ചോദ്യം : പണ്ടത്തെപ്പോലെ ഗുരുകുലങ്ങളില്‍ അയച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ഇന്നു് എല്ലാവര്‍ക്കും കഴിയുമോ?

അമ്മ: മുന്‍കാലങ്ങളില്‍, ആദ്ധ്യാത്മികസംസ്‌കാരത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്നു് ആ സ്ഥാനം ഭൗതികസംസ്‌കാരം കൈയടക്കിയിരിക്കുകയാണു്. ഇനി ഒരു തിരിച്ചുപോക്കു സാദ്ധ്യമല്ലാത്തവണ്ണം ഇവിടെ ഭോഗസംസ്‌കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വ്വസംസ്‌കാരത്തിന്റെ ഇരട്ടി ശക്തി, അതു നേടിക്കഴിഞ്ഞു. ഭൗതിക സംസ്‌കാരത്തെ പിഴുതെറിഞ്ഞിട്ടു്, പഴയ ജീവിതരീതി കൊണ്ടുവരാം എന്നു് ഇനി ചിന്തിക്കുന്നതുകൊണ്ടു് അര്‍ത്ഥമില്ല. ആ ശ്രമം നിരാശയേ്ക്ക കാരണമാകൂ. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശരിയായ സംസ്‌കാരം നശിക്കാതെ എങ്ങനെ മുന്നോട്ടു പോകുവാന്‍ കഴിയും എന്നാണു നമ്മള്‍ ആലോചിക്കേണ്ടതു്.

ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകാതെ കുടുംബം നയിച്ചു കൊണ്ടുപോവുക പ്രയാസമായി വന്നിരിക്കുന്നു. ചെലവുകള്‍ അത്ര വര്‍ദ്ധിച്ചു. ഇന്നു് അച്ഛനമ്മമാരെ ഏറ്റവും അധികം വിഷമിപ്പിക്കുന്നതു കുട്ടികളുടെ വിദ്യാഭ്യാസമാണു്. കുട്ടിക്കു നല്ല വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍, സ്വകാര്യസ്‌കൂളുകളെ ആശ്രയിക്കാതെ പറ്റില്ലെന്നായി. അവിടെയാകട്ടെ, പ്രവേശനം ലഭിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും പണം വളരെയധികം വേണം. സ്വകാര്യസ്‌കൂളുകള്‍ പേരും പെരുമയും നിലനിര്‍ത്തുന്നതിനു വേണ്ടി, ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കും. പക്ഷേ, അറിവോ സ്വഭാവശുദ്ധിയോ അല്ല, പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്കു മാത്രമാണു് അവിടെ വിദ്യാര്‍ത്ഥിയുടെ വിജയത്തിന്റെ മാനദണ്ഡം.

ഇന്നത്തെ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ എത്രമാത്രം ടെന്‍ഷനാണു് അനുഭവിക്കുന്നതു്. പുതിയതായി വാങ്ങിയ ബസ്സും മറ്റും ക്രമത്തിലധികം സ്പീഡില്‍ ഓടിക്കാന്‍ പാടില്ലെന്നു പറയും. കാരണം അതിന്റെ എന്‍ജിന്‍ വേഗം കേടാകും. അതുപോലെ, കുഞ്ഞുമനസ്സിനു്, കൂടുതല്‍ ടെന്‍ഷന്‍ നല്കുന്നതിലൂടെ, അവരുടെ ആരോഗ്യവും മനസ്സും മുരടിക്കും. ഒരു കുഞ്ഞിനു വഹിക്കാവുന്നതിലും അധികം ഭാരമാണു്, ഇന്നു്, ചെറുപ്രായത്തില്‍തന്നെ അവന്റെ തലയില്‍, പഠനത്തിന്റെ പേരില്‍ നമ്മള്‍ കയറ്റിവയ്ക്കുന്നതു്. കൂട്ടുകാരോടൊപ്പം കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തില്‍, കിളിയെ കൂട്ടിലടയ്ക്കുന്നതുപോലെ, നമ്മള്‍ പിഞ്ചുകുഞ്ഞുങ്ങളെ ക്ലാസ്സുമുറികളില്‍ ബന്ധിക്കുകയാണു ചെയ്യുന്നതു്. അതുപോലെ, എല്‍.കെ.ജി. മുതല്‍ കുട്ടിക്കു് ഒന്നാം റാങ്കു കിട്ടിയില്ല എങ്കില്‍ ഇന്നു മാതാപിതാക്കള്‍ക്കാണു വേവലാതി. അതിന്റെ ദുരിതം പേറുന്നതു കുട്ടികളും. പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ചോദിച്ചാല്‍ എന്‍ജിനീയറും ഡോക്ടറും ആകണം എന്നു എല്ലാവരും പറയും. ഒന്നാം ക്ലാസ്സു മുതല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതു ഇതിനുവേണ്ടിയാണു്. എന്നാല്‍ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നു പഠിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ അച്ഛനമ്മമാര്‍ കുട്ടികളെ ഉപദേശിച്ചു കാണാറില്ല.

വിദ്യാഭ്യാസം എന്തിനു വേണ്ടിയാണെന്നു മക്കള്‍ ആലോചിക്കണം. ഈ ആധുനികവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി, ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കി പണം നേടാം എന്നതു ശരിതന്നെ. പക്ഷേ, അതുകൊണ്ടു മാത്രം മനസ്സമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന്‍ തന്റെ ലക്ഷ്യമായി കാണുന്നതു പണവും അധികാരവും മാത്രമാണു്. എന്നാല്‍, ജീവിതത്തില്‍, ശാന്തിയുടെയും സമാധാനത്തിന്റെയും അസ്തിവാരം മനസ്സിന്റെ സംസ്‌കാരമാണെന്ന കാര്യം മക്കള്‍ മറക്കരുതു്. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഉത്തമസംസ്‌കാരം നേടുവാന്‍ കഴിയൂ. അതിനാല്‍, കുട്ടികള്‍ക്കു് ആധുനികവിദ്യാഭ്യാസം നല്കുന്നതോടൊപ്പം, സംസ്‌കാരം കൂടി നല്കുവാന്‍ നമ്മള്‍ മുതിര്‍ന്നില്ല എങ്കില്‍, രാമനു പകരം രാവണനെയായിരിക്കും നമ്മള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്. പുല്ലു വളര്‍ന്നു നില്ക്കുന്നിടത്തുകൂടെ പത്തു പ്രാവശ്യം നടന്നാല്‍, അവിടെ വഴി തെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്തു കൂടി എത്ര നടന്നാലും പാത തെളിയില്ല. അതുപോലെ ഇളംമനസ്സില്‍, നാം പകരുന്ന സംസ്‌കാരം പെട്ടെന്നു് ഉറച്ചുകിട്ടും. വലുതാകുമ്പോള്‍, അതവനു മാര്‍ഗ്ഗദര്‍ശിയായിത്തീരും. ചെളി, ചുടുന്നതിനു മുന്‍പു് അതില്‍ ഏതു രൂപവും മെനെഞ്ഞെടുക്കാം. ചുട്ടു കഴിഞ്ഞാല്‍, പിന്നീടു രൂപം മാറ്റുവാന്‍ കഴിയില്ല. അതുപോലെ, ഭൗതികതയുടെ ചൂടേറ്റു മനസ്സുറയ്ക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ക്കു നല്ല സംസ്‌കാരം പകരണം. ഇന്നതിനുള്ള സാഹചര്യം ചുരുങ്ങി വരുന്നതുകൊണ്ടാണു് അമ്മ ഇതെടുത്തു പറയുന്നതു്.

ചോദ്യം : ധര്‍മ്മം നിലനിര്‍ത്താനാണെങ്കില്‍ക്കൂടി ഹിംസയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നതു ശരിയാണോ?

അമ്മ: ഒരു കര്‍മ്മം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടതു്, ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല; അതിന്റെ പിന്നിലെ മനോഭാവമാണു മുഖ്യം.

ഒരു വീട്ടില്‍ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടിക്കു വീട്ടമ്മ വളരെയധികം ജോലി നല്കി. തന്നെ ഏല്പിച്ച താങ്ങാവുന്നതിലധികം ജോലി എത്രകണ്ടു ശ്രമിച്ചിട്ടും സമയത്തിനു ചെയ്തു തീര്‍ക്കാനാവാതെ, കേള്‍ക്കേണ്ടിവന്ന വഴക്കോര്‍ത്തു് ആ കുട്ടി നിന്നു കരയുകയാണു്. അതിന്റെ ദുഃഖം കാണുവാനോ കേള്‍ക്കുവാനോ അവിടെ ആരുമില്ല. അതേ വീട്ടമ്മതന്നെ സ്‌കൂളില്‍പഠിക്കുന്ന തന്റെ കുട്ടി പാഠം വായിക്കാതെ കളിച്ചു നടക്കുന്നതിനു് അടിച്ചു. ആ കുട്ടി മുറിയുടെ മൂലയില്‍ഇരുന്നു കരയുന്നു. ഇവിടെ രണ്ടു കുട്ടികളും കരയുന്നുണ്ടു്. ആ വീട്ടമ്മ, സ്വന്തം കുട്ടിയെ വടി കൊണ്ടടിച്ചതിനു ഹിംസയെന്നു പറയുവാന്‍കഴിയില്ല. കാരണം, തന്റെ മകളുടെ ഭാവി നന്നാകണം എന്ന സദുദ്ദേശത്തോടെയാണു് അടിച്ചതു്. അതു ഹിംസയല്ല; സ്വപുത്രിയോടുള്ള സ്‌നേഹത്തിന്റെ ഒരു രൂപം മാത്രമാണതു്. പഠിക്കുന്നതിനു വേണ്ടി അദ്ധ്യാപകന്‍കുട്ടികളെ ശിക്ഷിക്കുന്നതിനെ, ആരും ഹിംസയെന്നു വിളിക്കില്ല. ജോലിക്കാരിയെ അടിച്ചില്ല എങ്കില്‍പ്പോലും ആ കുഞ്ഞിനോടു കാട്ടിയതു് ക്രൂരതയാണു്, ഹിംസതന്നെയാണു്. സ്വന്തം കുട്ടിയോടു് അങ്ങനെ പെരുമാറുവാന്‍ഒരമ്മയ്ക്കു കഴിയുമോ? ഇവിടെ അവര്‍ചെയ്ത രണ്ടു പ്രവൃത്തികളുടെയും പിന്നിലുള്ള മനോഭാവമാണു ശ്രദ്ധിക്കേണ്ടതു്.

മാരകരോഗം പിടിപെട്ട ഒരു രോഗി ഓപ്പറേഷനിടയില്‍മരിച്ചു. എന്നിട്ടും അവസാന നിമിഷംവരെ ആ ജീവന്‍രക്ഷിക്കാന്‍കഠിനാദ്ധ്വാനം ചെയ്ത ആ ഡോക്ടറെ എല്ലാവരും പുകഴ്ത്തി. ഒരു കള്ളന്‍ഓപ്പറേഷനു് ഉപയോഗിക്കുന്ന കത്തികൊണ്ടു മോഷണത്തിനു തടസ്സംനിന്ന വാച്ചുമാനെ കുത്തി. അതു കൊലപാതകമായി, കേസായി. ഡോക്ടറുടെ പ്രവൃത്തി അഹിംസയാണെങ്കില്‍ കള്ളന്‍ ചെയ്തതു ഹിംസയാണു്. കേസില്‍ ജഡ്ജി കള്ളനെ തൂക്കികൊല്ലാനും വിധിച്ചു. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്നു് പറയാന്‍പറ്റുമോ? അദ്ദേഹം തന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ചെയ്തുള്ളൂ. കൊലപാതകം, മോഷണം തുടങ്ങിയ ദ്രോഹപ്രവൃത്തികളില്‍നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ അതാവശ്യമാണു്.

ചെയ്യുന്ന പ്രവൃത്തികളുടെ പിന്നിലെ മനോഭാവമാണു് ഒരു കര്‍മ്മത്തെ ഹിംസയും അഹിംസയുമാക്കി മാറ്റുന്നതു്. വയറു നിറച്ചു ഭക്ഷണം കഴിക്കുവാനുള്ളപ്പോള്‍, സ്വാദു കൂട്ടുവാന്‍, കറിവയ്ക്കുന്നതിനു വളര്‍ത്തുന്ന കോഴിയെ കൊല്ലുന്നതു ഹിംസയാണു്. അനാവശ്യമായി ഒരു ചെടിയിലെ പൂവു് ഇറുക്കുന്നതു പോലും ഹിംസയാണെന്നു പറയാം.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങള്‍വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി, ഏതൊരു ജീവിയോടു ചെയ്യുന്ന ദ്രോഹവും ഹിംസയാണു്. എന്നാല്‍, സമൂഹത്തിന്റെ ശ്രേയസ്സിനുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പിക്കേണ്ടതായി വന്നാല്‍ക്കൂടി, അതിനെ ഹിംസയുടെ കൂട്ടത്തില്‍പ്പെടുത്തുവാന്‍ കഴിയില്ല. മഹാഭാരതയുദ്ധത്തെ ധര്‍മ്മയുദ്ധമായി കരുതുന്നതു് അതുകൊണ്ടാണു്.

ചോദ്യം: യുദ്ധത്തില്‍ പല സമയത്തും ഭഗവാന്‍ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചില്ലേ?

അമ്മ: വാസ്തവത്തില്‍ നമ്മുടെ കൊച്ചു ബുദ്ധികൊണ്ടു് അവിടുത്തെ ചെയ്തികള്‍ അറിയുവാനോ, അതു് ഉള്‍ക്കൊള്ളുവാനോ കഴിയില്ല എന്നതാണു സത്യം. അവിടുത്തെ ഓരോ ചലനവും ധര്‍മ്മത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു. മഹാത്മാക്കളുടെ പ്രവൃത്തികളെ നമ്മുടെ സാധാരണതലംവച്ചു മനസ്സിലാക്കുക സാദ്ധ്യമല്ല. വളരെ സൂക്ഷ്മമായി ചിന്തിച്ചാല്‍ മാത്രമേ, ഹൃദയശുദ്ധി ഉണ്ടെങ്കില്‍മാത്രമേ, മഹാത്മാക്കളുടെ ചെയ്തികളുടെ തരിമ്പെങ്കിലും പിടികിട്ടുകയുള്ളൂ.

അഹംബോധം പൂര്‍ണ്ണമായും നഷ്ടമായവരാണു മഹാത്മാക്കള്‍. അവര്‍ പറവകളെപ്പോലെയാണു്. ആകാശത്തുകൂടി പറക്കുന്ന പറവയ്ക്കു റോഡിലെ നിയമങ്ങള്‍ ബാധകമല്ല. നിയമങ്ങള്‍ അഹംബോധത്തില്‍ കഴിയുന്ന നമുക്കാണു് ആവശ്യം.

ഓരോ സന്ദര്‍ഭത്തില്‍, അതതു സാഹചര്യം അനുസരിച്ചാണു് അവിടുന്നു പ്രവര്‍ത്തിച്ചതു്. അവിടുത്തേക്കു് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ധര്‍മ്മസംസ്ഥാപനം. വ്യക്തിക്കു സ്ഥാനം നല്കുമ്പോള്‍തന്നെ ഒരു സമൂഹവുമായി ബന്ധപ്പെടേണ്ടി വരുന്ന സമയത്തു്, സമൂഹത്തിനാണു് അവിടുന്നു പ്രാധാന്യം കൊടുത്തതു്. ഗീതയിലെ ശ്രീകൃഷ്ണനെ നോക്കുക. ആത്മോപദേശകനായ അവിടുന്നു തനിക്കു വേണ്ടിയല്ല യുദ്ധത്തില്‍പങ്കെടുത്തതു്.

ചോദ്യം : സ്ത്രീകള്‍ക്കു സമൂഹത്തിലുള്ള സ്ഥാനവും പങ്കും എന്തായിരിക്കണം?

അമ്മ: പുരുഷനു സമൂഹത്തില്‍ എന്തു സ്ഥാനവും പങ്കുമാണോ ഉള്ളതു് അതേ സ്ഥാനവും പങ്കും സ്ത്രീക്കും സമൂഹത്തിലുണ്ടു്. അതിനു കുറവു സംഭവിക്കുമ്പോള്‍ അതു സമൂഹത്തിന്റെ താളലയം നഷ്ടമാക്കുന്നു. പ്രപഞ്ചസൃഷ്ടിയില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതു്. ഒരു മനുഷ്യശരീരത്തെ ശിരസ്സു മുതല്‍ താഴേക്കു നേര്‍പകുതിയാക്കിയാല്‍ രണ്ടു ഭാഗങ്ങള്‍ക്കും എത്ര മാത്രം തുല്യ പ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യമാണു സ്ത്രീക്കും പുരുഷനും തമ്മിലുള്ളതു്. ഒന്നു് ഒന്നിനെക്കാള്‍ മേലെ എന്നവകാശപ്പെടാന്‍ കഴിയില്ല. പുരുഷന്റെ വാമഭാഗമാണു സ്ത്രീ എന്നു പറയുമ്പോള്‍ സ്ത്രീയുടെ ദക്ഷിണഭാഗമാണു പുരുഷന്‍ എന്നതു പറയാതെതന്നെ വ്യക്തമാകുന്നു.

സ്ത്രീപുരുഷഭേദം മുഖ്യമായും നിലനില്ക്കുന്നതു ശാരീരികതലത്തിലാണു്. സമൂഹത്തില്‍ സ്ത്രീക്കു തന്റെതായ സ്ഥാനമുണ്ടു്. അതുപോലെ തന്നെ പുരുഷനും. അതു് ഓരോരുത്തരും മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണു് ആവശ്യം. സ്ത്രീ പുരുഷന്റെ സ്ഥാനം കൈയടക്കാന്‍ ശ്രമിക്കുന്നതും അതുപോലെ പുരുഷന്‍ സ്ത്രീയുടെ സ്ഥാനം ബലം പ്രയോഗിച്ചു കൈയടക്കി വയ്ക്കുന്നതും വ്യക്തികളിലും അതിലൂടെ സമൂഹത്തിലും അസംതൃപ്തിയും അസമാധാനവും വളര്‍ത്തുവാനേ ഇടയാക്കൂ.

ഒരു വാഹനത്തിന്റെ ഇടത്തേ ചക്രത്തിനു വലത്തേ ചക്രത്തിന്റെ അതേ പ്രാധാന്യംതന്നെ ഉണ്ടു്. ഇരുചക്രങ്ങളും ഒരുപോലെ മുന്നോട്ടു ചലിച്ചാല്‍ മാത്രമേ അതില്‍ യാത്രചെയ്യുന്ന വ്യക്തിക്കു ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ. ഇതുപോലെ കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമയോടെ മുന്നോട്ടു പോകുമ്പോഴേ, അവര്‍ക്കു ശരിയായ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ സാധിക്കൂ, ആത്മൈക്യം പ്രാപിക്കുവാന്‍ കഴിയൂ.

ഭാരതീയസംസ്‌കാരം സ്ത്രീക്കു സമൂഹത്തില്‍ ആദരണീയമായ സ്ഥാനമാണു നല്കിയിരുന്നതു്. ‘മാതൃ ദേവോ ഭവ’ എന്നാണു ഭാരതം ലോകത്തിനു നല്കുന്ന ആദര്‍ശം. പരസ്ത്രീയെ മാതാവായി കാണുവാനാണു നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നതു്. ഏതു പുരുഷനും ജനിക്കുന്നതിനു മുന്‍പു പത്തുമാസം മാതാവിന്റെ ഗര്‍ഭത്തിലാണു കഴിയുന്നതു്. അതിനാല്‍ വിവേകബുദ്ധിയുള്ള ഒരു പുരുഷനും തന്റെ അമ്മ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തെ അവഗണനയോടെയോ, അവജ്ഞയോടെയോ കാണാന്‍ കഴിയില്ല.

അതുപോലെ തന്നെ കുടുംബത്തിന്റെ അസ്ഥിവാരമാണു സ്ത്രീ. കുടുംബത്തില്‍ ശാന്തിയും ഐശ്വര്യവും നിലനിര്‍ത്തുന്നതില്‍ പുരുഷനെക്കാള്‍ സ്ഥാനം വഹിക്കുവാന്‍ സ്ത്രീക്കു കഴിയും. കാരണം സ്ത്രീ സ്നേഹത്തിന്റെയും ക്ഷമയുടെയും വിനയത്തിന്റെയും പ്രതീകമാണു്. സ്ത്രീയിലെ ഈ ഗുണങ്ങളാണു കുടുംബാംഗങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതു്.

പുരുഷത്വം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണു്. കുടുംബബന്ധം സംതൃപ്തമായി നിലനിര്‍ത്തണമെങ്കില്‍ ഈ നിശ്ചയര്‍ഢ്യം ഒന്നു കൊണ്ടുമാത്രം സാദ്ധ്യമല്ല. കുടുംബാംഗങ്ങള്‍ക്കു പരസ്പരം സ്നേഹവും ക്ഷമയും വിനയവും വിട്ടുവീഴ്ചാമനോഭാവവുമാണു വേണ്ടതു്. സ്ത്രീ, പുരുഷന്റെ സ്വഭാവം അനുകരിക്കുമ്പോഴും പുരുഷന്‍ തന്റെ അഹന്തയെ സ്ത്രീയില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോഴുമാണു കുടുംബത്തില്‍ അന്തശ്ചിദ്രം ഉടലെടുക്കുന്നതു്.

ഭാരതം ത്യാഗഭൂമിയാണു ഭോഗഭൂമിയല്ല. നമ്മുടെ പൂര്‍വ്വികര്‍ അന്വേഷിച്ചു കണ്ടെത്തിയതു ശാശ്വതാനന്ദത്തിന്റെ ഉറവയാണു്. നൈമിഷികാനന്ദത്തിന്റെ പിന്നാലെ പാഞ്ഞു് ആയുസ്സും ആരോഗ്യവും ഇല്ലാതാക്കുന്ന നഷ്ടക്കച്ചവടത്തിനു് അവര്‍ തയ്യറായിരുന്നില്ല. ഒരുവന്റെ കര്‍മ്മവും ധര്‍മ്മവും ഗുണങ്ങളും അനുസരിച്ചാണു സമൂഹത്തില്‍ അവന്റെ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടിരുന്നതു്. എല്ലാവരുടെയും പരമലക്ഷ്യം ഈശ്വരസാക്ഷാത്കാരമായിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ലക്ഷ്യത്തെക്കുറിച്ചും മാര്‍ഗ്ഗത്തെക്കുറിച്ചും പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നു. അതവര്‍ക്കു വേണ്ടത്ര സംതൃപ്തിയും നല്കിയിരുന്നു.

സംതൃപ്തിയില്ലാത്തവരാണു മറ്റുള്ളവരുടെ സ്ഥാനം കൈയടക്കുവാന്‍ ശ്രമിക്കുന്നതു്. മനസ്സില്‍ അസംതൃപ്തി വളരുമ്പോഴാണു മാത്സര്യം നാമ്പെടുക്കുന്നതു്. മനുഷ്യനെ പൂര്‍ണ്ണ സംതൃപ്തിയിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുവാന്‍ ഭാരതീയ സാമൂഹ്യവ്യവസ്ഥ തികച്ചും പര്യാപ്തമായിരുന്നു. അതിനാല്‍ സ്ത്രീപുരുഷസമത്വം, സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനം, ഇവയൊന്നും അന്നു തര്‍ക്കവിഷയങ്ങളായില്ല. ഭൗതിക സംസ്‌കാരം സ്ത്രീപുരുഷ ബന്ധത്തെ ശാരീരികതലത്തില്‍ കാണുമ്പോള്‍ ഭാരതീയസംസ്‌കാരം അതിനെ ആത്മീയതലത്തില്‍ ദര്‍ശിക്കുവാനാണു പഠിപ്പിച്ചിരുന്നതു്.

എന്തുകൊണ്ടും സ്ത്രീക്കു സമൂഹത്തില്‍ രണ്ടാം നിരയിലല്ല സ്ഥാനം. പുരുഷനോടൊപ്പം ഒന്നാം നിരയില്‍ത്തന്നെയാണു്. അതു് ഇന്നു ലഭിക്കുന്നുണ്ടോ എന്നതാണു പ്രധാനം.

ചോദ്യം: ഭാരതീയ സാംസ്‌കാരിക ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിത്വമാണു ഭഗവാന്‍ ശ്രീകൃഷ്ണന്റെതു്. പക്ഷേ, അദ്ദേഹത്തിന്റെ പല പ്രവൃത്തികള്‍ക്കും വിശദീകരണം കണ്ടെത്തുവാന്‍ കഴിയുന്നില്ല. പലപ്പോഴും ശ്രീകൃഷ്ണന്‍ ചെയ്തതു ശരിയായില്ല എന്നു തോന്നിപ്പോകുന്നു?

അമ്മ: ശ്രീകൃഷ്ണപരമാത്മാവിനെ ശരിയായി ഉള്‍ക്കൊണ്ട ഒരു വ്യക്തിക്കു് അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചു യാതൊരു സംശയവും തോന്നുകയില്ല. അവിടുത്തെ ജീവിതം ഇതുവരെയുള്ള കാലങ്ങളില്‍ മാത്രമല്ല, ഇനി വരാന്‍ പോകുന്ന കാലങ്ങളിലും ജനങ്ങള്‍ക്കു മാതൃകയായിരിക്കും. സര്‍വ്വതിനും മീതെ കുടപിടിച്ചു നില്ക്കുന്നതാണു് അവിടുത്തെ ജീവിതം. ഏതു തുറയിലുള്ള വ്യക്തിക്കും ജീവിതത്തില്‍ ആവേശവും ആനന്ദവും ആര്‍ജ്ജിക്കുവാന്‍ തക്കവണ്ണമുള്ളതാണു് അവിടുത്തെ ചരിത്രം.

ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്കു് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടതു് അവിടെയുണ്ടു്. ഇതുപോലെ ഭഗവാന്‍ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണു്. ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതകികള്‍ക്കും വേശ്യയ്ക്കും കൊള്ളക്കാര്‍ക്കും എന്നുവേണ്ട, സര്‍വ്വര്‍ക്കും ആത്മതലത്തിലേക്കു് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടിണ്ടു്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണു ഭഗവാനില്‍നിന്നു ലഭിക്കുന്നതു്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റു് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞു്, അതില്‍ ഉറച്ചുനിന്നു്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണു് അവിടുന്നു പറയുന്നതു്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നതു് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടതു്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിനു് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞു്, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണു് അവിടുന്നു് ഉപദേശിക്കുന്നതു്.

ഓരോരുത്തരും ഏതു തലത്തില്‍ നില്ക്കുന്നുവോ, അവിടെനിന്നും കൈപിടിച്ചു് ഉയര്‍ത്തുന്നതിനുവേണ്ടി, ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്കു് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്കു് അതു് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ വ്യത്യാസമാണു്.

ശ്രീകൃഷ്ണപരമാത്മാവു സര്‍വ്വരെയും ഉദ്ധരിക്കാന്‍വേണ്ടി വന്ന ആളാണു്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണു് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം. താഴത്തുനിന്നു ചുറ്റും നോക്കിയാല്‍ കുന്നും, കുഴിയും, കാടും, നാടും മറ്റും കാണേണ്ടി വരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്‌നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്‍ത്തുവാന്‍വേണ്ടി ആയിരുന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ചു്, സംശയത്തിന്റെ കറപുരണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു് ഈശ്വരന്റെ കുറ്റമല്ല. നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കുറവാണു്. എന്നാല്‍, അങ്ങനെയുള്ളവരെയും ഉദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം അവിടുന്നു നല്കിയിട്ടുണ്ടു്. ശ്രീകൃഷ്ണനെ ശരിയായി നമ്മള്‍ ഉള്‍ക്കൊള്ളാതിരുന്നതാണു്, നമ്മുടെ രാജ്യം ഇത്രയും അധഃപതിക്കുവാന്‍ കാരണം.

ഒരു കുട്ടിക്കു ജന്മദിനത്തിനു് ഒരു സമ്മാനം കിട്ടി. വളരെ മനോഹരമായ, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപേപ്പറുകളില്‍ ആണു് അതു പൊതിഞ്ഞിരിക്കുന്നതു്. ആ പൊതിയില്‍ ഭ്രമിച്ചു്, കുട്ടി അതൊന്നു് അഴിക്കുവാന്‍കൂടി തയ്യാറായില്ല. അതുകാരണം ഉള്ളിലെ വിലകൂടിയ സമ്മാനം അവനു നഷ്ടമാവുകയാണു ചെയ്യുന്നതു്.

ശ്രീകൃഷ്ണന്റെ കാര്യത്തിലും നമുക്കിതുതന്നെയാണു സംഭവിച്ചിരിക്കുന്നതു്. ഒരു കൂട്ടര്‍ അദ്ദേഹം കാട്ടിയ അദ്ഭുതകൃത്യങ്ങളില്‍ മയങ്ങി. മറ്റു ചിലര്‍ അവിടുത്തെ പ്രവൃത്തികളില്‍ തെറ്റുമാത്രം ദര്‍ശിച്ചു. അവയെ വിമര്‍ശിക്കുവാന്‍ സമയം കണ്ടെത്തി. ഇരുകൂട്ടരും തത്ത്വം ഗ്രഹിച്ചില്ല. ഇതുമൂലം യഥാര്‍ത്ഥത്തില്‍, ഭഗവാനെത്തന്നെയാണു് അവര്‍ക്കു നഷ്ടമായതു്. രണ്ടുകൂട്ടരും പഴം വെടിഞ്ഞു്, അതിന്റെ തൊലിക്കുവേണ്ടി മത്സരിച്ചു. അവര്‍ അവിടുന്നു നല്കിയ ജീവിതസന്ദേശം ഉള്‍ക്കൊള്ളുവാന്‍ തയ്യാറായതുമില്ല. മഹാത്മാക്കളെ പുകഴ്ത്തുകയും വിമര്‍ശിക്കുകയുമല്ല, പിന്നെയോ ആ ധന്യ ജീവിതത്തിന്റെ പിന്നിലെ സന്ദേശം ഉള്‍ക്കൊണ്ടു്, സമാധാനമായി, സന്തോഷത്തോടെ ജീവിച്ചു ലോകത്തിനു മാതൃകയായിത്തീരുകയാണു വേണ്ടതു്.