പ്രശാന്ത് IAS

വാക്കു ശക്തിയാണു്. ഊര്‍ജ്ജമാണു്. നമ്മള്‍ ഇത്രയും ഊര്‍ജ്ജപ്രതിസന്ധി നേരിടുന്നതു് എന്തുകൊണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ വാചകമടികൊണ്ടുതന്നെ! എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മലയാളികള്‍ക്കു വലിയ വിമ്മിഷ്ടമാണു്. ഏതൊരു വിഷയവും മലയാളിക്കു ചര്‍ച്ച ചെയ്തേ പറ്റൂ. ചായക്കടകളും ചാനല്‍ സന്ധ്യകളും ഇതിനു വേദിയാകുന്നു. അല്പജ്ഞാനവും അത്യുത്സാഹവും സമം ചേര്‍ന്ന ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചും ആകാം. ആത്യന്തികമായി ഒരു ‘ഗോസിപ്പ്’ പറച്ചില്‍ മാത്രമായി ഒതുങ്ങുന്ന ഇത്തരം വേദികള്‍ കാഴ്ചക്കാരുടെ മനസ്സുകളെ ഉപരിപ്ലവമായ ഒരു മായയില്‍ തളച്ചിടുന്നതായി കാണാം. ഒന്നിനെക്കുറിച്ചും ഗഹനമായ തിരിച്ചറിവില്ലെങ്കിലും വാക്കുകൊണ്ടുള്ള കസര്‍ത്തു നടത്തിയാല്‍ മിടുമിടുക്കനായി എന്ന ധാരണ ഇന്നു പരക്കെയുണ്ടു്.

ഇരുപത്തിനാലു മണിക്കൂറും ചിലച്ചുകൊണ്ടിരിക്കുന്ന, ഇല്ലാത്ത ‘ന്യൂസ്’ നിരന്തരം ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചാനലുകളില്‍ കണ്ണും നട്ടിരിക്കുന്നവനാണു് ആധുനികമലയാളി. അമ്മയെത്തല്ലിയാലും ഇരുപക്ഷമുണ്ടെന്നാണു പഴമൊഴി. പുതുമൊഴി ഇതിലും വിശാലമായ ഒന്നാണു്. ഇന്നു വ്യക്തികളെ അസഭ്യം പറയുന്നതിൻ്റെ തെറ്റുശരികള്‍വരെ അപഗ്രഥനം ചെയ്യുന്ന സാഹചര്യമായി. ഒരു ചര്‍ച്ചയും എവിടെയും ചെന്നെത്തുന്നില്ല എന്നതും ഒരു ചര്‍ച്ചയിലും ഒരു പരിഹാരവും ഉരുത്തിരിഞ്ഞു വരുന്നില്ല എന്നതും നമ്മളെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. സ്പാനിഷ് കാളപ്പോരുകളെയും പുരാതന ഗ്ലാഡിയേറ്ററുകളെയും ഓര്‍മ്മപ്പെടുത്തുന്ന പ്രകടനമാണിതു്. തമ്മില്‍ത്തല്ലു കണ്ടു് ആസ്വദിക്കുന്ന പ്രാകൃതമായ ഒരു മനുഷ്യ മനശ്ശാസ്ത്രം! മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതും, ജനങ്ങള്‍ക്കു കാണാനും കേള്‍ക്കാനും താത്പര്യമുള്ള കാര്യങ്ങള്‍തന്നെയാണു്. അതുകൊണ്ടു മാദ്ധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. എന്നാല്‍ ഇത്തരം സാമൂഹ്യപ്രവണതകള്‍ യുവതലമുറയെ എന്തു പഠിപ്പിക്കുന്നു, ഏതു വഴിക്കു തിരിച്ചുവിടുന്നു എന്നു നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടു്.

പ്രവൃത്തി എന്തും ആയിക്കോട്ടെ, പറഞ്ഞു നില്ക്കാന്‍ അറിഞ്ഞാല്‍ മതി എന്നതു് ഒരു പാഠം. ഏറ്റവും ‘അഗ്രസീവ്’ ആയി സംസാരിക്കുന്നവന്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നു. കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കൂടുതല്‍ ‘തറ’ ആവുക എന്നതു് അടുത്ത പാഠം. ശ്രദ്ധിക്കപ്പെടുക എന്നതാണു് ഇന്നു പ്രധാനം നല്ല കാര്യത്തിനാണോ എന്നതു പിന്നീടത്തെ കാര്യം! ഉറക്കെ സംസാരിക്കുന്നതും സഭ്യേതരമായി സംസാരിക്കുന്നതുമാണു കൂടുതല്‍ ഫാഷനബിള്‍. ആശയങ്ങളെക്കുറിച്ചു സംസാരിക്കാതെ വ്യക്തികളെക്കുറിച്ചു സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ ഗംഭീരം. വൈരാഗ്യബുദ്ധിയോടെ പ്രതിയോഗിയെ കീഴ് പ്പെടുത്താനുള്ള വേദിയായി ഓരോ ചര്‍ച്ചയും മാറുകയാണു്. വാക്കു് അതിനുള്ള ഉപായവും ആയുധവും. സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്കു കിട്ടുന്ന പാഠങ്ങള്‍ ഇതൊക്കെയാണു്.

”സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്‌
നഃ ബ്രൂയാത് സത്യം അപ്രിയം”
ഇതാണു ലൗകികജീവിതത്തില്‍ വാക്കിനെ സംബന്ധിച്ചുള്ള പരമമായ ചൂണ്ടുപലക. ആത്മീയ പുരോഗതിക്കു മാത്രമല്ല, ലൗകിക ജീവിതത്തിലും വാക്കിൻ്റെ പ്രാധാന്യം വളരെയേറെയാണു്. ഒരുവൻ്റെ മനസ്സിലേക്കുള്ള ജാലകമാണു് അവൻ്റെ വാക്കു്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ചു് ഒരു ചിത്രം ഉണ്ടാക്കിയെടുക്കുന്നതു നമ്മുടെ വാക്കും പ്രവൃത്തിയും ഒക്കെ അളന്നിട്ടാണു്. മൂന്നാമതൊരാളിനെക്കുറിച്ചു ദുഷിച്ചു സംസാരിക്കുന്നതില്‍ രോമാഞ്ചം അനുഭവിക്കുന്ന ഒരുവനെ എല്ലാവരും ആത്യന്തികമായി അകറ്റിത്തന്നെ നിര്‍ത്തും. കഥകള്‍ കേള്‍ക്കാന്‍ ഒരു ഉപാധി എന്നതില്‍ കവിഞ്ഞു് ഒരു സുഹൃത്തായി ആരും അയാളെ പരിഗണിക്കില്ല. തൻ്റെ അഭാവത്തില്‍ തന്നെയും അവന്‍ ദുഷിക്കുമെന്നു് ഓരോരുത്തര്‍ക്കും അറിയാം എന്നതു തന്നെ കാരണം! തൊടുത്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. എത്രയോ ബന്ധങ്ങള്‍ തകരുന്നതു് അവിവേകത്തിൻ്റെ ഒരു നിമിഷത്തില്‍ പറഞ്ഞ വാക്കുകളുടെ പുറത്താണു്.

ഒരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ടു്. ആധുനികയുഗത്തില്‍ ഇൻ്റര്‍നെറ്റും മൊബൈലും ആശ്രയിച്ചാണു മിക്കപ്പോഴും നമ്മള്‍ ആശയങ്ങള്‍ കൈമാറുന്നതു്. വളരെ ചുരുക്കത്തിലും എന്നാല്‍ വളരെ പെട്ടെന്നുംതന്നെ പ്രതികരിക്കാമെന്നതാണു് ഇതിൻ്റെ ഒരു പ്രത്യേകത. വിശദമായി, മയത്തില്‍ പറയുന്നതിനു പകരം ചുരുക്കത്തില്‍ പറഞ്ഞു വയ്ക്കുന്ന കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും ശക്തിയിലായിപ്പോകുന്നതു സാധാരണയാണു്. തെറ്റിദ്ധരിക്കപ്പെടാനും സാദ്ധ്യത അധികമാണു്. സുഹൃത്തുക്കള്‍ തമ്മില്‍ ‘വാടാ പോടാ’ എന്നു നേരില്‍ പറയുന്നതും ഒരു ചാറ്റ്‌റൂ മില്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടു്. ഓരോരുത്തരും പല ‘മൂഡിലും’ സാഹചര്യത്തിലും ആയിരിക്കാം. ഓണ്‍ലൈന്‍ ‘അടി പിടി’ പലപ്പോഴും ഉണ്ടാകുന്നതു് ഉപയോഗിക്കുന്ന വാക്കുകളെയും ഭാഷയെയും ചൊല്ലിയാണു്. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചു പെട്ടെന്നു പ്രതികരിക്കാം എന്നതും ഒരു പ്രശ്‌നംതന്നെയാണു്. സമചിത്തതയോടെ ആലോചിച്ചു മറുപടി അയയ്ക്കാന്‍ ഇന്നു സാഹചര്യമില്ല. ഉടനുടന്‍ പ്രതികരിക്കാനുള്ള വെമ്പല്‍ ഭയങ്കരമാണു്. പ്രതികരിക്കാന്‍ തോന്നുന്നതു വ്യക്തിയോടാണുതാനും; ആശയങ്ങളോടല്ല.

ആശയങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അവ മനസ്സിലാക്കണം. ഉള്‍ക്കാമ്പില്ലാത്ത വാദത്തിനാണു് ഉയര്‍ന്ന ശബ്ദത്തിൻ്റെ ഊന്നുവടി ആവശ്യമായി വരുന്നതു്. ഉള്‍ക്കാമ്പു് ഉണ്ടാകണമെങ്കില്‍ ഉള്ളിലോട്ടുള്ള ഒഴുക്കിനു ചാലുകള്‍ തുറന്നിടണം. പുറമേക്കുള്ള പൊള്ളയായ വാക്കുകളുടെ ശക്തമായ ഒഴുക്കു് ഒന്നു നിന്നിട്ടു വേണ്ടേ അകത്തേക്കു പ്രവേശനമുണ്ടാകാന്‍! പലരും കുറെ സംസാരിച്ചു കൂട്ടുന്നതിൻ്റെ തിരക്കിനിടയില്‍ കേള്‍ക്കാന്‍ പാടേ മറന്നുപോയിരിക്കുന്നു. അവര്‍ ‘റേഡിയോ’പോലെയാണു്. ഒരു റേഡിയോവിനോടു് എന്തെങ്കിലും തിരിച്ചു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? സംസാരം കുറയ്ക്കുകതന്നെ വേണം. ‘അനാവശ്യ’മായ സംസാരം ഒഴിവാക്കണം എന്നു് അച്ഛന്‍ ടിൻ്റുമോനെ ഉപദേശിച്ചിട്ടുണ്ടു്. അതുകൊണ്ടു ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ ടിൻ്റുമോന്‍ മൗനം പാലിക്കും. പദ്യംചൊല്ലാന്‍ പറഞ്ഞാല്‍ ബ്ലിങ്കസ്യ എന്നു നില്ക്കും. എന്നാല്‍ കൂട്ടുകാരുമായി സംസാരിക്കുന്നതിനു് ഒരു കുറവും ഇല്ല. വൈകാതെ ടീച്ചര്‍ അച്ഛനോടു് ഇക്കാര്യം കൊളുത്തിക്കൊടുത്തു. ഉടന്‍ ചൂരലെടുത്തു വയലൻ്റായ അച്ഛനോടു ടിൻ്റു ഒരു മഹാസത്യം മൊഴിഞ്ഞു, ‘അച്ഛൻ്റെ ആവശ്യം എൻ്റെ അനാവശ്യം. എൻ്റെ ആവശ്യം അച്ഛൻ്റെ അനാവശ്യം.’

ആവശ്യവും അനാവശ്യവും ആപേക്ഷികംതന്നെയാണു്. വ്യക്തികളില്‍ അധിഷ്ഠിതവുമാണു്. എന്നാല്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ അവനവൻ്റെ ആവശ്യങ്ങളെക്കുറിച്ചു വ്യക്തത കിട്ടും. സംസാരിക്കാന്‍ പോകുന്നതു സത്യമാണോ? ഇതു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ദുഃഖം ഉണ്ടാകുമോ? ആ ദുഃഖം നമ്മള്‍ ന്യായീകരിക്കുമോ, നമ്മള്‍ അതു് ആഗ്രഹിക്കുന്നുവോ? നമുക്കൊരു ആത്മ രതി എന്നതില്‍ കവിഞ്ഞു് ഈ പറയുന്ന കാര്യംകൊണ്ടു് എന്തെങ്കിലും നേട്ടം ആര്‍ക്കെങ്കിലും ഉണ്ടോ? (‘ഗോസിപ്പി’നെ തിരിച്ചറിയുന്നതു് ഇങ്ങനെയാണത്രേ!) വേദിയിലില്ലാത്തവരെക്കുറിച്ചു മോശമായി പറയുന്നതുകൊണ്ടു് എന്തെങ്കിലും ഗുണമുണ്ടോ? ഈ സംസാരത്തിലൂടെ സുഹൃത്തുക്കളെ ആര്‍ജ്ജിക്കുവാനാകുമോ അതോ ഉള്ളവരെ പിണക്കുമോ? നമ്മുടെ അറിവും ഹുങ്കും പ്രദര്‍ശിപ്പിക്കാനല്ലാതെ വായ തുറന്നതുകൊണ്ടു വേറെ എന്തെങ്കിലും ഗുണമുണ്ടോ? നമ്മള്‍ തിരികൊളുത്തുന്ന ഈ സംസാരമോ വിഷയമോ നമ്മുടെ സമാധാനം കെടുത്തുമോ? അന്യരുടെ സമാധാനം കെടുത്തുമോ? നമ്മുടെ ആത്മീയപുരോഗതിക്കു് ഇതു് ഉപകരിക്കുമോ? എന്തായാലും, വികാരങ്ങളുടെ വേലിയേറ്റത്തില്‍ വിളിച്ചു പറയാന്‍ തോന്നുന്നതൊക്കെ തീര്‍ച്ചയായും അനാവശ്യം തന്നെ.

കരുണയോടുള്ള വാക്കുകള്‍, വേദനിക്കുന്നവരുടെ കണ്ണുനീരൊപ്പാന്‍ ഉപകരിക്കുന്ന വാക്കുകള്‍ ഇവ ഒരിക്കലും അനാവശ്യമല്ല. അമ്മ പറയാറുള്ളതുപോലെ, ‘നമ്മുടെ വാക്കു മറ്റുള്ളവര്‍ക്കു സന്തോഷവും ആശ്വാസവും നല്കുന്നതാണെങ്കില്‍ സ്വര്‍ണ്ണത്തിനു സുഗന്ധം വന്നപോലെയായി.’ ബുദ്ധിമാന്‍ ആശയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഒരു മദ്ധ്യമന്‍ സംഭവങ്ങളെക്കുറിച്ചു സംസാരിക്കും. ഒരു അധമനാകട്ടെ വ്യക്തികളെക്കുറിച്ചു മാത്രം സംസാരിക്കും. ആശയങ്ങള്‍ക്കുമപ്പുറത്തുള്ള അനുഭവങ്ങളുടെ ലോകമാണു പരമമായ യാഥാര്‍ത്ഥ്യം. വാക്കുകള്‍ക്കും അതീതമായ ആ ഒന്നിലേക്കു് എത്തിച്ചേരാനുള്ള അവസരമാണു് ഈ മനുഷ്യജന്മം. ദേവിയുടെ വരപ്രസാദമായ വാക്കു് ഈ യാത്രയില്‍ നമ്മെ നയിക്കേണ്ട ഒന്നാണു്. മറിച്ചല്ല. അതു കൊണ്ടു് അര്‍ത്ഥശൂന്യമായ വാക്കുകളില്‍ തട്ടിയുടക്കാതെ സംസാരസാഗരത്തിലൂടെയുള്ള നമ്മുടെ ഈ പ്രയാണം സഫലമാകുവാന്‍ അമ്മ അനുഗ്രഹിക്കട്ടെ.

ജന്മദിനസന്ദേശം 1995


മക്കളേ, എല്ലാത്തിൻ്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണു്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതു്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടതു്.

ആധുനികലോകം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍ മാത്രം. ഇപ്പോള്‍ ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീടു്, ഭിന്നിച്ചുനിന്നു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും കാണുന്നതു്.

സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന്‍ ബിസിനസ്സാക്കി മാറ്റിയിരിക്കുന്നു. ഇനി മുന്നോട്ടുള്ള നീ ക്കങ്ങള്‍ എങ്ങനെയെന്നു പറയാന്‍ വയ്യ. അതിനാല്‍, മക്കളേ പരസ്പരം ക്ഷമയും സ്നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.

മക്കളേ, ഇന്നു നമ്മള്‍ ബന്ധങ്ങളുടെ പേരില്‍ ബന്ധനസ്ഥരായിരിക്കുന്നു എന്ന സത്യം നാമറിയുന്നില്ല. ബന്ധങ്ങള്‍ വേണ്ട എന്നല്ല, പക്ഷേ, ബന്ധങ്ങളില്‍ച്ചെന്നുപെടുമ്പോള്‍, ആ വസ്തുവിനോ വ്യക്തിക്കോ നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം നാം വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രമിക്കണം. പരസ്പരം അറിഞ്ഞുള്ള ബന്ധമായാല്‍ മാത്രമേ യഥാര്‍ത്ഥ സ്നേഹം ഉടലെടുക്കുകയുള്ളൂ. വ്യക്തിയോടായാലും ലോകവസ്തുക്കളോടായാലും അതുമായി നമുക്കുള്ള ബന്ധം കൂടുവാനോ കുറയുവാനോ പാടില്ല.

സാധാരണ എല്ലാവരും പറയാറുണ്ടു്, ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നു്. എന്നാല്‍ ഇതല്ല ശരി. ‘ഞാന്‍ സ്നേഹമാണു്, സ്നേഹസ്വരൂപമാണു്’ ഇതാണു വാസ്തവം. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നുപറയുമ്പോള്‍, അവിടെ ‘ഞാന്‍’ വരുന്നു, ‘നീ’ വരുന്നു. ഇതിനിടയില്‍ കിടന്നു സ്നേഹം ഞെരിഞ്ഞമരുന്നു.

അതിനാല്‍ നമ്മില്‍നിന്നു സകലരിലേക്കും ഒഴുകുന്നതു സ്നേഹം മാത്രമായിരിക്കണം. സാഹചര്യങ്ങള്‍ക്കു് അതിന്റെ അളവിനെ കൂട്ടാനോ കുറയ്ക്കുവാനോ കഴിയില്ല. നമ്മള്‍ എല്ലാവരും സ്നേഹസ്വരൂപികളായിരിക്കാന്‍ പഠിക്കണം. അപ്പോള്‍ ഏവര്‍ക്കും നമ്മളില്‍നിന്നു നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ, ഉപദ്രവമുണ്ടാകില്ല. ഈ തത്ത്വത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടതു്.

സ്വര്‍ണ്ണക്കൂട്ടിലെ, ചിറകു മുറിച്ച കിളിയെപ്പോലെ നാം മനസ്സാകുന്ന ജയിലില്‍ ബന്ധനസ്ഥരാണു്. പേരും പെരുമയും പ്രശസ്തിയും സ്ഥാനമാനങ്ങളും ധനവുമാകുന്ന ചങ്ങലകളാല്‍ നാം ബന്ധിക്കപ്പെട്ടിരിക്കുകയാണു്. ആ ചങ്ങലകളാകട്ടെ മനോഹരങ്ങളായ പുഷ്പങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇവിടെ സ്വാതന്ത്ര്യമല്ല പ്രശ്‌നം, നമ്മെ ബന്ധിച്ചിരിക്കുന്ന ആ കെട്ടു് എങ്ങനെ പൊട്ടിക്കണം എന്നുള്ളതാണു്. അതിനു്, കാലില്‍ ബന്ധിച്ചിരിക്കുന്ന ആ ചങ്ങലകളെ ചങ്ങലയായിത്തന്നെ കാണണം; പുഷ്പങ്ങളായി കാണരുതു്.

പുഷ്പാലങ്കാരങ്ങള്‍ പുറമേക്കു മാത്രമേയുള്ളൂ. അല്പം ശ്രദ്ധിച്ചു നോക്കിയാല്‍, പുഷ്പങ്ങള്‍കൊണ്ടു മൂടപ്പെട്ടിരിക്കുന്ന ആ ചങ്ങലകളെ നമുക്കു കാണുവാന്‍ സാധിക്കും. ജയിലിനെ ജയിലായി കാണുവാന്‍ കഴിയണം, വീടായി കാണരുതു്. എങ്കില്‍ മാത്രമേ, സ്വാതന്ത്ര്യത്തിനായി മനസ്സു് ആവേശത്തോടെ കുതിക്കുകയുള്ളൂ, ലക്ഷ്യത്തിലെത്തുകയുള്ളൂ.

മണിയാര്‍ ജി. ഭാസി

അന്നൊരുനാള്‍ ആശ്രമത്തില്‍നിന്നും അമ്മയുടെ ദര്‍ശനവും കഴിഞ്ഞു് അമൃതപുരിയില്‍ ബസ്സു് കാത്തുനില്ക്കുകയായിരുന്നു. വൈകിയുള്ള മടക്കയാത്രയായതിനാല്‍ ഏതെങ്കിലും വണ്ടികള്‍ വരുന്നുണ്ടോയെന്നു് ആകാംക്ഷയോടെ റോഡിലേക്കു നോക്കിനില്ക്കുന്ന നിമിഷം. സന്ധ്യാ കിരണങ്ങള്‍ ഏറ്റുവാങ്ങി പുളകം കൊള്ളുന്ന വിശാലമായ കടല്‍ത്തിരമാലകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആജാനുബാഹുവായ ഒരു യൂറോപ്യന്‍ എൻ്റെ അടുത്തേക്കു നടന്നു വരുന്നു. അയാളുടെ ഉയരത്തിനൊപ്പം നില്ക്കുന്ന വളരെ വലിയ ഒരു ബാഗ് മുതുകില്‍ തൂക്കിയിട്ടുണ്ടു്. ‘ഓം നമഃശിവായ’ എന്നു് അഭിസംബോധന ചെയ്തുകൊണ്ടു സുസ്‌മേരവദനനായി എൻ്റെ അരികിലേക്കു് അയാള്‍ വന്നു നിന്നു. ബഹുമാനപൂര്‍വ്വം ഞാനും ‘ഓം നമഃശിവായ’ പറഞ്ഞു.

എവിടെയോ കണ്ടു് എൻ്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന അയാളുടെ മുഖം. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയാതെയുള്ള എൻ്റെ നിസ്സഹായത. എൻ്റെ ഓര്‍മ്മയിലുള്ള ഓരോ ഇഴകളും തെളിഞ്ഞു പുറത്തു വരുന്തോറും വളരെ ക്രൂരനായ ഒരു മനുഷ്യനെ മാത്രമേ അയാളുടെ മുഖരൂപത്തില്‍ എനിക്കു് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. ഇത്രയ്ക്കു മനുഷ്യത്വമില്ലാത്ത ഒരാളിനെ കാണാന്‍ ഇടയാകരുതേ എന്നുപോലും മനസ്സില്‍ കുറിച്ചിട്ടിരുന്നുവോ! പക്ഷേ, ഇത്രയും സൗമ്യനായി പെരുമാറുന്ന ഈ മനുഷ്യനെ ഞാനെന്തിനു സംശയിക്കണം.

ലാളിത്യമാര്‍ന്ന ആംഗലേയഭാഷയില്‍ അയാള്‍ യാത്രയുടെ വിവരങ്ങള്‍ എന്നോടു പറഞ്ഞു: ”മൂന്നു ദിവസം ഞാന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ഇന്നെനിക്കു് അമ്മയുടെ ദര്‍ശനം ലഭിച്ചു. ഞാനിനി കോവളത്തേക്കു പോവുകയാണു്. എൻ്റെ കൂട്ടുകാര്‍ ഇന്നലെ ഇവിടെനിന്നു പോയി. അവിടെ ഒരു ഹോട്ടലില്‍ താമസിക്കുകയാണു്. ഞാന്‍ ചെന്നതിനു ശേഷം രണ്ടുദിവസം കഴിഞ്ഞു ഞങ്ങള്‍ കൊച്ചിയിലേക്കു പോകും. അതിനുശേഷം ഞങ്ങള്‍ എല്ലാവരും ഒരു പ്രാവശ്യംകൂടി അമ്മയെ വന്നു കണ്ടതിനു ശേഷമേ നാട്ടിലേക്കു മടങ്ങുകയുള്ളൂ. ‘ഓ മൈ മദര്‍! ഹൗ മെനി ചെയിഞ്ചസ് ദേര്‍ ഹാവ് ബീന്‍ ഇന്‍ മൈ ലൈഫ്’ (എൻ്റെ അമ്മേ, എൻ്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു).” അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

”ഇതിനു മുന്‍പു ഞാന്‍ അമ്മയെ കാണാന്‍ നാലു പ്രാവശ്യം അമൃതപുരിയില്‍ വന്നിട്ടുണ്ടു്. അപ്പോഴൊക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്നും ടാക്‌സി പിടിച്ചാണു ഞങ്ങള്‍ ഇവിടേക്കു വന്നിരുന്നതു്. ഞാന്‍ തനിച്ചു കോവളത്തേക്കു യാത്ര ചെയ്യുന്നതു് ഇതാദ്യമായാണു്. എനിക്കു പോകേണ്ട ബസ്സു് റൂട്ടു പറഞ്ഞു തരണം.” എന്നോടു പറഞ്ഞു നില്ക്കുന്നതിനിടയില്‍ ഒരു പ്രൈവറ്റ് ബസ്സു് വന്നു. ഞങ്ങള്‍ രണ്ടു പേരും ആ ബസ്സില്‍ കയറി കരുനാഗപ്പള്ളി ബസ്സ്സ്റ്റാന്‍ഡില്‍ എത്തി. പക്ഷേ, അര മണിക്കൂര്‍ കഴിഞ്ഞിട്ടും തിരുവനന്തപുരത്തേക്കുള്ള ബസ്സു് കണ്ടില്ല. പോകാന്‍ വളരെ തിടുക്കമുണ്ടായിട്ടും ഇത്രയ്ക്കു് ആത്മാര്‍ത്ഥമായി സംസാരിക്കുന്ന ഈ മനുഷ്യനെ യാത്രയാക്കിയിട്ടു പോകാമെന്നു ഞാനും തീരുമാനിച്ചു.

ഇതിനിടെ ഞങ്ങള്‍ പരസ്പരം വളരെയധികം കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ”ഞാന്‍ അമ്മയുടെ ഒരു ഭക്തനാണു്. എന്നു മാത്രമല്ല, അമ്മയെപ്പറ്റി കവിതകള്‍ എഴുതാറുണ്ടു്.” ഇതു കേട്ടപ്പോള്‍ എൻ്റെ കൈവശമുള്ള ബാഗില്‍ പിടികൂടിയിട്ടു് അദ്ദേഹം പറഞ്ഞു, ”പ്ലീസ് ഗിവ് മീ ദി പോയംസ്. (ദയവായി ആ കവിതകള്‍ എനിക്കു തരൂ.)” ഞാന്‍ സന്തോഷത്തോടു കൂടി ബാഗിലുണ്ടായിരുന്ന അമ്മയുടെ ഈ വര്‍ഷത്തെ മാതൃവാണി ജന്മദിനപ്പതിപ്പിലുള്ള എൻ്റെ കവിത അദ്ദേഹത്തെ കാണിച്ചു കൊടുത്തു. പെട്ടെന്നു് അദ്ദേഹം എൻ്റെ കൈ പിടിച്ചു് ഉമ്മവച്ചിട്ടു് ”യു ആര്‍ എ ലക്കി ഫെലോ. അമ്മാസ് ബ്ലസിങ്‌സ് ആര്‍ വിത്ത് യു. (നിങ്ങള്‍ തികച്ചും ഭാഗ്യവാനാണു്. അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടു്)” എന്നു പറഞ്ഞു. സന്തോഷകിരണങ്ങള്‍ മനസ്സിൻ്റെ ഉള്ളിലേക്കു് ആഴ്ന്നിറങ്ങി എന്ന തോന്നല്‍!

”ഇപ്പോള്‍ മലയാളം എനിക്കു കുറയൊക്കെ അറിയാം. അമ്മയുടെ അഷ്ടോത്തരം ഞാനെന്നും ചൊല്ലാറുണ്ടു്.” ശരീരഗാംഭീര്യം കൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ആരെയും ആകര്‍ഷിക്കാന്‍ പോന്ന ആ ഇറ്റലിക്കാരനുമായുള്ള എൻ്റെ സംഭാഷണം നീണ്ടുപോയി. ”നിങ്ങള്‍ ആദ്യമായി ഭാരതത്തില്‍ വന്നതു് ഓര്‍മ്മയുണ്ടോ?” ഞാന്‍ ചോദിച്ചു. ഉടനെ അദ്ദേഹം വലിയ ബാഗിൻ്റെ സൈഡിലുണ്ടായിരുന്ന ചെറിയ ഒരു അറ തുറന്നു് ഒരു ഡയറി പുറത്തെടുത്തു. ”ഇതില്‍ എല്ലാ വിവരങ്ങളും കുറിച്ചിട്ടിട്ടുണ്ടു്. ആദ്യമായി ഞാന്‍ കേരളത്തില്‍ വന്നതു് 1977ലാണു്.” ഞാന്‍ വളരെ ആകാംക്ഷയോടെ ആ ദിവസം തിരക്കി. കൃത്യമായി ഡയറി നോക്കിയിട്ടു പുനലൂര്‍ വഴി മദ്രാസ്സില്‍ പോയിട്ടുള്ള വിവരം കാണിച്ചുതന്നു. ഫെബ്രുവരി 9. എൻ്റെ എല്ലാ സംശയങ്ങളും ദൂരീകരിച്ച നിമിഷം! ”അന്നു് ആ ട്രെയിനില്‍വച്ചു ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ടു്. ഞാനും എൻ്റെ ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള ഞങ്ങളുടെ മകളുംകൂടി പുനലൂരില്‍നിന്നു പണ്ടുരുട്ടി സ്റ്റേഷന്‍വരെ ആ കമ്പാര്‍ട്ടുമെൻ്റില്‍ ഉണ്ടായിരുന്നു.”

പെട്ടെന്നു് ഒരു മ്ലാനത അനുഭവപ്പെട്ടവനെപ്പോലെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ”സോറി, സോറി അന്നൊന്നും ഞാന്‍ ഒരു നല്ല മനുഷ്യനേ ആയിരുന്നില്ല. മുന്‍പു ഞാന്‍ അമ്മയെപ്പറ്റി കേട്ടിട്ടില്ലായിരുന്നു. മറ്റുള്ളവരോടു് ഇടപഴകാന്‍ എനിക്കു തീരെ അറിയില്ലായിരുന്നു. പ്രത്യേകിച്ചും ഭാരതത്തിലുള്ളവരോടു് അപമര്യാദയായി ഞാന്‍ പെരുമാറിയിട്ടുണ്ടു്. ഇപ്പോഴുള്ള എല്ലാ മാറ്റങ്ങള്‍ക്കും കാരണം അമ്മയാണു്. എൻ്റെ നാട്ടില്‍ മൂല്യങ്ങളൊന്നും പറഞ്ഞുതരുന്നതിനു് ആരും തുനിഞ്ഞിരുന്നില്ല. ഇപ്പോള്‍ പതിനാലു വര്‍ഷങ്ങളായി ഞാന്‍ അമ്മയുടെ ഭക്തനായിട്ടു്. എനിക്കു മനുഷ്യത്വം എന്താണെന്നു് അമ്മ കാണിച്ചുതന്നു. മനുഷ്യരെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയും എനിക്കിപ്പോള്‍ വലിയ ഇഷ്ടമാണു്.”

ഏകദേശം മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ട്രെയിനില്‍വച്ചു
കണ്ട ക്രൂരനായ ആ വിദേശിയാണോ എൻ്റെ മുന്‍പില്‍ ഇരിക്കുന്നതെന്നു വിശ്വസിക്കാന്‍ പറ്റാത്ത നിമിഷം. വളരെയധികം തിരക്കുണ്ടായിരുന്ന ആ ട്രെയിനില്‍ നാലു പേര്‍ക്കെങ്കിലും ഇരിക്കേണ്ടുന്ന സീറ്റ് ഒറ്റയ്ക്കു കൈക്കലാക്കി, അയാളുടെ വലിയ കാലുകള്‍ ഇടനാഴിയിലേക്കു നീട്ടിവച്ചു്, അവിടെ ഞെരുങ്ങി കുത്തിയിരിക്കുന്ന പ്രായമുള്ളവരുടെ ദേഹത്തേക്കു്, വലിയ ചെരുപ്പിട്ട അയാളുടെ കാലുകള്‍കൊണ്ടു നിര്‍ദ്ദയം ചവുട്ടി, ടി.ടി.ആര്‍. വന്നിട്ടും ഒട്ടും മൈന്‍ഡ് ചെയ്യാതെ വിരട്ടിവിടുന്ന ആ രൂപം എൻ്റെ മനസ്സിനെ അന്നു വല്ലാതെ വേദനിപ്പിച്ചിരുന്നു.

നാല്പത്തിയഞ്ചു മിനിട്ടു ഞങ്ങള്‍ കരുനാഗപ്പള്ളിയില്‍ വെയ്റ്റു ചെയ്തിട്ടും തിരുവനന്തപുരത്തേക്കുള്ള ഒരു ബസ്സുപോലും വന്നില്ല. വീണ്ടും ഞാന്‍ അന്വേഷണ കൗണ്ടറില്‍ തിരക്കി. മൂന്നു ബസ്സുകള്‍ വഴിയില്‍ ബ്ലോക്കായി കിടപ്പാണു്. ഉത്സവസീസണായതിനാല്‍ റോഡു പലയിടത്തും ബ്ലോക്കാണെന്നു മനസ്സിലായി.

”അടുത്ത മാര്‍ച്ചില്‍ അമ്മയെ കാണാന്‍ ഞങ്ങള്‍ വീണ്ടും വരുന്നുണ്ടു്.” അതു പറയുമ്പോള്‍ പീറ്ററിനു് എന്തെന്നില്ലാത്ത സന്തോഷം. ”ഇറ്റലിയില്‍ മാത്രമല്ല, ഫ്രാന്‍സിലും ജര്‍മ്മനിയിലും അമ്മ വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു.” അമ്മയെപ്പറ്റി പറയുമ്പോള്‍ പീറ്റര്‍ വാചാലനാകുന്നുണ്ടായിരുന്നു. വളരെനേരത്തെ കാത്തിരിപ്പിനുശേഷം അതാ ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. ഞാന്‍ പീറ്ററിനു് വണ്ടി കാണിച്ചുകൊടുത്തു. തിരക്കുള്ള ആ ബസ്സിൻ്റെ വാതിലില്‍ പീറ്ററിൻ്റെ വലിയ ബാഗു കടത്തുന്നതിനു ഞാനുംകൂടി സഹായിച്ചു. വണ്ടി ലെയ്റ്റായി വന്നതിനാല്‍ കണ്ടക്ടര്‍ ഉടന്‍ തന്നെ ബെല്ലുകൊടുത്തു. ഞാന്‍ കൈ കാണിക്കുന്നതിനിടയില്‍ കണ്ടക്ടറോടു ”പ്ലീസ് വെയ്റ്റ്, വെയ്റ്റ്” എന്നു പറഞ്ഞിട്ടു ഫുട്ബോര്‍ഡില്‍നിന്നു താഴേക്കിറങ്ങിവന്നു് എന്നെ കെട്ടിപ്പിടിച്ചു്, ”ഓം നമഃശിവായ! മേ ഗോഡ് ബ്ലെസ്സു് യു. (ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ)” എന്നു പറഞ്ഞു പീറ്റര്‍ വണ്ടിയിലേക്കു ചാടി ക്കയറി. ആ കണ്ണുകള്‍ സ്നേഹപൂര്‍വ്വം എന്നിലേക്കുതന്നെ നോക്കിക്കൊണ്ടു കൈകള്‍ വീശുന്നതിനിടയില്‍ ബസ്സു് ദൂരേക്കു മറഞ്ഞു.

മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പു കണ്ട ക്രൂരനായ ആ പീറ്റര്‍ ഗോമസിനെ ഇന്നത്തെ ഈ നിഷ്‌കളങ്കനായ മനുഷ്യനാക്കി മാറ്റിയെടുക്കുന്നതിനു നമ്മുടെ അമ്മയ്ക്കല്ലാതെ ഏതൊരു വ്യക്തിക്കാണു കഴിയുക. എത്രയോ സ്വദേശികളെയും വിദേശികളെയും അമ്മ സന്മാര്‍ഗ്ഗികളാക്കി മാറ്റിയിരിക്കുന്നു. എങ്കിലും അറിയാതെ ഞാന്‍ സന്തോഷപൂര്‍വ്വം ഉരുവിട്ടു, ”ഇത്രയ്ക്കു മാറ്റമോ പീറ്ററേ!”

കാവാലം ശശികുമാര്‍

‘ചരിഞ്ഞു ചാഞ്ഞു വളഞ്ഞിക്കാലടി
നടന്നു നീങ്ങുവതെങ്ങോട്ടോ?’
”ഇറങ്ങുകമ്മേ, ഗോകുലമെല്ലാ-
മൊരുങ്ങി നില്പതു കണ്ടില്ലേ?”
‘ഇതെന്തു കോലം? കൈയില്‍ കോലും
മൗലിയിലയ്യാ പീലിയതും?
”മറന്നുവോ എന്നമ്മേ നീയിതു?
മണിക്കുരുന്നിന്‍ തിരുനാളായ്…”

നിറഞ്ഞു ഗ്രാമം നഗരവുമെല്ലാ,മമ്പാടിക്കൊരു മത്സരമായ്
അറിഞ്ഞുകേട്ടവരെല്ലാരും പോന്നണഞ്ഞു മഞ്ഞക്കടലായി
ഉയര്‍ന്നുകേള്‍ക്കുന്നെവിടെയുമിവിടെയുമിനിപ്പുചൊരിയും മൃദുനാദം
മറഞ്ഞുനിന്നാ കാറൊളിവര്‍ണ്ണന്‍ മുഴക്കുമാക്കുഴല്‍വിളിയാകാം
അടുത്തുവന്നെന്‍ കവിളിലൊരുമ്മയതുതിര്‍ത്തുപോയൊരു കുളിരലയില്‍
തണുപ്പുതോന്നിച്ചയ്യാ കണ്ണന്‍ പീലിയുഴിഞ്ഞൊരു സുഖമാകാം
അകന്നുപോകുന്നെന്നോ കളമൃദുനൂപുരരഞ്ജിതമണിനാദം
പിരിഞ്ഞിടെല്ലേ പൊന്നേ, നീയെന്‍ നിതാന്തജീവനരസമല്ലേ.

നവാഗതനായ ബ്രഹ്മചാരിയോടായി ചോദിച്ചു, ”മോനിപ്പോൾ പുസ്തകമെന്തെങ്കിലും വായിക്കുന്നുണ്ടോ?”
ബ്രഹ്മചാരി: ഉണ്ടമ്മേ, പക്ഷേ അമ്മേ, മിക്ക പുസ്തകങ്ങളിലും ഒരേ കാര്യംതന്നെ. അതും പലയിടത്തും ആവർത്തിച്ചു പറയുന്നതായിക്കാണുന്നു.

അമ്മ: മോനേ, പറയാനുള്ളതു് ഒന്നുമാത്രം. നിത്യമേതു്, അനിത്യമേത്. നന്മയേതു്, തിന്മയേത്. നിത്യത്തെ എങ്ങനെ സാക്ഷാത്കരിക്കാം. ഗീതയും പുരാണങ്ങളുമെല്ലാം ഒരേ തത്ത്വം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. അതിനാൽ സാരമായ ഉപദേശങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. അവയുടെ പ്രാധാന്യം കാണിക്കാനാണത്. പലതവണ കേട്ടാലേ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ അത് തങ്ങി നിൽക്കുകയുള്ളൂ.

പിന്നെ ബാഹ്യമായി ചില മാറ്റങ്ങൾ കാണുമായിരിക്കും. രാമായണത്തിൽ രാമരാവണയുദ്ധമാണെങ്കിൽ, ഭാരതത്തിൽ കൗരവപാണ്ഡവ യുദ്ധമാണെന്നുമാത്രം. അടിസ്ഥാനതത്ത്വം എല്ലാറ്റിലും ഒന്നുതന്നെ. വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ ഒരേ തത്ത്വത്തെ മുറുകെപിടിച്ചുകൊണ്ടു നീങ്ങുന്നതെങ്ങനെയായിരിക്കണം, അതാണു് എല്ലാ മഹാത്മാക്കളും ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതു്.

മറ്റൊരു ബ്രഹ്മചാരി: അമ്മേ, ഈയിടെയായി ശരീരത്തിനു ഭയങ്കര ക്ഷീണം. യോഗാസനം പഠിക്കാൻ തുടങ്ങിയതിനു ശേഷമാണ്.
അമ്മ: മോനേ, യോഗാസനം പഠിക്കാനാരംഭിച്ചാൽ ആദ്യത്തെ ഒരു മാസം കുറച്ചു പ്രയാസം ഉണ്ടാകും. ശരീരത്തിനു ക്ഷീണം അനുഭവപ്പെടും. ഈ സമയത്തു് ആഹാരം വേണ്ടത്ര കഴിക്കണം.

ശീലമായിക്കഴിഞ്ഞാൽ ശരീരസ്ഥിതിയും സാധാരണപോലെയാകും. പിന്നെ ഭക്ഷണവും പഴയതുപോലെ മതി. (ചിരിച്ചുകൊണ്ട്) അല്ലെങ്കിൽ ശരിക്കു് ഭക്ഷണം കഴിക്കാൻ അമ്മ പറഞ്ഞിട്ടുണ്ടു് എന്നുംപറഞ്ഞു മൂക്കുമുട്ടെ കഴിക്ക്. അങ്ങനെ വല്ലതും കണ്ടാൽ….. (എല്ലാവരും ചിരിക്കുന്നു).

അമ്മ തുടർന്നു, സാധകർ ഭക്ഷണക്കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണു നല്ലത്. രാവിലെ പതിനൊന്നുമണിവരെ ധ്യാനംകൊണ്ടു മനസ്സിനെ നിറയ്ക്കണം.

ആഹാരം അധികമായാൽ തമോഗുണം കൂടും. മനസ്സിനു് എല്ലാ ദുഃസ്വഭാവങ്ങളും ഉണ്ടാകും. രാവിലെ എന്തെങ്കിലും കഴിക്കുകയാണെങ്കിൽ വളരെ കുറച്ചേ പാടുള്ളൂ. ധ്യാനത്തിൽ മാത്രമായിരിക്കണം മനസ്സ്. രാത്രിയിലും ലഘുഭക്ഷണമേ ആകാവൂ.