ചോദ്യം : അമ്മേ, എല്ലാവരും ആദ്ധ്യാത്മികജീവിതം നയിച്ചു സന്ന്യാസികളായാല്‍ ലോകം എങ്ങനെ നിലനില്ക്കും? സന്ന്യാസംകൊണ്ടുള്ള നേട്ടം എന്താണു്?

അമ്മ: മോനേ, എല്ലാവര്‍ക്കും സന്ന്യാസിയാകുവാന്‍ കഴിയുകയില്ല. കോടിപ്പേരു ശ്രമിച്ചാല്‍ വളരെക്കുറച്ചു പേര്‍ക്കു സാധിച്ചെന്നു വരാം. ഐ.എ.എസ്സും എം.ബി.ബി.എസ്സും മറ്റും എല്ലാവര്‍ക്കും കിട്ടുകയില്ല എന്നു കരുതി, അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവരും സന്ന്യാസിയാകണമെന്നു് അമ്മ പറയുന്നില്ല. ആ തത്ത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിബന്ധത്തെയും നിസ്സംഗനായി അതിജീവിക്കുവാന്‍ കഴിയും. ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവം വിടണം. അതാണമ്മ പറയുന്നതു്.

ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കിവേണം. പ്രതീക്ഷ വച്ചുകൊണ്ടു് ഒന്നും ചെയ്യാന്‍ പാടില്ല. പ്രതീക്ഷയാണു ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു. ആയിരം രൂപയാണു് അവിടെനിന്നും പ്രതീക്ഷിച്ചതു്. പക്ഷേ, വീട്ടുകാര്‍ നല്കിയതു് അഞ്ചു രൂപ മാത്രം. അതയാള്‍ സ്വീകരിച്ചില്ല. വീട്ടുകാരോടു കടുത്ത ദേഷ്യവും തോന്നി. ആ സംഭവം നടന്നിട്ടു് ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേഷ്യം മാറിയില്ല. വിദ്വേഷം ഉള്ളില്‍ വച്ചുകൊണ്ടിരുന്നു. പ്രതീക്ഷ വച്ചു കൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നതു്. പ്രതീക്ഷിച്ചത്ര ലഭിക്കാത്തതു കാരണം നല്കിയതു വാങ്ങുവാനും കഴിഞ്ഞില്ല. തള്ളിക്കളഞ്ഞു, ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി. പ്രതീക്ഷ ഇല്ലായിരുന്നു എങ്കില്‍ ദുഃഖവും അതില്‍നിന്നുള്ള ദേഷ്യവും വിദ്വേഷവും അശാന്തിയും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെപ്പോലെയാണു നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം. ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന്‍ ദുഃഖിക്കുന്നില്ല. കാരണം താനൊരു യാചകനാണെന്നു് അവനറിയാം. ഒന്നും കിട്ടിയില്ലെങ്കിലും അവനു ദുഃഖമില്ല. അടുത്ത സ്ഥലത്തുനിന്നും എന്തെങ്കിലും കിട്ടുമെന്നവനറിയാം. കൈ നിറയെ ഭിക്ഷ കിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തൻ്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണെന്നു് അവനറിയാം. അതിനാല്‍ ശരിയായ യാചകനാണെങ്കില്‍ അയാള്‍ക്കു് ആരോടും ദേഷ്യമില്ല. അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ. അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ആദ്ധ്യാത്മികജീവികള്‍ക്കു ജീവിതത്തില്‍ ദുഃഖമില്ല.

ഇന്നു നമ്മള്‍ ബാഹ്യവിഷയങ്ങളിലാണു ബന്ധിച്ചിരിക്കുന്നതു്. ഇവരെൻ്റെ കുടുംബാംഗങ്ങളാണു്, ഇവരെൻ്റെ ബന്ധുക്കളാണു് ഈ രീതിയിലാണു് ഇന്നു നമ്മള്‍ ജീവിതം നയിക്കുന്നതു്. ദിവസവും ഉറക്കമൊഴിച്ചു ഇരുപത്തിനാലു മണിക്കൂറും അദ്ധ്വാനിക്കുന്നതു് അവര്‍ക്കു വേണ്ടിയാണു്. പക്ഷേ, നമ്മള്‍ സ്വയം മറക്കുന്നു; ജീവിത ധര്‍മ്മം എന്തെന്നറിഞ്ഞു് അതനുസരിച്ചു ജീവിക്കുവാന്‍ മറക്കുന്നു. ഈശ്വരനെ മറക്കുന്നു. അങ്ങനെയുള്ള ജീവിതംകൊണ്ടു ഭൂമിയിലും ശാന്തിയില്ല, മരിച്ചു കഴിഞ്ഞാലും ശാന്തിയില്ല. ഇതിനര്‍ത്ഥം കര്‍മ്മങ്ങള്‍ ചെയ്യരുതു് എന്നല്ല. കര്‍മ്മം ചെയ്തുകൊള്ളൂ, പക്ഷേ, പ്രതീക്ഷയും ആഗ്രഹവും വളര്‍ത്താന്‍ പാടില്ല. ആനന്ദം ബാഹ്യവസ്തുവിലല്ല; ഉള്ളിലാണു്. നമുക്കു് ഏറ്റവും ഇഷ്ടപ്പെട്ട പാല്പായസം കുറെ കഴിച്ചു കഴിയുമ്പോള്‍പ്പിന്നെ കുടിക്കുവാന്‍ തോന്നുകയില്ല. വെറുക്കും. അടുത്തുകൊണ്ടുവച്ചാല്‍ കൂടി മാറ്റിവയ്ക്കും. യഥാര്‍ത്ഥത്തില്‍ പാല്പായസമായിരുന്നു ആനന്ദം തന്നിരുന്നതെങ്കില്‍ അങ്ങനെ മാറ്റിവയേ്ക്കണ്ട ആവശ്യമുണ്ടോ? വീണ്ടും എടുത്തു കഴിക്കണ്ടെ? അപ്പോള്‍ മനസ്സാണാധാരം. മനസ്സിനു തൃപ്തി വന്നപ്പോള്‍ വസ്തുവിനോടു് വെറുപ്പായി. എല്ലാം മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്. പട്ടി എല്ലില്‍ കടിക്കും. അതിൻ്റെ രുചി ആസ്വദിക്കും. പക്ഷേ, തൻ്റെ മോണ കീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു് അതറിയുന്നില്ല. നമ്മുടെ ഉള്ളിലാണാനന്ദം, പുറത്തല്ല. അതിനെ അന്വേഷിക്കൂ. പുറമെ കാണുന്ന ബന്ധുക്കളിലും വസ്തുക്കളിലും ആനന്ദം അന്വേഷിച്ചു പോയാല്‍ ജന്മം പാഴാകും. ഇതിനര്‍ത്ഥം അലസന്മാരായിരിക്കണമെന്നല്ല. കിട്ടുന്ന സമയം സ്വാര്‍ത്ഥത വെടിഞ്ഞു കര്‍മ്മം ചെയ്യുക. ബാക്കിയുള്ള സമയം ഈശ്വര നാമം ജപിച്ചു് ആ തത്ത്വത്തില്‍ ജീവിക്കുക.

ചോദ്യം : അമ്മയുടെ ചിരിക്കു് എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നുന്നു. അതിൻ്റെ കാരണമെന്താണു്?

അമ്മ: അമ്മ വേണമെന്നു വിചാരിച്ചു ചിരിക്കുകയല്ല, സ്വാഭാവികമായി വരുന്നതാണു്. ആത്മാവിനെ അറിഞ്ഞാല്‍ ആനന്ദമേയുള്ളൂ. അതിൻ്റെ സ്വാഭാവികമായ പ്രകടനമാണല്ലോ പുഞ്ചിരി. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്ക്കുമ്പോഴുള്ള നിലാവു് അതു പ്രകടിപ്പിക്കുന്നതാണോ?

ചോദ്യം : അമ്മയുടെ മുന്നില്‍ ദുഃഖിതരായവര്‍ എത്തുമ്പോള്‍, അവരോടൊപ്പം അമ്മയുടെ കണ്ണുകളും നിറഞ്ഞു കാണാറുണ്ടല്ലോ?

അമ്മ: അമ്മയുടെ മനസ്സു് ഒരു കണ്ണാടിപോലെയാണു്. മുന്‍പില്‍ വരുന്നതിനെ കണ്ണാടി പ്രതിഫലിപ്പിക്കും. മക്കള്‍ അമ്മയുടെ അടുത്തുവന്നു കരയുമ്പോള്‍ അവരുടെ ദുഃഖം അമ്മയില്‍ പ്രതിഫലിക്കുന്നു. അവര്‍ക്കു ശാന്തി ലഭിക്കാനായി അമ്മ ആഗ്രഹിക്കുന്നു. അപ്പോള്‍ ദുഃഖിക്കുന്നതായി തോന്നാം. എന്നാല്‍ അന്തരാത്മാവില്‍ അമ്മയ്ക്കു ദുഃഖമില്ല.

(തുടർച്ച) ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം?

നമ്മള്‍ ചിന്തിച്ചേക്കാം, അന്ധകാരം നിറഞ്ഞ ഈ സമൂഹത്തില്‍ ഞാന്‍ ഒരാള്‍ ശ്രമിച്ചതുകൊണ്ടു് എന്തു മാറ്റം സംഭവിക്കാനാണെന്നു്. നമ്മുടെ കൈവശം ഒരു മെഴുകുതിരിയുണ്ടു്. മനസ്സാകുന്ന മെഴുകുതിരി

അതില്‍ വിശ്വാസമാകുന്ന ദീപം കത്തിക്കുക. അന്ധകാരം നിറഞ്ഞ ഇത്രയധികം ദൂരം, ഈ ചെറിയ ദീപംകൊണ്ടു് എങ്ങനെ താണ്ടാനാകും എന്നു സംശയിക്കേണ്ടതില്ല. ഓരോ അടിയും മുന്നോട്ടു വയ്ക്കുക, നമ്മുടെ പാതയില്‍ പ്രകാശം തെളിഞ്ഞു കിട്ടും.

ഒരാള്‍ വളരെ ദുഃഖിതനായി, നിരാശനായി എന്തു ചെയ്യണമെന്നറിയാതെ വഴിയരികില്‍ നില്ക്കുകയായിരുന്നു. ആ സമയം അതു വഴി നടന്നുപോയ ഒരാള്‍, അയാളെ നോക്കി ഒന്നു ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ടു ജീവിതാശതന്നെ വെടിഞ്ഞുനിന്ന ആ മനുഷ്യനു്, ആ ചിരി എന്തെന്നില്ലാത്ത ആശ്വാസമാണു നല്കിയതു്. ഒരാളെങ്കിലുംതന്നെ നോക്കി ചിരിക്കുവാനുണ്ടല്ലോ എന്ന ചിന്തതന്നെ അദ്ദേഹത്തിനു് ഉന്മേഷം പകര്‍ന്നു. ഈ സമയം, അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പു തൻ്റെ കഷ്ടപ്പാടില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെക്കുറിച്ചോര്‍ത്തു. അദ്ദേഹം ഉടനെതന്നെ ഒരു കത്തു് എഴുതി തൻ്റെ പഴയ സുഹൃത്തിനു് അയച്ചു. കുറെക്കാലമായി യാതൊരു വിവരവുമില്ലാതിരുന്ന സുഹൃത്തിൻ്റെ കത്തു കിട്ടിയപ്പോള്‍, കൂട്ടുകാരനു വളരെ സന്തോഷം തോന്നി. അദ്ദേഹം ഉടനെ അടുത്തു നിന്ന ഒരു സാധുവിനു പത്തു രൂപ എടുത്തു കൊടുത്തു. അയാള്‍ ആ തുകകൊണ്ടു് ഒരു ലോട്ടറിടിക്കറ്റു വാങ്ങി. അദ്ഭുതകരമെന്നു പറയട്ടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കുതന്നെ.

ലോട്ടറിത്തുകയും വാങ്ങിപ്പോകുമ്പോള്‍, വഴിയരികില്‍ ഒരു യാചകന്‍ അസുഖമായി കിടക്കുന്നതു കണ്ടു. ദൈവം തനിക്കു തന്ന പണമല്ലെ, അതില്‍ കുറച്ചു് ആ പാവത്തിനു് ഉപകരിക്കട്ടെ എന്നു ചിന്തിച്ചു, അയാള്‍ ആ യാചകനെ ആശുപത്രിയില്‍ എത്തിച്ചു. ശുശ്രൂഷയ്ക്കുവേണ്ട പണവും നല്കി. ആ യാചകന്‍ അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു നായ്ക്കുട്ടി വെള്ളത്തില്‍ വീണു നനഞ്ഞു കുതിര്‍ന്നു നടക്കുവാന്‍പോലുമാകാതെ തളര്‍ന്നു കിടക്കുന്നതു കാണാനിടയായി. തണുപ്പും വിശപ്പും കാരണം അതു നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍, ആ നായ്ക്കുട്ടിയെ തൻ്റെ വസ്ത്രത്തില്‍ പൊതിഞ്ഞു തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്പം തീ കൂട്ടി തണുപ്പകറ്റാന്‍ അതിനെ സഹായിച്ചു. തൻ്റെ ഭക്ഷണത്തോടൊപ്പം, ആ നായയ്ക്കും ആഹാരം നല്കി. തണുപ്പും മാറി ആഹാരവും കിട്ടിക്കഴിഞ്ഞപ്പോള്‍, നായ്ക്കുട്ടിയുടെ തളര്‍ച്ച മാറി. അതു് ആ യാചകൻ്റെ പിന്നാലെകൂടി. അവര്‍ രാത്രി അന്തിയുറങ്ങാന്‍ ഒരു വീട്ടുപടിക്കല്‍ അനുവാദം ചോദിച്ചു. ആ വീട്ടുകാര്‍, വീട്ടുവരാന്തയില്‍ അവര്‍ക്കു കിടക്കുവാന്‍ അനുവാദം നല്കി. അന്നുരാത്രി, നായയുടെ നിലയ്ക്കാത്ത കുര കേട്ടു് ആ യാചകനും വീട്ടുകാരും ഉണര്‍ന്നുനോക്കുമ്പോള്‍, വീടിൻ്റെ ഒരു ഭാഗത്തു തീ പടരുന്നു. ആ വീട്ടിലെ കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണു തീ പടര്‍ന്നു പിടിച്ചിരിക്കുന്നതു്. വീട്ടുകാര്‍ ചെന്നു നോക്കുമ്പോള്‍ ആ മുറിയുടെ ഒരു ഭാഗത്തു തീ ആളിപ്പടരുകയാണു്. അവര്‍ വേഗംതന്നെ കുട്ടിയെ പുറത്തെടുത്തു. എല്ലാവരുംകൂടി ഒത്തു ചേര്‍ന്നു ശ്രമിച്ചതിൻ്റെ ഫലമായി തീ പടര്‍ന്നു പിടിക്കാതെ അണയ്ക്കുവാന്‍ സാധിച്ചു. ആ യാചകനും നായയ്ക്കും കിടക്കാനിടം നല്കിയതു്, ആ വീട്ടുകാര്‍ക്കു രക്ഷയായി. തീയില്‍നിന്നും രക്ഷപ്പെട്ട ആ ബാലന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരു മഹാത്മാവായി തീര്‍ന്നു. അദ്ദേഹത്തിൻ്റെ സാമീപ്യത്തിലൂടെ എത്രയോ ജനങ്ങള്‍ ശാന്തി നേടി.

ഇതിൻ്റെയെല്ലാം തുടക്കം നോക്കുമ്പോള്‍, ആദ്യത്തെ ആളുടെ ചിരിയാണെന്നു കാണാം. അദ്ദേഹം ഒരു പൈസപോലും ചെലവു ചെയ്തില്ല. നടന്നുപോകുമ്പോള്‍ വഴിയരികില്‍ നിന്ന ഒരാളെ നോക്കി ഒന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. അതു് ഏതൊക്കെ രീതിയിലാണു മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിച്ചതു്; അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തിയതു്! നമ്മള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്ന ഏറ്റവും നിസ്സാരമായ പ്രവൃത്തിപോലും മഹത്തായ സ്വാധീനമാണു സമൂഹത്തില്‍ വരുത്തുന്നതു്. പെട്ടെന്നു നാം അറിഞ്ഞെന്നു വരില്ല. തീര്‍ച്ചയായും ഏതൊരു പ്രവൃത്തിക്കും ഫലമുണ്ടു്. അതിനാല്‍ നമ്മുടെ ഏതൊരു പ്രവൃത്തിയും മറ്റുള്ളവര്‍ക്കു നന്മ വരുത്തുന്ന വിധമാകാന്‍ ശ്രദ്ധിക്കണം. ഒരു പുഞ്ചിരി ക്കുപോലും മഹത്തായ വിലയാണുള്ളതു്. അതു നല്കുന്നതില്‍ നമുക്കാകട്ടെ യാതൊരു നഷ്ടവുമില്ല. എന്നാല്‍ ഇന്നു പലപ്പോഴും നമ്മുടെ ചിരി മറ്റുള്ളവരെ കളിയാക്കിയുള്ളതാണു്. അതല്ല വേണ്ടതു്, നമ്മുടെതന്നെ വിഡ്ഡിത്തം ഓര്‍ത്തു ചിരിക്കുവാന്‍ നമുക്കു സാധിക്കണം.

നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല. ഒരു ചങ്ങലയിലെ കണ്ണികള്‍പോലെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നവരാണു്. നമ്മള്‍ ചെയ്യുന്ന കര്‍മ്മം അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ടു്. ഒരാളിലുണ്ടാകുന്ന മാറ്റം അടുത്തയാളിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ നന്നായതിനുശേഷം നമുക്കു നന്നാകാം എന്നു ചിന്തിക്കുന്നതു ശരിയല്ല. അവര്‍ മാറിയില്ലെങ്കിലും നമ്മള്‍ മാറാന്‍ തയ്യാറായാല്‍ അതിനനുസൃതമായ മാറ്റം സമൂഹത്തിലും കാണു വാന്‍ കഴിയും. പ്രത്യക്ഷത്തിലുള്ള വലിയ മാറ്റം കണ്ടില്ല എന്നു കരുതി നിരാശപ്പെടേണ്ടതില്ല; മാറ്റം ആന്തരികമായി സംഭവിക്കുന്നുണ്ടു്. നമ്മളിലുള്ള ഏതൊരു നല്ല മാറ്റവും സമൂഹത്തിലും തീര്‍ ച്ചയായും പരിവര്‍ത്തനം വരുത്തുകതന്നെ ചെയ്യും.

ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം?

അമ്മ: ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ആശങ്കയുളവാക്കുന്നവയാണു്. അവയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതു തീര്‍ത്തും ആവശ്യമാണു്. മാറ്റം വ്യക്തിയില്‍നിന്നുമാണു തുടങ്ങേണ്ടതു്.

വ്യക്തികളുടെ മനോഭാവം മാറുന്നതിലൂടെ കുടുംബം ശ്രേയസ്സു് പ്രാപിക്കുന്നു; സമൂഹം അഭിവൃദ്ധിപ്പെടുന്നു. അതിനാല്‍ ആദ്യം നമ്മള്‍ സ്വയം നന്നാകാന്‍ ശ്രമിക്കണം. നമ്മള്‍ നന്നായാല്‍ നമ്മുടെ സമീപമുള്ളവരെയെല്ലാം അതു സ്വാധീനിക്കും. അവരിലും നല്ല പരിവര്‍ത്തനം സംഭവിക്കും. വെറും ഉപദേശംകൊണ്ടോ ശാസനകൊണ്ടോ മറ്റുള്ളവരെ നന്നാക്കുവാന്‍ കഴിയില്ല. നമ്മള്‍ നല്ല മാതൃക കാട്ടണം. നിസ്സ്വാര്‍ത്ഥമായ സ്‌നേഹം മറ്റുള്ളവരില്‍ ചൊരിയണം. ആ വിധമുള്ള നിസ്സ്വാര്‍ത്ഥസ്‌നേഹം കൊണ്ടുമാത്രമേ മനുഷ്യരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയൂ. പെട്ടെന്നു മാറ്റം കണ്ടെന്നു വരില്ല. എങ്കിലും നാം നിരാശരാകരുതു്. ശ്രമം തുടരണം. കുറഞ്ഞപക്ഷം നമ്മുടെ പ്രയത്‌നംകൊണ്ടു നമ്മളിലെങ്കിലും നല്ല മാറ്റം സംഭവിക്കും.

നാടന്‍ നായയുടെ വാലു നിവര്‍ത്താന്‍ കുഴലിലിടാന്‍ ശ്രമിച്ചാല്‍ വാലിനു മാറ്റം സംഭവിക്കുന്നില്ലായിരിക്കാം; എന്നാല്‍ അതിനു ശ്രമിക്കുന്നവൻ്റെ കൈയിനു മസ്സിലു വര്‍ദ്ധിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. അങ്ങനെ നമ്മള്‍ ശ്രമിച്ചാല്‍ നമ്മള്‍ നന്നാകും, മാത്രമല്ല പ്രത്യക്ഷത്തില്‍ കാണുന്നില്ലെങ്കിലും തീര്‍ച്ചയായും മറ്റുള്ളവരിലും മാറ്റം സംഭവിക്കുന്നുണ്ടു്, കുറഞ്ഞതു്, സമൂഹം കൂടുതല്‍ അധഃപതിക്കാതിരിക്കാന്‍ നമ്മുടെ പ്രയത്‌നം സഹായിക്കും. ഈ വിധമുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണു സമൂഹത്തില്‍ ഇത്രയെങ്കിലും താളലയം നിലനിര്‍ത്താന്‍ സാധിക്കുന്നതു്. ഒഴുക്കിനെതിരെ നീന്തുന്ന ഒരു വ്യക്തിക്കു് ഒരിഞ്ചും മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ലായിരിക്കാം. എന്നാല്‍ ആ ശ്രമംകൊണ്ടാണു് ആ വ്യക്തിക്കു് അവിടെ പിടിച്ചു നില്ക്കാന്‍ കഴിയുന്നതു്. ആ ശ്രമം കൂടി ഉപേക്ഷിച്ചാല്‍ അയാള്‍ വെള്ളത്തിലേക്കു താഴും. അതിനാല്‍ ഇന്നുള്ള ശ്രമം തുടരേണ്ടതു് ആവശ്യമാണു്.

(തുടരും)

ചോദ്യം: മൃഗങ്ങളെയും മത്സ്യങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനെപ്പറ്റി അമ്മ എന്തുപറയുന്നു?

അമ്മ: പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചു നിലനില്ക്കുന്നവയാണു്. കൃഷി ചെയ്യാന്‍ കഴിയാത്ത കടല്‍ത്തീരത്തും മഞ്ഞു പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍ ആഹാരത്തിനായി മത്സ്യം തേടുന്നു. വീടുവയ്ക്കുവാനും മറ്റുപകരണങ്ങളുടെ നിര്‍മ്മാണത്തിനും മരം മുറിക്കേണ്ടിവരുന്നു. ഇതൊക്കെ മനുഷ്യൻ്റെ ആവശ്യത്തിനുവേണ്ടി മാത്രമായിരിക്കണം.

എന്നാല്‍ പണ്ടുണ്ടായിരുന്ന ജീവികളില്‍ പലതും ഇന്നില്ല. പ്രകൃതിയിലുണ്ടായ മാറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ ആ ജീവികളുടെ വംശം നശിക്കുകയാണു് ഉണ്ടായതു്. മനുഷ്യൻ്റെ അത്യാഗ്രഹം കാരണം ജീവികളുടെയും വൃക്ഷങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണു് ഇന്നു കാണുന്നതു്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതിയുടെ താളലയം നഷ്ടമാകുകയാണു ചെയ്യുന്നതു്. അതിനാല്‍ ഇനിയും നമ്മള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെങ്കില്‍ ആ ജീവികള്‍ക്കു വംശനാശം സംഭവിച്ചതുപോലെ, അതു മനുഷ്യൻ്റെയും നാശത്തിനു കാരണമാകും.

മനുഷ്യന്‍ പ്രകൃതിയുടെയും അതിലെ ജീവരാശിയുടെയും ഭാഗമാണു്. അതിനാല്‍ നമ്മുടെ നിലനില്പിനാവശ്യമായതു പ്രകൃതിയില്‍നിന്നെടുക്കാം. എന്നാല്‍, അതു പ്രകൃതിയുടെ താളലയം തകര്‍ക്കാനിടയാക്കാതെ നോക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ടു്. കഞ്ഞി കുടിക്കുന്നതിനു് ഒരു പ്ലാവില നുള്ളാന്‍ പോകുന്നവന്‍, ആ ശാഖ മൊത്തത്തില്‍ വെട്ടിയാല്‍ എങ്ങനെയുണ്ടാകും. അവനൊരു പത്തു പ്ലാവിലയ്ക്കു പോയിക്കഴിയുമ്പോഴേക്കും ആ വൃക്ഷത്തിലെ എല്ലാ ശാഖകളും നഷ്ടമായിക്കഴിയും. ക്രമേണ വൃക്ഷത്തിനു തന്നെ നാശം സംഭവിക്കും. എന്നാല്‍, ആവശ്യത്തിനുമാത്രം എടുക്കുന്നതില്‍ ദോഷമില്ല. അതുമൂലമുണ്ടാകുന്ന നഷ്ടം കുറച്ചു് ഇല കൊഴിയുന്നതുപോലെയേ അതിനു് അനുഭവപ്പെടുകയുള്ളൂ. എന്നാല്‍ ഒന്നിച്ചുള്ള നാശം അങ്ങനെയല്ല; അതിൻ്റെ നിലനില്പിനെത്തന്നെ ബാധിക്കും. പ്രകൃതിയിലെ ഓരോന്നും മറ്റോരോന്നിനു് ആവശ്യത്തിനുപകരിക്കുന്ന വിധമാണു് ഈശ്വരന്‍ സൃഷ്ടിച്ചിട്ടുള്ളതു്. വലിയ മത്സ്യം ചെറിയ മത്സ്യത്തെ ആഹാരമാക്കും. അതു് അതില്‍ ചെറിയ മത്സ്യത്തെ ഇരതേടുന്നു. അതിനാല്‍ തൻ്റെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍മാത്രം മനുഷ്യന്‍ പ്രകൃതിയില്‍നിന്നു് എടുക്കുന്നതില്‍ തെറ്റില്ല. മറിച്ചു്, അമിതമായി എടുക്കുന്നതെന്തും ഹിംസയാണു്. അതു മനുഷ്യൻ്റെതന്നെ അധോഗതിക്കു കാരണമാകും.