ചോദ്യം : ചില ഋഷിമാര്‍ കോപിച്ചിരുന്നതായി പറയുന്നുണ്ടല്ലോ?

അമ്മ: അവരുടെ ദേഷ്യം മറ്റുള്ളവരുടെ അഹങ്കാരത്തെ ഇല്ലാതാക്കുകയാണു ചെയ്തതു്. അവരുടെ ദേഷ്യവും കാരുണ്യമാണു്. അതു സാധാരണക്കാരുടെ കോപം പോലെയല്ല.

ഒരു ഗുരു ദ്വേഷിക്കുന്നതു ശിഷ്യൻ്റെ തമസ്സിനെ അകറ്റാനാണു്. പശു ചെടി തിന്നു നശിപ്പിക്കുന്ന സമയം ”പശുവേ, പശുവേ, ചെടി തിന്നല്ലേ, മാറു്” എന്നിങ്ങനെ പതുക്കെ പറഞ്ഞുകൊണ്ടു ചെന്നാല്‍ പശു മാറില്ല. എന്നാല്‍ ഗൗരവത്തില്‍, ഉച്ചത്തില്‍ ‘ഓടു പശുവേ’ എന്നു പറയുമ്പോള്‍ അതു മാറും. നമ്മുടെ ആ ഗൗരവഭാവം, തിരിച്ചറിവില്ലാത്ത അതിനെ ചെയ്തുകൊണ്ടിരുന്ന തെറ്റില്‍നിന്നും പിന്‍തിരിപ്പിച്ചു.

അതുപോലെ, ഗുരുക്കന്മാരുടെ ദേഷ്യം വെറും ഭാവനമാത്രമാണു്. ഉള്ളില്‍തട്ടി വരുന്നതല്ല. ശിഷ്യൻ്റെ മനസ്സിനെ വൃത്തിയാക്കുന്ന സോപ്പാണതു്. ശിഷ്യൻ്റെ ഉന്നതി മാത്രമാണു് അവരുടെ ലക്ഷ്യം. കരിഞ്ഞ കയറും നീറ്റുകക്കയും മറ്റും കണ്ടാല്‍ രൂപമുണ്ടു്, തൊട്ടാല്‍ പൊടിയും. അതുപോലെ, അവരുടെ ദേഷ്യം യഥാര്‍ത്ഥമല്ല, ഭാവന മാത്രമാണു്. മറ്റുള്ളവരെ നേര്‍വഴിക്കു നയിക്കുന്നതിനുവേണ്ടിയാണതു്.

ചോദ്യം : സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും?

അമ്മ: സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല.

അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി യുദ്ധംചെയ്തു മനഃപക്വത നേടേണ്ടതാണു്. നാനാത്വങ്ങള്‍ നിറഞ്ഞ ലോകത്തുനിന്നു വിജയിക്കുന്നവനേ വിജയിച്ചു എന്നു പറയുവാന്‍ പറ്റൂ.

ദേഷ്യം വരേണ്ട ഒരു സാഹചര്യത്തില്‍ ദ്വേഷിക്കാതിരിക്കുന്നതാണു ധീരത. ഏകാന്തമായിരുന്നു സാധന ചെയ്യുന്നവന്‍ ‘ഞാന്‍ കോപിക്കാറില്ല’ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അതു ധീരതയുടെ ലക്ഷണവുമല്ല. ഏകാന്തതയില്‍ സാധനചെയ്തതു കൊണ്ടു മാത്രം വാസനാക്ഷയം സംഭവിക്കണമെന്നില്ല. തണുപ്പുകൊണ്ടു മരവിച്ചു കിടക്കുന്ന പാമ്പു കൊത്താന്‍ വേണ്ടി പത്തി ഉയര്‍ത്താറില്ല. എന്നാല്‍ വെയിലേറ്റു കഴിയുമ്പോള്‍ അതിൻ്റെ സ്വഭാവം മാറും.

കുറുക്കന്‍ കാട്ടിലിരുന്നു തീരുമാനിക്കും ‘ഞാന്‍ ഇനി നായയെ കണ്ടാല്‍ കൂവില്ല’ എന്നു്. നാട്ടിലിറങ്ങി ഒരു നായയുടെ വാലു കണ്ടാല്‍ മതി, തീരുമാനം ഓടിയൊളിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ മനോനിയന്ത്രണം പാലിക്കുവാന്‍ കഴിയണം. അതിലാണു സാധനയുടെ വിജയം. സാധനയുടെ ഒരു ഘട്ടത്തില്‍, മുറിക്കകത്തു മാത്രം കഴിയുന്ന കുട്ടികളെപ്പോലെയാണു്. ദേഷ്യം അല്പം കൂടുതലാകാറുണ്ടു്. ആ സമയം ഗുരുമുഖത്തുനിന്നുകൊണ്ടു് അഭ്യാസം ചെയ്തു് അതിനെ അതിജീവിക്കാം.

ചോദ്യം : മനസ്സു് നന്നാകാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടു പ്രയോജനമുണ്ടോ?

അമ്മ: ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചതു്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എൻ്റെ മനസ്സിനില്ല. അതിനാല്‍ മനസ്സു നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം എന്നു മക്കള്‍ ചിന്തിക്കേണ്ട. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വച്ചാല്‍ കുളിക്കാന്‍ പറ്റില്ല. കരയിലിരുന്നു നീന്തു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല. നീന്തു പഠിക്കണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങണം.

ഡോക്ടര്‍ രോഗിയോടു ‘രോഗം ഭേദമായിട്ടു് എൻ്റെ അടുത്തു വന്നാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു ഡോക്ടറെ സമീപിക്കുന്നതു്. അതുപോലെ, മനസ്സു് ശുദ്ധമാക്കിത്തരേണ്ടതു് അവിടുന്നാണു്. അതിനുവേണ്ടിയാണു് നാം അവിടുത്തെ ആശ്രയിക്കുന്നതു്. ഈശ്വരനില്‍ക്കൂടി മാത്രമേ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ.

കഴിഞ്ഞ നിമിഷം വരെ നാം എങ്ങനെ ജീവിച്ചു എന്നതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട കാര്യമില്ല. അതു കാന്‍സല്‍ ചെയ്ത ചെക്കുപോലെയാണു്. പെന്‍സിലും അതിനടുത്തു റബ്ബറുമുണ്ടു്. എഴുതിയാലുടനെ മായ്ക്കുകയും ചെയ്യാം. പക്ഷേ, ഒരിക്കലേ മായ്ക്കുവാന്‍ പറ്റുകയുള്ളു. രണ്ടാമതെഴുതി മായ്ക്കുവാന്‍ ശ്രമിച്ചാല്‍ പേപ്പറു കീറും. അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ അവിടന്നു ക്ഷമിക്കും. പക്ഷേ, തെറ്റാണെന്നു് അറിഞ്ഞുകഴിഞ്ഞിട്ടു വീണ്ടും ആവര്‍ത്തിക്കുന്നതാണു് ഏറ്റവും വലിയ തെറ്റു്. അതു പാടില്ല.

ചോദ്യം : ഭഗവാനു ദുര്യോധനൻ്റെ മനസ്സു് മാറ്റി യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ?

അമ്മ: ഭഗവാന്‍ പാണ്ഡവരെയും കൗരവരെയും ദിവ്യരൂപം കാണിച്ചു. അര്‍ജ്ജുനനു ഭഗവാൻ്റെ മഹത്ത്വം അറിയാന്‍ കഴിഞ്ഞു. ദുര്യോധനനു സാധിച്ചില്ല. മാജിക്കാണെന്നു പറഞ്ഞു പാപം ഏറ്റു വാങ്ങി.

സമര്‍പ്പണം ഇല്ലാത്തവരെ എന്തുകാണിച്ചാലും പ്രയോജനമില്ല. അര്‍ഹതയും സ്വഭാവവും അനുസരിച്ചേ ആദ്ധ്യാത്മികം ഉപദേശിക്കാന്‍ കഴിയൂ.

ദുര്യോധനനു ശരീര സാക്ഷാത്കാരമായിരുന്നു പ്രധാനം. സത്സംഗത്തെ ചെവിക്കൊള്ളുവാനുള്ള മനസ്സില്ല. ഭഗവാന്‍ എന്തു പറഞ്ഞാലും അതു തൻ്റെ നന്മയ്ക്കു വേണ്ടിയല്ല, പാണ്ഡവപക്ഷം ചേര്‍ന്നു പറയുകയാണു് എന്നുള്ള ഭാവമാണു്. എന്തു പറഞ്ഞാലും എതിരായി മാത്രമേ ചിന്തിക്കുകയുള്ളൂ. അങ്ങനെയുള്ളവരുടെ അഹങ്കാരം മാറ്റുവാന്‍ യുദ്ധംകൊണ്ടു മാത്രമേ പറ്റുകയുള്ളൂ.

ചോദ്യം : പ്രയത്‌നംകൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

അമ്മ: ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു മുറിയില്‍ത്തന്നെ കഴിഞ്ഞു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനു മുന്‍പുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.