അസ്ഥിരത ജീവിതത്തിന്റെ സ്വഭാവമാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കുന്നതായി നമ്മള്‍ എന്നും കേള്‍ക്കാറുണ്ട്.

ജീവിതത്തെ ഒരു മത്സരക്കളിയോട് ഉപമിക്കാം. കളിയില്‍ പലപ്പോഴും എന്താണ് സംഭവിക്കുകയെന്നത് അവസാനം വരെ അറിയുവാന്‍ കഴിയില്ല. ലക്ഷ്യത്തിലെത്തുന്നതുവരെ കളിക്കാരന്റെ ഓരോ നീക്കവും ജാഗ്രതയോടെ ആയിരിക്കണം. അല്പം അശ്രദ്ധ വന്നാല്‍ അയാള്‍ തോറ്റുപോകും. അതേ സമയം, പ്രതികൂലസാഹചര്യങ്ങളെ ഒഴിവാക്കാന്‍ നമ്മള്‍ എത്ര പ്രയത്‌നിച്ചാലും ജീവിതത്തില്‍ അത്തരം ഘട്ടങ്ങള്‍ വന്നുചേരും. അപ്പോള്‍ അവയെ സ്വീകരീക്കാന്‍ നമ്മള്‍ തയ്യാറാകണം. വാസ്തവത്തില്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ ഒരുപോലെ സ്വീകരിക്കുവാന്‍ നമ്മള്‍ സന്നദ്ധരാകുമ്പോള്‍ മാത്രമേ ജീവിതത്തിന് പൂര്‍ണതയുണ്ടാകൂ.

ലോകത്തില്‍ പ്രശ്‌നങ്ങളില്ലാത്ത ഒരുസ്ഥലം മാത്രമേയുള്ളൂ. അത് ശ്മശാനമാണ്. ഗുസ്തി മത്സരത്തില്‍ കളിക്കാര്‍ പരസ്പരം മല്ലിടുമ്പോള്‍, അവരിലൊരാള്‍ അടികൊണ്ടു വീണെന്നുവരാം. എന്നാല്‍ വീണതുകൊണ്ടു മാത്രം അയാള്‍ പരാജയപ്പെട്ടു എന്നു പറയാനാവില്ല. വീണ്ടും സ്വന്തം കാലില്‍ എഴുന്നേറ്റു നില്ക്കാതിരുന്നാല്‍ മാത്രമേ അയാള്‍ പരാജയപ്പെടുന്നുള്ളു. ജീവിതവും ഇതുപോലെയാണ്. ജീവിതത്തില്‍ ചില തിരിച്ചടികളുണ്ടായതുകൊണ്ടു മാത്രം ഒരാള്‍ പരാജയപ്പെട്ടു എന്നു പറയാനാവില്ല. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെങ്കില്‍ അതോടെ അയാള്‍ പരാജിതനായി എന്നു പറയാം. അലസരെ വിധി വലിച്ചിഴക്കുമ്പോള്‍ പരിശ്രമശാലിക്ക് വിധി വഴി മാറിക്കൊടുക്കുമെന്നത് നമ്മള്‍ മറക്കരുത്. ജീവിതത്തില്‍ ശരിയായ വീക്ഷണവും, പ്രതിസന്ധികളെ നേരിടാനുള്ള മനോബലവും കൈവരിക്കുന്നതിനുള്ള ഒരേ ഒരു വഴി ആദ്ധ്യാത്മികജ്ഞാനം നേടുക എന്നതാണ്. ഈ ജ്ഞാന പ്രാപ്തിക്ക് ധ്യാനാത്മകമായ മനസ്സ് ആവശ്യമാണ്.

അക്ഷമയും ദേഷ്യവും വരുമ്പോള്‍ നാം ചെയ്യുന്ന പ്രവൃത്തികള്‍, ജീവിതകാലം മുഴുവന്‍ നമ്മെ വേട്ടയാടും. ഒരു വാക്കുകൊണ്ടു ശത്രുവിനെ മിത്രമാക്കാം, മിത്രത്തെ ശത്രുവാക്കാം. ഒരു വൃക്ഷം കൊണ്ട് നമുക്ക് ലക്ഷക്കണക്കിന് തീപ്പെട്ടികളുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഒരു തീപ്പെട്ടികൊണ്ട് ഒരു കാടുതന്നെ കരിച്ചു ചാമ്പലാക്കാന്‍ കഴിയും. ഇതേപോലെ ഒരു ദുശ്ചിന്തയോ തെറ്റായ വാക്കോ മതി നമുക്കും ലോകത്തിനും നാശം വിതയ്ക്കാന്‍. അതുകൊണ്ട് എന്തുപറയുമ്പോഴും എന്തുചെയ്യൂമ്പോഴും നമ്മള്‍ ബോധവാന്മാരായിരിക്കണം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ആധുനിക ലോകത്തിന്റെ മൂന്നാമത്തെ ശാപം പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. അതിന്റെ ഫലമായി നമ്മുടെ കൃഷി നശിച്ചു, കൃഷിസ്ഥലങ്ങള്‍ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി.

വാഴത്തോട്ടത്തില്‍ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യന്‍ ഇന്ന് പ്രകൃതിയെ ചവുട്ടി മെതിക്കുകയാണ്. ലോകത്തില്‍ 100 കോടിയിലധികം ജനങ്ങള്‍ക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലര്‍ന്ന വെള്ളം പോലും കുടിക്കാന്‍ കിട്ടുന്നില്ല. 20 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാല്‍ മരണപ്പെടുന്നത്. ഓരോ മിനിറ്റിലും ഒരു കുട്ടി വീതം ഈ വിധത്തില്‍ മരിക്കുന്നു എന്നാണു് കണക്കുകള്‍ പറയുന്നതു്. സമീപഭാവിയില്‍ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടുമോ എന്നു സംശയമാണ്. മലിനീകരണത്തിന്റെ കാര്യം എടുത്താല്‍ സ്വന്തം ഗ്രാമങ്ങളേയും നഗരങ്ങളേയും വൃത്തിഹീനമാക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ്. എവിടേയും ചപ്പുചവറുകള്‍ വലിച്ച് എറിയുകയും തുപ്പുകയും ചെയ്യുന്ന സംസ്‌ക്കാരത്തില്‍ നിന്ന് നമ്മള്‍ എപ്പോഴാണ് മുക്തരാകാന്‍ പോകുന്നത്? പരിസരം വൃത്തിയായി സൂക്ഷിക്കുവാനും ചെടികള്‍ നട്ടുവളര്‍ത്തുവാനുമൊക്കെ നമ്മള്‍ മുമ്പോട്ട് വന്നേപറ്റൂ.

ഇന്നത്തെ മനുഷ്യസമൂഹം നേരിടുന്ന നാലാമത്തെ ശാപം ആരോഗ്യത്തെ അവഗണിച്ച്‌ കൊണ്ടുള്ള ജീവിതശൈലിയാണ്. പറമ്പിലും പാടത്തും പണിയെടുക്കുന്നത് നമുക്ക് കുറച്ചിലാണ്. വ്യായാമം ചെയ്യാന്‍ പോലും നമുക്ക് മടിയാണ്. അത് കാരണം ശരീരം ദുര്‍ബലമാകുന്നു. അമ്മയ്ക്ക് പറയാനുള്ളത് മക്കള്‍ കുറച്ചെങ്കിലും വീട്ടുവളപ്പിലോ തോട്ടത്തിലോ അദ്ധ്വാനിക്കണം. കുറച്ച് പച്ചക്കറി വീട്ടുവളപ്പിലോ ടെറസ്സിലോ കൃഷിചെയ്ത് ഉണ്ടാക്കിയാല്‍ വിഷം കലര്‍ന്ന പച്ചക്കറി ഒഴിവാക്കാന്‍ സാധിക്കും.

കാലുകുത്തുന്നിടമെല്ലാം, അതു് ഭൂമിയിലായാലും മറ്റുഗ്രഹങ്ങളായാലും അവിടെയുള്ള സകല വസ്തുക്കളിലും ‘ഞാന്‍’ അല്ലെങ്കില്‍, ‘എന്റെത്’ എന്ന മുദ്ര പതിച്ച് ലേബലൊട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. എന്തിലും ഏതിലും ഇങ്ങനെ ലേബലൊട്ടിച്ച് അധികാരം സ്ഥാപിക്കാനുള്ള ഈ പ്രവണതയായിരിക്കാം ഒരുപക്ഷെ മനുഷ്യന്‍ തന്റെ സഹജീവികളോടും ലോകത്തോടും മറ്റ് ജീവജാലങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം. ഈ മനോഭാവം തന്നെയാണ് ലോകം ഇന്ന് നേരിടുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണവും. പാമ്പിന്റെ വിഷം അതിന്റെ വായിലാണുള്ളത്. തേളിന്റെ വിഷം അതിന്റെ വാലിലും. മനുഷ്യനു മാത്രം ഹൃദയത്തിലാണ് വിഷമുള്ളത്. ഒരാള്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘അയാള്‍ മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്നു നമ്മള്‍ പറയാറുണ്ട്. ഓരോ തവണ നമ്മള്‍ ഇതു പറയുമ്പോഴും നമ്മളറിയാതെ മൃഗങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നത്. കാരണം, മൃഗങ്ങള്‍ ഒരിക്കലും പ്രതികാരബുദ്ധിയോടെയോ, വെറുപ്പോടെയോ ആരെയും ഉപദ്രവിക്കാറില്ല. അഹങ്കാരം വര്‍ദ്ധിക്കുന്തോറും ബോധം കുറയും, അല്പത്തരവും ദുരഭിമാനവും കൂടും. അതുകൊണ്ടായിരിക്കാം ഈ അപകടങ്ങളൊന്നും നമ്മള്‍ തിരിച്ചറിയാത്തതും അഹംഭാവത്തെ ഒരു ഭൂഷണമാക്കി കൊണ്ടുനടക്കുന്നതും.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ചോദ്യം : ഇക്കാലത്തു് അച്ഛനും അമ്മയും ജോലിക്കു പോകുമ്പോള്‍, എങ്ങനെ അവര്‍ക്കു കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും?

അമ്മ: അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാല്‍ തീര്‍ത്തും സമയം ഉണ്ടാകും. എത്ര ജോലിക്കൂടുതല്‍ ഉണ്ടായാലും രോഗം വന്നാല്‍ അവധി എടുക്കാറില്ലേ? കുട്ടിയെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍, അമ്മമാര്‍ ശ്രദ്ധിക്കേണ്ടതുണ്ടു്. അവര്‍, ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാരണം അമ്മയുടെ ടെന്‍ഷന്‍, വയറ്റില്‍ കിടക്കുന്ന കുട്ടിക്കു രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്‌ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, ആശ്രമങ്ങള്‍ സന്ദര്‍ശിക്കണം, ഗുരുക്കന്മാരില്‍നിന്നു് ഉപദേശങ്ങള്‍ സ്വീകരിക്കണം എന്നും മറ്റും പറയുന്നതു്. എന്നാല്‍ ഇന്നു ലഭിക്കുന്ന ഭൗതികസുഖഭോഗങ്ങള്‍ എപ്പോഴും മനസ്സിന്റെ ചലനം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.

അതുപോലെ കുഞ്ഞിനു മുലപ്പാല്‍ നല്കുന്ന കാര്യത്തിലും അമ്മമാര്‍ ശ്രദ്ധിക്കണം. അതു പ്രേമത്തിന്റെ പാലാണു്; കുഞ്ഞിനോടുള്ള പ്രേമംകൊണ്ടു് ഊറുന്നതാണതു്. കൂടാതെ എളുപ്പം ദഹിക്കുന്ന വളരെയധികം പോഷകാംശങ്ങളും അതിലുണ്ടു്. കുഞ്ഞിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും എല്ലാം അതുത്തമമാണു്. മുലപ്പാലിനു തുല്ല്യം മുലപ്പാല്‍ മാത്രമേയുള്ളൂ.

കുഞ്ഞുങ്ങള്‍ക്കു് ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ ചെറുകഥകളിലൂടെയും താരാട്ടുപാട്ടുകളിലൂടെയും അവര്‍ക്കു ധാര്‍മ്മികകാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇന്നു പ്രായമെത്തിയ അച്ഛനും അമ്മയും മക്കള്‍ക്കു് ഒരു ഭാരമായി തോന്നുന്നു. ഓരോരുത്തരും കഴിവതും നേരത്തെ സ്വന്തം വീടുവച്ചു മാറി താമസം തുടങ്ങുന്നു. ഇതിലൂടെ കുട്ടികള്‍ക്കു നഷ്ടമാകുന്നതു കുടുബബന്ധങ്ങളുടെ വളക്കൂറുള്ള മണ്ണാണു്. മുത്തച്ഛനില്‍നിന്നും മുത്തശ്ശിയില്‍നിന്നുമൊക്കെ കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്ന ധാരാളം കുഞ്ഞുകഥകളും അവര്‍ക്കു നഷ്ടമാകുന്നു. ആഴത്തില്‍ വേരോടാനോ, ഉയരത്തില്‍ തലയെടുക്കാനോ കഴിയാതെ ചെടിച്ചട്ടിയിലെ വൃക്ഷത്തൈപോലെ കുഞ്ഞുങ്ങള്‍ മുരടിച്ചു പോകുന്നു. അച്ഛനും അമ്മയും ജോലിക്കു പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്വം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണു് എന്തുകൊണ്ടും ഉത്തമം. ആയമാര്‍ കുട്ടികളെ നോക്കുന്നതിനെക്കാള്‍, സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അവര്‍ തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ളാദം പകരുകയും ചെയ്യും.

ശരിയും തെറ്റും ഏതെന്നു് അറിയുന്നതിനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍ നിന്നുമാണു്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചു വയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണു്. ഈ കാലയളവില്‍ ഒരു കുട്ടി മിക്ക സമയവും അവന്റെ മാതാവിനോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്കസ്‌നേഹവും നിസ്സ്വാര്‍ത്ഥവാത്സല്യവും കുട്ടിക്കു കുറെയേറെ നഷ്ടമാകുന്നുണ്ടു്. അവിടെ കുഞ്ഞുങ്ങളെ നോക്കുന്നതു് ആയമാരാണു്. അവര്‍ ശമ്പളം പറ്റുന്ന ജോലിക്കാരാണു്. അവര്‍ക്കു ലാളിക്കുവാനും ഓമനിക്കുവാനും സ്വന്തം കുട്ടികള്‍ വീട്ടിലുണ്ടു്. ഒരമ്മയ്ക്കു സ്വന്തം കുഞ്ഞിനോടുണ്ടാകുന്ന ഹൃദയവികാരം മറ്റൊരാളുടെ കുഞ്ഞിനോടുണ്ടാവുകയില്ല. അതു കാരണം സംസ്‌കാരം കരുപ്പിടിപ്പിക്കേണ്ട നാളില്‍ത്തന്നെ കുഞ്ഞുങ്ങളുടെ മനസ്സു കൂമ്പടയുന്നു. അമ്മയുടെ ചൂടേറ്റു വളരേണ്ട ചെറുപ്രായത്തില്‍തന്നെ ആയമാരുടെ കൈയിലേല്പിച്ച മാതാപിതാക്കളെ, അവരുടെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കണം എന്ന ഉത്തരവാദിത്വബോധം എങ്ങനെ ആ കുട്ടികള്‍ക്കു് ഉണ്ടാകും? അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു പ്രായമാകുമ്പോള്‍ അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കുവാന്‍ തയ്യാറായില്ലെങ്കിലല്ലേ അദ്ഭുതമുള്ളു.

കുട്ടികളുടെ മാര്‍ഗ്ഗദര്‍ശിയാണു് അമ്മ. പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്ന കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരംകൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത മാതാവിനുണ്ടു്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങു് ഇതിനു സാധിക്കുന്നതു മാതാവിനാണു്. അതാണു പറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തി നന്നായി, എന്നാല്‍ ഒരു സ്‌ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്നു്.

വേണ്ടത്ര മാതൃലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാലഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നതു്. ഇതൊഴിവാക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്ധ്യാത്മികസംസ്‌കാരം നേടാതെ പറ്റില്ല. ജീവിതത്തില്‍ ആവശ്യവും അത്യാവശ്യവും തിരിച്ചറിയുവാന്‍ അവര്‍ക്കു കഴിയണം. ലളിതജീവിതത്തില്‍ സംതൃപ്തി കണ്ടെത്തണം. ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയം കാണണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടു പോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു ശരിയായ സംസ്‌കാരം പകര്‍ന്നു കൊടുക്കുന്നതാണു്. കാരണം പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റു വളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചു വയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുവാന്‍ ശ്രമിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ കഴിയൂ.

വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രസംസ്‌കാരത്തിനാധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടതു് ഇന്നത്തെ ശിശുവാണു്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.

ഇന്നത്തെ സമൂഹം നേരിടുന്ന ഒരു ശാപം മൂല്യങ്ങളില്‍നിന്ന് അകന്നു പോയ വിദ്യാഭ്യാസമാണ്. വിനയത്തെ വളര്‍ത്തുന്നത് എന്തോ അതാണ് വിദ്യ, എന്നായിരുന്നു പഴയ സങ്കല്പം.

ഇന്നത് എവിടെ എത്തി നില്ക്കുന്നു. അദ്ധ്യാപകരോടുള്ള അനാദരവും പഠിപ്പ് മുടക്കും കടന്ന് അത് മയക്ക് മരുന്നിലേക്കും കുറ്റകൃത്യങ്ങളിലേക്കും വളരുകയാണ്. വിത്ത് മണ്ണിന് അടിയില്‍ പോയാല്‍ മാത്രമേ അതില്‍നിന്ന് മുള കിളിര്‍ത്ത് വരുകയുള്ളൂ. അതുപോലെ നമ്മുടെ തല കുനിയണം. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ വളര്‍ച്ചയുണ്ടാവുകയുള്ളൂ. അതിന് മൂല്യങ്ങളും സമൂഹത്തോടുള്ള സ്നേഹവും അറിവിനോടുള്ള ആദരവും പകര്‍ന്ന് തരുന്ന വിദ്യാഭ്യാസം നമുക്ക് വേണം. അദ്ധ്യാപകന്റെ ബുദ്ധിയില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ ബുദ്ധിയിലേക്ക് പകരുന്ന കുറച്ച് വിവരങ്ങള്‍ മാത്രമാകരുത് വിദ്യാഭ്യാസം. മറിച്ച് യഥാര്‍ത്ഥ മനുഷ്യ സൃഷ്ടിയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. സ്വഭാവശുദ്ധീകരണം, കഴിവുകളുടെ പോഷണം, സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കൂറ്, യഥാര്‍ത്ഥമായ ജ്ഞാനദാഹം എല്ലാം പകര്‍ന്ന് നല്കുന്നതായിരിക്കണം വിദ്യാഭ്യാസം. വിവരം വിജ്ഞാനമായി, വിജ്ഞാനം വിവേകമായി വളരണം.

നമ്മുടെ ഇളംതലമുറ നേരിടുന്ന ഗുരുതരമായ മറ്റൊരു സ്ഥിതിവിശേഷമാണ് സംസ്‌ക്കാരത്തെ മറന്ന്‌ കൊണ്ടുള്ള പരിഷ്‌ക്കാരം. കുട്ടികള്‍ പുത്തന്‍ പരിഷ്‌ക്കാരങ്ങളുടേയും സാങ്കേതിക ഉപകരണങ്ങളുടേയും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ ശല്യമൊഴിവാക്കുവാന്‍ മുതിര്‍ന്നവര്‍ അവര്‍ക്ക് ഐപ്പാഡും സ്മാര്‍ട്ട്‌ഫോണുകളുമൊക്കെ നല്കും. ഫലമോ അതിവേഗം അവര്‍ അതിന്റെ അടിമകളായി മാറുന്നു. പിന്നെ അവര്‍ക്ക് മറ്റാരും വേണ്ട. അവരും ആ ഉപകരണങ്ങളും മാത്രമായുള്ള ലോകത്തിലേക്ക് ചുരുങ്ങിപ്പോവുകയാണ്. മാനസിക വൈകല്യങ്ങള്‍, അനാരോഗ്യം മുതലായവയൊക്കെയാണ് അതിന്റെ ഫലം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഐപ്പാഡുപോലെയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ അതിന്റെ ഉപയോഗം കുട്ടികള്‍ക്ക് ദോഷം ചെയ്യാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ രക്ഷിതാക്കളും അദ്ധ്യാപകരും എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പരിഷ്‌ക്കാര ഭ്രമത്തിന്റെ മറ്റൊരുമുഖം അന്ധമായ അനുകരണമാണ്. നമ്മുടെ സംസ്‌ക്കാരം പാടെ മറന്ന് വിദേശ സംസ്‌ക്കാരത്തെ യുവതലമുറ അന്ധമായി അനുകരിക്കുന്നു. ഈ അന്ധമായ അനുകരണത്തിന് ഒരു മാറ്റമുണ്ടാകണമെങ്കില്‍ ജീവിതത്തില്‍ വിലപ്പെട്ടതും പ്രധാനപ്പെട്ടതും എന്താണ് എന്ന ഒരു തിരിച്ചറിവ് ഇളം പ്രായത്തില്‍ത്തന്നെ മുതിര്‍ന്നവര്‍ കുട്ടികളില്‍ വളര്‍ത്തണം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)

ഈശ്വരന്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ലോകം. സകല ജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള സകല വിഭവങ്ങളും സമ്പത്തുക്കളും ഈശ്വരന്‍ ഇതിലൊരുക്കി. എടുക്കുന്നതനുസരിച്ച് കൊടുക്കണം എന്ന് മാത്രം കല്പിച്ചു. ബാക്കി ആവോളം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അനുവാദവും അനുഗ്രഹവും നമുക്കു നല്‍കി. ഈ പൂങ്കാവനവും ഇതിലെ വിഭവങ്ങളും കോട്ടം വരാതെ ഭംഗിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈശ്വരന്‍ നമ്മെ വിശ്വസിച്ചേല്പിച്ചു. പക്ഷെ, ബുദ്ധിയും തിരിച്ചറിവുമുള്ള മനുഷ്യന്‍ ഈശ്വരനോട് കൂറുകാട്ടിയില്ലെന്നു പറയേണ്ടിവരുന്ന ഒരവസ്ഥ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. തിരിച്ചറിവില്ലാത്ത മറ്റ് ജീവജാലങ്ങള്‍ ഈശ്വരന്റെ കല്പന വരവണ്ണം തെറ്റിക്കാതെ അനുസരിക്കുന്നു. എന്നാല്‍ മനുഷ്യന്റെ ക്രൂരത എല്ലാറ്റിനെയും കടന്നാക്രമിക്കുന്നു.


ഇന്നു ലോകത്തേയ്ക്കു നോക്കുമ്പോള്‍ കലാപങ്ങളും ഭീകരവാദവും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം ഭയാനകമായി കൂടിക്കൊണ്ടിരിക്കൂന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകര്‍ന്നു വീഴുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകം ഒന്നാകെ അനുഭവപ്പെടുന്നു. ഇത്തരം ധാരാളം വാര്‍ത്തകള്‍ ദിവസവും കേട്ടു കേട്ട് ചെവി തഴമ്പിച്ചതു കൊണ്ട് ‘അയ്യോ കഷ്ടം!’ എന്നു പറഞ്ഞ് അപ്പോള്‍ തന്നെ അതൊക്കെ മറന്നു കളയുകയാണ് പലരും ചെയ്യുന്നത്. കേവലം നാവിന്‍ തുമ്പില്‍ ഒതുങ്ങുന്ന അനുകമ്പ കൊണ്ടു മാത്രമായില്ല. നിഷ്‌ക്കാമമായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമുള്ള കൈകളാണ് ഇന്നു ലോകത്തിനു വേണ്ടത്. ഇരുട്ടിന്റെ തീവ്രത കണ്ട് പേടിച്ച്, ‘നമുക്കെന്തു മാറ്റം വരുത്താന്‍ കഴിയും’ എന്ന് സംശയിച്ച് മാറി നില്‍ക്കുകയല്ല ഇപ്പോഴാവശ്യം. നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും ദീപങ്ങള്‍ തെളിച്ച് ഒന്നിച്ചൊറ്റക്കെട്ടായി മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് മാറ്റങ്ങള്‍ കൊടുവരാന്‍ തീര്‍ച്ചയായും സാധിക്കും.

നമ്മുടെ മുന്നില്‍ ഇന്ന് ഭാരതത്തിന്റെ രണ്ട് മുഖങ്ങള്‍ ഉണ്ട്. അതിലൊന്ന് വിവരശാസ്ത്രസാങ്കേതിക പുരോഗതി കൊണ്ട് പ്രസന്നമായിരിക്കുന്ന മുഖമാണ്. എന്നാല്‍ അതിന്റെ നിഴലില്‍ മറഞ്ഞിരിക്കുന്ന മറ്റേ മുഖം നമുക്കു ചുറ്റും നടമാടുന്ന ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും ശുചിത്വമില്ലായ്മയും സ്ത്രീപീഡനവും ഒക്കെക്കൊണ്ട് വികൃതമായതാണ്. ഒരു വ്യക്തിയിലാണ് ഇപ്രകാരം രണ്ട് ഭിന്നവ്യക്തിത്വങ്ങള്‍ ഒന്നിച്ച് കാണപ്പെടുന്നതെങ്കില്‍ അതൊരു രോഗലക്ഷണമായി നാം കണക്കാക്കും. അതുകൊണ്ടു തന്നെ സുശക്തവും സ്വസ്ഥവുമായ ഒരു ഭാരതം രൂപപ്പെടണമെങ്കില്‍ ഈ രണ്ടു മുഖങ്ങള്‍ മാറി സുന്ദരമായ ഒരൊറ്റ മുഖം മാത്രമാകണം. അങ്ങനെയായാല്‍ ഇവിടെ ആരും പട്ടിണി കിടക്കില്ല. ആര്‍ക്കും കേറിക്കിടക്കാനൊരു കൂരയില്ലാതെ വരില്ല, ആരും ശരിയായ ചികിത്സ കിട്ടാതെ മരിക്കേണ്ടി വരില്ല. നമ്മുടെയെല്ലാം അറിവും കഴിവും കാരുണ്യവും കൈകോര്‍ത്താല്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ഭാരതം ഉയര്‍ന്നുവരാന്‍ കാലതാമസമില്ല. എന്നാണോ ഈ ഒരു സ്വപ്നം ഓരോ ഭാരതീയന്റേയും ഉറക്കം കെടുത്തുന്നത് അന്നത് ഒരു യാദാര്‍ത്ഥ്യമായിത്തീരുക തന്നെ ചെയ്യും.

ഭൗതിക സുഖസൗകര്യങ്ങള്‍ക്കായുള്ള പരക്കം പാച്ചിലിനിടയില്‍ നാം കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ നാലെണ്ണത്തിന്റെ കാര്യത്തിലെങ്കിലും നാം അടിയന്തിരമായി ശ്രദ്ധിയ്ക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണം. അല്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു പോയെന്നു വരാം.
1. മൂല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം
2. സംസ്‌കാരത്തെ അവഗണിച്ചുകൊണ്ടുള്ള പരിഷ്‌ക്കാരം
3. പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം
4. ആരോഗ്യത്തെ അവഗണിച്ചുകൊണ്ടുള്ള ജീവിതശൈലി

ഈ നാലു മേഖലകളില്‍ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ പുരോഗതി സുസ്ഥിരമാകും. അത് മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയും ചെയ്യും.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)