ചോദ്യം : മറ്റുള്ളവരുടെ ദേഹത്തു കാല്‍ തൊട്ടാല്‍, അവരെ തൊട്ടു നെറുകയില്‍ വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ അന്ധവിശ്വാസങ്ങളില്‍നിന്നും ഉണ്ടായതല്ലേ?

അമ്മ: ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണു്. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടും എന്നു കുട്ടിയോടു പറയും. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു് എത്ര പേര്‍ക്കു കണ്ണുകാണും? പക്ഷേ, അങ്ങനെ പറയുന്നതുമൂലം കള്ളം പറയുന്ന ശീലത്തില്‍ നിന്നും കുട്ടിയെ തിരുത്തുവാന്‍ കഴിയും. അന്യരുടെ മേല്‍ കാലു തട്ടിയാല്‍ തൊട്ടു വന്ദിക്കണം എന്നു പറയുന്നതു്, അവനില്‍ വിനയം വളര്‍ത്തുവാന്‍ വേണ്ടിയാണു്. ഇതു ശീലമാക്കിയ ഒരാള്‍ ദേഷ്യം വന്നാല്‍ക്കൂടി മറ്റൊരാളെ ചവിട്ടാന്‍ തയ്യാറാകില്ല.

പിന്നെ മറ്റൊന്നു്; പാദവും ശിരസ്സും തമ്മില്‍ ബന്ധമുണ്ടു്. കാലു ശക്തിയായി തട്ടുമ്പോള്‍, തലയിലെ ചില നാഡികള്‍ക്കു് അതിനനുസരിച്ചുള്ള ചലനമുണ്ടാകും. ആ നാഡികള്‍ക്കു് അപ്പോഴുണ്ടാകുന്ന വലിവു കുനിയുമ്പോള്‍ വിട്ടുമാറും. മുഖ്യമായും, ഈ ശീലങ്ങള്‍ മനുഷ്യനില്‍ നല്ല സ്വഭാവം വളര്‍ത്തുവാന്‍ സഹായിക്കും.

ചോദ്യം : കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ തന്നെയാണു കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ളതെങ്കില്‍ അതിനെക്കുറിച്ചു് ഇന്നറിവില്ലാത്തതെന്തുകൊണ്ടു്?

അമ്മ: കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ ഇന്നോര്‍മ്മയുണ്ടോ?

ഈ ജന്മത്തിലെ കാര്യങ്ങള്‍തന്നെ എല്ലാം ഓര്‍മ്മയില്‍ വരുന്നില്ല. ഇന്നലെ കാണാതെ പഠിച്ച പാട്ടു പോലും ഇന്നു മറന്നുപോകുന്നു. പിന്നെങ്ങനെ കഴിഞ്ഞ ജന്മത്തിലെതു് ഓര്‍ക്കുവാന്‍ സാധിക്കും? എന്നാല്‍ സാധന ചെയ്തു മനസ്സു് സൂക്ഷ്മമായാല്‍ എല്ലാം അറിയാറാകും. മുജ്ജന്മകര്‍മ്മഫലം എന്നു പറയുമ്പോള്‍, ഈ ജന്മത്തില്‍ത്തന്നെ അറിയാതെ ചെയ്ത കര്‍മ്മത്തിന്റെ ഫലവും ഉള്‍പ്പെടും. മുജ്ജന്മമായാലും ഈ ജന്മമായാലും ചെയ്ത കര്‍മ്മങ്ങളുടെ ഫലമാണു് ഇന്നനുഭവിക്കുന്ന സുഖവും, ദുഃഖവും. കര്‍മ്മം ശ്രദ്ധാപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം വേണ്ടരീതിയില്‍ ചെയ്യുകയാണെങ്കില്‍ സംതൃപ്തമായ ജീവിതം നയിക്കാം. ആനന്ദത്തിന്റെ സന്താനങ്ങളായിത്തീരാം.

ചോദ്യം : ശാസ്ത്രങ്ങള്‍ പുനര്‍ജ്ജന്മത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ഒരു ജീവനു പുതുശരീരം ലഭിക്കുന്നതു് എന്തിന്റെ അടിസ്ഥാനത്തിലാണു്?

അമ്മ : ഓരോരുത്തരുടെയും പൂര്‍വ്വസംസ്‌കാരത്തെ ആശ്രയിച്ചാണു പുതിയ ജന്മം ലഭിക്കുന്നതു്. പൂവ്വസംസ്‌കാരംകൊണ്ടു മനുഷ്യ ജന്മം കിട്ടി; വീണ്ടും സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ അവനു് ഈശ്വരനായിത്തീരാം.

എന്നാല്‍ മനുഷ്യ ജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാ ണെങ്കില്‍, അധോയോനി കളിലായിരിക്കും പിന്നീടു ജനിക്കേണ്ടി വരുക.

നമ്മുടെ ശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടു്. ടേപ്പില്‍ സംഭാഷണങ്ങളും പാട്ടുകളും എങ്ങനെ പിടിച്ചെടുക്കുന്നുവോ അതുപോലെ ഇതു നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും ടേപ്പു ചെയ്യുന്നുണ്ടു്. ഓരോന്നിനും പ്രത്യേക ഭാഗങ്ങളുണ്ടു്. സത്കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു കീഴ്‌പ്പോട്ടുള്ള ഭാഗവും പിടിച്ചെടുക്കും. സത്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ മരിച്ചു കഴിയുമ്പോള്‍ ഉയര്‍ന്ന തലത്തിലെത്തും. പിതൃലോകത്തിലെത്തും. അല്ലെങ്കില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ പരിധിക്കനുസരിച്ചുള്ള ജന്മം കിട്ടും. എന്നാല്‍ ചീത്തക്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ ഓറ താഴേക്കു വീണു്, കൃമികീടങ്ങള്‍ക്കും മറ്റും ആഹാരമായി, പക്ഷിമൃഗാദികളായി വീണ്ടും ജന്മമെടുക്കും. നല്ല മുട്ട അടവച്ചാല്‍ അതു വിരിഞ്ഞു പറവ പറന്നുയരും. മുട്ട ചീത്തയാണെങ്കില്‍ പറന്നുയരാന്‍ പറവ കാണില്ല. അതു മണ്ണില്‍ വീണു ചീഞ്ഞളിയും; കൃമികീടങ്ങള്‍ക്കു് ആഹാരമാകും.

ഇന്നത്തെ സുഖം മാത്രം കാംക്ഷിച്ചു ജീവിച്ചാല്‍ അതു നാളത്തെ ദുഃഖത്തിനു മാത്രമേ വഴിയൊരുക്കൂ. എഴുന്നേല്ക്കാനുള്ള മടി കാരണം മലര്‍ന്നു കിടന്നു തുപ്പിയാല്‍ ശരീരത്തില്‍ത്തന്നെ വന്നു വീഴും. അതുപോലെ നമ്മുടെ ഏതു പ്രവൃത്തിക്കും അതനുസരിച്ചു തിരിച്ചടി പ്രകൃതിയില്‍നിന്നുമുണ്ടാകും. സംശയമില്ല.

ചോദ്യം : ഇന്നു കുഞ്ഞുങ്ങള്‍പോലും രോഗത്തില്‍നിന്നും വിമുക്തരല്ല. അവര്‍ എന്തു തെറ്റാണു ചെയ്തതു്?

അമ്മ: അവരുടെ രോഗത്തിനു് ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണു്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച അവരുടെ ബീജത്തില്‍നിന്നുമാണല്ലോ കുട്ടികള്‍ ജനിക്കുന്നതു്. പിന്നെ എങ്ങനെ അസുഖം ബാധിക്കാതിരിക്കും? പശുവിൻ്റെ പാലില്‍പ്പോലും വിഷാംശം കലര്‍ന്നിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പുല്ലും മറ്റുമാണതു കഴിക്കുന്നതു്.

ലഹരികള്‍ ധാരാളമായി കഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കു രോഗം മാത്രമല്ല, അംഗവൈകല്യം വരെ സംഭവിക്കാം. കാരണം അവരുടെ ബീജത്തില്‍ ശരീരനിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ വേണ്ടത്ര കാണില്ല. അധികമായി മരുന്നു കഴിക്കുന്നവരുടെ കുട്ടികളെയും രോഗം വേഗം ബാധിക്കും. കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്ത ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലമായി അവര്‍ ഇങ്ങനെയുള്ള മാതാപിതാക്കളുടെ സന്തതികളായി ജനിക്കേണ്ടി വരുന്നു. അതുകാരണം മാതാപിതാക്കളുടെ ദുഷ്‌ക്കര്‍മ്മത്തിൻ്റെ ഫലം അവരെയും തിന്നുന്നു. നമ്മുടെ സുഖവും ദുഃഖവും എല്ലാം നമ്മുടെ കര്‍മ്മത്തെ ആശ്രയിച്ചാണിരിക്കുന്നതു്. എല്ലാറ്റിൻ്റെയും കാരണം നാം ചെയ്ത കര്‍മ്മമാണു്. കര്‍മ്മം ശ്രദ്ധയായി ചെയ്താല്‍ ദുഃഖിക്കേണ്ടിവരില്ല. തീര്‍ത്തും ആനന്ദം അനുഭവിക്കാം.

മനുഷ്യൻ്റെ കഷ്ടതയ്ക്കു കാരണം അവന്‍തന്നെയാണു്. ചെയ്യാത്ത തെറ്റുകള്‍ക്കല്ല, ചെയ്ത തെറ്റുകള്‍ക്കു മാത്രമാണവന്‍ ശിക്ഷ അനുഭവിക്കുന്നതു്. ഈശ്വരൻ്റെ സൃഷ്ടിയിലല്ല ഇന്നു മനുഷ്യന്‍ ജീവിക്കുന്നതു്. അവൻ്റെ സൃഷ്ടിയില്‍ അവന്‍ ജീവിക്കുന്നു. അതിൻ്റെ ഫലവും അനുഭവിക്കുന്നു. അതിനു് ഈശ്വരനെ പഴി പറഞ്ഞിട്ടോ, കുറ്റക്കാരനാക്കിയിട്ടോ കാര്യമില്ല. ഈശ്വരൻ്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല. കഷ്ടത എന്താണെന്നു കാണുകപോലുമില്ല.

ചോദ്യം : എല്ലാറ്റിനും കാരണമായിരിക്കുന്നതു് ഈശ്വരനാണെങ്കില്‍ ഇന്നു കാണുന്ന അനേക രോഗങ്ങള്‍ക്കും കാരണം ഈശ്വരന്‍തന്നെയല്ലേ?

അമ്മ: ഈശ്വരനാണു് എല്ലാറ്റിനും കാരണമെങ്കില്‍ എങ്ങനെ ജീവിക്കണം എന്നും അവിടുന്നു പറഞ്ഞുതന്നിട്ടുണ്ടു്. അതാണു മഹാത്മാക്കളുടെ വചനങ്ങള്‍. അതനുസരിക്കാത്തതു മൂലമുണ്ടാകുന്ന കഷ്ടതകള്‍ക്കു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കാം എന്നു കാണിക്കുന്ന ഒരു പുസ്തകം കൂടി തരും. അതു വായിക്കാന്‍ മെനക്കെടാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിച്ചാല്‍ അതു ചീത്തയാകും. ടോണിക്കു് ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ളതാണു്. എങ്ങനെ അതു കഴിക്കണം എന്നു ഡോക്ടര്‍ പറയുന്നതു ശ്രദ്ധിക്കാതെ ഒറ്റയടിക്കു മുഴുവനും കുടിക്കുകയാണെങ്കില്‍ ഉള്ള ആരോഗ്യം കൂടി നഷ്ടമാകും. റേഡിയോ ശരിക്കു ടൃൂൺ ചെയ്തില്ലെങ്കില്‍ അതില്‍നിന്നു പുറപ്പെടുന്ന ശബ്ദം കേള്‍ക്കുന്നതുതന്നെ അലര്‍ജിയായിത്തീരും. എന്നാല്‍ ശരിയായി ടൃൂൺ ചെയ്താല്‍ അതിലെ ഓരോ പാട്ടും സന്തോഷവും സംതൃപ്തിയും പകരും.

അതുപോലെ ജീവിതത്തിൻ്റെ മര്‍മ്മം അറിഞ്ഞു ജീവിക്കാത്തതുകൊണ്ടു മനുഷ്യന്‍ അസ്വസ്ഥനാകുന്നു. അപകടത്തില്‍ പതിക്കുന്നു. എന്നാല്‍ മര്‍മ്മം അറിഞ്ഞു ജീവിക്കുമ്പോള്‍ ആനന്ദം നേടുന്നു. സത്സംഗങ്ങളില്‍ക്കൂടിയോ, ഗുരുകുലങ്ങളില്‍നിന്നോ ജീവിതത്തിൻ്റെ ശരിയായ മര്‍മ്മം മനസ്സിലാക്കാന്‍ കഴിയും. സത്സംഗം ശ്രവിക്കുന്നതിലൂടെതന്നെ ജീവിതത്തിൻ്റെ പല പ്രശ്‌നങ്ങളും ഒഴിവാകും. എന്നാല്‍, അതില്‍ത്തന്നെ ജീവിക്കുന്ന ഗുരുക്കന്മാരുടെ സാമീപ്യത്തില്‍, അവരുടെ നിര്‍ദ്ദേശമനുസരിച്ചു ജീവിതം നയിച്ചാല്‍, ജീവിതം ആനന്ദം മാത്രമായിരിക്കും. ഒരിക്കലും അപകടത്തില്‍ച്ചെന്നു വീഴേണ്ടിവരില്ല. ഗുരുസാമീപ്യത്തിനോ, സത്സംഗത്തിനോ അവസരം ലഭിക്കാത്തവരുടെ ജീവിതം അധോഗതിതന്നെ.

ഇന്നു കാണുന്ന അനേകം രോഗങ്ങള്‍ക്കു കാരണം സ്വാര്‍ത്ഥത മൂലം മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ദുഷ്പ്രവൃത്തികളാണു്. വിഷം കലര്‍ന്നതും മായം ചേര്‍ത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങളാണു് ഇന്നു മനഷ്യന്‍ കഴിക്കുന്നതു്. മനുഷ്യന്‍ ശ്വസിച്ചാല്‍ മരിക്കത്തക്ക വീര്യമുള്ള മരുന്നുകളും വളങ്ങളുമാണു പച്ചക്കറികളും നെല്ലും മറ്റും നടുമ്പോള്‍ മുതല്‍ നല്കുന്നതു്. അങ്ങനെ കിട്ടുന്ന വിളവുകളാണു നമ്മള്‍ കഴിക്കുന്നതു്. കൂടാതെ അമിതലാഭത്തിനു വേണ്ടി ചേര്‍ക്കുന്ന മായവും. പിന്നെ എങ്ങനെ അസുഖം ഉണ്ടാകാതിരിക്കും? ഇതിനും പുറമെ കള്ളു്, കഞ്ചാവു് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലവും ധാരാളം രോഗങ്ങള്‍ ഉണ്ടാകുന്നു. രോഗത്തിനു ചികിത്സിക്കുവാന്‍ ചെന്നാല്‍ ശുദ്ധമായ മരുന്നു ലഭിക്കുവാനില്ല. അതിലും മായമാണു്. ഇങ്ങനെ മനുഷ്യൻ്റെ മനുഷ്യത്വം മറന്നുള്ള പ്രവൃത്തികളാണു രോഗങ്ങള്‍ ഇന്നിത്രയും പെരുകുവാനുള്ള കാരണം. അതിനു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല, ഈശ്വരന്‍ ആര്‍ക്കും രോഗം നല്കുന്നില്ല. ആരെയും കഷ്ടപ്പെടുത്തുന്നുമില്ല. ഈശ്വരൻ്റെ സൃഷ്ടിയില്‍ ഒന്നും അപൂര്‍ണ്ണമല്ല. മനുഷ്യനാണു് എല്ലാം വികൃതമാക്കുന്നതു്. ഈശ്വരൻ്റെ ഇച്ഛയ്ക്കനുസരിച്ചു ജീവിക്കണം. പ്രകൃതിയുടെ താളത്തിനനുസൃതമായി ജീവിക്കണം. എന്നാല്‍ ഇന്നത്തെ മിക്ക രോഗങ്ങളും ഒഴിവാക്കാം.