മുന്‍ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാമിന്റെ വിയോഗ വേളയിൽ അമ്മയുടെ അനുസ്മരണം
****

നന്മയുടെ പ്രതീകം അതായിരുന്നു ഡോക്ടര്‍ അബ്ദുള്‍കലാം മോന്‍. ഋഷിതുല്യമായ ഉള്‍കാഴ്ചയോടെ ചുറ്റുമുള്ള ലോകത്തെ നോക്കികണ്ട മഹാനായിരുന്നു അദ്ദേഹം. ശ്രേഷ്ഠനായ ഒരു ശാസ്ത്രജ്ഞനും മനുഷ്യ സ്‌നേഹിയും ദീര്‍ഘദര്‍ശിയുമായിരുന്നു അദ്ദേഹം. സ്വന്തം ശാസ്ത്രപ്രതിഭയെ അദ്ദേഹം മനുഷ്യസ്‌നേഹവുമായി ഇണക്കി ചേര്‍ത്തു. മഹത്തായ സ്വപ്നങ്ങള്‍ കാണാനും ആത്മവിശ്വാസത്തോടെ അവയെ സാക്ഷാത്കരിക്കാനും അദ്ദേഹം യുവതലമുറയെ പഠിപ്പിച്ചു. ഭരണാധികാരിയും ജനതയും തമ്മിലുള്ള വിടവ് അദ്ദേഹം ഇല്ലാതാക്കി. അനവധി പ്രാവശ്യം കലാംമോനെ കണ്ടിട്ടുണ്ട്. നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അദ്ദേഹം വള്ളിക്കാവ് കോളേജില്‍ പ്രസംഗിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി ആശ്രമത്തില്‍ വരുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്ന് തിരക്കിയപ്പോള്‍ ”ഒരു ലക്ഷം ചെറുപ്പക്കാരോടെങ്കിലും നേരിട്ട് സംസാരിക്കണം. ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് അവരുടെ സ്വപ്നങ്ങളാണെന്ന് സന്ദേശം നല്കണം. അതാണെന്റെ ആഗ്രഹം” എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ അമ്മ അമൃതവര്‍ഷത്തിലെ ഒരു ദിവസം ചെറുപ്പക്കാരായ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രോഗ്രാം വയ്ക്കുകയും ചെയ്തു. കുറേ കുട്ടികള്‍ക്ക് പ്രചോദനം നല്കാന്‍ കഴിഞ്ഞു.

ചെല്ലുന്നിടത്തെല്ലാം അദ്ദേഹം വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും യുവസമൂഹത്തിന്റെയും ആത്മവീര്യത്തെ തട്ടിയുണര്‍ത്തി. നിസ്വാര്‍ത്ഥമായ നമ്മുടെ ഏതാഗ്രഹവും പരമാത്മാവിന്റെ കൃപയാല്‍ സാക്ഷാത്കരിക്കുകതന്നെ ചെയ്യും എന്നതാണ് ഇത് തെളിയിക്കുന്നത്. ഒരു കവിയുടെ ഹൃദയവും ആര്‍ദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന്‍ ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണുകളില്‍ വിരിയുന്ന അത്ഭുതത്തോടും നിഷ്‌കളങ്കതയോടുമാണ് പ്രപഞ്ചത്തെ നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഇതു ശരിയായിരുന്നു. അറിവിന്റെ മുമ്പില്‍ എന്നും അദ്ദേഹം ഒരു കുഞ്ഞിനെ പോലെ എളിയവനും തുടക്കകാരനുമായിരുന്നു. ഒരു പക്ഷേ ഇതാണ് മറ്റെല്ലാവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

പ്രസിഡന്റായിരുന്നപ്പോള്‍ ഇവിടെ വരുകയും രാഷ്ട്രപതിഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടുള്ള പൂന്തോട്ടത്തില്‍ വളരെ നേരം അമ്മയോടൊപ്പം നടന്ന്, ഓരോ ചെടിയുടെയും പൂവിന്റെയും ഇതളിന്റെയും കഥ ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഭാരതത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ പങ്കുവച്ചു. കഞ്ഞുങ്ങളെക്കുറിച്ചും യുവതലമുറയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ പറഞ്ഞു. അവര്‍ക്കെങ്ങനെ പ്രചോദനം നല്കാം, നേര്‍വഴിക്ക് നയിക്കാം എന്ന കാര്യങ്ങള്‍ സംസാരിക്കുകയും അതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.

നന്മയുടെ മാത്രം നറുമണമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശരീരം നമ്മെ വിട്ടുപോയി. ഭാരതത്തിന്റെ മുന്‍പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ആ വ്യക്തിത്വം. അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ചിന്തകളും പരിശുദ്ധമായ അദ്ദേഹത്തിന്റെ ജീവിതവും എന്നും പരിമണം പകര്‍ന്ന് നമ്മോടെപ്പം ഉണ്ടാകും.

30-7-2015

United Nations Academic Impact – START/Amrita University
Conference on Technology for Sustainable Development

മുഖ്യ പ്രഭാഷണം, ശ്രീ മാതാ അമൃതാനന്ദമയീ ദേവി,
അമൃത സര്‍വ്വകലാശാല ചാന്‍സിലര്‍
യു എന്‍, ന്യൂയോര്‍ക്ക്, ജൂലായ് 8, 2015

ഇവിടെ കൂടിയിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും നമസ്‌കാരം. ഇങ്ങനെയൊരവസരം ഒരുക്കിയ യൂ.എന്‍ – യൂ.എന്‍.ഏ.ഐ എന്നീ സംഘനകളോടും ഈ കൂട്ടായ്മക്ക് പിറകില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്മാരോടും എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിച്ചുകൊള്ളട്ടെ.

അടിസ്ഥാനപരമായി, ആദ്ധ്യാത്മിക ചിന്തയും പ്രവൃത്തിയും ജീവിതവ്രതമാക്കിയൊരു വ്യക്തിയാണ് ഞാന്‍. ‘അങ്ങനെയൊരാള്‍ക്ക് ഇവിടെയെന്തു് കാര്യം’ എന്ന് ഇവിടെയിരിക്കുന്ന കുറച്ചെങ്കിലും പേര്‍ക്ക് സംശയം തോന്നിയാല്‍ അതില്‍ അതിശയിക്കാനില്ല. ഒരുപക്ഷെ ഞാന്‍ മുറുകെ പിടിച്ചിരിക്കുന്ന വിശ്വാസപ്രമാണങ്ങള്‍ തന്നെയായിരിക്കാം എന്നെ നിങ്ങളുടെ മുന്‍പില്‍ കൊണ്ടുനിര്‍ത്തിയത്. ആത്മീയതത്വങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ജീവിക്കുമ്പോഴും ലോകത്തിന്റെ ഭാവി, പ്രകൃതിയുടെ സുരക്ഷ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതിന്റെ താളാത്മകത ഇവയെ കുറിച്ചൊക്കെ ഞാന്‍ ആഴത്തില്‍ ചിന്തിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുന്തോറും പ്രപഞ്ചത്തിന്റെ സന്തുലിതമായ നിലനില്പിന് സയന്‍സിന്റെയും സങ്കേതികവിദ്യയുടെയും ആദ്ധ്യാത്മികതയുടെയും ഒത്തുചേരല്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഈ കാലഘട്ടവും നമുക്ക് ചുറ്റിനും നടക്കുന്ന സംഭവങ്ങളും അത് ആവശ്യപ്പെടുന്നു.

സയന്‍സും സങ്കേതികവിദ്യയും മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങാത്ത വിധത്തില്‍ കുതിച്ചുവളരുകയാണ്. ഈ പോക്ക് എങ്ങോട്ടാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ചുറ്റിനും നോക്കുമ്പോള്‍, ഓരോ പുതിയതരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരും അത് വിപണിയിലെത്തിക്കുന്നവരും, ഉപഭോക്താക്കളും എല്ലാം ഒരുതരം വിഭ്രാന്തിയില്‍ അകപ്പെട്ടിരിക്കുന്ന പോലെയാണ് തോന്നുന്നത്. വലിയൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു കൊച്ചുകുട്ടി കയറിയാല്‍ എന്തായിരിക്കും സംഭവിക്കുക? ഇന്നത്തെ ലോകത്തില്‍ മനുഷ്യന്റെ അവസ്ഥയും ഏതാണ്ടിതുപോലെ ആയിരിക്കുകയാണ്.

ഇന്ന് തിന്നാനും കുടിക്കാനും കേള്‍ക്കാനും കാണാനുമുള്ള സകല സാധനങ്ങളും വീട്ടിലിരുന്ന് ഓഡര്‍ ചെയ്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ നമ്മള്‍ ഇരിക്കുന്നിടത്ത് എത്തിച്ച് തരും. പുതിയതും പഴയതും ഉപയോഗിച്ചതുമായ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകണ്ട. എങ്ങും തിരഞ്ഞ് നടക്കുകയോ വേണ്ട. എന്തിനും ഏതിനും വെബ്‌സൈറ്റുകള്‍. ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കുകയാണ്. വളരെ നല്ല കാര്യം. വിരല്‍ത്തുമ്പൊന്നമര്‍ത്തിയാല്‍ എന്തും വാങ്ങാം. ഒന്നൊഴിച്ച്… സ്‌നേഹം.

എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍ കെട്ടിയിട്ട്, അതില്‍ കിടന്ന് ഉറക്കം കിട്ടാതെ ഉറക്ക ഗുളിക കഴിക്കുന്നവരുണ്ട്, അതില്‍ കിടന്ന് ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. മുറിയാണ് ആനന്ദം കൊടുത്തിരുന്നതെങ്കില്‍ ഇങ്ങനെ ഉണ്ടാകേണ്ട കാര്യമില്ല. അപ്പോള്‍, ആനന്ദം മനസ്സിനെയും കൂടി ആശ്രയിച്ചിരിക്കുന്നു. മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യുന്ന തത്ത്വമാണ് ആദ്ധ്യാത്മികത.

ഇന്ന്, നമ്മള്‍ എവിടെ ചെന്നാലും ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടിയില്ലെങ്കില്‍ വെപ്രാളമാണ്. പക്ഷെ, ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം പോര, ‘ഇന്നര്‍നെറ്റി’ലേയ്ക്കുള്ള കണക്ഷനും ശരിയാക്കണം. അകവും പുറവും ഒരു പോലെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതാണ് ആദ്ധ്യാത്മികത.

മനുഷ്യസമൂഹത്തിനെന്താണ് സംഭവിക്കുന്നത്? ജീവിതത്തിന്റെ അതിവേഗതയിലും തിരക്കിലും പെട്ട് അവന്‍ മൂല്യങ്ങളെ പാടെ വിസ്മരിക്കുന്നു, അല്ലെങ്കില്‍ തീരെ ലഘൂകരിച്ച് കാണുന്നു. വ്യക്തിതലം മുതല്‍ അങ്ങേയറ്റം വരെയുള്ളവര്‍ ഒറ്റയായും കൂട്ടമായും ചെയ്തു കൂട്ടുന്ന അധര്‍മ്മത്തിനും അക്രമങ്ങള്‍ക്കുമെല്ലാം നാം ഓരോ ന്യായങ്ങള്‍ കണ്ടെത്തി അത് സമൂഹ മനസ്സില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു.

പ്രാചീനകാലം മുതല്‍ക്കേ ലോകത്തില്‍ യുദ്ധവും സംഘര്‍ഷവും വര്‍ണ്ണവര്‍ഗ്ഗവ്യത്യാസങ്ങളും സാമുദായികവും കുടുംബപരവുമായ കലഹങ്ങളും ഒക്കെ നിലനിന്നിരുന്നു. പക്ഷെ, നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് വ്യത്യസ്ഥമായിരുന്നു. വ്യക്തിയുടെയും പ്രപഞ്ചത്തിന്റെയും ബാഹ്യമായ നിലനില്പു മാത്രം കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജീവിത വീക്ഷണമല്ലായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നത്. വ്യക്തിക്കും പ്രപഞ്ചത്തിനും ആധാരമായി നില്ക്കുന്ന അദൃശ്യമായ ശക്തിയേയും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ജീവിതം. ആ ശക്തിയെ ജീവിതത്തിന്റെ പ്രധാന അംശമായി അവര്‍ കണ്ടു. പലരൂപത്തിലും വര്‍ണ്ണത്തിലും കാണപ്പെടുന്നെങ്കിലും മനുഷ്യസമൂഹവും പ്രകൃതിയും സകല ജീവജാലങ്ങളും ഒരുചരടില്‍ കോര്‍ത്തിണക്കിയ മുത്തുമാലപോലെയാണെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ‘പങ്കുചേരലിനും പങ്കുവെയ്ക്കലിനും പരിഗണിക്കലിനും കരുതലിനും’ അവര്‍ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കിയത്. ഇന്ന് ആ സംസ്‌കാരത്തെ നമ്മള്‍ ‘അപ്രായോഗികം പ്രാകൃതം’ എന്നൊക്കെ മുദ്രകുത്തി പിന്‍തള്ളി.

മനുഷ്യജീവിതത്തിന്റെ ഏതൊരു മേഖല എടുത്ത് നോക്കിയാലും ധാരാളിത്വത്തിന്റെ നടുവില്‍ തീതിന്ന് ജീവിക്കുന്നവരെയാണ് നമുക്ക് കൂടുതല്‍ കാണാന്‍ കഴിയുന്നത്. അതിമോഹം മനുഷ്യനെ അന്ധനാക്കിയിരിക്കുന്നു. അതിന്റെ ഫലമായി മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ വര്‍ദ്ധിച്ച് വരുന്നു. മനഃക്ലേശവും മാനസിക പരിമുറക്കവും മനുഷ്യനെ ഇതുവരെയില്ലാത്ത എല്ലാ പുതിയതരം രോഗങ്ങള്‍ക്കും അടിമയാക്കുന്നു.

ഏത് വഴിക്ക് സഞ്ചരിക്കണം എന്നറിയാതെ ഒരു നാല്‍ക്കവലയില്‍ പകച്ച് നില്‍ക്കുന്ന വ്യക്തിയെ പോലെ ആയിരിക്കുന്നു മാനവരാശി. ഇതുവരെയും സയന്‍സിനേയും സങ്കേതിക വിദ്യയേയും മാത്രം ആശ്രയിച്ചാണ് മനുഷ്യര്‍ ജീവിച്ചത്. എന്നാല്‍, ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ആത്മീയചിന്ത കൂടി ഒപ്പം ചേര്‍ത്ത് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നത്.

ഇടക്കിടെയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, ഭീതിയുളവാക്കുന്ന വിധത്തില്‍, കാലവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഭൂമിയിലും പ്രകൃതിയിലും വരുന്ന മാറ്റങ്ങള്‍, ഇവയൊക്കെ മനുഷ്യന്റെ പ്രയത്‌നം കൊണ്ട് മാത്രം തടുത്ത് നിര്‍ത്താന്‍ കഴിയുമോ എന്ന് മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്.

നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നാണ് ജീവിച്ചിരുന്നത്. അവര്‍ വൃക്ഷം വെട്ടുന്നതിനും നല്ല ദിവസം നോക്കും. നടുന്നതിനും നല്ല ദിവസം നോക്കും. ഒരു വൃക്ഷം വെട്ടുന്നതിന് മുമ്പ്, ആദ്യം പൂജ ചെയ്ത് അനുവാദം ചോദിക്കും. പിന്നെ, ”എന്റെ ആവശ്യത്തിനു വേണ്ടി നിങ്ങളെ വെട്ടുകയാണ്, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണേ.” എന്നിങ്ങനെ മാപ്പു ചോദിക്കും. എന്നിട്ടേ വെട്ടുകയുള്ളൂ. എന്നാല്‍ ഇന്ന് ഒരു നന്ദിയും നിയന്ത്രണവുമില്ലാത്ത രീതിയില്‍ പ്രകൃതിയേയും നിയന്ത്രണമില്ലാതെ വൃക്ഷങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ ചെറുപ്പകാലത്ത് ഏതാണ്ടൊരു അമ്പതു വര്‍ഷത്തിനുമുമ്പേ കയ്യോ കാലോ മുറിഞ്ഞാല്‍, അണുബാധ ഏല്ക്കാതിരിക്കാന്‍ മുറിവില്‍ പശുവിന്റെ ചാണകം പുരട്ടുമായിരുന്നു. മുറിവു പെട്ടെന്ന് ഉണങ്ങും. എന്നാല്‍ ഇന്ന് മുറിവില്‍ ആ ചാണകം തട്ടിയാല്‍ സെപ്റ്റിക്കാകും. ഒരു പക്ഷേ ഇന്‍ഞ്ചക്ഷന്‍ എടുത്തില്ലെങ്കില്‍ മരിച്ചു പോകാന്‍ തന്നെ സാധ്യതയുണ്ട്. അന്ന് ഔഷധമായിരുന്നത് ഇന്ന് വിഷമായിരിക്കുന്നു.

ഈ പ്രപഞ്ചത്തിന് ഒരു താളമുണ്ട്; ഈ വിശ്വത്തിനും ഇതിലെ സകലജീവിരാശികള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ‘നെറ്റ്‌വര്‍ക്ക്’ പോലെയാണീ പ്രപഞ്ചം. നാലുപേര് പിടിച്ചു നില്‍ക്കുന്ന ഒരു വലയുടെ ഒരു കോണില്‍ ചെറിയൊരു ചലനമുണ്ടായാല്‍ അതിന്റെ തരംഗങ്ങള്‍ വലയുടെ എല്ലാ ഭാഗങ്ങളിലും പ്രതിഫലിക്കും. അതുപോലെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഒറ്റയായോ കൂട്ടമായോ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഈ പ്രപഞ്ചമായ വലയുടെ എല്ലാ കോ ണുകളിലും പ്രതിഫലിക്കും.

അവരു മാറിയിട്ട് നമ്മള്‍ മാറാം എന്നു കരുതിയാല്‍ നടക്കില്ല. അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറിയാല്‍ ഒരു മാറ്റം കൊണ്ടു വരാം. നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കണം. അതുകൊണ്ടു അമ്മയ്ക്ക് ഒരു അപേക്ഷ എല്ലാവരോടുമുണ്ട്, നമ്മള്‍ ‘മദേര്‍സ് ഡേയും ഫാദേര്‍സ് ഡേയും” ഗംഭീരമായി ആഘോഷിക്കുന്നത് പോലെ പ്രകൃതിയെ ആദരിക്കാനും ആരാധിക്കാനും ഒരു ദിവസം ഉണ്ടാകണം. നമ്മള്‍ എല്ലാം എടുത്ത് നശിപ്പിച്ച് പോകുകയാണ്, പകരം ഭൂമിക്ക് ഒരു വീടെന്നു വച്ച്, പുതുവര്‍ഷത്തില്‍ ഒരു വൃക്ഷം നടും എന്ന ഒരു പ്രതിജ്ഞ എല്ലാവരും എടുക്കുന്നതു നല്ലതായിരിക്കും എന്നെനിക്ക് തോന്നുകയാണ്.

ഇന്ന് ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലാതായിരിക്കുന്നു. അത് അപ്രായോഗികവും ആവശ്യമില്ലാത്തതുമാണെന്നാണ് പൊതുവെയുള്ള ധാരണ. മനുഷ്യനും പ്രകൃതിയും ഒന്നിച്ചു നീങ്ങുമ്പോഴാണ് ലോകത്തിനും പ്രപഞ്ചത്തിനും താളാത്മകത ഉണ്ടാകുന്നത്. ഇന്ന് മനുഷ്യന്‍ അവന്റെ കണ്ടുപിടുത്തത്തിനു മാത്രമാണ് മുന്‍തൂക്കം കൊടുക്കുന്നത്. ഏതൊരു എഞ്ചിനും അതു തുരുമ്പെടുക്കാതെ സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഓയില്‍ ഇടണം. അതുപോലെ ജീവിതത്തെ സുഖകരമായി മുന്നോട്ടു നയിക്കുന്ന ഓയില്‍ മൂല്യങ്ങളാണ്. ആദ്ധ്യാത്മികതയില്‍ കൂടി മാത്രമേ അതു ലഭിക്കുകയുള്ളൂ എന്നാണ് അമ്മയ്ക്ക് തോന്നുന്നത്.

രണ്ടു തരത്തിലുള്ള വിദ്യാഭ്യാസം ഉണ്ട്. ഒന്ന് ജീവിക്കാനുള്ള വിദ്യാഭ്യാസവും രണ്ട് ജീവിതത്തിനുള്ള വിദ്യാഭ്യാസവും. ജീവിക്കാനുള്ള വിദ്യാഭ്യാസം എന്നാല്‍ വയറ്റുപ്പിഴപ്പിന് വേണ്ടി നമുക്ക് പഠിക്കണം എന്നുള്ളതാണ്. ജീവിതത്തിനുള്ള വിദ്യാഭ്യാസമെന്നാല്‍ ലോകത്തിന്റെ സ്വഭാവവും, മനസ്സിന്റെ സ്വഭാവങ്ങളും വികാരങ്ങളെയും പറ്റി പഠിക്കുന്നതാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കുക അല്ല. വിദ്യാഭ്യാസം കൊണ്ട് പ്രധാനമായും നേടേണ്ടത് സംസ്‌കാരമാണ്. പരിഷ്‌ക്കാരികളാകുവാന്‍ വിദ്യാഭ്യാസം വേണമെന്നില്ല.

നീന്തുപഠിച്ചവന്‍ സമുദ്രത്തില്‍ തിരയെ ആസ്വദിക്കുന്നു, അല്ലാത്തവന്‍ തളര്‍ന്നു വീഴുന്നു. ഇതുപോലെയാണ് ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിക്കുന്നത്. വരുന്നതിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു മനോഭാവം നമ്മളില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് ആദ്ധ്യാത്മികത. ആദ്ധ്യാത്മികത ഒരു സയന്‍സാണ്, അവഗണിക്കാന്‍ കഴിയാത്ത അറിവിന്റെ ഒരു ശാഖയാണ്. ശാസ്ത്രലോകം ബാഹ്യമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന പ്രപഞ്ചരഹസ്യങ്ങള്‍ കഠിനമായ ആത്മാന്വേഷണത്തിന്റെ മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തിയവരുടെ വാക്കുകളും അനുഭവങ്ങളുമാണ് ആത്മീയഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നത്.

ഗണിതശാസ്ത്രവും ഊര്‍ജ്ജതന്ത്രവും യുക്തിചിന്തയും കൊണ്ട് മാത്രം മാറ്റുരച്ച് നോക്കിയാല്‍ അതിന്റെ തനിമ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കില്ല. ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സിലും കണ്ണിലും വിരിയുന്ന വിസ്മയത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണിലൂടെ മാത്രമേ അതിനെ സമീപിക്കാന്‍ കഴിയൂ. പ്രഗത്ഭന്മാരും പ്രശസ്തന്മാരുമായ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രപഞ്ചത്തെ നിഗൂഢതകള്‍ നിറഞ്ഞ ഒരു മഹാശ്ചര്യമായിട്ടാണ് കണ്ടിട്ടുള്ളത്. അവരുടെ അന്വേഷണങ്ങള്‍ക്ക് ഒരു കൊച്ചുകുഞ്ഞിന്റെ ജിജ്ഞാസയും വിശ്വാസവും ഉണ്ടായിരുന്നു. വാസ്തവത്തില്‍ പല ഭൗതിക ശാസ്ത്രജ്ഞന്മാരും അവരുടെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അത്തരം വിശ്വാസികള്‍ ആയിരുന്നു. പക്ഷെ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ശാസ്ത്രലോകത്തോട് പ്രാര്‍ത്ഥിക്കാം. പഞ്ചസാരയും മണ്ണും ചേര്‍ന്ന് കിടന്നാല്‍ യുക്തിചിന്തയ്ക്ക് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ പഞ്ചസാര ഉറുമ്പു വന്നു നുകരുന്നുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, കാരുണ്യത്തിന്റെ ഭാഷയാണെന്നാണ് എനിക്കു തോന്നുന്നത്.

”ഞാന്‍ ജനിച്ച ഗ്രാമത്തില്‍ തൊണ്ണൂറു ശതമാനം ആളുകളും അന്നന്നു ജോലി ചെയ്തു ജീവിക്കുന്നവരാണ്. അവര്‍ക്ക് വാല്‍വിന് അസുഖം വന്നാലോ ഹാര്‍ട്ടറ്റാക്കു വന്നാലോ വാല്‍വ് വിദേശരാജ്യങ്ങളില്‍ നിന്നു മേടിക്കാനുള്ള അത്രയും പണം ഇല്ലാത്തതുകൊണ്ട് അവരാരും ഓപ്പറേഷന്‍ ചെയ്യുകയോ വാല്‍വ് മാറ്റിവയ്ക്കുകയോ ചെയ്ത് കണ്ടില്ല. അതുകൊണ്ട് എഴുപതു വയസ്സു വരെ ജീവിക്കേണ്ടവര്‍ മുപ്പതും നാല്‍പ്പതും വയസ്സില്‍ മരിച്ചു. അന്ന് അവ നമ്മുടെ രാജ്യത്ത് ഉണ്ടാക്കിയിരുന്നെങ്കില്‍ വളരെ വിലകുറച്ചു കിട്ടിയേനേ, അവരെയെല്ലാം രക്ഷിക്കാനും പറ്റിയേനേ. ആ സമയത്താണ് റിസര്‍ച്ച് ഇങ്ങനെ സാധുക്കള്‍ക്കു കൂടി സഹായകമാകുന്ന രീതിയില്‍ ചെയ്യുന്നത് നല്ലതായിരിക്കും എന്നൊരു മനോഭാവം മനസ്സില്‍ ഉണര്‍ന്നത്.

ശിശുമരണങ്ങള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ ഗ്രാമങ്ങളിലേക്ക് അന്വേഷിക്കാന്‍ അയച്ചു. പല ഗ്രാമങ്ങളിലും ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തുമ്പോള്‍, ചിലയിടങ്ങളില്‍ സ്ത്രീകള്‍ ഒരു തരം പച്ചില കഴിക്കുന്നതു കണ്ടു. എന്തിനാണ് ഈ ഇലകള്‍ കഴിക്കുന്നു എന്നു ചോദിച്ചപ്പോള്‍, അവര്‍ പറഞ്ഞു, ”ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു മാസത്തില്‍ പത്തു ദിവസത്തോളമേ ജോലി കിട്ടാറുള്ളൂ. ആ വരുമാനം കൊണ്ട് ഒരു മാസം തികയ്ക്കണം. അപ്പോള്‍ കുറച്ച് ഭക്ഷണമേ കഴിക്കാന്‍ കിട്ടുകയുള്ളൂ. ഈ പച്ചില കഴിച്ചാല്‍ വിശപ്പറിയില്ല. ആഹാരം കുറച്ച് കഴിച്ചാല്‍ മതി.” വിശപ്പറിയാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പച്ചിലകള്‍ കഴിച്ചത്. ഇങ്ങനെയുള്ള സ്ത്രീകള്‍ പ്രസവിച്ചാല്‍ എങ്ങനെ പോഷകാംശമുള്ള കുട്ടികള്‍ ഉണ്ടാകും? അപ്പോള്‍ തീര്‍ച്ചയായിട്ടും സ്ത്രീകളെയാണ്, അമ്മമാരെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

വേറൊരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവിടെ ഭക്ഷണം ഉണ്ട്. അവരു പറഞ്ഞു ‘ഭര്‍ത്താവ് കുടിച്ചിട്ട് വന്ന് നമ്മളെ പിടിച്ച് തല്ലുകയും ബഹളം വയ്ക്കുകയും ചെയ്യും, ഉള്ള ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല. എന്തു ചെയ്യാനാ ഞങ്ങള്‍ പഠിച്ചിട്ടില്ല’. അപ്പോള്‍ ആ സമയത്ത് എനിക്കു തോന്നി ഇവര്‍ക്ക് എന്തെങ്കിലും ഒരു തൊഴില്‍ പഠിപ്പിച്ചു കൊടുത്താല്‍ ഇവര്‍ക്ക് സ്വയം പര്യാപ്തമാകാന്‍ പറ്റും. ഇങ്ങനെ ഇടികൊണ്ട് കഷ്ടപ്പെടേണ്ട ആവശ്യമില്ലല്ലോ. അങ്ങനെയാണ് തൊഴില്‍ പഠിപ്പിക്കാന്‍ അമ്മ തുടങ്ങിയത്.

വേറെ സ്ഥലത്തു ചെന്നപ്പോള്‍ പറഞ്ഞു, ”ഗവര്‍മെന്റില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ട്. പക്ഷെ, ഭര്‍ത്താക്കന്മാര്‍ തന്നെ ഞങ്ങളുടെ ഒപ്പുപോലെ ഇട്ടിട്ട് പൈസ എടുത്തു കൊണ്ടുപോയി കുടിക്കുകയാണ്.” അതുകൊണ്ട് അവര്‍ക്കും കഷ്ടമായി. അവര്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കണമെന്ന് തോന്നി. അങ്ങനെ അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ഓരോരോ സന്ദര്‍ഭങ്ങളില്‍, ഓരോ അനുഭവത്തില്‍ നിന്നും പല പല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇന്നത്തെ ലോകത്തിന്റെ ഒരു വലിയ ശാപമായി തീര്‍ന്നിരിക്കുകയാണ്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. ഒരു ഭാഗത്ത് പൊക്കമേറിയ കുന്നും മറുഭാഗത്ത് അഗാധമായ താഴ്‌വരയും. ഇതാണ് ഇന്ന് ലോകത്തിന്റെ സ്ഥിതി. ചിലര്‍ കോടികള്‍ ചിലവാക്കി ആഡംബരമായ ജീവിതം നയിക്കുന്നു. മറ്റുള്ളവര്‍ ഒരു നേരത്തെ ഭക്ഷണത്തിനോ മരുന്നിനോ പൈസയില്ലാതെ വിശന്നും വേദനിച്ചും കഴിയുന്നു. ഈ വിടവുകള്‍ നികത്താന്‍ ഇനിയും നമ്മള്‍ വൈകിയാല്‍ അത് വലിയ സംഘര്‍ഷത്തിലും തെരുവുയുദ്ധത്തിലും കലാശിക്കും എന്നാണ് എനിക്കു തോന്നുന്നത്. ഇവര്‍ തമ്മിലുള്ള വിടവു നികത്താന്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പാലം നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്.

മനുഷ്യനിലെ എല്ലാ നന്മകളെയും നശിപ്പിക്കുന്ന, അവനിലെ എല്ലാ കഴിവുകളെയും നശിപ്പിക്കുന്ന മഹാവിപത്താണ് ദാരിദ്ര്യം. എല്ലാവിധ മൂല്യങ്ങളെയും നശിപ്പിക്കും.  ഒരു വിദേശരാജ്യത്ത് കുറേ കുട്ടികള്‍ അമ്മയുടെ ദര്‍ശനത്തിനു വന്നു. അവര്‍ പലരും അമ്മയ്ക്കു ചിത്രങ്ങള്‍ വരച്ചു കൊണ്ടു തന്നു. ഒരു ഗ്രൂപ്പ് കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ യുദ്ധകപ്പലുകളും ബോംബുകളും ഉണ്ടായിരുന്നു. ഒരു കുട്ടി ക്രിസ്തുവിന്റെയും മറിയയുടെയും ചിത്രം വരച്ചു. എന്നാല്‍ അവരുടെ കൈകളിലും തോക്കു വരച്ചിരിക്കുന്നു. എവിടെ നിന്നു വന്ന കുഞ്ഞുങ്ങളാണെന്ന് നോക്കിയപ്പോഴാണ് അണ്ടര്‍ വേള്‍ഡ് ജോലി ചെയ്യുന്നവരുടെ മക്കളാണെന്ന് മനസ്സിലായത്.
കുഞ്ഞുങ്ങളോട് ചോദിച്ചു ‘മേരിയുടെയും ക്രിസ്തവിന്റെയും കൈയ്യില്‍ തോക്കെന്തിനാ മക്കളെ ?’
ആ കുട്ടി പറഞ്ഞു, ”വിശക്കുമ്പോള്‍ അവര്‍ക്ക് ഭക്ഷണം കഴിക്കണ്ടേ?
തോക്കു കാണിച്ചാല്‍ മറ്റുള്ളവര്‍ പൈസ കൊടുക്കും, അങ്ങനെ ഭക്ഷണം കഴിക്കാമല്ലോ”
”മോനെ, തോക്കു കാണിച്ചാലെ പണം കിട്ടുകയുള്ളോ?” എന്ന് അമ്മ ചോദിച്ചോള്‍
അവന്‍ പറഞ്ഞു, ”എന്റെ അച്ഛന്‍ തോക്കു ചൂണ്ടി പൈസ മേടിച്ചാണ് ഞങ്ങളെ വളര്‍ത്തുന്നത്.”
”അച്ഛന് ആരോഗ്യമില്ലെ ജോലിക്ക് പോകാന്‍?” അമ്മ ചോദിച്ചു.
അവന്‍ പറഞ്ഞ മറുപടി, ”തീര്‍ച്ചയായിട്ടും ആരോഗ്യമുണ്ട്, ജോലിക്കും പോയി. പക്ഷെ പ്രൈവറ്റ് സ്ഥാപനമായതുകൊണ്ട് ഭംഗിയുള്ളവരെ മാത്രമേ ജോലിക്ക് എടുക്കുന്നുള്ളൂ. വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസം നോക്കുന്നു. അതുകൊണ്ട് കുറച്ചുപേര്‍ക്കേ ജോലി കിട്ടുന്നുള്ളൂ. അതിനാല്‍ അച്ഛന് ജോലി കിട്ടിയില്ല. അപ്പോള്‍ ഇങ്ങനെയാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തുന്നത്.”

ഇതുപോലെ, സ്വന്തം അനുഭവം, അല്ലെങ്കില്‍ കണ്ടു വളര്‍ന്ന ദൃശ്യങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. അങ്ങനെ ദാരിദ്ര്യവും അപകര്‍ഷതാബോധവും കാരണം ചെറുപ്രായത്തില്‍തന്നെ കുട്ടികളുടെ മനസ്സില്‍ അക്രമവാസന വളരുന്നു. ക്രമേണ സമൂഹത്തില്‍ മൂല്യങ്ങള്‍ ക്ഷയിക്കുന്നു. ഇവിടെയാണ് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രസക്തി. ആദ്ധ്യാത്മികതയെ പുച്ഛമായിട്ടാണ് പലര്‍ക്കും തോന്നുന്നത്. എന്താണ് ആദ്ധ്യാത്മികത? കാരുണ്യം എന്നത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുന്നതാണ് ആദ്ധ്യാത്മികത. ആത്മീയത്തിന്റെ തുടക്കവും കാരുണ്യത്തിലാണ് അതിന്റെ പൂര്‍ണ്ണതയും കാരുണ്യത്തിലാണ്. കാരുണ്യം എന്ന ഒരൊറ്റ പദം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നാല്‍ ലോകത്തില്‍ നടമാടുന്ന തൊണ്ണൂറു ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും.
ബോധവല്‍ക്കരണമാണ് ആവശ്യം. പ്രമേഹമുള്ളൊരാള്‍ക്ക് മരുന്ന് കൊടുത്താലും അവര്‍ പഞ്ചസാര കഴിച്ചാല്‍ ഷുഗര്‍ കൂടും. അപ്പോള്‍, മരുന്നിനേക്കാള്‍ ഉപരി ബോധവല്‍ക്കരണമാണ് വേണ്ടത്.

നമ്മള്‍ ഗ്രാമങ്ങള്‍ ദത്തെടുത്തതില്‍ കക്കൂസുകള്‍ കെട്ടികൊടുത്തിട്ട് പിന്നീട് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അറിഞ്ഞത്, അവര്‍ കക്കൂസിനെ അമ്പലം പോലെ ഇടയ്ക്കിടെ തുറന്നു നോക്കും, പിന്നെയും അതിനെ അടച്ചിടുന്നു, അവര്‍ പഴയ സ്ഥലത്തു തന്നെ വിസര്‍ജ്ജനം ചെയ്യുന്നു എന്നെല്ലാമാണ്. അപ്പോള്‍ അവരെ വിളിച്ചിട്ട് ”ഇങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് പലരീതിയിലുള്ള അസുഖങ്ങളുണ്ടാക്കും. അതില്‍ നിന്നു കൊക്കപ്പുഴു ഉണ്ടാകും, അത് കയറിയിട്ട് രക്തം കുടിക്കും, അങ്ങനെ ശരീരം ആരോഗ്യഹീനമാകും. മറ്റു പല ക്രിമികീടങ്ങള്‍ നമുക്ക് അസുഖം സൃഷ്ടിക്കും.” എന്നിങ്ങനെ അവര്‍ക്കു വിശദീകരിച്ചു കൊടുത്തപ്പോള്‍, അവരെല്ലാം മാറി, കക്കൂസുകളെ ഉപയോഗിക്കാന്‍ തുടങ്ങി.

സേവനമെന്ന പദം ഫലവത്താകണമെങ്കില്‍ വിവേകബുദ്ധി ആവശ്യമാണ്. കാരുണ്യമാണെങ്കിലും ജ്ഞാനമില്ലെങ്കില്‍ അത് നമുക്കും മറ്റുള്ളവര്‍ക്കും സമൂഹത്തിനും ദോഷമേ ഉണ്ടാക്കുകയുള്ളൂ. ഒരു കുരങ്ങന്‍ പുഴ തീരത്ത് ഇരിക്കുകയായിരുന്നു. പുഴയില്‍ ഒരു മീന്‍ വെള്ളത്തില്‍ ചാടി കളിക്കുന്നതു കണ്ടു. കുരങ്ങനു തോന്നി ‘കഷ്ടമേ മീന്‍ കരയ്ക്കു കയറാന്‍ വേണ്ടി ശ്രമിക്കുകയായിരിക്കും’ അലിവു തോന്നി ആ മീനിനെ ചാടിപ്പിടിച്ചു കരയ്ക്കിട്ടു. നിമിഷംകൊണ്ട് അത് മരിച്ചു പോയി. ഈ കുരങ്ങ് ആദ്യം മത്സ്യത്തോട് ‘നിന്നെ ഞാന്‍ രക്ഷിക്കട്ടെ?’ എന്ന് ചോദിച്ചിരുന്നെങ്കിലോ? അത് പറഞ്ഞേനെ ‘കരയ്ക്കു വീണാല്‍ ഞാന്‍ മരിച്ചു പോകും’ എന്ന്. കരയ്‌ക്കെടുക്കും മുന്‍പ് ആ കുരങ്ങന്‍ മത്സ്യത്തിന്റെ മനസ്സറിയാന്‍ ശ്രമിച്ചില്ല. ജ്ഞാനം ഇല്ലാത്ത കര്‍മ്മം എന്നു പറയുന്നത് കുരങ്ങന്‍ മത്സ്യത്തെ രക്ഷിക്കാന്‍ ശ്രമിച്ചതുപോലെയാണ്. നമ്മുടെ കര്‍മ്മങ്ങളില്‍ മനസ്സും ബുദ്ധിയും സമന്വയിക്കണം.

അമ്മയുടെ ധാരാളം അനുഭവങ്ങളില്‍ നിന്ന് ഒരു സംഭവം പറയാം. ഒരിക്കല്‍ ഏതാണ്ട് പത്തുവയസ്സുള്ള ഒരു കുഞ്ഞിനെയും കൊണ്ട് കുറച്ചുപേര്‍ അമ്മയുടെ അടുത്തു വന്നു. അവര്‍ പറഞ്ഞു ഇവന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയി. അമ്മയും സഹോദരിയും ഉണ്ടായിരുന്നു. അവര്‍ തീപ്പട്ടി കമ്പനിയില്‍ ജോലി ചെയ്തു ജീവിക്കുന്നവരാണ്. അമ്മയ്ക്ക് കിഡ്‌നിക്ക് അസുഖം വന്നു. അവര്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാതെയായി. അപ്പോള്‍ മോള്‍ മാത്രമായി ജോലിക്ക് പോകുന്നത്. കിട്ടുന്ന പണം മരുന്നിനും ഭക്ഷണത്തിനും അല്പാല്പം ചെലവഴിച്ച് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. അതിനിടെ ബാലവേല നിര്‍ത്തലാക്കിയപ്പോള്‍ ഫാക്ടറിയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഫാക്ടറിയും പൂട്ടി. പിന്നെ ഇവര്‍ക്ക് വഴിയില്ലാതായി. ഒരു ദിവസം മകനെ സ്‌കൂളില്‍ പറഞ്ഞുവിട്ട് ആ അമ്മയും മകളും ആത്മഹത്യ ചെയ്തു. ആ മോനാണിത്. അതുകൊണ്ട് അമ്മ ഈ കുട്ടിയെ എടുത്ത് പഠിപ്പിച്ച് വളര്‍ത്തണം. നോക്കു, ബുദ്ധിയും മനസ്സും മാത്രം ഉപയോഗിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചാല്‍, പ്രശ്‌നത്തിന്റെ ഒരുവശം മാത്രമേ കാണുന്നുള്ളൂ. മറുഭാഗം കാണാതെ പോകുകയാണ്.

ആദ്ധ്യാത്മികം കൊണ്ടെന്താ പ്രയോജനം എന്നു ചോദിച്ചാല്‍, ആവശ്യവും ആഡംബരവും വേര്‍തിരിച്ചറിയുക എന്നുള്ളതാണ്. നമ്മള്‍ നൂറു ഡോളറിന്റെ വാച്ച് കെട്ടിയാലും സമയം അറിയാം, അമ്പതിനായിരം ഡോളറിന്റെ വാച്ച് കെട്ടിയാലും സമയം അറിയാന്‍ കഴിയും. ആവശ്യത്തിനെടുത്ത് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതാണ്. വെള്ളമുള്ള നൂറു കുടത്തിലും സൂര്യന്റെ പ്രതിബിംബം കാണമെങ്കിലും സൂര്യന്‍ ഒന്നെയുള്ളൂ. ഇതുപോലെ, എല്ലാത്തിലും അടങ്ങിയിരിക്കുന്ന ആത്മാവ് ഒന്നാണ്. തന്റെ വലതു കൈ വേദനിച്ചാല്‍ ഇടതു കൈ തലോടുന്നതു പോലെ, മറ്റുള്ളവരുടെ ദുഃഖം തന്റെ ദുഃഖമായും മറ്റുള്ളവരുടെ സന്തോഷം തന്റെ സന്തോഷമായും കണ്ട് അവരെ സ്‌നേഹിക്കാനും സേവിക്കാനുമുള്ള തത്ത്വമാണ് നമ്മള്‍ ആദ്ധ്യാത്മികത്തില്‍ കൂടി ഗ്രഹിക്കുന്നത്.

ഇന്ന് ലോകത്തില്‍ രണ്ട് തരത്തിലുള്ള ദാരിദ്ര്യം ഉണ്ട്. ഒന്ന് ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ രണ്ട് സ്‌നേഹവും കാരുണ്യവും ലഭിക്കാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍. ഇതില്‍ രണ്ടാമത്തെതാണ് ആദ്യം എടുക്കേണ്ടത്. കാരണം, മനസ്സില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടെങ്കില്‍ ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടാത്തവരെ നമ്മള്‍ നിറഞ്ഞ മനസ്സോടെ സഹായിക്കുകയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യും.

ഒരു ഗ്രാമത്തില്‍ ഒരു മഹാത്മാവിന്റെ മനോഹരമായൊരു വിഗ്രഹം ഉണ്ടായിരുന്നു. ഇരുകൈകളും മുന്നിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന വിഗ്രഹത്തിന്റെ കഴുത്തില്‍ ഒരു ലോക്കറ്റ് കിടന്നിരുന്നു. അതില്‍ ”എന്റെ കൈകളിലേയ്ക്ക് വരൂ” എന്ന് എഴുതിയിരുന്നു. കാലക്രമത്തില്‍ വിഗ്രഹത്തിന്റെ രണ്ടും കൈയ്യും നഷ്ടപ്പെട്ടു പോയി. അപ്പോള്‍ ജനങ്ങള്‍ ഒരു കമ്മിറ്റി കൂടി. അതില്‍ ഒരാള്‍ പറഞ്ഞു ഈ വിഗ്രഹം മാറ്റി വേറെ വയ്ക്കാം. വേറൊരാള്‍ പറഞ്ഞു കൈ രണ്ടും മാറ്റിയിട്ട് വേറെ രണ്ടു കൈ വയ്ക്കാം. വേറൊരാള്‍ പറഞ്ഞു കൈയ്യും മാറ്റണ്ട വിഗ്രഹവും മാറ്റണ്ട ഇങ്ങനെയിരിക്കട്ടെ. വേറൊരാള്‍ ചോദിച്ചു ‘കഴുത്തില്‍ കിടക്കുന്ന ലോക്കറ്റില്‍ എന്റെ കൈകളിലേക്ക് വരൂ എന്നല്ലേ, കൈയ്യൊട്ടില്ല താനും, പിന്നെ അതെങ്ങനെ ശരിയാകും.’ അപ്പോള്‍ അവരുടെയിടയിലുണ്ടായിരുന്ന ഒരു വൃദ്ധന്‍ പറഞ്ഞു. ‘അതിനടിയില്‍ ”എന്റെ കൈ നിങ്ങളിലൂടെ” എന്നുകൂടി എഴുതി ചേര്‍ക്കുക.’

നമ്മള്‍ ഈശ്വരന്റെ കൈകള്‍ ആവണം. കണ്ണുകള്‍ ആകണം. കാതുകളാകണം. നമ്മളുടെ പ്രചോദനവും ശക്തിയും വീര്യവും അവിടുന്നാകണം. അപ്പോള്‍ ഭയമോ ആശങ്കയോ പാപബോധമൊ നമ്മളെ തീണ്ടുകയില്ല.

സൂര്യന് എന്തായാലും മെഴുകുതിരിയുടെ ആവശ്യമില്ല. അതുപോലെ ഈശ്വരന് നമ്മളില്‍ നിന്നും ഒന്നും വേണ്ട. ഈ ശരീരത്തിന് രണ്ടായാലും നാശമുണ്ട്. അപ്പോള്‍ പിന്നെ തുരുമ്പിച്ചു പോകുന്നതിനേക്കാളും തേഞ്ഞു പോകുന്നതല്ലേ നല്ലത്. ഒരു പുഴുവും ഭക്ഷണം കഴിക്കുന്നു, ഇണചേരുന്നു, കുട്ടികളെ സൃഷ്ടിക്കുന്നു. അതിനപ്പുറം മനുഷ്യന്‍ എന്തു ചെയ്യുന്നു. നമ്മളൊന്നു ചിന്തിക്കുക, നമ്മള്‍ ഇതിലും വ്യത്യസ്തമായി എന്താണ് ചെയ്യുന്നത്? നമ്മള്‍ പ്രകൃതിയെ ഒന്നു കൂടെ നശിപ്പിച്ചിട്ട് പോകുന്നതായിട്ടാണ് കാണുന്നത്. അത് മനസ്സിലാക്കി നമുക്ക് സമൂഹത്തിന് വേണ്ടി എന്തു ചെയ്യാന്‍ പറ്റും എന്നു ചിന്തിക്കുന്നത് നല്ലതാണ്.

ഈശ്വരനുണ്ടോ ഇല്ലയോ എന്നത് തര്‍ക്ക വിഷയമായിരിക്കാം പക്ഷെ ദുഃഖിക്കുന്ന മനുഷ്യരില്ലെന്ന് ആരും പറയില്ല. അവരെ സേവിക്കുന്നതാണ് അമ്മ ഈശ്വര പൂജയായി കാണുന്നത്. ആ ത്യാഗബുദ്ധി എല്ലാവരിലും ഉണരട്ടെ. അതു മാത്രമല്ല സ്‌േനഹത്തിന്റേയും കാരുണ്യത്തിന്റേയും നിസ്വാര്‍ത്ഥതയുടേയും ത്യാഗത്തിന്റേയും നീരുറവകള്‍ മനുഷ്യ മനസ്സില്‍ നിന്ന് ഇനിയും വറ്റിപ്പോയിട്ടില്ലെന്ന് മക്കളിലൂടെ തന്നെ ലോകം അറിയട്ടെ.

അമ്മയുടെ ചെറുപ്രായത്തില്‍, ജനിച്ച ഗ്രാമത്തില്‍, ആയിരം കുടുംബങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ ഒരു പൈപ്പാണുണ്ടായിരുന്നത്. രാവിലെ വെള്ളത്തിന് നിന്നാല്‍ ചിലപ്പോള്‍ രാത്രിയിലാകും ഒരു കുടം വെള്ളം കിട്ടുന്നത്. ചിലപ്പോള്‍ കിട്ടുക തന്നെ ഇല്ല. അങ്ങനെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അങ്ങനെ വളര്‍ന്ന ഞാനായതുകൊണ്ട് ഇപ്പോഴും വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ എവിടെയെങ്കിലും പൈപ്പ് പൊട്ടി വെള്ളം പോകുന്നത് കണ്ടാല്‍, ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നതുപോലെ തോന്നും. വല്ലാതെ വിഷമം തോന്നും. റോഡില്‍ ചെന്ന് ആരെയെങ്കിലും കണ്ട് ഇതൊന്നു ശരിയാക്കിക്കാന്‍ സാധിച്ചെങ്കില്‍ എന്നു ചിന്തിച്ച് വിഷമിച്ച് ചുറ്റും നോക്കും. ഇല്ലാതെ വളര്‍ന്നതുകൊണ്ടാണ് എനിക്ക് ആ ഭാവം കൂടുതലും തോന്നാന്‍ ഇടയായത്.  ഇല്ലായ്മ കൊണ്ട് അതു മനസ്സിലാക്കാന്‍ പറ്റി, ശ്രദ്ധ ഉണ്ടായി.

നമ്മുടെ അമ്മ ഒരു കുഞ്ഞിനെ രണ്ടുവയസ്സു വരെ മടിയിലിരുത്തി വളര്‍ത്തും. എന്നാല്‍ ഈ ഭൂമി ജീവിതകാലം മുഴുക്കെ നമ്മളെ മടിയിലിരുത്തുന്ന ആളാണ്. ആ അമ്മയോടുള്ള കടമ നമ്മള്‍ മറക്കരുത്. ആ തത്ത്വം മനസ്സിലാക്കി ഓരോന്നിലും ശ്രദ്ധ കൊണ്ടു വരണം. അതുകൊണ്ട് ഒരു അപേക്ഷ ഉള്ളത് ലോകം മുഴുക്കെയുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള കുട്ടികളെ പറ്റുന്ന രീതിയില്‍ രണ്ടു മാസത്തേയ്‌ക്കെങ്കിലും ഗ്രാമങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പിനായി അയക്കണം. അവര്‍ അവിടെ പോകുമ്പോള്‍ തീര്‍ച്ചയായിട്ടും പാവപ്പെട്ടവരെ കാണാനും ദുഃഖങ്ങള്‍ നേരിട്ട് കേള്‍ക്കാനും മനസ്സിലാക്കാനും കുഞ്ഞുങ്ങള്‍ക്ക് അവസരം കിട്ടും. ഇത്തരം ദുഃഖങ്ങള്‍ കേട്ടിട്ട് കുട്ടികളെകൊണ്ട് പേപ്പറുകള്‍ എഴുതിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അപ്പോള്‍ അവരുടെ മനസ്സിലെ കാരുണ്യം ഉണരും. അപ്പോള്‍ ആഡംബരത്തിനായി ചിലവാക്കുന്പോഴും എടുക്കുമ്പോഴും ഇങ്ങനെയുള്ളവരും ലോകത്തിലുണ്ട് എന്ന ചിന്ത കൂടി അവര്‍ക്കു വരും. അത് മനസ്സില്‍ കാരുണ്യം വരുത്തും. അപ്പോള്‍ പണക്കാരനും പാവപ്പെട്ടവനും എന്ന വിടവ് വരാന്‍ വഴിയുണ്ടാകില്ല, പാവപ്പെട്ടവരെക്കൂടി ഉയര്‍ത്തിയെടുക്കാന്‍ സാധിക്കും.

ഇന്നത്തെ യൂണിവേഴിസിറ്റികള്‍, അവിടെ ജോലി ചെയ്യുന്ന ഗവേഷകരുടെ വളര്‍ച്ചയും സ്ഥാനകയറ്റവും തീരുമാനിക്കുന്നത് അവര്‍ എത്ര ഫണ്ട് കൊണ്ടുവന്നു, എത്ര പേപ്പറുകള്‍ സമര്‍പ്പിച്ചു, ബുദ്ധിപരമായി അവരെന്തെല്ലാം നേട്ടങ്ങള്‍ കൈ വരിച്ചു എന്നതിനെ ആശ്രയിച്ചാണ്. അതിനോടൊപ്പം സമൂഹത്തിലെ താഴേക്കിടയില്‍ പെടുന്നവര്‍ക്ക് അവരുടെ ഗവേഷണങ്ങള്‍ എത്രമാത്രം ഉപകരിച്ചു. എത്ര കണ്ട് നമുക്ക് അവരെ സഹായിക്കാന്‍ പറ്റി എന്നതു കൂടി പരിഗണിക്കുകയാണെങ്കില്‍ അത് സ്വര്‍ണ്ണത്തിന് പരിമണം കൂടി വന്നതു പോലെയാകും. ആ ഒരു ഭാവം കൊണ്ടുവരുന്നതു എല്ലാ രീതിയിലും നല്ലതായിരിക്കും. അതിനൊന്നു ശ്രമിക്കുന്നത് നല്ലതാണ്.

സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റി നിര്‍ത്തിയതാണ് പോയ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോര്‍ത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേര്‍പെടുത്തി, ആധുനികശാസ്ര്തത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേര്‍ന്നു പോയാല്‍ തീര്‍ച്ചയായും ഇതില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും.

മനുഷ്യവംശത്തിന്റെയും സമസ്തജീവജാലങ്ങളുടെയും പ്രകൃതിയുടെയും നമ്മള്‍ വസിക്കുന്ന ഈ ഭൂമിയുടെയും ഒക്കെ ഭാവിയും നിലനില്പിനേയും നിര്‍ണ്ണയിക്കുമെന്ന് ഭയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും, അടുത്തിടെ ലോകമെമ്പാടും കൂടെക്കൂടെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ഒക്കെ ഒരു പക്ഷേ സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റിയതുകൊണ്ടായിരിക്കാം. അവ ഒത്തുചേര്‍ന്നു പോകുന്നെങ്കില്‍ നമുക്കൊരു വ്യത്യാസം കൊണ്ടുവരാന്‍ സാധിച്ചേക്കാം. ഈ ഭൂമി കുലക്കത്തിനുമൊക്കെ വ്യത്യാസം ഉണ്ടാവും. പണ്ടുള്ളവര്‍ പ്രകൃതിയെ അത്രകണ്ട് സ്‌നേഹിച്ച് ആരാധിച്ച് ജീവിച്ചതാണ്. അതുപോലൊരു നല്ല മനസ്സ് പ്രകൃതിയോട് എല്ലാവര്‍ക്കും ഉണ്ടാകട്ടെ.

നമ്മുടെ ജീവിതവൃക്ഷം സ്‌നേഹമാകുന്ന മണ്ണില്‍ ഉറച്ചുനില്ക്കട്ടെ. സദ്കര്‍മ്മങ്ങളാകട്ടെ അതിലെ ഇലകള്‍. അനുകമ്പാപൂര്‍ണ്ണമായ വാക്കുകളാകട്ടെ അതിലെ പുഷ്പങ്ങള്‍. ശാന്തിയാകട്ടെ അതിലെ ഫലങ്ങള്‍. സ്‌നേഹത്തില്‍ ഒന്നായിത്തീര്‍ന്ന ഒരു കുടുംബമായി ലോകം വളര്‍ന്നു വികസിക്കട്ടെ. അങ്ങനെ ശാന്തിയും സമാധാനവും കളിയാടുന്ന ഒരു ലോകത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം പ്രയത്‌നിക്കാം.

മൂന്നു കാര്യങ്ങള്‍ ഒത്തു ചേരണമെന്ന് പറയും, കാലം പ്രയത്‌നം ഈശ്വരകൃപ. എങ്കിലേ നമുക്ക് ഏതൊരു കര്‍മ്മവും പൂര്‍ണ്ണമാക്കാന്‍ പറ്റുകയുള്ളൂ. നമ്മള്‍ എവിടെയ്‌ക്കെങ്കിലും യാത്ര പുറപ്പെട്ടാല്‍, സമയത്തിനു വണ്ടിയില്‍ കയറിയാലും ചിലപ്പോള്‍ അപകടം സംഭവിച്ച് യാത്ര മുടങ്ങാം. അഥവാ അപകടമില്ലാതെ വിമാനതാവളത്തിലെത്തിയാലും കാലാവസ്ഥാ വ്യതിയാനം അല്ലെങ്കില്‍ പ്രകൃതിക്ഷോഭം അല്ലെങ്കില്‍ എഞ്ചിന്‍ കേടായി തുടങ്ങിയ കാരണങ്ങളാല്‍ യാത്ര മുടങ്ങാം. അപ്പോള്‍ കാലവും പ്രയത്‌നവും ഉണ്ടായിട്ടും ഈശ്വരകൃപ ഇല്ലാത്തതിനാല്‍ തടസ്സം ഉണ്ടായി. അപ്പോള്‍ ഇതു മൂന്നും ഉണ്ടെങ്കിലേ കര്‍മ്മം പൂര്‍ണ്ണമാക്കാന്‍ പറ്റൂ. ആ കൃപ കിട്ടാന്‍ നമ്മളില്‍ നിന്ന് നല്ല കര്‍മ്മം ഉണ്ടാകണം. എല്ലാവര്‍ക്കും അതിനുള്ള ശക്തിയും പ്രചോദനവും ഉണ്ടാകട്ടെ. കൃപ അനുഗ്രഹിക്കട്ടെ.

പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയായ ‘സമ്മിറ്റ് ഫോര്‍ കോണ്‍ഷ്യന്‍സി’നയച്ച അമ്മയുടെ വീഡിയോ സന്ദേശം.
ജൂലയ് 21, 2015 പാരീസ് , ഫ്രാൻസ്

”പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവർക്കും നമസ്ക്കാരം.

ചില മക്കളുപറയും ‘തല കറക്കമാണമ്മ വീഴാൻ പോകുന്നു ബാലൻസ് പോകുന്നു’എന്ന്. അത് ചെവിക്കുള്ളിലുള്ള ഒരു തരം സെല്ലുകൾക്കുണ്ടാകുന്ന സ്ഥാനചലനം കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. ഏതാണ്ട് അതേ ഒരവസ്ഥ പോലെയാണ് ഇന്ന് പ്രകൃതിയുടെ അവസ്ഥയും. അതു കൊണ്ട് നിറതോക്കിന്റെ മുമ്പിൽ നിൽക്കുന്ന ശ്രദ്ധയും ജാഗ്രതയും എല്ലാവർക്കും ഉണ്ടാകണം.

എന്റെ ചെറുപ്രായത്തിൽ അമ്മയുടെ ഗ്രാമത്തിൽ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കാം. ഒരു ദിവസം അടുത്തുള്ള വീട്ടിൽ അമ്മ ചെന്നപ്പോൾ കണ്ട കാഴ്ച ഇതാണ്. അച്ഛന്റെയും അമ്മയുടെയും മടിയിൽ അവരുടെ പതിനൊന്നു് മക്കളും തളർന്നു കിടക്കുകയാണ്. ‘ഇന്നലെ ഒന്നും വച്ചില്ല അതുകൊണ്ട് ചീനി തൊലി ഇല്ല മോളെ’ എന്ന് എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു ആരോടെങ്കിലും കടം മേടിച്ച് കുഞ്ഞുങ്ങൾക്ക് വെച്ചു കൊടുത്തൂടെ. അവർ പറഞ്ഞു ‘അച്ഛൻ ജോലിക്ക് പോയിട്ട് ഒന്നും കിട്ടാതെ തിരിച്ചു വന്നു. അതിനു ശേഷം പത്തു കിലോമീറ്റർ ദൂരെയുള്ള ബന്ധുവീട്ടിൽ നടന്ന് പൈസ കടം മേടിക്കാൻ പോയി പക്ഷെ കിട്ടിയില്ല. തിരിച്ചു വന്നപ്പോൾ രാത്രിയായി. പക്ഷെ നിലാവുള്ള രാത്രിയായതുകൊണ്ട് കടൽ തീരത്തുകൂടെ വരുമ്പോൾ ആമ കരയ്ക്കു കയറി മുട്ട ഇടുന്നതു കണ്ടു. ആമ മുട്ടയിട്ട് തിരിച്ചു പോയ ശേഷം അതിൽ നിന്ന് കുറച്ചു മുട്ടയെടുത്ത് കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക് രണ്ടു മൂന്നു മുട്ട വീതം പുഴുങ്ങി കൊടുത്തു’ എന്ന് പറഞ്ഞു. അപ്പോൾ ഒരു മോൻ ചാടിയെണീറ്റ് ചോദിച്ചു. എല്ലാ മുട്ടയും എടുക്കാഞ്ഞത് എന്താ അച്ഛാ ? അപ്പോൾ കൂടുതൽ തിന്നാമായിരുന്നല്ലോ. അപ്പോൾ ഈ അച്ഛൻ കുഞ്ഞിനോട് പറയുകയാണ് ‘മോനേ നിങ്ങളെല്ലാം മരിച്ചു പോയാൽ ഞാൻ എത്ര ദു:ഖിക്കും അതുപോലെയായിരിക്കും എല്ലാ മുട്ടയും എടുത്താൽ ആമ ദു:ഖിക്കുന്നത്. അതു മാത്രമല്ല പരമ്പര നിന്നാലല്ലേ ഇല്ലാത്തൊരു സാഹചര്യത്തിൽ വിശപ്പിന് ഇതുപോലെ കുറച്ചെങ്കിലും കിട്ടുകയുള്ളൂ.’

അപ്പോൾ നോക്കൂ ഇവിടെ തന്റെ വിശപ്പിലും മറ്റവന്റെ വേദനയെ ഓർക്കുന്നു. തന്റെ വേദനയിലും മറ്റവനോടുള്ള കാരുണ്യം കാണിക്കുന്നു. ആ ഒരു മനോഭാവമായിരുന്നു നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആമയെയും എല്ലാത്തിനേയും കയറ്റുമതി ചെയ്ത് വില്ക്കുകയാണ്. ഓരോ വൃക്ഷം വെട്ടുമ്പൊഴും അത് നമുക്ക് ശവപ്പെട്ടി ഉണ്ടാക്കാൻ വെട്ടുന്ന വൃക്ഷം പോലെ ആയി തീർന്നിരിക്കുകയാണ്. വൃക്ഷങ്ങൾ വളരെയധികം വെട്ടി കഴിഞ്ഞു. അപ്പോൾ ഒരു വൃക്ഷം വെട്ടിയാൽ ഒന്നു വച്ചാൽ പോരാ, കുറഞ്ഞത് നാല്പത് അമ്പത് വൃക്ഷങ്ങളെങ്കിലും വയക്കണം ഈ അവസ്ഥയിൽ.

ഇപ്പോൾ അഞ്ചു ലക്ഷത്തോളം ജനങ്ങൾക്ക് അന്തരീക്ഷ മലിനീകരണത്തിലൂടെ കാൻസർ വന്നിട്ടുണ്ട്. പണ്ട് ഞങ്ങൾ മുറിവ് പറ്റിയാൽ ചാണകം വച്ചിട്ടാണ് മുറിവ് പൊറുപ്പിക്കുന്നത്. അണുബാധ ഏല്ക്കാതിരിക്കാൻ ചാണകം വയ്ക്കും. എന്നാൽ ഇപ്പോൾ മുറിവിൽ ചാണകം തട്ടിയാൽ അണുബാധ ഏല്ക്കും. അന്ന് ഔഷധമായിരുന്നത് ഇന്ന് പോയ്സണായി.

പ്രപഞ്ചത്തിൽ ഒന്നും നിസ്സാരമല്ല ഒരു വിമാനത്തിന്റെ എഞ്ചിൻ കേടു വന്നാലും പറക്കാൻ പറ്റില്ല, സ്ക്രൂ ഇല്ലെങ്കിലും പറക്കാൻ പറ്റില്ല. എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ട്. തേനീച്ച പരാഗണം നടത്തുന്നതു കൊണ്ടാണ് നമുക്ക് പഴങ്ങളും പച്ചക്കറികളും കിട്ടുന്നത്. ആ തേനീച്ച മൂന്നു കിലോമീറ്റർ അകലെ വരെ പറക്കുമായിരുന്നു. കൂടുതലും പുഷ്‌പങ്ങൾക്ക് വിഷവളം അടിക്കുന്നതുകൊണ്ട് ഇപ്പോൾ മെമ്മറി പോയിരിക്കുന്നു. അതു കൊണ്ട് പുഷ്പങ്ങളുള്ള ചെടികളും തേനീച്ച കൂടുകളും ധാരാളമായി വേണം. നമ്മുടെ ലക്ഷകണക്കിനു ഭക്തന്മാർ ഇതു ചെയ്യുന്നുണ്ട് എന്നാലും കൂടുതൽ ഭക്തർ ജാഗ്രതയോടെ തേനീച്ച കൂടുകളും ചെടികളും വച്ചു പിടിപ്പിക്കണം.

നമ്മളെ പ്രസവിച്ച അമ്മ അഞ്ചു വയസ്സു വരെ നമ്മളെ മടിയിൽ ഇരുത്താം. ഭൂ മാതാവ് അങ്ങനെയല്ല ജീവിതകാലം മുഴുവൻ ചവിട്ടാനും തുപ്പാനും ഇടിക്കാനും അനുവദിച്ച അമ്മയാണ്. ജീവിതകാലം മുഴുവൻ നമ്മളെ പോറ്റി വളർത്തുന്ന അമ്മ. എല്ലാത്തിന്റേയും പോഷക ശക്തിയായ അമ്മ. ആ അമ്മയോടുള്ള കടമ നമ്മൾ മറക്കരുത്.

ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തീപിടിച്ചപ്പോൾ ‘അയ്യോ ഓടി വരണേ, രക്ഷിക്കണേ’ എന്നിങ്ങനെ കേട്ട നിലവിളിക്ക് പത്താം നിലയിലുള്ള ആൾ ‘അത് അവന്റെ കാര്യം എന്റെ കാര്യമല്ല’ എന്ന് ചിന്തിച്ചാൽ അവസാനം അത് നമ്മുടെ കാര്യമായി വരും. ഇതാരും മനസ്സിലാക്കുന്നില്ല. അവന്റെ കാര്യമാണ് നമ്മുടെ കാര്യമാകുന്നത് അങ്ങനെ വിചാരിച്ച് നമ്മൾ തിരിഞ്ഞേ പറ്റൂ.

പ്രപഞ്ചത്തിന് ഒരു താളമുണ്ട്. ഈ വിശ്വത്തിനും അതിലെ ജീവജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നെറ്റ് വർക്ക് പോലെയാണ് ഈ പ്രപഞ്ചം. നാലു പേരു ചേർന്ന് പിടിച്ചിരിക്കുന്ന ഒരു വലയിൽ ചലനമുണ്ടായാൽ അത് എല്ലായിടവും പ്രതിഫലിക്കും. അതുകൊണ്ട് നാം അറിഞ്ഞോ അറിയാതെയോ ഒറ്റയായോ കൂട്ടമായോ ചെയ്യുന്ന എല്ലാ കർമ്മങ്ങളും പ്രപഞ്ചമാകുന്ന വലയുടെ കോണിൽ പ്രതിഫലിക്കും. അവരു മാറിയിട്ട് നമ്മൾ മാറാം എന്നു കരുതിയാൽ നടക്കില്ല. അവരു മാറിയില്ലെങ്കിലും നമ്മൾ മാറിയാൽ മാറ്റം കൊണ്ടു വരാം. നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കണം.

മദേർസ് ഡേ യും ഫാദേർസ് ഡേ യും ഗംഭീരമായി ആഘോഷിക്കുന്നതു പോലെ പ്രകൃതിയെ ആദരിക്കാനും ആരാധിക്കാനും നമുക്കെല്ലാം ഒരു ദിവസമുണ്ടാകണം. അന്ന് ലോകമെമ്പാടുമുള്ളവർ നിർബന്ധമായും വൃക്ഷതൈകൾ നടണം.

ഇതിനു മുമ്പ് മൂവായിരം സ്ക്വയർ ഫീറ്റായി വീട് കെട്ടിയവരും ഇനി കെട്ടാൻ ആഗ്രഹിക്കുന്നവരും ആയിരത്തി അഞ്ഞൂര് സ്ക്വയർ ഫീറ്റിൽ വീട് കെട്ടുക . രണ്ടായിരം സ്ക്വയർ ഫീറ്റ് ഉദ്ദേശിച്ചവർ ആയിരമായി കുറയ്ക്കുക. ആയിരം കെട്ടാൻ ഉദ്ദേശിച്ചവർ അഞ്ഞൂറാക്കി കുറയ്ക്കുക. അപ്പോൾ അത്ര വൃക്ഷങ്ങൾ സമൂഹത്തിൽ വെട്ടുന്നത് കുറയുന്നു. ഇലക്ട്രിസിറ്റിയുടെ ഉപയോഗം കുറയുന്നു. അത്രയും വൃക്ഷങ്ങൾ നമ്മൾ നശിപ്പിക്കണ്ട. കാർ പൂളിങ്ങ് വഴി ഇന്ധനം ലാഭിക്കാം. ഇങ്ങനെ ഓരോ സ്റ്റെപ് സ്റ്റെപ്പായി മാറ്റം ഉണ്ടായാൽ ഭൂമിയുടെ കാര്യത്തിൽ കുറച്ചു വ്യത്യാസം ഉണ്ടാക്കാൻ സാധിക്കും. ആയിരം ഡോളറിന്റെ പേന കൊണ്ടും എഴുതാം നൂറ് ഡോളറിന്റെ പേന കൊണ്ടും എഴുതാം. അക്ഷരം വരും. ആഡംബരം ഒഴിവാക്കിയാൽ തനിക്ക് ആവശ്യത്തിനുള്ളതെടുത്ത് ബാക്കി മറ്റുള്ളവരെ സഹായിക്കാം.

ഒരു വലിയ തടാകം മലിനമായി കിടക്കുകയാണെന്ന് ചിന്തിക്കുക. എങ്ങനെ അത് നമുക്കൊരാൾക്ക് ഒറ്റയ്ക്ക് വൃത്തിയാക്കാൻ സാധിക്കും എന്നു വിചാരിച്ച് വിഷമിച്ച് പിൻതിരിയുകയല്ല ചെയ്യേണ്ടത്. നമുക്ക് പറ്റുന്നത് വൃത്തിയാക്കുക. അതു കണ്ട് അടുത്ത ആൾ വൃത്തിയാക്കും. അതു കണ്ട് അടുത്ത ആൾ വരും. അങ്ങനെ വൃത്തിയാക്കി, വൃത്തിയാക്കി തടാകം മുഴുവൻ വൃത്തിയാകും. അതുകൊണ്ട് പിൻമാറുകയല്ല ശ്രമിക്കുകയാണ് വേണ്ടത്.

കാർപൂൾ വെയ്ക്കുന്നതും തേനീച്ചയെ വളർത്തുന്നതും വൃക്ഷങ്ങൾ നടുന്നതും അന്തരീക്ഷ ശുദ്ധീകരണവും പ്രകൃതിയെ മാലിന്യ മുക്തമാക്കുന്നതും പച്ചക്കറിനടുന്നതും വർഷങ്ങൾക്കു മുമ്പേ അമ്മ പറയുകയും മക്കൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട്. ഒന്നു കൂടി ജാഗ്രതയായി എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാൻ സാധിക്കും. അതിനു് കൃപ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പരമാത്മാവിനോട് തന്നെ പ്രാർത്ഥിക്കുന്നു.”

******
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്ക് അമ്മയെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലോന്ദെ പ്രത്യേക ദൂതന്‍ മുഖേന ക്ഷണിച്ചിരുന്നെങ്കിലും അമേരിക്കയില്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ അമ്മയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ പ്രതിനിധിയെന്ന നിലയില്‍ മാതാ അമൃതാനന്ദമയീ ആശ്രമത്തിന്റെ ഉപാദ്ധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദയാണ് സന്ദേശം ഉച്ചകോടിയില്‍ അവതരിപ്പിച്ചത്.
ഈ വര്‍ഷം ഡിസംബറില്‍ പാരീസില്‍ നടക്കുന്ന സുസ്ഥിര വികസനം സംബന്ധിച്ച ഉച്ചകോടിയായ കോപ് 21ല്‍ ശക്തവും ഫലപ്രദവുമായ നയങ്ങള്‍ക്ക് രൂപം നല്‍കണമെന്ന സാര്‍വത്രികമായ ആവശ്യമുയരേണ്ടതുണ്ടെന്ന് ലോകത്തിലെ പ്രമുഖ ആത്മീയ, മത, ധര്‍മസ്ഥാപന നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി ചൂണ്ടിക്കാട്ടി. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ത്തലോമിയോ ഒന്നാമന്‍, ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, നൊബേല്‍ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ്, നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ തുടങ്ങി വിവിധ ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള മതനേതാക്കള്‍, ഭരണത്തലവന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളുടെ തലവന്മാര്‍ തുടങ്ങിയവര്‍ പാരീസ് ഉച്ചകോടിയില്‍ പങ്കെടുത്തു.

അമ്മയുടെ പുതുവര്‍ഷ സന്ദേശം 2015
വീണ്ടും പുതുവര്‍ഷം വന്നെത്തി. പുതുവര്‍ഷ പിറവി എന്നത് നമ്മളിലെല്ലാം ഉത്സാഹവും ഉന്മേഷവും പ്രതീക്ഷയും നിറയ്ക്കുന്ന ഒരവസരമാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാവരുടെയും ഹൃദയങ്ങളിലും ലോകത്തും ശാന്തിയും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് അമ്മ പ്രാര്‍ത്ഥിക്കുന്നു.

ഈ കഴിഞ്ഞവര്‍ഷം ലോകം വളരെയേറെ ദുഃഖങ്ങളും ദുരിതങ്ങളും കാണാനിടയായിട്ടുണ്ട്. ആയിരങ്ങളാണ് ഭീകരവാദികളുടെ കൈകളാല്‍ ബലിയാടായത്. ആഫ്രിക്കയില്‍ എബോള വൈറസ് കാരണം സംഭവിച്ച മരണങ്ങളും ലോകത്തെ ഞെട്ടിപ്പിച്ചു. പാക്കിസ്ഥാനിലും ആസാമിലും ഈ അടുത്തുകാലത്തു നടന്ന കൂട്ടക്കൊലയുടെ ആഘാതം ഈ അടുത്ത കാലത്തൊന്നും മാറുമെന്നു തോന്നുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും ഭാഷ ഇന്ന് ലോകം മറന്നിരിക്കുന്നു.

പാന്പിന്റെ വിഷം അതിന്റെ വായിലാണുള്ളത്. തേളിന്റെ വിഷം അതിന്റെ വാലിലും. മനുഷ്യനു മാത്രം ഹൃദയത്തിലാണ് വിഷമുള്ളത്. മനുഷ്യന്റെ ഉള്ളില്‍നിന്ന് ഈ വിഷം നീക്കം ചെയ്യാതിരിക്കുന്നിടത്തോളം കാലം ലോകത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും ഒരു അറുതിയുണ്ടാവില്ല. ഒരാള്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘അയാള്‍ മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്നു നമ്മള്‍ പറയാറുണ്ട്. ഓരോ തവണ നമ്മള്‍ ഇതു പറയുമ്പോഴും നമ്മളറിയാതെ മൃഗങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നത് എന്ന് അമ്മയ്ക്കു തോന്നാറുണ്ട്. കാരണം, മൃഗങ്ങള്‍ ഒരിക്കലും പ്രതികാരബുദ്ധിയോടെയോ, വെറുപ്പോടെയോ ആരെയും ഉപദ്രവിക്കാറില്ല.

മക്കള്‍ ചോദിച്ചേക്കാം അനേകമനേകം ദുഃഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ പുഞ്ചിരി നിലനിര്‍ത്താന്‍ എങ്ങനെകഴിയും? ശരിയാണ് ഇത്തരം ഒരു സാഹചര്യത്തില്‍ സന്തോഷവാന്മാരായിരിക്കുക എന്നത് പ്രയാസം തന്നെയാണ്. പക്ഷേ നിരാശയ്ക്കും ദുഃഖത്തിനും അടിപ്പെട്ടതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല. പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നഷ്ടപ്പെട്ടാല്‍ ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെയായിത്തീരും നമ്മള്‍. ജീവിതമാകുന്ന ആകാശത്തില്‍ നമുക്കൊരിക്കലും പറന്നു ഉയരാന്‍ കഴായാതെപോകും.

എല്ലാ പാപങ്ങളിലും വച്ച് വലിയ പാപം നിരാശയാണ് എന്ന് പറയാറുണ്ട്. നമ്മളിലെ എല്ലാ നന്മയെയും നശിപ്പിക്കുന്ന ദുര്‍വികാരമാണ് അത്. അതിനൊരിക്കലും നമ്മള്‍ കീഴ്‌പ്പെട്ടുകൂടാ. ‘നിനക്കു രക്ഷയില്ല.’ എന്ന് ചുറ്റുമുള്ള ലോകം അലമുറയിടുമ്പോഴും ‘എനിക്കു രക്ഷയുണ്ട് ഞാന്‍ പ്രയത്‌നിക്കും, വിജയിക്കും.’ എന്ന ദൃഢനിശ്ചയം നമ്മള്‍ ധീരതയോടെ നെഞ്ചിലേറ്റണം.

പുതുവര്‍ഷം വരുമ്പോള്‍ സാധാരണയായി ജനങ്ങള്‍ ഒരു കാര്യം പറയാറുണ്ട്, കഴിഞ്ഞ ഒരു വര്‍ഷം എത്ര വേഗമാണ് കടന്നു പോയത് എന്ന്. ഒരു വര്‍ഷം കഴിഞ്ഞത് നമ്മള്‍ അറിഞ്ഞതേയില്ല. എന്നാല്‍ സമയത്തിന് വേഗതയോ മന്ദതയോ ഇല്ല. അത് എപ്പോഴും ഒരു പോലെയാണ്. സമയം പെട്ടെന്നു കടന്നുപോയെന്നും അതല്ല, വളരെ പതുക്കെയാണ് സമയം പോകുന്നതെന്നും നമുക്ക് തോന്നുന്നത് നമ്മുടെ ജീവിതരീതി കാരണമാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ വളരെ തിരക്കിലായിരുന്നിരിക്കാം. നമ്മള്‍ സ്വയം ചോദിക്കണം, ‘എന്തിനാണ് ഞാന്‍ തിരക്കിലായത്? എന്റെ സമയം അനിത്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഉപയോഗിച്ചോ അതോ നിത്യവസ്തുവിനെ നേടുവാനായി വിനിയോഗിച്ചോ? സ്വയം ആത്മപരിശോധന ചെയ്യുവാനും, ആത്മീയപാതയില്‍ നമ്മള്‍ എവിടെയാണെന്നു തിരിച്ചറിയുവാനുമുള്ള ഒരു നല്ല സന്ദര്‍ഭമാണ് പുതുവര്‍ഷം. നമ്മള്‍ അധഃപതിച്ചുവെന്നു തോന്നുന്നുവെങ്കില്‍, ഇനിയും വഴി തെറ്റാതിരിക്കാനും ആത്മീയപുരോഗതിയുണ്ടാകുവാനായി കഠിനമായി പ്രയത്‌നിക്കുവാനും ദൃഢനിശ്ചയം എടുക്കണം.

ഈ ലോകത്തിലുള്ള നമ്മുടെ ജീവിതത്തിലെ ഒരു വര്‍ഷം കൂടി കടന്നുപോയെന്നും മരണം നമ്മളോടടുത്തുവരുന്നു എന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുതുവര്‍ഷം. മരണത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. മരണം ഇപ്പോള്‍ വരാം അല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലുമാകാം. ഈ നിമിഷം മരണം വന്നുചേര്‍ന്നാല്‍, പുഞ്ചിരിക്കുന്ന മുഖത്തോടെ അതിനെ നേരിടാന്‍ എനിക്കു കഴിയുമോ? അതോ ഞാന്‍ ഭയന്നു വിറച്ചുപോകുമോ?

നമ്മുടെ മനസ്സില്‍ മറ്റു വസ്തുക്കളോടുള്ള മമത കൂടുന്നതനുസരിച്ച് നമ്മുടെ മനശ്ശക്തിയും കുറഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ നമ്മുടെ മമത വളരെ നിസ്സാരമാണെന്നും അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല എന്നും നമുക്കു തോന്നാം. എന്നാല്‍, ഒരു വസ്തുവിനോടുള്ള മമത ശക്തമാകും തോറും അതിന്റെ മുന്നില്‍ നമ്മള്‍ യാചകന്മാരും ആ വസ്തുവിനോടുള്ള മമത യജമാനനുമായിത്തീരുന്നു എന്നു കാണാം.

പണ്ടു കാലത്തെയും ഇന്നത്തേയും പുതുവത്സരാഘോഷങ്ങളില്‍ അമ്മ കാണുന്ന ഒരു പ്രധാന വ്യത്യാസം അന്ന് ധര്‍മ്മനിഷ്ഠമായ ആഹ്ലാദത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇന്ന് മിയ്ക്കവരും കേവലം ഭൗതിക ഭോഗങ്ങളില്‍ നിന്നുകിട്ടുന്ന ഇന്ദ്രിയ സുഖങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തു കാണുന്നത്. അന്ന് പങ്കിടലിലും കൊടുക്കല്‍ വാങ്ങലിലും സന്തോഷം തേടിയിരുന്നെങ്കില്‍ ഇപ്പോള്‍ നമുക്കു ചുറ്റുമുള്ളവരെ ഒട്ടും പരിഗണിയ്ക്കാതെ സ്വന്തം സുഖത്തിനും ആഡംബരങ്ങള്‍ക്കും ലഹരിയ്ക്കുമായി എത്ര വേണമെങ്കിലും ചെലവാക്കാന്‍ മടിക്കാത്ത പ്രവണതയാണ് കണ്ടുവരുന്നത്. പണ്ടത്തെ ‘നല്ല ദിവസം’ (പുണ്യദിനം) എന്ന സങ്കല്പം ഇന്ന് വെറും ആഘോഷമായി മാറിപ്പോയി.

ധര്‍മ്മത്തെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവാക്കുമ്പോള്‍ നമ്മുടെ പ്രവൃത്തികള്‍ ഓരോന്നും ഈശ്വരനോട് ഓരോ ചുവട് അടുക്കുന്നതായിത്തീരുന്നു. മറിച്ച് സ്വാര്‍ത്ഥ മോഹങ്ങള്‍ക്കാണ് ജീവിതത്തില്‍ നാം പ്രാധാന്യം കല്പിയ്ക്കുന്നതെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഈശ്വരനില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകുന്നു. നമ്മുടെ ജീവിതം ദിശ തെറ്റിയ കപ്പല്‍പോലെ എങ്ങുമെങ്ങും എത്താതെ സംസാര സമുദ്രത്തില്‍ അലഞ്ഞു തിരിഞ്ഞ് മുങ്ങിപ്പോകുന്നു.

പുതുവര്‍ഷ പിറവി നമുക്കു നല്‍കുന്ന മറ്റൊരു സന്ദേശം ലോകത്തിന്റെ നശ്വരതയെക്കുറിച്ചാണ്. ലോകസ്വഭാവം നന്നായി അറിയുമ്പോള്‍ നമ്മള്‍ കാരുണ്യവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ഒട്ടും വൈകിപ്പിക്കില്ല. കാരണം നാം ഈ നിമിഷത്തില്‍ ആരോടെങ്കിലും സ്‌നേഹമോ കാരുണ്യമോ കാട്ടാതിരുന്നാല്‍ പിന്നീടതിന് അവസരം കിട്ടുമെന്ന് എന്താണൊരുറപ്പ്? ഒരു പക്ഷേ, നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ചോര്‍ത്ത് ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കാനും അത്തരമൊരു നീട്ടിവയ്ക്കല്‍ ഇടയാക്കിയെന്ന് വരാം.

ദൈവം നമുക്ക് മുഖം നല്കിയിട്ടുണ്ട്. അവിടെ സ്‌നേഹത്തിന്റെ ഭാവം വരുത്തണമോ, ദേഷ്യത്തിന്റെ ഭാവം വരുത്തണമോയെന്നത് നമ്മുടെ കൈയ്യിലാണ്. നമ്മള്‍ പുഞ്ചിരിച്ചാല്‍ അത് കാരണം മറ്റുള്ളവരുടെ ചുണ്ടിലും പുഞ്ചിരി വിടരും. നമ്മുടെ ഉള്ളില്‍ ശാന്തിയും സ്‌നേഹവുമുണ്ടെങ്കില്‍ മറ്റുള്ളവരിലും അത് പടരും. അന്തരീക്ഷം തന്നെ ആനന്ദംനിറഞ്ഞതാകും. അങ്ങനെ പോയവര്‍ഷത്തേക്കാള്‍ കുറേകൂടി നല്ല ഒരു കുടുംബം, ഒരു രാഷ്ട്രം, ഒരു ലോകം പടുത്തുയര്‍ത്തു വാന്‍ ഈ വര്‍ഷത്തില്‍നമുക്ക് കഴിയട്ടെ.
മക്കള്‍ക്ക് അമ്മയുടെ പുതുവര്‍ഷ ആശംസകള്‍.

നമ്മുടെ സമയത്തെ അർത്ഥപൂർണ്ണമാക്കണമെങ്കിൽ അഞ്ചു കാര്യങ്ങളിൽ നമ്മൾ ശ്രദ്ധവയ്ക്കണം.

ഒന്ന്: മറ്റുള്ളവരെ സഹായിക്കാൻ യാദൃശ്ചികമായ വന്നു കിട്ടുന്ന അവസരങ്ങളെ നാം ഒരിക്കലും പാഴാക്കരുത്.
അവർക്കു ചെയ്യുന്ന ഉപകാരം അവരുടെ ഹൃദയങ്ങളിൽ മാത്രമല്ല നമ്മുടെ ഹൃദയത്തിലും ആഹ്ളാദത്തെ ഉണർത്തും.

രണ്ട്: വരാൻ പോകുന്ന വർഷത്തിലെ ഓരോ ദിവസവും പരുഷവാക്കും പരദൂഷണവും ഒഴിവാക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
നമ്മുടെ മനസ്സിനെയും മറ്റുള്ളവരുടെ മനസ്സിനെയും കലുഷമാക്കാനേ അത് ഉപകരിക്കൂ. എല്ലാ നന്മയും എല്ലാ തിന്മയും ആരംഭിക്കുന്നത് വാക്കിൽ നിന്നാണ് എന്ന് മറക്കരുത്.
മൂന്ന്: ജപം, ധ്യാനം തുടങ്ങിയ നിത്യേനയുള്ള അനുഷ്ഠാനങ്ങളിൽ ഒരു മുടക്കവും വരാതിരിക്കാൻ ശ്രദ്ധിക്കണം.
അന്നന്നു മനസ്സിലുണ്ടാകുന്ന മാലിന്യങ്ങളെ നീക്കാനും ഉന്മേഷവും ശാന്തിയും പ്രദാനം ചെയ്യാൻ നിത്യേനയുള്ള അനുഷ്ഠാനവും ആവശ്യമാണ്.
നാല്: കുറച്ചുനേരമെങ്കിലും സത്‌സംഗത്തിൽ മുഴുകുവാൻ നാം ശ്രദ്ധിക്കണം.
ശാസ്ത്രശ്രവണവും മഹാത്മാക്കളുടെ സാമീപ്യവും ഉത്തമമായ സത്‌സംഗമാണ്.
അഞ്ച്: നമ്മുടെ മനസ്സ് ശുദ്ധമാക്കി തരുവാനും നല്ലതു ചെയ്യാൻ ശക്തി തരുവാനും ഗുരുവിനോട് അല്ലെങ്കിൽ ഈശ്വരനോടു എല്ലാ ദിവസവും ഹൃദയം തുറന്ന് പ്രാർത്ഥിക്കണം.
ആ എളിമയും ഭക്തിഭാവവും ആദ്ധ്യാത്മിക പുരോഗതിക്ക് വളരെ പ്രധാനമാണ്.
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും പുതുവർഷംആനന്ദദായകമാകും.

വേദോപനിഷത്തുകളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും പുരാണേതിഹാസങ്ങളും ഒക്കെ മനുഷ്യരാശിക്ക് സമ്മാനിച്ച പുരാതന ഋഷീശ്വരന്മാര്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ശാസ്ത്രജ്ഞന്മാരാണ്. ആധുനിക ശാസ്ത്രജ്ഞന്മാര്‍ വന്‍ സജ്ജീകരണങ്ങളുള്ള പരീക്ഷണശാലകളിലിരുന്ന് ഗവേഷണം നടത്തുന്നു. എന്നാല്‍ ഋഷി, സ്വന്തം മനസ്സിനെ തന്നെ പരീക്ഷണശാലയും ഗവേഷണവിഷയവുമാക്കി. മഹാത്യാഗത്തിന്റെയും കഠിനതപസ്സിന്റെയും മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് അവര്‍ മനസ്സിനും ബുദ്ധിക്കും അതീതമായ പ്രപഞ്ച രഹസ്യം കണ്ടെത്തി. ഈ അണ്ഡകടാഹത്തെ മുഴുവന്‍ നിയമിക്കുന്ന മഹാശക്തി, ഈശ്വരന്‍ തന്നില്‍ത്തന്നെയാണ് കുടികൊള്ളുന്നതെന്ന പരമസത്യം അവര്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ആ ഋഷിപരമ്പരയില്‍ മത്സ്യഗന്ധിയായ സത്യവതിയുടെ മകനായി ജനിച്ച വേദവ്യാസന്റെ സ്ഥാനം ഏറ്റവും വലുതാണ്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പതിനെട്ട് പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിച്ചു. ആ വേദവ്യാസ മഹര്‍ഷിയെയാണ് ആചാര്യന്മാരുടേയും ആചാര്യനായി കണ്ട് ഇന്നും ലോകം ആരാധിക്കുന്നത്.

എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിച്ചില്ല. ഒരപൂര്‍ണ്ണത, എന്തോ ഒരു ശുന്യത, അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അപ്പോഴാണ് നാരദമഹര്‍ഷി അവിടെയെത്തിയത്. അദ്ദേഹം വേദവ്യാസനെ ഇങ്ങനെ ഉപദേശിച്ചു. ‘ഭഗവാനോടുള്ള പരമപ്രേമം വര്‍ണ്ണിക്കാതെ, അതനുഭവിക്കാതെ, മറ്റെന്തൊക്കെ ചെയ്താലും അതെല്ലാം അര്‍ത്ഥശുന്യമായി കലാശിക്കും. അതുകൊണ്ട്, ഈശ്വരപ്രേമത്തിന്റെ അമൃതംനുകർന്ന് അതിന്റെ മഹത്വം പാടൂ.’

മഹാജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും തപസ്വികള്‍ക്കും വേദാന്തികള്‍ക്കും അതേപോലെതന്നെ, വൃന്ദാവനവാസികളും സാധാരണക്കാരുമായ ഗോപീഗോപന്മാര്‍ക്കും എന്തിന്, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കുപോലും ശ്രീകൃഷ്ണനോടുണ്ടായിരുന്ന നിഷ്‌ക്കളങ്കഭക്തിയുടെ മാഹാത്മ്യം വര്‍ണ്ണിക്കാനാണ് നാരദമഹര്‍ഷി വ്യാസനെ ഉപദേശിച്ചത്. അങ്ങനെ, അത്ഭുതങ്ങളില്‍ വെച്ച് അത്യത്ഭുതം, നിത്യനൂതനം, എത്ര ആസ്വാദിച്ചാലും മതിവരാത്തത്, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗോപികാപ്രേമത്തിന്റെ, കൃഷ്ണഭക്തിയുടെ അനശ്വരഗാനമായ ശ്രീമദ് ഭാഗവതത്തിന് വേദവ്യാസമുനി ജന്മം നല്‍കി.

ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ പ്രേമം സര്‍വ്വഭൂതങ്ങളുടേയും ഹൃദയമാണ്. പ്രേമത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിര്‍കാറ്റുപോലെ, പരപ്രേമത്താല്‍ പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തില്‍ വൃന്ദാവനത്തിലെ സര്‍വ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം.

ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കില്‍, ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കില്‍ സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്.

പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാര്‍ഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കര്‍മ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാര്‍ഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നുംതന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാന്‍ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകള്‍ക്കും ഭക്തി അല്ലെങ്കില്‍ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.

ഉപാസനയും പ്രാര്‍ത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങള്‍ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്‌ക്കാമപ്രേമം ഇല്ലെങ്കില്‍ ഇവരണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാര്‍പ്പണബുദ്ധിയില്ലാതെ, കര്‍മ്മം ആത്മീയ സാധനയാകില്ല, കര്‍മ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാര്‍ഗ്ഗത്തില്‍ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളില്‍ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാര്‍ഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.

ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച്‌നിര്‍ത്താന്‍ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേര്‍ത്ത് പോകാന്‍ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂര്‍ണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങള്‍ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തില്‍ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാല്‍ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും കണ്ടെത്താന്‍ കഴിയില്ല. ഇതാണ് ഭാഗവതം വേദവ്യാസനിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്.

വ്യാസമുനിക്ക് നേടാനായി ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ്ണതൃപ്തനും പരമാനന്ദമഗ്നനും ആയിരുന്നു. പക്ഷെ, ഭാഗവതം രചിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലൊന്നും തന്നെ പരമപ്രേമത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്യമായൊന്നും തന്നെ പറഞ്ഞിരുന്നില്ല. അതില്ലാതെയുള്ള ജീവിതം അപൂര്‍ണ്ണവും അസന്തുഷ്ടവും ആകും എന്ന മഹാസത്യം ലോകത്തിനു പറഞ്ഞു തരുവാൻ വേണ്ടിയാണ് സര്‍വ്വജ്ഞന്മാരായ നാരദമുനിയും വേദവ്യാസനും തമ്മിലുള്ള സംവാദം.

പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സര്‍വ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിര്‍ഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ശക്തിയും അത് ഭക്തന് നല്‍കും. ധ്രുവന്റെയും പ്രഹ്ലാദന്റെയും ഒക്കെ കഥകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്.

വിഷ്ണുഭക്തിയില്‍ നിന്നും പ്രഹ്ലാദനെ പിന്‍തിരിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഹിരണ്യ കശിപു അവലംബിച്ചത്? ഒന്നും ഫലിക്കാതെ വന്നപ്പോള്‍, സ്വന്തം മകനെ അയാള്‍ കൊടും പീഡനത്തിനിരയാക്കി. ക്രൂരവും നിഷ്ഠൂരവുമായ രീതിയില്‍ ആ ബാലനെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ, നിഷ്‌ക്കളങ്കവും അചഞ്ചലവുമായ പ്രേമഭക്തി പ്രഹ്ലാദനെ ആ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു. ഹിരണ്യകശിപുവിനെ വധിച്ചശേഷം നരസിംഹ മൂര്‍ത്തിയുടെ പ്രളയാഗ്നിപോലെയുള്ള സംഹാരരൂപം കണ്ട് അവിടെയുണ്ടായിരുന്ന ദേവീദേവന്മാരും തപസ്വികളും പേടിച്ചരണ്ട് നിന്നു. വലിയസ്ഥാനമാനങ്ങളും ഒടുങ്ങാത്ത സമ്പത്തും അധികാരവും ഒക്കെയുള്ളവരാണ് ദേവന്മാര്‍. പക്ഷെ, അവരൊന്നും തന്നെ നരസിംഹമൂര്‍ത്തിയെ സമീപിക്കാനോ ശാന്തനാക്കാനോ ധൈര്യപ്പെടാതെ ദൂരെ മാറി നിന്നു. കാരണം ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാന്‍ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്‌ക്കളങ്ക ഭക്തിയാണ്.

അവസാനം ഭഗവാനെ ശാന്തസ്വരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ അവരെല്ലാം ചേര്‍ന്ന് പ്രഹ്ലാദനോടഭ്യര്‍ത്ഥിച്ചു. ഭക്തിയുള്ള മനസ്സില്‍ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞി ന്റെ സര്‍സ്വവും അമ്മയാണ്. അവന്  ലോകത്തില്‍ അമ്മ മാത്രമേയുള്ളു. അതുപോലെ, പ്രഹ്ലാദന്റെ ഹൃദയത്തില്‍ ഭഗവാനോട് നിഷ്‌ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു. നരസിംഹമൂര്‍ത്തിയുടെ രൗദ്രഭാവം അവനില്‍ തെല്ലും ഭയം ജനിപ്പിച്ചില്ല. അവന്‍ നിര്‍ഭയനായി അവിടുത്തെ സമീപിച്ചു. ഭഗവാന്റെ നരസിംഹരൂപത്തെ തൊട്ട് വന്ദിച്ചു; പാടിസ്തുതിച്ചു. നിഷ്‌ക്കളങ്ക ഭക്തനായ പ്രഹ്ലാദന്റെ പ്രേമസ്പര്‍ശനം ഏറ്റ മാത്രയില്‍ തന്നെഭഗവാന്‍ ശാന്തനായി.

കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവര്‍ത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപി യായി സ്വന്തം ഉള്ളില്‍ ഒതുക്കാനും നിഷ്‌ക്കളങ്കപ്രേമത്തിന് കഴിയും.

ശ്രീരാമന്റെ പാദസ്പര്‍ശത്താല്‍ കല്ലായി തീര്‍ന്ന അഹല്യ വീണ്ടും പുനര്‍ജ്ജനിച്ചു എന്ന് രാമായണത്തില്‍ പറയുന്നു.രാമന്‍ പ്രേമസ്വരൂപനായിരുന്നു. പ്രേമത്തിന്റെ സ്പര്‍ശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവര്‍ത്തനം ചെയ്യുമെന്നാണ് ആ കഥയുടെ സാരം. ഉള്ളില്‍ ഈശ്വരഭക്തി നിറഞ്ഞ്കവിയുമ്പോള്‍, പിന്നെ നമ്മള്‍ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.

ജീവിതത്തില്‍ ഓരോരുത്തരുര്‍ത്തക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കില്‍, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും വേണം. അവിടെ പ്രഹ്ലാദനെ പോലെയും, ധ്രുവനെ പോലെയും നമ്മെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിയാതെ ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയില്‍ അടിയുറച്ച വിശ്വാസവും സമര്‍പ്പണവും വേണം. അതുണ്ടായാല്‍ വിജയം സുനിശ്ചിതമാണ്.

മഹാഗുരുക്കന്മാരും ഭാഗവതവും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും മനുഷ്യനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. ‘നീ അശക്തനും ദുര്‍ബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളില്‍ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്. നീ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാണ്…’ ഈ അര്‍ത്ഥം വരുന്ന അനേകം ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും നമ്മുടെ ശാസ്ത്രങ്ങളില്‍ കാണാം. ഇവിടെ നടക്കുന്ന വിധത്തിലുള്ള യജ്ഞങ്ങളില്‍ നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.

ഭാഗവതം വായിക്കുന്നതും പഠിക്കുന്നതും കേള്‍ക്കുന്നതും പ്രഹ്ലാദനെപോലെ, ധ്രുവനെ പോലെ, വൃന്ദാവനത്തിലെ ഗോപാലന്മാരെയും ഗോപികമാരെയും പോലെ, അമ്മ യശോദയെ പോലെയും ഒക്കെ ആകാന്‍ വേണ്ടിയായിരിക്കണം.