ചോദ്യം : ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ എന്നു ഗീതയില്‍ പറയുന്നു. ഫലം ഇച്ഛിക്കാതെ എങ്ങനെ കര്‍മ്മം ചെയ്യുവാന്‍ കഴിയും ?

അമ്മ: ദുഃഖം ഒഴിവാക്കിയ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടിയാണു ഭഗവാന്‍ അങ്ങനെ പറഞ്ഞതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചു വേവലാതിപ്പെടാതെ കര്‍മ്മം ശ്രദ്ധയോടെ ചെയ്യുക. ഫലം ലഭിക്കേണ്ടതു ലഭിക്കുകതന്നെ ചെയ്യും. പഠിക്കുമ്പോള്‍ ശ്രദ്ധിച്ചു പഠിക്കുക. ജയിക്കുമോ, തോല്ക്കുമോ എന്നോര്‍ത്തു വിഷമിക്കേണ്ട ആവശ്യമില്ല. കെട്ടിടം പണിയുമ്പോള്‍ അതു വീഴുമോ വീഴുമോ എന്നു് ആലോചിച്ചു തല പുണ്ണാക്കാതെ, കണക്കനുസരിച്ചു ഭംഗിയായി പണിയുവാനാണു ശ്രദ്ധിക്കേണ്ടതു്. നല്ല കര്‍മ്മം ചെയ്താല്‍ തീര്‍ച്ചയായും നല്ല ഫലം കിട്ടും. കല്ലില്ലാത്ത നല്ല പാകത്തിനുള്ള അരിയാണെങ്കില്‍ എല്ലാവരും വാങ്ങും. ശ്രദ്ധിച്ചു നെല്ലു പുഴുങ്ങി ഉണക്കിക്കുത്തി അരിയാക്കിയ ആ പ്രയത്‌നത്തിനുവേണ്ട ഫലം കിട്ടിയില്ലേ? എന്നാല്‍ അമിതലാഭം കൊതിച്ചു കൃത്രിമം ചെയ്തിരുന്നുവെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള ശിക്ഷ ലഭിക്കുകതന്നെ ചെയ്യും. മനസ്സിനും അശാന്തിയാകും. അതിനാല്‍ കര്‍മ്മം ശ്രദ്ധയോടെ, ഈശ്വരാര്‍പ്പണബോധത്തോടെ ചെയ്യുകയാണു വേണ്ടതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചാലും ഇല്ലെങ്കിലും ചെയ്ത കര്‍മ്മത്തിനുള്ള ഫലം യാതൊരു കുറവും കൂടുതലും കൂടാതെ ലഭിക്കുകതന്നെ ചെയ്യും. പിന്നെ എന്തിനു ഫലത്തെക്കുറിച്ചു ചിന്തിച്ചു സമയം കളയണം. ആ സമയംകൂടി കര്‍മ്മം ഭംഗിയാക്കുന്നതില്‍ ശ്രദ്ധിച്ചുകൂടേ? സമയം നഷ്ടമാക്കാതെ ഈശ്വരചിന്ത ചെയ്തുകൂടേ?

ചോദ്യം : തെറ്റും ശരിയുമെല്ലാം ചെയ്യിക്കുന്നതു് ഈശ്വരനല്ലേ?

അമ്മ: എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നുവെന്നു ബോധമുണ്ടെങ്കില്‍ ഇതു ശരിയാണു്. ശരി ചെയ്തു് അതിൻ്റെ ഗുണം കിട്ടുമ്പോഴും, തെറ്റു ചെയ്തു ശിക്ഷ ലഭിക്കുമ്പോഴും സമഭാവത്തില്‍ ‘എല്ലാം ഈശ്വരന്‍ തരുന്നു’ എന്നു കാണുവാന്‍ കഴിയണം.

തെറ്റുകള്‍ക്കുത്തരവാദി ഈശ്വരനല്ല; നമ്മളുതന്നെയാണു്. ടോണിക് ശരീരപുഷ്ടിക്കുള്ളതാണു്; ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്നു ഡോക്ടര്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. അതനുസരിക്കാതെ മുഴുവനും ഒറ്റ പ്രാവശ്യമായി കഴിച്ചു് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? അശ്രദ്ധയോടെ വണ്ടിയോടിച്ചു് എവിടെയെങ്കിലും കൊണ്ടിടിച്ചിട്ടു പെട്രോളിനെ കുറ്റം പറയുന്നതു പോലെയാണു നമ്മുടെ അറിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്കു് ഈശ്വരനെ പഴി പറയുന്നതു്. എങ്ങനെ ഈ ലോകത്തു ജീവിക്കണം എന്നു് അവിടുന്നു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ടു്. അതനുസരിക്കാത്തതു മൂലമുള്ള ഭവിഷ്യത്തുകള്‍ക്കു് ഈശ്വരനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

ചോദ്യം : അമ്മ പറയാറുണ്ടല്ലോ, കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്?

(തുടർച്ച)

അമ്മ: ഒരു ഗ്രാമത്തില്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ടു് എട്ടുപത്തു വര്‍ഷമായെങ്കിലും രണ്ടുകൂട്ടര്‍ക്കും കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്ത ദുഃഖം മൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കുന്നതിനുവേണ്ടി ദിവസവും ഈശ്വരനോടു കരഞ്ഞു പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം സ്വപ്നത്തില്‍ ഒരു ദര്‍ശനമുണ്ടായി. ഒരു ദേവന്‍ വന്നു ചോദിച്ചു ”കുട്ടികളുണ്ടായാല്‍ നിനക്കു തൃപ്തിയാകുമോ?” അയാള്‍ പറഞ്ഞു, ”കുട്ടിയെ കിട്ടാതെ എനിക്കു ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല. കുട്ടി ജനിച്ചാല്‍ അതോടെ ഞാന്‍ തൃപ്തനാകും.” ദേവന്‍ അനുഗ്രഹിച്ചിട്ടു മറഞ്ഞു. അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല, ഭാര്യ ഗര്‍ഭിണിയായി. അതറിഞ്ഞപ്പോള്‍ മുതല്‍ സന്തോഷം. പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. കുട്ടിക്കു് അവയവങ്ങള്‍ എല്ലാം ഉണ്ടായിരിക്കുമോ, അസുഖം കാണുമോ, സുന്ദരനായിരിക്കുമോ, ഇതുതന്നെയായി ചിന്ത. കുട്ടിക്കുവേണ്ടി ആയിരുന്നുവെങ്കില്‍ക്കൂടി, ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന ആ മനുഷ്യനു് ഇപ്പോള്‍ ഒരുനിമിഷംപോലും ഈശ്വരനെ ചിന്തിക്കുവാന്‍ സമയമില്ല. ജനിക്കാനിരിക്കുന്ന കുട്ടിയെപ്പറ്റി മാത്രമായിരുന്നു ചിന്ത. ഒരു നിമിഷം സ്വസ്ഥതയില്ല.
ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിയുടെ പഠിത്തക്കാര്യങ്ങള്‍ക്കും മറ്റുമായി പണം സൂക്ഷിച്ചുവയ്ക്കുവാന്‍ തുടങ്ങി. കഷ്ടപ്പെട്ടു ജോലിചെയ്തും കൈക്കൂലി വാങ്ങിയും പണം സമ്പാദിക്കുവാന്‍ തീരുമാനിച്ചു. കുട്ടിക്കു പ്രായമായപ്പോള്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്നും മകന്‍ പോയിക്കഴിഞ്ഞാല്‍പ്പിന്നെ അവനെക്കറിച്ചു മാത്രമാണു ചിന്ത. മകന്‍ എവിടെയെങ്കിലും വീണു കാണുമോ, ആരെങ്കിലും ഉപദ്രവിക്കുമോ കുട്ടി തിരിച്ചെത്തുന്നതുവരെയും സ്വസ്ഥതയില്ല. കുട്ടി വലുതാകുന്തോറും അവൻ്റെ ദുശ്ശാഠ്യവും കുസൃതിയും വര്‍ദ്ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാതെയായി. ഇപ്പോള്‍ അവൻ്റെ ഭാവിയെക്കുറിച്ചായി ചിന്ത മുഴുവന്‍. വളര്‍ച്ചയ്ക്കനുസരിച്ചു് അവൻ്റെ ദുഃസ്വഭാവങ്ങളും വളര്‍ന്നതേയുള്ളൂ. സ്‌കൂളില്‍നിന്നു ദിവസവും മകനെക്കുറിച്ചുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും പരാതികേട്ടു് അച്ഛനുമമ്മയും മടുത്തു. കോളേജില്‍ എത്തിയതോടെ മദ്യപാനവും തുടങ്ങി. വീട്ടില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു പണം വാങ്ങുന്നതു നിത്യസംഭവമായി. മാതാപിതാക്കളെ ശകാരിക്കുന്നതു പോകട്ടെ, ഉപദ്രവിക്കുവാനും മടിയില്ലാതെയായി. മകന്‍ കോളേജില്‍നിന്നും വരുന്ന സമയത്തു്, അച്ഛനുമമ്മയ്ക്കും പേടിയാണു്. സമ്പത്തുകള്‍ ഓരോന്നായി മകന്‍ വിറ്റു നശിപ്പിച്ചു. ഒരു ദിവസം പണം നല്കുവാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും അവന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ജീവന്‍ നഷ്ടപ്പെടുമോ എന്നു ഭയന്നു്, സമ്പത്തു മുഴുവന്‍ നഷ്ടമായ അവര്‍ കടം വാങ്ങി മകന്‍ ആവശ്യപ്പെട്ടതെല്ലാം നല്കി. കടം വാങ്ങിയതു തിരിച്ചു നല്കുവാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടുകാരും അവരെ വെറുത്തു, കടം കൊടുക്കാതെയായി. മാതാപിതാക്കളെക്കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു മനസ്സിലായപ്പോള്‍ പുത്രനൊടുവില്‍ അവരെ ഉപേക്ഷിച്ചു പോയി. മകനു വേണ്ടിയാണു് അവര്‍ ജീവിച്ചതു്; പക്ഷേ, മകനും നഷ്ടമായി, നാട്ടുകാരും വെറുത്തു. അവര്‍ക്കു കരയുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ജീവിതത്തില്‍ നിരാശ മാത്രമായി. ഭൗതിക സുഖം മാത്രം ആഗ്രഹിച്ചുപോയാല്‍ അതിലെ ദുഃഖംകൂടി അനുഭവിക്കുവാന്‍ തയ്യാറാകണം.

ഇദ്ദേഹത്തിൻ്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല; ഈശ്വരനുവേണ്ടി ആയിരുന്നു. അദ്ദേഹത്തിൻ്റെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തി ആയിരുന്നു. കുട്ടികളില്ലല്ലോ എന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല. ”എനിക്കു കുട്ടികളില്ല, അതിനാല്‍ എല്ലാവരെയും നിൻ്റെ കുട്ടികളായി കാണുവാനുള്ള കഴിവു തരണേ” എന്നാണയാള്‍ പ്രാര്‍ത്ഥിച്ചിരുന്നതു്. ഈശ്വരൻ്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിനു് അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാകുവാനാണു പ്രാര്‍ത്ഥിക്കേണ്ടതു് ഇതായിരുന്നു അദ്ദേഹത്തിൻ്റെ ഭാവം. അദ്ദേഹം യഥാര്‍ത്ഥതത്ത്വം മനസ്സിലാക്കിയ ആളായിരുന്നു. എന്താണു ശാശ്വതമായിട്ടുള്ളതു്, എന്താണു ജീവിതം ഇതു് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം എപ്പോഴും ഈശ്വരനാമം ഉരുവിട്ടും ജോലി കഴിഞ്ഞു കിട്ടുന്ന സമയം തൻ്റെ അടുത്തുവരുന്നവരുമായി ഭഗവദ് കഥകള്‍ പറഞ്ഞും ഈശ്വരകീര്‍ത്തനങ്ങള്‍ പാടിയും ആനന്ദിച്ചു. അദ്ദേഹത്തിനും ആനന്ദം അടുത്തു വരുന്നവര്‍ക്കും ആനന്ദം. എല്ലാവരെയും സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനസ്സു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം ദിവസവും ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. തൻ്റെ വരുമാനത്തിൻ്റെ ഒരുഭാഗം ധാര്‍മ്മിക കാര്യങ്ങള്‍ക്കു ചെലവഴിക്കുവാനും മറന്നില്ല. കുട്ടി ജനിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കിലും, അദ്ദേഹത്തിൻ്റെ നിഷ്‌കാമഭക്തിമൂലം ഈശ്വരന്‍ പ്രസാദിച്ചു. അദ്ദേഹത്തിനു് ഒരു കുട്ടി ജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിൻ്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. പിന്നീടും ഭഗവാനില്‍ മനസ്സുറപ്പിച്ച ജീവിതമാണവര്‍ നയിച്ചതു്. ഭഗവദ് കഥകള്‍ കേള്‍പ്പിച്ചും ഭഗവന്നാമങ്ങള്‍ ജപിപ്പിച്ചുമാണു ചെറുപ്പം മുതലെ കുട്ടിയെ വളര്‍ത്തിയതു്. അതുമൂലം കുട്ടി സത്‌സ്വഭാവിയായി. സര്‍വ്വര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ കുട്ടിയോടു് അമിതമായ മമത പുലര്‍ത്തിയില്ല. ഭഗവാനെത്തന്നെ മുറുകെപ്പിടിച്ചു. വാര്‍ദ്ധക്യമടുക്കുന്തോറും ആരുടെയും കൂട്ടു പ്രതീക്ഷിച്ചില്ല. ഭഗവാനെത്തന്നെ ചിന്തിച്ചുകഴിഞ്ഞു. അതിനനുസരിച്ചു് അടുത്തു വരുന്നവര്‍ കൂടുതല്‍ ആദരവോടും ബഹുമാനത്തോടും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനും തുടങ്ങി. ഈശ്വരനിലുള്ള അദ്ദേഹത്തിൻ്റെ നിഷ്‌കളങ്കഭക്തിയും, എല്ലവരോടുമുള്ള ശുദ്ധമായ സ്നേഹവും മൂലം സര്‍വ്വരും അദ്ദേഹത്തില്‍ ആകൃഷ്ടരായി. സ്വാര്‍ത്ഥതയൊഴിഞ്ഞ ജീവിതമായതിനാല്‍ എപ്പോഴും ആനന്ദം മാത്രം. കുട്ടി ജനിക്കുന്നതിനു മുന്‍പും പിന്‍പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.

രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടെതു കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റെയാളുടെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കുവാന്‍ കഴിഞ്ഞു. ”സര്‍വ്വരെയും നിൻ്റെ കുട്ടികളായിക്കാണുവാനുള്ള ശക്തി തരൂ” എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ആനന്ദം മാത്രമല്ല, തന്നെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല അനേകം ആളുകളുമുണ്ടായി. ആദ്യത്തെയാള്‍ തൻ്റെ സര്‍വ്വസ്വവും മകനാണെന്നു കരുതി. മകന്‍ എന്നെന്നും കൂടെയുണ്ടായിരിക്കണമെന്നു ചിന്തിച്ചു. അദ്ദേഹത്തിനു് ഈശ്വരന്‍ ആഗ്രഹം സാധിക്കുവാനുള്ള ഒരുപാധി മാത്രമായിരുന്നു. കാര്യം നേടിക്കഴിഞ്ഞപ്പോള്‍ ഈശ്വരനെ പാടേ മറന്നു. അതുമൂലം മകന്‍ നഷ്ടമായപ്പോള്‍ തീരാദുഃഖത്തിലായി. രണ്ടാമത്തെയാളാകട്ടെ, സത്യവും നിത്യവുമായിട്ടുള്ളതു് ഈശ്വരന്‍ മാത്രമാണെന്നു മനസ്സിലാക്കി. മിഥ്യയായ ഈ ലോകത്തില്‍ ശാശ്വതമായതു് ഈശ്വരന്‍ മാത്രമാണെന്നറിഞ്ഞു. സ്വന്തം സുഖത്തില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. തൻ്റെ പുത്രനും ബന്ധുക്കളും സമ്പത്തും ഒന്നും തന്നെ പിന്തുടരില്ലെന്നും അറിയാമായിരുന്നു. അതിനാല്‍ ശാശ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ അദ്ദേഹത്തിനു ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു. അതിനു യോജിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതു്. അവരുടെതു തത്ത്വമറിഞ്ഞുള്ള ഭക്തിയായിരുന്നു. തങ്ങളെ ആരു വെറുത്താലും അവര്‍ക്കു ദുഃഖമില്ലായിരുന്നു. വെറുത്തവരെപ്പോലും സ്നേഹിക്കുവാന്‍ കഴിഞ്ഞു. ഈശ്വരനില്‍ സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നതിനാല്‍ ജീവിതം അവര്‍ക്കു് ആനന്ദമായിരുന്നു.

മക്കളേ, ഭക്തി ഈശ്വരനെ മാത്രം കാംക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം. അപ്പോള്‍ എല്ലാം അവിടുന്നു തരും. വാര്‍ദ്ധക്യത്തില്‍ ആരു നോക്കുമെന്ന വേവലാതി വേണ്ട. ഒരു ഭക്തനും നോക്കാനാളില്ലാതെ കഷ്ടപ്പെട്ടിട്ടില്ല. പട്ടിണി കിടന്നു മരിച്ചിട്ടില്ല. മരിച്ചു കഴിഞ്ഞാലുള്ള കാര്യത്തെക്കുറിച്ചു് എന്തിനു ചിന്തിക്കണം? ചത്തു കുറച്ചു കഴിയുമ്പോള്‍ നാറും. ആരെങ്കിലും കുഴിച്ചിടും. ആ വക കാര്യങ്ങളെക്കുറിച്ചോര്‍ത്തു ജീവിതം തുലയേ്ക്കണ്ട കാര്യമില്ല. ഇന്നലത്തെക്കുറിച്ചോര്‍ത്തും നാളത്തെക്കുറിച്ചു ചിന്തിച്ചും എന്തിനു് ആധി കയറണം. ഒരു നിമിഷം മുന്‍പുവരെ കഴിഞ്ഞ കാര്യങ്ങള്‍ കാന്‍സലായ ഒരു ചെക്കുപോലെയാണു്. അതിനെക്കുറിച്ചോര്‍ത്തു തളര്‍ന്നിട്ടു കാര്യമില്ല. ‘ഇന്നു’ നിങ്ങള്‍ ശ്രദ്ധയോടെ ജീവിക്കുക; ‘നാളെ’ നിങ്ങള്‍ക്കു കൂട്ടുകാരനായി വരും.അമ്മ, ഭക്തി വേണമെന്നു പറഞ്ഞു. പക്ഷേ, നാമം ജപിച്ചിട്ടു മറ്റുള്ളവരെ ദുഷിക്കുന്നതു ഭക്തിയല്ല. അസൂയയും വിദ്വേഷവും മനസ്സില്‍ വളര്‍ത്തുന്നതു ഭക്തിയല്ല. എല്ലാവരെയും ഈശ്വരനായിക്കാണുവാന്‍ കഴിയണം. അതാണു ഭക്തി. നല്ല കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നതും ഭക്തിയാണു്. നിത്യാനിത്യവിവേചനത്തെയാണു് അമ്മ ഭക്തിയെന്നു പറയുന്നതു്. അതാണു നമുക്കു വേണ്ടതു്.

ചോദ്യം : അമ്മ പറയാറുണ്ടല്ലോ, കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്?

അമ്മ: തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. ഒരു മെഷീന്‍ മേടിച്ചാല്‍, അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കണം എന്നു് അതിൻ്റെ കൂടെ തരുന്ന ബുക്കില്‍ പറഞ്ഞിരിക്കും. അതു വായിച്ചു മനസ്സിലാക്കാതെ തോന്നിയപോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മെഷീന്‍ കേടാകും. റേഡിയോ ശരിയായ രീതിയില്‍ ട്യൂൺ ചെയ്തില്ലായെങ്കില്‍ ‘കിറുകിറ’ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടാകൂ. അതുപോലെ ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ പാതയിലൂടെ ജീവിതം നയിക്കണം എന്നു പഠിപ്പിക്കുന്നതാണു ഭക്തി. ഒരു യഥാര്‍ത്ഥ ഭക്തൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. എന്നാല്‍ തത്ത്വമറിയാതെയുള്ള ഭക്തിയാണെങ്കില്‍ ജീവിതത്തിലുടനീളം അപശ്രുതി മാത്രമായിരിക്കും. ജീവിതം ആനന്ദദായകമാകില്ല. അതുകൊണ്ടാണു് ‘മക്കള്‍ തത്ത്വമറിഞ്ഞു ഭജിക്കൂ, ഭക്തിക്കുവേണ്ടി ഈശ്വരനെ വിളിക്കൂ’ എന്നു പറയുന്നതു്.

ഇന്നുള്ളവരില്‍ മിക്കവരുടെയും ഭക്തി ആഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണു്. തത്ത്വം മനസ്സിലാക്കിയല്ല അവര്‍ ഭജിക്കുന്നതു്. എന്തെങ്കിലും കാര്യം സാധിക്കുവാനുണ്ടെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകും. നേര്‍ച്ച നേരും. അതു ഭക്തിയല്ല. അതിനെ ഭക്തിയുടെ കൂട്ടത്തില്‍പ്പെടുത്തുവാനും കഴിയില്ല. അതില്‍നിന്നും ആനന്ദം ലഭിക്കുമെന്നും കരുതേണ്ട. കാര്യം സാധിച്ചാല്‍ ഈശ്വരനോടു സ്നേഹം; സാധിച്ചില്ലെങ്കില്‍ വെറുപ്പു്. അവരുടെതു വിശ്വാസം തകര്‍ന്ന ജീവിതമായിരിക്കും.

(തുടരും)

ചോദ്യം: അമ്മേ, ആദ്ധ്യാത്മികം, ഭൗതികം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തിരിക്കുന്നവാന്‍ കഴിയുമോ, ഏതാണു് ആനന്ദദായകം?

അമ്മ: മക്കളേ, ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളതു്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ഭൗതികം അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണു്. പായസത്തിനു മധുരം നല്കുന്ന ശര്‍ക്കരപോലെയാണു് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ മാധുര്യമുള്ളതാക്കുന്നു.

ഭൗതികത്തെ ആശ്രയിച്ചാല്‍ അതില്‍ ദുഃഖമുണ്ടു്. ഭൗതികസുഖം മാത്രം ആഗ്രഹിക്കുന്നവര്‍ ദുഃഖംകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അങ്ങനെയുള്ളവര്‍മാത്രം ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഭൗതികം എപ്പോഴും നമ്മളെ അലട്ടിക്കൊണ്ടും ദുഃഖിപ്പിച്ചുകൊണ്ടുമിരിക്കും. ഇതിനര്‍ത്ഥം ഭൗതികം പൂര്‍ണ്ണമായും ത്യജിക്കണമെന്നല്ല. ആദ്ധ്യാത്മികം കൂടി മനസ്സിലാക്കി ഭൗതികജീവിതം നയിക്കണമെന്നേ അമ്മ പറയുന്നുള്ളൂ. അങ്ങനെയാകുമ്പോള്‍ ദുഃഖിച്ചു തളരേണ്ടി വരില്ല. ഈ ലോകത്തു് ഇന്നു സ്വന്തമെന്നും ബന്ധുവെന്നും പറയുന്നവരാരുംതന്നെ നമുക്കു കൂട്ടല്ല. ഇന്നു ബന്ധുക്കളെന്നു പറയുന്നവരാരുംതന്നെ യഥാര്‍ത്ഥ ബന്ധുവല്ല. ഈശ്വരന്‍ മാത്രമാണു യഥാര്‍ത്ഥ ബന്ധു. മറ്റുള്ളവരെല്ലാം ഏതു നിമിഷവും നമ്മുടെ ശത്രുക്കളാകും. ഓരോരുത്തരും സ്വന്തം സുഖം മാത്രം ഇച്ഛിച്ചാണു നമ്മളെ സ്നേഹിക്കുന്നതു്. രോഗം വന്നാലും ദുഃഖം വന്നാലും അപകടമുണ്ടായാലും നമ്മള്‍തന്നെ അനുഭവിക്കണം. അതിനാല്‍ ബന്ധം ഈശ്വരനോടു മാത്രമാകട്ടെ. ഭൗതികത്തോടു ബന്ധം സ്ഥാപിച്ചാല്‍ അതില്‍നിന്നും മോചനം നേടുക വളരെ പ്രയാസമാണു്. എത്ര ജന്മമെടുത്താലാണു് അതില്‍നിന്നു മുക്തിനേടാന്‍ സാധിക്കുക? അതിനാല്‍ ഒരു കടമ നിറവേറ്റുന്നതുപോലെ ആയിരിക്കണം നമ്മുടെ ജീവിതം. അങ്ങനെയാകുമ്പോള്‍ ആരു ദ്വേഷിച്ചാലും, ആരുപേക്ഷിച്ചാലും ദുഃഖിച്ചു തളരേണ്ടിവരില്ല. നിരാശപ്പെടേണ്ടി വരില്ല. ‘ഞാന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന അവരെന്നെ വെറുത്തുവല്ലോ’ എന്നോര്‍ത്തു ബുദ്ധിഭ്രമം സംഭവിച്ചു ഭ്രാന്തനായിത്തീരേണ്ട. കൈമുറിഞ്ഞിട്ടു കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പൊറുക്കുകയില്ല. അതുപോലെയാണു സമ്പത്തും ബന്ധുക്കളും നഷ്ടമാകുമ്പോള്‍ കരഞ്ഞു തളരുന്നതും. കരഞ്ഞതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്? എന്നാല്‍ ‘ഇന്നു കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം’ എന്നു മനസ്സിലാക്കി ജീവി ച്ചാല്‍ ആരു വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്നേഹിക്കണം. പക്ഷേ, സ്നേഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹി ക്കണം. ദുഃഖിക്കാതിരിക്കുന്നതിനു വേണ്ടിയാണിതു്.
ഭൗതികം ദുഃഖം കലര്‍ന്നതാണു്. എന്നാല്‍ ആദ്ധ്യാത്മികം മനസ്സിലാക്കിയിരുന്നാല്‍ അതു് ആനന്ദദായകംതന്നെ. പ്രത്യേക പരിശീലനം കൂടാതെ കടലില്‍ നീന്താനിറങ്ങിയാല്‍ തിരയില്‍ പെട്ടു പോകും. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ കടലില്‍ നീന്താന്‍ പഠിച്ചവര്‍ക്കു് ഏതു വലിയ തിരയെ മുറിച്ചു കടക്കുവാനും പ്രയാസമില്ല. അതുപോലെ ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ഏതു പ്രതിബന്ധത്തിലും തളരാതെ മുന്നോട്ടു പോകുവാന്‍ കഴിയും. ഏതു സാഹചര്യത്തെയും അതിജീവിക്കുവാന്‍ സാധിക്കും. ഒരു വസ്തുവില്‍ ആനന്ദം കണ്ടെത്തുന്നതും മറ്റൊരു വസ്തുവിനെ വെറുക്കുന്നതും മനസ്സുകൊണ്ടാണു്. ചിലര്‍ക്കു സിഗററ്റില്ലാതെ ജീവിക്കുവാന്‍ കഴിയില്ല. മറ്റു ചിലര്‍ക്കാകട്ടെ സിഗററ്റിന്റെ പുകയേറ്റാല്‍ അസ്വസ്ഥതയാണു്. സുഖവും ദുഃഖവും മനസ്സിലാണു്. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിച്ചു ശരിയായ പാതയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ ആനന്ദം മാത്രമായിരിക്കും. അതിനുള്ള മനസ്സിന്റെ വിദ്യയാണു് ആദ്ധ്യാത്മികവിദ്യ. അതു മനസ്സിലാക്കി ജീവിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.

എപ്പോഴും ഭഗവന്നാമങ്ങള്‍ ജപിച്ചും, അവിടുത്തെ കാര്യങ്ങള്‍മാത്രം സംസാരിച്ചും, സ്വാര്‍ത്ഥത വെടിഞ്ഞു സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചും ഒരു ജീവിതം നയിക്കാന്‍ നോക്കുക. ദുഃഖിക്കേണ്ടി വരില്ല. ലോകത്തുള്ള സര്‍വ്വതിനോടും ബന്ധം സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ടു് ഈശ്വരനോടു ബന്ധം സ്ഥാപിച്ചു കൂടാ? ലോകത്തിലുള്ള സര്‍വ്വകാര്യങ്ങളും പറയുവാന്‍ അറിയുന്ന നാവിനെക്കൊണ്ടു ഭഗവന്നാമങ്ങള്‍ ജപിക്കുവാന്‍ എന്തുകൊണ്ടു ശീലിപ്പിച്ചുകൂടാ? അങ്ങനെയായാല്‍ നമുക്കുമാത്രമല്ല, നമ്മുടെ സമീപത്തു വരുന്നവര്‍ക്കും നമ്മില്‍നിന്നും ശാന്തി ലഭിക്കും. എന്നാല്‍ സാധാരണ മനുഷ്യരാകട്ടെ, അവരുടെ ദുഃഖങ്ങള്‍ വരുന്നവരോടെല്ലാം പറയുന്നതു മൂലം അവരുടെ ദുഃഖം മാറുന്നതുമില്ല, അതു കേള്‍ക്കുന്നവരുടെ മനസ്സും അസ്വസ്ഥമാകുന്നു. ചെറിയ ചേര വലിയ തവളയെ വിഴുങ്ങുവാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. ഭഗവാനെ മറന്നു സ്വന്തം സുഖം മാത്രം ഇച്ഛിച്ചു ഭൗതികത്തെ ആശ്രയിച്ചു്, ഇത്തിരി സുഖത്തിനുവേണ്ടി ശേഷിക്കുന്ന സമയം മുഴുവന്‍ ദുഃഖിച്ചു കഴിയേണ്ടി വരുന്നതാണു ഭൗതികം. അശാന്തി അവര്‍ക്കു മാത്രമല്ല, അവരുടെ സമീപത്തിലുള്ളവര്‍ക്കും ലഭിക്കുവാനുള്ളതു് അതു മാത്രമാണു്. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞു് എല്ലാം അവിടുത്തേതു് എന്നുകണ്ടു്, സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചു ജീവിക്കുന്നതാണു് ആദ്ധ്യാത്മികം. അവര്‍ ശാന്തി അനുഭവിക്കുക മാത്രമല്ല, തങ്ങളുടെ സമീപത്തു വരുന്നവരിലും ശാന്തി വിതയ്ക്കുന്നു.