“ഏതു ജോലി ചെയ്യണമെങ്കിലും ഏകാഗ്രത വേണ്ടേ?. ഏതു രംഗമെടുത്തു നോക്കിയാലും ഓരോ വാക്കിനും പ്രവൃത്തിക്കും പിന്നിലെ ശക്തിയും ബലവും പ്രചോദനവും ഒക്കെ സ്നേഹമാണെന്നു കാണാം. ഏതു തുറയിലും എത്ര ഉയര്‍ന്നതോ താഴ്ന്നതോ ആയ പണിയെടുക്കുന്ന മനുഷ്യനാണെങ്കിലും, ഏതു ജാതിമത വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും, ഇതല്ലേ സത്യം?”

”പുറമെ നിന്നു കാണുന്ന ഒരാള്‍ക്കു തോന്നിയേക്കാം പരീക്ഷണ ശാലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ കേവലം ബുദ്ധിപരമായ കര്‍മ്മമല്ലേ ചെയ്യുന്നതെന്ന്. അവിടെ ഹൃദയത്തിനെന്തു സ്ഥാനമാണുള്ളത്?.”
“പക്ഷേ, ആ പ്രവൃത്തിയുടെ ആഴത്തിലേക്കു പോയി നോക്കുമ്പോഴറിയാം തന്റെ ജോലിയോടു് അദ്ദേഹത്തിനെത്ര പ്രേമമുണ്ടെന്ന്. ഗവേഷണ വിഷയത്തോടു് അഗാധമായ പ്രേമം കൂടാതെ ആര്‍ക്കും അതിനുവേണ്ടി ഉറക്കമൊഴിച്ചു കഷ്ടപ്പെടാന്‍ കഴിയില്ല. ലോകത്തെ മാറ്റി മറിച്ചുവെന്നു നീ പറഞ്ഞ എല്ലാ പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ മനുഷ്യനു് അവരവരുടെ വിഷയത്തോടു് ഉള്ള സ്നേഹമാണു പ്രവര്‍ത്തിച്ചിരുന്നതെന്നു കാണാം. അല്ലേ?”
”സ്നേഹമാണു ബുദ്ധിക്കു പ്രകാശം പകരുന്നത്. എത്രകണ്ടു പ്രേമമുണ്ടോ, അതനുസരിച്ചു ബുദ്ധി തീക്ഷ്ണവും തെളിഞ്ഞതുമായിത്തീരുന്നു. നമ്മളതിനെ സൂക്ഷ്മബുദ്ധി, കൂര്‍മ്മ ബുദ്ധി എന്നൊക്കെ പേര്‍ പറഞ്ഞു വിളിച്ചാലും അതിന്റെ പിന്നിലൊളിഞ്ഞിരിക്കുന്ന ശക്തി സ്നേഹത്തിന്റെതാണ്. ചിലരിതു തിരിച്ചറിയുന്നു, പലരും അറിയുന്നില്ല, അത്രയേ ഉള്ളൂ.”
അമ്മ മക്കളുടെ മുഖത്തേക്കു നോക്കി. കേട്ടിരുന്നവര്‍ക്കു കുറെയൊക്കെ മനസ്സിലായെങ്കിലും എന്തോ ചില സംശയങ്ങള്‍ ബാക്കി നില്ക്കുന്നു എന്നു അവരുടെ മുഖഭാവം വ്യക്തമാക്കി. അമ്മ താന്‍ പറഞ്ഞതു മറ്റൊരു രീതിയില്‍ വിശദമാക്കാന്‍ ശ്രമിച്ചു.
”മോനേ, ലൗകികമോ ആദ്ധ്യാത്മികമോ പ്രയാസമുള്ളതോ അല്ലാത്തതോ, കായികമോ മാനസികമോ ആയ ഏതു ജോലിയും വിജയിക്കണമെങ്കില്‍ ഏകാഗ്രത കൂടിയേ കഴിയൂ. ഇല്ലേ. ഏകാഗ്രത എന്നു പറഞ്ഞാല്‍ മനസ്സിന്റെ നിശ്ചലതയല്ലാതെ മറ്റെന്താണ്? ഏകാഗ്രതയുണ്ടായാല്‍ മനസ്സില്‍ ഉണ്ടാകുന്ന പലതരം ചിന്താപ്രവാഹങ്ങള്‍ അടങ്ങും. ചിന്തകളടങ്ങിയാല്‍ മനസ്സടങ്ങി. മനസ്സിന്റെ ആ നിശ്ചലതയ്ക്കു കാരണം സ്നേഹമാണ്.
തന്റെ പരീക്ഷണ വിഷയത്തോടുള്ള ആഭിമുഖ്യമാണു ശാസ്ത്രജ്ഞനെ കര്‍മ്മനിരതനാക്കുന്നത്. അതിനെ താല്‍പര്യമെന്നോ, ആത്മാര്‍ത്ഥതയെന്നോ, പ്രതിബദ്ധതയെന്നോ ഒക്കെ പറഞ്ഞാലും അതെല്ലാം സ്നേഹത്തിന്റെതന്നെ വിവിധ ഭാവങ്ങളല്ലേ. പ്രേമമില്ലാതെ ആത്മാര്‍ത്ഥതയോ, തീവ്രമായ അഭിലാഷമോ, താല്‍പര്യം തന്നെയോ ഉണ്ടാകുമോ? ശരിയല്ലേ?”

Download Amma App and stay connected to Amma