ഇഗോർ സെഡ്‌നോവ് – റഷ്യ

ഞാനൊരു റഷ്യക്കാരനാണു്. സോവിയറ്റ് യൂണിയനിലെ ഈശ്വരവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലാണു ഞാൻ ജനിച്ചതു്. വീട്ടിലെ ഈ സാഹചര്യം കാരണം ചെറുപ്പം മുതലേ എനിക്കു് ഈശ്വരചിന്തയോ ഭക്തിയോ ഉണ്ടായിരുന്നില്ല. ഈശ്വരനിൽ വിശ്വസിക്കാത്ത ഞാൻ ആത്മീയതയിലും ഗുരുക്കന്മാരിലും വിശ്വസിച്ചിരുന്നില്ല എന്നതിനു് അദ്ഭുതത്തിനവകാശമില്ലല്ലോ. ഗുരുക്കന്മാർ എന്നു പറയുന്നവരൊക്കെ മടിയന്മാരും ദുർബ്ബലചിത്തരെ ചൂഷണം ചെയ്തു ജീവിക്കുന്നവരും ആണെന്നായിരുന്നു എൻ്റെ ധാരണ.

1993-ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കുറച്ചു കാലമായി എൽ.എസ്.ഡി. എന്ന മയക്കു മരുന്നിനു് അടിമയായിരുന്നു ഞാൻ. ഒരിക്കൽ ഞാൻ കഴിച്ച മയക്കു മരുന്നിൻ്റെ അളവു വളരെ കൂടി മരണത്തിൻ്റെ വക്കിലെത്തി. എന്നാൽ ഈശ്വരനിശ്ചയം മറ്റൊന്നായിരുന്നു. എനിക്കു പോകാനുള്ള സമയമായിരുന്നില്ല. ബോധം വന്നപ്പോൾ, ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ, ഞാൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. ഈ പ്രപഞ്ചത്തിൽ എല്ലാ കാര്യങ്ങൾക്കും കാരണമായ ഒരു ശക്തിയുണ്ടെന്നു് എനിക്കു ബോദ്ധ്യമായി. ആ ശക്തിയെ അറിയുവാനായി ശേഷിച്ച ജീവിതം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

അടുത്ത വർഷം ഞാൻ അമേരിക്കയിലേക്കു പോയി. അവിടെ വച്ചാണു ഞാൻ യോഗാതത്ത്വശാസ്ത്രത്തിലേക്കു് ആകർഷിക്കപ്പെട്ടതു്. 1997 ഒക്ടോബറിൽ വെർജീനിയയിലെ ഒരു ആദ്ധ്യാത്മിക സംഘടനയിൽ ഞാൻ ചേർന്നു. ആ വർഷംതന്നെ ഡിസംബറിൽ എൻ്റെ ആത്മീയ സഹയാത്രികരോടൊപ്പം ഞാൻ ദക്ഷിണഭാരതത്തിലേക്കു വന്നു. അപ്പോൾ എൻ്റെ ആത്മീയവീക്ഷണം തികച്ചും ബൗദ്ധികമായിരുന്നു. അദ്വൈതസിദ്ധാന്തമാണു് ഏറ്റവും ഉയർന്നതെന്നും ഭക്തിയും പൂജയും ഭജന പാടുന്നതുമൊക്കെ വെറും ബാലിശമാണെന്നും ആണു ഞാൻ ധരിച്ചിരുന്നതു്.

ഭാരതത്തിലെത്തിയ ഞങ്ങൾ കോവളം ബീച്ചിൽ രണ്ടു ദിവസം വിശ്രമിച്ചു. മൂന്നാംദിവസം വൈകുന്നേരം ഒരു ബസ്സിൽ കയറി ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥലത്തേക്കു തിരിച്ചു. ഇരുട്ടുപിടിച്ച ഒരു ദിവസമായിരുന്നു അതു്. നാട്ടിൻപ്രദേശത്തു കൂടിയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നതു്. ഒട്ടും പരിചയമില്ലാത്ത സ്ഥലവും കാഴ്ചകളും എന്നെ അല്പം ഉത്കണ്ഠപ്പെടുത്തിയിരുന്നു. പെട്ടെന്നു ഞങ്ങളുടെ ടൂർ ലീഡർ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. അവിടെ അടുത്തു് ഒരു ആശ്രമമുണ്ടെന്നും അവിടെ കയറി കണ്ടിട്ടു് അടുത്ത ലക്ഷ്യത്തിലേക്കു പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇതു് ‘അമ്മ’ എന്നു പറഞ്ഞ ഏതോ ഒരു മഹാത്മാവിൻ്റെ ആശ്രമമാണത്രേ! അമ്മയെക്കുറിച്ചു ഞാൻ അതിനു മുൻപു കേട്ടിട്ടില്ല. ബസ്സിൽ നിന്നിറങ്ങി ഒരു വള്ളത്തിൽ കായൽ കടന്നാണു ഞങ്ങൾ അമ്മയുടെ ആശ്രമത്തിൽ എത്തിയതു്.

നാല്പത്തഞ്ചു മിനിട്ടാണു് ആശ്രമസന്ദർശനത്തിനു ലഭിച്ചതു്. ആ സമയം ഹാളിലിരുന്നു ഭജന കേൾക്കുകയോ ആശ്രമം ചുറ്റിനടന്നു കാണുകയോ ചെയ്യാമെന്നു ടൂർ ലീഡർ പറഞ്ഞു. ചിലരെല്ലാം ഭജന നടക്കുന്ന ഹാളിലേക്കു പോകുന്നതു കണ്ടപ്പോൾ ഞാനും അവരോടൊപ്പം കൂടി. ഹാൾ നിറഞ്ഞിരുന്നു. ആ തിരക്കിൽ കുറച്ചു സ്ഥലം കണ്ടുപിടിച്ചു ഞാൻ അവിടെ ഇരുന്നു. ഹാളിൽ ധാരാളം വിദേശീയരുണ്ടായിരുന്നതു് എന്നെ അദ്ഭുതപ്പെടുത്തി. മിക്കവരും വെള്ള വസ്ത്രം ധരിച്ചിരുന്നു. സ്റ്റേജിനും വളരെ ദൂരെയാണു ഞാൻ ഇരുന്നിരുന്നതു്. കാവിയുടുത്ത കുറച്ചു സന്ന്യാസിമാരുടെയിടയിൽ വെള്ളവസ്ത്രം ധരിച്ച, ഇരുണ്ട നിറമുള്ള ഒരു സ്ത്രീ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. അവർ പാടുന്ന ഭജന ഹാളിലുള്ള എല്ലാവരും ഏറ്റുപാടുന്നു. അവരായിരിക്കണം അമ്മ എന്നു ഞാൻ ഊഹിച്ചു.

കുറച്ചു സമയമേ ആശ്രമത്തിൽ കിട്ടുകയുള്ളു എന്നുള്ളതു കൊണ്ടു്, ഞാൻ മറ്റൊന്നും അധികം ശ്രദ്ധിക്കാതെ ഭജനയിൽ മനസ്സു് കേന്ദ്രീകരിക്കാൻ ശ്രമിച്ചു. ഈ ലോകത്തെയും തന്നെത്തന്നെയും മറന്നു ഭജന പാടുന്ന അമ്മയുടെ സ്വരം വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്ത ഒരു അനുഭൂതി എന്നിലുണർത്തി. ഭജന പാടുന്നതിനിടയിൽ അമ്മ ഈശ്വരനാമം ഉച്ചത്തിൽ വിളിക്കുകയും ഭക്തിയോടെ കൈകൾ ഉയർത്തി കേഴുകയും ചെയ്തിരുന്നു. സാധാരണ ആളുകളുടെ കണ്ണുകൾക്കു കാണാൻ പറ്റാത്ത ഒരു ഈശ്വരസാന്നിദ്ധ്യവുമായി അവർക്കു നേരിട്ടു സംവേദിക്കാനാവുന്നുണ്ടെന്നു് എനിക്കു തോന്നി.

സമയം പോയതറിഞ്ഞില്ല. കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റു പുറത്തുപോകുന്നതു കണ്ടപ്പോഴാണു് അവിടെ നിന്നു യാത്രതിരിക്കാനുള്ള സമയമായി എന്നെനിക്കു് ഓർമ്മ വന്നതു്. എന്നാൽ ആ അന്തരീക്ഷത്തിൽനിന്നു വിട്ടുപോകാനും തോന്നുന്നില്ല. അവസാനം നിവൃത്തിയില്ലാതെ, ദുഃഖത്തോടെ ഞാൻ ആശ്രമം വിട്ടിറങ്ങി. ഇങ്ങനെയാണു ഞാൻ അമ്മയെ ആദ്യമായി കാണുന്നതു്.

രണ്ടു വർഷം കടന്നുപോയി. രണ്ടായിരാം ആണ്ടു് ജനുവരിയിൽ ഞാൻ വീണ്ടും ഭാരതത്തിലേക്കു വന്നു. അമേരിക്കയിൽ ഞങ്ങളുടെ ആദ്ധ്യാത്മികസംഘടനയിൽ ‘ഉമ’ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. എനിക്കു സ്വന്തം അമ്മയെപ്പോലെ ആയിരുന്നു അവർ. അവരും ഞാനും കൂടി ആ തവണയും കോവളം ബീച്ചിൽ പോയി. ഞാൻ ഭാരതത്തിലേക്കു വരുന്നുണ്ടെന്നറിഞ്ഞപ്പോൾ, റഷ്യയിലെ എൻ്റെ രണ്ടു സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും ഞങ്ങളുടെ ഒപ്പം കൂടിയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങളിൽ താത്പര്യമുള്ള അവരോടു് ആദ്യമായി ഭാരതം സന്ദർശിച്ചപ്പോഴുള്ള എൻ്റെ അനുഭവം ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണു് അവരും ഭാരതം സന്ദർശിക്കാൻ തീരുമാനിച്ചതു്.

അപ്പോഴും ഈശ്വരനെ ബുദ്ധികൊണ്ടു് അറിയാനാണു ഞാൻ ശ്രമിച്ചിരുന്നതു്. ഭക്തിമാർഗ്ഗം തരംതാണതാണെന്നും വിചാരമാർഗ്ഗമോ ജ്ഞാനമാർഗ്ഗമോ ആണു് എന്നെപ്പോലെയുള്ള ബുദ്ധിജീവികൾക്കു യോജിച്ചതു് എന്നുമായിരുന്നു എൻ്റെ വിശ്വാസം. റഷ്യയിൽനിന്നുള്ള എൻ്റെ സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും എന്നെപ്പോലെത്തന്നെയായിരുന്നു. അദ്വൈതം മാത്രം ഉപദേശിക്കുന്ന ഗുരുക്കന്മാരെയും, അവർ ഉറപ്പുതരുന്ന ഇൻസ്റ്റൻ്റ് സാക്ഷാത്കാരത്തെയുമാണു ഞങ്ങളെല്ലാം തേടിയിരുന്നതു്. ഭക്തിമാർഗ്ഗം മോശം; കർമ്മയോഗം, സേവനം എല്ലാം അതിലേറെ മോശം എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതുകൊണ്ടു തന്നെ അമ്മയെപ്പോലൊരു ഗുരുവിനെയല്ല ഞങ്ങൾ തേടിയിരുന്നതു്. എങ്കിലും അമ്മയുടെ ആശ്രമം കോവളത്തിന് അടുത്തായിരുന്നതുകൊണ്ടു്, ആദ്യം അങ്ങോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.

പോകുന്ന വഴിയിൽ ടാക്‌സിയിലിരുന്നു് ‘From Here To Nirvana: A Yoga Journal Guide To Spiritual India’ എന്ന ബുക്കിൽ അമ്മയെക്കുറിച്ചെഴുതിയിരുന്നതു ഞാൻ വായിച്ചു. അമ്മയുടെ ജീവിതത്തിലെ പല സംഭവങ്ങളും അതിൽ പ്രതിപാദിച്ചിരുന്നു. അതെൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അമ്മ തന്നെ കാണാൻ വരുന്ന എല്ലാവരെയും നേരിട്ടു കാണുമെന്നും ആലിംഗനം ചെയ്തു സ്വീകരിക്കുമെന്നും അറിഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. അമ്മയുടെ ആശ്രമം മുൻപൊരിക്കൽ സന്ദർശിച്ചിരുന്നുവെങ്കിലും ഇതെനിക്കൊരു പുതിയ അറിവായിരുന്നു. എന്നാൽ ലിസയും ആൻഡ്രിയും തങ്ങൾ സന്ദർശിക്കാൻ പോകുന്ന ആശ്രമത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒന്നും അറിയാൻ താത്പര്യപ്പെടാതെ സാധാരണ ടൂറിസ്റ്റുകളെപ്പോലെ തമാശ പറയുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ആശ്രമത്തിലെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. അന്നു് അമ്മയെ കാണാൻ സാധിക്കുമോ എന്നു ഞാൻ സംശയിച്ചു. എന്നാൽ എത്ര വൈകിയാലും വരുന്നവരെ മുഴുവൻ അന്നുതന്നെ കണ്ടിട്ടേ അമ്മ ദർശനഹാളിൽനിന്നും എഴുന്നേറ്റു പോവുകയുള്ളൂ എന്നു് അപ്പോൾ എനിക്കറിയില്ലായിരുന്നു. അന്നു തന്നെ ദർശനം കിട്ടിയാൽ ഉടൻ മടങ്ങാമെന്നും ഇല്ലെങ്കിൽ അന്നവിടെ താമസിക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു. വള്ളിക്കാവിലെത്തിയ ഞങ്ങൾ കടത്തു കടന്നു് ആശ്രമത്തിലേക്കു നടന്നു. ആൻഡ്രിയും ലിസയും അപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയുമായിരുന്നു. ഒരു ആശ്രമത്തിലെ വിശുദ്ധിയും അന്തസ്സും അവർ മനസ്സിലാക്കാത്തതിൽ എനിക്കു് അരിശം തോന്നി. ഞങ്ങൾ ഹാളിലേക്കു ചെല്ലുമ്പോൾ അമ്മ ദർശനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഉമയും ലിസയും സ്ത്രീകളുടെ ക്യൂവിലും ആൻഡ്രിയും ഞാനും പുരുഷന്മാരുടെ ക്യൂവിലും സ്ഥലംപിടിച്ചു. ആളുകൾ ഹാളിൽ തിങ്ങി നിറഞ്ഞിരുന്നു.

പിന്നെ നടന്നതു വാക്കുകൾ കൊണ്ടു വിവരിക്കാൻ വിഷമമാണു്. അമ്മയുടെ അടുത്തേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ ഒരു തേങ്ങൽ കേട്ടു ഞാൻ തിരിഞ്ഞു നോക്കി. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു മനുഷ്യനു് ഇത്ര കുറച്ചു സമയംകൊണ്ടു് ഇങ്ങനെ മാറാൻ കഴിയുമോ? അല്പം മുൻപുവരെ തമാശ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്നിരുന്ന ആൻഡ്രി എന്ന ചെറുപ്പക്കാരൻ ഇപ്പോഴിതാ നിഷ്‌കളങ്കനായ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നു. പഴയ ആൻഡ്രി എങ്ങോ പോയി മറഞ്ഞു. ഇതു് ഇപ്പോഴെൻ്റെ സുഹൃത്തല്ല; അമ്മയുടെ അടുത്തെത്താൻ വെമ്പുന്ന ഒരു കൊച്ചുകുഞ്ഞാണു്. ആൻഡ്രിയുടെ ഈ മാറ്റം കണ്ടപ്പോൾ ഞാനും പരവശനായിപ്പോയി. ക്യൂ പതുക്കെ നീങ്ങിയപ്പോഴൊക്കെ ഞാൻ അമ്മയെ ശ്രദ്ധിക്കുകയായിരുന്നു. രണ്ടു വർഷം മുൻപു് അമ്മയെ ആദ്യമായി കണ്ട രംഗം എൻ്റെ ഓർമ്മയിൽ വന്നു. എൻ്റെ ഊഴമായപ്പോൾ അമ്മ എന്നെയും മാറോടു ചേർത്തു ചെവിയിലെന്തോ മന്ത്രിച്ചു. എനിക്കു വലിയ ശാന്തി അനുഭവപ്പെട്ടു.

ദർശനത്തിനുശേഷം അമ്മയുടെ അടുത്തു കുറച്ചു സമയം ഞാനിരുന്നു. അമ്മയെ കാണുമ്പോൾ മക്കളുടെ മുഖത്താണോ മക്കളെ കാണുമ്പോൾ അമ്മയുടെ മുഖത്താണോ കൂടുതൽ സന്തോഷം? അമ്മയുടെ ഇരുണ്ട ശരീരത്തിലെ ഓരോ രോമകൂപങ്ങൾക്കിടയിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി. കാർഡ്രൈവർ ഞങ്ങളുടെ പെട്ടികളുമായി കായലിനക്കരെ കാത്തുനില്ക്കുകയാണെന്നു പെട്ടെന്നാണു് എനിക്കോർമ്മ വന്നതു്. ഞങ്ങൾ പുറത്തിറങ്ങി. എന്നാൽ ആൻഡ്രി ആശ്രമം വിട്ടു വരാൻ തയ്യാറല്ലായിരുന്നു. അവസാനം എന്തുംവരട്ടെ എന്നു തീരുമാനിച്ചു ഞങ്ങൾ അന്നവിടെ താമസിക്കുവാൻ നിശ്ചയിച്ചു. ഭജന കേട്ടും അമ്മയെ കൊതിതീരെ നോക്കിനിന്നും ആശ്രമത്തിൽ ചുറ്റിനടന്നും ഞങ്ങൾ ആ രാത്രി ഉറങ്ങാതെ കഴിച്ചു കൂട്ടി.

അമ്മയുടെ ദർശനം കിട്ടിയതിനുശേഷം കുറെ നാളുകളോളം എൻ്റെ മനസ്സിൽ അമ്മയെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും ഇല്ലാതെയായി. ആ വർഷംതന്നെ അമ്മ അമേരിക്കയിൽ വന്നപ്പോൾ അമ്മയെ വീണ്ടും ദർശിക്കുവാനും അമ്മയുടെ അടുത്തു കൂടുതൽ സമയം ചെലവഴിക്കാനും എനിക്കു കഴിഞ്ഞു. അമ്മയാണു ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു എന്നു് എനിക്കുറപ്പായി. എൻ്റെ ആത്മീയപുരോഗതിയെപ്പറ്റിയുള്ള ആശങ്കയൊക്കെ മാഞ്ഞു. പുറമെ കാണുന്ന അമ്മ എൻ്റെ ആത്മസാരം തന്നെയാണു് എന്നുറപ്പായാൽ പിന്നെ എന്തിനാണു് ആശങ്ക? എൻ്റെ അമ്മയുടെ ദിവ്യപ്രേമം അനുഭവിക്കുവാൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും കഴിയുമാറാകട്ടെ! എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ! ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

ശ്രീകുമാരന്‍ തമ്പി

കാണാതെ കാണുന്നു
നമ്മള്‍ പരസ്പരം
അറിയുന്നു നീയെന്നു-
മെന്നാത്മനൊമ്പരം!

കാരുണ്യമാണു നിന്‍
മതമെന്ന ബോധത്തില്‍
ഞാനെൻ്റെയില്ലായ്മ
ആനന്ദമാക്കുന്നു!

കാവി വസ്ത്രത്താ-
ലുടല്‍ മറയ്ക്കാതെ ഞാന്‍
ആ മഹാസത്യത്തിന്‍
സാരാംശമറിയുന്നു…

കാണുന്നു നീ മാത്ര-
മെന്നെയീ യാത്രയില്‍
നയനങ്ങള്‍ തോല്ക്കുന്നു
നിൻ്റെയുള്‍ക്കാഴ്ചയില്‍!

ഉയിരിൻ്റെ ബന്ധനം
ഉടലറിയുന്നുവോ…?
കടലിൻ്റെ ഗര്‍ജ്ജനം
അഴല്‍തന്നെയല്ലയോ…!

അകലെയാണെങ്കിലും
ആലിംഗനത്തില്‍ ഞാന്‍
അരികിലില്ലെങ്കിലും
കാതില്‍ നിന്‍ തേന്‍മൊഴി!

പറയാതെയറിയുന്നു
നീയെന്‍ പ്രതീക്ഷകള്‍
ഒരു തെന്നലായ്‌വന്നു
തഴുകുന്നിതെന്നെ നീ.

ഉടലിൻ്റെ പരിരംഭണം
വേണ്ട, യീയിരുളില്‍
പ്രിയതമം നിന്‍ ചിരി-
യെന്‍ ലക്ഷ്യതാരകം!

ഈ ഭൂമി ഈ രീതിയില്‍ നമ്മളെ വേദനിപ്പിക്കുവാന്‍ എന്താണു കാരണം? മക്കള്‍ ഒന്നു് ഓര്‍ക്കണം, ഈ പ്രകൃതി നമുക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു. നദികള്‍, വൃക്ഷങ്ങള്‍, മൃഗങ്ങള്‍ ഇവയൊക്കെ നമുക്കുവേണ്ടി സഹിക്കുന്ന ത്യാഗം എത്രയാണു്. ഒരു വൃക്ഷത്തെ നോക്കുക. അതു ഫലം തരുന്നു, തണല്‍ തരുന്നു, കുളിര്‍മ്മ പകരുന്നു. വെട്ടിയാലും വെട്ടുന്നവനു തണല്‍ വിരിക്കുന്നു. ഈ ഒരു ഭാവമാണു വൃക്ഷത്തിനുള്ളതു്. ഇങ്ങനെ പ്രകൃതിയിലെ ഏതൊന്നെടുത്തു നോക്കിയാലും അവയെല്ലാം മനുഷ്യനുവേണ്ടി എന്തെന്തു ത്യാഗമാണു സഹിക്കുന്നതു്. പക്ഷേ, നമ്മള്‍ അവയ്ക്കുവേണ്ടി എന്തുചെയ്യുന്നു.

ഒരു വൃക്ഷം വെട്ടിയാല്‍ ഒരു തൈ വയ്ക്കണമെന്നു പറയും. പക്ഷേ, എത്രപേരു് അതനുസരിക്കുന്നു. അഥവാ, അതനുസരിച്ചാല്‍തന്നെ, ഈ ഒരു തൈകൊണ്ടു് എങ്ങനെ പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍ സാധിക്കും? വലിയ വൃക്ഷം പ്രകൃതിക്കു നല്കുന്ന ശക്തി ഒരു ചെറിയ തൈയ്ക്കു കൊടുക്കുവാന്‍ കഴിയില്ല. ഒരു മുതിര്‍ന്ന മനുഷ്യന്‍ ചെയ്തുകൊണ്ടിരുന്ന ജോലി, ഒരു കൊച്ചുകുട്ടിക്കു ചെയ്യുവാന്‍ പറ്റുമോ? അയാള്‍ ഒരു കുട്ട മണ്ണു ചുമന്നിടുമ്പോള്‍, ആ കുട്ടിക്കു് ഒരു സ്പൂണില്‍ അല്പം മണ്ണു കോരിയിടുവാന്‍ കഴിഞ്ഞേക്കും. അതുപോലെയുള്ള വ്യത്യാസമുണ്ടു്. ഒരു ഡ്രം വെള്ളം ശുദ്ധീകരിക്കാന്‍ പത്തു മില്ലി ഗ്രാം പൊടിയിടുന്നതിനു പകരം ഒരു മില്ലിഗ്രാം പൊടിയിട്ടാല്‍ പ്രയോജനമുണ്ടോ? ഇതുപോലെയാണു് ഇന്നത്തെ പ്രകൃതിസംരക്ഷണത്തിൻ്റെ അവസ്ഥ.

പ്രകൃതിയുടെ താളലയം നഷ്ടമായിക്കൊണ്ടിരിക്കുന്നു. കുളിര്‍മ്മ പകര്‍ന്നു നമ്മെ തലോടേണ്ട ചെറുതെന്നല്‍ വന്‍ചുഴലിയായി മാറിയിരിക്കുന്നു. ഇതുവരെ നമുക്കു താങ്ങായ ഭൂമി ഇന്നു നമ്മെ പാതാളത്തിലേക്കാഴ്ത്തിക്കൊണ്ടിരിക്കുകയാണു്. അതു പ്രകൃതിയുടെ കുറ്റമല്ല. നമ്മള്‍ ചെയ്ത അധര്‍മ്മത്തിൻ്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ശവപ്പെട്ടി വിറ്റു പണമുണ്ടാക്കി ജീവിക്കുന്നവന്‍, ഒടുവില്‍ ആ പെട്ടിക്കകത്തുതന്നെ ഒതുങ്ങുന്നതുപോലെയാണിതു്. നമ്മുടെ ശവക്കുഴി നമ്മള്‍തന്നെ തോണ്ടുകയാണു്. ഇപ്പോള്‍ എല്ലാവര്‍ക്കും ഭീതിയാണു്. ഉറങ്ങാന്‍ കിടന്നാല്‍, പിറ്റേന്നു ജീവനോടെ ഉണര്‍ന്നെഴുന്നേല്ക്കുവാന്‍ സാധിക്കുമോയെന്നു സംശയമാണു്.

മക്കളേ, ആദ്യം നമ്മള്‍ സംരക്ഷിക്കേണ്ടതു പ്രകൃതിയെയാണു്. എങ്കിലേ നമുക്കു നിലനില്പുള്ളൂ. പണത്തിനുവേണ്ടി, സ്വാര്‍ത്ഥതയ്ക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതു നമ്മള്‍ ഉപേക്ഷിക്കണം. അതോടൊപ്പം എല്ലാ മക്കളും അവരവരുടെ വീടുകളില്‍ കുറച്ചു സ്ഥലത്തെങ്കിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. വൃക്ഷങ്ങളെ പൂജിക്കണമെന്നു് ഋഷീശ്വരന്മാര്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യമാണതിലൂടെ അവര്‍ പഠിപ്പിച്ചതു്. പൂജയ്ക്കുവേണ്ടി ചെടികള്‍ വീട്ടുമുറ്റത്തു നട്ടുവളര്‍ത്തി, അതിലെ പുഷ്പങ്ങളിറുത്തു ദേവനു് അര്‍ച്ചിക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതും മറ്റും അന്തരീക്ഷശുദ്ധിക്കു നല്ലതാണു്.

ഇന്നു് അന്തരീക്ഷത്തിലുള്ളതു പുഷ്പങ്ങളുടെ മണമോ, എണ്ണയില്‍ കത്തുന്ന തിരിയുടെ ഗന്ധമോ അല്ല, ഫാക്ടറിയില്‍നിന്നുള്ള വിഷപ്പുകയുടെ ഗന്ധമാണ്. അന്തരീക്ഷം മലിനപ്പെട്ടു കഴിഞ്ഞു. പണ്ടു മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് ആയിരുന്നുവെങ്കില്‍ ഇന്നതു് എണ്‍പതും അറുപതും ആയിച്ചുരുങ്ങി. പുതിയ പുതിയ അസുഖങ്ങളായി. എല്ലാത്തിനും ‘വൈറസു്’ എന്നു പറയുന്നതല്ലാതെ, അസുഖങ്ങളുടെ യഥാര്‍ത്ഥ കാരണം ആര്‍ക്കുമറിയില്ല. അന്തരീക്ഷം മലിനമാകുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നശിക്കുന്നു. ആയുസ്സു് കുറയുന്നു. ഈ സ്ഥിതിയിലാണു് ഇന്നു നമ്മുടെ മുന്നോട്ടുള്ള പോക്കു്.

ഭൂമിയില്‍ സ്വര്‍ഗ്ഗം പടുത്തുയര്‍ത്താനാണു ശ്രമം. പക്ഷേ, ഫലത്തില്‍ ഇവിടം നരകമായി മാറിയിരിക്കുന്നു. മധുരം കഴിക്കുവാന്‍ ആഗ്രഹമുണ്ടു്, പക്ഷേ, സാധിക്കുന്നില്ല, അസുഖം. ഡാന്‍സുകാണാന്‍ പോകണമെന്നുണ്ടു്. പക്ഷേ, ഉറക്കൊഴിക്കാന്‍ പാടില്ല, അസുഖം. ഇങ്ങനെ ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ മനുഷ്യനു് അവൻ്റെ ആഗ്രഹത്തിനൊത്തു നീങ്ങാന്‍ പറ്റുന്നില്ല. സ്വയം സൃഷ്ടിച്ച കുരുക്കഴിക്കാനാകാതെ അവന്‍ കുഴയുകയാണു്. ഇതിൻ്റെ അവസാനമെന്തെന്നോ, പരിഹാരമെന്തെന്നോ ആരും ആലോചിക്കുന്നില്ല. ആലോചിച്ചാല്‍തന്നെ പ്രവൃത്തിയില്‍ കൊണ്ടുവരുന്നില്ല.

ചെടികള്‍ നട്ടുവളര്‍ത്തി പുഷ്പങ്ങളിറുത്തു ദേവനര്‍ച്ചിക്കുമ്പോള്‍ പ്രകൃതിശുദ്ധിയും ഹൃദയശുദ്ധിയുമായി. ഒരു ഭക്തന്‍ ചെടിക്കു വെള്ളമൊഴിക്കുന്നതും അതിലെ പുഷ്പങ്ങള്‍ ഇറുക്കുന്നതും മാലകൊരുക്കുന്നതും ദേവനര്‍ച്ചിക്കുന്നതും എല്ലാം മന്ത്രജപത്തോടെയായിരിക്കും. ആ മന്ത്രജപം അവനിലെ ചിന്തകളെ കുറയ്ക്കുന്നു. അതിലൂടെ മനസ്സു് ശുദ്ധമാകുന്നു. എന്നാല്‍ ഇന്നുള്ളവര്‍ ഇതിനെയൊക്കെ അന്ധവിശ്വാസം എന്നുപറഞ്ഞു തള്ളുകയാണു്. മനുഷ്യനാല്‍ നിര്‍മ്മിതമായ നശ്വരമായ കമ്പ്യൂട്ടറിനെയും ടി.വി.യെയുമൊക്കെയാണു നമുക്കിപ്പോള്‍ വിശ്വാസം. ജ്ഞാനികളായ ഋഷീശ്വരന്മാരുടെ വാക്കുകളെ വിശ്വസിക്കുവാന്‍ വയ്യ. കമ്പ്യൂട്ടറിനോ കാറിനോ കേടു സംഭവിച്ചാല്‍, അവ ശരിയാക്കുന്നതിനുവേണ്ടി ക്ഷമയോടെ എത്രനേരം വേണമെങ്കിലും അദ്ധ്വാനിക്കും, നമ്മള്‍ കാത്തിരിക്കും. പക്ഷേ, മനസ്സിൻ്റെ അപശ്രുതി നീക്കാന്‍ നമ്മള്‍ എന്തുചെയ്യുന്നു.

കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണു്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഥ കേള്‍ക്കാന്‍ താത്പര്യമാണു്. അറിയേണ്ട കാര്യങ്ങള്‍ കഥയുടെ രൂപത്തില്‍ കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പതിയും. അതുകൊണ്ടു കുട്ടികള്‍ക്കു കാതലുള്ള കഥകള്‍ വായിച്ചു കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടു്. കഥ വായിച്ചു കേള്‍ക്കുന്നതുകൊണ്ടു രണ്ടുണ്ടു ഗുണം. കേള്‍ക്കുന്നയാള്‍ക്കു വായനയില്‍ താത്പര്യം ജനിക്കും. അതു് എന്തെങ്കിലും കഥയുള്ള കഥയാണെങ്കില്‍ ഹൃദയ വികാസവുമുണ്ടാകും. മാത്രമല്ല, വായിക്കുന്നയാളിനും അതു മനനത്തിനുള്ള ഒരു കാരണമാകും.

അങ്ങനെയൊരിക്കല്‍, ഈ പറഞ്ഞ ഗുണങ്ങളൊക്കെയുള്ള ഒരു കഥ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോഴാണു കുഞ്ഞുതാരകത്തിൻ്റെ കഥ എൻ്റെ ശ്രദ്ധയില്‍പ്പെട്ടതു്. ഏതോ കുട്ടികളുടെ മാസികയില്‍ വന്ന ഒരു കഥയാണു്. അത്ര അറിയപ്പെടുന്ന എഴുത്തുകാരൻ്റെയൊന്നുമല്ല. എങ്കിലും ആ കഥ എൻ്റെ മനസ്സില്‍ പതിഞ്ഞു. നമ്മള്‍, അമ്മയുടെ മക്കള്‍ക്കു് ഏതു് അമ്മയുടെയും കുഞ്ഞിൻ്റെയും കഥ കേട്ടാലും മനസ്സില്‍ വരുന്ന ചിത്രങ്ങള്‍ ഒന്നുതന്നെയായിരിക്കുമല്ലോ.

കഥ ഇതാണു്… ഒരു കുഞ്ഞു താരകം. അമ്മ പറഞ്ഞതു് അനുസരിക്കാതെ ആകാശമുറ്റത്തു കളിക്കാനിറങ്ങി. കാലു തെറ്റി ഒറ്റ വീഴ്ച. വന്നുപതിച്ചതു് ഇങ്ങു താഴെ ഭൂമിയിലും. അമ്മ പറയുന്നതു് അനുസരിക്കാതെയിരിക്കുന്ന മക്കള്‍ക്കൊക്കെ പറ്റുന്ന അബദ്ധമാണിതു്. എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം എന്നു നമ്മുടെ അമ്മയും പറയാറുണ്ടല്ലോ. എത്ര ഉയരത്തിലെത്തിയ ആളാണെങ്കിലും, പതനം വന്നാല്‍പിന്നെ എത്രത്തോളം അധഃപതിക്കും എന്നു പറയാന്‍ പറ്റില്ല.

താഴത്തു വീണ താരകക്കുഞ്ഞിനു സങ്കടം സഹിക്കാനായില്ല. അമ്മ പറഞ്ഞതു് അനുസരിക്കാത്തതിൻ്റെ ഭവിഷ്യത്തു മനസ്സിലായതു് അമ്മ നഷ്ടപ്പെട്ടപ്പോഴാണു്. കുഞ്ഞു മുകളിലേക്കു നോക്കി, അമ്മയെ കാണാന്‍. ആകാശത്തു കോടാനുകോടി നക്ഷത്രങ്ങള്‍. അതില്‍ തൻ്റെ അമ്മ ഏതാണു്? തിരഞ്ഞുതിരഞ്ഞു കണ്ണു കഴച്ചു. ഭയമായിത്തുടങ്ങി. വിങ്ങിപ്പൊട്ടിക്കൊണ്ടു് അല്പനേരം കുനിഞ്ഞിരുന്നു. കുറച്ചു സമയം അങ്ങനെ ഇരുന്നിരിക്കണം. വീണ്ടും മുകളിലേക്കു നോക്കിയപ്പോള്‍ നക്ഷത്രങ്ങളെയൊന്നും കാണാനില്ല.

സൂര്യനുദിച്ചു തുടങ്ങിയിരിക്കുന്നുവല്ലോ. അമ്മ എവിടെപ്പോയൊളിച്ചു? അതിനു വേവലാതിയായി. ചുറ്റും നോക്കി. പരിചയമില്ലാത്ത സ്ഥലം. ഭയംകൊണ്ടു ശബ്ദംപോലും പുറത്തു വരുന്നില്ല. ഏങ്ങലടിച്ചു്, പേടിച്ചു വിറച്ചു കുഞ്ഞൊരു ചെടിയുടെ കീഴില്‍ കൂനിക്കൂടിയിരുന്നു. അതൊരു അവധിക്കാലമായിരുന്നു. കളിക്കാനായി കുട്ടികള്‍ പുറത്തു വന്നപ്പോഴാണു തനിയെയിരുന്നു വിതുമ്പുന്ന നക്ഷത്ര കുഞ്ഞിനെ കണ്ടതു്. അമ്മയെ പിരിഞ്ഞതുകൊണ്ടുള്ള ദുഃഖവും ഭയവുമാണു് എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കും വിഷമമായി.

എങ്ങനെയെങ്കിലും കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കാനുള്ള ശ്രമമായി. എല്ലാവരും കൂടി പ്രയത്‌നിച്ചു് ഉയരത്തില്‍ പറക്കുന്ന ഒരു പട്ടം ഉണ്ടാക്കി. അതിൻ്റെ മുകളിലിരുത്തി അവര്‍ നക്ഷത്ര കുഞ്ഞിനെ ആകാശത്തിലേക്കു പറത്തി. എന്തുകാര്യം! എത്ര ഉയരത്തില്‍ പറത്തിയിട്ടും അമ്മയെ കാണാന്‍പോലും പറ്റുന്നില്ല എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കു ശ്രമം അവസാനിപ്പിക്കേണ്ടിവന്നു. തങ്ങളുടെ പ്രയത്‌നംകൊണ്ടു പ്രയോജനമൊന്നുമില്ല എന്നു മനസ്സിലായപ്പോള്‍ അവര്‍ മറ്റേതെങ്കിലും മാര്‍ഗ്ഗം തേടാന്‍ തീരുമാനിച്ചു.

ഏറെ അറിവുള്ളവളാണല്ലോ തങ്ങളെ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപിക എന്നു് അപ്പോഴാണു കുട്ടികളോര്‍ത്തതു്. സൗരയൂഥത്തെക്കുറിച്ചും നക്ഷത്രമണ്ഡലങ്ങളെക്കുറിച്ചുമൊക്കെ അവര്‍ക്കെല്ലാമറിയാം. താരകക്കുഞ്ഞുമായി അവര്‍ അദ്ധ്യാപികയുടെ വീട്ടിലെത്തി. അദ്ധ്യാപികയും സഹായിക്കാന്‍ തയ്യാറായി. ”നിൻ്റെ അമ്മ ഏതു ഗാലക്‌സിയില്‍ പെട്ടതാണു്? എത്ര പ്രകാശവര്‍ഷം ദൂരെയാണു്?” അദ്ധ്യാപിക പതിവു പോലെ ചോദ്യങ്ങള്‍ തുടങ്ങി.

കുഞ്ഞിനുണ്ടോ അമ്മയെപ്പറ്റി എന്തെങ്കിലും ജ്ഞാനം? എത്രയൊക്കെ ശ്രമിച്ചിട്ടും, ഏതൊക്കെ പുസ്തകം പരിശോധിച്ചിട്ടും അമ്മനക്ഷത്രം ഏതു ഗാലക്‌സിയില്‍ പെട്ടതാണെന്നോ, എത്ര പ്രകാശവര്‍ഷം ദൂരത്തിലാണെന്നോ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അദ്ധ്യാപികയുടെ അറിവുകൊണ്ടും പ്രയോജനമൊന്നുമില്ല എന്നു മനസ്സിലായിട്ടും കുട്ടികള്‍ പക്ഷേ, തോല്ക്കാന്‍ തയ്യാറായില്ല.

അടുത്തതായി അവര്‍ സമീപിച്ചതു് ഒരു ജ്യോതിശാസ്ത്രജ്ഞനെ ആണു്. ശാസ്ത്രജ്ഞനാകുമ്പോള്‍ ബുദ്ധിയുപയോഗിച്ചു് ഏതു പ്രശ്നത്തിനും പരിഹാരം കാണുമല്ലോ. താരകക്കുഞ്ഞിൻ്റെ ദുഃഖം കണ്ടപ്പോള്‍ ശാസ്ത്രജ്ഞൻ്റെയും മനസ്സലിഞ്ഞു. വലിയൊരു ബഹിരാകാശ പേടകത്തില്‍ കയറ്റി കുഞ്ഞിനെ ബഹിരാകാശത്തിലേക്കയച്ചു. പാവം ശാസ്ത്രജ്ഞന്‍! മനുഷ്യൻ്റെ ബുദ്ധിക്കെത്താവുന്നതിലും എത്ര മേലെയാണു അമ്മ നക്ഷത്രം എന്നു് അദ്ദേഹത്തിനും ഊഹിക്കാന്‍ കഴിഞ്ഞില്ല. ബഹിരാകാശ പേടകം തിരിച്ചുവന്നപ്പോള്‍ കൂടെ നക്ഷത്രക്കുരുന്നും വീണ്ടും ഭൂമിയിലെത്തി.

അപ്പോഴേക്കും വൈകുന്നേരമായിരുന്നു. കുട്ടികള്‍ക്കു വീട്ടില്‍ പോകാനുള്ള സമയമായി. എല്ലാവര്‍ക്കും പകലന്തിയാകുമ്പോള്‍ സ്വന്തം അമ്മയുടെ അടുത്തുതന്നെ എത്തണമല്ലോ. വിഷമത്തോടെ ആണെങ്കിലും അവര്‍ താരകക്കുഞ്ഞിനോടു യാത്ര പറഞ്ഞു. കുഞ്ഞു വീണ്ടും വഴിയില്‍ തനിച്ചായി. ഒറ്റയ്ക്കായപ്പോള്‍ പിന്നേയും ഭയമായി, ദുഃഖമായി. നിസ്സഹായതയോടെ തേങ്ങിക്കൊണ്ടു് അടുത്തു കണ്ട ഒരു വീട്ടിലേക്കു കയറി. കണ്ണീരൊഴുക്കിക്കൊണ്ടു് അവിടത്തെ പൂന്തോട്ടത്തിലിരുന്നു. അപ്പോള്‍ ആരോ പുറത്തു തട്ടുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ തന്നെപ്പോലെ മറ്റൊരു കുഞ്ഞു്. ഇതു പക്ഷേ, മനുഷ്യക്കുഞ്ഞാണു്. വീട്ടില്‍നിന്നു് അമ്മയുടെ കണ്ണുവെട്ടിച്ചു മുട്ടിലിഴഞ്ഞു പുറത്തു വന്നിരിക്കയാണു്.

കുഞ്ഞുതാരകത്തിൻ്റെ കണ്ണീരു കണ്ടപ്പോള്‍ മനുഷ്യക്കുഞ്ഞും കാരണം തിരക്കി. അമ്മയെ പിരിയേണ്ടിവന്നതും, ദിവസം മുഴുവന്‍ അമ്മയുടെ അടുത്തൊന്‍ ശ്രമിച്ചു പരാജയപ്പെട്ടതും ഏങ്ങലടിച്ചു കൊണ്ടു നക്ഷത്രക്കുഞ്ഞു പറഞ്ഞുതീര്‍ത്തു. ”ഈ മുതിര്‍ന്നവര്‍ക്കു് ഒന്നുമറിയില്ല,” എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ മനുഷ്യക്കുഞ്ഞു പറഞ്ഞു. ”നമുക്കു് അമ്മയുടെ അടുത്തെത്താന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍ നിമിഷനേരംകൊണ്ടു് അമ്മയെ നമ്മുടെ അടുത്തു് എത്തിക്കാന്‍ പറ്റും. ആ വിദ്യ ഞാന്‍ കാണിച്ചു തരാം” പറഞ്ഞു തീര്‍ന്നതും, കുഞ്ഞു മുഖമുയര്‍ത്തി കണ്ണുകളിറുക്കിയടച്ചു ചുണ്ടുപിളര്‍ത്തി ഒറ്റ കരച്ചില്‍ ”ങ്ഹേ….”.

തൻ്റെ കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടതും, ചെയ്തിരുന്ന ജോലിയെല്ലാം ഉപേക്ഷിച്ചു പരിഭ്രമിച്ചുകൊണ്ടു് ഒരു സ്ത്രീ അകത്തുനിന്നു് ഓടി വന്നു, കുഞ്ഞിനെയെടുത്തു മാറോടണച്ചു, പുറത്തുതട്ടി സമാധാനിപ്പിച്ചുകൊണ്ടു തൊട്ടപ്പുറത്തിരുന്ന താരകക്കുഞ്ഞിനെ ഒന്നു നോക്കുകപോലും ചെയ്യാതെ തിരിഞ്ഞു വീട്ടിലേക്കു നടന്നു. പോകുന്ന പോക്കില്‍ ശിശു അമ്മയുടെ മാറിലിരുന്നു വിജയകരമായി ചിരിച്ചുകൊണ്ടു തോളിനു മുകളിലൂടെ താരക കുഞ്ഞിനെ നോക്കി, അമ്മയെ അടുത്തെത്തിക്കുന്ന സൂത്രം മനസ്സിലായില്ലേ എന്ന മട്ടില്‍.

സമയം കളഞ്ഞില്ല. താരകക്കുഞ്ഞും കണ്ണുകളിറുക്കിയടച്ചു മുഖമുയര്‍ത്തി അലറിപ്പൊളിച്ചു് ഒറ്റ കരച്ചില്‍ ”അമ്മേ…..”. അടുത്ത നിമിഷം മിന്നല്‍പിണര്‍പോലെ ഒരു പ്രകാശം ഭൂമിയിലേക്കു വന്നു, കുഞ്ഞുതാരകത്തെ വാരിയെടുത്തു, ആകാശത്തേക്കു പോയി. അമ്മ നഷ്ടപ്പെട്ട നിസ്സഹായനായ കൊച്ചുകുഞ്ഞു നിഷ്‌കളങ്കമായ ഒറ്റ വിളികൊണ്ടു് അമ്മയെ അടുത്തെത്തിച്ച കഥവായിച്ചു തീരുമ്പോഴേക്കും എൻ്റെ കണ്ണുകള്‍ നിറയാനും ശബ്ദമിടറാനും തുടങ്ങിയിരുന്നു. ഇല്ലാത്ത ചുമ ചുമച്ചും കര്‍ച്ചീഫുകൊണ്ടു മുഖം തുടച്ചും ഞാന്‍ ഒരുവിധം കഥ തീര്‍ത്തു.

അമ്മ എത്ര ദൂരെയാണെന്നു തോന്നിയാലും നിമിഷനേരംകൊണ്ടു് അടുത്തെത്തിക്കാനുള്ള വിദ്യ കുഞ്ഞുതാരകം എളുപ്പം പഠിച്ചപോലെ എനിക്കും പഠിക്കാന്‍ കഴിഞ്ഞെങ്കില്‍! പുസ്തകമടച്ചു തിരിഞ്ഞുനടക്കുമ്പോള്‍ എൻ്റെ മനസ്സു് മുഴുവന്‍ അമ്മയോടുള്ള നിശ്ശബ്ദപ്രാര്‍ത്ഥനയായിരുന്നു. ജഗദീശ്വരിയായ എൻ്റെ അമ്മേ! മനുഷ്യൻ്റെ പ്രയത്‌നംകൊണ്ടോ, അറിവുകൊണ്ടോ ബുദ്ധികൊണ്ടോ എത്തിപ്പിടിക്കാന്‍ പറ്റാത്തവളേ, എൻ്റെതു് എന്നു ഞാന്‍ കരുതുന്നതൊക്കെയുപേക്ഷിച്ചു രണ്ടു കൈയും നീട്ടി ‘അമ്മേ’ എന്നു വിളിച്ചു കരയാനുള്ള ശക്തിയും നിഷ്‌കളങ്കതയും ഒരിക്കലെങ്കിലും എനിക്കു തരേണമേ!

പത്മജ ഗോപകുമാര്‍

എവിടെപ്പോയാലും ഈശ്വരൻ്റെ നാമം ഒരിക്കലും കൈവിടരുത്. മെറ്റലിൽ അഴുക്കില്ലെങ്കിലേ കോൺക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമാക്കിയാലേ ഈശ്വരനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയൂ. മനസ്സിനെ ശുദ്ധീകരിക്കുവാൻ നാമജപംപോലെ മറ്റൊന്നില്ല.

ടീവികേന്ദ്രത്തിൽനിന്നും പരിപാടികൾ അയച്ചാലും ഇവിടെ ടെലിവിഷൻ ഓൺ ചെയ്താലല്ലേ പരിപാടികൾ കാണാൻ കഴിയൂ. അതു ചെയ്യാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു് എന്തു പ്രയോജനം? ഈശ്വരൻ്റെ കൃപ സദാ നമ്മളിലേക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കിൽ അവിടുത്തെ ലോകവുമായി നമ്മൾ ട്യൂൺ ചെയ്യണം.

സൂര്യൻ പ്രകാശം ചൊരിയുന്നുണ്ട്. വാതിലുകളെല്ലാം അടച്ചു മുറിക്കുള്ളിലിരുന്നിട്ടു സൂര്യൻ വെളിച്ചം തരുന്നില്ലെന്നു പറഞ്ഞു പരാതിപ്പെട്ടിട്ടു് എന്തു കാര്യം! നമ്മുടെ ഹൃദയത്തിൻ്റെ വാതിലുകൾ തുറന്നാൽ മതി. സദാ ചൊരിയുന്ന അവിടുത്തെ കൃപയ്ക്കു് പാത്രമാകുവാൻ നമുക്കു കഴിയും.

മഴ പെയ്യുമ്പോൾ എത്രയോ വെള്ളം മണ്ണിൽവീണു ചെളിയായി മറ്റുള്ളവർക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. മണലിൽ വീഴുന്ന വെള്ളം അവിടെ നഷ്ടമാകുന്നു. എന്നാൽ കടലിലെ ചിപ്പി, അതിനു കിട്ടുന്നതു് ഒരു തുള്ളി വെള്ളമാണെങ്കിൽക്കൂടി, കാത്തിരുന്നു കിട്ടിയ ആ ഒരു തുള്ളി വെള്ളത്തെ വിലമതിക്കാനാകാത്ത മുത്താക്കിമാറ്റുന്നു.

അവിടുന്നു കൃപ സദാ വർഷിക്കുന്നു. പക്ഷേ, പ്രയോജനം, നമ്മൾ അതു് എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ്. മക്കളേ, ഈശ്വരൻ്റെ ലോകവുമായി ട്യൂൺ ചെയ്യാത്തിടത്തോളം കാലം നമ്മളിലുള്ളതു് അറിവില്ലായ്മയുടെ അപശ്രുതിയാണു്. ഈശ്വരൻ്റെ ശ്രുതിയല്ല. അതിൻ്റെ കുറവുകൾ നാം സഹിക്കുക തന്നെ വേണം. ആരെയും പഴി പറഞ്ഞിട്ടു കാര്യമില്ല.

ഒരു ബസ്സ്‌ സ്റ്റോപ്പിൽ എത്ര സമയം വേണമെങ്കിലും ബസ്സു കാത്തു നില്ക്കാൻ നാം തയ്യാറാണ്. കോടതിത്തിണ്ണയിൽ ദിവസം മുഴുവൻ ചെലവാക്കുവാൻ നമുക്കു മടിയില്ല. എന്നാൽ ഒരു മഹാത്മാവിനെ ദർശിക്കാൻച്ചെന്നാൽ അല്ലെങ്കിൽ ക്ഷേത്രത്തിൽപ്പോയാൽ നാം ക്ഷമ കാട്ടാറില്ല. ഇവിടെ വന്നാലും ക്ഷേത്രത്തിൽ പോയാലും ഭക്തിയോടെ, കുറെസമയം ഈശ്വരസ്മരണയിൽ ചെലവഴിക്കണം. ഈശ്വരനാമം ജപിക്കണം, ധ്യാനിക്കണം. അല്ലെങ്കിൽ നിഷ്‌കാമം ആയി നല്ല കർമ്മൾ ചെയ്യണം. എങ്കിലേ ഫലപ്രാപ്തി ഉണ്ടാകൂ.