ഏതൊരു വിജയത്തിനും പ്രയത്‌നത്തിനെക്കാളുപരി, അവിടുത്തെ കൃപയാണു മുഖ്യമെന്നു പറയും. കൃപയ്ക്കു തടസ്സം നമ്മുടെ അഹം ഭാവമാണു്. അതിനാല്‍ എങ്ങനെയും അഹംഭാവത്തെ ഇല്ലാതാക്കേണ്ടതുണ്ടു്. ഈ അഹംഭാവത്യാഗം നമ്മളെ വലിയവരാക്കിത്തീര്‍ക്കും.

എന്നാല്‍ കൃപയ്ക്കു പാത്രമാകണമെങ്കില്‍ തീര്‍ച്ചയായും നല്ല കര്‍മ്മം ആവശ്യമാണു്. നമ്മള്‍ എപ്പോഴും ‘താ, താ’ എന്നു പറയുന്നു. പക്ഷേ, ‘താങ്ക്‌യൂ’ (നന്ദി) പറയാന്‍ പഠിച്ചിട്ടില്ല. ഏതു സാഹചര്യത്തിനും നന്ദി പറയാനാണു നാം പഠിക്കേണ്ടതു്. മറ്റുള്ളവരില്‍നിന്നു നമുക്കെന്തു ലഭിക്കും എന്ന ചിന്ത വെടിഞ്ഞിട്ടു മറ്റുള്ളവര്‍ക്കു എന്തു കൊടുക്കുവാന്‍ കഴിയും  ഈ ഒരു മനോഭാവത്തെയാണു്, നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്.

രാമനും കൃഷ്ണനും ക്രിസ്തുവും നബിയുമൊക്കെ എത്രയോ പ്രതിബന്ധങ്ങള്‍ നേരിട്ടു. എന്നാല്‍ അതിലൊന്നും തളര്‍ന്നില്ല. അവര്‍ പിന്നിലേക്കു നോക്കിയതേയില്ല. മുന്നോട്ടുതന്നെ പോയി. അതിൻ്റെ ഫലമായി വിജയം എന്നും അവരോടൊപ്പമായിരുന്നു. ഇന്നും അവര്‍ ജീവിക്കുന്നു.

ഇതുപറയുമ്പോള്‍ മക്കള്‍ ചിന്തിക്കാം, ”ഓ, അവരൊക്കെ, അവതാരപുരുഷന്മാരല്ലേ, അവര്‍ക്കതിനു കഴിയും. സാധാരണക്കാരായ നമുക്കെങ്ങനെ അവരെപ്പോലെയാകാന്‍ പറ്റും” എന്നു്. മക്കളേ, നിങ്ങള്‍ ആരും സാധാരണക്കാരല്ല, അസാധാരണശക്തികളുടെ ഉടമകളാണു്. നമ്മളില്‍ അനന്തമായ ശക്തിയുണ്ടു്. ഇന്നു് അതു് ഉറങ്ങിക്കിടക്കുകയാണു്. അതിനെ ഉണര്‍ത്തി എടുത്താല്‍ മാത്രം മതി. വിജയം തീര്‍ച്ചയാണു്.

ഇന്നു നമ്മുടെ ശരീരം വളര്‍ന്നു, പക്ഷേ, മനസ്സു് വളരുന്നില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. നമ്മളിലെ കുഞ്ഞുമനസ്സിനെ ഉണര്‍ത്തിയെടുക്കണം. ഒരു കുഞ്ഞിനേ വളരാന്‍ പറ്റൂ. നമ്മളില്‍ ഇന്നുള്ളതു വ്യക്തിഭാവമാണു്. ഈ ‘ഞാന്‍’ഭാവംകൊണ്ടു് ഒന്നും നേടാന്‍ പോകുന്നില്ല. അതു പോയി വ്യാപ്തഭാവം വരണം.

ഈശ്വരനിലുള്ള ഭക്തി എന്നാല്‍ സകലതിനോടുമുള്ള ആദരവാണു്. അല്ലാതെ വെറും പ്രാര്‍ത്ഥന മാത്രമല്ല. ഈശ്വരന്‍ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരു വ്യക്തിയല്ല. നമ്മുടെയെല്ലാം ഉള്ളിലാണു് അവിടുന്നു വസിക്കുന്നതു്. ഈ ഭാവത്തെയാണു നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്. അതിനു് ആവശ്യമായി വേണ്ട മുഖ്യ ഘടകം വിനയമാണു്.

ഒരു തുടക്കക്കാരനെപോലെയിരിക്കാന്‍ നമ്മള്‍ പഠിക്കണം. കാരണം, അവിടെ അഹങ്കാരമുണ്ടാവില്ല. ഇതിനു വേണ്ടി നമ്മള്‍ ഒരു വലിയ ത്യാഗം ചെയ്യേണ്ടിവരും  അഹംഭാവ ത്യാഗം. ഈ അഹംഭാവമാണു് എല്ലാത്തിനും തടസ്സമായിരിക്കുന്നതു്. ഇതിനെ ത്യജിക്കുന്നതിലൂടെ നാം ജീവിതവിജയം ഉറപ്പു വരുത്തുകയാണു ചെയ്യുന്നതു്.