പണ്ടു് കടലില്‍ ഉപ്പുണ്ടായിരുന്നില്ല. എന്നാല്‍ അന്നും മുക്കുവന്മാരുണ്ടായിരുന്നു. ഒരു ദരിദ്രനായ മുക്കുവന്‍ അന്നൊരിക്കല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. വലയെറിഞ്ഞപ്പോള്‍ വലയില്‍ പെട്ടതൊരു ഭൂതം. മുക്കുവന്‍ ഭൂതത്തിനെ വലയില്‍നിന്നു മോചിപ്പിച്ച ശേഷം ആവശ്യപ്പെട്ടു, ”പൊന്നു ഭൂതത്താനേ, എൻ്റെ ദാരിദ്ര്യം തീര്‍ത്തു് അനുഗ്രഹിക്കണേ.”ഭൂതം ഒരു തിരികല്ലു മുക്കുവൻ്റെ വള്ളത്തില്‍ വച്ചിട്ടു പറഞ്ഞു, ”ഈ കല്ലിനോടു ചോദിച്ചാല്‍ നിനക്കു ധനം കിട്ടാനുള്ള ഒരു വസ്തു അതു തരും. വിലയുള്ളതെന്തെങ്കിലും ചോദിക്കൂ” എന്നു് ആശീര്‍വ്വദിച്ചു ഭൂതം മറഞ്ഞു.
മുക്കുവൻ്റെ ബുദ്ധിയില്‍ തെളിഞ്ഞതു് ഉപ്പു്. അന്നു ലവണം ഒരു ദുര്‍ല്ലഭവസ്തുവായിരുന്നു. മുക്കുവന്‍ പ്രാര്‍ത്ഥിച്ചു, ”തിരികല്ലേ, തിരിയൂ. ഉപ്പു തരൂ.” കല്ലു നിര്‍ത്താതെ തിരിയാന്‍ തുടങ്ങി. വെളുത്ത കല്ലുപ്പു കൈലാസം പോലെ തോണിയില്‍ നിറഞ്ഞു. ചാക്കുംപടി ഉപ്പു വിറ്റു താന്‍ ധനികനാകുന്നതു ചിന്തിച്ചിരുന്ന മുക്കുവന്‍ ഉപ്പു പ്രവാഹം നിര്‍ത്താനറിയാതെ കുഴങ്ങി. തോണിയോടെ മുങ്ങി. ആ തിരികല്ലു് ഇന്നും ആഴിക്കടിയില്‍ കിടന്നു തിരിഞ്ഞു് ഉപ്പുണ്ടാക്കിക്കൊണ്ടിരിക്കുന്നുവത്രെ. ഇതൊരു നാടോടിക്കഥയാണു്.
കടലമ്മയുടെ അനന്തലാവണ്യം കാണാന്‍ വരുന്നവര്‍ മല പോലെ ഉയര്‍ന്നു കരയില്‍ തലയിടിച്ചു ചിതറുന്ന തിര കണ്ടു് അന്തംവിടുന്നു. ഉപ്പുപതയെ കടലമ്മയുടെ പൊട്ടിച്ചിരിയായി കണ്ടു രസിക്കുന്നു. എന്നാല്‍, പാവം കടലമ്മ. ഉള്ളിലെ ഉപ്പിൻ്റെ ഭാരത്താല്‍ നീറുകയാണവള്‍. ‘കോള്‍ ഗേറ്റ് ചിരി’യും പ്രദര്‍ശിപ്പിച്ചു് ഉള്ളില്‍ നീറുന്ന സംസാരദുഃഖവുമായി അലയുന്ന സാദാ മനുഷ്യരെപ്പോലെ. ഒരുനാള്‍ കടലമ്മ അറിഞ്ഞു; കടല്‍ത്തീരത്തു് ഒരമ്മയുണ്ടത്രെ. കണ്ണുനീരൊപ്പാന്‍ വ്രതം നോറ്റൊരമ്മ!
താന്‍ പണ്ടു് ആഴിമകളായി കണക്കാക്കിയവള്‍. അമൃത മണി ഇന്നു് ആഴിക്കും ഊഴിക്കും മാതാവായി വളര്‍ന്നിരിക്കുന്നു. കടലമ്മ അഭയമാഗ്രഹിച്ചു. ആ സമീപം ഓടിയണയാന്‍ കൊതിച്ചു. സുനാമിയെ കൂട്ടുപിടിച്ചപ്പോള്‍ അതൊരു ദുരന്തമായി. ഒടുവില്‍ കടലമ്മയുടെ ദുഃഖം തീര്‍ക്കാന്‍, ദര്‍ശനമില്ലാത്ത ദിവസങ്ങള്‍ അമ്മ കടല്‍ത്തീരത്തു ധ്യാന സായാഹ്നം ഒരുക്കി.
കടല്‍ത്തീരത്തെ ധ്യാനം ആശ്രമനാമം അന്വര്‍ത്ഥമാക്കുന്നു. കടല്‍ത്തീരത്തു ഭജനാനന്ദക്കടല്‍. അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും സത്സംഗവും. അമൃതപുരിയിലെത്തുന്നവര്‍ക്കു് ആ സായാഹ്നങ്ങള്‍ നവ്യാനുഭവമാണു്. ശ്വാവുതൊട്ടു ശിശുവരെ അമ്മയുടെ അങ്കത്തിലേറും. ‘ഒരു കൊച്ചു ശിശുവിൻ്റെ തനുവെനിക്കുണ്ടെങ്കില്‍ എന്തൊരു ഭാഗ്യമാകുമായിരുന്നു!’ എന്നു കടപ്പുറത്തെ ധ്യാനരംഗത്തെത്തുമ്പോള്‍ പലര്‍ക്കും തോന്നിപ്പോകും. നിഷ്‌കളങ്കത നിലനിര്‍ത്താന്‍ അമ്മ ശിശുക്കളോടൊത്തു ചേരുന്നു.
സര്‍വ്വ രാഷ്ട്രങ്ങളുടെയും പ്രതിനിധികളായി അമ്മ തിരഞ്ഞെടുത്ത ആദ്ധ്യാത്മികജീവികളൊത്തുള്ള ഈ ധ്യാനവും അമ്മയോടുള്ള തീക്ഷ്ണപ്രേമം വെളിപ്പെടുത്തുന്ന അവരുടെ പ്രസംഗങ്ങളും ആത്മാവിൻ്റെ ഏകത്വം അനുഭവപ്പെടുത്തുന്നതാണു്. എല്ലാവരിലും ഒരേ ചൈതന്യം. അതിനാല്‍ എല്ലാവരും അമ്മയ്ക്കു് ഒരേ മോളൂട്ടിയും മോനും. ഒരേ ഭക്ഷണം, ഒരേപോലെ ജോലികള്‍. സ്വദേശിയായാലും വിദേശിയായാലും ഗുരുവില്‍ സമര്‍പ്പണം വന്നാല്‍ പിന്നെ എല്ലാവരും വിനയമൂര്‍ത്തികള്‍.
‘കാമുകീകാമുകന്മാര്‍ വിവാഹത്തിനു മുന്‍പു് ഏറെ സ്നേഹിക്കും. വിവാഹം കഴിഞ്ഞാല്‍ ആ ചൂടു കുറയും. വഴിയില്‍ ഒരു രത്‌നം കണ്ടാല്‍ നാം ഓടിച്ചെന്നെടുക്കും. ആ കല്ലു പോക്കറ്റിലായാല്‍പ്പിന്നെ അത്ര ഭ്രമമുണ്ടാവില്ല. ഈ മനോഭാവം അമ്മയോടുള്ള അടുപ്പത്തിലും സംഭവിക്കുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?’ എന്ന അമ്മയുടെ ചോദ്യത്തിനു കടപ്പുറത്തുവച്ചു മക്കള്‍ നല്കിയ മറുപടി ഭക്തിസൂത്രത്തിൻ്റെ വ്യാഖ്യാനങ്ങളായിരുന്നു.
‘മനസാ കൂടുതല്‍ പ്രേമിക്കുക. സേവനം ആത്മാര്‍ത്ഥമായി തുടരുക. ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ജപം നിര്‍ത്തരുതു്’ എന്നായിരുന്നു അവസാനം അമ്മയ്ക്കു മക്കളോടു പറയാനുണ്ടായിരുന്നതു്. സൂര്യന്‍ ഒരിക്കലും അലസനായി നില്ക്കുന്നില്ല! കടല്‍ ഒരാവശ്യമില്ലെങ്കിലും തിരയിളക്കിക്കൊണ്ടിരിക്കും. സൂര്യന്‍ കടല്ക്കരയില്‍ മറയുമ്പോഴും കടല്‍ത്തീരത്തു ഗുരുസ്വരൂപിയായ സൂര്യൻ്റെ ദര്‍ശനം ഭക്തര്‍ക്കു് ആലസ്യവും ഖേദവുമകറ്റുന്നതായി. അത്രയും വലിയ സത്സംഗവിരുന്നു മക്കള്‍ക്കു നല്കിയിട്ടു് അമ്മ വീണ്ടും ആശ്രമത്തിനുള്ളില്‍വന്നു ഭജനാമൃതം ഒഴുക്കുന്നു.
ഏകാഗ്രതയും ഭക്തിയും ഒത്തുചേരുമ്പോള്‍ വാക്കുകള്‍ക്കു ജീവന്‍ വയ്ക്കുന്നു! ഏതു ഭാഷയിലുള്ള ഭജനയും അമ്മയുടെ നാവിനു വഴങ്ങും. ആവര്‍ത്തിച്ചാവര്‍ത്തിച്ചു്, സുമധുരം സങ്കീര്‍ത്തനാലാപം ചെയ്യുന്ന അമ്മയുടെ ഈ ‘ഭജന’ ശിരസ്സിലെ നീര്‍ക്കെട്ടു്, വിങ്ങല്‍ ഇവയ്‌ക്കെല്ലാം നല്ലൊരു ഔഷധമാണു്. ഇതെൻ്റെ സ്വന്തം അനുഭവമായി പറയുകയാണു്. അമ്മയുണ്ടേയെനിക്കമ്മയുണ്ടേ… എന്ന ചിന്തതന്നെ ആശ്വാസം! കടല്‍ക്കരയിലെ ഈ ആനന്ദക്കടലിൻ്റെ ആഴം ആരറിയുന്നു! ധന്യ ധന്യേ… ജനനീ..
മുൻപുണ്ടായിട്ടുള്ള ഭൂകമ്പത്തെക്കുറിച്ചു വീണ്ടും ഓര്‍ത്തുപോകുന്നു. ഇനി അതിനെക്കറിച്ചു പറഞ്ഞിട്ടെന്തു ഫലം. ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുകയാണു് ഇപ്പോഴത്തെ ആവശ്യം. ഭക്തര്‍ മക്കള്‍ ഓരോരുത്തരും ആവുംവിധം സഹായം ചെയ്യാന്‍ തയ്യാറാകണം. ഗൃഹസ്ഥാശ്രമജീവിതത്തില്‍ ദാനധര്‍മ്മം അത്യാവശ്യമാണു്.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ത്തുപോകുകയാണു്. ഒരിക്കല്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പോയി. കൂട്ടുകാരന്‍ പറഞ്ഞു, നിങ്ങള്‍ ഈ രാഷ്ട്രീയത്തില്‍ ചേരരുതു്. ചേര്‍ന്നാല്‍ നിങ്ങള്‍ക്കുള്ളതു ധര്‍മ്മം ചെയ്യേണ്ടിവരും. ‘ചെയ്യാമല്ലോ?’ ‘നിങ്ങള്‍ക്കു രണ്ടു കാറുണ്ടെങ്കില്‍ ഒരു കാറു ദാനം ചെയ്യണം’. ‘അതിനെന്താ ചെയ്യാമല്ലോ? തീര്‍ച്ചയായും ചെയ്യും.’
‘നിങ്ങള്‍ക്കു രണ്ടു വീടുണ്ടെങ്കില്‍ ഒന്നു ധര്‍മ്മം ചെയ്യേണ്ടി വരും’. ‘അതിനെന്താ അതും ചെയ്യാമല്ലോ.’ ‘നിങ്ങള്‍ക്കു രണ്ടു പശുവുണ്ടെങ്കില്‍ ഒന്നിനെ പശുവില്ലാത്തവര്‍ക്കു കൊടുക്കേണ്ടിവരും’. ‘ഓ അതു പറ്റില്ല’. ‘അതെന്താ, കാറും വീടുമൊക്കെ കൊടുക്കാന്‍ മടിയില്ല, ഈ പശുവിനെ മാത്രം കൊടുക്കാന്‍ മടിക്കുന്നതെന്തിനാണു്?’ ‘അതോ? എനിക്കു് കാറും വീടുമൊന്നും രണ്ടില്ല. എന്നാല്‍ പശുക്കള്‍ രണ്ടുണ്ടു്.’
മക്കളേ, ഇതാണു് ഇന്നുള്ളവരുടെ ധര്‍മ്മത്തിൻ്റെ സ്വഭാവം. ഇല്ലാത്തതെന്തും ദാനം ചെയ്യാന്‍ പൂര്‍ണ്ണമനസ്സാണു്. പക്ഷേ, ഉള്ളതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. നമ്മുടെ ധര്‍മ്മം ഇങ്ങനെയാകരുതു്. നമ്മള്‍ കുറച്ചു കഷ്ടപ്പാടു സഹിച്ചാലും അന്യനൊരുവനെ സഹായിക്കാനായാല്‍ അതാണു് ഏറ്റവും വലിയ ഈശ്വരപൂജ. നമ്മള്‍ അനാവശ്യമായി വസ്ത്രത്തിനും ഭക്ഷണത്തിനും ചെലവാക്കുന്ന പണം മതി, എത്രയോ സാധുക്കളെ സേവിക്കുവാന്‍ സാധിക്കും.
ഇന്നു് നമ്മള്‍ എത്ര പണം അനാവശ്യമായി ചെലവാക്കുന്നു. ഇന്നത്തെ ആളുകളുടെ വിചാരം സിഗററ്റു വലിച്ചാലേ പുരുഷനാകുകയുള്ളൂ എന്നാണു്. സിഗററ്റു വലിയാണു പുരുഷലക്ഷണം എന്നാണവര്‍ കരുതുന്നതു്. പുകവലി ബുദ്ധിജീവികളുടെ ലക്ഷണമായി കരുതുന്നവരും ഉണ്ടു്. എന്നാല്‍, ഇതു ബുദ്ധിമന്ദതയുടെ ലക്ഷണമാണു്. തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്നവരാണു യഥാര്‍ത്ഥ ബുദ്ധിജീവികള്‍. പുകവലി ആരോഗ്യത്തിനു ദോഷകരമാണെന്നു സിഗററ്റു കവറില്‍ത്തന്നെ എഴുതിയിട്ടുണ്ടു്. എന്നിട്ടും പുകവലിക്കുന്നുവെങ്കില്‍ അവരെ ബുദ്ധിജീവിയെന്നോ വിഡ്ഢിജീവിയെന്നോ വിളിക്കേണ്ടതു്? പുകവലിക്കാര്‍ ഒരു മാസം ചിലവാക്കുന്ന പൈസ മതി ഭാരതത്തിലെ ദാരിദ്ര്യം മാറ്റാന്‍.
മക്കളേ, പതിനഞ്ചുവര്‍ഷം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ നൂറു കോടിയില്‍ അധികമാണു് ഇന്നു ലോകജനസംഖ്യ. ഭാരതത്തില്‍ത്തന്നെ ഓരോ വര്‍ഷവും കോടിക്കണക്കിനു കുഞ്ഞുങ്ങളാണു ജനിച്ചുവീഴുന്നതു്. ഇങ്ങനെ പോയാല്‍ ഒരു പത്തുവര്‍ഷം കഴിയുമ്പോഴത്തെ അവസ്ഥ എന്താകും? പക്ഷേ, ജനങ്ങള്‍ പെരുകുന്നതിനനുസരിച്ചു മൂല്യങ്ങള്‍ വളരുകയല്ല, നശിക്കുകയാണു ചെയ്യുന്നതു്. ഇനിയുള്ള ഓരോ പാദവും വളരെ ശ്രദ്ധയോടെ വച്ചില്ല എങ്കില്‍ ഭാവി ഇരുളടഞ്ഞതാകും. അതിനാല്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളില്‍ കൂടുതലാകരുതു്.
കുട്ടികള്‍ ഇല്ലാത്തവര്‍, കൂടുതല്‍ കുട്ടികളുള്ള സാധുകുടുംബങ്ങളിലെ കുട്ടികളുടെ ചുമതല ഏറ്റെടുക്കണം. അവര്‍ക്കു നല്ല സംസ്‌കാരം പകരണം. അങ്ങനെ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടവിധം ശ്രദ്ധയോടെ ജീവിതം നയിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ധാര്‍മ്മികകാര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നതാണു ശരിയായ ആദ്ധ്യാത്മികത. അതിനുള്ള ഒരു മനസ്സിനെയാണു മക്കള്‍ വാര്‍ത്തെടുക്കേണ്ടതു്. അമ്മ കൂടുതല്‍ പറഞ്ഞു മക്കളെ ബുദ്ധിമുട്ടിക്കുന്നില്ല. മക്കളെല്ലാം കണ്ണടച്ചു ലോകശാന്തിക്കുവേണ്ടി ആദ്യം പ്രാര്‍ത്ഥിക്കുക. നിഷ്‌കാമമായ ഒരു മാതാവിൻ്റെ ഹൃദയം ഉണ്ടാകണേ എന്നു മനസ്സുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടു് അവിടുത്തെ പാദങ്ങളില്‍ രണ്ടിറ്റു കണ്ണുനീര്‍ അര്‍പ്പിക്കുക.
നിഷ്‌കളങ്കഭാവം ഉള്ളില്‍ നിറയ്ക്കാന്‍ ശ്രമിക്കണം. മൊട്ടായിരിക്കുമ്പോള്‍, പുഷ്പത്തിൻ്റെ ഭംഗിയോ, പരിമളമോ, അറിയാന്‍ പറ്റില്ല. വിടരുമ്പോഴേ അതാസ്വദിക്കാന്‍ കഴിയൂ. സുഗന്ധം നുകരാന്‍ സാധിക്കൂ. അതുപോലെ മക്കളുടെ ഹൃദയം വിടര്‍ത്തൂ. തീര്‍ത്തും നമുക്കവിടുത്തെ പുല്കാം. ഒരു കുട്ടി, കല്ലെടുത്തുവച്ചു സപ്രമഞ്ചം എന്നു കണ്ടു ഭാവന ചെയ്യുന്നതുപോലെ, ജഗദംബയെ ഉള്ളില്‍ കണ്ടു്, നിഷ്‌കളങ്കഹൃദയത്താല്‍ ഭാവന ചെയ്യൂ. എല്ലാം മറന്നു് അമ്മാ… അമ്മാ… എന്നു് കേണുകൊണ്ടു്, ‘നല്ല കര്‍മ്മം ചെയ്യിക്കണേ, കരുണയുള്ളവരാക്കണേ, ഹൃദയത്തെ വിശാലമാക്കണേ’ എന്നിങ്ങനെ മക്കള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കൂ… ?
കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു.
അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ ആഹ്ളാദിച്ചു. റാപ്പർ തുറന്നു നോക്കിയപ്പോൾ മനോഹരമായ ഒരു മുഖചിത്രം, അമ്മയും ഒരു കുഞ്ഞും. ‘ഇവൻ എൻ്റെ മകനെപ്പോലെ ഇരിക്കുന്നല്ലോ!’ എന്നാണു പെട്ടെന്നു് എനിക്കു തോന്നിയതു്. ഞാൻ സൂക്ഷിച്ചു നോക്കി. എനിക്കു വിശ്വസിക്കാനായില്ല. അതു് എൻ്റെ മകൻതന്നെയായിരുന്നു. ഞാൻ ഓർത്തു നോക്കി. 2006ൽ ബാഴ്‌സലോണയിൽ വച്ചാണു് ആ ഫോട്ടോ എടുത്തതു്. അമ്മയ്ക്കു കൊടുക്കാനായി ആ മഞ്ഞ റോസാപുഷ്പം വാങ്ങിയതു് എനിക്കു നല്ല ഓർമ്മയുണ്ടു്.
ഇതു വളരെ അദ്ഭുതകരമായി എനിക്കു തോന്നി. ജീവിതത്തിൽ ആദ്യമായാണു ഞാൻ മാതൃവാണി വരുത്തുന്നതു്, അതും ചൈനയിൽ. എന്നിട്ടു് ആദ്യമായി എനിക്കു കിട്ടുന്ന മാതൃവാണിയുടെ മുഖചിത്രത്തിൽ അമ്മയോടൊപ്പം സ്‌പെയിനിൽവച്ചെടുത്ത എൻ്റെ മകൻ്റെ ഫോട്ടോ! അമ്മേ! ഇതെത്ര മനോഹരമായ പ്രസാദം! ‘എവിടെപ്പോയാലും എൻ്റെ ഹൃദയത്തിൽനിന്നു നിനക്കു പോകാനാകില്ല’ എന്നു് അമ്മ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നോ? ‘നീ ഒരിക്കലും തനിച്ചല്ല, ഞാനുണ്ടു് എപ്പോഴും നിൻ്റെ കൂടെ’ എന്നു സമാധാനിപ്പിക്കുകയായിരുന്നോ?
2010 ജൂലായിലാണു ഞാൻ ഷാങ്ഹായിൽ താമസിക്കാൻ തുടങ്ങിയതു്. ആദ്യം എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. ചൈനക്കാർ നല്ലവരൊക്കെയാണു്, എനിക്കവരെ ഇഷ്ടവുമായിരുന്നു. എന്നാൽ യൂറോപ്പിലെതിൽനിന്നും വളരെ വ്യത്യസ്തമാണു ചൈനയിലെ ജീവിതരീതികൾ. അതു് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
അമ്മയെക്കുറിച്ചുള്ള ബുക്കുകളും സീഡികളും അമ്മയുടെ ഫോട്ടോകളുമെല്ലാം ഞാൻ ചൈനയിലേക്കു കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇൻ്റർനെറ്റിൽ എത്ര പരതിയിട്ടും അവിടെ അടുത്തെങ്ങും അമ്മയുടെ ഒരു സത്സംഗസമിതിപോലും എനിക്കു കണ്ടെത്താനായില്ല.
2011 ഫെബ്രുവരിയിൽ എൻ്റെ ഭർത്താവിൻ്റെ സഹോദരൻ പെട്ടെന്നു മരിച്ചു. ഞങ്ങൾ, ഞാനും എൻ്റെ ഭർത്താവും മകനും വളരെ ദുഃഖിച്ചു. ഈ ദുഃഖംകൊണ്ടായിരിക്കണം, ഞാൻ അമ്മയുടെ സാന്നിദ്ധ്യം കൂടുതൽ ആഗ്രഹിക്കാൻ തുടങ്ങി. ഒരു ദിവസം ഞാൻ അമ്മയോടു കരഞ്ഞുകൊണ്ടു പ്രാർത്ഥിച്ചു, ”അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ടു് എന്നു് എനിക്കറിയാം. പക്ഷേ, ഇവിടെ, ഷാങ്ഹായിൽ അമ്മയുടെ മക്കളുടെ കൂട്ടിനു് അമ്മയുണ്ടാവണമെന്നു ഞാൻ കൊതിക്കുന്നു അമ്മേ! ഇവിടെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു.”
അമ്മയുടെ ഭക്തരെ കാണാൻ, അവരോടു് അമ്മയെക്കുറിച്ചു സംസാരിക്കാൻ, അവർ പറയുന്നതു കേൾക്കാൻ കഴിയാതെ എൻ്റെ ഹൃദയം വിങ്ങി. എനിക്കറിയാവുന്ന അമ്മയുടെ മക്കളോടൊക്കെ ഞാൻ ഇമെയിൽ ചെയ്തു് അന്വേഷിച്ചു, ഷാങ്ഹായിൽ അവർക്കു് ഏതെങ്കിലും അമ്മയുടെ ഭക്തരെ അറിയാമോ എന്നു്. അവർക്കാർക്കും അറിയില്ലായിരുന്നു. ”എൻ്റെ അമ്മേ, യൂറോപ്പിലായിരുന്നപ്പോൾ എനിക്കു് അവസരം കിട്ടിയിട്ടും ഞാൻ ധ്യാനം (അമൃതയോഗ) പഠിച്ചില്ലല്ലോ. ഇപ്പോൾ വൈകിപ്പോയി. ഈ ഏകാന്തത മാറ്റാൻ ഞാനിനി എന്തുചെയ്യും?” ഞാൻ സ്വയം കുറ്റപ്പെടുത്തി.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു ഇമെയിൽ കിട്ടി. അയച്ചിരിക്കുന്നതു് അമ്മയുടെ ഒരു ബ്രഹ്‌മചാരിണിയാണു്. മെയിൽ വായിച്ചു ഞാൻ അദ്ഭുതപ്പെട്ടു പോയി. അമ്മയുടെ ആശ്രമത്തിലെ ഒരു സ്വാമിജി അമൃത യോഗ പഠിപ്പിക്കാനായി ഷാങ്ഹായിൽ വരുന്നുവെന്നു്! മക്കളുടെ പ്രാർത്ഥന അമ്മ എത്ര എളുപ്പം കേൾക്കുന്നു! ശ്രേയസ്സിനു വേണ്ടതെല്ലാം എത്ര വ്യഗ്രതയോടെ ഒരുക്കിത്തരുന്നു! യോഗ പഠിക്കുന്നതിനിടയിലാണു ഞാൻ ലൈലിയെ പരിചയപ്പെട്ടതു്. അവർ ഷാങ്ഹായിലുള്ള അമ്മയുടെ ഒരു ഭക്തയാണു്. ഒരു ചൈനാക്കാരി. അവരും ഞാനും കൂടി ഷാങ്ഹായിലെ ആദ്യത്തെ സത്സംഗം എൻ്റെ വീട്ടിൽ തുടങ്ങി.
ആദ്യമായി പൂജ ചെയ്യാനായി സ്വാമിജിതന്നെ എത്തി. വെറും പത്തു ദിവസം മുൻപു് എനിക്കു ഷാങ്ഹായിൽ അമൃതയോഗ പഠിക്കാൻ പറ്റുമെന്നോ അമ്മയുടെ ആശ്രമത്തിലെ ഒരു സ്വാമിജി എൻ്റെ വീട്ടിൽ വന്നു സത്സംഗം നടത്തുമെന്നോ എൻ്റെ മകൻ്റെ പിയാനോവിൽ ഭജന വായിക്കുമെന്നോ എനിക്കു ചിന്തിക്കാൻപോലും ആവില്ലായിരുന്നു. അന്നുമുതൽ എല്ലാ ആഴ്ചയും ഷാങ്ഹായിൽ ഓരോ സ്ഥലങ്ങളിൽ ഞങ്ങളെല്ലാം ഒന്നിച്ചുകൂടി അമ്മയുടെ ഭജന നടത്തി തുടങ്ങി; അങ്ങനെ ഷാങ്ഹായിൽ ‘അമൃതകുടുംബ’ത്തിനു തുടക്കമായി.
”നിങ്ങൾ എപ്പോഴാണു് ആദ്യമായി അമ്മയെ കണ്ടതു്?” എന്നോടു പലരും ചോദിക്കാറുണ്ടു്.
”ഞാൻ ആദ്യമായി അമ്മയെ കണ്ടതു് ഒരു സ്വപ്‌നത്തിലാണു്,” എന്നാണു ഞാൻ ഉത്തരം പറയാറു്.
1991ൽ എനിക്കു പതിനേഴു വയസ്സുള്ളപ്പോൾ എൻ്റെ അച്ഛൻ മരിച്ചു. വളരെ ഔദാര്യമുള്ള, മഹാമനസ്‌കനായ, എപ്പോഴും തമാശ പറയുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു എൻ്റെ അച്ഛൻ. അച്ഛൻ്റെ മരണത്തിനു ശേഷം ആറു വർഷം ഞാൻ കെട്ടിടം, ഭൂമി മുതലായവ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടു.
ആ കാലത്തു് എന്നെ സഹായിക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമില്ലായിരുന്നു. ഈ ലോകത്തു വല്ലാതെ ഒറ്റപ്പെട്ടുപോയിരുന്ന ഞാൻ ദുഃഖവും ഏകാന്തതയും സഹിക്കാനാകാതെ മരിക്കാൻ തീരുമാനിച്ചു. മരണശേഷം എന്താണുണ്ടാവുക എന്നതിനെക്കുറിച്ചു് എനിക്കു് ഉറപ്പില്ല. എന്തായാലും എൻ്റെ അച്ഛൻ്റെ അടുത്തെത്താൻ കഴിയണം എന്നായിരുന്നു എൻ്റെ ഉദ്ദേശ്യം.
ആ സമയത്താണു ഞാനാ ‘സ്വപ്‌നം’ കണ്ടതു്. സ്വപ്‌നത്തിൽ ഞാനെൻ്റെ അച്ഛനെ കണ്ടു. അച്ഛനെ ഞാൻ കെട്ടിപ്പിടിച്ചു. അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ”നീ ഇങ്ങനെ എന്നെ ഓർത്തു സങ്കടപ്പെട്ടിരിക്കാൻ പാടില്ല. ഞാനിപ്പോൾ എവിടെയാണെന്നു നിനക്കു കാണിച്ചു തരാം.” അച്ഛൻ എന്നെ കൈപിടിച്ചു കൊണ്ടുപോയി. ആ ലോകം എനിക്കു വാക്കുകൾകൊണ്ടു വിവരിക്കാനാകില്ല. അവിടെ ആനന്ദവും പ്രേമവും നിറഞ്ഞുനിന്നിരുന്നു.
ഞാൻ സന്തോഷംകൊണ്ടു് ഉന്മത്തയായി അച്ഛനെ വീണ്ടുംവീണ്ടും ആലിംഗനം ചെയ്തു. വെളുത്ത വസ്ത്രം ധരിച്ച പലരും എന്നെ കാണാൻ വന്നു. അവർ അടുത്തു വന്നപ്പോൾ എനിക്കു മനസ്സിലായി, വെള്ള വസ്ത്രം ധരിച്ചിരിക്കയല്ല, വെളുത്ത പ്രകാശത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കയാണു്. അവർ പറയുന്നതു് എന്താണെന്നു് എനിക്കു മനസ്സിലായില്ല. എന്നാൽ അവരുടെ സ്നേഹം എനിക്കു് അനുഭവിക്കാൻ കഴിഞ്ഞു.
ഞാൻ സന്തോഷവതിയായി, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി അവരുടെ നടുവിൽ നില്ക്കുമ്പോഴാണു് ആ സ്ത്രീ വന്നതു്. കറുത്ത മുടിയും ഇരുണ്ട നിറവും പ്രേമവും കാരുണ്യവും നിറഞ്ഞ കണ്ണുകളുമുള്ള ഒരു സ്ത്രീ. ”ഞാൻ അമ്മയാണു്” അവരെന്നോടു പറഞ്ഞു. ”ഞാൻ നിനക്കു് ഒരു സാധനം കാണിച്ചു തരാം. ”
അവരെന്നെ ഒരു ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. ചുമരുകളില്ലാത്ത, നാലുവശത്തും തൂണുകളോടു കൂടിയ, ചതുരത്തിലുള്ള ഒരു ക്ഷേത്രമായിരുന്നു അതു്. അതിൻ്റെ നടുവിൽ പ്രകാശംകൊണ്ടുള്ള ഒരു പിരമിഡു്. അതു ചൂണ്ടിക്കാണിച്ചിട്ടു് അവരെന്നോടു പറഞ്ഞു, ”ഇതാണു സത്യം. ഇതൊരിക്കലും മറക്കരുതു്.” ഞാനങ്ങനെ അവരുടെ അടുത്തു് ആഹ്ളാദിച്ചു നില്ക്കുമ്പോൾ അച്ഛൻ എൻ്റെ അടുത്തുവന്നു് എനിക്കു തിരിച്ചുപോകാൻ സമയമായി എന്നു് അറിയിച്ചു. എന്നാൽ ആ ലോകം വിട്ടു വരാൻ എനിക്കു തീരെ സമ്മതമുണ്ടായിരുന്നില്ല.
”എന്നോടു് എന്തിനാണു തിരിച്ചു പോകാൻ പറയുന്നതു്? ആനന്ദവും സ്നേഹവും നിറഞ്ഞ ഈ ലോകത്തിൽ എനിക്കു ജീവിക്കണം” ഞാൻ അച്ഛനോടു പറഞ്ഞു. പക്ഷേ, എൻ്റെ സമയം കഴിഞ്ഞുവെന്നും തിരിച്ചു പോകാതെ പറ്റില്ല എന്നും അച്ഛൻ തീർത്തു പറഞ്ഞു. ഞാൻ ഉറക്കമുണർന്നു. അപ്പോഴും ഞാൻ വളരെ ആഹ്ളാദഭരിതയായിരുന്നു.
ഇന്നലെവരെ ഞാൻ കണ്ട ലോകമല്ല ഇപ്പോൾ എനിക്കു ചുറ്റും. എൻ്റെ ഹൃദയത്തിനു് ഇപ്പോൾ കൂടുതൽ സ്വച്ഛത വന്നിരിക്കുന്നു. സർവ്വ ചരാചരങ്ങളോടും എനിക്കു നന്ദി തോന്നുന്നു. എൻ്റെ ചുറ്റും കാണുന്നവരൊക്കെ ഞാൻതന്നെയാണെന്നു മനസ്സിലാകുന്നു. അതു് അദ്ഭുതകരമായ ഒരു തിരിച്ചറിവാണു്.
ഈ ‘സ്വപ്‌നം’ കാണുന്നതിനു മുൻപും എനിക്കു് ഈശ്വരനിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ എനിക്കു മതം ഉണ്ടായിരുന്നില്ല. ഹിന്ദുമതത്തെക്കുറിച്ചോ ബുദ്ധമതത്തെക്കുറിച്ചോ എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു്, ദുഃഖം വരുമ്പോഴൊക്കെ ഞാൻ ഈ സ്വപ്‌നം ഓർക്കുമായിരുന്നു. പ്രേമവും കാരുണ്യവും നിറഞ്ഞ ഒരു ലോകം ഈ പ്രപഞ്ചത്തിൽ എവിടെയോ ഉണ്ടു് എന്ന ഉറപ്പു് എനിക്കു് ആശ്വാസം തരുമായിരുന്നു.
2004ൽ ഞാൻ ബാഴ്‌സലോണയിലാണു താമസിച്ചിരുന്നതു്. എൻ്റെ മകനു് അന്നു രണ്ടു മാസമായിരുന്നു പ്രായം. ഒരു ദിവസം ഞാൻ നടക്കാൻ പോയപ്പോൾ എനിക്കൊരു നോട്ടീസ് കിട്ടി. അതിൽ അമ്മയുടെ ഫോട്ടോ ഉണ്ടായിരുന്നു. ”ഞാൻ സ്വപ്‌നത്തിൽ കണ്ട സ്ത്രീയെപ്പോലെയുണ്ടല്ലോ ഇവർ. പേരും അതുതന്നെ, അമ്മ! ഇതെങ്ങനെ സംഭവിച്ചു?” എന്നാണു ഞാൻ അദ്ഭുതത്തോടെ ചിന്തിച്ചതു്.
പ്രേമത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമൊക്കെ ആ നോട്ടീസിൽ എഴുതിയിരുന്നതു വായിച്ചപ്പോൾ അതു് എൻ്റെ അച്ഛൻ്റെ ലോകത്തുനിന്നു വരുന്ന സന്ദേശംപോലെയാണു് എനിക്കു തോന്നിയതു്. ആ നോട്ടീസ് ഞാൻ വീട്ടിലേക്കു കൊണ്ടു വന്നു. ഞാൻ സ്വപ്‌നത്തിൽ കണ്ട ആ സ്ത്രീ യഥാർത്ഥത്തിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നു് എനിക്കു വിശ്വസിക്കാനായില്ല. അടുത്ത മാസം അമ്മ ബാഴ്‌സലോണയിൽ വരുന്നു എന്നാണു നോട്ടീസിൽ പറഞ്ഞിരിക്കുന്നതു്.
ആ വർഷം എനിക്കു് അമ്മയെ കാണാനായില്ല. അമ്മയുടെ പ്രോഗ്രാം സമയത്തു് എൻ്റെ മകനെ ഡോക്ടറെ കാണിക്കാൻവേണ്ടി എനിക്കു ഫ്രാൻസിലേക്കു പോകേണ്ടി വന്നു. എന്നാൽ ഞാൻ ആ നോട്ടീസ് കളയാതെ ഒരു നിധിപോലെ സൂക്ഷിച്ചു. അടുത്ത വർഷം ഒരു വയസ്സു് പ്രായമായ എൻ്റെ മകനുമൊന്നിച്ചു ഞാൻ അമ്മയുടെ പ്രോഗ്രാമിനു പോയി.
അമ്മയെ ആദ്യമായി നേരിട്ടു കണ്ടപ്പോൾ, അമ്മയിൽനിന്നു പുറപ്പെടുന്ന ആ പ്രേമപ്രവാഹത്തിൻ്റെ തരംഗങ്ങൾ അനുഭവിക്കാനായപ്പോൾ എനിക്കു് അജ്ഞാതമായ ആ ഉന്നതലോകത്തു വളരെ കാലം മുൻപു ഞാൻ കണ്ടതു് ഇതേ അമ്മയെതന്നെയായിരുന്നുവെന്നു് ഉറപ്പായി. അമ്മ ഒരേ സമയത്തു് എല്ലാ ലോകങ്ങളിലും ഉണ്ടു് എന്നു പറയുന്നതു സത്യമാണെന്നു് എനിക്കു ബോദ്ധ്യമുണ്ടു്. ഞാനതിനു സാക്ഷിയാണല്ലോ.
അമ്മയുടെ അമേരിക്കക്കാരിയായ ഭക്ത ലൊറേറ്റയെ (നിത്യ പ്രിയ) ഞാൻ ഷാങ്ഹായിൽവച്ചു കാണുമ്പോൾ അവർ കാൻസർ ബാധിച്ചു് അത്യാസന്നനിലയിലായിരുന്നു. അമേരിക്കയിൽനിന്നും വളരെ വ്യത്യസ്തമായ സംസ്‌കാരമുള്ള ചൈനയിൽ അവസാന കാലത്തു നിത്യപ്രിയ വളരെ മാനസികസംഘർഷത്തിലായിരുന്നു. ഞാൻ അപ്പോൾ അവരോടു് എൻ്റെ അനുഭവം പറഞ്ഞു.
വളരെ ആനന്ദവും പ്രേമവും നിറഞ്ഞ ഒരു ലോകമാണു നമ്മെ കാത്തിരിക്കുന്നതെന്നും മരണശേഷം നമ്മൾ ഏതു ലോകത്തു പോയാലും അവിടെ അമ്മ ഉണ്ടാകുമെന്നും ഇതു ഞാൻ അനുഭവിച്ചു് അറിഞ്ഞതാണെന്നും അവരോടു ഞാൻ പറഞ്ഞു. എൻ്റെ അനുഭവം കേട്ടപ്പോൾ അവർക്കു വളരെ ആശ്വാസമായി. മരണശേഷം നമ്മൾ ഏതു ലോകത്തു ചെന്നാലും അമ്മ നമ്മെ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നു കേട്ടപ്പോൾ മുതൽ അവർ വളരെ പ്രതീക്ഷയോടെ അവസാനദിവസങ്ങൾ കഴിച്ചുകൂട്ടി. മരണം വരെ എൻ്റെ മകൻ്റെ കൂടെ കളിച്ചും ചിരിച്ചും അവർ സമയം ചിലവഴിച്ചു. നിത്യപ്രിയ മരിച്ചപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിലിരുന്നു ഭജന പാടി.
ജീവിതത്തിലെ ഓരോ നിമിഷത്തിലും അമ്മ നമ്മുടെ കൂടെയുണ്ടു്. നമ്മുടെ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ ഓരോരുത്തരുടെയും കൂടെ അമ്മയുണ്ടു്. നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെയൊക്കെ ഈ ലോകത്തിലും പരലോകത്തിലും അമ്മയുണ്ടെന്ന അറിവു നമുക്കു് എത്രമാത്രം ആശ്വാസപ്രദമാണു്! ഒരു കാര്യം എനിക്കു് ഉറപ്പുണ്ടു്: വാസ്തവത്തിൽ മരണം നിലനില്ക്കുന്നില്ല, സ്നേഹം മാത്രമേ എന്നെന്നും നിലനില്ക്കുന്നുള്ളൂ.
പത്രലേ: എല്ലാം നമ്മളിൽത്തന്നെയുണ്ടെന്നല്ലേ ശാസ്ത്രങ്ങൾ പറയുന്നത്. പിന്നെ ഈ സാധനയുടെ ആവശ്യമെന്താണ്.
അമ്മ: നമ്മളിൽ എല്ലാമുണ്ടെങ്കിലും അതിനെ അനുഭവതലത്തിൽ കൊണ്ടുവരാതെ യാതൊരു പ്രയോജനവുമില്ല. അതിനു സാധന കൂടാതെ പറ്റില്ല. തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങൾ പറഞ്ഞിരുന്ന ഋഷിമാർ ആ തലത്തിൽ എത്തിയവരായിരുന്നു.
അവരുടെ സ്വഭാവരീതി നമ്മുടേതിൽനിന്നു് എത്രയോ ഭിന്നമായിരുന്നു. അവർ സകലജീവരാശികളെയും ഒരുപോലെ കണ്ടു് സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. അവർക്കു പ്രപഞ്ചത്തിൽ യാതൊന്നും അന്യമായിരുന്നില്ല. അവർക്കു് ഈശ്വരീയഗുണങ്ങളാണു് ഉണ്ടായിരുന്നതെങ്കിൽ, നമുക്കു് ഈച്ചയുടെ ഗുണമാണുള്ളതു്. ഈച്ചയുടെ വാസം മലത്തിലും അഴുക്കിലുമാണു്.
അതുപോലെ നമ്മുടെ മനസ്സിനു് ഇന്നു തെറ്റും കുറവും കാണാനേ കഴിവുള്ളൂ. അതു മാറണം. സർവ്വതിലും നന്മ കാണാൻ സാധിക്കണം. സാധനയിലൂടെയും മനനത്തിലൂടെയും തത്ത്വം ഗ്രഹിക്കാത്തിടത്തോളം കാലം, എന്നിൽ എല്ലാം ഉണ്ടെന്നു പറഞ്ഞതുകൊണ്ടു് യാതൊരു പ്രയോജനവുമില്ല.
നാല്പതും അമ്പതും വർഷം ശാസ്ത്രവും സൂത്രവും എല്ലാം പഠിച്ചവർ ഇവിടെ വരാറുണ്ട്. അവരു പറയുന്നതും ഒരു മനഃസമാധാനവുമില്ലെന്നാണ്. കത്തുന്ന വിളക്കിൻ്റെ പടംവരച്ചു രാത്രി ഭിത്തിയിൽ തൂക്കിയതുകൊണ്ടു വെളിച്ചം കിട്ടില്ല.
എന്തെങ്കിലും കാണണമെന്നുണ്ടെങ്കിൽ ശരിയായ ലൈറ്റു തെളിക്കുകതന്നെ വേണം. പഠിച്ചതുകൊണ്ടോ പ്രസംഗിച്ചതുകൊണ്ടോ മാത്രമായില്ല. അനുഭവം വേണമെങ്കിൽ സാധനചെയ്തു ‘യഥാർത്ഥ ഞാനി’നെ കണ്ടെത്തണം. അതിനു ഗുരുവിൻ്റെ സഹായം ആവശ്യമാണു്.
പത്രലേ: ആ സഹായമാണോ അമ്മ ചെയ്യുന്നത്? അമ്മ: അമ്മ സ്വയം ഒന്നും ചെയ്യുന്നില്ല. എല്ലാം പരമാത്മാവു ചെയ്യിക്കുന്നു. പക്ഷേ ഇന്നിവർക്കു് അമ്മ ആവശ്യമാണ്. സാധകനു ഗുരു ആവശ്യമാണു് എന്തുകൊണ്ടാണെന്നോ? ഇന്നു നമുക്കു ദുർബ്ബലമായ മനസ്സാണുള്ളത്.
കൊച്ചുകുട്ടികൾ തീ കണ്ടാൽ കൈയുടനെ അതിൽ കൊണ്ടുവയ്ക്കും. അപ്പോൾ അമ്മ പറഞ്ഞുകൊടുക്കും, ”മോനേ, അതിൽ തൊടല്ലേ കൈപൊള്ളും.” കുട്ടിയെ പിന്തിരിപ്പിക്കുവാൻ അത്രയും പറയേണ്ട ആവശ്യം വന്നില്ലേ. ഇത്രയേ അമ്മയും പറയുന്നുള്ളു. ഒരു പരിധിവരെ നമ്മളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഒരാളാവശ്യമാണ്.