തന്നെ കൊണ്ടു വരണം. ഒരു നിമിഷം പോലും വെറുതെ കളയാൻ പാടില്ല.
ഒരു ഭക്തൻ: അമ്മേ, ഞാൻ ഒരു സമയവും പാഴാക്കാറില്ല. ഒന്നുകിൽ അമ്മയുടെ അടുത്തുവരും. അല്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രത്തിൽ പോകും. ഇതൊക്കെയല്ലേ എന്നെക്കൊണ്ടു ചെയ്യാനാവൂ?
അമ്മ: മോനേ, ഇവിടെ വരുന്നതും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും എല്ലാം നല്ലതുതന്നെ. എന്നാൽ അതെല്ലാം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻവേണ്ടിയായിരിക്കണം. മനഃശുദ്ധി നേടാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം വ്യർത്ഥംതന്നെ. നമ്മുടെ ചിന്തകളും പ്രവൃത്തികളും ശുദ്ധമാകാതെ സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ട.
മഹാത്മാക്കളുടെ സന്നിധിയിലും തീർത്ഥസ്ഥാനങ്ങളിലും പോകുമ്പോൾ നമ്മൾ ആ സ്മരണയോടെ, ആ സമർപ്പണത്തോടെ പോകണം. എന്നാൽ ഇന്നു മിക്കവരും യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ലോഡ്ജിൽ മുറി ബുക്കു ചെയ്യും. വീട്ടിൽനിന്നു തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും പറയാൻ തുടങ്ങും. തിരിച്ചെത്തിയാലും അതിന് അനന്തമില്ല. ഇതിനിടയിൽ ഈശ്വരനെപ്പറ്റി ചിന്തിക്കുന്ന കാര്യം മാത്രം മറക്കും.
എത്ര മഹാത്മാക്കളെ ദർശിച്ചാലും ക്ഷേത്രത്തിൽപ്പോയാലും എത്ര വഴിപാടു നടത്തിയാലും എത്ര കാണിക്കയിട്ടാലും സ്വയം സാധന ചെയ്താലേ ഫലമുള്ളൂ. ഹൃദയം ഈശ്വരൻ്റെ ലോകത്തിലേക്കു ട്യൂൺ ചെയ്യണം. തിരുപ്പതിയിലോ കാശിയിലോ പോയതുകൊണ്ടു മാത്രം മുക്തി കിട്ടില്ല. അവിടെച്ചെന്നു കുളിച്ചു, ക്ഷേത്രത്തിൽ വലത്തിട്ടു എന്നതുകൊണ്ടു മാത്രം ആദ്ധ്യാത്മികവും ഭൗതികവുമായ നേട്ടമുണ്ടാകണമെന്നില്ല. തിരുപ്പതിയിൽ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നുവെങ്കിൽ അവിടെ ബിസിനസ്സു് ചെയ്യുന്നവർക്ക് ഒക്കെ മുക്തി കിട്ടണ്ടേ?