എന്തിന് വേണ്ടിയാണ് തങ്ങള്‍ പഠിക്കുന്നതെന്ന ബോധം പോലും ഇന്നത്തെ ചെറുപ്പക്കാര്‍ക്കില്ല. ഏതു വിധത്തിലെങ്കിലും ഒുരുസര്‍ട്ടിഫിക്കറ്റ് നേടണമെന്നല്ലാതെ വിദ്യാഭ്യാസം കൊണ്ട് ശരിയായ ജ്ഞാനമോ നല്ല സംസ്‌കാരമോ നേടാന്‍ യുവാക്കള്‍ക്ക് ആഗ്രഹമില്ല. അവര്‍ക്കതിന് പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കും കഴിയുന്നില്ല. – അമ്മ

നമ്മുടെ കുട്ടികള്‍ ഇന്ന് പലതരം വിഷയങ്ങളെ പറ്റി കൂടുതല്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഈ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീട് പോലെയാണ്. അടിസ്ഥാനമായി അറിയേണ്ട അദ്ധ്യാത്മികത്തിന് ഇന്ന് നമ്മള്‍ ജീവിതത്തില്‍ ഒരു സ്ഥാനവും കൊടുക്കുന്നില്ല – അമ്മ

ഇന്ന് നമ്മൾ ബിസിനസ് മാനേജ്‌മെന്റ് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ജീവിതം എന്നത് വെറും ബിസിനസ് മാത്രമല്ല. എങ്ങനെയാണ് ജീവിതം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കേണ്ടത് എന്നറിയണമെങ്കിൽ ആദ്ധ്യാത്മികം അറിയണം. ആദ്ധ്യാത്മികത ജീവിതത്തിന്റെ മൊത്തത്തിലുള്ള മാനേജ്‌മെന്റാണ് പഠിപ്പിക്കുന്നത് – അമ്മ

കുട്ടികൾക്ക് ആദ്ധ്യാത്മിക സംസ്‌കാരം കിട്ടേണ്ടത് അവരുടെ മാതാവിൽ നിന്നാണ്. പക്ഷേ, ഇന്ന് നമ്മുടെ അമ്മമാർക്ക് അവരുടെ കുട്ടികൾ ഡോക്ടറാകണം, അല്ലെങ്കിൽ എഞ്ചിനീയറാകണം, എന്ന് മാത്രമേയുള്ളു. കുട്ടികൾ നല്ല മനുഷ്യരാകണം എന്നതിന് ഒരു പ്രാധാന്യവും അച്ഛനമ്മമാർ നൽകുന്നില്ല. നമുക്ക് നമ്മുടേതായ ഒരു കാഴ്ചപ്പാടില്ല. – അമ്മ

രാജ്യത്തിന്റെ സാമൂഹികവിപത്തായി മാറിയിരിക്കുന്ന മാലിന്യത്തിനെതിരെ യുവാക്കളുടെ പുതിയ കർമ്മപദ്ധതിക്കു അമ്മയുടെ 57-മത് ജൻന്മദിനാഘോഷ വേദിയിൽ തുടക്കമായി. പരിസരശുചീകരണം തങ്ങളുടെ കർത്തവ്യമാണു എന്ന ദൃഢപ്രതിജ്ഞ അമ്മയുടെ മക്കൾ എടുത്തു. ‘നിർമ്മലഭാരതം അമൃതഭാരതം’ എന്ന അമ്മയുടെ പ്രഖ്യാപനം ജീവിതവ്രതമാക്കുമെന്നായിരുന്നു പ്രതിജ്ഞ.

പ്രതിജ്ഞ

ഭൂമി എന്റെ അമ്മയാകുന്നു. ശുചിത്വബോധം ഈശ്വരബോധംതന്നെയാണെന്ന അറിവിനാൽ എന്റെ ജീവിതത്തിന്റെ തുടർന്നുള്ള നാളുകൾ പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും സാമൂഹിക അനിവാര്യത മനസ്സിലാക്കിക്കൊണ്ടുള്ളതും അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്കരിക്കുന്നതും എന്നെന്നും നിലനിർത്തുന്നതും ആയിരിക്കും. ‘നിർമ്മലഭാരതം അമൃതഭാരതം’ എന്ന ജഗദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ പ്രബോധനത്തെ ഞാൻ എന്റെ ജീവിതത്തിന്റെ മാർഗ്ഗദീപമായിക്കാണുന്നു.

മഠത്തിന്റെ ഈ പുതിയ പദ്ധതിക്കു റോട്ടറി ക്ലബ്ബുകളുടെ പിന്തുണ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണ്ണർ വേണുഗോപാൽ സി. ഗോവിന്ദ് പ്രഖ്യാപിച്ചു.