9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയെന്ന് ഡോ മാര്‍ ക്രിസ്റ്റംവലിയ തിരുമേനി. അമ്മയുടെ അറുപത്തിനാലാമത് ജന്മവാര്‍ഷികാഘോഷത്തില്‍ ആശംസകള്‍ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓര്‍മ്മകളാണെന്നും തിരുമേനി വ്യക്തമാക്കി. “നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വര്‍ഗ്ഗതില്‍ പോയാല്‍ ദൈവം ചോദിക്കും . അമൃതപുരിയില്‍ വരാന്‍ കഴിഞ്ഞതും അമ്മയെ കാണാന്‍ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെ ഉത്തരം” തിരുമേനി പറഞ്ഞു.

ചോദ്യം : മന്ത്രജപം എങ്ങനെ നടത്താം?

അമ്മ: മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ജപിക്കുന്നതോടൊപ്പം മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവന ചെയ്യുന്നതു നല്ലതാണു്. മന്ത്രം ജപിക്കുമ്പോഴുള്ള ശ്രുതിയില്‍ മനസ്സിനെ നിര്‍ത്താം. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ

മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും. മന്ത്രം ജപിക്കുമ്പോള്‍ ഇഷ്ടരൂപത്തിനെ കാണുവാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു പലരും വിഷമിക്കുന്നതു കണ്ടിട്ടുണ്ടു്. അവിടുത്ത രൂപം കണ്ടില്ലെങ്കിലും അവിടുത്തെ നാമത്തെ ഓര്‍ത്താല്‍ മതി. മന്ത്രജപം തുടര്‍ന്നാല്‍ മതി. അക്ഷരത്തിലോ ആ ശ്രുതിയിലോ ശ്രദ്ധ നിര്‍ത്തുക. ധ്യാനസമയത്തു രൂപത്തില്‍ മാത്രം മനസ്സിനെ നിര്‍ത്താന്‍ കഴിയുമെങ്കില്‍ അതുമതി, മന്ത്രം ജപിക്കണം എന്നില്ല. എന്നാല്‍ പ്രവൃത്തികള്‍ ചെയ്യുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും ഒക്കെയും മനസ്സില്‍ മന്ത്രജപം തുടരണം. അപ്പോള്‍ സൂക്ഷ്മമായി നമ്മുടെ മനസ്സു് ഈശ്വരനില്‍ വിശ്രമിക്കും. ഏകാഗ്രത വേണ്ടത്ര കിട്ടുന്നില്ലെങ്കില്‍ വേണ്ട, മന്ത്രശബ്ദത്തിലെങ്കിലും ശ്രദ്ധ വയ്ക്കാമല്ലോ.

ഓരോ മന്ത്രം ജപിക്കുമ്പോഴും ഓരോ പുഷ്പം അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവന ചെയ്യാം. കണ്ണിനു കാഴ്ചയില്ലാത്തവര്‍ തപ്പിത്തപ്പിയാണു് ഓരോ വസ്തുവും എടുക്കുന്നതു്. അതുപോലെ കണ്ണടച്ചു ഹൃദയത്തില്‍നിന്നു പുഷ്പം എടുത്തു ഭഗവാന്റെ ആ പാദങ്ങളില്‍ത്തന്നെ കൊണ്ടുവയ്ക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ മന്ത്രശബ്ദത്തിലോ അക്ഷരങ്ങള്‍ ഭാവന ചെയ്തു് അതിലോ മനസ്സിനെ നിര്‍ത്തണം. ഏതു രീതിയിലായാലും മനസ്സിനെ അലയാന്‍ വിടരുതു്. ഭഗവാനില്‍ത്തന്നെ ബന്ധിച്ചു നിര്‍ത്തണം.

(ജര്‍മ്മനിയില്‍നിന്നും ഒരു സംഘം ഭക്തര്‍ അമ്മയെ ദര്‍ശിക്കുന്നതിനായി ആശ്രമത്തിലെത്തി. വര്‍ഷങ്ങളായി സാധനകള്‍ അനുഷ്ഠിക്കുന്നവരാണു് അതില്‍ കൂടുതല്‍ പേരും. അവരുടെ ചോദ്യങ്ങള്‍ മുഖ്യമായും സാധനയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അമ്മയുമായി അവര്‍ നടത്തിയ സംഭാഷണം)

ചോദ്യം : ഭക്ഷണവും ധ്യാനവും തമ്മിലുള്ള സമയദൈര്‍ഘ്യം എങ്ങനെ ആയിരിക്കണം?

അമ്മ: മക്കളേ, ഭക്ഷണം കഴിഞ്ഞ ഉടനെ ധ്യാനം പാടില്ല. മുഖ്യ ഭക്ഷണം കഴിഞ്ഞാല്‍ രണ്ടുമണിക്കൂറെങ്കിലും കഴിയാതെ ധ്യാനിക്കരുതു്. ഭക്ഷണം ലഘുവായിരുന്നാലും അരമണിക്കൂര്‍ കഴിയാതെ ധ്യാനിക്കുന്നതു നല്ലതല്ല. ധ്യാനിക്കാനിരിക്കുമ്പോള്‍ ശരീരത്തിന്റെ ഏതു ഭാഗത്താണോ നമ്മള്‍ ഏകാഗ്രതയ്ക്കു ശ്രമിക്കുന്നതു്, അവിടേക്കു മനസ്സുപോകും. അതുമൂലം ദഹനക്കുറവുണ്ടാകും. ഛര്‍ദ്ദിലുണ്ടാകും. തലവേദനയും മറ്റു പല അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ടു്. അതിനാല്‍ ഭക്ഷണം കഴിഞ്ഞാല്‍ ശരിക്കു ദഹനം നടക്കാന്‍ സമയം നല്കിയതിനുശേഷമേ ധ്യാനം നടത്താന്‍ പാടുള്ളൂ.

30 Sep 2017, അമൃതപുരി

അമൃതപുരിയില്‍ നവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശ്രമത്തിലെത്തിയ വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്ക് വിജയദശമി ദിനത്തില്‍ അമ്മ ആദ്യാക്ഷരം കുറിച്ചു.

അറിവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹം, ഉത്സാഹം, ക്ഷമ ഇവയെല്ലാ മാണ് വിദ്യയെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കുന്നത്. ആ വിനയവും ഉത്സാഹവും സമര്‍പ്പണഭാവവും നമ്മുടെ ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും ഭൗതികമായ ഐശ്വര്യത്തിലും ലാഭത്തിലും ഉപരി ഒരു സാധകന്റെ പടിപടിയായിട്ടുള്ള ആദ്ധ്യാത്മിക ഉയര്‍ച്ചയുടെയും ആത്യാന്തിക മുക്തിയുടെയും സന്ദേശമാണ് നവരാത്രി നല്‍കുന്നതെന്ന് സത്‌സംഗത്തില്‍ അമ്മ പറഞ്ഞു. എല്ലാത്തിനോടുമുള്ള ആദരവ് ഒരു തുടക്കക്കാരന്റെ ഭാവം ഇവ കാത്തു സൂക്ഷിച്ചാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.

തന്റെ ചൂണ്ടുവിരല്‍ ഗുരുവിന്റെ കൈകളില്‍ ഏല്പിക്കുന്നതുകൊണ്ടാണ് കുഞ്ഞിന് വിദ്യാരംഭം കുറിക്കാന്‍ കഴിയുന്നത്. ചൂണ്ടുവിരല്‍ അഹങ്കാരത്തിന്റെ പ്രതീകമാണ്. നമ്മള്‍ മറ്റുള്ളവരുടെ നേരെ ചൂണ്ടി നീ തെറ്റ് ചെയ്തു എന്നു പറയാറുണ്ട്. അങ്ങിനെ പറയുമ്പോഴും മൂന്നു വിരല്‍ തന്റെ നേരെയാണ് ചൂണ്ടുന്നത് എന്ന് നമ്മള്‍ ഓര്‍ക്കാറില്ല. മറ്റുള്ളവര്‍ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മൂന്നു തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നാണ് ഈ വിരലുകള്‍ നല്‍കുന്ന സൂചന.

സത്‌സംഗത്തെ തുടര്‍ന്ന് അമ്മ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കുകയും അവിടെ കൂടിയിരുന്ന ഭക്തര്‍ അത് നിലത്ത് എഴുതി ഏറ്റുചൊല്ലിയത് ഭക്തിയുടെ നിഷ്‌ക്കളങ്കമായ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് അമ്മ കുഞ്ഞുങ്ങള്‍ ഓരോരുത്തരെയായി മടിയിലിരുത്തി അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു. വാദ്യ സംഗീതം നൃത്തം തുടങ്ങിയവ അഭ്യസിച്ചവരുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.

 

ചോദ്യം : മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ അവരെ വിട്ടു് ആശ്രമത്തില്‍ ചേരുന്നതു ശരിയാണോ? അതു സ്വാര്‍ത്ഥതയല്ലേ, വാര്‍ദ്ധക്യത്തില്‍ ആരവരെ ശുശ്രൂഷിക്കും?

അമ്മ: മക്കളില്ലാത്തവര്‍ ഈ ലോകത്തു ജീവിക്കുന്നില്ലേ; അവരെ വയസ്സുകാലത്തു് ആരാണു നോക്കുന്നതു്? ഇന്നു് ഒരു കുട്ടി ആശ്രമത്തില്‍ ചേരുന്നതു് അനേകം പേരെ രക്ഷിക്കുന്നതിനു വേണ്ടിയാണു്. ഒരച്ഛനും അമ്മയ്ക്കും വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വയ്ക്കുന്നതാണോ, അതോ ജീവിതം ലോകത്തിനു സമര്‍പ്പിക്കുന്നതാണോ സ്വാര്‍ത്ഥത? വീട്ടില്‍ താമസിച്ചാല്‍ ഒരു കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഒരു കുട്ടിക്കു് എം.ബി.ബി.എസ്സിനു പഠിക്കാന്‍ അന്യസംസ്ഥാനത്തു പോകണം. പഠിത്തം കഴിഞ്ഞെത്തിയാല്‍ അനേകം പേരെ ശുശ്രൂഷിക്കാം. എന്നാല്‍ അച്ഛനെയും അമ്മയെയും നോക്കാന്‍ ആളില്ലെന്നു പറഞ്ഞു പോകാതിരുന്നാലോ? എന്തായാലും അച്ഛനെയും അമ്മയെയും മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയില്ല. പഠിത്തം തീര്‍ന്നെത്തിയാല്‍ രോഗപീഡയില്‍നിന്നെങ്കിലും രക്ഷിക്കാന്‍ കഴിയും. ആശ്രമത്തില്‍ ചേരുന്നതു സാധന ചെയ്തു ശക്തിനേടി ലോകോപകാരാര്‍ത്ഥം ജീവിക്കുവാന്‍ വേണ്ടിയാണു്. മാതാപിതാക്കള്‍ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ നല്ല മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതിനു വേണ്ടിയാണു്. പൂര്‍ണ്ണമായ ദുഃഖശാന്തിയുടെ മാര്‍ഗ്ഗമാണവര്‍ക്കു നല്കുവാനുള്ളതു്. പക്ഷേ, അതിനു മനോനിയന്ത്രണം വേണം. അതു നേടുന്നതിനുവേണ്ടി തുടക്കത്തില്‍ മമതാബന്ധം വിട്ടെറിയണം. പിന്നീടു് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുവാനും സേവിക്കുവാനും കഴിയും. അങ്ങനെയുള്ളവരുടെ ഓരോ ശ്വാസവും ലോകമംഗളത്തിനുവേണ്ടി മാത്രമുള്ളതാണു്.