”പുരാണകഥകളെല്ലാം യഥാര്‍ത്ഥത്തില്‍ നടന്നവയാണോ എന്നു ചോദിക്കുന്നവര്‍ കണ്ടേക്കാം. കഥയല്ല, കഥയുടെ പിന്നിലെ തത്ത്വം ഗ്രഹിക്കുന്നതാണു കാര്യം. എല്ലാ കാര്യങ്ങളും വെറും ബുദ്ധികൊണ്ടുമാത്രം അറിയാന്‍ ശ്രമിക്കുന്നയാളിനു ഹൃദയഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ധ്യാനത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥമറിയാന്‍ കഴിയില്ല. അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ പറ്റിയെന്നിരിക്കും. അങ്ങനെയുള്ള ബുദ്ധികൊണ്ടെന്താ ഗുണം?”
അമ്മ അതു പറഞ്ഞപ്പോള്‍ ഒരു ബ്രഹ്മചാരിക്കു ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല. ”അമ്മേ, ഇന്നു നാം കാണുന്ന സകലതും മനുഷ്യന്റെ ബുദ്ധികൊണ്ടുണ്ടായ നേട്ടങ്ങളല്ലേ? ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ഇത്ര കണ്ടു വികസിച്ചതൊക്കെ മനുഷ്യബുദ്ധി ഒന്നുകൊണ്ടല്ലേ. പിന്നെ അമ്മയെന്താ അതുകൊണ്ടു പ്രയോജനമില്ലെന്നു പറയുന്നത്?”
”മോനേ, അമ്മ ഒരു കാര്യം പറയുമ്പോള്‍ അതു നല്ലവണ്ണം ശ്രദ്ധിക്കണം” അമ്മ സാവധാനം വിശദീകരിച്ചു,”ശരിക്കു മനസ്സിലാക്കി സംസാരിക്കണം. അമ്മ ഹൃദയത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ചതാണ്. അല്ലാതെ ബുദ്ധി ഉപയോഗമില്ലാത്തതാണെന്നല്ല പറഞ്ഞത്.”
”ബുദ്ധി ഒന്നിനും കൊള്ളാത്ത സാധനമൊന്നുമല്ല. അതു വേണം എന്നല്ല, കൂടിയേ തീരൂ താനും. എന്നാല്‍ അതിനു് അര്‍ഹമായ സ്ഥാനമുണ്ട്. വേണ്ടാത്തിടത്തു് ഉപയോഗിക്കാതിരുന്നാല്‍ മതി. അതിനു് അനവസരത്തില്‍ അമിതപ്രാധാന്യം കൊടുക്കുന്നതാണു നമ്മുടെ പല പ്രശ്നങ്ങള്‍ക്കും കാരണം. അങ്ങനെയായാല്‍ ജീവിതത്തില്‍ സൗന്ദര്യത്തിനു സ്ഥാനമുണ്ടാവില്ല.
ഹൃദയത്തിന്റെ സ്ഥാനം ബുദ്ധി പിടിച്ചടക്കുന്നതാണു മാനസിക സംഘര്‍ഷങ്ങള്‍ക്കും, നിരാശയ്ക്കും ഒക്കെ കാരണമാവുന്നത്. ഹൃദയവും ബുദ്ധിയും തമ്മില്‍ ജീവിതത്തില്‍ ഒരു ബാലന്‍സു് വേണം. ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സ്നേഹമല്ലേ മോനേ?

Download Amma App and stay connected to Amma