ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച)
ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ അമ്മ നിന്ദിക്കുന്നില്ല. അവ ആവശ്യംതന്നെ. പക്ഷേ, മനുഷ്യന്‍ മനസ്സിന്റെ വിദ്യ കൂടി പഠിക്കണം. ഇന്നതിനു് എങ്ങും മാര്‍ഗ്ഗമില്ല. എവിടെയും മനുഷ്യനിലെ മൃഗീയവാസനകളെ വളര്‍ത്താനുള്ള സാഹചര്യങ്ങളേയുള്ളൂ. ഓരോ ദിവസത്തെയും പത്രവാര്‍ത്തകള്‍ നോക്കിയാല്‍ കുറ്റകൃത്യങ്ങള്‍ എത്ര പെരുകിയിട്ടുണ്ടെന്നു കാണുവാന്‍ കഴിയും. മനസ്സിനെ ഈ താണപടിയില്‍നിന്നു് ഉദ്ധരിക്കുവാനുള്ള ക്രിയകളാണു ധ്യാനജപാദികള്‍. പക്ഷേ, അതിനാര്‍ക്കും സമയമില്ല. ഇരുപത്തിനാലുമണിക്കൂറില്‍ ഒരു മണിക്കൂറെങ്കിലും സാധനയ്ക്കു നീക്കിവയ്ക്കുവാന്‍ എത്ര പേര്‍ക്കു കഴിയുന്നുണ്ടു്?
മനുഷ്യന്‍ മനസ്സിന്റെ വിദ്യ കൂടി പഠിക്കണം
വിമാനം കണ്ടുപിടിച്ചതുകൊണ്ടു 100 മണിക്കൂര്‍ വേണ്ട യാത്രയ്ക്കു് ഒരു മണിക്കൂര്‍ മതി. എന്നാല്‍ ഇതു കൊണ്ടു ജീവിതത്തിനു തിരക്കു കുറഞ്ഞോ? ഇല്ല. കൂടിയിട്ടേയുള്ളൂ. അപ്പോള്‍ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടാന്‍ അറിയാത്ത മനസ്സിനു് എത്ര വലിയ നേട്ടമുണ്ടായാലും എന്തു കാര്യം? എന്തിലും അസംതൃപ്തി മാത്രം. മനസ്സിന്റെ ശാന്തി ഇതിനെയൊന്നുമല്ല ആശ്രയിച്ചിരിക്കുന്നതു്. സമാധാനം വേണോ, മനസ്സിന്റെ വിദ്യ നേടണം. ഭൗതികമായി എന്തൊക്കെ നേടിയാലും ശാന്തിയില്ലെങ്കില്‍ എന്തു വിശേഷം? ഏറ്റവും അധികം സ്നേഹിക്കുന്ന ഭാര്യ അടുത്തിരുന്നാലും കലി ! ഏറ്റവും സ്വാദേറിയ ഭക്ഷണത്തിലും അരുചി ! എല്ലാറ്റിനെയും ഹൃദയം തുറന്നു സ്നേഹിക്കുവാനും പ്രകൃതിയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും നാം തയ്യാറാകണം. ഒരുമണിക്കൂര്‍ സാധനയ്ക്കു പറ്റില്ലെങ്കില്‍ നിഷ്‌കാമകര്‍മ്മത്തിനു വേണ്ടിയെങ്കിലും അല്പസമയം നീക്കിവയ്ക്കണം. ബാക്കിസമയം ഉണ്ണാനും ഉറങ്ങാനും വിനോദത്തിനും ആയിക്കൊള്ളട്ടെ. ജീവിതത്തില്‍ വിലയുള്ള ‘ഒന്നു്’ എന്നു പറയുന്നതു് ഇതൊന്നു മാത്രമാണു് ജപം, ധ്യാനം, നിഷ്‌കാമസേവനം. ബാക്കിയെല്ലാം വെറും പൂജ്യങ്ങള്‍ ! ഒന്നുണ്ടെങ്കിലല്ലേ പൂജ്യത്തിനു വിലയുള്ളൂ!
സകലരും അഹങ്കാരത്തിനു് അടിമയാകാന്‍ പോകും. എന്നാല്‍ ഈശ്വരനു് അടിമയാകാന്‍ പ്രയാസമാണു്. അഹങ്കാരത്തിനു് അടിമയായാല്‍ അശാന്തി. ഈശ്വരനു് അടിമയായാല്‍ ശാന്തി. ഇതു നമ്മള്‍ ഓര്‍ക്കണം. ഈശ്വരനോടുള്ള ഭയഭക്തി ഒരിക്കലും ദുര്‍ബ്ബലതയല്ല. നമ്മളില്‍ ശാശ്വതമായതെന്തോ, അതിനോടുള്ള പ്രേമമാണു യഥാര്‍ത്ഥ ഭക്തി. അല്ലാതെ ക്ഷേത്രത്തിനു മുന്നില്‍ നിന്നു് അയലത്തു വീട്ടിലുള്ളവരോടുള്ള അസൂയയും കുശുമ്പും എണ്ണിപ്പറഞ്ഞു പ്രാര്‍ത്ഥിക്കുന്നതു് ഒരിക്കലും ഭക്തിയാകുന്നില്ല. ‘സര്‍വ്വര്‍ക്കും നല്ല മനസ്സു് നല്കണേ, ശാന്തിയും സമാധാനവുമേകണേ’ എന്നു പ്രാര്‍ത്ഥിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി. അതാണു യഥാര്‍ത്ഥ ഈശ്വരതത്ത്വം. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നവനിലും ശാന്തി നിറയുകയാണു്. മറിച്ചു്; ദ്രോഹമനസ്സു് വച്ചു കൊണ്ടിരിക്കുന്നവന്‍ സ്വയം നാശത്തിലേക്കു വീഴുകയാണു ചെയ്യുന്നതു്.
ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച)
ശാസ്ത്രം വികസിച്ചെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി വിവേകപൂര്‍വ്വം കണ്ടു പ്രവര്‍ത്തിക്കുവാന്‍ സ്വാര്‍ത്ഥത മൂലം മനുഷ്യന്‍ മുതിരുന്നില്ല. കൃഷിക്കു കൃത്രിമവളങ്ങള്‍ നല്കാനുള്ള കാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയാണു്; സസ്യങ്ങളോടുള്ള സ്നേഹമല്ല. ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതിനൊരു പരിധിയുണ്ടു്. അതിലധികം കാറ്റു നിറച്ചാല്‍ ബലൂണ്‍ പൊട്ടും. അതുപോലെ ഒരു വിത്തിനു നല്കാവുന്ന വിളവിനൊരു പരിധിയുണ്ടു്. അതു കണക്കാക്കാതെ കൃത്രിമവളങ്ങളും മറ്റും ചേര്‍ത്തു് ഉത്പാദനം വര്‍ദ്ധിപ്പിച്ചാല്‍ വിത്തിന്റെ ശക്തിയും ഗുണവും കുറയും. അതു കഴിക്കുന്ന മനുഷ്യന്റെ സെല്ലുകളെയും ദോഷകരമായി ബാധിക്കും. പണ്ടു്, കൃഷിക്കു വെള്ളവും വളവും മാത്രം മതി. ഇന്നതല്ല, മരുന്നടിച്ചു കൊടുക്കണം. ചെടിക്കുതന്നെ പ്രതിരോധശക്തി നഷ്ടമായി. രോഗങ്ങളെ ചെറുത്തുനില്ക്കാനുള്ള അവയുടെ ശക്തി നശിപ്പിക്കപ്പെടുകയാണു ചെയ്യുന്നതു്.
എല്ലാറ്റിനെയും ആദരവോടെ സ്നേഹിക്കാനാണു മതം പറയുന്നതു്. സയന്‍സ്, ഇരട്ടിയിരട്ടി ഉണ്ടാക്കാന്‍ കണ്ടുപിടിച്ചു. എന്നാല്‍ ഗുണമത്രയില്ല. ഇഡ്ഡലിയില്‍ ഈസ്റ്റ് ചേര്‍ത്തു ഇരട്ടി വലുപ്പമാക്കുമ്പോള്‍ ഇഡ്ഡലി യുടെ ഗുണം കുറയുന്നതല്ലേയുള്ളൂ? കോഴിക്കു ഹോര്‍മോണ്‍ കുത്തിവച്ചു നല്ല വലുപ്പമുള്ള മുട്ട ഉത്പാദിപ്പിക്കും. ഇരുട്ടുള്ള കൂട്ടിലടച്ചു ദിവസം രണ്ടു മുട്ട ഇടുവിക്കും. അതുകൊണ്ടെന്താ? കോഴിയുടെ ആയുസ്സു പകുതിയാകും. മുട്ടയ്ക്കാകട്ടെ നാടന്‍മുട്ടയുടെയത്ര ഗുണമുണ്ടാവുകയുമില്ല. ലാഭമോഹം കാരണം ജനങ്ങള്‍ക്കുള്ള നന്മയെപ്പറ്റി ചിന്തിക്കുന്നില്ല. ഒന്നിനോടും കാരുണ്യം ഉണ്ടാകുന്നില്ല. ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ട എന്നല്ല, എന്നാല്‍ എല്ലാറ്റിനും ഒരു ക്രമമുണ്ടു്. ധനമോഹത്താല്‍ ആ പരിധി ലംഘിക്കുന്നതു പ്രകൃതിയെ നശിപ്പിക്കുന്നതിനു തുല്യമാണു്. പറന്നുനടക്കുന്ന കിളികളെ നമ്മുടെ വിനോദത്തിനു കൂട്ടിലിട്ടു് അടയ്ക്കുന്നതു പോലെയാണു പ്രകൃതിയെ നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതു്. പ്രകൃതിയെ ജയിലിലടച്ചതിനു തുല്യമാണിതു്. പ്രകൃതിയുടെ ആ വിമ്മിഷ്ടം മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകും. മനുഷ്യനു ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത ഘട്ടത്തില്‍ പ്രകൃതിക്കു നേരെ മഴു ഉയര്‍ത്തിയാല്‍ മനസ്സിലാക്കാം. എന്നാല്‍ ഇതങ്ങനെയല്ല. അതിമോഹംകൊണ്ടു കാട്ടുന്ന അതിക്രമങ്ങള്‍ പ്രകൃതി എങ്ങനെ ക്ഷമിക്കും?
സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെ വാനോളം സ്തുതിക്കുകയോ അദ്ധ്യാത്മികതയെ കണ്ണടച്ചു പുച്ഛിക്കുകയോ ചെയ്യുന്ന മക്കള്‍ ഒന്നോര്‍ക്കണം; ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്കൊണ്ടുണ്ടായ ദുരന്തം മതതത്ത്വങ്ങള്‍ കൊണ്ടുണ്ടായിട്ടില്ല. വെടിമരുന്നു മുതല്‍ അണു ബോംബുവരെയുള്ള യുദ്ധോപകരണങ്ങള്‍ എത്ര വലിയ വിനാശമാണു വരുത്തിവച്ചിട്ടുള്ളതു്? ഇന്നു് ഓരോ രാജ്യത്തിന്റെയും കൈയിലുള്ള ആറ്റംബോംബുകളെക്കുറിച്ചു ചിന്തിച്ചാല്‍ സ്വൈര്യമായി കിടന്നുറങ്ങുവാന്‍ പറ്റുമോ? മതങ്ങള്‍ തമ്മില്‍ കലഹിച്ചിട്ടില്ലേ എന്നു ചോദിക്കാം. അവിടെയും കുറ്റം തത്ത്വത്തിന്റെതല്ല. അതിനെ സ്വാര്‍ത്ഥലാഭത്തിനായി വളച്ചൊടിക്കുന്ന മനുഷ്യന്റെതാണു്. രാഷ്ട്രത്തലവന്മാര്‍ പരസ്പരം യുദ്ധം ചെയ്തതുപോലെ, സദ്ഗുരുക്കന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ടോ? (തുടരും …….)
ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്?
മനുഷ്യനിലെ നിഷ്‌കളങ്കതയാണു പ്രകൃതിയുമായി അവനെ ബന്ധിക്കുന്ന ഘടകം. മഴവില്ലു കാണുമ്പോള്‍, കടല്‍ത്തിര കാണുമ്പോള്‍, ഒരു കൊച്ചുകുഞ്ഞിനുണ്ടാകുന്ന ആഹ്ലാദം നമുക്കു തോന്നുന്നുണ്ടോ? സ്വാര്‍ത്ഥത വളരുമ്പോള്‍, കുരുട്ടുബുദ്ധി ഏറുമ്പോള്‍ നമ്മിലെ നിഷ്‌കളങ്കത നഷ്ടമാകുന്നു. അപ്പോള്‍ മനുഷ്യന്‍ പ്രകൃതിയില്‍നിന്നു് ഒറ്റപ്പെടുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആരംഭിക്കുന്നു. പ്രകൃതിക്കു ഭീഷണിയാകുന്നതുവഴി തന്റെതന്നെ അന്ത്യത്തിനു കാരണമാവുകയാണു ചെയ്യുന്നതെന്നു് അവന്‍ അറിയുന്നില്ല.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക
മനുഷ്യനിലെ ശൈശവനിഷ്‌കളങ്കത നിലനിര്‍ത്താന്‍ ഏറ്റവും സഹായകമാണു് ഈശ്വരവിശ്വാസം. ഭക്തിവിശ്വാസമുള്ള ഒരു വ്യക്തി പ്രകൃതിയിലെ ഓരോ വസ്തുവിലും പക്ഷിമൃഗാദികളിലും തന്റെ ഇഷ്ടമൂര്‍ത്തിയെയാണു ദര്‍ശിക്കുന്നതു്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ഇതവനെ പ്രാപ്തനാക്കുന്നു. ശരിയായ ഈശ്വരവിശ്വാസിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും ഒഴുകിയെത്തുന്ന സ്നേഹം പ്രകൃതിയുടെ ഉള്ളു കുളിര്‍പ്പിക്കുന്നു. അതാണു ശരിയായ പ്രകൃതിസംരക്ഷണം. ഇന്നു മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥത കാരണം പ്രകൃതിയെ തന്നില്‍നിന്നു ഭിന്നമായിക്കാണുന്നു. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാനെത്തുന്നതു രണ്ടും എന്റെതുതന്നെ എന്ന ബോധം കൊണ്ടാണു്. സ്വന്തം കൈയോടു കാട്ടുന്ന വാത്സല്യം മറ്റൊരാളുടെ കൈ മുറിഞ്ഞാലുണ്ടാകുന്നില്ല. അതു് എന്റെതല്ലെന്ന ചിന്തയാണതിനു കാരണം. ഇന്നു പ്രകൃതിയെ അവന്റെ സ്വാര്‍ത്ഥത നിറവേറ്റാനുള്ള ഒരുപകരണമായിട്ടാണു മനുഷ്യന്‍ കാണുന്നതു്.
ശാസ്ത്രം വികസിക്കുന്തോറും, കാര്യങ്ങള്‍ ബുദ്ധിപരമായിമാത്രം മനസ്സി ലാക്കാന്‍ ശ്രമിക്കുന്തോറും മനുഷ്യനിലെ വിശാലത നഷ്ടമാകുന്നതായാണു കണ്ടുവരുന്നതു്. പത്തു തക്കാളി ലഭിക്കുന്ന ചെടിയില്‍നിന്നു നൂറു തക്കാളി ഉത്പാദിപ്പിക്കാന്‍ അവന്‍ പഠിച്ചു. അതിന്റെ വലുപ്പം ഇരട്ടിയാക്കാനും അവനു കഴിഞ്ഞു. ഉത്പാദനം കൂടിയപ്പോള്‍ ദാരിദ്ര്യം കുറഞ്ഞെന്നതു ശരിതന്നെ. പക്ഷേ ഒന്നോര്‍ക്കണം; ഒരിടത്തു പട്ടിണിമരണം ഇല്ലാതായെങ്കില്‍ മറു വശത്തു പുതിയ രോഗങ്ങള്‍ കാരണം നൂറുകണക്കിനാളുകള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണു്. വയറുനിറച്ചതോടൊപ്പം ശരീരത്തിന്റെ സ്വാഭാവികരോഗ പ്രതിരോധശക്തി നഷ്ടമാകുകയും ചെയ്തു. കൃത്രിമ വളങ്ങളും കീടനാശിനികളും ആഹാരത്തിലൂടെ ചെല്ലുന്നതു മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ഈ രാസവസ്തുക്കള്‍ ശരീരത്തിലെ സെല്ലുകള്‍ നശിപ്പിക്കുന്നു. അവനെ രോഗങ്ങള്‍ക്കടിമയാക്കുന്നു. വിത്തിന്റെ വിളവു ക്രമാതീതമായി വര്‍ദ്ധിച്ചതോടൊപ്പം ആസ്പത്രികളുടെ എണ്ണവും കൂടി. (തുടരും …….)
ശബരിമല വിശ്വാസ സംരക്ഷണത്തിനായുള്ള അയ്യപ്പ ഭക്തസംഗമത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് അമ്മ നൽകിയ സന്ദേശം 20 ജനുവരി 2019
“പ്രേമ സ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവർക്കും നമഃസ്ക്കാരം. ക്ഷണിച്ച ആചാര്യന്മാർക്കും നമഃസ്ക്കാരം.”
“ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ ഏറ്റവും ദൗർഭാഗ്യകരമാണ്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്നത്തിനും കാരണം.
ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിയ്ക്കുന്നത് ശരിയല്ല. ക്ഷേത്ര ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ക്ഷേത്രത്തിലെ ദേവതയും സർവവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കണം. സർവ്വവ്യാപിയായ ഈശ്വരന് യാതൊരു പരിമിതികളും ഇല്ല. അവിടുത്തേക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എങ്ങും നിറഞ്ഞു നിൽക്കുന്ന അനന്തമായ ശക്തിയാണ്. എന്നാൽ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ ഇത് വ്യത്യാസമുണ്ട്.
സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. ടാങ്കിൽ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്സിജൻ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകൾ ഒന്നുമില്ല. അതുപോലെ നദിയിൽ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകളോ യമനിയമങ്ങളോ ഒന്നും ആവശ്യമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോൾ അതിൽ ക്ലോറിൻ ഇടണം, ഫിൽട്ടർ ചെയ്യണം. അതിൽ കുളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് നമ്മൾ വേറെ വെള്ളത്തിൽ കുളിക്കണം. വിയർപ്പെല്ലാം കളഞ്ഞ് ഒരു പ്രത്യേക വസ്ത്രം ധരിക്കണം. മാത്രമല്ല, സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ സോപ്പ് തേയ്ക്കാനും പാടില്ല. നദിയിലെ വെള്ളം തന്നെയാണ് സ്വിമ്മിംഗ് പൂളിലും ഉള്ളത്. സർവവ്യാപിയായ ഈശ്വരന്‍റെ ഒരു ഭാഗം തന്നെയാണ് ഇതും [ക്ഷേത്രവും] . പക്ഷേ അതിൽ ശുദ്ധാശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും ആവശ്യമാണ്.
നമ്മൾ ഏതു രീതിയിൽ ഭാവിക്കുന്നോ, അതുപോലെ ഫലവും കിട്ടും. ഒരു വിത്ത് നട്ടാൽ അതിന് വെള്ളവും വളവും കൊടുക്കുന്നത് കൊണ്ടാണ് പൂവും കായും ഫലങ്ങളും കിട്ടുന്നത്. ഓരോ ക്ഷേത്ര ദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം, നിവേദ്യങ്ങൾ സമർപ്പിക്കണം, ശുദ്ധാശുദ്ധങ്ങൾ നോക്കണം – അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണം. സർവവ്യാപിയായ ഈശ്വരന് ഇത്തരം പരിമിതികൾ ഇല്ല. ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം സങ്കൽപ്പമുണ്ട്. രൗദ്രഭാവത്തിലെ സങ്കൽപ്പം വേറെ, ശാന്തഭാവത്തിലെ സങ്കൽപ്പം വേറെ. ഓരോ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും ചില സങ്കല്പങ്ങളുണ്ട്. ഇന്ന പൂജ വേണം, ഇന്ന ആചാരങ്ങൾ വേണം, ഇന്നയിന്ന ശുദ്ധാശുദ്ധി വേണം. സഗുണാരാധനക്ക് ഈ രീതിയിലുള്ള പ്രാധാന്യങ്ങൾ ഉണ്ട്. പാരമ്പര്യമായുള്ള നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധത്തിൽ പാലിച്ചില്ലെങ്കിൽ അത് ക്ഷേത്രാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. ക്ഷേത്ര സങ്കല്പത്തിന്റെ കാര്യമാണ് പറയുന്നത്.
ക്ഷേത്രം മൈനറാണ് എന്നു പറയും [ഭരണഘടനാ പ്രകാരം] . കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയും പൂജാരിയും അതുപോലെതന്നെ വിശ്വാസികളും ആവശ്യമാണ്. വിശ്വാസമില്ലാത്തവർ അവിടെ പോയാൽ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും. അപ്പോൾ വിശ്വാസികളേയും കൂടി ആശ്രയിച്ചിരിക്കുകയാണ്.
ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പേ പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് ഇത്തരം വ്രത സമ്പ്രദായങ്ങൾ നിലവിൽ വന്നതെന്നാണ് വിശ്വാസം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യമാണ് -തീർച്ചയായും. പക്ഷേ ക്ഷേത്രത്തെതന്നെ മറന്നുകൊണ്ടുള്ള മാറ്റം കൊണ്ടുവന്നാൽ അതിലൂടെ നമ്മുടെ മൂല്യങ്ങൾ തന്നെയാണ് നഷ്ടപ്പെട്ടുപോകുന്നത്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതാക്കാൻ ഇടയാക്കരുത്.
ശങ്കരാചാര്യർ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണ ഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെയാണ്. അവരൊക്കെ തിരിച്ചുവന്ന് ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. അതിനകത്തെല്ലാം ഓരോ ആചാരാനുഷ്ഠാനങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട്. ഈ ക്ഷേത്രത്തിൽ എന്നെ ക്ഷണിച്ചു കൊണ്ടുപോയിട്ടുണ്ട്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ട്. പ്രദക്ഷിണം വയ്‌ക്കുന്പോൾ ഇന്ന സ്ഥലത്ത് പ്രദക്ഷിണം വയ്ക്കരുത് തിരിച്ചു വരണം എന്ന് പറയും. എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം അമ്മയും അനുഷ്ഠിക്കാറുണ്ട്.
അമ്മ പ്രതിഷ്ഠ നടത്തിയപ്പോഴും -ഈ വിഷയത്തിലെ അന്നത്തെ ആചാര്യന്മാരെയും മാധവ് ജി തുടങ്ങിയ മറ്റെല്ലാ തന്ത്രിമാരെയും വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് പ്രതിഷ്‌ഠ നടത്തിയത്. അമ്മ സന്യാസം കൊടുത്തപ്പോഴും സന്യാസി പരമ്പരകളെ ക്ഷണിച്ചു വരുത്തി, അവരുടെ വഴിയെ ആണ് കൊടുത്തത്. ആചാരങ്ങളൊന്നും ഞാൻ ലംഘിച്ചതൊന്നുമില്ല. ക്ഷേത്രങ്ങൾ നമ്മുടെ സംസ്കാരത്തിന്‍റെ തൂണുകളാണ്. അവ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ അത് നൂലുപൊട്ടിയ പട്ടം പോലെയായിത്തീരും.
നമുക്കറിയാം പണ്ട് വിദേശത്തൊക്കെ പോകുമ്പോൾ പ്ലെയിനിന്‍റെ ഇന്നഭാഗത്തിരുന്ന് സിഗരറ്റ് വലിക്കാം എന്ന് പറയുമായിരുന്നു, ഇപ്പോഴത് പറ്റില്ല. ഇന്ന സ്റ്റേഷനിൽ ഇന്നയിടത്തേ സിഗരറ്റ് വലിക്കാവൂ.
മണ്ണാറശാലയിൽ അമ്മയാണ് പൂജിക്കുന്നത്. സ്ത്രീകൾക്കുമാത്രമുള്ള കോളേജുകളുണ്ട്, സ്കൂളുകളുണ്ട്, ആൺപിള്ളേർക്കുള്ള സ്കൂളുകളുണ്ട്. അതിനെ ലിംഗവ്യത്യാസം എന്ന് പറയാൻ നമുക്ക് പറ്റുകയില്ല. ഇത്ര വയസ്സുവരെയും കയറാം എന്നുള്ളതുകൊണ്ട് സ്ത്രീകളെ ശബരിമലയിൽ തള്ളിയിട്ടില്ല എന്നതാണ് സത്യം.
ഒരു കൊച്ചുകുട്ടിയോട് കള്ളം പറഞ്ഞാൽ കണ്ണുപൊട്ടും, മൂക്കു നീണ്ടു വരും എന്നൊക്കെ പറയും. അങ്ങനെയാണെങ്കിൽ നമ്മുടെയെല്ലാം മൂക്ക് നീണ്ടതാവുമായിരുന്നു, കണ്ണ് പൊട്ടുമായിരുന്നു. പക്ഷേ ആ സമയത്ത്, വിവേകമില്ലാത്ത സമയത്ത് ആ വാക്ക് ഉപകരിച്ചു. അത് പ്രായോഗിക യുക്തിയാണ്.
ഒരു കുഞ്ഞ് ആനയുടെ പടം വരച്ച്, അച്ഛാ ഞാൻ ആനയുടെ പടം വരച്ചെന്നു പറയുന്നു. അച്ഛൻ നോക്കിയപ്പോൾ അഞ്ചാറ് കുത്തും വരയുമേ ഉള്ളൂ. ഇത് ആനയുടെ പടമൊന്നുമല്ലടാ, അഞ്ചാറ് കുത്തും വരയുമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ കൊച്ച് വിളിവയ്ക്കാൻ (കരയാൻ) തുടങ്ങി. എന്തൊക്കെ പറഞ്ഞിട്ടും കരച്ചിൽ നിന്നില്ല. ഓരോന്ന് എടുത്ത് എറിയാനും തുടങ്ങി. അവസാനം അച്ഛൻ പറഞ്ഞ്നു, മോനെ -മോനെ അച്ചൻ്റെ കണ്ണിന് കാഴ്ച കുറവായതുകൊണ്ടാ മനസ്സിലാക്കാതിരുന്നത്. കണ്ണട വച്ചപ്പോഴാണ് ശരിക്ക് മനസ്സിലാക്കിയത് – അച്ഛൻ്റെ മോൻ നല്ലവണ്ണം ആനയുടെ പടം വരച്ചിട്ടുണ്ട്. : ഇത് ഹൃദയത്തിൻ്റെ ഭാഷയാണ്. നമ്മൾ ആ തലത്തിലേക്ക് ഇറങ്ങി ചെല്ലണം.
ക്ഷേത്രങ്ങൾ ‘സ്റ്റെയർകേസു’ പോലാണ്. മുകളിൽ കയറിയെത്തുമ്പോൾ – മുകളിൽ വാർത്തിരിക്കുന്നതും തന്നെ, സ്റ്റെയർകേസും ഒന്നുകൊണ്ടുതന്നെയാണെന്ന് മനസ്സിലാവും. എല്ലാം വാർത്തിരിക്കുന്നത് സിമൻ്റും മെറ്റലും ചരലും ഒക്കെ കൊണ്ടുതന്നെയാണെന്ന് മനസ്സിലാക്കികഴിഞ്ഞാലും സ്റ്റെയർകേസ് തള്ളിക്കളയാൻ നമുക്കാകില്ല. കയറിയെത്താൻ എപ്പോഴും അതു വേണം. എല്ലാം ഈശ്വരനാണ് എന്ന് അറിഞ്ഞാലും മററുള്ളവർക്ക് കൂടി വരണം എന്ന് വിചാരിച്ച് എല്ലാത്തിലും ഈശ്വരനെ തന്നെ കാണും. അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണ്ടെന്ന് വച്ചാൽ സംസ്കാരം നഷ്ടമാകും.
ശബരിമല സീസൺ സമയത്ത് പതിനഞ്ച് വർഷമായിട്ട് അമ്മ റിസർച് പോലെ നടത്തി. വിവിധ ആശുപത്രികളിൽ ചെന്ന് ഒരു ഗവേഷണം നടത്തിയത്തിൽ എല്ലാ സീസൺ സമയത്തും മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. കാരണമെന്താണ്? ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. എത്രയോ കുടുംബങ്ങളിൽ മാനസികമായും ശാരീരികമായും ഒരു താളലയം കൊണ്ടു വരുന്നതാണ് ക്ഷേത്രങ്ങൾ. അതുകൊണ്ട് ഈ സംസ്ക്കാരത്തെ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. സംസ്കാരത്തിന്‍റെ കെട്ടും കുറ്റിയും (അടിസ്ഥാനം)അതിലാണ്.
അർജുനൻ കൃഷ്ണനോട് യുദ്ധമുറ ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്‍റെ മറുപടി. കാരണം അധികാരി ഭേദമനുസരിച്ച് പറഞ്ഞു കൊടുക്കണം. എനിയ്ക്ക് പറയാനുള്ളത് ഭക്തരായ തന്ത്രിയും പൂജാരികളും ഭക്തരായ നിങ്ങളെപോലുള്ള എല്ലാവരും കൂടിയാണ്, വിചാരിച്ച് കൂടിയാലോചിക്കേണ്ടത്, തീരുമാനിക്കേണ്ടത് എന്നാണ്. പയ്യെ തിന്നാൽ പനയും തിന്നാം – സാവധാനം ഒന്നിച്ച് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം. മറ്റൊന്നും പറയാനില്ല. കൂടുതൽ സംസാരിക്കാനും വന്നതല്ല. മററുള്ള കാര്യങ്ങളെല്ലാം മക്കളെല്ലാം പറഞ്ഞുകഴിഞ്ഞു. നമഃശ്ശിവായ”
ചോദ്യം : അമ്മേ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണു്?
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണു്
അമ്മ : മക്കളേ, മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനല്ല. അവന്‍ പ്രകൃതിയുടെതന്നെ ഭാഗമാണു്. വാസ്തവത്തില്‍ നമ്മള്‍ പ്രകൃതിയെ രക്ഷിക്കുകയല്ല പ്രകൃതി നമ്മെ രക്ഷിക്കുകയാണു ചെയ്യുന്നതു്. ഭൂമിയില്‍ മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണു്. പ്രാണവായുവിന്റെ ശുദ്ധീകരണം നടക്കണമെങ്കില്‍ സസ്യലതാദികള്‍ വേണം. അന്തരീക്ഷശുദ്ധിയില്ലാതെ വരുമ്പോള്‍ നമ്മുടെ ആരോഗ്യം തകരുന്നു, ആയുസ്സു കുറയുന്നു, പലതരം രോഗങ്ങള്‍ക്കു് അടിമയാകുന്നു. പ്രകൃതിയിലെ ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കും. അതുപോലെത്തന്നെ മനുഷ്യന്റെ പ്രവൃത്തികളും ചിന്താതരംഗങ്ങളും പ്രകൃതിയിലും സമാനമായ പരിവര്‍ത്തനങ്ങളുണ്ടാക്കും. പ്രകൃതിയുടെ താളം തെറ്റിയാല്‍, മനുഷ്യജീവിതത്തിന്റെ താളലയവും നഷ്ടമാകും. അപ്രകാരം മറിച്ചും സംഭവിക്കും.