13 ഏപ്രിൽ 2020, അമൃതപുരി

കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി ഭാരതസർക്കാരിന്റെ പിഎം കെയർസ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് മഠം നൽകുക.

കൂടാതെ കോവിഡ്-19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകുന്നതായിരിക്കും.

കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സർവകലാശാലയും, അമൃത ആശുപത്രിയും ചേർന്ന് ഒരു മാനസികാരോഗ്യ ടെലിഫോൺ സഹായകേന്ദ്രവും (0476 280 5050) ആരംഭിച്ചിട്ടുണ്ട്.

ചിന്മയമായപരംപൊരുളേ,യെൻ്റെ
ചിന്തയെ തേജോമയം തെളിക്കൂ!
മാനസോദ്യാനത്തില്‍, തൂമന്ദഹാസത്താല്‍
പാരിജാതപ്പൂമഴ പൊഴിക്കൂ!
സഞ്ചിതകര്‍മ്മനിവൃത്തിവന്നാനന്ദ
സിന്ധുവില്‍ നീന്താനനുഗ്രഹിക്കൂ!
അന്‍പിയന്നമ്മ നീ നെഞ്ചില്‍ നിലാവൊളി – ചിന്തി,നറുമുല്ലപ്പൂവിടര്‍ത്തൂ!
സായുജ്യമില്ലേലും സാരൂപ്യമില്ലേലും
സാമിപ്യസാലോക്യമെത്രധന്യം ! അക്കഴല്‍ത്താരിന്‍പരാഗരേണുക്കളൊ-
രല്പം ശിരസ്സില്‍ പൊഴിഞ്ഞിടട്ടെ !
താമരത്താരിതള്‍ ചേലൊത്തകാന്തിമ-
കാളുമാ നീള്‍മിഴിത്തുമ്പിലൂറും , കാരുണ്യധാരാപ്രവാഹത്താലമ്മയീ
ലോകത്തെ താപവിമുക്തമാക്കും !

പാതിയുറക്കത്തിലവ്യക്തമായെന്തോ
ഓതുന്നപോലെയാണെന്റെ കാവ്യം
എങ്കിലും കുഞ്ഞുങ്ങള്‍ കൊഞ്ചിപ്പറയുന്ന-
തമ്മയ്ക്കു കേട്ടാലറിയുകില്ലേ?
പൂര്‍ണ്ണേന്ദുശോഭയില്ലെങ്കിലും, പാടത്തെ
മിന്നാമിനുങ്ങിനുമുണ്ടുഭംഗി!
അക്കൊച്ചുവെട്ടത്തെ തേടിപ്പിടിച്ചിട്ടു്‌
വേട്ടാളന്‍ കൂട്ടില്‍ വിളക്കുവയ്ക്കും!
എന്നിലെ കാവ്യവിചാരവുമക്കൊച്ചു-
മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടം
പൊട്ടും പൊടിയും തെരഞ്ഞുനടപ്പവര്‍-
ക്കിത്തിരി ദൂരം തെളിഞ്ഞുകിട്ടും!

വാര്‍മഴവില്ലിന്നലങ്കാരം വേണമോ?
വാര്‍തിങ്കള്‍ കാന്തിക്കു കൈത്തിരിയോ?
അമ്മയെ വാഴ്ത്തി സ്തുതിക്കുവോര്‍ക്കാഹ്ളാദം,
അമ്മയ്ക്കതല്ലാതിങ്ങെന്തു നേട്ടം
മായരുതെന്നൊരപേക്ഷയുമായി ഞാ-
നീവഴിയോരത്തൊതുങ്ങി നിൽപ്പൂ !

സ്വാമി തുരീയാമൃതാനന്ദ പുരി


മക്കളേ, സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരുടെ വേദന കാണുമ്പോഴുള്ള ഹൃദയാലിവുമായിരിക്കണം സേവനത്തിനുള്ള നമ്മുടെ പ്രചോദനം. ക്ഷീണിക്കുന്നു എന്നു തോന്നുമ്പോള്‍തന്നെ ജോലി നിര്‍ത്താതെ കുറച്ചു സമയംകൂടി ജോലി ചെയ്യുവാന്‍ തയ്യാറാകുന്നുവെങ്കില്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ത്യാഗപൂര്‍വ്വം ചെയ്ത ആ കര്‍മ്മം ജോലിയോടുള്ള നമ്മുടെ സമര്‍പ്പണത്തെയാണു കാണിക്കുന്നതു്. അതില്‍നിന്നു ലഭിക്കുന്ന പണം സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നുവെങ്കില്‍ അതാണു നമ്മുടെ കരുണ നിറഞ്ഞ മനസ്സു്.

മക്കളേ, പ്രാര്‍ത്ഥനകൊണ്ടു മാത്രം പ്രയോജനമില്ല. ശരിയായ രീതിയില്‍ കര്‍മ്മം അനുഷ്ഠിക്കുവാന്‍ കൂടി തയ്യാറാകണം. ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസയോഗ്യതമാത്രം പോരാ. സ്വഭാവസര്‍ട്ടഫിക്കറ്റു കൂടി ഹാജരാക്കണം. അരി വെള്ളത്തിലിട്ടു തിളപ്പിച്ചതുകൊണ്ടു മാത്രം പായസമാവുകയില്ല. കൂടെ ശര്‍ക്കരയും തേങ്ങയും വേണം. ഇവയൊക്കെക്കൂടിച്ചേരുമ്പോഴാണു പായസമാവുന്നതു്. അതുപോലെ, ഈശ്വരകൃപയ്ക്ക് അര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രംപോരാ. നിഷ്‌കാമസേവനം, ത്യാഗം, സമര്‍പ്പണം, കരുണ ഇവയൊക്കെ നമ്മിലുണ്ടാകണം.

ഒരു വലിയ പണക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു വളരെയധികം സമ്പത്തുണ്ടായിട്ടും ഒരു സ്വസ്ഥതയും കിട്ടിയില്ല. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എപ്പോഴും സുഖമായിരിക്കും എന്നു് അദ്ദേഹം ചിന്തിച്ചു. അതിനുള്ള മാര്‍ഗ്ഗം തേടി പലരെയും സമീപിച്ചു. അവസാനം ഒരു സന്ന്യാസിയുടെ അടുത്തെത്തി. സന്ന്യാസി പറഞ്ഞു, ”ദാനം ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താം. ആളെ നോക്കാതെ വേണം ദാനം ചെയ്യേണ്ടതു്. പണം എണ്ണാതെ വാരി കൊടുക്കണം.” ദാനം ചെയ്യുന്നതിനുവേണ്ടി പണക്കാരന്‍ കുറെ പശുക്കളെ വാങ്ങി. പക്ഷേ, പണം അധികം മുടക്കേണ്ടി വന്നില്ല. പ്രായംചെന്നു കറവവറ്റിയ, ആരും വാങ്ങാനില്ലാതെ നിര്‍ത്തിയിരുന്ന പശുക്കളെയാണു വാങ്ങിയതു്. ദാനം ചെയ്യുന്നതിനുവേണ്ടി കുറച്ചു പണം ഒന്നിൻ്റെയും രണ്ടിൻ്റെയും നാണയങ്ങളാക്കി മാറ്റി. കാരണം വാരിക്കൊടുക്കുമ്പോള്‍ അധികമാകാന്‍ പാടില്ല. എണ്ണിക്കൊടുക്കരുതെന്നാണു സന്ന്യാസി പറഞ്ഞിട്ടുള്ളതു്.

ദാനം നല്കുന്ന ദിവസം മുന്‍കൂട്ടി എല്ലാവരെയും അറിയിച്ചു. പണക്കാരൻ്റെ പ്രവൃത്തികള്‍ എല്ലാം സന്ന്യാസി മനസ്സിലാക്കി. സ്വര്‍ഗ്ഗം മോഹിച്ചു ചെയ്യുന്ന ഈ കര്‍മ്മം, അയാളെ നരകത്തിലെത്തിക്കാനേ സഹായിക്കൂ എന്നോര്‍ത്തു് അദ്ദേഹം വിഷമിച്ചു. പണക്കാരനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു തീരുമാനിച്ച സന്ന്യാസി ഒരു യാചകൻ്റെ വേഷത്തില്‍ ദാനം സ്വീകരിക്കുവാന്‍ ചെന്നവരുടെ കൂട്ടത്തില്‍ നിന്നു. അദ്ദേഹത്തിനു് ഒരു പിടി പണവും, എല്ലുന്തിയ നടക്കുവാന്‍ കൂടി കെല്പില്ലാത്ത ഒരു പശുവിനെയും കിട്ടി. അതു കിട്ടിയ ഉടനെ സന്ന്യാസി തൻ്റെ ഭാണ്ഡത്തില്‍നിന്നും ഒരു സ്വര്‍ണ്ണപ്പാത്രം പണക്കാരനു കാഴ്ചവച്ചു. ഇതു കണ്ടപ്പോഴേക്കും പണക്കാരനു വലിയ സന്തോഷമായി. കൊടുത്തതിനെക്കാള്‍ എത്രയോ അധികം വിലയുള്ളതാണു കിട്ടിയതു്.

സന്തോഷത്താല്‍ മതിമറന്നു നില്ക്കുന്ന പണക്കാരനോടു ഭിക്ഷുവിൻ്റെ വേഷത്തില്‍ വന്ന സന്ന്യാസി പറത്തു, ‘അങ്ങയോടു് എനിക്കു് ഒരു അപേക്ഷയുണ്ടു്. ഞാനീ തന്ന സാധനം സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ അങ്ങു തിരിച്ചുതരണം.’ പണക്കാരന്‍ അതിശയിച്ചു. ‘സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ തിരിച്ചുതരുവാനോ? അതെങ്ങനെ കഴിയും? മരിച്ചു കഴിഞ്ഞല്ലേ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതു്. ആ സമയം ഇതൊക്കെ എങ്ങനെ കൂടെ കെണ്ടുവരും? മരിച്ചുകഴിഞ്ഞാല്‍ ഇതൊന്നും കൂടെ വരില്ല.’ ഈ ചിന്ത അദ്ദേഹത്തിൻ്റെ മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു. മരിച്ചു കഴിഞ്ഞാല്‍ ഇവയൊന്നും കൂടെവരില്ല എന്ന ശരിയായ ബോധം അദ്ദേഹത്തില്‍ ഉദിച്ചു.

‘മരിച്ചു കഴിഞ്ഞാല്‍ സമ്പത്തുകള്‍ ഒന്നുംകൂടെ കൊണ്ടുപോകാന്‍ പറ്റില്ല. പിന്നെ എന്തിനു് ഈ സാധുക്കളോടു പിശുക്കു കാട്ടണം? ഇവരോടു പിശുക്കു കാട്ടിയ ഞാനെത്ര പാപിയാണു്.’ തൻ്റെ കണ്ണുകള്‍ക്കു പ്രകാശം നല്കിയ ആ സാധുവിൻ്റെ പാദങ്ങളില്‍ അദ്ദേഹം സാഷ്ടാംഗം നമസ്‌കരിച്ചു. എല്ലാവരോടും തൻ്റെ തെറ്റുകള്‍ക്കു മാപ്പപേക്ഷിച്ചു. സമ്പത്തു മുഴുവന്‍ യാതൊരു ലോഭവും കൂടാതെ ദാനം ചെയ്തു. ആ സമയം അദ്ദേഹത്തിനു ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദം അനുഭവപ്പെട്ടു.

വിദേശയാത്രകളുടെ വെള്ളിത്തിളക്കം (…തുടർച്ച )

1995 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലില്‍ ഐക്യരാഷ്ട്രസഭയുടെ 50-ാമതു വാര്‍ഷികസമ്മേളനത്തെ അമ്മ അഭിസംബോധന ചെയ്തു. മതനേതാക്കന്മാരും നയതന്ത്രപ്രതിനിധികളും സര്‍ക്കാരിതരസംഘടനകളും (NGOs) വിദ്യാഭ്യാസവിചക്ഷണന്മാരുമൊക്കെ ‘അടുത്ത നൂറ്റാണ്ടില്‍ വിശ്വാസത്തില്‍കൂടിയെങ്ങനെ ലോകത്തെ സംരക്ഷിക്കാമെ’ന്നാണു് ഉറക്കെ ചിന്തിച്ചതു്. ഐക്യരാഷ്ട്രസഭപോലെയുള്ള സ്ഥാപനങ്ങള്‍ക്കു സാമ്പത്തികരാഷ്ട്രീയ അടിസ്ഥാനത്തിലുപരി മൂല്യാടിസ്ഥാനത്തിലുള്ള പരിഗണനകൂടി നല്കണമെന്നാണു സമ്മേളനാദ്ധ്യക്ഷന്‍ ശ്രീ ജോനാഥന്‍ ഗ്രാനോഫ് അഭിപ്രായപ്പെട്ടതു്. അമ്മയുടെ അഭിപ്രായവും ഇതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ 50-ാം വാര്‍ഷികം

1995 ഒക്ടോബര്‍ 21ാം തീയതി ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലിൻ്റെ വിശാലമായ വേദിയിലേക്കു പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായാണു 21-ാം നൂറ്റാണ്ടിൻ്റെ ദര്‍ശനത്തെക്കുറിച്ചു പ്രഭാഷണം നടത്താന്‍ അമ്മയെത്തുന്നതു്. ഒപ്പം വേദിയിലുണ്ടായിരുന്നതു സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും കോസ്റ്റാറെക്കെയുടെ മുന്‍പ്രസിഡൻറുമായിരുന്ന ഓസ്‌കര്‍ ഏരിയാസും, വാസ്‌വാനി മിഷൻ്റെ അദ്ധ്യക്ഷന്‍ ദാദാ വാസ്‌വാനിയും. അമ്മ വേദിയിലേക്കു പ്രവേശിച്ചപ്പോള്‍ സദസ്യര്‍ നിശ്ശബ്ദമായി വിസ്മയം കൊണ്ടു. ആരാണിവര്‍…? ലോകത്തിൻ്റെ സ്നേഹം മുഴുവന്‍ തുളുമ്പിനില്ക്കുന്ന കണ്ണുകളുമായി, കാരുണ്യം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഹൃദയവുമായി എവിടെ നിന്നിവര്‍ വരുന്നു? എല്ലാ ആകാംക്ഷകള്‍ക്കും വിരാമമിട്ടുക്കൊണ്ടു് അമ്മയില്‍നിന്നു് ആശയങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി.

പല രാജ്യങ്ങളാണെങ്കിലും ഒരേ ലോകമാണു നമുക്കുള്ളതെന്നു് അമ്മ പറഞ്ഞു. ഒന്നാണെന്നുള്ള ചിന്ത നമ്മെ ബന്ധുവാക്കുന്നു എന്നും സാഹോദര്യവും സമത്വവും സമാധാനവും ഒരുമിച്ചു മാത്രമേ പോവുകയുള്ളൂ എന്നും അമ്മ ഓര്‍മ്മപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ഐക്യത്തെക്കുറിച്ചുമാത്രം കേട്ടു പരിചയമുള്ള സദസ്യര്‍ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ അടിസ്ഥാനത്തിലും യോജിക്കാന്‍ സാധിക്കുമെന്നുള്ളതു് അമ്മയില്‍നിന്നു കിട്ടിയ തിരിച്ചറിവായിരുന്നു.

സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000 ആധുനികലോകചരിത്രത്തില്‍ 2000-ാംമാണ്ടു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്തിനെന്തോ കാതലായ മാറ്റം സംഭവിക്കുമെന്ന ആശങ്കയോടെയാണു 2000-ാംമാണ്ടിനെ നാം എതിരേറ്റതു്. ഈയൊരാശങ്കയില്‍നിന്നാണു് ആഗോളസമാധാനത്തെക്കുറിച്ചു ലോകത്തിലെ ആദ്ധ്യാത്മികനേതാക്കള്‍ക്കെല്ലാം ഒരുമിച്ചിരുന്നു ചിന്തിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ഒരു വേദിയൊരുക്കിയതു്.

സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000

സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ അഭിപ്രായത്തില്‍ ”സമ്മേളനം നടന്ന മൂന്നു ദിവസങ്ങളിലും സന്തോഷവും ശുഭാപ്തിവിശ്വാസവും വേദികളില്‍ നിറഞ്ഞുനിന്നു. 150ല്‍പരം രാജ്യങ്ങളില്‍നിന്നുള്ള മതആദ്ധ്യാത്മികനേതാക്കന്മാര്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിഹാളില്‍, അപകടത്തിലായിക്കൊണ്ടിരിക്കുന്ന ലോകസമാധാനത്തെക്കുറിച്ചു ചിന്തിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും വേണ്ടി ഒത്തുകൂടി. ഇതിനു മുന്‍പു് ഒരിക്കലും ഐക്യരാഷ്ട്രസഭ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തില്‍, ശംഖിൻ്റെ നാദവും ‘തെയ്‌ക്കൊ’ ചെണ്ടയുടെ മുഴക്കവും പ്രതിധ്വനിച്ചുനിന്ന അസംബ്ലിഹാളില്‍നിന്നു ഹൃദയസ്പര്‍ശിയായ സര്‍വ്വമതപ്രാര്‍ത്ഥനകളും അലയടിച്ചുയര്‍ന്നു. പ്രാര്‍ത്ഥനകള്‍ വ്യത്യസ്തങ്ങളായിരുന്നു എങ്കിലും അനുഭൂതികള്‍ സമാനങ്ങളായിരുന്നു.” ഒരു പ്രാര്‍ത്ഥനയോടുകൂടിയാണു് അമ്മയും സദസ്സിനെ അഭിസംബോധന ചെയ്തതു്. അതൊരു പ്രത്യേക അനുഭൂതിയുടെ തരംഗം തന്നെ സൃഷ്ടിച്ചു.

ആഗസ്റ്റ് 28 തൊട്ടു 31 വരെ നടന്ന മൂന്നു ദിവസത്തെ പരിപാടികളില്‍ രണ്ടാമത്തെ ദിവസമായിരുന്നു അമ്മയുടെ പ്രഭാഷണം. ലളിതവും മധുരതരവുമായ മലയാളത്തില്‍, എങ്ങനെ ജനതകള്‍ക്കെല്ലാം ഒരുമിച്ചു ജീവിക്കാം എന്നുള്ളതിനെ സംബന്ധിച്ചായിരുന്നു പ്രഭാഷണം. ഇതില്‍ ആണവായുധങ്ങളെ സംബന്ധിച്ച പരാമര്‍ശം സദസ്യര്‍ക്കു നന്നേ ബോധിച്ചു. ”ആണവായുധങ്ങള്‍ കാഴ്ച ബംഗ്ലാവില്‍ക്കൊണ്ടു വച്ചതുകൊണ്ടുമാത്രം ലോകസമാധാനം കൈവരില്ല. മനുഷ്യമനസ്സിലെ ആണവായുധങ്ങളെയാണു് ആദ്യം ഉന്മൂലനം ചെയ്യേണ്ടതു്.” ഈ വാക്കുകള്‍ കേട്ടമാത്രയില്‍ അവര്‍ ഹര്‍ഷാരവം മുഴക്കി. ഏകദേശം ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ മുപ്പതു പേരാണു പ്രസംഗങ്ങള്‍ നടത്തിയതു്. അന്നത്തെ യു.എന്‍. പ്രസിഡൻറ് കോഫി അന്നന്‍ ഉദ്ഘാടനപ്രസംഗം നടത്തി. ഡോ: മൗറീസ് സ്‌ടോങ്, ഡോ: ടെഡ് ടേര്‍ണല്‍ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു.

ഡോ : ടി.വി മുരളീ വല്ലഭൻ

ചോദ്യം : ഇന്നു കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്നതിൻ്റെ കാരണമെന്താണു്?

അമ്മ: ഭൗതികസംസ്‌കാരത്തിൻ്റെ സ്വാധീനം മൂലം ഇന്നു ദുരാഗ്രഹവും ശാരീരിക സുഖേച്ഛയും വര്‍ദ്ധിച്ചു വരുന്നു. പുരുഷൻ്റെമേല്‍, സ്ത്രീക്കുണ്ടായിരുന്ന ധാര്‍മ്മികനിയന്ത്രണം നഷ്ടമായി. പുരുഷന്‍ ഭൗതികനേട്ടം മാത്രം കൊതിച്ചു സ്വാര്‍ത്ഥമതിയായി. ഭര്‍ത്താവു തന്നെ അടിച്ചമര്‍ത്തുന്നതായി ഭാര്യ കരുതിത്തുടങ്ങി. പരസ്പരം വിദ്വേഷവും മാത്സര്യവും നാമ്പെടുത്തു. കുട്ടികളില്‍ നല്ല സ്വഭാവം വളര്‍ത്തേണ്ട മാതാപിതാക്കള്‍ അവരില്‍ സ്വാര്‍ത്ഥതയുടെയും മാത്സര്യത്തിൻ്റെയും വിഷവിത്തുകള്‍ പാകി. അതു പടര്‍ന്നു പന്തലിച്ചു് ഇന്നു് അതിൻ്റെ എല്ലാ ഭീകരതയോടും കൂടി വളര്‍ന്നു നില്ക്കുന്നു. ഇതില്‍നിന്നും ഒരു മോചനം വേണമെങ്കില്‍ സ്ത്രീപുരുഷസമത്വത്തിലുപരി സ്ത്രീയും പുരുഷനും കുടുംബജീവിതത്തില്‍ അവനവൻ്റെ പങ്കു് അറിഞ്ഞു ജീവിക്കുകയാണാവശ്യം.

പണം മാത്രം നമുക്കു ശാന്തി പകരില്ല. ധനംകൊണ്ടു് ആരും ഇന്നേവരെ സ്വഭാവശുദ്ധിയോ ആത്മശക്തിയോ നേടിയിട്ടില്ല. സ്വയം ആത്മസംതൃപ്തി എന്തെന്നറിയാത്ത മാതാപിതാക്കള്‍ക്കു തങ്ങളുടെ കുട്ടികളില്‍ പരസ്പരധാരണയുടെയും വിട്ടുവീഴ്ച്ചയുടെയും സംസ്‌കാരം ഊട്ടിയുറപ്പിക്കുവാന്‍ എങ്ങനെ കഴിയും? ഇതു കാരണം ഓരോ തലമുറ കഴിയുന്തോറും സമൂഹത്തില്‍ ആസുരികശക്തികള്‍ക്കു സ്ഥാനം വര്‍ദ്ധിക്കുന്നു. അതു കൂടാതെ കഴിക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്യം സ്വയം ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിച്ചേ മതിയാകൂ.

ലോകത്തില്‍നിന്നു് ഒരു കുട്ടിക്കു് ഏതൊക്കെ രീതിയില്‍ സ്‌നേഹം കിട്ടിയാലും, വാത്സല്യമേകാന്‍ നൂറു കണക്കിനാളുകളുണ്ടായാലും അതൊന്നും മാതൃസ്‌നേഹത്തിനു തുല്ല്യമാകില്ല. കാറിനു് ഓടാന്‍ പെട്രോള്‍ ഉണ്ടെങ്കിലും അതു സ്റ്റാര്‍ട്ടാകണമെങ്കില്‍ ബാറ്ററി കൂടാതെ പറ്റില്ല. ഒരു കുഞ്ഞിനെ സംബന്ധിച്ചു മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹം ഈ ബാറ്ററി പോലെയാണു്. ജീവിതത്തില്‍ ഏതു സാഹചര്യത്തെയും മനഃസംയമനത്തോടെ നേരിടുവാനുള്ള ശക്തി നമ്മള്‍ നേടുന്നതു്, ബാല്യത്തില്‍ മാതാപിതാക്കളില്‍നിന്നും നമുക്കു ലഭിക്കുന്ന സ്‌നേഹത്തില്‍നിന്നുമാണു്. ലോകത്തില്‍നിന്നും ലഭിക്കുന്ന സ്‌നേഹത്തിൻ്റെയെല്ലാം പിന്നിലുള്ളതു സ്വാര്‍ത്ഥതയാണു്. നമ്മള്‍ പശുവിനെ സ്‌നേഹിക്കുന്നതു് അതിനോടുള്ള സ്‌നേഹം കൊണ്ടല്ല, അതില്‍നിന്നും ലഭിക്കുന്ന പാലിനെ ഓര്‍ത്തിട്ടാണു്. എത്ര പാലു തന്നിരുന്ന പശുവായാലും കറവ വറ്റിയാല്‍, അതിൻ്റെ സ്ഥാനം അറവുശാലതന്നെ. ഭാര്യയോ ഭര്‍ത്താവോ മറ്റെയാളുടെ ഇഷ്ടത്തിനു നിന്നില്ലെങ്കില്‍ ഉടനെ ബന്ധം ഒഴിയുകയായി. എന്നാല്‍ ഒരമ്മ തൻ്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നതു സ്വാര്‍ത്ഥത വച്ചല്ല.

ഭൗതികവിദ്യാഭ്യാസത്തിലൂടെ ഒരു തൊഴില്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ലക്ഷ്യമാക്കേണ്ടതു്, ആദ്ധ്യാത്മികകാര്യങ്ങള്‍ ഗ്രഹിക്കുന്നതിലായിരിക്കണം. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍, നാം വയ്ക്കുന്ന ഓരോ കാല്‍ച്ചുവടും നേരായ മാര്‍ഗ്ഗത്തില്‍ തന്നെയായിരിക്കുവാന്‍ ഈ അറിവു നമ്മളെ സഹായിക്കും. മക്കളേ, ഇതിലൂടെ മാത്രമേ ജീവിതത്തില്‍ ശാന്തി കണ്ടെത്തുവാന്‍ കഴിയൂ. വയറുനിറയെ ഭക്ഷണം കഴിച്ചാലും സ്വസ്ഥമായി ഉറങ്ങണമെങ്കില്‍, മനഃസമാധാനം കൂടാതെ കഴിയില്ല.

ചെളി പ്രദേശത്തു് ഉറപ്പായ അസ്തിവാരം പണിയാതെ വീടു വച്ചാല്‍ ചെറിയ ഒരു കാറ്റില്‍ അതു തകര്‍ന്നു വീഴും. അതുപോലെ വെറും ഭൗതികതയില്‍ കാലൂന്നി നിന്നുകൊണ്ടാണു കുടുംബം നയിക്കുന്നതെങ്കില്‍ നിസ്സാരപ്രശ്‌നങ്ങള്‍ക്കു മുന്നില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നുവീഴും. എന്നാല്‍ ആദ്ധ്യാത്മികാടിത്തറയില്‍ നിന്നുകൊണ്ടു കുടുംബജീവിതം നയിക്കുമ്പോഴാകട്ടെ, വലിയ കൊടുങ്കാറ്റിനെപ്പോലും ഇളം തെന്നലാക്കി എടുക്കുവാന്‍ നമുക്കു സാധിക്കും. അതാണു ശരിയായ തത്ത്വം മനസ്സിലാക്കി കുടുംബജീവിതം നയിച്ചാലുള്ള പ്രയോജനം. കുട്ടികള്‍ക്കു ചെറുപ്പം മുതല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞും മാതൃക കാണിച്ചും കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ഒരു വീഴ്ചയും വരുത്തുവാന്‍ പാടില്ല. വികസിത രാജ്യങ്ങളില്‍ സമ്പത്തു ധാരാളം ഉണ്ടെങ്കിലും അവിടങ്ങളില്‍ മാനസികരോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണു്. നിത്യാനിത്യമറിഞ്ഞു ജീവിതം നയിക്കുന്നതിലൂടെ മാത്രമേ, ഏതു സാഹചര്യത്തിലും മനസ്സിന്റെ താളലയം നഷ്ടമാകാതെ മുന്നോട്ടുനീങ്ങാന്‍ കഴിയൂ. അല്ലെങ്കില്‍ ഭൗതികസംസ്‌കാരത്തിന്റെ ഇന്നത്തെ ഈ കടന്നുകയറ്റം നമ്മുടെ സമൂഹത്തിലും മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.

അമ്മ ഒരു ഉദാഹരണം പറയാം. ഒരു വീട്ടില്‍ ആകെയുള്ളതു് അച്ഛനും അമ്മയും മകനും ആണു്. അച്ഛന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അമ്മ ഒരു സാമൂഹ്യപ്രവര്‍ത്തകയും. കോളേജില്‍ പഠിക്കുന്ന മകനാകട്ടെ ക്രിക്കറ്റെന്നുവച്ചാല്‍ ജീവനാണു്. അവര്‍ക്കു യാത്ര ചെയ്യുവാന്‍ ഒരു കാറുമുണ്ടു്. ഒരു ദിവസം വൈകുന്നേരം അച്ഛനു് ഒരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന സമയം ഭാര്യ എത്തി. അവര്‍ക്കു് അപ്പോള്‍ ഒരു കല്ല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. അതുകേട്ടുകൊണ്ടു മകനും അവിടെ വന്നു. മകന്‍ പറഞ്ഞു, ”ഇന്നു ക്രിക്കറ്റു കളിയുണ്ടു്, അവിടെപ്പോകാന്‍ എനിക്കുവേണം കാറു്.” അങ്ങനെ മൂന്നുപേരും തമ്മില്‍ വാക്കുതര്‍ക്കമായി, ഒച്ചയായി, ബഹളമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകുവാനായില്ല. അവസാനം തമ്മില്‍ വഴക്കടിച്ചതു മിച്ചമായി. അതേസമയം, മൂന്നുപേരും യോജിപ്പോടെ നിന്നിരുന്നുവെങ്കില്‍ ഈ വഴക്കിന്റെ കാര്യമുണ്ടായിരുന്നില്ല. മൂന്നു പേര്‍ക്കും അവരവരുടെ സ്ഥലത്തു കാറില്‍തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്ല്യാണസ്ഥലത്തിറക്കാം, മകനെ കളിസ്ഥലത്തു വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. എന്നാല്‍ ‘ഞാന്‍, ഞാന്‍’ എന്ന ഭാവം കാരണം മൂന്നു പേരുടെയും പരിപാടികള്‍ മുടങ്ങി. യോജിപ്പോടെ നിലേ്ക്കണ്ടവര്‍ തമ്മില്‍ വെറുപ്പും വിദ്വേഷവുമായി. നമ്മുടെ ജീവിതംതന്നെ മക്കള്‍ ഒന്നു നോക്കൂ. ഉള്ള സമയം മുഴുവന്‍ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു തമ്മില്‍ വഴക്കിട്ടു തീര്‍ക്കുകയല്ലേ?

ഇതു മക്കള്‍ മനസ്സിലാക്കണം. പരസ്പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍, കുടുംബബന്ധം നാള്‍ക്കു നാള്‍ ദൃഢപ്പെടുകയേയുള്ളൂ. ശരിയായ കുടുംബബന്ധത്തില്‍ പുരുഷന്‍ സ്ത്രീയെയും, സ്ത്രീ പുരുഷനെയും പരസ്പരം അംഗീകരിക്കുന്നു. അങ്ങനെ അവര്‍ തങ്ങള്‍ക്കിടയില്‍ ഒരു വിശാലലോകം പടുത്തുയര്‍ത്തുന്നു. കുട്ടികള്‍ ജനിച്ചു കഴിയുമ്പോഴാകട്ടെ, ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പു് അവിടംകൊണ്ടും അവസാനിക്കുവാന്‍ പാടില്ല. അതു വ്യാപ്തമായി സര്‍വ്വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു അവസ്ഥയിലേക്കു് ഉയരുവാന്‍ സാധിക്കണം. അതാണു കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. സ്ത്രീയും പുരുഷനും തങ്ങളുടെ പൂര്‍ണ്ണത അവിടെയാണു കണ്ടെത്തേണ്ടതു്. അതാണു നിത്യമായ ആനന്ദത്തിന്റെ ലോകം. അവിടെ ഇന്നലെകളെ ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ത്ഥശൂന്യമായ ആകുലതകളില്ല. ഓരോരുത്തരും ‘എനിക്കെ’ന്നല്ല ‘നിനക്കെ’ന്നു കരുതി ജീവിക്കുന്നു. സ്‌നേഹത്തിന്റെ നിറദീപം തെളിഞ്ഞുകത്തുന്ന ആ കുടുംബശ്രീകോവിലില്‍ ഭഗവാന്‍ സ്വയം എഴുന്നള്ളി എത്തുന്നു.