മിഥുനമാസപ്പുലരി. രാവിലെ എട്ടു മണിയോടു കൂടി രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴ ഏതാണ്ടു ശമിച്ചിരിക്കുന്നു. കാര്‍മേഘാവൃതമായ ആകാശം എപ്പോള്‍ വേണമെങ്കിലും പെയ്യാന്‍ ഒരുങ്ങിനില്ക്കുകയാണ്. ആശ്രമമുറ്റമാകെ മഴവെള്ളം തളംകെട്ടി നില്ക്കുന്നു. പശ്ചിമ സാഗരത്തിൻ്റെ തിരമാലകളുയര്‍ത്തുന്ന ഗര്‍ജ്ജനം, ആശ്രമത്തിൻ്റെ പ്രശാന്തിയെ ഭഞ്ജിക്കാന്‍ വിഫലയത്‌നം നടത്തുകയാണെന്നു തോന്നും.

സാധാരണയായി വെളുപ്പിനു നാലഞ്ചു മണിയോടുകൂടി തീരുന്ന ദേവീഭാവ ദര്‍ശനം കനത്ത പേമാരി കാരണം രാത്രി ഒരു മണിക്കുതന്നെ കഴിഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ കളരിയുടെ വരാന്തയില്‍, തലേന്നു ഭാവദര്‍ശനത്തിനെത്തിയ ഒരു വ്യക്തി മാത്രം ഇരിപ്പുണ്ട്. അരികില്‍ കിളിക്കൂടുപോലെ തോന്നിക്കുന്ന ഒരു ചെറിയ തടിപ്പെട്ടിയും. എന്തെങ്കിലും ആവശ്യമുണ്ടോ എന്നറിയാനായി ഒരു അന്തേവാസി അദ്ദേഹത്തെ സമീപിച്ചു.

”ഓ, ഒന്നുമില്ലേ. ഇന്നലെ ദര്‍ശനത്തിനു വന്നതാന്നേ. അമ്മച്ചിയെ ഒന്നുകൂടി കണ്ടേച്ചു പോകാമെന്നു വിചാരിച്ചു കാത്തിരിക്കുവാരുന്നു.”
”അച്ഛന്‍ എവിടെനിന്നു വരുന്നു? എന്തു ചെയ്യുന്നു?”
ആശ്രമരീതിയനുസരിച്ചു പ്രായമായവരെ എല്ലാം തന്നെ ഇളംതലമുറക്കാരായ അന്തേവാസികള്‍ അച്ഛനെന്നു സംബോധന ചെയ്യുക പതിവാണ്. സ്നേഹപൂര്‍ണ്ണമായ കുശലാന്വേഷണം കേട്ടപ്പോള്‍ത്തന്നെ ആ മനുഷ്യൻ്റെ മുഖം പ്രസന്നമായി.

”ചേര്‍ത്തലേന്നാ കുഞ്ഞേ. കുറച്ചു സെൻ്റു ഉണ്ടാക്കി വിറ്റു ഇങ്ങനെയൊക്കെ അങ്ങു കഴിഞ്ഞു പോകുന്നു. കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളീല്‍വച്ചാ അമ്മച്ചിയെക്കുറിച്ചു് ആദ്യം കേട്ടത്. അന്നു തന്നെ ഞാന്‍ ദര്‍ശനത്തിനു വരികേം ചെയ്തു. ദര്‍ശനോം കഴിഞ്ഞു രാത്രി മടങ്ങാന്‍ ബസ്സ് കിട്ടാതെ പള്ളീല്‍ കിടന്നാ ഉറങ്ങിയത്. ഒറങ്ങുമ്പം ഒരു കാഴ്ച. എന്താ അതിനു പറയേണ്ടതു കുഞ്ഞേ? സ്വപ്നമോ, സത്യമോ എന്നു് എനിക്കറിയാന്‍ മേല. ആരോ എൻ്റെ ഈ സെൻ്റു പെട്ടി തുറക്കുന്ന ശബ്ദം കേട്ടു കണ്ണു തുറക്കുമ്പോള്‍ ആരെയാ കാണുന്നത്? നമ്മുടെ അമ്മച്ചി! ദേവീഭാവത്തില്‍ കണ്ട അതേ വേഷം!

അമ്മച്ചി പെട്ടീലെന്തോ തിരയുകാന്നു തോന്നി. ഞാന്‍ വിരണ്ടു നോക്കുന്നതു കണ്ടു് അമ്മച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു, ”മോനേ, അമ്മ നല്ല ചന്ദനത്തൈലമുണ്ടോന്നു നോക്കിയതാ. ഇതില്‍ കാണുന്നില്ലല്ലോ.” അത്രേം പറഞ്ഞു പെട്ടെന്നു് എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചങ്ങു മറഞ്ഞു. എനിക്കാണേല്‍ വലിയ വിഷമം തോന്നി. അമ്മച്ചി ചോദിച്ചതു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന്. ഇന്നലെ ഞാന്‍ തന്നെയുണ്ടാക്കിയ ചന്ദനത്തൈലവും കൊണ്ടാ വന്നത്. ദേവീഭാവസമയത്തു് അതു ഞാന്‍ അമ്മച്ചിയുടെ സാരിയേലൊക്കെ പുരട്ടി.

”മോനതു കൊണ്ടുവന്നോ”എന്നു അമ്മച്ചി ചോദിക്കേം ചെയ്തു. എനിക്കാണേല്‍ സന്തോഷംകൊണ്ടു മേലൊക്കെ കുളിരുകോരി. പള്ളീ നടന്നതെല്ലാം അമ്മച്ചി അറിഞ്ഞു തന്നെ ചെയ്തതാന്നു് ഉറപ്പായില്ലേ. ഭക്തിയോ, സ്നേഹമോ എന്താന്നു ഒന്നും പറയാന്‍ അറിയത്തില്ല, എൻ്റെ കണ്ണുകള്‍ രണ്ടും നിറഞ്ഞു് ഒഴുകുകാരുന്നു.”
മുഖം നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ തുടര്‍ന്നു, ”എനിക്കു് ജീവിതത്തില്‍ കിട്ടേണ്ടതു് ഒക്കെ കിട്ടിയപോലെ. അമ്മച്ചിയെ ഒന്നൂടി കണ്ടു നമസ്‌കരിച്ചേച്ചും പോണമെന്നു് ആശേണ്ട്.”

പറഞ്ഞു തീര്‍ന്നില്ല, അമ്മ മുറിയുടെ പുറത്തു ബാല്‍ക്കണിയില്‍ ഇറങ്ങി വന്നു. ആ മുസ്ലീം ഭക്തന്‍ വിനയപൂര്‍വ്വം അവിടെത്തന്നെ നമസ്‌കരിച്ചു് എഴുന്നേറ്റു കൈകൂപ്പി.
”മോനിതു വരെ പോയില്ലാരുന്നോ? വല്ലതും കഴിച്ചോ മോനേ?”
”കുഞ്ഞുകുട്ടി പരാധീനങ്ങളില്ലേ അമ്മച്ചി. അതുങ്ങള്‍ക്കു വല്ലതും ചെലവിനു് കൊണ്ടുകൊടുക്കാണ്ടെ പറ്റുമോ? എന്നാലും അമ്മച്ചിയെ ഒന്നൂടി കാണാതെ പോകാന്‍ മനസ്സു വരാത്തോണ്ടു നിന്നതാന്നേ. കണ്ടപ്പോഴേ വയറു നെറഞ്ഞു.”

അമ്മ ചിരിച്ചു. കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം അമ്മയ്ക്കു ചന്ദനത്തൈലത്തിനോടു പ്രത്യേക ഇഷ്ടമുണ്ടെന്ന്. സര്‍വ്വസംഗപരിത്യാഗികളായ മഹാത്മാക്കള്‍ക്കു് ഒന്നിനോടും അഭിലാഷങ്ങള്‍ ഇല്ല. നമ്മുടെ മനസ്സിനു് ഉത്തേജനം നല്കാനായി അവര്‍ തങ്ങള്‍ക്കു് ഓരോ സമയത്തു് ഓരോന്നിനോടു ഇഷ്ടാനിഷ്ടമുള്ളതായി ഭാവിക്കുന്നു എന്നു മാത്രം. ഇങ്ങനെയോരോ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ അവര്‍ നമ്മുടെ മനസ്സില്‍ ഭക്തിയും വിശ്വാസവും വളര്‍ത്തുന്നു. നമ്മളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഏണിപ്പടികളാണു മഹാത്മാക്കളുടെ ഇത്തരം ലീലകള്‍.

അത്യാവശ്യ ജോലിയുള്ളതുകൊണ്ടു് ഇന്നു ധ്യാനത്തിനു കൃത്യ സമയത്തു ചെല്ലുന്നതില്‍ നിന്നു് ഇന്നത്തേക്കു് ഒഴിവാക്കിത്തരണമെന്നു് അപേക്ഷിച്ചുകൊണ്ടു് ഒരു ബ്രഹ്മചാരി അമ്മയുടെ അടുത്തെത്തി.

”ശരി മോനേ. പക്ഷേ, ആദ്യം ധ്യാനമുറിയില്‍ ചെന്നു മറ്റുള്ളവരോടു വിവരം പറഞ്ഞേച്ചു പോണം. അവര്‍ കാര്യം മനസ്സിലാക്കിയില്ലെങ്കില്‍ നിനക്കു് അച്ചടക്കമില്ലെന്നു കരുതി മറ്റുള്ളവരും ഉഴപ്പാന്‍ തുടങ്ങും. നമ്മളെന്തു ചെയ്താലും അതു മറ്റുള്ളവര്‍ക്കു മാതൃകയാകണം. നീ നിൻ്റെ സഹോദരങ്ങള്‍ക്കു മാതൃക കാണിക്കേണ്ടവനല്ലേ? ആദ്ധ്യാത്മിക ജീവിയുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവര്‍ക്കു പാഠമാകണം. ശരിയായ ജിജ്ഞാസുവിൻ്റെ ഓരോ കര്‍മ്മത്തിനു പിന്നിലും ആ ആദര്‍ശം കാണണം.”

ബ്രഹ്മചാരി വിനയപൂര്‍വ്വം അമ്മയുടെ ശ്രീചരണങ്ങളില്‍ നമസ്‌കരിച്ചു വിടവാങ്ങി. കൊത്തിവച്ച വിഗ്രഹംപോലെ തൻ്റെ മുഖത്തു നിര്‍ന്നിമേഷനായി നോക്കിനില്ക്കുന്ന ആ മുസ്ലീം ഭക്തൻ്റെ മേല്‍ കാരുണ്യ രശ്മികള്‍ പൊഴിച്ചുകൊണ്ടു മന്ദഹാസവദനയായി അമ്മ മുറിയിലേക്കു മടങ്ങി.