സനാതനധർമ്മം അയോഗ്യരെന്നു പറഞ്ഞു് ആരെയും എന്നെന്നേക്കുമായി തള്ളിക്കളയുന്നില്ല. ആശുപത്രി കെട്ടിയിട്ടു രോഗികൾ വേണ്ട എന്നു തീരുമാനിക്കുന്നതു പോലെയാണു്, ആദ്ധ്യാത്മികതയിൽ ഒരുവനെ അയോഗ്യനെന്നു പറഞ്ഞു് അകറ്റിനിർത്തുന്നത്. കേടായ വാച്ചും രണ്ടു നേരം കൃത്യമായി സമയം കാണിക്കും. അതിനാൽ സ്വീകരിക്കലാണു വേണ്ടത്. ‘നീ കൊള്ളില്ല കൊള്ളില്ല’ എന്നു പറഞ്ഞു് ഒഴിവാക്കുമ്പോൾ അവനിൽ പ്രതികാരബുദ്ധിയും മൃഗീയതയും വളർത്തുവാൻ അതു സഹായിക്കുന്നു. അവൻ വീണ്ടും തെറ്റിലേക്കു പോകുന്നു. അതേ സമയം അവനിലെ നന്മയെ പുകഴ്ത്തുകയും ചീത്തയെ ക്ഷമയോടും സ്‌നേഹത്തോടും തിരുത്താനും ശ്രമിച്ചാൽ അവനെയും ഉയർത്തുവാൻ പറ്റും.

ഒരുവൻ തെറ്റുചെയ്യുന്നതു താനാരാണെന്ന അറിവില്ലാത്തതു മൂലമാണ്. അതിനാൽ ഏതൊരാളെയും തള്ളാതെ അവർക്കുവേണ്ട അറിവു നല്കുവാനാണു സനാതനധർമ്മം പറയുന്നത്. കാട്ടാളനായ രത്‌നാകരനെ മഹർഷിമാർ കൊള്ളക്കാരനെന്നു പറഞ്ഞു് അകലെ നിർത്തിയിരുന്നുവെങ്കിൽ വാല്മീകിമഹർഷി ജനിക്കില്ലായിരുന്നു. ഒരു കൊള്ളക്കാരനുപോലും മഹാത്മാവാകാമെന്നു സനാതന ധർമ്മം കാട്ടിത്തന്നു. രത്‌നം മലത്തിൽക്കിടന്നാലും ആരും ഉപേക്ഷിക്കില്ല. അതിലെ മാലിന്യം കഴുകിക്കളഞ്ഞു സ്വന്തമാക്കാൻ ശ്രമിക്കും. അതുപോലെ സർവ്വരിലും ഈശ്വരചൈതന്യം കുടി കൊള്ളുന്നതിനാൽ ഒരാളെപ്പോലും തള്ളുവാൻ സാദ്ധ്യമല്ല. ചെറിയവനെന്നോ വലിയവനെന്നോ ഭേദമില്ലാതെ സർവ്വരിലും ഈശ്വരനെ ദർശിക്കാൻ നമുക്കു കഴിയണം. അതിനു സ്വന്തം മനസ്സിനെ മൂടിയിരിക്കുന്ന മാലിന്യങ്ങളെ നീക്കിക്കളയുകയാണു് ആദ്യം വേണ്ടത്.

 

എല്ലാവരിലും ദിവ്യത്വം ദർശിക്കുന്നതിനാൽ സനാതന ധർമ്മത്തിൽ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാപം ചെയ്താലും നല്ല ചിന്തയിലൂടെയും നല്ല കർമ്മങ്ങളിലൂടെയും സ്വയം ശുദ്ധീകരിക്കുവാനും ഒടുവിൽ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാനും കഴിയുമെന്നു സനാതനധർമ്മം വിശ്വസിക്കുന്നു. എത്ര തെറ്റു ചെയ്തവനും ആത്മാർത്ഥമായ പശ്ചാത്താപം വന്നാൽ രക്ഷപ്പെടാം. പശ്ചാത്താപത്തിൽ കഴുകിപ്പോകാത്ത പാപമില്ല. പക്ഷേ ആന കുളിക്കുന്നതുപോലെയാകരുത്. ആന കുളിച്ചു കയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി വാരി ദേഹത്തു വിതറും. ഇതുപോലെയാണു പലരും. നമ്മുടെ ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ പല തെറ്റുകളും സംഭവിച്ചെന്നിരിക്കും. അതോർത്തു മക്കൾ തളരരുത്.

തറയിൽ വീഴുന്നതു് എഴുന്നേല്ക്കാൻ വേണ്ടിയാണെന്നു ചിന്തിക്കണം. മറിച്ചു് ഇവിടെ നല്ല സുഖമാണല്ലോ എന്നു കണ്ടു് അവിടെത്തന്നെ കിടക്കരുത്. വീണതിനെക്കുറിച്ചോർത്തു തകരരുത്. എഴുന്നേറ്റു മുന്നോട്ടു പോകുവാനാണു ശ്രമിക്കേണ്ടത്. നമ്മൾ പേപ്പറിൽ പെൻസിൽകൊണ്ടു് എഴുതുമ്പോൾ തെറ്റു സംഭവിച്ചാൽ റബ്ബറുപയോഗിച്ചു മായ്ക്കും. എന്നിട്ടു തിരുത്തിയെഴുതും. പക്ഷേ, പിന്നെയും തെറ്റെഴുതി മായ്ക്കാൻ ശ്രമിച്ചാൽ പേപ്പറു കീറാൻ സാദ്ധ്യതയുണ്ട്. മക്കൾ തെറ്റു് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. തെറ്റു സംഭവിക്കുക സ്വാഭാവികമാണ്. എന്നാലും ശ്രമിക്കുക. ജാഗ്രത പുലർത്തുക.

ചെറുപ്പത്തിലെ ചില കാര്യങ്ങൾ അമ്മ ഓർക്കുകയാണ്. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയിൽക്കിടക്കുന്ന പേപ്പറിൽ അറിയാതെ ചവിട്ടിയാൽപ്പോലും അമ്മ തൊട്ടുതൊഴുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ പ്രസവിച്ച അമ്മ യിൽനിന്നു അടികിട്ടും. അതു വെറും പേപ്പറല്ല, സരസ്വതീദേവിയാണെന്നു് അമ്മ പറഞ്ഞുതരും. ചാണകത്തിൽ ചവിട്ടിയാലും തൊട്ടുതൊഴണം. ചാണകത്തിൽനിന്നു പുല്ലുണ്ടാകുന്നു. പുല്ലു പശു തിന്നുന്നു. പശുവിൽനിന്നു പാലുണ്ടാകുന്നു. പാലു നമ്മൾ ഉപയോഗിക്കുന്നു. വീടിന്റെ വാതിൽപ്പടിയിൽ ചവിട്ടരുത്. അഥവാ ചവിട്ടിയാൽത്തന്നെ തൊട്ടുതൊഴണം അമ്മ പറഞ്ഞുതരുമായിരുന്നു. നമ്മളെ ഒരു ഘട്ടത്തിൽനിന്നും മുന്നോട്ടു നയിക്കുന്ന വഴിയായതു കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ സർവ്വതിനും മൂല്യമുണ്ട്. ഒന്നിനെയും തള്ളുവാനില്ല. മിഥ്യയെന്നാൽ ഇല്ലാത്തതല്ല, മാറിക്കൊണ്ടിരിക്കുന്നതാണ്. ഏതൊന്നിനെയും ആദരവോടും ബഹുമാനത്തോടുംകൂടി വേണം നമ്മൾ കാണുവാൻ. ഭാഗവതവും ഭഗവാനും രണ്ടല്ല, ഈ ലോകവും ഈശ്വരനും രണ്ടല്ല. അങ്ങനെ നമ്മൾ നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നു. അതിനാൽ ഇന്നും എന്തിൽ ചവുട്ടിയാലും അമ്മ അറിയാതെ തൊട്ടുതൊഴും. ഈശ്വരൻ എന്നിൽനിന്നും ഭിന്നമല്ല എന്നറിയാമെങ്കിലും അമ്മ എല്ലാറ്റിനെയും നമിക്കുന്നു.

മുകളിൽ എത്താൻ സഹായിച്ച സ്റ്റെയർകെയ്‌സും മുകളിലത്തെ നിലയും പണിതിരിക്കുന്നതു് ഒരേ വസ്തു കൊണ്ടാണെന്നറിയാമെങ്കിലും സ്റ്റെയർകെയ്‌സിനെ തള്ളാൻ അമ്മയ്ക്കാവില്ല. വന്ന പാത മറക്കാൻ പറ്റുന്നില്ല. ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന എല്ലാ ആചാരങ്ങളെയും അമ്മ ആദരിക്കുന്നു. അമ്മയ്ക്കിതിന്റെ ആവശ്യമുണ്ടോ എന്നു മക്കൾ ചോദിച്ചേക്കാം. കുട്ടിക്കു മഞ്ഞപ്പിത്തം വന്നു. ഉപ്പു കഴിക്കാൻ പാടില്ല, കഴിച്ചാൽ രോഗം വർദ്ധിക്കും. പക്ഷേ ഉപ്പില്ലാത്ത ഭക്ഷണം അവനു് ഇഷ്ടവുമല്ല. ഉപ്പുള്ളതു കണ്ടാൽ അവൻ എടുത്തു കഴിക്കും. ഇതറിയാവുന്ന അവന്റെ അമ്മ വീട്ടിൽ വയ്ക്കുന്ന ഒരു ഭക്ഷണത്തിലും ഉപ്പിടില്ല. കുട്ടിക്കുവേണ്ടി, അസുഖമില്ലെങ്കിൽക്കൂടി മറ്റുള്ളവരും ഉപ്പൊഴിവാക്കും. ഇതുപോലെ അമ്മയ്ക്കാവശ്യമില്ലെങ്കിലും മക്കൾക്കുവേണ്ടി അമ്മ മാതൃകയാകുന്നു.

സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം സനാതനധർമ്മത്തിൽ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്റെ പ്രത്യക്ഷമൂർത്തികളായി ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്റെപോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ പഠിക്കാൻ ഉണ്ട്. ജഡവസ്തുക്കളിൽപ്പോലും ഋഷിമാർ ഈശ്വരചൈതന്യം ദർശിച്ചു. അവർ പാടി, ‘സർവ്വം ബ്രഹ്മമയം, രേ രേ സർവ്വം ബ്രഹ്മമയം’ എന്ന്. ഇന്നു സയൻസും പറയുന്നു, എല്ലാം ഊർജ്ജമാണെന്ന്. ഋഷികളുടെ വാക്കിൽ വിശ്വാസമുണ്ടായിരുന്ന ഭാരതീയർ, സർവ്വതിനെയും ഈശ്വരനായിക്കണ്ടു ഭക്തിപൂർവ്വം നമിച്ചു.

ഭൗതികതയെയും ആദ്ധ്യാത്മികതയെയും പരസ്പര വിരുദ്ധമായി സനാതനധർമ്മം കാണുന്നില്ല. ആദ്ധ്യാത്മികതയുടെ പേരിൽ അതു ഭൗതികതയെയും ലോകജീവിതത്തെയും തിരസ്‌കരിക്കുന്നില്ല, മറിച്ചു്, ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് അതു പഠിപ്പിക്കുന്നു. ഭൗതികശാസ്ത്രങ്ങളും കലകളുംപോലും ആദ്ധ്യാത്മികതയുടെ അടിത്തറയിലാണു ഋഷീശ്വരന്മാർ പടുത്തുയർത്തിയത്. അവയെപ്പോലും പരമസത്യത്തിലേക്കുള്ള പടവുകളായി കണ്ട ഋഷീശ്വരന്മാർ ആത്യന്തികമായി ഈശ്വരനിലേക്കു നയിക്കുന്ന വിധമാണു് അവയെ ആവിഷ്‌കരിച്ചത്.

 

അങ്ങനെ അനേകമനേകം ശാസ്ത്രങ്ങൾ ഭാരതത്തിൽ വികാസം പ്രാപിച്ചു. ഭാഷാശാസ്ത്രം, തച്ചുശാസ്ത്രം വാസ്തുശാസ്ത്രം, ജ്യോതിശ്ശാസ്ത്രം , ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, അർത്ഥശാസ്ത്രം (രാജനീതി, സാമ്പത്തികം), നാട്യശാസ്ത്രം, സംഗീതശാസ്ത്രം, കാമശാസ്ത്രം, നാഡീശാസ്ത്രം, തർക്കശാസ്ത്രം ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര ശാസ്ത്രശാഖകൾ ഇവിടെ വികാസം പ്രാപിച്ചു. മനുഷ്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു മേഖലയെയും സനാതനധർമ്മം നിഷേധിക്കുന്നില്ല. എല്ലാ ശാസ്ത്രങ്ങളെയും കലകളെയും പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണു് ഇവിടെ നിലനിന്നിരുന്നത്.