അമ്മേ, മായ എന്നാല്‍ എന്താണു്?

അമ്മ: ശാശ്വതമായ ശാന്തി തരാന്‍ കഴിവില്ലാത്തതെന്തോ അതാണു മായ. ഇന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്കു ശാന്തി തരാന്‍ കഴിയില്ല. അതില്‍നിന്നും ദുഃഖം മാത്രമേ കിട്ടൂ. സത്യത്തില്‍ അവയെല്ലാം സ്വപ്നംപോലെ ഇല്ലാത്തതുമാണു്.

ഒരാളിനു പ്രതീക്ഷിക്കാതെ പെട്ടെന്നു ലോട്ടറി അടിച്ചു. ധാരാളം പണം കിട്ടി. അതുപയോഗിച്ചു് അയാള്‍ ആ രാജ്യത്തിലെ സുന്ദരിയായ രാജകുമാരിയെ വിവാഹം കഴിച്ചു. പകുതി രാജ്യം സ്വന്തമാക്കി. ഒരു ദിവസം രാജകുമാരിയും അയാളും കൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നു് ഒരു കാറ്റില്‍പ്പെട്ടു കുതിരയും യാത്രക്കാരും താഴെ വീണു. ആ വീഴ്ചയില്‍ രാജകുമാരിയും കുതിരയും മരിച്ചു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ടു് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍നിന്നു ശ്രദ്ധിച്ചു താഴേക്കു ചാടി. താഴെയെത്തി വേഗം കണ്ണു തുറന്നു. അവിടെ വനമോ രാജകുമാരിയോ കുതിരയോ കൊട്ടാരമോ യാതൊന്നുമില്ല. സ്വന്തം കുടിലിന്‍റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ടു്. രണ്ടു ദിവസത്തെ പട്ടിണി മൂലം അയാള്‍ ക്ഷീണിച്ചു കുടിലില്‍ വന്നു കിടന്നതാണു്. തളര്‍ച്ച മൂലം പെട്ടെന്നു മയങ്ങി. ആ പകലുറക്കത്തില്‍ക്കണ്ട വെറും സ്വപ്നം മാത്രമായിരുന്നു താന്‍ കണ്ടതെല്ലാം എന്നു് ഉണര്‍ന്നപ്പോള്‍ അയാള്‍ക്കു ബോദ്ധ്യമായി. രാജ്യവും രാജകുമാരിയും നഷ്ടമായതില്‍ യാതൊരു ദുഃഖവും തോന്നിയില്ല. കാരണം അതു വെറും സ്വപ്നം മാത്രമാണെന്നു് അയാള്‍ക്കറിയാം. പക്ഷേ, സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോള്‍ തികച്ചും യാഥാര്‍ത്ഥ്യമായിരുന്നു. അതുപോലെ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍നിന്നും ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയാന്‍ കഴിയൂ.

ശ്മശാനത്തിനടുത്തു താമസിക്കുന്നവര്‍ക്കു് അവിടെ താമസിക്കാനോ അതുവഴി നടക്കാനോ യാതൊരു ഭയവുമില്ല. ശവം ദഹിപ്പിക്കുന്ന സ്ഥലം എന്നതില്‍ക്കവിഞ്ഞു് അവര്‍ യാതൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ദൂരെനിന്നും വരുന്നവര്‍ക്കു് ആ വഴിയെ നടക്കാന്‍തന്നെ പേടിയാണു്. അവര്‍ക്കതു പിശാചിന്‍റെ വാസസ്ഥാനമാണു്. അതിലെ, രാത്രി ഒറ്റയ്ക്കു നടന്നു വരുമ്പോള്‍ കാലൊന്നു തട്ടിയാല്‍ മതി, എന്തിനു് ഒരു ഓല അനങ്ങുന്നതു കണ്ടാല്‍ മതി ഭയന്നു വിറയ്ക്കും. എന്തുകണ്ടാലും അവര്‍ക്കതു പിശാചായിട്ടാണു കാണുന്നതു്. ഒരു തൂണു കണ്ടാല്‍ മറുതയാണെന്നു തെറ്റിദ്ധരിച്ചു ഭ്രമിച്ചു ബോധംകെട്ടു വീഴും. ഇതുപോലെ ഇന്നു് ഓരോ വസ്തുവിലുമുള്ള തെറ്റായ ആരോപം മൂലം നാം നശിച്ചുകൊണ്ടിരിക്കുകയാണു്. പാമ്പുള്ള കാട്ടില്‍ക്കൂടി ഇരുട്ടത്തു നടന്നുപോകുമ്പോള്‍ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പാമ്പു കടിച്ചതാണെന്നു കരുതി ചിലര്‍ വീണലറാറുണ്ടു്. പാമ്പു കടിച്ചാലുണ്ടാകുന്ന ലക്ഷണങ്ങളെല്ലാം നമുക്കവരില്‍ കാണാനും സാധിക്കും. വിഷവൈദ്യന്‍ വന്നു പാമ്പു കടിച്ചിട്ടില്ല എന്നു പറയുന്നതുവരെ അവര്‍ വിഷബാധയേറ്റതുപോലെയാണു്. ഇങ്ങനെയുള്ള അനേകം പേരുടെ അനുഭവം അമ്മയ്ക്കറിയാം. ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു. ശരി കാണാനുള്ള കഴിവില്ലാത്തതുകൊണ്ടു നമ്മുടെ ഇന്നത്തെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു. അതുകൊണ്ടാണു ഭൗതികവസ്തുക്കളുമായി ബന്ധിക്കരുതെന്നു പറയുന്നതു്. അവയോടുള്ള ബന്ധം വന്നവര്‍ക്കെല്ലാം ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ. അക്കാരണത്താലാണു് ഇതു മായയാണെന്നു പറയുന്നതു്. എന്നാല്‍ എല്ലാറ്റിനെയും ചൈതന്യമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല. സുഖം മാത്രമേ ഉണ്ടാവുകയുള്ളൂ.

ചോദ്യം : അമ്മേ, മോക്ഷം എന്നാലെന്താണു്? (…..തുടർച്ച)

മനസ്സിലെ സംഘര്‍ഷംമൂലം ഇന്നു നമുക്കു ശാന്തി അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ സംഘര്‍ഷം ഒഴിവാക്കണമെങ്കില്‍ മനസ്സിന്‍റെ വിദ്യകൂടി മനസ്സിലാക്കിയിരിക്കണം.

അതാണു് ആദ്ധ്യാത്മികവിദ്യ, അഗ്രിക്കള്‍ച്ചര്‍ പഠിച്ചവനു വൃക്ഷം നട്ടു വളര്‍ത്തുവാന്‍ പ്രയാസമില്ല. ശരിക്കു വളര്‍ത്തുവാനും അതിനെന്തു കേടുവന്നാലും ശുശ്രൂഷിച്ചു മാറ്റുവാനും കഴിയും. എന്നാല്‍ ഇതൊന്നുമറിയാതെ കൃഷി ചെയ്താല്‍ പത്തു തൈകള്‍ നടുമ്പോള്‍ ഒന്‍പതും നഷ്ടമായെന്നിരിക്കും. ഒരു മെഷീന്‍ വാങ്ങി അതു പ്രയോഗിക്കേണ്ട രീതി മനസ്സിലാക്കാതെ ഉപയോഗിച്ചാല്‍ ചീത്തയാകും. അതുപോലെ ജീവിതം എന്തെന്നു മനസ്സിലാക്കി ജീവിച്ചാല്‍ നമ്മുടെ ജന്മം നഷ്ട മാകുകയില്ല. അതിനാല്‍ ആദ്ധ്യാത്മികവിദ്യ അഭ്യസിക്കുക, അങ്ങനെ ജീവിച്ചാല്‍ ഭൂമിയിലും മോക്ഷം, മരിച്ചുകഴിഞ്ഞാലും മോക്ഷം. വഴിയറിഞ്ഞു യാത്ര ചെയ്താല്‍ സമയം നഷ്ടമാകില്ല. ജന്മം പാഴായിപ്പോകില്ല. വഴിയറിയാതെ യാത്ര ചെയ്താല്‍ ഒരു മണിക്കൂറുകൊണ്ടു് എത്തേണ്ട സ്ഥലത്തെത്തിച്ചേരാന്‍ പത്തു മണിക്കൂറെടുത്തെന്നിരിക്കും. അതുമാത്രമല്ല, ലക്ഷ്യമറിയാതെ കറങ്ങി നടക്കുന്ന ആ സമയത്തു് ഒരു നിമിഷംപോലും സ്വസ്ഥതയുണ്ടാവുകയുമില്ല. ഉദ്ദേശിച്ച സ്ഥാനത്തു് എത്തിപ്പെടാന്‍ കഴിയുമോ എന്ന ഉത്കണ്ഠമൂലം എപ്പോഴും ആധിയായിരിക്കും. എന്നാല്‍ വഴിയറിഞ്ഞു യാത്ര ചെയ്താല്‍ മനസ്സിനു യാതൊരു പിരിമുറുക്കവും ഉണ്ടാവുകയില്ല. ലക്ഷ്യത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. യാത്ര മുഴുവന്‍ സന്തോഷപ്രദമായിരിക്കും. അതിനാല്‍ ശരിയായ പാതയറിഞ്ഞു മുന്നോട്ടു നീങ്ങുന്നതാണുത്തമം.

പണ്ടു്, ഭൗതികവിദ്യയോടൊപ്പം ആദ്ധ്യാത്മികവിദ്യയും ഗുരുകുലങ്ങളില്‍ പഠിപ്പിച്ചിരുന്നു. ഇന്നു് അതില്ല. ഈ വിദ്യ അഭ്യസിച്ചിരുന്നവരുടെ ജീവിതത്തില്‍ മാനസികമായ സംഘര്‍ഷമോ അശാന്തിയോ ഉണ്ടായിരുന്നില്ല. അവരുടെ സമീപത്തെത്തുന്നവര്‍ക്കു കൂടി ശാന്തി അനുഭവപ്പെട്ടിരുന്നു. അവരില്‍ ദുരാഗ്രഹം കാണാനില്ലായിരുന്നു. അവര്‍ മോഹങ്ങളില്‍ നിന്നു വിമുക്തരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്നു വെളിയില്‍ എയര്‍ക്കണ്ടീഷന്‍ ചെയ്യാനാണു പഠിച്ചിരിക്കുന്നതു്. അതില്‍ കിടന്നിട്ടും ശാന്തിയില്ല. പ്രയാസങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും മറന്നു കിട്ടാന്‍ ഗുളികകളും ലഹരിവസ്തുക്കളും ഇല്ലാതെ പറ്റില്ല. എന്നാല്‍ ആദ്ധ്യാത്മികവിദ്യ പഠിച്ചിരുന്നാല്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല. കുടിലില്‍ കഴിഞ്ഞാലും കൊട്ടാരത്തില്‍ക്കഴിഞ്ഞാലും എപ്പോഴും ശാന്തിയായിരിക്കും കാരണം അതു മനസ്സിന്‍റെ വിദ്യയാണു്.
നിത്യാനിത്യം മനസ്സിലാക്കി ജീവിച്ചാലേ സദാ ശാന്തി അനുഭവിക്കുവാന്‍ കഴിയൂ. പാമ്പു കൊത്തുന്നതാണെങ്കില്‍ക്കൂടി അതിനെ പാലൂട്ടിയാണു വളര്‍ത്തുന്നതു്. പക്ഷേ, പാമ്പിനാണു പാലൂട്ടുന്നതെന്നു നമ്മളറിയണം. പാമ്പെപ്പോഴും അതിന്‍റെ സ്വഭാവം കാണിക്കും. നമ്മള്‍ ആരോടു സഹകരിക്കുമ്പോഴും അവരുടെ സ്വഭാവം ഇന്നതാണെന്നു മനസ്സിലാക്കിയിരുന്നാല്‍പ്പിന്നെ ദുഃഖിക്കേണ്ടി വരില്ല.

പ്രപഞ്ചത്തോടു ബന്ധിക്കുന്നെങ്കില്‍ ആ തത്ത്വം മനസ്സിലാക്കി വേണം ബന്ധിക്കുവാന്‍. താന്‍ സൂക്ഷിക്കുന്നതു തന്‍റെ സ്വന്തം പണമല്ലെന്നു ബാങ്കു മാനേജര്‍ക്കു നന്നായി അറിയാം. അതിനാല്‍ ലക്ഷക്കണക്കിനു രൂപ മറ്റുള്ളവര്‍ക്കു നല്കുമ്പോള്‍ അദ്ദേഹത്തിനു തെല്ലും വിഷമമില്ല. പണം സൂക്ഷിക്കുക എന്നതു തന്‍റെ കര്‍ത്തവ്യമാണെന്നുള്ള ബോധം അദ്ദേഹത്തിനുണ്ടു്. ലോണിനുവേണ്ടി അദ്ദേഹത്തെ പലരും സമീപിക്കുന്നു. മാനേജര്‍ക്കു് എന്തു നല്കുവാനും അവര്‍ക്കു മടിയില്ല. പക്ഷേ, അവരുടെയൊന്നും ശരിയായ സ്നേഹമല്ല. അവരൊന്നും ശരിയായ ബന്ധുക്കളല്ല, തന്‍റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടു് ഇതു് അദ്ദേഹത്തിനു നന്നായി അറിയാം. ഈ വരുന്നവരുടെയൊക്കെ സ്നേഹം കാര്യസാധ്യത്തിനുവേണ്ടി മാത്രമുള്ളതാണു്. കാര്യം സാധിച്ചു കഴിഞ്ഞാല്‍ കൃത്രിമമാര്‍ഗ്ഗത്തിലൂടെ തന്നെ ജയിലടയ്ക്കാന്‍പോലും അവര്‍ മടിക്കില്ല എന്നും അദ്ദേഹത്തിനറിയാം. ഇതുപോലെയാണു മറ്റുള്ളവരുടെ സ്നേഹം. അവര്‍ സ്നേഹിക്കുന്നതു്, അവരുടെ സന്തോഷത്തിനും നമ്മളെ നശിപ്പിക്കുന്നതിനുംവേണ്ടി മാത്രമാണു്. ഈശ്വരനാണു നമ്മുടെ യഥാര്‍ത്ഥ ബന്ധു. ആത്മാവു മാത്രമേയുള്ളൂ നമുക്കു ബന്ധുവായിട്ടു്. ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചാല്‍ നമുക്കു് അപകടത്തില്‍ പോകേണ്ട കാര്യമുണ്ടാകില്ല. മോക്ഷത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ കഴിയും. ഇങ്ങനെ ബന്ധനങ്ങളില്‍നിന്നുള്ള മോചനമാണു മോക്ഷം. അതിനാല്‍ എല്ലാം ഒരു ഡ്യൂട്ടിയായി കണ്ടുകൊണ്ടു്, മനസ്സിനെ പരമാത്മാവില്‍ നിര്‍ത്തി, പ്രതീക്ഷകള്‍ ഒന്നും വയ്ക്കാതെ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക.

ചോദ്യം : അമ്മേ, മോക്ഷം എന്നാലെന്താണു്?

അമ്മ: മോനേ, ശാശ്വതമായ ആനന്ദത്തെയാണു മോക്ഷമെന്നു പറയുന്നതു്. അതു ഭൂമിയില്‍ത്തന്നെയാകാം. സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ത്തന്നെ. സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്താല്‍ മരണാനന്തരവും സുഖം അനുഭവിക്കാം. ആത്മബോധത്തോടെ ജീവിക്കുന്നവര്‍ എപ്പോഴും ആനന്ദിക്കുന്നു.

അവര്‍ അവരില്‍ത്തന്നെ ആനന്ദിക്കുന്നു. ഏതു പ്രവൃത്തിയിലും അവര്‍ ആനന്ദം കണ്ടെത്തുന്നു. അവര്‍ ധീരന്മാരാണു്. നല്ലതുമാത്രം പ്രവര്‍ത്തിക്കുന്ന അവര്‍ ജനനമരണങ്ങളെക്കുറിച്ചോര്‍ത്തു ഭയക്കുന്നില്ല. ശിക്ഷകളെപ്പറ്റി ചിന്തിച്ചു വ്യാകുലപ്പെടുന്നില്ല. എവിടെയും അവര്‍ ആ സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുന്നു. ഒരു ത്യാഗിയെ ജയിലിലടച്ചാല്‍ അവിടെയും അദ്ദേഹം ഈശ്വരകീര്‍ത്തനങ്ങള്‍ പാടി ആനന്ദിക്കും. ധ്യാനത്തില്‍ മുഴുകും. അവര്‍ എല്ലാവരുടെയും പ്രവൃത്തികളെ ഈശ്വരമയമായി കാണുന്നു. അപ്പോള്‍ ജയില്‍ അവരെ ബന്ധിക്കുന്നില്ല. അവര്‍ ആരോടും പരിഭവം പറയാറില്ല. എപ്പോഴും ആ തത്ത്വത്തില്‍ത്തന്നെ ജീവിക്കുന്നു. തവളയ്ക്കു വാലുള്ള കാലത്തോളം വെള്ളത്തിലേ ജീവിക്കുവാന്‍ പറ്റൂ. വാലുപോയാല്‍ അതിനു കരയിലും വെള്ളത്തിലും ജീവിക്കാം. അഹങ്കാരമാകുന്ന വാലുപോകാതെ നമുക്കു സംസാരത്തില്‍നിന്നു മുക്തരാകാന്‍ പറ്റില്ല. ആ വാലു നഷ്ടമായാല്‍ ശരീരത്തിലിരുന്നാലും ശരീരം വിട്ടാലും ആനന്ദംതന്നെ.

റബ്ബര്‍പന്തു വെള്ളത്തില്‍ വീണാല്‍ പൊങ്ങിക്കിടക്കും. കരയില്‍ വീണാലും അതിനു കുഴപ്പമില്ല. ഒന്നിനും ബന്ധിക്കുവാന്‍ കഴിയുന്നില്ല. ഇതുപോലെ ഒരു പ്രത്യേക സ്വഭാവമാണു് അവരുടെതു്. രാവും പകലും അവര്‍ക്കൊരുപോലെയാണു്. അവരുടെ ആനന്ദം അവരില്‍ത്തന്നെ. പുറംവസ്തുവിലല്ല. ഈ മാനസികാവസ്ഥതന്നെ മോക്ഷം. ശരീരം എടുത്താല്‍ സുഖവും ദുഃഖവും കൂടെയുണ്ടാകും. അതു ജീവിതത്തിന്‍റെ സ്വഭാവമാണു്. കര്‍മ്മങ്ങള്‍ക്കനുസരിച്ചു് അതു മാറിയും മറിഞ്ഞുമിരിക്കും. വെള്ളത്തിന്‍റെ സ്വഭാവമാണു തണുപ്പു്. തീയുടെ സ്വഭാവമാണു ചൂടു്. നദിയുടെ സ്വഭാവമാണു് ഒഴുക്കു്. അതു് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഒരിടത്തും സ്ഥിരമായി നില്ക്കുന്നില്ല. അതുപോലെ ജീവിതത്തിന്‍റെ സ്വഭാവമാണു സുഖവും ദുഃഖവും എന്നു മനസ്സിലാക്കിയാല്‍ അവ അനുഭവിക്കേണ്ടി വരുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ക്കു് ഈ ലോകത്തില്‍നിന്നുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ ഒന്നും ബാധകമല്ല. എപ്പോഴും അവര്‍ക്കാനന്ദമാണു്. ഇതുതന്നെ മോക്ഷം.

ഒരു കുളത്തിന്‍റെ സമീപത്തുള്ള സത്രത്തില്‍ രണ്ടു യാത്രക്കാര്‍ രാത്രി കഴിച്ചു കൂട്ടാനെത്തി. മാക്രിയുടെയും ചീവീടിന്‍റെയും ശബ്ദം മൂലം ഒരു യാത്രക്കാരനു് അവിടുത്തെ താമസം അസഹനീയമായി തോന്നി. ഇവയുടെ ശബ്ദം അയാള്‍ക്കൊട്ടും സഹിക്കാന്‍ കഴിഞ്ഞില്ല. ഇതു കണ്ട കൂടെയുള്ള ആള്‍ പറഞ്ഞു, ”രാത്രിയായാല്‍ ചീവീടും മാക്രിയും മറ്റും കരഞ്ഞു തുടങ്ങും. അതവയുടെ സ്വഭാവമാണു്. ആ സംസ്‌കാരത്തെ മാറ്റാന്‍ നമ്മളെക്കൊണ്ടു സാധിക്കില്ല. പിന്നെ എന്തിനതു ശ്രദ്ധിക്കണം? നമുക്കു കിടക്കാം”. ഇതു പറഞ്ഞു് അയാള്‍ കിടന്നു. പക്ഷേ, മറ്റെയാള്‍ക്കു് ഉറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കു ശബ്ദം കേട്ടാല്‍ ഉറക്കം വരില്ല എന്നു പറഞ്ഞു് അയാള്‍ വേറെ സ്ഥലമന്വേഷിച്ചു യാത്രയായി. അയാള്‍ക്കു് ഒരിടത്തും ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ല എന്തെങ്കിലും ശബ്ദം ശല്യം ചെയ്യാനുണ്ടാകും. എന്നാല്‍ ചീവീടിന്‍റെയും മാക്രിയുടെയും സ്വഭാവമാണു ശബ്ദമുണ്ടാക്കുന്നതെന്നു മനസ്സിലാക്കി അതവഗണിക്കാന്‍ തയ്യാറായ ആളിനു് ഉറക്കത്തിനൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ഇതുപോലെ മറ്റുള്ളവരെന്തു പറയുമ്പോഴും അതവരുടെ സ്വഭാവമാണെന്നു മനസ്സിലാക്കുമ്പോഴും നമുക്കു ദുഃഖിക്കേണ്ടി വരത്തില്ല. ഈ ഒരു സംസ്‌കാരം വളര്‍ത്തിയെടുത്താല്‍ ഏതു പ്രതിബന്ധത്തിലും നമുക്കു സന്തോഷത്തോടെ നീങ്ങുവാന്‍ കഴിയും.

(തുടരും….)

ചോദ്യം : ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എല്ലാറ്റിലും ഈശ്വരന്‍റെ ഗുണങ്ങള്‍ കാണേണ്ടേ? പക്ഷേ, ചിലവ മനുഷ്യര്‍ക്കു ദ്രോഹമായിത്തീരുന്നതെന്തുകൊണ്ടാണു്?

അമ്മ: ഒരു വസ്തുവും നമുക്കു ദ്രോഹം ചെയ്യുന്നതായിട്ടില്ല. അഥവാ ഉണ്ടെന്നു പറയുകയാണെങ്കില്‍ അതു നമ്മള്‍ പ്രയോഗിച്ചതിന്‍റെ പിശകാണു്. വണ്ടി കൊണ്ടുചെന്നു് എവിടെയെങ്കിലും ഇടിച്ചിട്ടു പെട്രോളിനെ കുറ്റം പറഞ്ഞാല്‍ പറ്റുമോ? പെട്രോളൊഴിച്ചു വണ്ടി ഓടിക്കാം. അതേ പെട്രോളൊഴിച്ചു അതിനെ കത്തിക്കാം. ഓരോന്നിന്‍റെയും ഗുണങ്ങള്‍ നമ്മള്‍ പ്രയോഗിക്കുന്നതിനനുസരിച്ചു പ്രതിഫലിക്കുന്നു.

ചോദ്യം : ജീവജാലങ്ങളില്‍ മനുഷ്യനിലാണു് ഈശ്വരപ്രതിഫലനം കൂടുതലുള്ളതെന്നു പറയുന്നതെന്തുകൊണ്ടാണു്?

അമ്മ: വിവേചനശക്തി മനുഷ്യനു മാത്രമേയുള്ളൂ. തീ കാണുമ്പോള്‍ ഈയാംപാറ്റകളും മറ്റും അതിന്‍റെ ആഹാരമാണെന്നു കരുതി അതിനകത്തേക്കു പറന്നുവീണു മരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ തന്‍റെ വിവേചനശക്തികൊണ്ടു് അതിന്‍റെ പ്രയോജനം മനസ്സിലാക്കി അതുപയോഗിച്ചു് ആഹാരം പാകം ചെയ്യുവാന്‍ പഠിച്ചു. ഇരുട്ടുള്ള സ്ഥലത്തു പ്രകാശം പരത്തുവാന്‍ ഉപയോഗിച്ചു. വിവേചനമുള്ളവനു തീ ഉപയോഗമുള്ള സാധനം. അതില്ലാത്തവനാകട്ടെ അപകടകാരിയും. മനുഷ്യനു തീ പ്രയോജനപ്പെടുന്ന വസ്തുവാണെങ്കില്‍ ഈയാംപാറ്റയുടെ അന്തകനാണു തീ. ഇതുപോലെ പ്രപഞ്ചത്തിലുള്ള ഓരോന്നിലും നല്ലവശവും ചീത്തവശവുമുണ്ടു്. അവയിലെ നല്ലവശം അറിയുന്നവരാണു് ഈശ്വരന്‍റെ തത്ത്വത്തെ ശരിക്കു മനസ്സിലാക്കുന്നതു്. അവരെക്കൊണ്ടു ലോകത്തില്‍ പ്രയോജനം മാത്രമേയുള്ളൂ.