കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്‍റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു.

സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്‍റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം തീയതി രാത്രി 8.20നു മോസ്കോയിൽ നിന്നും ഇന്ത്യയിലേയ്ക്കു വിമാനം കയറി ഏതാനും മണിക്കൂറുകൾക്കകം അവിടെ കർഫ്യൂ പ്രഖ്യാപിച്ചു.

കർഫ്യൂ പ്രഖ്യാപനം അമ്മ പുറപ്പെട്ടതിനുശേഷമായതിനാൽ, സമയത്തിനു തന്നെ അമ്മയ്ക്ക് റഷ്യയിൽ നിന്നും പുറപ്പെടുവാനും, അമൃതപുരിയിലെത്തിച്ചേരുവാനും കഴിഞ്ഞു. അമ്മയെ ദർശിക്കുവാനുള്ള ഭാരതത്തിലെ മക്കളുടെ മൂന്നുമാസം നീണ്ട കാത്തിരിപ്പും സഫലമായി. ആഗസ്റ്റ് 21-ാം തീയതി അമ്മ സസുഖം അമൃതപുരിയിലെത്തിച്ചേർന്നു.

റഷ്യൻ ഭരണകൂടത്തെ അട്ടിമറിച്ചതുമൂലമുണ്ടായ സംഘര്‍ഷങ്ങളും, പ്രതികൂല സാഹചര്യങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും ധാരാളം ഭക്തജനങ്ങൾ അമ്മയെ ദർശിക്കുവാനെത്തി. അമ്മയുടെ ദിവ്യപ്രേമവും സമദർശനവും , വിണ്ട് വരണ്ട് വേദന പേറി നടക്കുന്ന റഷ്യൻ ജനതയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു, ആശ്വാസദായകമായിരുന്നു. അമ്മയുടെ ദർശനവും, ഭജനയും നടന്ന ഹാളുകൾ, റഷ്യയിലെ അമ്മയുടെ മക്കളെക്കൊണ്ടു് നിറഞ്ഞുകവിഞ്ഞു.

അമ്മ ഹാളിലേയ്ക്കു കയറിയ നിമിഷം തന്നെ, പ്രത്യേകിച്ച് യാതൊരു നിർദ്ദേശവും ലഭിക്കാതെ അവർ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു അമ്മയോടുള്ള ആദരവു പ്രകടപ്പിച്ച് – അമ്മയ്ക്ക് പ്രണാമങ്ങൾ അർപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അമ്മയുടെ ഭക്തരായ രണ്ടു റഷ്യൻ യുവതികളും അമ്മയെ അനുഗമിച്ചിരുന്നു. അവരാണു അമ്മയുടെ സംഭാഷണങ്ങള്‍ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.

റഷ്യന്‍ ജനത അമ്മയുമായി നടത്തിയ സംഭാഷണങ്ങളില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ രംഗങ്ങളിലെ അടിച്ചമർത്തൽ മൂലം നേരിടുന്ന വിഷാദം നിഴലിട്ടു നിന്നിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളോടൊപ്പം സാമൂഹിക , പ്രശ്നങ്ങളെക്കുറിച്ചും അവർ അമ്മയോടു സംസാരിച്ചു.

“ഈശ്വര സങ്കല്പം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അവ്യക്തമായ ഒന്നാണ്. ഞങ്ങളുടെ ജീവിതവുമായി അതിന് വലിയ ബന്ധമൊന്നുമില്ല. എങ്കിലും ഈശ്വരൻ കാരുണ്യ മൂര്‍ത്തിയാണെന്നും, സമദര്‍ശിയാണെന്നുമൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ അതിൽ അത്രമാത്രം വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അമ്മയെ ദർശിച്ചതോടെ, ആ സാമീപ്യം അനുഭവിക്കുവാന്‍ കഴിഞ്ഞതോടെ, അതു യാഥാത്ഥ്യമാണെന്നു ഞങ്ങൾക്ക് ബോധ്യമായി. സ്നേഹവും, കാരുണ്യവും , സമദർശനവും ഈശ്വരന്‍റെ ഗുണങ്ങളാണെന്നും, അങ്ങനെയുള്ള ഈശ്വര പുരുഷന്മാർ ഇന്നും ജീവിച്ചിരിക്കുന്നു എന്നും അമ്മയെ കണ്ടതോടെ വിശ്വസിക്കാൻ നിർബന്ധിതരായിരിക്കുന്നു.”

അമ്മ പറഞ്ഞു, “മക്കളേ, ബുദ്ധി കൊണ്ടു മാത്രം ആത്മീയം ഉൾക്കൊള്ളാൻ പറ്റില്ല. അതിന് ഹൃദയം കൂടിവേണം. വെള്ളമണലും, പഞ്ചസാരയും കൂടി കലർന്നു കിടന്നാൽ ബുദ്ധി കൊണ്ടു വിവേചിച്ച് അറിയുക പ്രയാസമാണ്. എന്നാൽ ഉറുമ്പ് പഞ്ചസാര മാത്രം നുണയുന്നു. അതുപോലെ, ആദ്ധ്യാത്മികാനുഭൂതി നുകരണമെന്നുണ്ടെങ്കിൽ ബുദ്ധിമാത്രം പോര, നിഷ്കളങ്കമായ ഹൃദയം കൂടിവേണം.”

തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർ സൂചിപ്പിച്ചപ്പോൾ അമ്മ പറഞ്ഞു………..

“സ്വാതന്ത്ര്യം വെളിയിൽ അന്വേഷിക്കേണ്ടതല്ല, അതു മക്കളിൽത്തന്നെയുണ്ട്. അതു നേടിയാൽ സുഖദുഃഖങ്ങളെ അതിജിവിക്കാം. വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം, വെള്ളം കിട്ടാതെ മരിക്കേണ്ടിവരും എന്ന് ഭയപ്പെടുന്നതുപോലെയാണു് മക്കളുടെ അവസ്ഥ. നിങ്ങൾക്ക് നിങ്ങളിൽത്തന്നെ സ്വാതന്ത്ര്യമുണ്ടു്. അതിനെ കണ്ടെത്തിയാൽ മാത്രം മതി. ഒരു പശുവിനെ കുറെ ദിവസം ഒരു കയറിൽ, ഒരു സ്ഥലത്ത് കെട്ടിയിട്ടു. അവസാനം കയറഴിച്ചുവിട്ടിട്ടും അതിനു ദൂരേയ്ക്കു പോകുവാൻ താല്പര്യമില്ല. കെട്ടഴിച്ചിട്ടും താൻ കെട്ടിൽത്തന്നെയാണെന്നാണ് അതിന്‍റെ ഭാവം അതുപോലെ, നിങ്ങൾ ബദ്ധരാണെന്ന് ചിന്തിക്കുന്നു. പക്ഷെ നിങ്ങൾ ബദ്ധരല്ല, സ്വതന്ത്രരാണ്.

നിങ്ങളെ ആര്‍ക്കും ബദ്ധരാക്കുവാൻ കഴിയില്ല. ഒരാള്‍ സ്വയം മുരുക്കു മരത്തില്‍ കെട്ടിപ്പിടിച്ചുനിന്നിട്ടു, മുള്ളു കൊണ്ട് വേദനിക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുകയാണ്. ആരും അയാളെ കെട്ടിയിട്ടില്ല. സ്വയം മാറുകയേ വേണ്ടൂ. അതുപോലെയാണ് നമ്മുടെ അവസ്ഥ. ദുഃഖമോ, ബന്ധനമോ ഒന്നും നമ്മളെ വന്നു പിടിച്ചിട്ടില്ല. നമ്മള്‍ അവയെ പിടിച്ചുകൊണ്ട് നില്ക്കുകയാണ്. ആ പിടി വിടുകമാത്രമേ വേണ്ടൂ. പിന്നെ സ്വാതന്ത്ര്യം തന്നെ, ആനന്ദം തന്നെ. മക്കൾ ആന്തരിക സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിക്കൂ.

മക്കൾ മനസ്സിനെ വിശാലമാക്കാൻ പഠിക്കൂ. ആനന്ദം നമ്മളിൽ തന്നെ കണ്ടെത്താം. ശാശ്വതമായുള്ളതു് ആത്മാവാണ്. ആന്തരികമായ അന്വേഷണത്തിലൂടെ അതിനെ അറിയാൻ കഴിയും. അപ്പോൾ ദുഃഖം പൂർണ്ണമായും ഒഴിവാകും.

ഭക്തന്മാർ അമ്മയോടു കാണിച്ച പ്രേമവും, ഭക്തിയും അവിശ്വസനീയമായിരുന്നു. റഷ്യൻ ജനതയ്ക്ക് ഇതിനു കഴിയുമോ എന്ന് അത്ഭുതപ്പെട്ടുപോയി. ശ്രീ ചക്രത്തെക്കുറിച്ചും, പൂജാവിധികളെക്കുറിച്ചും ഗവേഷണം നടത്തുന്ന ഒരു പ്രൊഫസർ, പൂജയുടെ പ്രയോജനത്തെ കുറിച്ചാണു് അമ്മയോട് ചോദിച്ചത്.

അമ്മ പറഞ്ഞു; “പായസം വെയ്ക്കുമ്പോൾ, അതിനുവേണ്ടി എന്തെടുക്കുമ്പോഴും പായസത്തെക്കുറിച്ചാണു് ഓർക്കുന്നതു്. അതുപോലെ, പൂജ ആത്മതത്ത്വത്തിലേയ്ക്ക് എത്താനാണെന്നുള്ള ബോധത്തോടുകൂടിയാണ് ചെയ്യുന്നതു്. അവിടെ മററു ചിന്തകൾക്ക് സ്ഥാനമില്ല. പൂജ, ജപം എന്നിവകൊണ്ട് ചിന്തകളെ നിയന്ത്രിക്കാം. ചിന്തകൾ കുറയുമ്പോൾ മനസ്സ് ഏകാഗ്രമാകും. ഏകാഗ്രമായ മനസ്സ് സ്ഫടികം പോലെയാണു്. അവിടെ ആത്മാവിനെ ദർശിക്കാം. ഓളമില്ലാത്ത കായലിൽ സൂര്യന്‍റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണാൻ കഴിയുന്നുവോ, അതുപോലെ ചിന്തകളടങ്ങി ഏകാഗ്രമായ മനസ്സിൽ ആത്മദർശനമുണ്ടാകുന്നു.

തുടക്കത്തിൽ ക്ഷമയെ കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു ക്രിയകൂടിയാണ് പൂജ. പൂജയുടെ ശരിയായ തത്ത്വം മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിൽ അതിന് നമ്മെ പൂർണ്ണതയിലെത്തിയ്ക്കുവാൻ കഴിയും. നമ്മുടേത് അപക്വമായ മനസ്സാണ്, ക്ഷമ തീരെയില്ല. അങ്ങനെയുള്ള മനസ്സിൽ ക്ഷമയും, പക്വതയും വളർത്താൻ പൂജ സഹായിക്കുന്നു. കണ്ണിന്ന് കാഴ്ചയില്ലാത്ത കുട്ടികളെ അക്ഷരത്തിൽ തൊട്ട് പഠിപ്പിക്കുന്ന ഒരു പ്രത്യേക സമ്പ്രദായമുണ്ട്. അവർക്ക് പുറമേയ്ക്ക് കാഴ്ചയില്ലാത്തതിനാല്‍ വസ്തുക്കളില്‍ തൊട്ട് അവയുടെ സ്വഭാവം അറിഞ്ഞ് പഠിക്കുന്നു.

നമുക്ക് ഉള്‍ക്കാഴ്ചയാണില്ലാത്തത്. അതിനാല്‍ ബാഹ്യമായ കാര്യങ്ങളിൽ ശ്രദ്ധ വരുത്തി ക്ഷമയും, പക്വതയും ആര്‍ജ്ജിച്ച് ഉള്‍ക്കാഴ്ച നേടുവാനുള്ള സാഹചര്യം പൂജയിൽക്കൂടി ലഭിക്കുന്നു. പൂജയ്ക്കു വേണ്ടി ഓരോ വസ്തു എടുക്കുമ്പോഴും അത്ര സമയമെങ്കിലും നമ്മള്‍ ക്ഷമാലുവാകുന്നു. ഓരോ ക്രിയ ചെയ്യുമ്പോഴും മനസ്സ് അറിയാതെ തന്നെ ഏകാഗ്രമാകുന്നു. അങ്ങനെ മനസ്സിന്‍റെ പൂര്‍ണ്ണമായ ഏകാഗ്രതയില്‍ രണ്ടെന്ന ഭാവം നഷ്ടമാകുന്നു. ആ ഏകത്വഭാവത്തിൽ നാം നമ്മെത്തന്നെ മറക്കുന്നു. അവിടെ ആനന്ദം മാത്രമാണുള്ളതു്. ഭൗതികമായി ആനന്ദിക്കണമെങ്കിലും മനസ്സ് അടങ്ങണം. രണ്ടെന്നുള്ള ഭാവം നഷ്ടമാകണം.

ആത്മീയത്തിൽ ആനന്ദം നുകരണമെങ്കിലും, സമർപ്പണം കൂടാതെ കഴിയില്ല. കയ്യിൽ വിത്തുവെച്ചുകൊണ്ടും പ്രാർത്ഥിച്ചാല്‍ വിത്തു കിളിര്‍ക്കില്ല. വിത്ത് മണ്ണിനടിമപ്പെടുന്നതുകൊണ്ടാണ് അത് കിളിർത്ത് വൻവൃക്ഷമാകുന്നതത്. ട്രെയിനിൽ കയറിയാൽ പിന്നേയും ഭാരം തലയിലേറ്റി നിൽക്കേണ്ട കാര്യമില്ല. അത് താഴത്തിറക്കി വെയ്ക്കാം. അതുപോലെ, ഈശ്വരനേയോ ഗുരുവിനേയോ ആശ്രയിച്ചുകഴിഞ്ഞാൽ, സർവ്വഭാരങ്ങളും ആ പാദങ്ങളിൽ സമർപ്പിക്കുവാൻ തയ്യാറാകണം.”

സഗുണ നിർഗുണ സാധനകളെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു; “ഏതിലെങ്കിലും ചാരി നിൽക്കുക എന്നത് നമ്മുടെ മനസ്സിന്‍റെ സ്വഭാവമാണു്. ചെറുപ്പത്തിൽ സുഖവും, ദുഃഖവും അമ്മയോടു പറഞ്ഞു, കുറച്ചു വലുതായപ്പോൾ കളിത്തോഴരോടു പറഞ്ഞു, മുതിന്നപ്പോൾ സുഖവും ദുഃഖവും കൂട്ടുകാരിയുമൊത്തു പങ്കിട്ടു. മനസ്സിൻറ ഈ ശീലം പെട്ടെന്നു മാറ്റുവാൻ സാധിക്കില്ല. മനസ്സിന് പിടിച്ചു നിൽക്കുവാൻ ഒരുപാധിവേണം. അതിനുവേണ്ടി സഗുണ സാധനയിൽ, നമ്മിൽ പരിശുദ്ധഭാവം വിടര്‍ത്തുന്ന ഈശ്വരരൂപങ്ങളെ സ്വീകരിച്ചിരിക്കുന്നു. നിർഗുണ സാധകരും ’നേതി നേതി’ ചൊല്ലിയാണ് മുന്നോട്ട് പോകുന്നതു്. അതും ഒരുപാധി തന്നെ. ഈശ്വരൻ നമ്മുടെയുള്ളിൽത്തന്നെ.

എന്നാൽ കാമുകീ കാമുക ഭാവത്തിലൂടെ ആ ഈശ്വരനെ വേഗം അറിയുവാനും, ആനന്ദം നുകരാനും കഴിയും. ഒരു നാണയത്തിൻറ രണ്ടുവശം പോലെയാണ് സഗുണവും നിർഗുണവും. രണ്ടിനും ആധാരം വ്യാപ്തമായ ഈശ്വരൻ തന്നെ. മുകളിലേയ്ക്കു പിടിച്ചു കയറാൻ സഹായിക്കുന്ന കയറുപോലെയാണ് സഗുണ രൂപങ്ങൾ. വെള്ളം മുന്നിലുണ്ടെങ്കിലും കോരികുടിക്കണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ച് ദാഹം ശമിച്ചാല്‍ പാത്രം കളയാം. അതുപോലെ സഗുണ ആരാധകന്‍ തത്ത്വം മനസ്സിലാക്കിക്കഴിയുമ്പോൾ രൂപം തന്നെ വിട്ടു പൊയ്ക്കൊള്ളും. സഗുണവും നിർഗ്ഗണവും ഭിന്നമല്ല. അവ സാധകനെ ഒരേ സത്യത്തിലേയ്ക്കു നയിക്കുന്നു. രണ്ടും ഒരേ ചൈതന്യത്തില്‍തന്നെ എത്തിച്ചേരുന്നു.”

ആദ്ധ്യാത്മികമായ ധാരാളം ചോദ്യങ്ങൾ അവർ അമ്മയോട് ചോദിച്ചു. പോകുന്നതിനു മുമ്പായി അവർ പറഞ്ഞു. ”ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചതിൽ അമ്മ ക്ഷമിക്കണം. ചോദ്യം ചോദിക്കുന്നതിനേക്കാൾ ആ സാമീപ്യം അനുഭവിക്കുന്നതിലാണു് കൂടുതൽ ആനന്ദമെന്നും ഞങ്ങൾക്കു ബോദ്ധ്യമായി. അമ്മ ഇവിടെ നിന്നു പോയാലും ആ സാമീപ്യം ഞങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയണം. അതിന് അമ്മ അനുഗ്രഹിക്കണം.”

റഷ്യയിൽ അധികാരമാററം നടന്നതിനുശേഷം അമ്മയെ ദർശിക്കുവാനെത്തിയവർ ചോദിച്ചു. ”അമ്മേ, ഞങ്ങൾക്കിതില്‍ നിന്നും മോചനമില്ലേ? ഭരണനേതൃത്ത്വം മാറി മാറി വരുന്നു. സ്വാതന്ത്ര്യം വീണ്ടും ഹനിക്കപ്പെടുന്നു. ഇന്ത്യയിൽ വന്ന് അമ്മയോടൊത്തു താമസിക്കുവാൻ ഞങ്ങളാഗ്രഹിക്കുന്നു. പക്ഷെ, സ്വാതന്ത്ര്യമില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കു് ഉദ്യോഗസ്ഥന്മാര്‍ക്ക് വെളിയിൽ പോകാം. സാധാരണക്കാരന് പോകാൻ നിയമമില്ല. ഞങ്ങളെന്തു ചെയ്യണം ? ഇനി എന്തു നടക്കുവാൻ പോകുന്നു എന്നറിയില്ല. അടുത്ത നിമിഷം എന്തും സംഭവിക്കാം. അതിനെക്കുറിച്ച് ഓർത്തു് ഉറങ്ങാൻ കഴിയുന്നില്ല. അമ്മയുടെ അടുത്ത് നില്ക്കുമ്പോൾ ഞങ്ങൾ എല്ലാം മറക്കുന്നു. ശാന്തി എന്തെന്നറിയുന്നു.

അമ്മ, അവരുടെ കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു. “മക്കളെ, തീർത്തും നിങ്ങൾക്കു മോചനമുണ്ടാകും. മുള വരുന്നതിന് വേണ്ടി ഒരു വിത്തുപൊട്ടുമ്പോൾ അതിനുണ്ടാകുന്ന വേദനപോലെ, പുഷ്പം വിടരുന്നതിനുവേണ്ടി മൊട്ട് വിരിയുമ്പോൾ അത് അനുഭവിക്കുന്ന വേദനപോലെ ഇന്നത്തെ ഈ ദു:ഖങ്ങളും പ്രയാസങ്ങളും ഒരു നല്ല നാളേയ്ക്കു വേണ്ടിയാണ്”.

എല്ലാ ദിവസവും അമ്മയുടെ ദശനത്തിനും മുടങ്ങാതെ എത്തിക്കൊണ്ടിരുന്ന ഒരു റഷ്യൻ യുവാവ് വികാരാധീനനായി പറഞ്ഞു “ഇവിടുത്തെ ജീവിതം ഞങ്ങൾക്കു ജയിലുപോലെ തോന്നുന്നു പക്ഷെ അമ്മയെ കാണുവാനും ആ വാക്കുകൾ കേൾക്കുവാനും കഴിഞ്ഞപ്പോള്‍ ബാഹ്യസ്വാതന്ത്ര്യത്തെക്കാൾ ആന്തരിക സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം എനിക്കു മനസിലായി. എനിക്കതാണാവശ്യം. ബാഹ്യമായ സ്വാതന്ത്ര്യമല്ല, ആന്തരീകമായ സ്വാതന്ത്ര്യമാണ് ഒരുവന് ശാന്തി നൽകുന്നതെന്ന് അമ്മയുടെ സാന്നിധ്യംകൊണ്ടു തന്നെ എനിക്ക് ബോദ്ധ്യമായി.

അമ്മയെ യാത്ര അയയ്ക്കുന്നതിനുവേണ്ടി എത്തിയ ഭക്തജനങ്ങള്‍ അമ്മയോട് പറഞ്ഞു “ഈശ്വരനെക്കുറിച്ചും , ഗുരുക്കന്മാരെക്കുറിച്ചും വികലമായ ധാരണകള്‍ മാത്രമുണ്ടായിരുന്ന ഞങ്ങള്‍ക്ക് അമ്മയുടെ ദര്‍ശനത്തോടെ ശരിയായ ഉള്‍ക്കാഴ്ച ലഭിച്ചു. ആത്മീയ ജീവിതം ഒരുവന് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം എത്രയോ മഹത്തരമാണെന്ന് അമ്മയില്‍ നിന്നും അമ്മയുടെ മക്കളില്‍ നിന്നും ഞങ്ങള്‍ അറിയുന്നു. അമ്മയുടെ സാമീപ്യത്തില്‍ തന്നെ ആ ആനന്ദത്തിന്‍റെ അല്പമാത്രമെങ്കിലും അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു മുള കാറ്റത്തു വളയുന്നതുപോലെ അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ മനസ്സിനെ സ്വാഭാവികമായിത്തന്നെ ആത്മീയ പാതയിലേക്ക് വളച്ചു കഴിഞ്ഞു. ബാഹ്യ സ്വാതന്ത്ര്യം മാത്രം കൊതിച്ച ഞങ്ങള്‍ക്ക് ഇനി മുഖ്യമായി വേണ്ടത് ആന്തരിക സ്വാതന്ത്ര്യമാണ്. അതിന് അതില്‍ ജീവിക്കുന്ന ഒരാള്‍ മാതൃകയായി വേണം. അതുകൊണ്ട് അമ്മ ഞങ്ങളെ നയിക്കണം.”

അമ്മയെ യാത്രയയക്കുവാൻ എത്തിയവരുടെ കൂട്ടത്തിൽ നല്ല പങ്കും യുവാക്കളായിരുന്നു. 20-ാം തീയതി വൈകീട്ട് അമ്മ ഇന്ത്യയിലേയ്ക്ക് യാത്രതിരിച്ചപ്പോൾ വിമാനത്താവളത്തിൽ കൂടിനിന്നിരുന്ന ഭക്തന്മാർ പലരും വിങ്ങിക്കരഞ്ഞു. ഈശ്വരപ്രേമം ജീവിതത്തിൽ ആദ്യമായി അവർക്കു പകർന്നു കൊടുത്ത _ ദുഃഖവിമോചനം ആന്തരീക സ്വാതന്ത്ര്യത്തിലൂടെ മാത്രമേ നേടാന്‍ കഴിയൂ എന്നവരെ പഠിപ്പിച്ച _ അമ്മയുടെ വേർപാട് അവരെ ശോകമൂകരാക്കി.

മോസ്കോ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചുപോലും അമ്മ, തന്നെ യാത്ര അയയ്ക്കാൻ എത്തിയ ഭക്തന്മാർക്ക് ദർശനം നൽകി. മറ്റു യാത്രക്കാർ അത്ഭുതത്തോടെ ആ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞു “അമ്മയോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില് ഒരിക്കലും മറക്കാനാവാത്തതാണ്. ഞങ്ങള്‍ ഞങ്ങളേപ്പോലും മറന്ന നിമിഷങ്ങളായിരുന്നു അത്. ഞങ്ങൾക്ക് അറിയപ്പെടാതിരുന്ന ഒരു ലോകത്തിലേയ്ക്ക് അമ്മ ഞങ്ങളെ നയിച്ചു. അമ്മ വീണ്ടും വരണേ…… ഈ പാവപ്പെട്ട മക്കളെ മറക്കരുതേ…..!

അമ്മയെക്കുറിച്ച് അവർ ആദ്യമായി കേൾക്കുന്നു. അമ്മയെ ആദ്യമായി കാണുന്നു. നേരിട്ട് സംസാരിക്കുവാൻ ഭാഷയുടെ പരിമിതി; എന്നിട്ടും അത്യത്ഭുതകരമായ പരിവർത്തനമാണ് അമ്മ അവരിൽ സൃഷ്ടിച്ചതു്. കണ്ണുകൾ നിറഞ്ഞൊഴുകാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല. കേവലം മൂന്നു ദിവസംകൊണ്ട് അമ്മ അവരുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. വിമാനത്താവളത്തിൽ വെച്ച് തൊഴുകൈകളോടെ ഒരു ഭക്തൻ പറഞ്ഞു. _ “ഇനിയുള്ള എന്‍റെ ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി ഞാൻ കാത്തിരിക്കും _ അടുത്ത വർഷം അമ്മയെക്കാണാൻ…. ആ മടിത്തട്ടിൽ തലചായ്ക്കാൻ !”

ത്യാഗിയായ സാധകന്‍ നിഷ്‌കാമസേവനത്തിലൂടെ ലോകത്തിനു മാതൃക കാട്ടിയാലേ ജനങ്ങള്‍ അതുള്‍ക്കൊള്ളൂ. ജനങ്ങളെ അവരുടെ തലത്തില്‍ ചെന്നുവേണം ഉദ്ധരിക്കുവാന്‍. കാലത്തിനനുസരിച്ചേ നമുക്കു മുന്നോട്ടു പോകുവാന്‍ കഴിയൂ. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്:

ഒരു ഗ്രാമത്തില്‍ ഒരു സന്ന്യാസി എത്തി. അവിടെയുള്ളവര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ഈ സന്ന്യാസിക്കു സിദ്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും വേണ്ടത്ര ക്ഷമ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ കളിയാക്കല്‍ കൂടിയപ്പോള്‍ സന്ന്യാസിക്കു ദേഷ്യമായി. അദ്ദേഹം കറച്ചു ഭസ്മം ജപിച്ചു ഗ്രാമത്തിലെ കിണറ്റില്‍ ഇട്ടു. അതിലെ വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാരായിത്തീരട്ടെയെന്നും ശപിച്ചു.

ആ ഗ്രാമത്തില്‍ രണ്ടു കിണറാണു് ഉണ്ടായിരുന്നതു്. ഒന്നു്, ഗ്രാമവാസികള്‍ക്കും രണ്ടാമത്തേതു്, അവിടുത്തെ രാജാവിൻ്റെയും മന്ത്രിയുടെയും ആവശ്യത്തിനും. ഗ്രാമവാസികള്‍ തങ്ങള്‍ക്കുള്ള കിണറ്റിലെ വെള്ളം കുടിച്ചതോടെ ഭ്രാന്തന്മാരായിത്തീര്‍ന്നു. അവരുടെ സ്വബുദ്ധി നഷ്ടമായി. രണ്ടാമത്തെ കിണറ്റിലെ വെള്ളം മാത്രം കുടിച്ച രാജാവിനും മന്ത്രിക്കുംമാത്രം കുഴപ്പമില്ല. മറ്റുള്ളവര്‍ വായില്‍ വരുന്നതെന്തും വിളിച്ചുപറയുവാനും നൃത്തം ചെയ്യുവാനും ബഹളം കൂട്ടുവാനും തുടങ്ങി.

അവര്‍ വന്നു നോക്കുമ്പോള്‍ രാജാവും മന്ത്രിയും ഇതൊന്നും ചെയ്യുന്നില്ല. അവര്‍ക്കതിശയം. രാജാവിൻ്റെയും മന്ത്രിയുടെയും സ്വഭാവം തങ്ങളുടെതില്‍നിന്നും എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ അസുഖമുള്ളതു് രാജാവിനും മന്ത്രിക്കുമായി. രാജാവിനും മന്ത്രിക്കും ഭ്രാന്താണെന്നു് അവര്‍ വിളിച്ചുപറയുവാന്‍ തുടങ്ങി. രാജ്യം ഭരിക്കേണ്ട രാജാവിനും മന്ത്രിക്കും ഭ്രാന്തായാല്‍ എന്തുചെയ്യും! അവര്‍ രാജാവിനെയും മന്ത്രിയെയും കെട്ടിയിടുവാന്‍ ശ്രമം തുടങ്ങി.

ആകെ ബഹളമായി. രാജാവും മന്ത്രിയും ഒരുവിധം അവരില്‍നിന്നു രക്ഷപ്പെട്ടു് ഓട്ടമായി. ജനങ്ങളും പുറകെ കൂടി. രാജാവും മന്ത്രിയും ചിന്തിച്ചു, ‘ജനങ്ങള്‍ക്കെല്ലാം ഭ്രാന്താണു്. അവരില്‍നിന്നും വ്യത്യസ്തമായി പെരുമാറിയാല്‍ അവര്‍ തങ്ങളെ വച്ചേക്കില്ല. തങ്ങള്‍ ഭ്രാന്തന്മാരാണെന്നു മുദ്രകുത്തും.

ഈ രാജ്യത്തു കഴിയണമെങ്കില്‍, ഇവരെ ഉദ്ധരിക്കണമെങ്കില്‍ ഒന്നേ രക്ഷയുള്ളൂ. അവരുടെ രീതിയില്‍ തന്നെ നീങ്ങണം. കള്ളനെ പിടിക്കാന്‍ കള്ളൻ്റെ വേഷംതന്നെ കെട്ടണം. രാജാവും മന്ത്രിയും ജനങ്ങള്‍ ചെയ്യുന്നതുപോലെതന്നെ ബഹളം വയ്ക്കുവാനും നൃത്തം ചവിട്ടുവാനും തുടങ്ങി. ജനങ്ങള്‍ക്കു സന്തോഷമായി. രാജാവിൻ്റെയും മന്ത്രിയുടെയും ഭ്രാന്തു മാറിയതില്‍ അവര്‍ ദൈവത്തെ സ്തുതിച്ചു.

മക്കളേ, കഥയിലെ രാജാവിനെയും മന്ത്രിയെയുംപോലെയാണു് ആദ്ധ്യാത്മികജീവികള്‍. സാധാരണക്കാരൻ്റെ ദൃഷ്ടിയില്‍ ആദ്ധ്യാത്മികജീവികള്‍ ഭ്രാന്തന്മാരാണു്. എന്നാല്‍ ബുദ്ധിഭ്രമം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നതു് ആദ്ധ്യാത്മികതയിലൊന്നും താത്പര്യമില്ലാത്തവര്‍ക്കാണു്.

ജനങ്ങളില്‍ സച്ചിന്ത വളര്‍ത്തി അവരെ നേര്‍വഴിക്കു നയിക്കുന്നതിനുവേണ്ടി ആദ്ധ്യാത്മിക ജീവികള്‍ക്കു ജനങ്ങളുടെ തലത്തിലേക്കിറങ്ങേണ്ടി വരുന്നു. അവരുടെ ഒപ്പംനിന്നു പല കാര്യങ്ങളും ചെയ്യേണ്ടിവരും. ഇതില്‍ക്കൂടിയേ ജനങ്ങളെ അവരുടെ സ്വരൂപത്തിലേക്കു് എത്തിക്കുവാന്‍ കഴിയൂ. തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചവര്‍ക്കറിയില്ല. അന്വേഷിക്കുവാന്‍ ഇന്നുള്ളവര്‍ തയ്യാറാകുന്നുമില്ല.

ഉദാഹരണത്തിനു്, ഒരു രാജ്യത്തുള്ള സര്‍വ്വതിൻ്റെയും പൊക്കം പെട്ടെന്നു പകുതിയായിത്തീര്‍ന്നു. അറുന്നൂറു് അടി ഉണ്ടായിരുന്നതെല്ലാം മുന്നൂറു് അടിയായി. ആറടി പൊക്കമുണ്ടായിരുന്നവരെല്ലാം മൂന്നടിക്കാരായി. എന്നാല്‍ ഒരാളിനു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. അവനു് ഉയരം ആറടിതന്നെ യുണ്ടു്. പക്ഷേ, മറ്റുള്ളവരുടെ കണ്ണില്‍ അവന്‍ വികൃതരൂപിയാണു്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു് എന്താണെന്നു് അവനു മാത്രമേ അറിയൂ. പക്ഷേ, ആരു കേള്‍ക്കാന്‍? ശരിയായ ഉയരം ആറടിക്കാരൻ്റെതാണെന്നും തങ്ങളാണു വികൃതരൂപികളായി മാറിയിരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കുന്നില്ല.
മക്കളേ, നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചു മനസ്സിലാക്കുന്ന മാര്‍ഗ്ഗമാണു് ആദ്ധ്യാത്മികത.

ആദ്ധ്യാത്മികജീവികള്‍ക്കു തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപമെന്താണെന്നറിയാം. ആത്മസ്വരൂപത്തിലേക്കെത്തുവാനുള്ള ശ്രമത്തിലാണു് അവര്‍. എന്നാല്‍ മറ്റുള്ളവര്‍ അതിനെ ഭ്രാന്തു് എന്നു പറഞ്ഞു പുച്ഛിക്കുന്നു. അവര്‍ പുറമെ കാണുന്നതില്‍തന്നെ ഭ്രമിച്ചിരിക്കുന്നു. ഇതാണു് ആദ്ധ്യാത്മികജീവിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

ഉര്‍സുല ലുസിയാനോ

ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി.

ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു.

എനിക്കു് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ടു്, എനിക്കു് അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ക്രിസ്തുമസ്സിനു പള്ളിയില്‍ പാടാന്‍വേണ്ടി അവരെന്നെ മനോഹരമായ ഒരു പാട്ടു പഠിപ്പിച്ചു. അന്നു ധരിക്കാനായി വളരെ ഭംഗിയുള്ള ഒരു വെള്ള ഉടുപ്പും എനിക്കു തയ്ച്ചു തന്നു. പള്ളി അന്നു നിറഞ്ഞു കവിഞ്ഞിരുന്നു. അവസാനം എനിക്കു പാടാനുള്ള സമയം വന്നു. ഒരു കൊച്ചു മാലാഖയെപ്പോലിരുന്ന എന്നെ മമ്മ കൈപിടിച്ചു മറ്റു ഗായകരുടെ നടുവില്‍ കൊണ്ടുനിര്‍ത്തി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു പള്ളിയില്‍.

കണ്ണടച്ചു പരിസരം മറന്നു ഞാന്‍ പാടി. പാട്ടു തീര്‍ന്നപ്പോഴേക്കും എൻ്റെ ഹൃദയം ആനന്ദംകൊണ്ടു നിറഞ്ഞിരുന്നു, കണ്ണുകള്‍ നിറഞ്ഞൊഴുകിയിരു ന്നു. പാട്ടു് എല്ലാവര്‍ക്കും വളരെ ഇഷ്ടമായി. മമ്മ അഭിമാനത്തോടെ വന്നു് എന്നെ കെട്ടിപ്പിടിച്ചു്, എല്ലാവരെയും നോക്കി പുഞ്ചിരിച്ചു് ആഹ്ളാദം പ്രകടിപ്പിച്ചു.

എൻ്റെ കാര്യങ്ങളെല്ലാം നോക്കാന്‍ മമ്മയും പപ്പയും ഒരു ആയയെ ഏര്‍പ്പാടാക്കിയിരുന്നു. എര്‍ന, അതായിരുന്നു അവളുടെ പേരു്. നല്ല സ്നേഹമുള്ളവളായിരുന്നു അവള്‍. എന്നാല്‍ പെട്ടെന്നുതന്നെ അവള്‍ വിവാഹം കഴിച്ചു പോയി. പിന്നെ എന്നെ നോക്കാന്‍ ഏല്പിച്ചതു് എര്‍നയുടെ മൂത്ത സഹോദരിയായിരുന്ന ഹില്‍ ഗേര്‍ഡിനെയായിരുന്നു. അവള്‍ എര്‍നയെപ്പോലെ ആയിരുന്നില്ല. വളരെ ക്രൂരയായിരുന്നു. പപ്പയും മമ്മയും വീട്ടിലില്ലാത്തപ്പോഴൊക്കെ അവളെന്നെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

എൻ്റെ മമ്മ എന്നെന്നേക്കുമായി പോയി. എന്നെ ഭക്തിഗാനങ്ങള്‍ പഠിപ്പിക്കാന്‍, ഞാന്‍ പാടുന്നതു കേട്ടു് അഭിമാനത്തോടെ പുഞ്ചിരിക്കാന്‍, കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കാന്‍ ഇനി എൻ്റെ മമ്മ വരില്ല. അവസാനമായി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കിട്ടാതെ പോയ എൻ്റെ മമ്മയുടെ ആലിംഗനം ഇനി ഒരിക്കലും കിട്ടില്ലല്ലോ എന്നോര്‍ത്തു് എൻ്റെ മനസ്സു് വല്ലാതെ നീറി.

ഒരു വേനല്ക്കാലത്തു പപ്പയും മമ്മയും ഒരു യാത്രയ്ക്കു പോകാന്‍ തയ്യാറായി. എന്നെ ഹില്‍ഗേര്‍ഡിനെ ഏല്പിച്ചു പോകാനാണു് അവര്‍ തീരുമാനിച്ചതു്. ഒഴിവു കാലം കഴിഞ്ഞു പപ്പയും മമ്മയും തിരിച്ചുവരുന്നതുവരെ ഹില്‍ഗേര്‍ഡിനൊപ്പം തനിച്ചു വീട്ടില്‍ കഴിയുന്നതോര്‍ത്തു ഞാന്‍ വല്ലാതെ വിഷമിച്ചു. യാത്ര പോകാനായി മമ്മയും പപ്പയും ഇറങ്ങിയപ്പോള്‍ അവരുടെ കൂടെ പോകാനാഗ്രഹിച്ചു ഞാന്‍ വാതില്ക്കല്‍ തന്നെ നിന്നു കരയാന്‍ തുടങ്ങി. കൂടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മമ്മ യാത്രയാകുന്നതിനു മുന്‍പു് എന്നെ വന്നൊന്നു കെട്ടിപ്പിടിക്കണം എന്നു ഞാന്‍ ആശിച്ചു. എന്നാല്‍ വിങ്ങിപ്പൊട്ടിക്കൊണ്ടു നിന്ന എന്നെ ഹില്‍ ഗേര്‍ഡ് ബലമായി അകത്തേക്കു പിടിച്ചു വലിച്ചുകൊണ്ടുപോയി.

അവര്‍ പോയി കുറച്ചു ദിവസം കഴിഞ്ഞു് ഒരു രാത്രി ഞങ്ങള്‍ക്കു് ഒരു സന്ദേശം കിട്ടി. മമ്മയ്ക്കും പപ്പയ്ക്കും ഒരപകടം പറ്റിയിരിക്കുന്നു. പപ്പ വീട്ടില്‍ വന്നപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതു്. നനഞ്ഞ റോഡിലൂടെ മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വണ്ടി മറിഞ്ഞു മമ്മ റോഡില്‍ തലയടിച്ചു വീണു, ഉടന്‍ മരിച്ചു.

അധികം താമസിയാതെ ഞങ്ങളുടെ ഇടവകയിലെ പല സ്ത്രീകളും പപ്പയെ വിവാഹം കഴിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. എന്നാല്‍ പപ്പ ഹില്‍ഗേര്‍ഡിനെ വിവാഹം കഴിക്കാനാണു തീരുമാനിച്ചതു്. അവള്‍ക്കു വിദ്യാഭ്യാസമുണ്ടായിരുന്നില്ല. പാടാനോ, പള്ളിയില്‍ ക്ലാസ്സെടുക്കാനോ അറിയില്ല. എന്നിട്ടും പപ്പ ഇങ്ങനെ ഒരു തീരുമാനമെടുത്തതില്‍ എല്ലാവരും അദ്ഭുതപ്പെട്ടു.

എൻ്റെ കുഞ്ഞുഹൃദയം തകര്‍ന്നുപോയി. ക്രൂരയായ ഹില്‍ഗേര്‍ഡിനെ എൻ്റെ മമ്മയുടെ സ്ഥാനത്തു് എനിക്കൊരിക്കലും സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ല. പപ്പയുടെയും ഹില്‍ ഗേര്‍ഡിൻ്റെയും വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണു് അവര്‍ ഇത്ര പെട്ടെന്നു വിവാഹിതരായതിൻ്റെ രഹസ്യം എല്ലാവര്‍ക്കും പിടികിട്ടിയതു്. വിവാഹം കഴിക്കും മുന്‍പു തന്നെ ഹില്‍ഗേര്‍ഡ് ഗര്‍ഭിണിയായിരുന്നു.

ഞാന്‍ ഭയപ്പെട്ടതുപോലെത്തന്നെ പപ്പയുമായുള്ള വിവാഹത്തിനുശേഷം ഹില്‍ഗേര്‍ഡ് എന്നെ കൂടുതല്‍ ഉപദ്രവിക്കാന്‍ തുടങ്ങി. വിഷമങ്ങള്‍ ആരോടും പറയാനില്ലാത്ത നിസ്സഹായതയാല്‍ എൻ്റെ പഠിപ്പു മോശമായി. പരീക്ഷയ്ക്കു മാര്‍ക്കു കുറയാന്‍ തുടങ്ങിയപ്പോള്‍ പപ്പയും എന്നെ അടിക്കാനും ശിക്ഷിക്കാനും ആരംഭിച്ചു.

എനിക്കു പതിനൊന്നു വയസ്സായി. ഒരു ദിവസം പപ്പ ചില ‘സുഹൃത്തുക്കളെ കാണാന്‍’ പോയി. പപ്പ പോയി കുറച്ചു സമയം കഴിഞ്ഞാണു ഹില്‍ഗേര്‍ഡ് എന്നോടു് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞതു്. പപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണത്രേ. മറ്റൊന്നു കൂടി അവള്‍ പറഞ്ഞു. അതെൻ്റെ സ്വന്തം പപ്പയല്ല. അതു കൊണ്ടു് അവര്‍ക്കു രണ്ടു പേര്‍ക്കും എൻ്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ല.

എൻ്റെ സ്വന്തം മാതാപിതാക്കള്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടു്. എന്നെ ഇനി നോക്കാന്‍ വയ്യ എന്നു പപ്പ അവരെ അറിയിച്ചു. മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടു് അവര്‍ എന്നെ തിരിച്ചെടുക്കാന്‍ തയ്യാറായി. (വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി, പപ്പയും ഹില്‍ഗേര്‍ഡും വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതുകൊണ്ടു് അവര്‍ എന്നെ ഒഴിവാക്കുകയായിരുന്നു എന്നു്.)

അതുവരെ സ്വന്തം അച്ഛന്‍ എന്നു വിചാരിച്ചിരുന്നയാള്‍ എൻ്റെ ആരുമല്ല എന്നു മനസ്സിലായപ്പോള്‍, ജന്മംതന്ന മാതാപിതാക്കള്‍ത്തന്നെ ജനിച്ചയുടന്‍ എന്നെ ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോള്‍, ഞാനനുഭവിച്ച അപമാനവും ദുഃഖവും! ലോകത്തില്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എനിക്കു ജീവിക്കണമെന്നേ ഇല്ലാതായി. പക്ഷേ, മരിക്കാന്‍ എനിക്കറിയില്ല. എവിടേക്കും ഓടിപ്പോകാനും അറിയില്ല. അത്രയ്ക്കു കുഞ്ഞായിരുന്നു ഞാന്‍. അങ്ങനെ ഗതികെട്ടു ഞാനെൻ്റെ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോയി.

ദാരിദ്ര്യവും കഷ്ടപ്പാടും കാരണം വളരെ മോശമായിരുന്നു എൻ്റെ മാതാപിതാക്കളുടെ സ്ഥിതി. അമ്മ മക്കളെ തലങ്ങും വിലങ്ങും അടിക്കുമായിരുന്നു. ഒരിക്കല്‍ അവരെൻ്റെ സഹോദരനെ ബെല്‍റ്റിൻ്റെ ബക്കിളുള്ള ഭാഗംകൊണ്ടു് അടിച്ചിട്ടു് അവൻ്റെ മുഖത്തു നിന്നു ചോര ചീറ്റി വന്നു. ഞാന്‍ വന്നു് അധികം താമസിയാതെ എന്നെയും അമ്മ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി.

ഒരു ദിവസം അമ്മയുടെ അടിയും തൊഴിയും സഹിക്കാനാകാതെ ഞാന്‍ വീടിൻ്റെ രണ്ടാം നിലയിലെ ജനലിലൂടെ ഇഴഞ്ഞു വീടിനു മുകളില്‍ പോയി ഒളിച്ചിരുന്നു. പലപ്പോഴും അമ്മ ഇലക്ട്രിക് വയറുകൊണ്ടാണു് അടിക്കാറു്. ഉള്ളിലെ കമ്പികളെല്ലാം പുറത്തായ ആ ഇലക്ട്രിക് വയറുകൊണ്ടു് അടിച്ചാല്‍ ദേഹമൊക്കെ മുറിയുമായിരുന്നു.

എൻ്റെ അച്ഛനും ഒരു ദുഷ്ടനായിരുന്നു. ഒരിക്കല്‍ അച്ഛനെന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അന്നു ഞാന്‍ രക്ഷപ്പെട്ടു. പിന്നെയും അച്ഛന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയോടു പറഞ്ഞു കൊടുക്കുമെന്നു പറഞ്ഞു ഞാന്‍ ഭീഷണിപ്പെടുത്തി. അതിനു ശേഷം അച്ഛനും എന്നെ അടിക്കാന്‍ തുടങ്ങി.

ഒരിക്കല്‍ ജിംനേഷ്യം ക്ലാസ്സില്‍ പോയപ്പോള്‍ എൻ്റെ ദേഹത്തെ മുറിവുകള്‍ കണ്ട എൻ്റെ സഹപാഠികള്‍ സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ അച്ഛനെയും അമ്മയെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. അതുകൊണ്ടു ഫലമുണ്ടായില്ല. അച്ഛനെന്നോടു് ഇനിമുതല്‍ ജിംനേഷ്യം ക്ലാസ്സില്‍ പോകരുതെന്നും നീണ്ട കയ്യുള്ള ഉടുപ്പിടണമെന്നും കല്പിച്ചു. അടിയും ശിക്ഷയും കൂടുതല്‍ ശക്തമാകുകയും ചെയ്തു.

എനിക്കിപ്പോള്‍ പതിനാലു വയസ്സു്. ഒരു ദിവസം ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അമ്മയുണ്ടു് നിലത്തു കുനിഞ്ഞിരുന്നു്, ഗ്യാസ് സിലിണ്ടര്‍ തുറന്നു മുഖം അതിനോടു ചേര്‍ത്തു് ആ ഗ്യാസ് ശ്വസിക്കുന്നു. ഞാന്‍ പെട്ടെന്നു തന്നെ ഗ്യാസ് അടച്ചു് അമ്മയെ വലിച്ചു മാറ്റി. അച്ഛനു മറ്റേതോ സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞിട്ടുണ്ടായ മാനസികവിഷമം മൂലമാണു് അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതു് എന്നു പിന്നീടു് ഞാന്‍ മനസ്സിലാക്കി.

എന്നാല്‍ അപ്പോള്‍ ഞാന്‍ വിചാരിച്ചതു് എൻ്റെ ഏതോ പിഴവുകൊണ്ടാണു് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതു് എന്നാണു്. കുറ്റബോധവും നിരാശയും മൂലം അന്നു രാത്രി കുറെ ഉറക്ക ഗുളികകള്‍ കഴിച്ചു ഞാനും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇരുപതോളം ഗുളികകള്‍ കഴിച്ചിട്ടും ഞാന്‍ മരിച്ചില്ല. പിറ്റേദിവസം രാവിലെ എൻ്റെ സ്ഥിതി കണ്ടു് അമ്മ അലറിക്കരഞ്ഞു് ഒരു സ്‌ട്രെച്ചര്‍ വരുത്തി എന്നെ ആശുപത്രിയില്‍ എത്തിച്ചു.

എൻ്റെ ജീവിതത്തിലെ കഷ്ടസ്ഥിതി മനസ്സിലാക്കിയ ഒരു ഡോക്ടര്‍ എന്നെ വീട്ടില്‍നിന്നു മാറ്റി, ഗവണ്‍മെന്റിനു കീഴിലുള്ള ഒരു ബാലികാസദനത്തിലെത്തിച്ചു. സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അനാഥരെപ്പോലെ ആയവര്‍ക്കു് എവിടെയും ഗതിയില്ല എന്നെനിക്കു് അധികം താമസിയാതെ മനസ്സിലായി.

വീട്ടില്‍ ഉള്ളതിലും കഷ്ടമായിരുന്നു ബാലികാ സദനത്തിലെ പീഡനം. ഒരു ദിവസം അവിടത്തെ ഒരു സ്ത്രീ എന്നെ അടിക്കാന്‍ ഓടിച്ചപ്പോള്‍ സഹികെട്ടു ഞാന്‍ എൻ്റെ ബാഗുപോലും എടുക്കാതെ അവിടെനിന്നു് ഓടി രക്ഷപ്പെട്ടു. എങ്ങനെയെന്നു പറയാനെനിക്കറിയില്ല. അവസാനം ഞാന്‍ ജര്‍മ്മനിയില്‍ നിന്നുതന്നെ രക്ഷപ്പെട്ടു.

നാല്പതു വര്‍ഷം കഴിഞ്ഞു. ഈ കാലമത്രയും ഞാന്‍ ബാല്യത്തില്‍ എനിക്കു കിട്ടാതെ പോയ എൻ്റെ മമ്മയുടെ ആലിംഗനത്തിൻ്റെ തണലും സുരക്ഷിതത്വവും തേടി അലയുകയായിരുന്നു. അലഞ്ഞതെല്ലാം തെറ്റായ സ്ഥലങ്ങളിലായിരുന്നു. ഈശ്വരന്‍ എന്നെ കൈവെടിഞ്ഞില്ല.

1978ല്‍ ഞാന്‍ യോഗാനന്ദ പരമഹംസയുടെ ‘ഒരു യോഗിയുടെ ആത്മ കഥ’ എന്ന പുസ്തകം വായിച്ചു. ഞാന്‍ പതുക്കെപ്പതുക്കെ മാറാന്‍ തുടങ്ങി. ധ്യാനവും യോഗാസന പരിശീലനവും ജീവിതത്തിൻ്റെ ഭാഗമായി. മദ്യപാനവും മാംസ ഭക്ഷണവും ഉപേക്ഷിച്ചു. ജീവിതത്തെക്കുറിച്ചുള്ള പുതിയ അറിവുകള്‍ എന്നെ മറ്റൊരാളാക്കി. ആത്മീയജീവിതം ഞാന്‍ തുടങ്ങിയിട്ടില്ല. എന്നിട്ടും ജീവിതത്തിനു് എന്തൊരു ശാന്തിയും സമാധാനവും!

ഒരു ദിവസം യോഗക്ലാസ്സിലെ എൻ്റെ സുഹൃത്തുക്കള്‍ വളരെ ആവേശത്തോടെ ഭാരതത്തിലെ ഒരു മഹാത്മാവിനെക്കുറിച്ചു സംസാരിക്കുന്നതു കേട്ടു. ‘അമ്മ’ എന്നാണത്രെ ആ സ്ത്രീ യുടെ പേരു്. അവര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമ്മയെ കാണാന്‍ പോകാന്‍ ഒരുങ്ങുകയാണു്. എനിക്കും അമ്മയെ കാണണമെന്നു് ആഗ്രഹം തോന്നി.

എൻ്റെ സുഹൃത്തുക്കള്‍ എന്നെ കൂടെ കൊണ്ടുപോകാമെന്നേറ്റു. ഞങ്ങള്‍ പ്രോഗ്രാം സ്ഥലത്തെത്തിയപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു ഭാരതീയവനിത ഹാളിലിരുന്നു മുന്നില്‍ വരുന്നവരെയൊക്കെ ആലിംഗനം ചെയ്തു സ്വീകരിക്കുകയാണു്. അമ്മയുടെ പുറകില്‍ ഒരു കൂട്ടം ആളുകള്‍, അവര്‍ അമ്മയുടെ ശിഷ്യരാണു്, തബലയും കീ ബോര്‍ഡും ഹാര്‍മ്മോണിയവുമൊക്കെവച്ചു ഭജന ആലപിക്കുന്നുണ്ടായിരുന്നു.

രണ്ടു മണിക്കൂറോളം ഞങ്ങള്‍ കാത്തിരുന്നിട്ടുണ്ടാകും. അവസാനം ഞാന്‍ അമ്മയുടെ മുന്നിലെത്തി. അമ്മയ്ക്കു കൊടുക്കാന്‍ വാങ്ങിയ ഒരു ചെറിയ പൂച്ചെണ്ടും കൈയില്‍ പിടിച്ചു്, തുടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അമ്മയുടെ മുന്‍പില്‍ മുട്ടുകുത്തി. അടുത്ത നിമിഷം ഞാന്‍ അതുവരെ കണ്ടിരുന്ന ലോകം ഇല്ലാതെയായി. മനുഷ്യമനസ്സിനു സങ്കല്പിക്കാനാകാത്ത സ്നേഹത്തോടെ, കാരുണ്യത്തോടെ അമ്മ എന്നെ മാറോടു ചേര്‍ത്തു.

ദൈവികമായ ഒരു ഊര്‍ജ്ജ പ്രവാഹം എൻ്റെ മനസ്സിലും ശരീരത്തിലും ആത്മാവിലും നിറഞ്ഞു. ഈ അമ്മയ്ക്കു് എന്നോടു് എന്തൊരു സ്നേഹമാണു്! ഞാന്‍ എത്ര വേണ്ടപ്പെട്ടവളാണു്. അമ്മേ! ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ അവിടുത്തെ തേടുകയായിരുന്നുവല്ലോ. ഇപ്പോഴാണല്ലോ എൻ്റെ അന്വേഷണം അവസാനിച്ചതു്.

ഞാന്‍ അനുഭവിച്ചിരുന്ന മാനസികസംഘര്‍ഷങ്ങളും വേദനകളും ഒരു നിമിഷംകൊണ്ടു് ഇല്ലാതെയായി. എൻ്റെ മമ്മ അവസാനമായി തരാതെ പോയ ആ ആലിംഗനം നഷ്ടപ്പെട്ടതിൻ്റെ ഹൃദയ വേദന ഇപ്പോഴാണു് എന്നെ വിട്ടു മാറിയതു്. അമ്മയുടെ കരവലയത്തിനുള്ളില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വവും അവര്‍ണ്ണനീയമായ ആനന്ദവും – അതു വിവരിക്കാന്‍ വാക്കുകളില്ല.

ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ ഇങ്ങനെ ഒരു അനുഗ്രഹം ഏറ്റുവാങ്ങാന്‍ എന്നെ ഒരുക്കുകയായിരുന്നു എന്ന അറിവോടെ ഞാന്‍ ആ ഹാളിലിരുന്നു. ഹൃദയത്തില്‍നിന്നു് ആത്മനിന്ദയും കുറ്റബോധവും എല്ലാമൊഴിഞ്ഞുപോയി. അമ്മയുടെ സ്നേഹം ലഭിക്കാന്‍ യോഗ്യയാണു ഞാനും എന്നു ബോദ്ധ്യമായപ്പോള്‍ എനിക്കു സ്വയം ഒരു മതിപ്പു തോന്നി.

അമ്മയുടെ ഒരൊറ്റ ദര്‍ശനം, ഒരു സ്പര്‍ശനം എൻ്റെ ജീവിതമാകെ മാറ്റി. അന്നുമുതല്‍ എല്ലാ ആറുമാസത്തിലും അമ്മ സാന്‍ റമണ്‍ ആശ്രമത്തിലെത്തുമ്പോഴൊക്കെ ഞാന്‍ അമ്മയെ കാണും. അമ്മയുടെ കൂടെ കഴിയും. അവിടെ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യും. കേരളത്തില്‍ അമ്മയുടെ ആശ്രമം ഞാന്‍ നാലു പ്രാവശ്യം സന്ദര്‍ശിച്ചു. ഓരോ പ്രാവശ്യവും മൂന്നുമാസത്തോളം താമസിച്ചു.

ഇപ്പോള്‍ ഞാന്‍ ജീവിതത്തില്‍ അനുഭവിക്കുന്നതൊക്കെ നന്മകള്‍ മാത്രം. മനസ്സില്‍ ശാന്തിയും സമാധാനവും മാത്രം. അമ്മയുമായി അടുക്കാന്‍ സാധിച്ചു; അതിലെനിക്കു് ഈശ്വരനോടു നന്ദിയുണ്ടു്. ഞാന്‍ അനുഭവിച്ചിരുന്നതുപോലെ ദുഃഖം അനുഭവിക്കുന്നവരൊക്കെ അമ്മയുടെ അടുത്തെത്തട്ടെ; അതാണെൻ്റെ പ്രാര്‍ത്ഥന.

പി.എസ്. നമ്പീശന്‍

പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-
ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!
ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-
താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…
ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ച
വാത്സല്യമാത്മാവറിഞ്ഞിരുന്നു.

സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-
ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂ
അന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-
യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ…

എന്നെയും താങ്ങി നീളുന്ന പഥങ്ങളി-
ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍
ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍
തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നും
വേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍
നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായും
ആന്ധ്യമകറ്റും തിരികളിലക്ഷര-
ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നും
അന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-
തമ്മേ,യവിടുന്നു മാത്രമല്ലേ?

ആരാണവിടുന്നു? – ചോദ്യത്തിനുത്തരം
പാഴിലാണെന്നു വരുന്നനേരം,
കേവലം മാനുഷമാതിര്‍രേഖകള്‍
ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലം
ഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-
നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍
അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-
രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,
തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്
പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…
യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്
ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായി
അമ്മേ,യവിടുന്നപാരതയായെൻ്റെ
കൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,
ഏഴു കടലിനുമപ്പുറത്തല്ലെൻ്റെ
മോക്ഷാമൃതമെന്നതല്ലേ, വേദം?

ഇന്നു് നമുക്കു ബാഹ്യകാര്യങ്ങളിലാണു ശ്രദ്ധ കൂടുതലും. ആന്തരികദൃഷ്ടി ഇല്ലെന്നുതന്നെ പറയാം. പത്താംക്ലാസ്സുവരെ കുട്ടികൾക്കു കളികളിലാണു താത്പര്യം. ആ സമയം അച്ഛനമ്മമാരോടുള്ള ഭയം കൊണ്ടാണവർ പഠിക്കുന്നത്. പിന്നീടു് ലക്ഷ്യബോധം വരുമ്പോൾ റാങ്കു മേടിക്കണം, എഞ്ചിനീയറാകണം തുടങ്ങിയ ആഗ്രഹങ്ങൾ വരുമ്പോൾ ഒരു പ്രേരണയും കൂടാതെ അവർ പഠിക്കുന്നു.

ഇന്നു നമുക്കു ലക്ഷ്യമുണ്ടെങ്കിലും വാസനകളുടെ ആധിക്യം മൂലം മനസ്സു വഴുതിപ്പോകുന്നു. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ സദ്ഗുരുവില്ലാതെ പറ്റില്ല. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ ആരുടെയും ആവശ്യമില്ല. തന്നിൽത്തന്നെയുള്ള ഗുരു ഉണർന്നു കഴിഞ്ഞു.

കാണാതെ പഠിച്ച സ്തുതി കുറെ ദിവസം കഴിഞ്ഞു മറന്നാൽ ആരെങ്കിലും അതിൻ്റെ ആദ്യാക്ഷരം ഓർമ്മപ്പെടുത്തുമ്പോൾ എല്ലാം ഓർത്തുചൊല്ലുവാൻ സാധിക്കുന്നു. അതുപോലെതന്നെ എല്ലാ ജ്ഞാനവും നമ്മളിൽത്തന്നെ ഉണ്ടെങ്കിലും ഗുരു അതിനെക്കുറിച്ചു നമ്മളെ ഓർമ്മപ്പെടുത്തുന്നു. മറവിയിൽ ഇരിക്കുന്നതിനെ ഉണർത്തിത്തരുന്നു.

‘ഗുരു വേണ്ടാ’ എന്നു പറയുമ്പോൾത്തന്നെ അവിടെ ഗുരു വന്നു കഴിഞ്ഞു. അങ്ങനെ പറഞ്ഞു തരുവാൻ ഒരാളു വേണ്ടിവന്നില്ലേ? നമ്മുടെ അജ്ഞതയെ നീക്കിത്തരുന്നയാളാണു ഗുരു. വേണ്ടത്ര അന്തഃകരണശുദ്ധി ആയിട്ടില്ലെങ്കിൽ കുറേക്കാലം ഗുരുവിന്റെ ശിക്ഷണത്തിൽ കഴിയേണ്ടതും ആവശ്യമാണു്.

പാടാൻ കഴിവുണ്ടെങ്കിലും ഒരാളിൽനിന്നു സംഗീതം അഭ്യസിക്കുമ്പോഴാണു് ആ കഴിവു് ശരിയായ രീതിയിൽ പ്രകാശിപ്പിക്കുവാൻ കഴിയുന്നത്. സാധാരണ ഗുരുക്കന്മാർക്കു് ആദ്ധ്യാത്മികോപദേശങ്ങൾ നല്കാൻ മാത്രമേ കഴിയുകയുള്ളൂ. എന്നാൽ പരമതത്ത്വത്തെ സാക്ഷാത്കരിച്ച സദ്ഗുരുക്കന്മാർ ശിഷ്യരിലേക്കു തങ്ങളുടെ ആത്മീയശക്തികൂടി പകരുന്നു. ഇതുമൂലം ശിഷ്യനു വേഗം ലക്ഷ്യത്തിലെത്താൻ സാധിക്കുന്നു. ആമ ചിന്തകൊണ്ടു മുട്ട വിരിയിക്കുന്നതു പോലെ സദ്ഗുരുവിന്റെ ചിന്ത ശിഷ്യരിൽ ആത്മീയശക്തിയെ ഉണർത്തുന്നു.

സത്സംഗങ്ങൾക്കും ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾക്കും നമ്മുടെ മനസ്സിനെ നല്ല ചിന്തയിലേക്കു നയിക്കുവാൻ കഴിവുണ്ട്. എന്നാൽ വേണ്ട ക്രമം അനുസരിച്ചു മുന്നോട്ടുപോകുവാൻ അതുകൊണ്ടു മാത്രം സാധിക്കില്ല. സാധാരണ ഡോക്ടർമാർ രോഗിയെ പരിശോധിച്ചു് ഇന്ന മരുന്നു കഴിക്കണമെന്നു നിർദ്ദേശിക്കും. പക്ഷേ ഓപ്പറേഷൻ വേണമെങ്കിൽ സർജനെത്തന്നെ കാണണം. അതുപോലെ നമ്മുടെ മനസ്സിലെ മാലിന്യങ്ങളെക്കളഞ്ഞു്, മനസ്സിനെ ശുദ്ധമാക്കി ലക്ഷ്യത്തിലെത്തണമെന്നുണ്ടെങ്കിൽ ഗുരുവിനെ ആശ്രയിക്കുകതന്നെ വേണം.