നമ്മുടെ കുട്ടികള്‍ ഇന്നു പലതരം വിഷയങ്ങളെപ്പറ്റി കൂടുതല്‍ അറിവുള്ളവരാണു്. എന്നാല്‍ ആദ്ധ്യാത്മികതയില്ലാത്ത അവരുടെ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീടുപോലെയായിരിക്കുന്നു. ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളം പോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. രാഷ്ട്രീയത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും. രാഷ്ട്രീയത്തെ അമ്മ തള്ളിപ്പറയുകയല്ല. ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതുമാത്രമേ അവിടെ പാടുള്ളൂ. വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം നല്കി നമ്മള്‍ പഠിക്കാന്‍ ശ്രമിക്കണം. ഒപ്പം സംസ്‌കാരം വളര്‍ത്താനും കഴിയണം. ഇന്നാകട്ടെ, ഏതു വിധത്തിലെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു നേടണമെന്നല്ലാതെ വിദ്യാഭ്യാസംകൊണ്ടു സംസ്‌കാരം നേടാന്‍ വിദ്യാര്‍ത്ഥിക്കോ, അതിനവര്‍ക്കു പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കോ താല്‍പര്യമില്ല. എന്തിനുവേണ്ടിയാണു തങ്ങള്‍ പഠിക്കുന്നതെന്ന ബോധംപോലും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കില്ല. ഇതുമൂലം കുഞ്ഞുങ്ങളില്‍ ശരിയായ ജ്ഞാനമോ സംസ്‌കാരമോ കാണുന്നില്ല. വിദ്യാലയങ്ങളില്‍ കുട്ടികള്‍ അദ്ധ്യാപകരോടു കാട്ടേണ്ട മര്യാദകള്‍ പാലിക്കുന്നില്ല. അതിനാല്‍ അവിടെ അദ്ധ്യാപകര്‍ യന്ത്രങ്ങളെപ്പോലെയായി; കുട്ടികള്‍ ഭിത്തിപോലെയും. അവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നില്ല. കുട്ടികള്‍ക്കു വേണ്ട ഏകതയുടെ ബോധം അവരില്‍ ഉണരുന്നില്ല. അവര്‍ എന്തിനു വേണ്ടിയാണോ വിദ്യാലയങ്ങളില്‍ പോകുന്നതു്, അതു മറന്നു് അവര്‍ വേറൊന്നായി മാറുകയാണു്. ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നുവച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരിപ്പിനുവേണ്ടി കാലുമുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കംപ്യൂട്ടര്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. ശവത്തിനു മേക്കപ്പിട്ടിരിക്കുന്നതു പോലെ ആയിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്നു നമ്മള്‍ ജോലിക്കുവേണ്ടി ജീവിക്കുന്നു; ജീവിക്കാന്‍ വേണ്ടിയല്ല ജോലി ചെയ്യുന്നതു്. എല്ലാ രീതിയിലും ജീവിതം യാന്ത്രികമായിത്തീര്‍ന്നിരിക്കുന്നു.

അമ്മ ഒരു കഥ ഓര്‍ക്കുന്നു, ഒരിക്കല്‍ ഒരാള്‍ തന്റെ സ്‌നേഹിതനെ കാണാന്‍ ചെന്നു. ആ സമയത്തു് അയാള്‍ തന്റെ തോട്ടം നനയ്ക്കുകയാണു്. ഹോസുമായി ഓരോ ചെടിയുടെ ചുവട്ടിലും അയാള്‍ കുറച്ചുനേരം പോയി നില്ക്കും. എന്നിട്ടു് അടുത്ത ചെടിയുടെ അടുത്തേക്കു നീങ്ങും. പക്ഷേ ഹോസില്‍ നിന്നു വെള്ളം വീഴുന്നതു കാണാനുണ്ടായിരുന്നില്ല. ഇതു കണ്ട സുഹൃത്തു ചോദിച്ചു, ”നിങ്ങള്‍ എന്താണീ കാണിക്കുന്നതു്? വെള്ളമില്ലാതെ നിങ്ങളെങ്ങനെയാണു തോട്ടം നനയ്ക്കുന്നതു്? ആ ഹോസിനു വല്ല ഊട്ടയുമുണ്ടോ എന്നു നോക്കു്! ഇതു കേട്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, ”ആ ചെടികളെ അങ്ങൊന്നു ശ്രദ്ധിച്ചുനോക്കൂ.” അപ്പോഴാണു് അദ്ദേഹം അതു ശ്രദ്ധിച്ചതു്, അവിടെയുണ്ടായിരുന്നതെല്ലാം പ്ലാസ്റ്റിക്കു ചെടികളാണു്. ഇതുപോലെയാണു് ഇന്നു നമ്മുടെ അവസ്ഥയും. നമ്മളെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു പ്ലാസ്റ്റിക്കു പൂന്തോട്ടങ്ങളാണു്. അവിടെ ജീവന്റെ തുടിപ്പില്ല, ജീവന്റെ പരിമണമില്ല, ജീവന്‍ സ്പന്ദിക്കുന്ന സൗന്ദര്യമില്ല. നമുക്കു യന്ത്രങ്ങള്‍ ഉപയോഗിക്കാം; എന്നാല്‍ ജീവിതം യാന്ത്രികമായിത്തീരാന്‍ പാടില്ല. ഇന്നു, നമ്മുടെ ഹൃദയമെല്ലാം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ഹൃദയത്തിന്റെ ഭാഷ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു്. വെറും യന്ത്രങ്ങളെപ്പോലെ നാം ചലിച്ചുകൊണ്ടിരിക്കുന്നു.

ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചു കാണുന്നതു്. നമുക്കില്ലാത്ത പല നല്ല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യ രീതികളെ അന്ധമായി അനുകരിക്കുന്നതാണു് ഇന്നു കണ്ടുവരുന്നതു്. അതു പ്ലാസ്റ്റിക്കു് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്. ശിവന്‍ ബ്രഹ്മാവിന്റെ വേഷം കെട്ടുന്നതുപോലെയാണു്. അതിലൂടെ നമുക്കു നമ്മുടെ യഥാര്‍ത്ഥവ്യക്തിത്വം നഷ്ടമാകുന്നു. അതിനാല്‍ നമ്മള്‍ വളര്‍ന്ന സംസ്‌കാരത്തിലേക്കു നമ്മള്‍ തിരിയാന്‍ ശ്രമിക്കണം. അതിനുവേണ്ടി കുഞ്ഞുങ്ങളില്‍ ചെറുപ്പം മുതലേ ആ സംസ്‌കാരം ഊട്ടിയുറപ്പിക്കുവാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. മുതിര്‍ന്നവര്‍ നമ്മുടെ സംസ്‌കാരം എന്തെന്നറിഞ്ഞു്, ഇളം തലമുറയ്ക്കു പകര്‍ന്നുകൊടുക്കണം. എന്നാല്‍ ഇന്നുള്ള പല അച്ഛനമ്മമാരും എന്താണു ചെയ്യുന്നതു്? കുട്ടികളോടു പറയും, നീ നന്നായി പഠിച്ചു ഡോക്ടറാകണം, എഞ്ചിനീയറാകണം, കലക്ടറാകണം. ഇതു മാത്രമേ അവര്‍ക്കുപദേശിക്കുവാനുള്ളു. ഇതു വേണ്ടെന്നോ തെറ്റാണെന്നോ അമ്മ പറയുന്നില്ല. അതോടൊപ്പം നമ്മളിലെ മാനുഷികമൂല്യങ്ങളെക്കൂടി ഉദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം നമ്മള്‍ ജീവിച്ചു കാണിച്ചു കൊടുക്കണം. അതുമാത്രമേ അമ്മ പറയുന്നുള്ളൂ.

കൊച്ചുകുട്ടികളുടെ മനസ്സു്, പുതിയതായി സിമന്റു ചെയ്ത തറപോലെയാണു്. അതില്‍ പതിയുന്ന കാല്പാടുകള്‍ മായുകയില്ല. അതവിടെ തെളിഞ്ഞുകിടക്കും. അതിനാല്‍ ചെറുപ്പകാലത്തുതന്നെ അവരില്‍ നല്ല സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. ആദ്യം പകര്‍ന്നു നല്കുന്ന ഈ സംസ്‌കാരമാണു് അവരുടെ ജീവിതത്തിന്റെ ആണിക്കല്ലു്. നമുക്കെല്ലാം നമ്മുടെ കുട്ടികള്‍ പഠിച്ചു മിടുക്കരായി ധാരാളം പണം സമ്പാദിച്ചു സുഖമായി ജീവിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടു്. എന്നാല്‍ ആദ്ധ്യാത്മിക സംസ്‌കാരമില്ലെങ്കില്‍, എത്ര വിദ്യ നേടിയാലും, ഏതു പദവിയിലെത്തിയാലും, എത്ര ധനം നേടിയാലും അതുകൊണ്ടു മാതാപിതാക്കള്‍ക്കും സമൂഹത്തിനും ശാന്തിയും സമാധാനവും കിട്ടണമെന്നില്ല. ഇതെല്ലാം നേടാനവസരം കൊടുത്തിട്ടും മക്കളുടെ കുത്തഴിഞ്ഞ ജീവിതം കണ്ടു് കണ്ണീരു കുടിക്കുന്ന ധാരാളം കുടുംബങ്ങളെ അമ്മയ്ക്കറിയാം. അതിനാല്‍ എല്ലാറ്റിനും അടിസ്ഥാനം നല്ല സംസ്‌കാരമാണു്. അതാണു് ഏതൊരു അച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും വിലപിടിച്ചതും നശിക്കാത്തതുമായ സ്വത്തു്. പുസ്തകങ്ങളില്‍ക്കൂടിയോ സ്‌കൂളില്‍ക്കൂടിയോ മാത്രം പകര്‍ന്നു കൊടുക്കുവാന്‍ പറ്റുന്ന ഒന്നല്ല സംസ്‌കാരം. അതിനു് ആദ്യം വേണ്ടതു നമ്മുടെ ജീവിതം സംസ്‌കാര സമ്പന്നമാക്കുകയാണു്. നമ്മളില്‍ മാറ്റമുണ്ടാക്കാതെ അടുത്ത തലമുറയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുകയില്ല. ഇന്നു നമ്മള്‍ കനകം കൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിന്റെ ആത്മീയസംസ്‌കാരം കളഞ്ഞുകുളിക്കാതെതന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയും. ആദ്ധ്യാത്മികവും ഭൗതികവും പരസ്പരവിരുദ്ധങ്ങളല്ല. ഒന്നിനുവേണ്ടി മറ്റൊന്നു തള്ളേണ്ടതില്ല.

ത്യാഗത്തില്‍ക്കൂടിയേ നമ്മുടെ സംസ്‌കാരത്തെ ഉദ്ധരിക്കാന്‍ കഴിയൂ. ഋഷികള്‍ നമുക്കു തന്ന സംസ്‌കാരം നമ്മളില്‍ ഉണര്‍ത്തേണ്ടതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണീ ദിവസം. വെറും ബാഹ്യമായ ആഡംബരത്തിനോ ആഘോഷത്തിനോ വേണ്ടിയുള്ള ദിനമല്ലിതു്. വ്യക്തിബോധം മറന്നു്, നല്ല കര്‍മ്മങ്ങളില്‍ മുഴുകി അവയിലാനന്ദിക്കുമ്പോള്‍ മാത്രമാണു ജീവിതം ഉത്സവമായി മാറുന്നതു്. ഉല്ലാസവും സംസ്‌കാരവും കൂടി ഒന്നുചേരണം. അതാണു ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നതു്. സംസ്‌കാരത്തോടുകൂടിയുള്ള ഉല്ലാസം ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിപോലെയാണു് നിഷ്‌കളങ്കമായ പുഞ്ചിരി. അതു നമ്മളെ ഈശ്വരനിലേക്കുയര്‍ത്തും. എന്നാല്‍, സംസ്‌കാര രഹിതമായ ഉല്ലാസം, കര്‍മ്മം നമ്മളെ മൃഗീയതയിലേക്കു താഴ്ത്തും.

നമുക്കറിയാം, ഇന്നു ലോകത്തില്‍ എല്ലാ രീതിയിലും സംസ്‌കാരം തകര്‍ന്നുകൊണ്ടിരിക്കുകയാണു്. രാഷ്ട്രീയത്തിലാകട്ടെ, വിദ്യാഭ്യാസത്തിലാകട്ടെ, കുടുംബജീവിതത്തിലാകട്ടെ സംസ്‌കാരം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ആദ്ധ്യാത്മികത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മാത്രമേ ഈ സംസ്‌കാരത്തെ ഉദ്ധരിക്കുവാന്‍ കഴിയൂ. നമ്മുടെ ജീവിതത്തിനു ശക്തി പകരുന്ന സയന്‍സാണു് ആദ്ധ്യാത്മികം. നമ്മുടെ ജീവിതത്തിനു സൗന്ദര്യം നല്കുന്ന കലയാണു് ആദ്ധ്യാത്മികം.

നമ്മള്‍ ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ഒരു ശൃംഖലയിലെ കണ്ണികളാണു്. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ഈ ലോകത്തു നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും, ഏതെങ്കിലും ഒരു മനുഷ്യന്റെ ഉള്ളില്‍ ഉദിച്ച വിദ്വേഷത്തിന്റെ ഫലമാണു്. ഒരു വ്യക്തിയുടെ ചിന്ത, പ്രവൃത്തി, എത്രയോ ആളുകള്‍ക്കു നാശമുണ്ടാക്കി! ഹിറ്റ്‌ലര്‍ ഒരു വ്യക്തിയാണു്. പക്ഷേ, അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ എത്ര ആളുകളെയാണു ബാധിച്ചിട്ടുള്ളതു്. നമ്മുടെ ചിന്ത മറ്റുള്ളവരെയും, മറ്റുള്ളവരുടെ ചിന്ത നമ്മളെയും ബാധിക്കുന്നുണ്ടു് എന്നറിഞ്ഞു്, എപ്പോഴും നല്ല ചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളുവാന്‍ നാം ശ്രദ്ധിക്കണം. അവരു മാറാതെ ഞാന്‍ മാറില്ല എന്നു ചിന്തിക്കാതെ അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറാന്‍ ശ്രമിക്കണം. അപ്പോള്‍ തീര്‍ച്ചയായും മാറ്റം സംഭവിക്കുന്നു. അതാണു് ആദ്ധ്യാത്മികം പഠിപ്പിക്കുന്നതു്.

– അമ്മയുടെ ജന്മദിനസന്ദേശത്തിൽ നിന്ന് – വർഷം 2000

 

മക്കള്‍ ചുറ്റും ഒന്നു കണ്ണോടിക്കുക. അവയെ ഒന്നു വിശകലനം ചെയ്യുക. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ എന്തെന്നു് ഒന്നു മനസ്സിലാക്കുക. അതിനുള്ള ദിവസമാണിന്നു്. ലോകത്തിലുള്ള ജനങ്ങള്‍ ഏതെല്ലാം തരത്തിലാണു കഷ്ടപ്പെടുന്നതു്. അവരുടെ ജീവിതം നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വര്‍ഷം മുന്‍പു നടന്ന ഒരു സംഭവം അമ്മ ഓര്‍ക്കുകയാണു്. ബോംബെയിലുള്ള മക്കള്‍ പറഞ്ഞറിഞ്ഞതാണു്.

ബോംബെയില്‍ ഒരു സ്ഥലത്തു് ഒരാള്‍ക്കു ഷുഗറിന്റെ അസുഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ ഒരു മുറിവുണ്ടാ യി. അതു പഴുത്തു വലിയ വ്രണമായി. ഡോക്ടറെ കാണിച്ചപ്പോള്‍ ”ആ കാലു മുറിച്ചു മാറ്റണം, അല്ലെങ്കില്‍ പഴുപ്പു മുകളിലേക്കു ബാധിക്കും, അതു വലിയ പ്രശ്‌നം സൃഷ്ടിക്കും” എന്നു പറഞ്ഞു. അദ്ദേഹം വളരെ വിഷമിച്ചു. കാലു നഷ്ടപ്പെടുമെന്നുള്ള ദുഃഖം മാത്രമല്ല, ആ ഓപ്പറേഷനു പത്തുപതിനായിരം രൂപ വേണ്ടിവരും. പ്രത്യേകിച്ചൊരു സ്ഥിരവരുമാനമില്ലാത്ത മനുഷ്യനാണു്. കിട്ടുന്നതു കുടുംബം പുലര്‍ത്താന്‍തന്നെ തികയുന്നില്ല. കാലിനു് അസുഖം വന്നതിനുശേഷം പഴയതു പോലെ ജോലിക്കു പോകുവാനും സാധിക്കുന്നില്ല. ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്നു വാങ്ങുവാന്‍തന്നെ പണമില്ലാതെ വിഷമിക്കുകയാണു്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഓപ്പറേഷനു പണം കണ്ടെത്തും? അദ്ദേഹം ആകെ വിഷമിച്ചു. ഒരു ദിവസം ആ സാധു റെയില്‍വേപാളത്തിനടുത്തു ചെന്നിട്ടു്, ട്രെയിന്‍ വരുന്ന സമയം കാല്‍ പാളത്തിലേക്കു വച്ചുകൊടുത്തു. ട്രെയിന്‍ കയറി ആ കാലു മുറിഞ്ഞു. പക്ഷേ, രക്തം വാര്‍ന്നൊഴുകി ആള്‍ മരണത്തിന്റെ വക്കിലെത്തി. ആളുകള്‍ അദ്ദേഹത്തെയെടുത്തു് ആശുപത്രിയിലാക്കി. നടന്ന സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”എനിക്കു കാലു മുറിക്കാന്‍ പണമില്ല. കാലു മുറിച്ചു മാറ്റാതെ ഈ അസുഖം കാരണം ജീവിക്കാനും കഴിയില്ല. ഓപ്പറേഷനു പണമില്ലാത്ത എന്റെ മുന്‍പില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അതുകൊണ്ടു് ഇങ്ങനെ ചെയ്യേണ്ടിവന്നു.”

മക്കള്‍ ആ ജീവിതത്തിലേക്കു് ഒന്നു കണ്ണോടിക്കുക. ഇന്നു നമുക്കു് ആശുപത്രിയുണ്ടു്. എല്ലാവര്‍ക്കും സൗജന്യമായി ചെയ്യുവാന്‍ പറ്റുന്നില്ലെങ്കിലും പല സാധുക്കള്‍ക്കും അവിടെ സൗജന്യമായി ഓപ്പറേഷന്‍ ചെയ്തു കൊടുക്കുന്നുണ്ടു്. പക്ഷേ, അവര്‍ ആശുപത്രി വിട്ടതിനുശേഷം കഴിക്കേണ്ട മരുന്നുകളുണ്ടു്. അതു വാങ്ങുവാന്‍ പലര്‍ക്കും പണമില്ല. ഓപ്പറേഷന്‍ കഴിഞ്ഞു കുറച്ചു ദിവസമെങ്കിലും വിശ്രമിക്കണമെന്നു പറഞ്ഞതിനാല്‍ ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. ആ കുടുംബങ്ങള്‍ പട്ടിണികൊണ്ടു തളര്‍ന്നു കിടക്കുന്ന അവസ്ഥ നമുക്കു കാണുവാന്‍ സാധിക്കും. ചുറ്റും ഒന്നു കണ്ണോടിച്ചാല്‍, ഇങ്ങനെ കഷ്ടപ്പെടുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ദുരിതമനുഭവിക്കുന്ന എത്ര കുടുംബങ്ങളെ വേണമെങ്കിലും കാണുവാന്‍ സാധിക്കും. ഈ സമയം നമ്മള്‍ ആഡംബരത്തിനും മറ്റു് അനാവശ്യകാര്യങ്ങള്‍ക്കും ചെലവുചെയ്യുന്ന പണത്തെക്കുറിച്ചു് ഓര്‍ക്കുക. അതുണ്ടെങ്കില്‍, ഒരു സാധുവിനു മരുന്നു വാങ്ങുവാന്‍ കഴിയും, ഒരു കുടുംബത്തിനു് ഒരു നേരത്തെ ഭക്ഷണത്തിനു മതിയാകും, ഒരു സാധുക്കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്കി അതിന്റെ ഭാവി ശോഭനമാക്കുവാന്‍ സാധിക്കും. ഈ ഒരു മനോഭാവം പരസ്പരം സ്‌നേഹിക്കാനും സേവിക്കാനുമുള്ള ഒരു ഭാവമാണു നമ്മള്‍ ആദ്ധ്യാത്മികത്തില്‍ ഉണര്‍ത്തിയെടുക്കേണ്ടതു്.

അമ്മയുടെ ജന്മദിനസന്ദേശത്തില്‍ നിന്ന് വര്‍ഷം 2000