ചോദ്യം : അദ്വൈതമാണു സത്യമെങ്കില്‍ ഭാവദര്‍ശനത്തിൻ്റെ ആവശ്യമെന്താണു്?

അദ്വൈതം പറയുന്ന വേദാന്തികളാരും വസ്ത്രം ധരിക്കാതെ നടക്കുന്നില്ലല്ലോ? അവരും വേഷമിടുന്നുണ്ടു്, ഉണ്ണുന്നുണ്ടു്, ഉറങ്ങുന്നുണ്ടു്. അതൊക്കെ ശരീരത്തിൻ്റെ നിലനില്പിനു് ആവശ്യമാണെന്നു് അവര്‍ക്കറിയാം. സമൂഹത്തിൻ്റെ സ്വഭാവം അനുസരിച്ചു വസ്ത്രം ധരിക്കുന്നു. ഓരോ കാലഘട്ടത്തിൻ്റെ ആവശ്യമനുസരിച്ചാണു മഹാത്മാക്കള്‍ വരുന്നതു്. ശ്രീരാമന്‍ വന്നു, ശ്രീകൃഷ്ണന്‍ വന്നു. ശ്രീരാമനെപ്പോലെയായിരിക്കണം ശ്രീകൃഷ്ണന്‍ എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.

കാലഘട്ടത്തിൻ്റെ ആവശ്യമനുസരിച്ചാണു
മഹാത്മാക്കള്‍ വരുന്നതു്

ഡോക്ടറുടെ അടുത്തു പലതരം രോഗികള്‍ വരും. എല്ലാവര്‍ക്കും ഒരേ മരുന്നു കൊടുക്കാന്‍ പറ്റില്ല. ആളും രോഗവും നോക്കിയാണു ചികിത്സ നിശ്ചയിക്കുന്നതു്. ചിലര്‍ക്കു ഗുളിക കൊടുക്കും ചിലര്‍ക്കു് ഇഞ്ചക്ഷന്‍ വേണ്ടിവരും. അതുപോലെ ഇവിടെ വരുന്നവരെ അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നുവേണം ഉദ്ധരിക്കുവാന്‍. ഒരേ മിഠായി പല വര്‍ണ്ണക്കടലാസ്സുകളില്‍ പൊതിഞ്ഞു വച്ചിരിക്കുന്നതു കാണാം. ഉള്ളിലെല്ലാം ഒന്നുതന്നെ. പുറമേക്കു കാണുമ്പോള്‍ വ്യത്യസ്തമായിത്തോന്നാം. ഇതേപോലെ സകലതിലും കുടികൊള്ളുന്നതു് ഒരേ ചൈതന്യമാണു്. ഇതു ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കണമെങ്കില്‍, ആദ്യം നമ്മള്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലാതെ പറ്റില്ല. എന്നാല്‍ അവിടെത്തന്നെ അവരെ നിര്‍ത്താതെ അവരെക്കൂടി, ഏകത്വബോധത്തിലേക്കു് ഉയര്‍ത്തിക്കൊണ്ടുവരികയാണു് ഉദ്ദേശ്യം. അതാണമ്മ ചെയ്യുന്നതു്. എല്ലാവരോടും അദ്വൈതം പറയുവാന്‍ പറ്റില്ല. എല്ലാവര്‍ക്കും നിര്‍ഗ്ഗുണവും നിരാകാരവും ഉള്‍ക്കൊള്ളാന്‍ ആവില്ല. ചിലര്‍ക്കു രാധയോടൊപ്പമുള്ള കൃഷ്ണനെയാണിഷ്ടം. ചിലര്‍ക്കു യശോദാകൃഷ്ണനെയാണിഷ്ടം, ചിലര്‍ക്കു മുരളീകൃഷ്ണനെ യാണു വേണ്ടതു്. ഓരോരുത്തര്‍ക്കും ഓരോന്നിഷ്ടം. അവരതില്‍ ആനന്ദം കണ്ടെത്തുന്നു. അതു തെറ്റെന്നു പറയുവാന്‍ പറ്റില്ല. എല്ലാവരും ഒന്നില്‍ത്തന്നെ ഇഷ്ടം കണ്ടെത്തണം എന്നു് അമ്മയ്ക്കു പറയുവാന്‍ കഴിയില്ല. അതുപോലെ ഓരോരുത്തരും ഓരോ ഭാവത്തില്‍ അമ്മയെ ഉള്‍ക്കൊള്ളുന്നു.

അദ്വൈതം പറഞ്ഞപ്പോള്‍ അതിനു ചേര്‍ന്ന സംസ്‌കാരമുള്ള ചിലര്‍ക്കു് ഉയരത്തിലേക്കു പോകാന്‍ പറ്റി. മറ്റുള്ളവര്‍ക്കു് ആഴത്തിലേക്കു പോകാനായില്ല. ചിലര്‍ വളരെ ദുര്‍ബ്ബലരായി തീര്‍ന്നു. ഒരു ജോലിയും ചെയ്യാതെ അലസരായിരിക്കുന്ന ചിലരുണ്ടു്. ചോദിച്ചാല്‍ പറയും, ”ആരു് ആരെ സേവിക്കാനാണു്? എല്ലാം ഒരാത്മാവല്ലേ?” എന്നു്. മദ്യപിച്ചതെന്തിനെന്നു ചോദിച്ചാല്‍ മറുപടി, ”ഞാന്‍ കുടിക്കുന്നില്ല, ഞാന്‍ ആത്മാവാണു്”. ഇങ്ങനെ അദ്വൈതം പറഞ്ഞും മദ്യപിച്ചും സ്‌ത്രീകളെ ഉപദ്രവിച്ചും ജീവിക്കുന്നവരുണ്ടു്. അവര്‍ക്കു തങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മറയ്ക്കുവാനുള്ള ഒരുപാധി മാത്രമാണു വേദാന്തം. എല്ലാം ഒന്നെന്നു് അനുഭവിച്ചറിയുന്നതുവരെ നിത്യമേതു്, അനിത്യമേതു് എന്നു വിവേചിച്ചു നീങ്ങണം. ധര്‍മ്മമേതു്, അധര്‍മ്മമേതു് എന്നറിഞ്ഞു് അധര്‍മ്മത്തെ വെടിയണം. ചോക്ലേറ്റു മധുരമാണു് എന്നു കരുതി, നിയന്ത്രണം വിട്ടു കഴിച്ചാല്‍ വയറിനു് അസുഖമാകും. കൊല്ലുന്നതാണെൻ്റെ സന്തോഷം എന്നു പറഞ്ഞു് ഒരുവന്‍ കാണുന്നവരെയൊക്കെ കൊല്ലാന്‍ തുനിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?

അമ്മയ്ക്കു വേദാന്തം വാക്കിലല്ല, പ്രവര്‍ത്തിയാലാണ്

ഏതിനും ഒരു ധര്‍മ്മമുണ്ടു്. ആ ധര്‍മ്മമനുസരിച്ചു ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണം. അവിടെ വേദാന്തം വാക്കിലല്ല, പ്രവര്‍ത്തിയാലാണു കാണേണ്ടതു്. ധര്‍മ്മമാചരിച്ചു ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണമെങ്കില്‍ നാം ആദ്യം അവരുടെ തലത്തിലേക്കിറങ്ങി ചെല്ലണം. അമ്മയ്ക്കിതിൻ്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു മാറിയിരുന്നാല്‍ ജനങ്ങളെ ഉദ്ധരിക്കാനാവില്ല. ചെവി കേള്‍ക്കാത്തവരെ ആംഗ്യം കാട്ടിയാണു പഠിപ്പിക്കുന്നതു്, പഠിപ്പിക്കുന്ന ആളിനു ചെവി കേള്‍ക്കാഞ്ഞിട്ടല്ല. അതിലൂടെയേ അവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുവാന്‍ കഴിയൂ. അമ്മ ആംഗ്യം കാണിക്കുന്നതു് അമ്മയ്ക്കു ഭാഷയറിയാഞ്ഞിട്ടല്ല, മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ അതുവേണ്ടി വരുന്നു. കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും എന്നു പറയുന്നതു കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണു്. അതു സത്യമായിരുന്നുവെങ്കില്‍ ലോകത്തു് അന്ധന്മാര്‍ മാത്രമല്ലേ കാണുകയുള്ളു? പറയുന്നതു കള്ളമാണെങ്കില്‍ക്കൂടി അതിലൂടെ കുട്ടികളെ സത്യം പറയുന്നവരാക്കിത്തീര്‍ക്കാന്‍ കഴിയുന്നു. ഇതുപോലെ ജനങ്ങളുടെ സ്വഭാവമനുസരിച്ചു നമുക്കു നീങ്ങേണ്ടി വരും. അമ്മയുടെ ലക്ഷ്യം, എങ്ങനെയും ജനങ്ങളെ സത്യത്തിലേക്കു നയിക്കുക എന്നതു മാത്രമാണു്. ജനങ്ങളെ ഉദ്ധരിക്കുവാന്‍ സഹായിക്കുന്നതെന്തോ, അതാണു് യഥാര്‍ത്ഥ യുക്തി. ജനങ്ങളുടെ ഉദ്ധാരണം, അതു മാത്രമേ അമ്മ നോക്കുന്നുള്ളൂ. അതില്‍ക്കവിഞ്ഞു ലോകത്തിൻ്റെ ഒരു സര്‍ട്ടിഫിക്കറ്റും അമ്മ ആഗ്രഹിക്കുന്നില്ല.

ഒരാള്‍ ചെളിയില്‍ വീണു കിടക്കുന്നതു വീടിൻ്റെ മട്ടുപ്പാവില്‍ നിന്ന ഒരുവന്‍ കണ്ടു. അവിടെനിന്നു് അയാള്‍ കൈ നീട്ടിയാല്‍ വീണു കിടക്കുന്നവനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അയാള്‍ താഴെ ഇറങ്ങിച്ചെന്നു ചെളിയില്‍ കിടക്കുന്നവൻ്റെ കൈ പിടിച്ചുയര്‍ത്തണം. ഇതുപോലെ ജനങ്ങളെ ഉദ്ധരിക്കണമെങ്കില്‍ നമ്മള്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലണം. ഇടവഴി കടന്നേ മെയിന്‍ റോഡിലെത്താന്‍ പറ്റുകയുള്ളൂ. മെയിന്‍ റോഡിലെത്തി ക്കഴിഞ്ഞാല്‍പ്പിന്നെ നേരേ പോകാം. നല്ല വാഹന സൗകര്യമുണ്ടു്. ബസ്സുണ്ടു്. എന്നാല്‍ ഇടവഴിയില്‍ നിന്നും മെയിന്‍ റോഡിലെ ത്തണ്ടേ? അതിനു സൈക്കിളിൻ്റെയും ഓട്ടോറിക്ഷയുടെയും ഉന്തുവണ്ടിയുടെയും ഒക്കെ സഹായം വേണ്ടിവരും. അതുപോലെ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഇടവഴികളില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ അദ്വൈതമാകുന്ന വിശാലവീഥിയില്‍ എത്തിക്കാന്‍ ഇന്നു് ഈ മാര്‍ഗ്ഗങ്ങളൊക്കെ ആവശ്യമാണു്.

ചോദ്യം : അദ്വൈതമാണു സത്യമെങ്കില്‍ ഭാവദര്‍ശനത്തിൻ്റെ ആവശ്യമെന്താണു്?

അമ്മ: അമ്മ ഒരു ഭാവത്തില്‍ ഒതുങ്ങിനില്ക്കുന്നില്ല. എല്ലാ ഭാവങ്ങള്‍ക്കും അപ്പുറമാണു്. അദ്വൈതമെന്നാല്‍ രണ്ടില്ലാത്ത അവസ്ഥയാണല്ലോ? എല്ലാം ആത്മസ്വരൂപം തന്നെയാണു്; ഈശ്വരന്‍ തന്നെയാണു്. ഭാവദര്‍ശനത്തിലൂടെയും അമ്മ ഈ സന്ദേശം തന്നെയാണു നല്കുന്നതു്. അമ്മയ്ക്കു ഭേദഭാവമില്ല. എല്ലാം ആത്മാവായി അറിയുന്നു. അമ്മ ലോകത്തിനുവേണ്ടി വന്നിരിക്കുന്നു. ലോകത്തിനു വേണ്ടിയുള്ളതാണു് അമ്മയുടെ ജീവിതം.

അമ്മയ്ക്കു ഭേദഭാവമില്ല. 

ഒരു നടന്‍ ഏതു വേഷം കെട്ടിയാലും സ്വയമറിയാം താനാരാ ണെന്നു്. ഏതു  വേഷമായാലും നടനു വ്യത്യാസമില്ല. അതുപോലെ, ഏതു വേഷമെടുത്താലും താന്‍ ആരെന്നു് അമ്മയ്ക്കറിയാം. അമ്മ ഇതിലൊന്നും ബന്ധിക്കുന്നില്ല. ഈ വേഷംതന്നെ അമ്മ സ്വയം എടുത്തതല്ല. ഭക്തന്മാര്‍ ആഗ്രഹിച്ചു്, അവര്‍ സമര്‍പ്പിച്ചു. അതില്‍ അവര്‍ ആനന്ദിക്കുന്നു. അമ്മ ഉത്തരഭാരതത്തില്‍ പലയിടത്തും പോകാറുണ്ടു്. അവിടെ അമ്മയെക്കാണാന്‍ ചിലപ്പോള്‍ കൃഷ്ണഭക്തന്മാര്‍ വരും. അവര്‍ വന്നു തലയില്‍ കിരീടം വച്ചുതരും, മയില്‍പ്പീലി കെട്ടിത്തരും, വെണ്ണകൊണ്ടുത്തരും, ഓടക്കുഴല്‍ കൈയില്‍ വച്ചുതരും, മഞ്ഞപ്പട്ടണിയിക്കും. ആരതിയുഴിയും. അവരതിലെല്ലാം ആനന്ദിക്കുന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അമ്മ അതനുവദിക്കുന്നു. ”ഹേയ്! ഞാന്‍ വേദാന്തിയാണു്. എനിക്കിതൊന്നും പറ്റില്ല” എന്നവരോടു പറയുവാന്‍ അമ്മയ്ക്കു കഴിയുകയില്ല.

ഈശ്വരന്‍ നിര്‍ഗ്ഗുണനും നിരാകാരനുമാണു്. അതുപോലെതന്നെ അവിടുന്നു് സഗുണനും സാകാരനുമാണു്. അവിടുന്നു് എല്ലായിടത്തും നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണു്. അപ്പോള്‍ ഏതു ഭാവത്തിലും നമുക്കു് ഈശ്വരനെ കാണാം. അതില്‍ തെറ്റില്ല.
അമ്മ ആദ്യകാലത്തു പ്രത്യേക വേഷമൊന്നുമണിഞ്ഞിരുന്നില്ല. ഭക്തര്‍ ഓരോന്നായി കൊണ്ടുവന്നു. അവരുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടി അമ്മ അവ ധരിച്ചു. അങ്ങനെ അതൊരു ചടങ്ങായി. ക്ഷേത്രത്തില്‍ വിഗ്രഹം എപ്പോഴുമുണ്ടു്. പക്ഷേ, ദീപാരാധനയ്ക്കു പ്രത്യേക പ്രാധാന്യം ആളുകള്‍ നല്കുന്നുണ്ടു്. ആ സമയത്തു വിഗ്രഹത്തില്‍ കൂടുതല്‍ ആകര്‍ഷകങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കാറുണ്ടു്. അതു ഭക്തന്മാര്‍ക്കു കൂടുതല്‍ ആനന്ദവും ഏകാഗ്രതയും നല്കുന്നു. ക്ഷേത്രത്തില്‍ എത്രയോ ആളുകള്‍ നിത്യവും പോകാറുണ്ടു്. എന്നാല്‍ ഉത്സവസമയത്തു ദര്‍ശനത്തിനു വലിയ തിരക്കാണു്. ഗ്രാമത്തിനാകെ ഉത്സവമാണു്. അതുപോലെ ഇവിടെ വരുന്നവര്‍ എപ്പോഴും അമ്മയെ കാണുന്നുവെങ്കിലും, ഭാവദര്‍ശനം അവര്‍ക്കൊരു ഉത്സവംപോലെയാണു്. ക്ഷേത്രത്തിലെ ദീപാരാധന ഭഗവാനു വേണ്ടിയല്ല, ഭക്തന്മാരുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണു്. അതുപോലെ മക്കള്‍ക്കുവേണ്ടി അമ്മ ഈ വേഷങ്ങളൊക്കെ അണിയുന്നു. അതിലൂടെ അമ്മ മറ്റുള്ളവരുടെ വേഷങ്ങളെ ഇല്ലാതാക്കുകയാണു്. അവരുടെ സ്വരൂപത്തിലേക്കു് അവരെ ഉയര്‍ത്തുകയാണു്.

ഓരോതരം വേഷത്തിനും അതിൻ്റെതായ പ്രാധാന്യമുണ്ടു്

ഇന്നു ലോകത്തി ലുള്ളവരെല്ലാം വേഷത്തിലാണു ജീവിക്കുന്നതു്. പല രീതിയില്‍ മുടിയും വെട്ടി, പൊട്ടും തൊട്ടു്, പല ഫാഷനുകളിൽ വസ്ത്രങ്ങളും ധരിച്ചു വേഷത്തില്‍ മുങ്ങിയാണു് ഇന്നത്തെ ലോകം കഴിയുന്നതു്. വേഷത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ല. ഓരോതരം വേഷത്തിനും അതിൻ്റെതായ പ്രാധാന്യമുണ്ടു്. ഒരു സന്ന്യാസിയുടെയും വക്കീലിൻ്റെയും പോലീസുകാരൻ്റെയും വേഷങ്ങള്‍ വ്യത്യസ്തങ്ങളായ ഭാവങ്ങളാണു നമ്മില്‍ ഉണര്‍ത്തുന്നതു്. ഒരാള്‍ കാട്ടില്‍നിന്നും അന്യായമായി തടി മുറിച്ചു കൊണ്ടു നില്ക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ സാധാരണ വേഷത്തില്‍ വന്നു വിലക്കിയപ്പോള്‍, അയാള്‍ ഗൗനിച്ചില്ല. പോലീസുകാരന്‍ പോയി, തൻ്റെ യൂണിഫോമില്‍ വീണ്ടും വന്നു. പോലീസുവേഷം ദൂരെനിന്നു കണ്ട നിമിഷം തന്നെ തടിവെട്ടുകാരന്‍ ഓടിയൊളിച്ചു. ഇതാണു വേഷത്തിൻ്റെ പ്രാധാന്യം.

ഒരു വലിയ ചായസല്ക്കാരം നടക്കുകയാണു്. എല്ലാവരും വളരെ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണു് അവിടെ വന്നിട്ടുള്ളതു്. ഒരാള്‍ സാധാരണ വേഷത്തില്‍ വന്നു. കാവല്ക്കാര്‍ അദ്ദേഹത്തെ കടത്തിവിട്ടില്ല. ആ മനുഷ്യന്‍ തിരിച്ചുപോയി വില കൂടിയ വസ്ത്രങ്ങളും അണിഞ്ഞു് തിരിച്ചുവന്നു. അപ്പോള്‍ അയാളെ കടത്തിവിട്ടു. അദ്ദേഹം ഭക്ഷണമേശയ്ക്കു മുന്‍പിലെത്തി. തൻ്റെ കോട്ടും സൂട്ടും മറ്റും ഊരി ഒരു പാത്രത്തിനു മുന്നില്‍ വച്ചു. തൊപ്പി ഊരി മറ്റൊരു പാത്രത്തിനു മുന്‍പിലും ടൈ അഴിച്ചു ചായക്കപ്പിൻ്റെ മുന്നിലും വച്ചു. ആളുകള്‍ അദ്ദേഹത്തിനു ഭ്രാന്താണെന്നു കരുതി അടുത്തെത്തി. അദ്ദേഹം പറഞ്ഞു, ”ഞാന്‍ സാധാരണ വേഷം അണിഞ്ഞു വന്നപ്പോള്‍ എന്നെ കയറ്റി വിട്ടില്ല. ഈ വേഷങ്ങള്‍ അണിഞ്ഞു വന്നപ്പോള്‍ പ്രവേശനം കിട്ടി. അപ്പോള്‍ ഈ ചായസല്ക്കാരം എനിക്കുവേണ്ടിയല്ല, ഈ വേഷങ്ങള്‍ക്കു വേണ്ടിയാണെന്നു മനസ്സിലായി!” ഇതുപോലെയാണു് ഇന്നത്തെ ലോകം. പുറംമോടിയിലാണു് ആളുകള്‍ക്കു വിശ്വാസം. വേഷത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാനാണു് എല്ലാവരുടെയും ശ്രമം. ഉള്ളിലെ സൗന്ദര്യത്തെക്കുറിച്ചു് അന്വേഷിക്കുന്നവര്‍ വിരളം. എല്ലാ വേഷംകെട്ടലുകളും കളയുവാനുള്ളതാണു് അമ്മയുടെ ഈ വേഷം. മുള്ളു മുള്ളുകൊണ്ടു വേണം എടുക്കുവാന്‍.

ചോദ്യം : ധ്യാനം ചെയ്യുന്നതുകൊണ്ടു് എന്തെങ്കിലും ദോഷമുണ്ടോ? ചിലരൊക്കെ ധ്യാനിച്ചു തല ചൂടാവുന്നതായി പറയുന്നതു കേള്‍ക്കാമല്ലോ.

ധ്യാനം സ്വർണം പോലെ മൂല്യമുള്ളതാണ്

അമ്മ: എങ്ങനെ ധ്യാനിക്കണം, എത്ര സമയം ധ്യാനിക്കണം എന്നൊക്കെ ഒരു ഗുരുവില്‍നിന്നു മനസ്സിലാക്കുന്നതാണു് ഉത്തമം. ധ്യാനം എന്നതു് ഒരു ടോണിക്കു പോലെയാണു്. ടോണിക്കു കഴിക്കുന്നതിനു് ഒരു ക്രമമുണ്ടു്. ക്രമം തെറ്റിച്ചു കുടിച്ചാല്‍ അപകടമാണു്. ശരീരപുഷ്ടിക്കുള്ളതാണെങ്കിലും മിക്ക ടോണിക്കും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചേ കഴിക്കുവാന്‍ പാടുള്ളൂ. അതുപോലെ ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു വേണം ധ്യാനം ചെയ്യാന്‍. ഗുരു നമ്മുടെ ശാരീരികവും മാനസികവുമായ നില എങ്ങനെയുണ്ടെന്നു നോക്കിയതിനു ശേഷമാണു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്. ചിലര്‍ക്കു് എത്ര ധ്യാനിച്ചാലും ദോഷമില്ല. എന്നാല്‍ എല്ലാവരുടെയും സ്ഥിതി അങ്ങനെയല്ല. ചിലര്‍ പെട്ടെന്നുള്ള ആവേശത്തില്‍ വളരെ സമയം തുടര്‍ച്ചയായി ധ്യാനിക്കും, അല്ലെങ്കില്‍ ജപിക്കും. ഉറങ്ങാന്‍കൂടി കൂട്ടാക്കുകയില്ല. യാതൊരു നിയന്ത്രണവും പാലിക്കില്ല. ശാസ്ത്രം മനസ്സിലാക്കിയും അറിവുള്ളവരുടെ നിര്‍ദ്ദേശപ്രകാരവും ആയിരിക്കില്ല അവരുടെ ഈ അഭ്യാസം. പെട്ടെന്നുള്ള ഒരാവേശംകൊണ്ടു ചെയ്യുന്നതാണു്. ഇങ്ങനെയാകുമ്പോള്‍ ഉറക്കം കുറയും. തല ചൂടാകും. കാരണം ശരീരത്തിനു താങ്ങാവുന്നതിലും അധികമാണിതു്.

ഒരോരുത്തരുടെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിലയനുസരിച്ചു്, അവര്‍ക്കു താങ്ങാവുന്നതിനു് ഒരു പരിധിയുണ്ടു്. നൂറു പേരു കയറുന്ന വണ്ടിയില്‍ അഞ്ഞൂറു പേരെ കയറ്റിയാല്‍, അതിനു വലിക്കാന്‍ പ്രയാസമാണു്. കുറച്ചു ധാന്യങ്ങള്‍ പൊടിക്കാനുള്ള ചെറിയ മിക്‌സിയില്‍ ഇരട്ടി ധാന്യം പൊടിക്കാനിട്ടാല്‍ മോട്ടോര്‍ ചൂടായി അതു കേടാകും. തുടര്‍ച്ചയായി വീണ്ടും ഓടിച്ചാല്‍ അതു കത്തി നശിക്കും. ഇതുപോലെ തുടക്കത്തിലുള്ള ആവേശത്തില്‍ നിയന്ത്രണം വിട്ടു, ജപധ്യാനവും മറ്റും ശീലിച്ചാല്‍, തല ചൂടാകും. മറ്റു അസ്വസ്ഥതകള്‍ ഉണ്ടാകും. അതിനാലാണു് ഇതെല്ലാം ഗുരുമുഖത്തുനിന്നും മനസ്സിലാക്കിച്ചെയ്യണം എന്നു പറയുന്നതു്.  ”നമ്മില്‍ എല്ലാം ഉണ്ടു്. നമ്മള്‍ ഈശ്വരന്‍തന്നെ” എന്നു് എല്ലാവരും പറയും. ഇതു വാക്കുകൊണ്ടുള്ള പറച്ചില്‍ മാത്രമാണു്. അനുഭവത്തില്‍നിന്നുള്ളതല്ല. ഓരോ ഉപാധിക്കും താങ്ങാന്‍ പറ്റുന്ന ഒരു അളവുണ്ടു്. സീറോ വാട്ട് ബള്‍ബിനു നൂറു വാട്ടിൻ്റെ പ്രകാശം കിട്ടില്ല. ഓരോരുത്തരുടെയും ഉപാധിയനുസരിച്ചു്, ശരീരമനസ്സുകളുടെ കഴിവനുസരിച്ചു്, സാധനാനുഷ്ഠാനങ്ങള്‍ക്കു് ഒരു ക്രമമുണ്ടു്. ജനറേറ്റര്‍ കറണ്ടു തരും. പക്ഷേ, അതിനു താങ്ങാവുന്നതിലും അധികം ലോഡു കൊടുത്താല്‍ അതു കത്തിപ്പോകും. ഇതുപോലെ സാധന അനുഷ്ഠിക്കുമ്പോള്‍, തൻ്റെ ശരീരമനസ്സുകള്‍ക്കു താങ്ങാവുന്നതിനപ്പുറം പോകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.

ഒരു വണ്ടി വാങ്ങിയാല്‍, തുടക്കത്തില്‍, അമിതവേഗതയില്‍ ഓടിക്കാന്‍ പാടില്ല. വേഗത കൂട്ടുന്നതിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടു്. അതനുസരിച്ചേ പോകുവാന്‍ പാടുള്ളൂ. മറിച്ചായാല്‍ അധികകാലം അതുപയോഗിക്കുവാന്‍ കഴിയില്ല. ഇതുപോലെയാണു സാധനയുടെ കാര്യവും. ഒരു സാധകന്‍ തുടക്കത്തില്‍, അമിതമായും ഉറക്കം തീരെ വേണ്ടെന്നു വച്ചും ധ്യാനിക്കാനും ജപിക്കാനും പാടില്ല. ധ്യാനവും ജപവും കര്‍മ്മവും സ്വാദ്ധ്യായവും എല്ലാം ക്രമമായി, ചിട്ടയോടെ കൊണ്ടുപോകണം. മാനസികവിഭ്രാന്തിയുള്ളവരുണ്ടു്. അവര്‍ അമിതമായി ധ്യാനിച്ചാല്‍ ശരീരം ചൂടാകും. അങ്ങനെയായാല്‍ മനസ്സിൻ്റെ ഭ്രമം വര്‍ദ്ധിക്കുകയേയുള്ളൂ. അവര്‍ക്കു കര്‍മ്മമാണു മുഖ്യമായി വേണ്ടതു്. മനസ്സിൻ്റെ വിഭ്രാന്തിയകറ്റുവാന്‍ ശ്രദ്ധ കര്‍മ്മത്തിലേക്കു തിരിച്ചുവിടണം. ജോലികളില്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സു്, അവിടെ കേന്ദ്രീകരിക്കും. ക്രമേണ നിയന്ത്രണത്തിലാകും. അവരെ ജോലി ചെയ്യിക്കാതെ വെറുതെ ഇരുത്തിയാല്‍ ഒന്നുകൂടി കഷ്ടമാവുകയേയുള്ളൂ. അവര്‍ക്കു ടെന്‍ഷന്‍ അധികമില്ലെങ്കില്‍ പത്തു പതിനഞ്ചു മിനിട്ടു ധ്യാനിക്കാം. അതുമതിയാകും.

ഇങ്ങനെ, പല സ്വഭാവക്കാരുണ്ടു്. ഓരോരുത്തര്‍ക്കും ഓരോ രീതിയാണു നിര്‍ദ്ദേശിക്കേണ്ടതു്. വെറുതെ പുസ്തകം നോക്കി ധ്യാനം ശീലിച്ചാല്‍, ഇതേ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സാധിക്കാതെ വരും. അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നമ്മള്‍ ഒരു വീട്ടില്‍ ചെന്നു. അവിടെ കടിക്കുന്ന പട്ടിയുണ്ടെന്നു മനസ്സിലായി. നമ്മള്‍ ഗേറ്റിനു വെളിയില്‍നിന്നു യജമാനനെ വിളിക്കും. യജമാനന്‍ വന്നു പട്ടിയെ കെട്ടിയതിനുശേഷം നമ്മളെ വിളിക്കുന്നതുവരെ, വെളിയില്‍ കാത്തുനില്ക്കും. മറിച്ചു്, ഇത്രയും ക്ഷമ കാട്ടാതെ, നേരെ ഗേറ്റു തുറന്നു അകത്തേക്കു കയറിച്ചെന്നാല്‍ പട്ടിയുടെ കടി കൊള്ളേണ്ടി വരും. അറിവുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെ, സ്വയം മുന്നോട്ടു പോയാല്‍, ഇതുപോലെയുള്ള അപകടങ്ങളില്‍ ചെന്നു പെടേണ്ടിവരും. സാധകൻ്റെതു് ഒരു യാത്രയാണു്. ക്രൂരജന്തുക്കള്‍ നിറഞ്ഞ അപകടങ്ങള്‍ നിറഞ്ഞ, ഒരു വനത്തില്‍ക്കൂടിയുള്ള യാത്രയാണിതു്. വഴിയറിയാവുന്ന ഒരാള്‍ ആവശ്യമാണു്. ഇന്നയിടത്തു് ഇന്നതുണ്ടു് എന്നു പറഞ്ഞുതരാന്‍ ഒരാളു വേണ്ടേ? ‘അങ്ങോട്ടു പോകണം, ഇങ്ങോട്ടു പോകരുതു്’ എന്നിങ്ങനെ, ശരിയായ വഴി കാട്ടിത്തരാന്‍ ഒരാളു വേണ്ടേ? തന്നിഷ്ടപ്രകാരം നീങ്ങിയിട്ടു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഒരാള്‍ മദ്യപിച്ചു വണ്ടി ഓടിച്ചു. നിയന്ത്രണം വിട്ടു വണ്ടി ഒരാളെ ചെന്നിടിച്ചു. ഡ്രൈവറെ പോലീസു് അറസ്റ്റു ചെയ്തപ്പോള്‍, അയാള്‍ പറയുകയാണു്, ”സാറേ, വണ്ടി ചെന്നിടിച്ചതു് എൻ്റെ  കുറ്റമല്ല. പെട്രോളിൻ്റെ കുറ്റമാണു്.” ഇതുപോലെയാണു്, നമ്മുടെ അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്കു് ഈശ്വരനെ കുറ്റം പറയുന്നതു്. ഏതിനും ഒരു ധര്‍മ്മമുണ്ടു്. അതനുസരിച്ചു വേണം നമ്മള്‍ നീങ്ങുവാന്‍. ധ്യാനത്തിനും അതിൻ്റെതായ രീതിയുണ്ടു്. ഓരോ സാധനയ്ക്കും വേണ്ട നിയമങ്ങളും മാര്‍ഗ്ഗങ്ങളും ഗുരുക്കന്മാര്‍ പറഞ്ഞിട്ടുണ്ടു്. സാധനാക്രമം നിശ്ചയിക്കേണ്ടതു് ഓരോരുത്തരുടെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും സ്ഥിതി നോക്കിയാണു്. എല്ലാവര്‍ക്കും ഒരേ മാര്‍ഗ്ഗം യോജിക്കില്ല. തിയറി ആര്‍ക്കും വായിച്ചു പഠിക്കാം; എന്നാല്‍ പ്രാക്ടിക്കലിനു പരിശീലനം കിട്ടാന്‍ അതറിയാവുന്ന ഒരാള്‍ കൂടെയുണ്ടാകണം. തനിയെ പഠിക്കാന്‍ പ്രയാസമാണു്. അതുപോലെ സാധനയില്‍ മാര്‍ഗ്ഗദര്‍ശനം നല്കാന്‍ ഒരു ഗുരു ആവശ്യമാണു്.

ചോദ്യം : അമ്മ ഭക്തിക്കാണല്ലോ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതു്?

അമ്മ: ഭക്തിയെന്നു മക്കള്‍ പറയുമ്പോള്‍ നാമജപവും ഭജനയും മാത്രമാണോ ഉദ്ദേശിക്കുന്നതു്. അതു മാത്രമല്ല ഭക്തി. ശരിയായ ഭക്തി നിത്യാനിത്യവിവേകമാണു്. നിത്യമായതില്‍ ആത്മസമര്‍പ്പണം ചെയ്യുക എന്നതാണു്. എന്നാല്‍ പ്രായോഗികഭക്തിയാണു്, ഭക്തിയുടെ പ്രായോഗികവശമാണു് അമ്മ പൊതുവെ പറയാറുള്ളതു്.


ശരിയായ ഭക്തി നിത്യാനിത്യവിവേകമാണു്

ഇവിടെ താമസിക്കുന്ന മക്കള്‍ പല പുസ്തകങ്ങളും വായിച്ചിട്ടു സംശയങ്ങള്‍ ചോദിക്കാറുണ്ടു്. അവരോടു വേദാന്തപരമായ കാര്യങ്ങളാണു് അമ്മ സാധാരണ പറയാറുള്ളതു്. എന്നാല്‍, പൊതുവെ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഭക്തിക്കു പ്രാധാന്യം നല്കുന്നു. കാരണം തൊണ്ണൂറു ശതമാനം ജനങ്ങളും ബുദ്ധിജീവികളല്ല. അവര്‍ ശാസ്ത്രങ്ങളൊന്നും പഠിച്ചിട്ടു വരുന്നവരല്ല. ഒരു ദിവസംകൊണ്ടോ ഒരു ദര്‍ശനംകൊണ്ടോ അവരെ ശാസ്ത്രം പഠിപ്പിക്കുവാന്‍ കഴിയുകയുമില്ല. അപ്പോള്‍ അവര്‍ക്കു പ്രായോഗികമായി എന്തെങ്കിലും ചെയ്യുവാന്‍ തക്ക കാര്യങ്ങളാണു് ഉപദേശിക്കേണ്ടതു്, കൂടെ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കാനും പറയും. ഏതിനും അടിസ്ഥാനം അദ്വൈതംതന്നെയാണു്. അതിലധിഷ്ഠിതമായ പ്രായോഗികഭക്തിയാണു് അമ്മ ഉപദേശിക്കാറുള്ളതു്.

വരുന്ന ജനങ്ങളില്‍ കൂടുതലും ആദ്ധ്യാത്മികകാര്യങ്ങളെക്കുറിച്ചു് അറിവില്ലാത്തവരാണു്. അമ്പലത്തില്‍ പോകുക എന്ന ഒരു ശീലം മാത്രമേ അവരിലുള്ളൂ. പത്തു ശതമാനം പേര്‍ യുക്തിക്കു പ്രാധാന്യം കൊടുക്കുന്നവരുണ്ടാകും. അവരുടെ വഴി വ്യത്യസ്തമായിരിക്കാം. എന്നാല്‍, മറ്റുള്ളവരെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ. അവരെയും ഉദ്ധരിക്കേണ്ടേ? അമ്മ ഓരോ തലത്തിലും ഉള്ളവര്‍ക്കു വേണ്ട കാര്യങ്ങളാണു പറയുന്നതു്. ആശ്രമത്തിലെ പ്രാര്‍ത്ഥനയും ഭജനയും വെറും പ്രാര്‍ത്ഥനയല്ല; എന്നിലെ യഥാര്‍ത്ഥ ‘ഞാനി’നെ ഉണര്‍ത്തുന്നതിനു വേണ്ടിയുള്ള സാധനയാണു്. വ്യക്തിചൈതന്യത്തെ വിശ്വചൈതന്യവുമായി റ്റിയൂണ്‍ ചെയ്യലാണു് ഇവിടുത്തെ പ്രാര്‍ത്ഥന. ശരീരമനോബുദ്ധിതലത്തില്‍നിന്നും വിശ്വചൈതന്യവുമായുള്ള റ്റിയൂണ്‍ ചെയ്യലാണതു്. അല്ലാതെ ഒരിക്കലും ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരു ഈശ്വരനെ അന്വേഷിക്കലല്ല. ഈശ്വരന്‍, സര്‍വ്വത്ര വ്യാപ്തമായി നിറഞ്ഞുനില്ക്കുന്ന ആ പരമാത്മചൈതന്യം തന്നെയാണു്. പിന്നെ രൂപധ്യാനം ഉപദേശിക്കുന്നതു്, വേഗം ഏകാഗ്രത കിട്ടാന്‍ മനസ്സിനു് ഒരുപാധി ആവശ്യമായതിനാലാണു്. കോണ്‍ക്രീറ്റു ചെയ്യുവാന്‍ ആദ്യം മരപ്പലകകൊണ്ടു തട്ടു് അടിക്കും. അതിന്മേലാണു സിമന്റു വാര്‍ക്കുന്നതു്. കോണ്‍ക്രീറ്റു ഉറച്ചു കഴിഞ്ഞാല്‍ തട്ടു് ഇളക്കി മാറ്റാം. അതുപോലെയാണു് ഈശ്വരരൂപങ്ങള്‍. തത്ത്വബോധം ദൃശ്യമാകുവാന്‍ രൂപങ്ങള്‍ തുടക്കത്തില്‍ ആവശ്യമാണു്. മനസ്സു് പരമാത്മചൈതന്യത്തില്‍ ഉറച്ചു കഴിഞ്ഞാല്‍പ്പിന്നെ മറ്റു് ഉപാധികളുടെ ആവശ്യമില്ല.

നമ്മില്‍ വിനയഭാവം വന്നാലേ, ഈശ്വരകൃപ സ്വീകരിക്കുവാന്‍ കഴിയൂ. സര്‍വ്വതിലും ഈശ്വരചൈതന്യം ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരുവനില്‍ അഹംഭാവത്തിനു സ്ഥാനമില്ല. അതിനാല്‍, നമ്മില്‍ ആദ്യമുണ്ടാകേണ്ട സ്വഭാവം വിനയമാണു്. ഇവിടുത്തെ പ്രാര്‍ത്ഥനയിലൂടെ ലക്ഷ്യമാക്കുന്നതും ഈ വിനയം തന്നെയാണു്. നോക്കിലും വാക്കിലും പ്രവൃത്തിയിലും എല്ലാം ഈ ഭാവം ഉണ്ടാകണം. ഒരു ആശാരി പണിയാന്‍വേണ്ടി ഉളി എടുക്കുമ്പോള്‍, അതില്‍ തൊട്ടു വന്ദിക്കുന്നതു കാണാം. ആശാരിയുടെ കൈയിലെ കര്‍മ്മത്തിനുള്ള ഒരു ഉപകരണം മാത്രമാണു് ഉളി. എന്നിട്ടുകൂടി അതില്‍, അതിനെ ഉപയോഗിക്കുന്നവന്‍ നമസ്‌കരിക്കുന്നു. നമ്മള്‍ വായിക്കുന്ന ഹാര്‍മ്മോണിയം, തൊട്ടുവന്ദിച്ചിട്ടു മാത്രമേ അതു് എടുക്കാറുള്ളൂ. അങ്ങനെ ഏതിനെയും തൊട്ടുവന്ദിച്ചിട്ടു മാത്രം എടുക്കുക ഇതു നമ്മുടെ സംസ്‌കാരമാണു്. നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളെ എന്തിനു നമിക്കണം എന്നു ചോദിക്കാം. ഏതിലും നമ്മള്‍ ഈശ്വരനെ ദര്‍ശിക്കാന്‍ പഠിക്കുകയാണു്. ഇതിലൂടെ, നമ്മിലെ അഹങ്കാരമില്ലായ്മയെയാണു നമ്മുടെ പൂര്‍വ്വികര്‍ ലക്ഷ്യമാക്കിയിരുന്നതു്. വാസ്തവത്തില്‍, നമ്മിലെ അഹങ്കാരമില്ലായ്മയുടെ ഒരു പ്രകടനമാണു പ്രാര്‍ത്ഥന.

പ്രാര്‍ത്ഥിക്കുന്നതു മൗനമായിട്ടായിക്കൂടെ എന്നു ചിലര്‍ ചോദിക്കാറുണ്ടു്. ചിലര്‍ക്കു മൗനമായി പഠിക്കുന്നതാണു ഓര്‍മ്മയില്‍ നിര്‍ത്താന്‍ സഹായിക്കുന്നതു്. വേറെ ചിലര്‍ക്കു ഉറക്കെ വായിച്ചാലേ മനസ്സിലാകൂ. ഉറക്കെ വായിക്കുന്നവനെ നോക്കി, ”നീ അങ്ങനെ ഉറക്കെ വായിക്കാന്‍ പാടില്ല, ഞാന്‍ മൗനമായി പഠിക്കുന്നതു കണ്ടില്ലേ, നീയും അങ്ങനെ വേണം” എന്നു നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ല. അതുപോലെ, ചിലര്‍ക്കു മനസ്സിനു് ഏകാഗ്രത കിട്ടാന്‍, ഉറക്കെയുള്ള പ്രാര്‍ത്ഥനയായിരിക്കും സഹായിക്കുന്നതു്. ചിലര്‍ക്കു മൗനമായിരിക്കും ഇഷ്ടം. ഏതിലും പ്രായോഗികം ലക്ഷ്യമാക്കി വേണം നമ്മള്‍ നീങ്ങാന്‍. മാര്‍ഗ്ഗങ്ങളൊന്നും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ല, എല്ലാം നിശ്ചലതത്ത്വത്തിലേക്കാണു നയിക്കുന്നതു്. പലരും പറയാറുണ്ടു്, ”അമ്മേ, കണ്ണടച്ചു ധ്യാനിക്കുവാന്‍ ഇരുന്നാല്‍ ധാരാളം ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും. എന്നാല്‍ പ്രാര്‍ത്ഥിക്കുന്ന സമയത്തു്, കീര്‍ത്തനങ്ങള്‍ ചൊല്ലുന്ന സമയത്തു്, ഏകാഗ്രത വേഗം കിട്ടുന്നുണ്ടു്” എന്നു്. ”സാധനകള്‍ എല്ലാം ഏകാഗ്രതയ്ക്കുവേണ്ടിയാണല്ലോ ചെയ്യുന്നതു്. ഞാന്‍ ശരീരമല്ല, ബുദ്ധിയല്ല, മനസ്സല്ല എന്നു ‘നേതി നേതി’ മാര്‍ഗ്ഗത്തിലൂടെ പോകുന്നതും ആ പരമാത്മതത്ത്വത്തിലേക്കു് എത്തുവാന്‍ വേണ്ടിത്തന്നെയാണല്ലോ. ഈ പ്രാര്‍ത്ഥനയുടെ ലക്ഷ്യവും അതുതന്നെയാണു്.

ഏതു മതത്തിലാണു പ്രാര്‍ത്ഥനയില്ലാത്തതു്, ഭക്തിയില്ലാത്തതു് ബുദ്ധമതത്തിലുണ്ടു്, ക്രിസ്തുമതത്തിലുണ്ടു്, ഇസ്ലാംമതത്തിലുണ്ടു്. എല്ലാ മതങ്ങളിലും ഗുരുശിഷ്യബന്ധവുമുണ്ടു്. അദ്വൈതമാര്‍ഗ്ഗത്തിലും ഗുരുശിഷ്യബന്ധമുണ്ടു്. അവിടെ ഗുരുവും ശിഷ്യനും എന്ന ദ്വൈതഭാവം വരുന്നില്ലേ? ഗുരുവിനോടുള്ള ഭക്തി, ഭക്തിതന്നെയല്ലേ? പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ഈശ്വരീയഗുണങ്ങളെയാണു് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതു്. പ്രാര്‍ത്ഥനയിലൂടെ നാം പരമതത്ത്വത്തെ സാക്ഷാത്കരിക്കുവാനാണു ശ്രമിക്കുന്നതു്. അല്ലാതെ പ്രാര്‍ത്ഥന എന്നതു ദുര്‍ബ്ബലൻ്റെ മാര്‍ഗ്ഗമല്ല. ഈശ്വരനിലേക്കു് എത്തുവാനുള്ള ശക്തമായ ചുവടുവയ്പ്പാണതു്.