പ്രകൃതിയുമായി യാതൊരു ബന്ധവും ഇല്ലാത്തതുപോലെയാണു് ഇന്നത്തെ തലമുറകൾ കഴിയുന്നതു്.

ഇന്നു മനുഷ്യൻ മാത്രമല്ല, മനുഷ്യൻ വളർത്തുന്ന ചെടികളും മൃഗങ്ങളും പക്ഷികളും പോലും പ്രകൃതിയിൽനിന്നു് അന്യമായി കൊണ്ടിരിക്കുകയാണു്. ഉദാഹരണത്തിനു്, ഇന്നത്തെ ബ്ലോക്കുചെടികൾക്കു പ്രതിരോധനശക്തി ഒട്ടുമില്ല. കീടങ്ങളെ ചെറുത്തുനില്ക്കാൻ സ്വയം കഴിയുന്നില്ല. അതു കാരണം മരുന്നടിച്ചു കൊടുക്കേണ്ടി വരുന്നു.

ഇതേപോലെയാണു ബ്ലോക്കു കോഴിയും ബ്ലോക്കു പശുവും. അവർക്കൊക്കെ പ്രത്യേക പരിചരണം വേണം. ചുരുക്കത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ അവയ്‌ക്കൊന്നിനും കഴിയുന്നില്ല.

മനുഷ്യൻ്റെ സ്ഥിതിയും ഇതുപോലെയായി. ഇന്നു പലർക്കും പല രീതിയിലുള്ള അലർജികളുണ്ടു്. പലരും ഇൻഹേലർ വച്ചാണു നടക്കുന്നതു്. എല്ലാവർക്കും ഭാവിയിൽ, ചന്ദ്രനിൽ പോകുന്നവരെപ്പോലെ ശ്വസിക്കാൻ ഓക്സിജൻ ടാങ്കു വച്ചു നടക്കേണ്ടി വരും. പ്രകൃതിയിൽ നിന്നു് അകന്നകന്നു നമ്മുടെ സ്ഥിതി ഗുരുത്വാകർഷണം വിട്ട റോക്കറ്റു പോലെ ആയിരിക്കുന്നു.

ഭൂമിയിൽ ജനപെരുപ്പം കൂടിക്കൂടിവരുന്നു. ഇതു കാരണം, പട്ടിണിമരണം ഇല്ലാതാക്കാൻ ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങളിലൂടെ പല ഉപായങ്ങളും കണ്ടുപിടിച്ചു. അഞ്ചു ഗ്രാമുള്ള ഭക്ഷണപദാർത്ഥങ്ങൾ നൂറു ഗ്രാമാക്കി ഉത്പാദനം കൂട്ടി. അതിനുവേണ്ടി കണ്ടമാനം വിഷവളം നമ്മൾ ചേർക്കുന്നു. എന്നാൽ അതിൽ നിന്നു നമുക്കു കിട്ടുന്ന ഗുണം ഏറെ കുറഞ്ഞിട്ടുണ്ടു്.

പണ്ടുള്ളവർക്കു നൂറുവയസ്സിലേറെ ആയുസ്സുണ്ടായിരുന്നു. പക്ഷേ, ഇന്നുള്ളവരുടെ ആയുസ്സു് എൺപതും അതിൽ കുറവുമായിരിക്കുന്നു. മാത്രമല്ല, നാലിൽ മൂന്നു ഭാഗം ആളുകൾ രോഗികളുമാണു്. ദിനോസറുകൾപോലുള്ള എത്രയെത്ര മൃഗങ്ങളും പക്ഷികളും നാമാവശേഷമായിക്കഴിഞ്ഞു! ഇനിയും എത്രയോ ജീവജാലങ്ങൾ വംശനാശത്തിൻ്റെ ഭീഷണിയിലാണു്!

നമ്മളില്‍ ഇരിക്കുന്ന ഈശ്വരനെതന്നെയാണു ധ്യാനത്തിലൂടെ നാം കണ്ടെത്തുന്നതു്. ധ്യാനം കൊണ്ടല്ലാതെ ഇതു സാദ്ധ്യമല്ല.

ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍, അതിൻ്റെ പരിമളവും ഭംഗിയും എത്രയെന്നു് അറിയുവാന്‍ കഴിയില്ല. അതു വിടര്‍ന്നു വികസിക്കണം. അതുപോലെ മക്കള്‍ ഹൃദയമുകുളം തുറക്കൂ. തീര്‍ത്തും ആ പരമാനന്ദം അനുഭവിക്കുവാന്‍ കഴിയും.

കറണ്ടിനെ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുത കമ്പിയില്‍ തൊട്ടാല്‍ അറിയാന്‍ കഴിയും. അനുഭവിക്കാന്‍ സാധിക്കും. ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു ധ്യാനം. മക്കള്‍ അതിനായി ശ്രമിക്കൂ, തീര്‍ത്തും സാധിക്കും.

പല മക്കളും അമ്മയോടു വന്നു പറയാറുണ്ടു്, ”അമ്മാ, എനിക്കു ഹൃദയം തുറന്നു ചിരിക്കാന്‍ പറ്റുന്നില്ല. ആരോടും ഹൃദയം തുറന്നു സംസാരിക്കാന്‍ സാധിക്കുന്നില്ല. എനിക്കെപ്പോഴും ദുഃഖമാണമ്മാ…”

മക്കള്‍ സ്വയം ചോദിച്ചു നോക്കൂ, എന്താണു് എൻ്റെ ദുഃഖത്തിനു കാരണം, എന്തിൻ്റെ കുറവുകൊണ്ടാണു ദുഃഖം? എന്താണു് എനിക്കു ഭാരമായിട്ടുള്ളതു്?’ മക്കള്‍ക്കു് ഉത്തരം കണ്ടെത്തുവാന്‍ സാധിക്കും.

ദാ… പ്രകൃതിയിലേക്കു നോക്കൂ. വൃക്ഷത്തിലേക്കു നോക്കൂ. അതു കാറ്റില്‍ ആനന്ദിച്ചു് ആടിക്കൊണ്ടിരിക്കുന്നു. കിളികളെ നോക്കൂ. സര്‍വ്വതും മറന്നു പാടിക്കൊണ്ടിരിക്കുന്നു. നദിയിലേക്കു നോക്കൂ. അതു കളകളനാദം പാടി ഒഴുകി ഉല്ലസിക്കുന്നു. ചെടികളിലേക്കു നോക്കൂ. സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും നോക്കൂ. എവിടെയും ആനന്ദം മാത്രം.

ഇവയുടെ നടുവില്‍ ഇരുന്നു നാം മാത്രം എന്തിനു ദുഃഖിക്കുന്നു. നാം മാത്രം ഇങ്ങനെ ദുഃഖിക്കുവാന്‍ എന്താണു കാരണം. ആലോചിക്കുക, അപ്പോള്‍ മനസ്സിലാകും. ഇവയ്‌ക്കൊന്നും ഞാനെന്ന ഭാവമില്ല. അതുള്ളതു നമുക്കുമാത്രം. ഞാന്‍ അതാണു്, ഞാന്‍ ഇതാണു്, എനിക്കു് ഇതാകണം, എനിക്കു് ഇതുവേണം എന്നെല്ലാമാണു് എപ്പോഴും നമ്മുടെ ചിന്ത.

നമ്മള്‍ കരുതുന്ന ഈ ഞാന്‍ ഒരിക്കലും കൂടെവരുന്നതല്ല. ഈ ഞാനെന്ന ഭാവംകൊണ്ടു യാതൊരു പ്രയോജനവുമില്ല. ഈ ഞാനിനെ മുറുകെപ്പിടിച്ചുകൊണ്ടിരുന്നാല്‍ ദുഃഖം മാത്രമേയുള്ളൂ. അതിനാല്‍ മക്കള്‍, ഈ ഞാനിനെ വിട്ടു പുറത്തേക്കു വരൂ. അപ്പോള്‍ മക്കള്‍ക്കു് ഉല്ലസിക്കുവാന്‍ കഴിയും. ആനന്ദിക്കുവാന്‍ കഴിയും. മക്കള്‍ ഉല്ലസിക്കൂ, ആനന്ദിക്കൂ…

നാം ഈ ലോകത്തിലേക്കു വരുമ്പോഴും ഇവിടം വിട്ടുപോകുമ്പോഴും ഒന്നും കൊണ്ടുവരുകയോ കൊണ്ടുപോവുകയോ ചെയ്യാറില്ലെന്ന കാര്യം അമ്മ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ടു്. ഈ ലോകത്തിലെ ഒരു വസ്തുവും നമുക്കു ശാശ്വതാനന്ദം നല്കില്ലെന്നു തിരിച്ചറിഞ്ഞു് അവയോടു നിസ്സംഗതയും നിർമ്മമതയും വളർത്തിയെടുക്കാൻ നാം പഠിക്കേണ്ടതുണ്ടു്.

ഇതു് ഉദാഹരിക്കാൻ അമ്മ അലക്സാണ്ടറുടെ ഒരു കഥ പറയാം. അലക്സാണ്ടർ മഹാനായ ഒരു യോദ്ധാവും ലോകത്തിൻ്റെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്ത ഭരണാധികാരിയുമായിരുന്നുവെന്നു് എല്ലാവർക്കും അറിയാം. ലോകത്തിൻ്റെ മുഴുവൻ ചക്രവർത്തിയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിലാഷം. പക്ഷേ, അദ്ദേഹം ഒരു യുദ്ധത്തിൽ പരാജിതനായി ഗുരുതരമായ അസുഖം പിടിപെട്ടു മരണാസന്നനിലയിലായി.

മരിക്കുന്നതിനു് ഏതാനും ദിവസം മുൻപു് അദ്ദേഹം തൻ്റെ മന്ത്രിമാരെ അടുത്തു വിളിച്ചുവരുത്തി തൻ്റെ ശവം എങ്ങനെ മറവുചെയ്യണം എന്നു വിശദീകരിച്ചു. തൻ്റെ ശവപ്പെട്ടിയുടെ വശങ്ങളിൽ ഓരോ ദ്വാരം ഉണ്ടാക്കി അവയിലൂടെ തൻ്റെ കൈകൾ എല്ലാവർക്കും കാണുന്ന രീതിയിൽ പുറത്തു പ്രദർശിപ്പിക്കണമെന്നു് അദ്ദേഹം അവർക്കു നിർദ്ദേശം നല്കി.

ഇങ്ങനെ നിർദ്ദേശിക്കുവാൻ എന്താണു കാരണമെന്നു മന്ത്രിമാർ ചോദിച്ചു. അലക്സാണ്ടർ പറഞ്ഞു, “ഇങ്ങനെയായാൽ എല്ലാവർക്കും വ്യക്തമാകും, മഹാനായ അലക്സാണ്ടർ വെറും കൈയോടെയാണു് ഇഹലോകവാസം വെടിഞ്ഞതെന്നു്.“

ജീവിതം മുഴുവൻ എല്ലാം വെട്ടിപ്പിടിക്കാൻ നിരന്തരം പ്രയത്നിച്ച തനിക്കു് ഒന്നുംതന്നെ കൂടെക്കൊണ്ടുപോകുവാൻ കഴിഞ്ഞില്ലെന്നു മറ്റുള്ളവർ അറിയണമെന്നു് അദ്ദേഹം ആഗ്രഹിച്ചു.

സ്വന്തം ശരീരം പോലും ഇവിടെ ത്യജിച്ചിട്ടു പോകേണ്ടിവന്നു അദ്ദേഹത്തിനു്. ഇതുകണ്ടു മറ്റുള്ളവർ, ഓരോന്നു സമ്പാദിച്ചു കൂട്ടുവാനായി ജീവിതം ചെലവഴിക്കുന്നതിൻ്റെ അർത്ഥശൂന്യത തിരിച്ചറിയുമെന്നു് അദ്ദേഹം പ്രത്യാശിച്ചു.

ഈ ലോകത്തിൻ്റെയും അതിലെ വസ്തുക്കളുടെയും നശ്വരത നാം മനസ്സിലാക്കണമെന്നു് അമ്മ ആഗ്രഹിക്കുന്നു. നാം കാണുന്നതെല്ലാം നശ്വരവും മരണാനന്തരം നമ്മുടെ കൂടെ കൊണ്ടുപോകാനാവാത്തതുമാണു്.


മക്കളേ, സയന്‍സ് പുറംലോകം എയര്‍ക്കണ്ടീഷന്‍ ചെയ്യുമെങ്കില്‍, ആദ്ധ്യാത്മികത ആന്തരികലോകത്തെയാണു് എയര്‍ക്കണ്ടീഷന്‍ ചെയ്യുന്നതു്. മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യുന്ന വിദ്യയാണു് ആദ്ധ്യാത്മികത. അതു് അന്ധവിശ്വാസമല്ല, അന്ധകാരത്തെ അകറ്റുന്ന തത്ത്വമാണു്.

ഒരു കുട്ടിയുടെ മുന്നില്‍ ഒരു കൈയില്‍ ചോക്ലേറ്റും മറുകൈയില്‍ സ്വര്‍ണ്ണനാണയവും വച്ചുനീട്ടിയാല്‍, കുട്ടി ഏതെടുക്കും? അവന്‍ ചോക്ലേറ്റെടുക്കും. സ്വര്‍ണ്ണനാണയം എടുക്കില്ല. സ്വര്‍ണ്ണനാണയമെടുത്താല്‍ ഒരു ചോക്ലേറ്റിനു പകരം എത്രയോ അധികം ചോക്ലേറ്റു വാങ്ങാം എന്ന സത്യം, ആ കുട്ടി അറിയുന്നില്ല.

നമ്മളും ഇന്നിതുപോലെയാണു്. ഭൗതികതയുടെ ആകര്‍ഷണത്തില്‍, യാഥാര്‍ത്ഥ്യബോധം നമുക്കു നഷ്ടമാകുന്നു. ഒരിക്കലും ചെടിക്കാത്ത മധുരമാണു് ഈശ്വരന്‍. ഭൗതികൈശ്വര്യത്തിനും മുക്തിക്കും കാരണം അവിടുന്നാണു്.

അങ്ങനെയുള്ള ഈശ്വരനെ വിട്ടിട്ടു്, ഇന്നുള്ളവര്‍ അല്പനിമിഷത്തേക്കുമാത്രം നിലനില്ക്കുന്ന ഭൗതികനേട്ടങ്ങള്‍ക്കു പിന്നാലെ പായുന്നു. ഫലമോ നിരാശമാത്രം. എന്നാല്‍ ഈശ്വരനെ ആശ്രയിക്കുന്ന ഓരോ നിമിഷവും ആനന്ദമാണു്, ഐശ്വര്യമാണു്. അതിനു തുല്യമായി ലോകത്തു മറ്റൊന്നുമില്ല.

ഈശ്വരധ്യാനത്തിനു വേണ്ടി ചിലവാക്കുന്ന സമയം, ഒരിക്കലും നമുക്കു നഷ്ടമല്ല. ധ്യാനിച്ചവര്‍ ആരുംതന്നെ ഒരിക്കലും പട്ടിണി കിടന്നു മരിച്ചിട്ടില്ല. അതിനാല്‍ ഈശ്വരധ്യാനം നഷ്ടമാണെന്നു് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ല.

നമ്മള്‍ ആ മാര്‍ഗ്ഗത്തെ ഉദ്ധരിച്ചെടുക്കണം. അതു് പിന്തുടരുവാന്‍ മറ്റുള്ളവര്‍ക്കും പ്രേരണ നല്കണം. അതൊരിക്കലും നഷ്ടക്കച്ചവടമല്ല. അതില്‍നിന്നും ലാഭം മാത്രമേ കൊയ്യുവാനുള്ളൂ.

നമുക്കിരിക്കാനും വിശ്രമിക്കാനും ഇടമൊരുക്കിത്തരുന്ന കസേരയോടും പാറയോടും നന്ദിയുള്ളവരായിരിക്കേണ്ടേ? നമുക്കോടാനും ചാടാനും കളിക്കാനുമൊക്കെ ക്ഷമയോടെ സ്വന്തം മടിത്തട്ടൊരുക്കിത്തരുന്ന മണ്ണിനോടു കൃതജ്ഞത വേണ്ടേ?

നമുക്കു വേണ്ടി പാടുന്ന പക്ഷികളോടും നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും നമുക്കുവേണ്ടി തണൽവിരിക്കുന്ന വൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടേ?

ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണു നാം കാണുന്നതു്. കാരണം, രാത്രിയിൽ നാം എല്ലാം മറന്നുറങ്ങുമ്പോൾ, മരണമുൾപ്പെടെ എന്തുവേണമെങ്കിലും സംഭവിക്കാം.

കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു നമ്മൾ ആരെങ്കിലും നന്ദി പറയാറുണ്ടോ? അങ്ങനെ നോക്കുമ്പോൾ, എല്ലാവരോടും എല്ലാത്തിനോടും നമുക്കു നന്ദി വേണ്ടേ! കാരുണ്യമുള്ളവർക്കേ നന്ദിയുള്ളവരായിരിക്കാൻ കഴിയൂ!

പോയ നൂറ്റാണ്ടുകളിൽ മനുഷ്യർ നടത്തിയ യുദ്ധങ്ങൾക്കും നരഹത്യയ്ക്കും അതുമൂലം നിരപരാധികളൊഴുക്കിയ കണ്ണീരിനും കൈയും കണക്കുമില്ല? എന്തിനായിരുന്നു അതെല്ലാം? പിടിച്ചടക്കാൻ, അധികാരം സ്ഥാപിക്കാൻ, ധനത്തിനോടും പ്രശസ്തിയോടും ഉള്ള അത്യാർത്തി തീർക്കാൻ.

മാനവരാശി എണ്ണിയാലൊടുങ്ങാത്ത ശാപവചനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. അതിൽനിന്നു മോചനം നേടാൻ ഇനിയൊരു നൂറുതലമുറയുടെ എങ്കിലും കണ്ണീരൊപ്പണം; അവരുടെ ദുഃഖമകറ്റി ആശ്വസിപ്പിക്കണം. പ്രായശ്ചിത്തമായെങ്കിലും അവനവനിലേക്കൊരു തിരനോട്ടം ഇനിയും നടത്തിക്കൂടേ?

അഹങ്കാരവും സ്വാർത്ഥതയും പെരുകി, ലോകം മുഴുവൻ വെട്ടിപ്പിടിക്കാനും ജനങ്ങളെ പീഡിപ്പിച്ചു സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും ശ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിക്കും സുഖവും സ്വസ്ഥതയും ലഭിച്ചിട്ടില്ല. അവരുടെയൊക്കെ അവസാനനാളുകളും അന്ത്യവും നരകതുല്യമായിരുന്നു. ഇതു ചരിത്രം തെളിയിച്ച സത്യമാണു്.

അതുകൊണ്ടു്, ഈ നിമിഷം നമ്മുടെ മുൻപിലുള്ള ഈ അവസരം നന്ദിപൂർവ്വം സ്വീകരിച്ചു്, കാരുണ്യത്തിൻ്റെയും ശാന്തിയുടെയും പാതയിലൂടെ സഞ്ചരിക്കാൻ നമ്മൾ സന്നദ്ധരാകണം.