ഇന്നു നൂറുകണക്കിനു സിനിമകളുടെയും നോവലുകളുടെയും ഗാനങ്ങളുടെയും പ്രധാനവിഷയം പ്രേമമാണു്.

എഴുത്തുകാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട വിഷയം പ്രേമമാണു്. എന്നാല്‍, എഴുതിയതുകൊണ്ടോ, വായിച്ചതുകൊണ്ടോ മാത്രം പ്രേമം ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തില്‍ യഥാര്‍ത്ഥ പ്രേമം കണ്ടെത്തുവാന്‍ തന്നെ പ്രയാസമാണു്. ഭാര്യാഭര്‍ത്തൃബന്ധം പോലും യാന്ത്രികമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ജീവിതം തന്നെ വിരസമായി മാറിയിരിക്കുന്നു. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്.
ഒരിടത്തു് ഒരു വീടിന്റെ മുറ്റത്തു ഭാര്യയും ഭര്‍ത്താവും കൂടി ഒരു കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു ചുഴലിക്കാറ്റു വന്നു. കാറ്റു രണ്ടുപേരെയും കട്ടിലോടു കൂടി ഉയര്‍ത്തിക്കൊണ്ടു പോയി. അവരെ ഇറക്കി വച്ചതു നൂറു കിലോമീറ്റര്‍ അകലെ. ഭാഗ്യത്തിനു് അപകടമൊന്നും സംഭവിച്ചില്ല. ഉടനെ ഭാര്യ വിതുമ്പി വിതുമ്പി കരയാന്‍ തുടങ്ങി. ഭര്‍ത്താവു ചോദിച്ചു, ”നീ എന്തിനാണു കരയുന്നതു്. നോക്കൂ, നമ്മള് സുരക്ഷിതരായി ഇവിടെ എത്തിയില്ലേ. ഒരപകടവും സംഭവിച്ചില്ലല്ലോ. ദേഹത്തൊരു മുറിവു പോലുമില്ല. പിന്നെ എന്തിനാണു നീ കരയുന്നതു്.”
ഉടനെ ഭാര്യ പറയുകയാണു്, ”ഞാന്‍ കരയുന്നതു വിഷമം കൊണ്ടല്ല, സന്തോഷം കൊണ്ടാണു്.”
”അതെന്താണിത്ര സന്തോഷം?”
ഭര്‍ത്താവിന്റെ ചോദ്യം കേട്ടു ഭാര്യ പറഞ്ഞു, ”അതോ, നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷം, ഇത്രയും കാലത്തിനകം ഇതാദ്യമായല്ലേ നമ്മള് ഒരുമിച്ചു യാത്ര ചെയ്യുന്നതു്. അതോര്‍ത്തപ്പോഴുള്ള സന്തോഷംകൊണ്ടു കരഞ്ഞു പോയതാണു്”. ഇതാണിന്നത്തെ കുടുംബ ജീവിതം.
പ്രേമമെന്നതു ഹൃദയങ്ങളുടെ ഐക്യമാണു്. ഒന്നായിത്തീരലാണതു്. താനും തന്റെ ജീവിതവും പ്രേമഭാജനത്തിനുവേണ്ടി എന്ന ഭാവനയാണവിടെ. പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്. എന്നാല്‍, പൂര്‍ണ്ണ സമര്‍പ്പണവും നിത്യമായ പ്രേമവും മാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളോടു് ഉണ്ടാകുക സാദ്ധ്യമല്ല. മാറ്റമില്ലാത്ത പരമാത്മാവിങ്കല്‍ മാത്രമേ അതുണ്ടാവുകയുള്ളൂ.
യഥാര്‍ത്ഥ പ്രേമം പരമാത്മാവിങ്കലുള്ള ഹൃദയത്തിന്റെ ഭാവമാണു്. അതു് ഈശ്വരനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണു്. ഈശ്വരനോടുള്ള സമര്‍പ്പണത്തിലൂടെ മാത്രമേ, നമുക്കീ പ്രേമത്തെയോ നിസ്സ്വാര്‍ത്ഥതയെയോ പൂര്‍ണ്ണമായ ആനന്ദത്തെയോ കൈ വരിക്കുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍, നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും അവിടുത്തേക്കു സമര്‍പ്പിക്കുവാന്‍ കഴിയണം. അതാണു ശരണാഗതി. അതില്ലാതെ യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ കഴിയില്ല.

Download Amma App and stay connected to Amma