ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു.

ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് സങ്കല്പിച്ചുനോക്കുക. അപ്പോൾ മനുഷ്യനും ഇവിടെ ജീവിക്കാൻ കഴിയാതെ വരും.

ഇപ്പോൾത്തന്നെ എത്രയോ ജീവരാശികൾക്കു വംശനാശം സംഭവിച്ചുകഴിഞ്ഞു. ജീവിക്കാനുള്ള അവകാശം മനുഷ്യനു മാത്രമല്ല അവയ്ക്കുമുണ്ടു് എന്നു മനുഷ്യൻ മനസ്സിലാക്കണം. ദയയും കാരുണ്യവും മനുഷ്യനോടു മാത്രം പോരാ, സകല ജീവരാശിയോടും വേണം.

കൊതുകിനെയും കോഴിയെയും പശുവിനെയുമൊക്കെ കൂട്ടത്തോടെ കൊന്നതുകൊണ്ടു നമുക്കു രോഗങ്ങളിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല. പ്രകൃതിയുടെ താളലയം വിണ്ടെടുക്കാനാണു നാം ആദ്യം ശ്രമിക്കേണ്ടതു്.

ശാന്തിയുടെയും സമാധാനത്തിൻ്റെയും ഉറവിടം പ്രേമവും കാരുണ്യവുമാണു്. മനുഷ്യഹൃദയമാകുന്ന കൂമ്പിയ മൊട്ടു് ആ പ്രേമത്താൽ വിടരും. അപ്പോൾ അതിൻ്റെ സുഗന്ധം എങ്ങും പരക്കും.

ഹിന്ദുമതത്തില്‍, സനാതനധര്‍മ്മത്തില്‍ പല ദേവതകളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണുവാന്‍ കഴിയും. എങ്ങും നിറഞ്ഞുനില്ക്കുന്ന ആ ശക്തി. ഏകം സത് വിപ്രാ ബഹുധാ വദന്തി.

ഭാരതത്തില്‍ ഓരോ പ്രദേശത്തും വ്യത്യസ്ത ആചാര അനുഷ്ഠാനങ്ങളാണു നിലവിലുള്ളതു്. വ്യത്യസ്ത സംസ്‌കാരത്തില്‍ വളര്‍ന്നവരാണു് ഇവിടെയുള്ളതു്. പല ദേശക്കാരും പല രാജാക്കന്മാരും ഭരിച്ച നാടാണിതു്.

അതു കാരണം ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചുള്ള ആരാധനാ സമ്പ്രദായങ്ങളും പല ദേവതാ സങ്കല്പങ്ങളും നിലവില്‍ വന്നു. എന്നാല്‍ എല്ലാത്തിലും കുടികൊള്ളുന്ന ശക്തി ഒന്നു തന്നെയാണു്. പച്ച സോപ്പായാലും നീല സോപ്പായാലും ചുവന്ന സോപ്പായാലും പതച്ചാല്‍ എല്ലാം വെള്ള തന്നെ.

അതുപോലെ ഈ ദേവതകളിലെല്ലാം കുടികൊള്ളുന്ന ശക്തി ഒന്നുതന്നെ. ആ ഏക ദൈവത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടതു്. ആ ശക്തിചൈതന്യം നമ്മുടെ ഉള്ളിലുമുണ്ടു്. അതു് എങ്ങും നിറഞ്ഞു നില്ക്കുന്ന ചൈതന്യമാണു്.

പാടുന്ന കുയിലിലും കരയുന്ന കാക്കയിലും അലറുന്ന സമുദ്രത്തിലും ഗര്‍ജ്ജിക്കുന്ന സിംഹത്തിലുമെല്ലാം അതു് നിറഞ്ഞു നില്ക്കുന്നു. അതു് എങ്ങും നിറഞ്ഞുനില്ക്കുന്ന ശക്തിയാണു്. അതനുഭവിച്ചറിയേണ്ടതാണു്.

നമ്മുടെ കണ്ണിലൂടെ കാണുന്നതും ചെവിലൂടെ കേള്‍ക്കുന്നതും നാവില്‍ കൂടി രുചിക്കുന്നതും ആ ശക്തിതന്നെയാണു്. നാസികയില്‍ കൂടി മണക്കുന്നതും ത്വക്കിലൂടെ സ്പര്‍ശിക്കുന്നതും നടക്കുമ്പോള്‍ കാലിലൂടെ പ്രവര്‍ത്തിക്കുന്നതും എല്ലാം ആ ഒരു ശക്തിതന്നെ.

നമ്മളെല്ലാവരും മനനം ചെയ്യേണ്ട ചില ആശയങ്ങൾ അമ്മ നിങ്ങളുടെ മുൻപാകെ വയ്ക്കട്ടെ.

കഴിഞ്ഞകാല യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വേദനാജനകമായ ഓർമ്മകളിൽ നാം കുടുങ്ങി കിടക്കരുതു്. വിദ്വേഷത്തിൻ്റെയും മത്സരത്തിൻ്റെയും ഇരുണ്ട കാലങ്ങൾ മറന്നു്, വിശ്വാസത്തിൻ്റെയും, സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പുതിയ ഒരു കാലഘട്ടത്തിനു നമുക്കു സ്വാഗതമരുളാം. അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രയത്‌നിക്കാം.

ഒരു പ്രയത്‌നവും ഒരിക്കലും വെറുതെയാകില്ല. മരുഭൂമിയിൽ ഒരു പുഷ്പം വിടർന്നാൽ അത്രയും ആയില്ലേ? ആ ഒരു മനോഭാവത്തോടെ വേണം നാം പ്രയത്‌നിക്കുവാൻ. നമ്മുടെ കഴിവുകൾ പരിമിതമായിരിക്കാം. എങ്കിലും പ്രയത്‌നമാകുന്ന പങ്കായം കൊണ്ടു ജീവിതത്തോണി നാം തുഴഞ്ഞാൽ ഈശ്വരകൃപയാകുന്ന കാറ്റു നമ്മുടെ സഹായത്തിനെത്തും.

ആത്മധൈര്യം കൈവിടരുതു്. ദുർബ്ബലമനസ്സുകളാണു ജീവിതത്തിൻ്റെ ഇരുണ്ടവശം മാത്രം കണ്ടു പതറിപ്പോകുന്നതു്. ശുഭാപ്തി വിശ്വാസികൾ ഏതു് അന്ധകാരത്തിലും ഈശ്വരകൃപയുടെ വെട്ടം കാണും. ആ വിശ്വാസത്തിൻ്റെ വിളക്കു നമ്മുടെ ഉള്ളിൽ തന്നെയുണ്ടു്. ആ വിളക്കു കൊളുത്തൂ. നമ്മുടെ ഓരോ കാൽവയ്പിലും അതു പ്രകാശം ചൊരിയും. ഇത് എപ്പോഴും മനനം ചെയ്യുക.

മനുഷ്യ സമൂഹമാകുന്ന പക്ഷിയുടെ രണ്ടു ചിറകുകളാണു സയൻസും ആദ്ധ്യാത്മികതയും, രണ്ടും സമന്വയിക്കണം. സമൂഹജീവിതം പുരോഗമിക്കുവാൻ രണ്ടും ആവശ്യമാണു്. ആദ്ധ്യാത്മിക മൂല്യങ്ങൾ കൈ വെടിയാതെ മുന്നോട്ടു പോയാൽ സയൻസ് ലോക ശാന്തിക്കും സമാധാനത്തിനുമുള്ള ഉപകരണം ആയിത്തീരും.

എല്ലാവര്‍ക്കും ഒരേ ഉപദേശം നല്കുവാനാവില്ല. ഒരേ കാര്യം തന്നെ പറഞ്ഞാല്‍ ഓരോരുത്തരും വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും ഉള്‍ക്കൊള്ളുക. അതിനാലാണു് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ ആളറിഞ്ഞു നല്‌കേണ്ടതാണെന്നു പറയുന്നതു്.

ഇന്നു് ഇവിടെ കൂടിയിട്ടുള്ള മക്കളില്‍ തൊണ്ണൂറു ശതമാനം പേരും ആദ്ധ്യാത്മികത ശരിക്കു മനസ്സിലാക്കിയിട്ടുള്ളവരല്ല. ഓരോരുത്തര്‍ക്കും അവരുടെ ചിന്താശക്തിക്കും സംസ്‌കാരത്തിനും അനുസരിച്ചേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. അതിനാല്‍ ഓരോരുത്തരുടെ തലത്തിലേ ഇറങ്ങിച്ചെന്ന് ഉപദേശം പറഞ്ഞു കൊടുക്കേണ്ടതുണ്ടു്.

ഒരു കടയിലുള്ള ചെരിപ്പുകള്‍ എല്ലാം ഒരേ വലിപ്പത്തിലും ഒരേ ഫാഷനിലും ഉള്ളതാണു് എന്നു കരുതുക. നൂറു് ആളുകള്‍ വന്നാലും എല്ലാവര്‍ക്കും നല്കാന്‍ ഒരേ അളവിലുള്ള ചെരുപ്പുകള്‍ മാത്രമേ അവിടെയുള്ളൂ. ചെരുപ്പുകള്‍ ധാരാളമുണ്ടെങ്കിലും ആ കട കൊണ്ടു വലിയ പ്രയോജനമുണ്ടാവില്ല. വിവിധ അളവിലുള്ള ചെരുപ്പുകള്‍ ഉണ്ടെങ്കിലേ വരുന്നവര്‍ക്കു് അവരവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ളതു തിരഞ്ഞെടുക്കുവാന്‍ കഴിയൂ.

ഇതുപോലെയാണു നമ്മുടെ സംസ്‌കാരം, സനാതനധര്‍മ്മം. വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതില്‍ കാണുവാന്‍ കഴിയും. പല സംസ്‌കാരത്തില്‍ വളരുന്നവരെ ഉദ്ധരിക്കണമെങ്കില്‍ അവരുടെ മനസ്സിന് അനുസരിച്ചുള്ള ഉപദേശം നൽകണം. അവരുടെ ജീവിത നിലവാരത്തിന് അനുസരിച്ചുള്ള മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടതുണ്ടു്. അങ്ങനെയേ അവരെ ലക്ഷ്യത്തിൽ എത്തിക്കുവാന്‍ കഴിയൂ.

പണ്ടു്, പ്രത്യേകിച്ചു് ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യമുണ്ടായിരുന്നില്ല, കാരണം, അന്നുള്ളവരുടെ ജീവിതത്തിൻ്റെയും ഈശ്വരാരധനയുടെയും ഭാഗമായി സ്വാഭാവികമായി പ്രകൃതി സംരക്ഷണം നടന്നിരുന്നു.

ഈശ്വരനെ ഓർക്കുന്നതിൽ ഉപരിയായി അവർ സമൂഹത്തിനെയും പ്രകൃതിയെയും സേവിക്കുകയും സ്‌നേഹിക്കുകയും ആണു ചെയ്തതു്. സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെ ദർശിച്ചു. പ്രകൃതിയെ ഈശ്വരൻ്റെ പ്രത്യക്ഷരൂപമായിക്കണ്ടു് അവർ സ്‌നേഹിച്ചു, ആരാധിച്ചു, പരിപാലിച്ചു.

ആ ഒരു മനോഭാവം നമ്മൾ വീണ്ടെടുക്കണം. ഇന്നു ലോകത്തെ ഉറ്റുനോക്കുന്ന ഏറ്റവും വലിയ വിപത്തു മൂന്നാം ലോക മഹായുദ്ധമല്ല. മറിച്ചു്, പ്രകൃതിയുടെ താളം തെറ്റലാണു്, പ്രകൃതിയിൽനിന്നു നമ്മൾ അകന്നുപോകുന്നതാണു്. അതിനാൽ ഒരു ജാഗ്രത, തോക്കിൻ്റെ മുന്നിൽ നില്ക്കുന്നതുപോലുള്ള ഒരു ജാഗ്രത നാം ഉണർത്തിയെടുക്കണം. എങ്കിൽ മാത്രമേ, മനുഷ്യരാശിക്കു നിലനില്പുള്ളൂ.

മനുഷ്യനും പ്രകൃതിയും താളാത്മകമായി ചേർന്നുപോകുമ്പോഴാണു ജീവിതം പൂർണ്ണമാകുന്നതു്. ശ്രുതിയും താളവും ഭംഗിയായി ഒത്തുചേർന്നാൽ കേൾക്കാൻ സുഖമുള്ള സംഗീതമാകും. അതുപോലെ, മനുഷ്യൻ പ്രകൃതി നിയമങ്ങൾ പാലിച്ചു ജീവിക്കുമ്പോൾ ജീവിതം സംഗീതമാകും.

പ്രകൃതി ഒരു വലിയ പൂന്തോട്ടമാണു്, പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തിൽ വിരിഞ്ഞുനില്ക്കുന്ന വിവിധ വർണ്ണത്തിലുള്ള പൂക്കളായി കരുതാം. എല്ലാം ഒത്തുചേർന്നു സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും തരംഗങ്ങൾ പ്രസരിപ്പിക്കുമ്പോഴാണു് ആ പൂന്തോട്ടം സൗന്ദര്യ പൂർണ്ണമായിത്തീരുന്നതു്.

സകല മനസ്സുകളും സ്‌നേഹത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാൻ നമുക്കൊന്നിച്ചു പ്രയത്നിക്കാം.