ഒന്നും നമ്മുടെ ഇച്ഛയ്‌ക്കൊത്തല്ല നീങ്ങുന്നതെന്നു മക്കള്‍ മനസ്സിലാക്കണം. പത്തു മുട്ട വിരിയാന്‍ വച്ചാല്‍ പത്തും വിരിഞ്ഞു കാണാറില്ല. നമ്മുടെ ഇച്ഛയാണു നടക്കുന്നതെങ്കില്‍ പത്തും വിരിഞ്ഞു കാണണം. അതുണ്ടാകാറില്ല. അതിനാല്‍ എല്ലാം അവിടുത്തെ ഇച്ഛയ്ക്കു വിട്ടു കൊടുക്കാനുള്ള ഒരു മനോഭാവം, ആ ശരണാഗതി നമ്മളില്‍ വളരണം. അതായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.
ചിലര്‍ ചോദിക്കും, ‘നിങ്ങളുടെ കൃഷ്ണന്‍ പറയുന്നതു്, കൂലി വാങ്ങാതെ ജോലി ചെയ്യാനല്ലേ’ എന്നു്. ഒരിക്കലും ഇതു ശരിയല്ല. കര്‍മ്മം ചെയ്താല്‍ ഫലം എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെ വരണമെന്നില്ല, അതുകൊണ്ടു ഫലത്തില്‍ പ്രതീക്ഷ വച്ചാല്‍ ദുഃഖിക്കേണ്ടി വരും എന്നാണു ഭഗവാന്‍ പറഞ്ഞതു്. അല്ലാതെ കൂലി വാങ്ങാതെ ജോലി ചെയ്യാനല്ല. ശരിയായ കൂലി കിട്ടാന്‍ വേണ്ടിയാണു് ഈ മനോഭാവം വളര്‍ത്തുവാന്‍ ഭഗവാന്‍ പറഞ്ഞതു്.
ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ് എന്നു പറയും. ക്ലോക്കിൻ്റെ പെന്‍ഡുലം പോലെ സുഖത്തിലേക്കുള്ള ആയം എടുപ്പു് അവിടെ നില്ക്കാനല്ല. ദുഃഖത്തിലേക്ക് എത്തുവാനാണു്. എന്നാല്‍ ഇതു രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ടു പോകാനുള്ളതാണു് ആദ്ധ്യാത്മികത.
നീന്തലറിയുന്നവനേ സമുദ്രത്തിലെ തിരകളെ ആസ്വദിക്കാന്‍ കഴിയൂ. നീന്തലറിയാത്തവന്‍, തിരയില്‍ തളര്‍ന്നു വീഴും. അതിനാല്‍, ജീവിതത്തില്‍ മുന്നേറാനുള്ള വിദ്യ പഠിപ്പിച്ചു തരുന്ന ആദ്ധ്യാത്മികത അറിഞ്ഞു കൊണ്ടു നീങ്ങിയാല്‍ ഏതു സാഹചര്യത്തിലും പുഞ്ചിരി മായാതെ നിര്‍ത്തുവാന്‍ കഴിയും. തീര്‍ച്ചയായും ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയും. കൃഷ്ണന്‍, തളരാതെ എങ്ങനെ ലക്ഷ്യത്തെ പ്രാപിക്കാം എന്നു് ഉപദേശിക്കുകയാണു ചെയ്യുന്നതു്.
പെന്‍ഡുലം അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നപോലെ മനുഷ്യന്‍ സുഖത്തില്‍നിന്നു ദുഃഖത്തിലേക്കും ദുഃഖത്തില്‍നിന്നു സുഖത്തിലേക്കും മാറി മാറി സദാ ചലിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഡുലം ഒരു വശത്തേക്കു നീങ്ങുമ്പോള്‍ അതു മറു വശത്തേക്കു നീങ്ങുവാനുള്ള ആയം എടുക്കുകയാണു്.
മനസ്സിൻ്റെ നിശ്ചലതയാണു് ആനന്ദത്തിൻ്റെ ഉറവിടം. ആ നിശ്ചല തത്ത്വമാകുന്നു ജീവിതത്തിൻ്റെ കാതല്‍. സദാ ജാഗ്രതയോടെ വിവേകപൂര്‍വ്വം ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.
ഉണങ്ങിയ ചുള്ളിക്കൊമ്പിലിരിക്കുന്ന കിളി എപ്പോഴും ജാഗ്രതയായിരിക്കും. അതു് ആ കമ്പിലിരുന്നു് ആഹാരം കൊത്തി തിന്നുന്നുണ്ടെങ്കിലും ഏതു സമയവും പറന്നുയരുവാന്‍ തയ്യാറായിരിക്കും. എന്തെന്നാല്‍ കിളിക്കറിയാം ഒരു കാറ്റു വന്നാല്‍, താനിരിക്കുന്ന കമ്പു് ഒടിഞ്ഞു വീഴുമെന്നു്.
മക്കളേ, ഈ പ്രാപഞ്ചിക ലോകവും ഉണക്കച്ചുള്ളിക്കമ്പു പോലെയാണു്. നാമെല്ലാവരും ഏതു നിമിഷവും തകര്‍ന്നു പോകാവുന്ന ലോക വസ്തുക്കളാവുന്ന ചുള്ളിക്കമ്പിലാണ് ഇരിക്കുന്നതു്. ഈ സത്യം മനസ്സിലാക്കി നമ്മള്‍ എപ്പോഴും ജാഗ്രതയോടെ ജീവിക്കണം.
നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.
ഒരു കുടുംബത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. അവരുടെ മാതാപിതാക്കള്‍ മരിച്ചു. മൂന്നു പേരും ഡിഗ്രിയെടുത്തവരാണു്. പക്ഷേ, ജോലിയൊന്നും ആയില്ല. അവരുടെ കഷ്ടതയില്‍ കനിവു തോന്നിയ ഒരു പണക്കാരന്‍ അവരെ മൂന്നുപേരെയും തൻ്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും മൂന്നുപേര്‍ക്കും ജോലി കൊടുക്കുകയും ചെയ്തു. ഒരേ ജോലിയാണു മൂന്നുപേര്‍ക്കും നല്കിയതു്.
അതില്‍ ഒരാള്‍ ജോലിയില്‍ ഇരുന്നുകൊണ്ടു കൈക്കൂലി വാങ്ങാന്‍ തുടങ്ങി. മാനേജര്‍ പല പ്രാവശ്യം താക്കീതു ചെയ്തു. അയാള്‍ അനുസരിച്ചില്ല. അവസാനം ആ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. ചുമട്ടുകാരനായി നിയമിച്ചു. കാരണം, ഉയര്‍ന്ന ജോലിക്കു് അയാള്‍ അര്‍ഹനല്ല.
രണ്ടാമന്‍ ജോലിയില്‍ ചിട്ടയുള്ളവനാണു്. സത്യസന്ധത ഉള്ളവനാണു്. പക്ഷേ, കൃത്യം മുപ്പതു ദിവസമാകുമ്പോള്‍ ശമ്പളത്തിനു ചെല്ലും. ഒരു ദിവസം കൂടി കാത്തിരിക്കില്ല. ചിട്ടയും സത്യസന്ധതയും ഉള്ളതുകൊണ്ടു് അയാള്‍ക്കു് ഉദ്യോഗക്കയറ്റം നല്കി.
എന്നാല്‍, മൂന്നാമത്തെയാളു്, ഇവരെപ്പോലെ ഒന്നും ആയിരുന്നില്ല. ഏല്പിച്ച ജോലി സത്യസന്ധതയോടും ചിട്ടയോടും ശ്രദ്ധയോടും കൂടി ചെയ്തു. മാസാവസാനം, ശമ്പളം കൊടുത്ത സമയം അദ്ദേഹം പണം വാങ്ങിയില്ല.
”നിങ്ങള്‍ എനിക്കു ജോലി തന്നു, ഒപ്പം താമസിക്കാന്‍ വീടും തന്നു. ഭക്ഷണം തന്നു, വസ്ത്രം തന്നു, എനിക്കു വേണ്ടതെല്ലാം തരുന്നു. പിന്നെ എനിക്കു് എന്തിനാണു ശമ്പളം” എന്നു പറഞ്ഞു് അയാള്‍ ശമ്പളം വാങ്ങാന്‍ കൂട്ടാക്കിയില്ല.
കുറച്ചു കാലങ്ങള്‍ക്കു ശേഷം, അവര്‍ക്കു ജോലി കൊടുത്ത പണക്കാരന്‍ മരിച്ചു. അയാള്‍ എഴുതിവച്ചിരുന്ന മരണ പത്രത്തില്‍ പറഞ്ഞിരുന്നതു് അയാളുടെ ധനം മുഴുവനും ശമ്പളം വാങ്ങാതെ ജോലി ചെയ്തിരുന്ന ആ യുവാവിനു നല്കാനായിരുന്നു.
സത്യസന്ധതയോടെ ജോലി ചെയ്തവനെ ഉയര്‍ന്ന സ്ഥാനത്തേക്കു മാറ്റി നിയമിച്ചു. ജോലിയില്‍ കൃത്രിമം കാട്ടിയ, കൈക്കൂലി വാങ്ങിയ ആളെ ചുമട്ടുകാരനായി തരം താഴ്ത്തി.
തനിക്കു വേണ്ടതെല്ലാം തന്നയാളിൻ്റെ ഇച്ഛയ്‌ക്കൊത്തു, തനിക്കൊന്നും സ്വന്തമായി വേണ്ടെന്ന ഭാവത്തില്‍ ജോലി ചെയ്തവനു് എല്ലാം സ്വന്തമായി തീര്‍ന്നു. ഇതു പോലെയാണു നമ്മുടെ സ്ഥിതിയും. നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിൻ്റെ ഫലമാണു നമ്മള്‍ അനുഭവിക്കുന്നതു്.
സുഖഭോഗങ്ങളുടെ പിറകെ ഓടിയോടി ഒടുവില്‍ മനുഷ്യന്‍ തളര്‍ന്നു വീഴുന്ന കാഴ്ചയാണു് എങ്ങും കാണുന്നതു്.
ലോകം, ഇന്നു ഇരുള്‍ മൂടിയിരിക്കുകയാണു്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അമ്മയ്ക്കു വേദന തോന്നുന്നു. അരുതെന്നു പ്രകൃതി നിശ്ചയിച്ച പരിധികള്‍ മനുഷ്യന്‍ ലംഘിച്ചു കൊണ്ടിരിക്കുന്നു.
ലോക സുഖങ്ങള്‍ അനുഭവിക്കരുതു് എന്നല്ല അമ്മ പറയുന്നതു്. എങ്കിലും ഒരു സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ദ്രിയങ്ങളില്‍നിന്നും ലൗകിക വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന സുഖം ആത്മാവില്‍ നിന്നു ലഭിക്കുന്ന അനന്തമായ ആനന്ദത്തിൻ്റെ ചെറിയൊരു പ്രതിഫലനം മാത്രമാണു്. നമ്മുടെ യഥാര്‍ത്ഥസ്വരൂപം ആനന്ദമാണു്.
ബാഹ്യ വസ്തുക്കളില്‍ നിന്നും ഒരിക്കലും നമുക്കു യഥാര്‍ത്ഥ സുഖം ലഭിക്കില്ല. ഇന്നത്തെ ന്യൂസ് പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നതുപോലെ ഇന്നു നമുക്കു സുഖം തരുന്ന അതേ വസ്തുക്കള്‍ നാളെ നമുക്കു ദുഃഖത്തിനും നിരാശയ്ക്കും കാരണമായി തീരും. ഈ സത്യം മനസ്സിലാക്കി വിവേകപൂര്‍വ്വം ലോകത്തില്‍ ജീവിക്കാനാണു മതം പഠിപ്പിക്കുന്നതു്.