സാഹചര്യങ്ങളോടു് ഇണങ്ങണമെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ ശാന്തി ഉണ്ടാകണം.
ഇതിനു കഴിയുന്നതു് ആദ്ധ്യാത്മികത അറിയുന്നതിലൂടെയാണു്. ഈ രീതിയില്‍ ശാന്തി ഉള്ള മനസ്സിനേ സാഹചര്യത്തോടു് ഒത്തുപോകുവാന്‍ കഴിയൂ. ധ്യാനത്തില്‍നിന്നു മാത്രമേ ശരിയായ ശാന്തി ലഭിക്കൂ. ജീവിതത്തില്‍ ഏതു സാഹചര്യത്തോടും ഇണങ്ങിപ്പോകാന്‍ കഴിയുന്ന ഒരു മനസ്സിനെയാണു നാം വളര്‍ത്തിയെടുക്കേണ്ടതു്.
നമ്മുടെ ജീവിതം കണ്ണുപോലെയാകണം എന്നുപറയും. കാരണം, കണ്ണിനു കാഴ്ചശക്തി ക്രമപ്പെടുത്താന്‍ കഴിയും. ഒരു വസ്തു ദൂരെയാണെങ്കിലും അടുത്താണെങ്കിലും കണ്ണു് അതിനനുയോജ്യമായി കാഴ്ച ക്രമപ്പെടുത്തും. അതിൻ്റെ ഫലമായാണു നമുക്കവയെ കാണുവാന്‍ കഴിയുന്നതു്.
സാധാരണ ജീവിതം റോഡില്‍ക്കൂടി വാഹനം ഓടിക്കുന്നതു പോലെയാണെങ്കില്‍, ആദ്ധ്യാത്മിക ജീവിതം വിമാനം പറത്തുന്നതു പോലെയാണു്. കാരണം, റോഡില്‍ക്കൂടി ഓടുന്ന വാഹനങ്ങള്‍ക്കു ഭൂമിയിലല്ലാതെ, അല്പംപോലും ഉയരത്തിലേക്കു പോകുവാന്‍ സാധിക്കുന്നില്ല.
എന്നാല്‍, വിമാനം അങ്ങനെയല്ല, റോഡില്‍ക്കൂടി ഓടി ഉന്നതങ്ങളിലേക്കു് ഉയരുകയാണു ചെയ്യുന്നതു്. ഉയരങ്ങളില്‍ ചെല്ലുമ്പോള്‍ ഏതിനെയും സാക്ഷിയായി വീക്ഷിക്കുവാനുള്ള ശക്തി നമുക്കു കിട്ടും. നമ്മളൊക്കെ ഇപ്പോള്‍ അനുസരണയുള്ള ഒരു യന്ത്രംപോലെ ആയിരിക്കുന്നു. അതല്ല വേണ്ടതു്; വിവേകവും ഉണര്‍വ്വുമുള്ള മനുഷ്യനായി തീരണം.
മക്കളേ, പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. മനസ്സിൻ്റെ വിദ്യയാണു് യഥാര്‍ത്ഥവിദ്യ.
എന്താണു മനുഷ്യരെല്ലാം തേടുന്നതു്? ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കു വേണ്ടി മനുഷ്യന്‍ പരക്കം പായുകയാണു്. പക്ഷേ ഭൂമുഖത്തു നിന്നു ശാന്തിയും സമാധാനവും അപ്രത്യക്ഷമായിരിക്കുന്നു. പുറം ലോകം സ്വര്‍ഗ്ഗമാക്കാന്‍ നമ്മള്‍ പാടുപെടുകയാണു്. എന്നാല്‍ നമ്മുടെ ആന്തരിക ലോകം നരകതുല്യമായി തീര്‍ന്നിരിക്കുന്നതു നാമറിയുന്നില്ല.
ഇന്നത്തെ ലോകത്തില്‍ സുഖഭോഗ വസ്തുക്കള്‍ക്കു് ഒരു ക്ഷാമവുമില്ല. എയര്‍ കണ്ടീഷന്‍ഡു് മുറികളും എയര്‍ കണ്ടീഷന്‍ഡു് കാറുകളും എല്ലാം ആവശ്യത്തിലേറെ ഉണ്ടു്. എന്നിട്ടോ, എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ താമസിച്ചിട്ടും മനഃസമാധാനമില്ല. അത്തരം മുറികളില്‍ കിടന്നിട്ടും ഉറക്കം കിട്ടാതെ എത്രയോ പേര്‍ ഉറക്ക ഗുളിക കഴിക്കുന്നു. ആഡംബരത്തിൻ്റെ നടുവില്‍ ജീവിച്ചിട്ടും മനഃസംഘര്‍ഷം സഹിക്കാന്‍ കഴിയാതെ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു!
സുഖവും സന്തോഷവും ബാഹ്യവസ്തുക്കളിലായിരുന്നെങ്കില്‍ ആഡംബര ജീവിതത്തില്‍ നിന്നു് അവ കിട്ടിയേനേ. എന്നാല്‍ അങ്ങനെയല്ല കണ്ടുവരുന്നതു്. കാറുകളും മുറികളും എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ വ്യഗ്രത കാട്ടുന്നവര്‍ ആദ്യം തങ്ങളുടെ മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിച്ചിരുന്നെങ്കില്‍!
അതുമാത്രമാണു യഥാര്‍ത്ഥ ആനന്ദത്തിലേക്കുള്ള വഴി. മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന വിദ്യയാണു് ആദ്ധ്യാത്മിക വിദ്യ. അതു് മനസ്സിൻ്റെ വിദ്യയാണു്. അതാണു യഥാര്‍ത്ഥവിദ്യ.
മക്കളേ, ശാന്തിയും സമാധാനവും സന്തോഷവുമെല്ലാം അവനവൻ്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നതു്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയം അതാണു സന്തോഷത്തിൻ്റെ അടിസ്ഥാനം. സ്വര്‍ഗ്ഗവും നരകവും രണ്ടും മനസ്സിൻ്റെതന്നെ സൃഷ്ടികളാണു്.
മനസ്സു് ശാന്തമാണെങ്കില്‍ ഏറ്റവും വലിയ നരകവും സ്വര്‍ഗ്ഗമായി തീരും. മനസ്സു് അശാന്തമാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ഗ്ഗവും നരകതുല്യമായി തോന്നും. ലോകവൈരുദ്ധ്യങ്ങളുടെ നടുവില്‍ എങ്ങനെ ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം പടുത്തുയര്‍ത്താന്‍ കഴിയും എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണു മതം.
നമ്മുടെ മനസ്സില്‍ കാരുണ്യം ആണു വളരേണ്ടതു്. ഓരോ ചിന്തയിലും ഓരോ വാക്കിലും കാരുണ്യം ആണു തെളിയേണ്ടതു്.
ഒരിക്കല്‍ ഒരാള്‍ തൻ്റെ കൂട്ടുകാരനെ സന്ദര്‍ശിക്കുവാന്‍ പോയി. കൂട്ടുകാരൻ്റെ വലിയ ബംഗ്ലാവിൻ്റെ ഭംഗി നോക്കിനില്ക്കുമ്പോള്‍, സുഹൃത്തു വെളിയിലേക്കിറങ്ങി വന്നു. ഉടനെ അതിശയത്തോടെ അദ്ദേഹം ചോദിച്ചു, ”ഓ, ഈ വീട്ടില്‍ ആരൊക്കെയാണു താമസിക്കുന്നതു്?”
”ഇവിടെ ഞാന്‍ മാത്രമേയുള്ളൂ.”
”നീ മാത്രമേയുള്ളോ. നിൻ്റെ വീടാണോ ഇതു്?
”അതെ.”
”ഇത്ര ചെറുപ്പത്തിലേ ഈ വീടു വയ്ക്കാനുള്ള പണം നിനക്കെ വിടെനിന്നു കിട്ടി?”
”എൻ്റെ ചേട്ടന്‍ വച്ചുതന്ന വീടാണു്, അദ്ദേഹത്തിനു പണം ധാരാളമുണ്ടു്.”
തന്നെ കാണാന്‍ വന്നയാള്‍ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടു സുഹൃത്തു പറഞ്ഞു, ”ഓ നീ ചിന്തിക്കുന്നതു് എനിക്കു മനസ്സിലായി. നിനക്കും ഇങ്ങനെയൊരു ചേട്ടനുണ്ടായിരുന്നുവെങ്കില്‍ എന്നല്ലേ നീ ചിന്തിക്കുന്നതു്.”
അദ്ദേഹം പറഞ്ഞു, ”അല്ല അല്ല, ഞാനും, നിൻ്റെ ചേട്ടനെപ്പോലെ ഒരു പണക്കാരനായിരുന്നെങ്കില്‍, എനിക്കും ഇങ്ങനെ ഒരെണ്ണം കൊടുക്കുവാന്‍ കഴിയുമായിരുന്നല്ലോ എന്നാണു ഞാന്‍ ചിന്തിച്ചുപോയതു്.”
മക്കളേ, ഈ ഒരു മനോഭാവമാണു നമുക്കു വേണ്ടതു്. കൊടുക്കുവാന്‍ കഴിയുക. കൊടുക്കുന്നവനേ എടുക്കുവാന്‍ കഴിയൂ. കൊടുക്കുന്നതിലൂടെ നാം നേടുന്നതു മനഃശാന്തിയാണു്. ഈ കാരുണ്യം ആണു വളരേണ്ടതു്.
അന്തരീക്ഷത്തിലൂടെ ഓരോരോ തരംഗങ്ങള്‍ സഞ്ചരിക്കുന്നുണ്ടു്. ചിന്തകളും തരംഗങ്ങളാണു്. അതിനാലാണു നമ്മുടെ ഒരോ ചിന്തയും ഓരോ വാക്കും ശ്രദ്ധിച്ചുവേണമെന്നു പറയുന്നതു്. ആമ ചിന്തകൊണ്ടു മുട്ട വിരിയിക്കുന്നു. മീന്‍ നോട്ടംകൊണ്ടു വിരിയിക്കുന്നു. കോഴി സ്പര്‍ശംകൊണ്ടു വിരിയിക്കുന്നു എന്നിങ്ങനെ പറയാറുണ്ടു്.
ഇതുപോലെ, നമ്മുടെ ചിന്താതരംഗങ്ങള്‍ക്കും ശക്തിയുണ്ടു്. നമ്മള്‍ യാതൊരു തെറ്റും ചെയ്യാത്ത ഒരാളോടു ദേഷ്യപ്പെടുകയാണെങ്കില്‍, അയാള്‍ ഹൃദയവേദനയോടുകൂടി പറയും ‘ഈശ്വരാ ഞാനൊന്നും അറിഞ്ഞതല്ലല്ലോ, ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നല്ലോ’ എന്നു്.
അയാളില്‍നിന്നു പുറപ്പെടുന്ന ശോകമായ ഒരു തരംഗം നമ്മളില്‍ വന്നുതട്ടും. ആ തരംഗം നമ്മെ ആവരണം ചെയ്തിരിക്കുന്ന സൂക്ഷ്മമായ പ്രകാശവലയം (ഓറ) പിടിച്ചെടുക്കും. കണ്ണാടിയെ മറയ്ക്കുന്നതുപോലെ ആ ശോകതരംഗം നമ്മുടെ ഓറയെ ഇരുണ്ടതാക്കും. കണ്ണാടിയില്‍ പ്രകാശം പതിയാന്‍ പുക തടസ്സമാകുന്നതുപോലെ, ഈ ശോകതരംഗം സൃഷ്ടിക്കുന്ന അന്ധകാരം, അവിടുത്തെ കൃപയ്ക്കു പാത്രമാകുന്നതില്‍നിന്നു നമ്മെ തടയുന്നു.
അതിനാലാണു ദുഷ്ചിന്തകള്‍ വെടിഞ്ഞു് ഈശ്വരചിന്തകള്‍ വളര്‍ത്തുവാന്‍ പറയുന്നതു്. ഈശ്വരചിന്ത വളര്‍ത്തുന്നതിൻ്റെ ഫലമായി നമ്മള്‍, ഈശ്വരനെപ്പോലെയായിത്തീരുന്നു. മറ്റുള്ളവര്‍ നന്നായിട്ടു ഞാന്‍ നന്നാകാം എന്നാണു ചിലരുടെ ചിന്ത. സമുദ്രത്തിലെ തിര അടങ്ങിയിട്ടു കുളിക്കാം എന്നു ചിന്തിക്കുന്നതു പോലെയാണിതു്. മറ്റുള്ളവര്‍ക്കു നന്മ ചെയ്യുവാനും സഹായം ചെയ്യുവാനും കിട്ടുന്ന ഒരവസരവും നാം പാഴാക്കരുതു്. അതിനു്, മറ്റുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്തില്ലല്ലോ എന്ന ചിന്ത ഒരിക്കലും തടസ്സമാകുകയും അരുതു്.
മക്കളേ, പുറംലോകത്തില്‍ ഒരിക്കലും നമുക്കു പൂര്‍ണ്ണത കണ്ടെത്താനാവില്ല. എന്നിട്ടും ഇന്നത്തെ ലോകത്തില്‍ മനുഷ്യന്‍ പൂര്‍ണ്ണതയും സന്തോഷവും സദാ പുറത്തു തേടുകയാണു്.
പല സ്ത്രീകളും അമ്മയോടു വന്നു പറയാറുണ്ടു്, ‘അമ്മാ, എനിക്കു നാല്പതു വയസ്സായി. ഇതുവരെ കല്യാണം നടന്നിട്ടില്ല. പറ്റിയ പുരുഷനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ ഇതുപോലെത്തന്നെ പുരുഷന്മാരും വന്നുപറയും, ‘അമ്മാ, ഇത്ര വയസ്സായിട്ടും എൻ്റെ വിവാഹം നടന്നിട്ടില്ല. എൻ്റെ സങ്കല്പത്തിലെ ഭാര്യയെത്തേടി നടക്കുകയാണു്. ഇതുവരെയും കണ്ടെത്തിയില്ല.’ അങ്ങനെ അവര്‍ നിരാശരാകുന്നു. ജീവിതം ദുഃഖപൂര്‍ണ്ണമാകുന്നു. അമ്മയ്ക്കു് ഒരു കഥ ഓര്‍മ്മവരുന്നു:
രണ്ടു സുഹൃത്തുക്കള്‍ ഏറെക്കാലത്തിനുശേഷം ഒരു ഹോട്ടലില്‍വച്ചു കണ്ടുമുട്ടി. ആദ്യത്തെയാള്‍ പറഞ്ഞു, ‘ഓ, നിന്നെക്കണ്ടെതു നന്നായി, എൻ്റെ കല്യാണം നിശ്ചയിച്ചു, നീ തീര്‍ച്ചയായും വരണം.
‘ഓ വരാമല്ലോ’ സുഹൃത്തു് സമ്മതിച്ചു.
‘ആട്ടെ, നിൻ്റെ കല്യാണം ഇതേവരെ നടന്നിട്ടില്ലല്ലോ. എന്താ കാരണം? കല്യാണമൊന്നും വേണ്ടെന്നു വച്ചിട്ടാണോ?’
‘അല്ല, അല്ല, കല്യാണം കഴിക്കാന്‍ എനിക്കു നല്ല താത്പര്യമുണ്ടു്. പക്ഷേ, എല്ലാം തികഞ്ഞ ഒരു സ്ത്രീയെത്തേടി നടക്കുകയായിരുന്നു.
സ്‌പെയിനില്‍വച്ചു് ഒരുത്തിയെ കണ്ടു. അവള്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യവുമുണ്ടു്. പക്ഷേ ,ലോകകാര്യങ്ങളില്‍ ഒരു പിടിപ്പില്ല. അങ്ങനെ അതു വേണ്ടെന്നു വച്ചു. പിന്നീടു്, കൊറിയയില്‍വച്ചു മറ്റൊരു സ്ത്രീയെ കണ്ടുമുട്ടി. അവള്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു എന്നു മാത്രമല്ല, ആദ്ധ്യാത്മികജ്ഞാനവും ലോകപരിചയവും നല്ല പോലെ ഉണ്ടായിരുന്നു. പക്ഷേ, അടുത്തിടപഴകാന്‍ വലിയ വൈഷമ്യം തോന്നി.
അങ്ങനെ എൻ്റെ അന്വേഷണം വീണ്ടും തുടര്‍ന്നു. ഒടുവില്‍ മറ്റൊരു രാജ്യത്തുവച്ചു് അവളെ കണ്ടെത്തി എൻ്റെ സങ്കല്പത്തിലെ ഭാര്യ, എല്ലാം തികഞ്ഞവള്‍. എന്തുകൊണ്ടും പൂര്‍ണ്ണ. ഞങ്ങള്‍ തമ്മില്‍ ഇടപഴകാനും പ്രയാസം തോന്നിയില്ല.
‘എന്നിട്ടു്, അവളെ വിവാഹം കഴിച്ചില്ലേ?’ സുഹൃത്തു് ആകാംക്ഷയോടെ ചോദിച്ചു.
‘ഇല്ല’ വിഷാദത്തോടെ രണ്ടാമന്‍ പറഞ്ഞു.
‘അതെന്തു പറ്റി?’
‘അതോ?…..അതു്…….അവളും എല്ലാം തികഞ്ഞ ഒരു പുരുഷനെ തേടി നടക്കുകയായിരുന്നു.
ഏതൊരു വിജയത്തിനും പ്രയത്‌നത്തിനെക്കാളുപരി, അവിടുത്തെ കൃപയാണു മുഖ്യമെന്നു പറയും. കൃപയ്ക്കു തടസ്സം നമ്മുടെ അഹം ഭാവമാണു്. അതിനാല്‍ എങ്ങനെയും അഹംഭാവത്തെ ഇല്ലാതാക്കേണ്ടതുണ്ടു്. ഈ അഹംഭാവത്യാഗം നമ്മളെ വലിയവരാക്കിത്തീര്‍ക്കും.
എന്നാല്‍ കൃപയ്ക്കു പാത്രമാകണമെങ്കില്‍ തീര്‍ച്ചയായും നല്ല കര്‍മ്മം ആവശ്യമാണു്. നമ്മള്‍ എപ്പോഴും ‘താ, താ’ എന്നു പറയുന്നു. പക്ഷേ, ‘താങ്ക്‌യൂ’ (നന്ദി) പറയാന്‍ പഠിച്ചിട്ടില്ല. ഏതു സാഹചര്യത്തിനും നന്ദി പറയാനാണു നാം പഠിക്കേണ്ടതു്. മറ്റുള്ളവരില്‍നിന്നു നമുക്കെന്തു ലഭിക്കും എന്ന ചിന്ത വെടിഞ്ഞിട്ടു മറ്റുള്ളവര്‍ക്കു എന്തു കൊടുക്കുവാന്‍ കഴിയും ഈ ഒരു മനോഭാവത്തെയാണു്, നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്.
രാമനും കൃഷ്ണനും ക്രിസ്തുവും നബിയുമൊക്കെ എത്രയോ പ്രതിബന്ധങ്ങള്‍ നേരിട്ടു. എന്നാല്‍ അതിലൊന്നും തളര്‍ന്നില്ല. അവര്‍ പിന്നിലേക്കു നോക്കിയതേയില്ല. മുന്നോട്ടുതന്നെ പോയി. അതിൻ്റെ ഫലമായി വിജയം എന്നും അവരോടൊപ്പമായിരുന്നു. ഇന്നും അവര്‍ ജീവിക്കുന്നു.
ഇതുപറയുമ്പോള്‍ മക്കള്‍ ചിന്തിക്കാം, ”ഓ, അവരൊക്കെ, അവതാരപുരുഷന്മാരല്ലേ, അവര്‍ക്കതിനു കഴിയും. സാധാരണക്കാരായ നമുക്കെങ്ങനെ അവരെപ്പോലെയാകാന്‍ പറ്റും” എന്നു്. മക്കളേ, നിങ്ങള്‍ ആരും സാധാരണക്കാരല്ല, അസാധാരണശക്തികളുടെ ഉടമകളാണു്. നമ്മളില്‍ അനന്തമായ ശക്തിയുണ്ടു്. ഇന്നു് അതു് ഉറങ്ങിക്കിടക്കുകയാണു്. അതിനെ ഉണര്‍ത്തി എടുത്താല്‍ മാത്രം മതി. വിജയം തീര്‍ച്ചയാണു്.
ഇന്നു നമ്മുടെ ശരീരം വളര്‍ന്നു, പക്ഷേ, മനസ്സു് വളരുന്നില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. നമ്മളിലെ കുഞ്ഞുമനസ്സിനെ ഉണര്‍ത്തിയെടുക്കണം. ഒരു കുഞ്ഞിനേ വളരാന്‍ പറ്റൂ. നമ്മളില്‍ ഇന്നുള്ളതു വ്യക്തിഭാവമാണു്. ഈ ‘ഞാന്‍’ഭാവംകൊണ്ടു് ഒന്നും നേടാന്‍ പോകുന്നില്ല. അതു പോയി വ്യാപ്തഭാവം വരണം.
ഈശ്വരനിലുള്ള ഭക്തി എന്നാല്‍ സകലതിനോടുമുള്ള ആദരവാണു്. അല്ലാതെ വെറും പ്രാര്‍ത്ഥന മാത്രമല്ല. ഈശ്വരന്‍ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരു വ്യക്തിയല്ല. നമ്മുടെയെല്ലാം ഉള്ളിലാണു് അവിടുന്നു വസിക്കുന്നതു്. ഈ ഭാവത്തെയാണു നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്. അതിനു് ആവശ്യമായി വേണ്ട മുഖ്യ ഘടകം വിനയമാണു്.
ഒരു തുടക്കക്കാരനെപോലെയിരിക്കാന്‍ നമ്മള്‍ പഠിക്കണം. കാരണം, അവിടെ അഹങ്കാരമുണ്ടാവില്ല. ഇതിനു വേണ്ടി നമ്മള്‍ ഒരു വലിയ ത്യാഗം ചെയ്യേണ്ടിവരും അഹംഭാവ ത്യാഗം. ഈ അഹംഭാവമാണു് എല്ലാത്തിനും തടസ്സമായിരിക്കുന്നതു്. ഇതിനെ ത്യജിക്കുന്നതിലൂടെ നാം ജീവിതവിജയം ഉറപ്പു വരുത്തുകയാണു ചെയ്യുന്നതു്.