സി ഇ കറുപ്പൻ

പാപിയാമെന്നെത്തൊട്ട്

ശാന്തനാക്കിയ തൃക്കൈ –

പ്പുണ്യത്തെ, യെമ്മട്ടമ്മേ

വാഴ്ത്തുവാനിവനാവും ?

“ദുഃഖത്തെയോർത്തെൻ കുഞ്ഞേ

കേണിടാതൊരുനാളും”

ദുഖിതനെനിക്കമ്മ

ശാന്തിതൻ മന്ത്രം നല്കി.

ഭാരത കുരുക്ഷേത്ര

സംഗര ഭൂവിൽ പാർത്ഥ –

സാരഥി, കിരീടിക്കു

നല്കിയ സന്ദേശം താൻ.

“എന്നിലെ ഞാനും, പിന്നെ

നിന്നിലെ നീയും സമം

ഒന്നാണ് നമ്മൾ നൂനം

ഖിന്നത കളഞ്ഞീടൂ”

അമൃതാനന്ദം തൂകി

യെന്നമ്മ പറഞ്ഞതാ-

മഴകാർന്നതാം വാക്യം

ജീവനൗഷധമായി.

ഭാവസാഗരം കട

ന്നെത്തുവാൻ തുണയേകൂ

ഭാവതരിണീ ദേവീ

കൈവല്യ പ്രദായിനി.

നവമാം പ്രഭാതത്തിൻ

സ്വർണ്ണതാരകം പോലെ

നീ നയിക്കുക ദേവി

എൻ്റെ ജീവിതപാത.