1985 ജൂണ്‍ 3 തിങ്കള്‍.

സമയം പ്രഭാതം. അമ്മയുടെ മുറിയില്‍നിന്നു തംബുരുവിൻ്റെ ശ്രുതിമധുരമായ നാദം വ്യക്തമായിക്കേള്‍ക്കാം. ഒരു ഭക്ത അമ്മയ്ക്കു സമര്‍പ്പിച്ചതാണു് ഈ തംബുരു. ഈയിടെ രാവിലെ ചില ദിവസങ്ങളില്‍ കുറച്ചുസമയം അമ്മ തംബുരുവില്‍ ശ്രുതി മീട്ടാറുണ്ട്. തൊട്ടുവന്ദിച്ചതിനു ശേഷമേ അമ്മ അതു കൈയിലെടുക്കാറുള്ളു. തിരിയെ വയ്ക്കുമ്പോഴും നമസ്‌കരിക്കും. എന്തും ഏതും അമ്മയ്ക്കു് ഈശ്വരസ്വരൂപമാണ്. സംഗീതോപകരണങ്ങളെ സാക്ഷാല്‍ സരസ്വതിയായിക്കാണണം എന്നു് അമ്മ പറയാറുണ്ട്. ഭജനവേളകളില്‍ അമ്മ കൈമണി താഴെ വച്ചാല്‍ ‘വച്ചു’ എന്നറിയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധയോടെ, ആദരവോടെ മാത്രമേ അമ്മ അതു താഴെ വയ്ക്കാറുള്ളൂ.

ആശ്രമം


9 മണി കഴിഞ്ഞപ്പോള്‍ അമ്മ കുടിലില്‍ വന്നു. ഭക്തന്മാര്‍ അമ്മയെ പ്രതീക്ഷിച്ചു കുടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.
അമ്മ: മക്കളു വന്നിട്ടു കുറെ നേരമായോ?
ഒരു ഭക്ത: അല്പനേരമായി. അമ്മ തംബുരു വായിക്കുന്നതു കേള്‍ക്കാനുള്ള ഭാഗ്യം ഇന്നു ഞങ്ങള്‍ക്കുണ്ടായി.
അമ്മ: തംബുരു വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇന്നലെ
ഭാവദര്‍ശനം തീര്‍ന്നതിനുശേഷം ഉറങ്ങാന്‍ സമയം കിട്ടിയില്ല. കത്തുകള്‍ ധാരാളം വായിക്കാനുണ്ടായിരുന്നു. അതു വായിച്ചു തീര്‍ന്നപ്പോള്‍ നേരം വെളുത്തു. കിടക്കുവാന്‍ പലതവണ ഗായത്രി നിര്‍ബ്ബന്ധിച്ചു. ‘ഒന്നുകൂടി വായിച്ചുകഴിഞ്ഞിട്ടു കിടക്കാം’ എന്നു ചിന്തിക്കും. പക്ഷേ അടുത്ത കത്തു കാണുമ്പോള്‍ പൊട്ടിച്ചു വായിക്കാതിരിക്കാന്‍ കഴിയില്ല. ആ മക്കളുടെ ദുഃഖം ഹൃദയത്തില്‍ വന്നു തറയ്ക്കുന്നതായിത്തോന്നും.

പല മക്കളും മറുപടി പ്രതീക്ഷിക്കുന്നതേയില്ല. അവര്‍ക്കു വേണ്ടതു് അമ്മ അവരുടെ ദുഃഖം ഒന്നു വായിച്ചറിഞ്ഞാല്‍ മാത്രം മതി. അവരുടെ ആ പ്രാര്‍ത്ഥനയെ എങ്ങനെ അമ്മയ്ക്കു തള്ളാന്‍ കഴിയും? അവരുടെ സങ്കടമോര്‍ക്കുമ്പോള്‍ സ്വന്തം വിഷമങ്ങള്‍ എല്ലാം മറക്കും. അവസാനം എല്ലാം വായിച്ചു തീര്‍ന്നപ്പോഴേക്കും നേരം വെളുത്തു. പിന്നെ കിടന്നില്ല. കുളിച്ചുവന്നു. അപ്പോള്‍ കുറച്ചു് ഏകാന്തത വേണമെന്നു തോന്നി. അപ്പോഴാണു തംബുരു എടുത്തു വായിച്ചത്. അതിൻ്റെ നാദം അമ്മയ്ക്കു ഭ്രാന്താണ്. തംബുരു മീട്ടിത്തുടങ്ങിയാല്‍ സമയം പോകുന്നതറിയില്ല. ക്ലോക്കില്‍ ഒമ്പതടിക്കുന്നതു കേട്ടപ്പോഴാണു് മക്കളുടെ കാര്യം ഓര്‍മ്മ വന്നത്. അതു കാരണം അമ്മ നേരെ ഇങ്ങോട്ടു് പോന്നു.

അമ്മയുടെ ദിനചര്യ ശ്രദ്ധിച്ചാല്‍ ഇതു് ഇന്നത്തെ മാത്രം പ്രത്യേകതയല്ല, മിക്ക ദിവസങ്ങളിലും ഇങ്ങനെത്തന്നെ. ഉണ്ണാനോ ഉറങ്ങാനോ അമ്മയ്ക്കു സമയം കിട്ടാറില്ല. പല ദിവസങ്ങളിലും ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകുമ്പോള്‍ സമയം വളരെ വൈകിയിരിക്കും. അതിനുശേഷം തപാലില്‍ വന്നിട്ടുള്ള കത്തുകള്‍ വായിക്കും. നിത്യവും ധാരാളം കത്തുകള്‍ കാണും. മിക്ക കത്തുകള്‍ക്കും കണ്ണുനീരിൻ്റെ കഥ മാത്രമേ പറയാനുള്ളൂ. അവ മുഴുവനും വായിച്ചുതീരാതെ അമ്മ കിടക്കാറില്ല.

ചില ദിവസങ്ങളില്‍ ഉച്ചയ്ക്കു് അല്പസമയം കത്തുകള്‍ വായിക്കാന്‍ കിട്ടാറുണ്ട്. തൻ്റെ നൂറുനൂറായിരം മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ അമ്മയ്ക്കു വിശ്രമിക്കാന്‍ സമയമെവിടെ?
രണ്ടു മണിക്കൂറില്‍ക്കൂടുതല്‍ അമ്മയ്ക്കു് ഉറങ്ങാന്‍ കിട്ടുന്ന ദിവസങ്ങള്‍ അപൂര്‍വ്വമാണ്. ചില ദിവസങ്ങില്‍ ഒട്ടും ഉറക്കമില്ല. എങ്കിലും ഭക്തജനങ്ങള്‍ അമ്മയെ കാത്തിരിക്കുന്നു എന്നറിയുമ്പോള്‍ അമ്മ എല്ലാം മറന്നു് ഇറങ്ങിവരും. ആ സമയം അവിടുത്തെ മുഖത്തുനിന്നു് എല്ലാ ക്ഷീണവും ഓടിയകലും.

ഓം നമഃ ശിവായ

സമൂഹത്തിലും രാഷ്ട്രത്തിലും നന്മയുടെ ശക്തിസ്രോതസ്സായിരുന്ന ഒരു വലിയ മനുഷ്യനെയാണ് പരമേശ്വർജിയുടെ വേർപാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ഭാരതത്തിനും ഭാരതീയ സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ആ ധന്യ ജീവിതം.

അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രാമായണത്തിലെ ഭരതനെയാണ് ഓർമ്മവരുന്നത്. ജീവിതം ത്യാഗമാണെന്ന് വാക്കുകൾക്കതീതമായി അദ്ദേഹം ജീവിച്ചുകാണിക്കുകയായിരുന്നു. സ്ഥാനമാനങ്ങളോ വ്യക്തിപരമായ നേട്ടങ്ങളോ അൽപംപോലും അദ്ദേഹം ആഗ്രഹിച്ചില്ല. ത്യാഗവും, ആദർശനിഷ്ഠയും പാണ്ഡിത്യവും ധിഷണയും ഒരുപോലെ ആ വ്യക്തിത്വത്തിൽ ഒത്തുചേർന്നു. ഭാരതത്തോടുള്ള ഭക്തി അദ്ദേഹത്തിൻ്റെ ജീവരക്തം തന്നെയായിരുന്നു. സത്യവും അസത്യവും, തെറ്റും ശരിയും വേർതിരിക്കാനാവാത്തവിധം കുഴഞ്ഞു കിടന്നപ്പോഴെല്ലാം അഗാധമായ ഉൾക്കാഴ്ചയോടെ അദ്ദേഹം സമൂഹത്തിനു ശരിയായ ദിശാബോധം പകർന്നുതന്നു. ആ ജീവിതം വാക്കുകൾക്ക് അതീതം തന്നെയായിരുന്നു. അദ്ദേഹം തന്ന സന്ദേശമനുസിച്ച് ജീവിക്കുക എന്നുള്ളതാണ് ഇനി നമ്മുടെ കർത്തവ്യം

അമ്മ

എല്ലാവരും അമ്മയെക്കുറിച്ചുള്ള കഥകള്‍ പറയുന്നു. അമ്മയുടെ ശിഷ്യന്മാര്‍ മുതല്‍ ആശ്രമത്തിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെടികള്‍ക്കും വരെ പറയാനുണ്ടാകും ഓരോരോ അനുഭവകഥകള്‍. അതൊക്കെ കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

തക്കാളിച്ചെടി

ഞാനോ വെറുമൊരു തക്കാളിച്ചെടി. താമസം ആശ്രമത്തിലൊന്നുമല്ല, അങ്ങു ദൂരെ എറണാകുളത്തു്. സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ കര്‍മ്മഫലങ്ങളുണ്ടോ പുണ്യപാപങ്ങളുണ്ടോ? അറിയില്ല! എങ്കിലും ഞാന്‍ ഒരല്പം പുണ്യം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. തമിഴ്‌നാട്ടിലെ ഏതെങ്കിലും കൃഷിസ്ഥലത്തു കീടനാശിനിയൊക്കെ കുടിച്ചു
വളരേണ്ടി വന്നില്ല. അമ്മയുടെ ഭക്തരുടെ വീട്ടിലാണു ഞാന്‍ വന്നുപെട്ടതു്. എറണാകുളത്തുള്ള ഒരു വീടിൻ്റെ മുകളിലത്തെ നിലയിലെ വാടകവീട്ടിലാണു് എന്നെ വളര്‍ത്തിയിരുന്ന ചേട്ടനും ചേച്ചിയും അവരുടെ മകനും താമസിച്ചിരുന്നതു്. അവരുടെ വീട്ടിലേക്കു കയറുന്ന കോണിപ്പടിയുടെ ഒരു പടിയില്‍, ഒരു മൂലയില്‍ ഒരു ചെറിയ ചട്ടിയില്‍ ഞാന്‍ വളരാന്‍ തുടങ്ങി. ചേട്ടനും ചേച്ചിയും എന്നും പൂജാമുറിയില്‍ അമ്മയുടെ ചിത്രത്തിനു മുന്‍പില്‍ ഒരു കിണ്ടിയില്‍ തീര്‍ത്ഥജലം വയ്ക്കും. പിറ്റേ ദിവസം വെളുപ്പിനു് ആ ജലം തുളസിക്കും എനിക്കും ഒഴിക്കും. അതാണു ഞാന്‍ പുണ്യമെന്നു പറഞ്ഞതു്. ദിവസവും അമ്മയുടെ തീര്‍ത്ഥജലം സേവിച്ചാണു ഞാന്‍ വളര്‍ന്നതു്. എനിക്കു വേറെ വളത്തിൻ്റെ ആവശ്യമുണ്ടോ!

കുറച്ചു് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ മൊട്ടിട്ടു. രണ്ടു മൊട്ടുകള്‍. ആ മൊട്ടുകള്‍ പൂക്കളായി, കായ്കളായി. പതുക്കെപ്പതുക്കെ വളരാന്‍ തുടങ്ങി. ഒരു ദിവസം കിണ്ടിയിലെ തീര്‍ത്ഥം എൻ്റെ കടയ്ക്കല്‍ ഒഴിച്ചശേഷം ചേട്ടന്‍ കുനിഞ്ഞു് എൻ്റെ ചെവിയിലെന്നോണം പറഞ്ഞു, ”നിന്നെ വളളിക്കാവില്‍ കൊണ്ടുപോകാം, അമ്മയ്ക്കു കൊടുക്കാം.” ആനന്ദത്താല്‍ ഞാനാകെ ആടിയുലഞ്ഞു. പിന്നെ ദിവസവും ചേട്ടനും ചേച്ചിയും എന്നോടിതു് ഒരു മന്ത്രംപോലെ പറഞ്ഞുകൊണ്ടിരുന്നു. ‘വള്ളിക്കാവില്‍ പോവണ്ടേ, വള്ളിക്കാവില്‍ പോവണ്ടേ…’ വീട്ടിലേക്കു പോകാന്‍ കോണി കയറുമ്പോഴും ഇറങ്ങുമ്പോഴും എൻ്റെ അടുത്തൊന്നു നില്ക്കും. വലത്തു കൈനീട്ടി എന്നെയൊന്നു തലോടും. ‘അമ്മയുടെ അടുത്തു പോകണ്ടേ…?’ എന്നു സ്വകാര്യത്തില്‍ ചോദിക്കും. എനിക്കും മറ്റൊരു ചിന്തയുമില്ലാതായി. എന്നിലുണ്ടാകുന്ന തക്കാളികള്‍ അമ്മയ്ക്കുള്ളതുതന്നെ. ചേച്ചിയുടെയും ചേട്ടൻ്റെയും ആഗ്രഹംപോലെത്തന്നെ അവ ചുവന്നു തുടുത്തു വളരാന്‍ തുടങ്ങി. ‘അമ്മയെ കാണാന്‍ പോകുന്നതിനു മുന്‍പു തക്കാളി പഴുത്തു വീണുപോകുമോ’ ഒരു ദിവസം ചേച്ചി വിഷമത്തോടെ ചോദിക്കുന്നതു കേട്ടു. എൻ്റെ മനസ്സിലെ ഭയംതന്നെയാണു ചേച്ചി പറഞ്ഞതു്. ഇതു കേട്ടപ്പോള്‍ ചേട്ടനും മോനും കൂടി രണ്ടു തക്കാളികള്‍ക്കും കടലാസു കൊണ്ടു് ഓരോ തൊട്ടില്‍ കെട്ടിത്തന്നു. എനിക്കു സമാധാനമായി.

അവസാനം ആ ദിവസവുമെത്തി. യൂറോപ്പിലെ യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ചേട്ടനും ചേച്ചിയും മോനും കൂടി പ്രഭാതത്തില്‍തന്നെ വള്ളിക്കാവിലേക്കു പോകാന്‍ തയ്യാറായി. അമ്മയ്ക്കു സമര്‍പ്പിക്കാന്‍ മന്ത്രജപത്തോടെ തക്കാളികള്‍ എന്നില്‍ നിന്നടര്‍ത്തിയെടുത്തപ്പോള്‍ ആ മന്ത്രധ്വനികളേറ്റു ഞാനും തല കുനിച്ചുനിന്നു. അമ്മയുടെ അടുത്തുപോയിട്ടു് എന്തു സംഭവിച്ചിരിക്കും എന്നറിയാന്‍ ഞാന്‍ ഉത്കണ്ഠപ്പെട്ടുകൊണ്ടിരുന്നു. ദിവസം തോറും ആയിരക്കണക്കിനു മക്കള്‍ അമ്മയെ കാണാന്‍ വരും. അവരില്‍ പലരും അമ്മയ്ക്കു പല കാണിക്കയുമര്‍പ്പിക്കും എന്നു ചേച്ചി പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. പട്ടുസാരികള്‍, ആഭരണങ്ങള്‍, വീട്ടിലുണ്ടാക്കിയ വിശേഷപ്പെട്ട വിഭവങ്ങള്‍, അങ്ങനെ പലതും. അതിനിടയില്‍ എൻ്റെയീ തക്കാളി അമ്മ എങ്ങനെ സ്വീകരിക്കും എന്ന വേവലാതിയായിരുന്നു എനിക്കു്. രാത്രയില്‍ ഞാന്‍ ഉറങ്ങിയതേയില്ല. പിറ്റേ ദിവസം ചേട്ടനും കുടുംബവും മടങ്ങിവരുന്നതുവരെ ഞാന്‍ അമ്മയെത്തന്നെ സ്മരിച്ചുകൊണ്ടിരുന്നു.

പിറ്റേ ദിവസം അവര്‍ തിരിച്ചു വന്നു. വീട്ടിലേക്കു കോണി കയറിയ ചേച്ചി എൻ്റെ അടുത്തെത്തിയപ്പോള്‍ അവിടെയിരുന്നു. എന്നെ കെട്ടിപ്പിടിച്ചു. ചേച്ചിയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. അവര്‍ അമ്മയുടെ അടുത്തു പോയതിനുശേഷമുള്ള വിശേഷങ്ങള്‍ ചേച്ചി പറയാന്‍ തുടങ്ങി.

തലേ ദിവസം ഒരു ശനിയാഴ്ചയായിരുന്നു. അന്നു വൈകിട്ടു ചേച്ചിയുടെ അമൃതവിദ്യാലയത്തിലെ ജോലിയും ചേട്ടൻ്റെ ബിസിനസ്സു് കാര്യങ്ങളും മോൻ്റെ ട്യൂഷനും എല്ലാം കഴിഞ്ഞു വൈകുന്നേരമാണു് അവര്‍ പുറപ്പെട്ടതു്. എറണാകുളം ബസ് സ്റ്റാൻഡിൽ തിരുവനന്തപുരത്തേക്കു പുറപ്പെടുന്ന ബസ്സിലൊക്കെ വലിയ തിരക്കു്. പഴുത്തു പാകമായ തക്കാളി ചതഞ്ഞു പോകാതിരിക്കാന്‍ കടലാസില്‍ പൊതിഞ്ഞു ബാഗിലാക്കി ചേച്ചി നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കയാണു്. തിരുവനന്തപുരം ബസ്സു് കാണുമ്പോള്‍ അവര്‍ ഓടിച്ചെല്ലും. എന്നാല്‍ തിരക്കു കാണുമ്പോള്‍ പതുക്കെ പിന്‍മാറും. തക്കാളി കേടുവരരുതല്ലോ. അന്നുതന്നെ അമ്മയുടെ അടുത്തു് എങ്ങനെ എത്തും എന്നു വിഷമിച്ചു നില്ക്കുമ്പോള്‍ വിണ്ടും ഉടന്‍ ഒരു തിരുവനന്തപുരം ബസ്സു് വന്നു.

ആളുകള്‍ തിരക്കുപിടിച്ചു മുന്‍പു വന്ന രണ്ടു ബസ്സുകളില്‍ കയറിപ്പോയതുകൊണ്ടു് ഈ ബസ്സില്‍ തിരക്കില്ലാതെയായി. മൂന്നുപേരും ബസ്സില്‍ ഓടിക്കയറി. സീറ്റിലിരുന്നു ബാഗ് മടിയില്‍ വച്ചതിനു ശേഷമാണു ചേച്ചിക്കു സമാധാനമായതു്. ചേച്ചിയുടെ ക്ഷമ പരീക്ഷിക്കാനെന്നവണ്ണം വഴിയിലൊക്കെ നിര്‍ത്തി പതുക്കെ പോയ ബസ്സു് ഓച്ചിറ എത്തിയപ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. വിശന്നു തളര്‍ന്നിരുന്ന മോനു വഴിയില്‍നിന്നു ഭക്ഷണം വാങ്ങിക്കൊടുത്തു് ഒരു ഓട്ടോ പിടിച്ചു വള്ളിക്കാവില്‍ എത്തി. മണി പതിനൊന്നു കഴിഞ്ഞിരുന്നു. ദര്‍ശനം കിട്ടുമെന്ന പ്രതീക്ഷയില്ലെങ്കിലും അമ്മയെ ദൂരെനിന്നെങ്കിലും ഒന്നു കാണാമെന്നു കരുതി ദര്‍ശനഹാളിലേക്കോടി. രാവിലെ തുടങ്ങിയ ദര്‍ശനമാണു്. പാതി രാത്രിയായിട്ടും അമ്മ ഇപ്പോഴും അതേ ഉന്മേഷത്തോടെ ചിരിച്ചും കളിച്ചും തമാശപറഞ്ഞും കുശലം ചോദിച്ചും ദര്‍ശനം തുടരുകയാണു്. ഒരു ധൃതിയുമില്ല. മക്കളുടെ അടുത്തു വന്നാല്‍ എഴുന്നേറ്റു പോകണമെന്ന ചിന്തയേയില്ല. ചേച്ചിക്കും ചേട്ടനും പ്രതീക്ഷയായി. അപ്പോള്‍ത്തന്നെ അമ്മയെ കാണുവാന്‍ സാധിക്കുമോ?

ദർശനം

ദര്‍ശനടോക്കണ്‍ കിട്ടുമോയെന്നു് അന്വേഷിച്ചപ്പോള്‍ ഒരു ബ്രഹ്മചാരിണി പറഞ്ഞു, ”ടോക്കണൊന്നും വേണ്ട. നിങ്ങള്‍ ക്യൂവില്‍ നിന്നോളൂ.” കേട്ടപാതി കേള്‍ക്കാത്തപാതി ചേച്ചി ക്യൂവിലേക്കോടി. അമ്മയ്ക്കു സമര്‍പ്പിക്കാന്‍ പഴങ്ങളുടെ ഒരു താലവും വാങ്ങി ചേട്ടനും മോനും കൂടി ക്യൂവില്‍ ചേര്‍ന്നു. ക്യൂവില്‍നിന്നു കൊണ്ടുതന്നെ അവര്‍ ബാഗില്‍ നിന്നു തക്കാളിയെടുത്തു പഴങ്ങളുടെ താലത്തില്‍വച്ചു, അമ്മയിതു കാണണേ, സ്വീകരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ. അമ്മയുടെ അടുത്തെത്തുംതോറും ഹൃദയമിടിക്കാന്‍ തുടങ്ങി.

അമ്മയുടെ അടുത്തെത്തിയതും സാധാരണ ചെയ്യാറുള്ളതുപോലെ അമ്മയുടെ സമീപത്തുനിന്നിരുന്ന ബ്രഹ്മചാരിണി താലം വാങ്ങി അടുത്തുള്ള പീഠത്തില്‍ വച്ചു. അമ്മ അതു കാണുന്നതേയില്ല. വലതു വശത്തിരിക്കുന്ന ഒരു മോനോടു് എന്തോ കാര്യമായി സംസാരിച്ചു കൊണ്ടാണു ദര്‍ശനം കൊടുക്കുന്നതു്. അമ്മ തക്കാളി കാണുക പോലുമില്ല എന്നുവിചാരിച്ചു ചേച്ചിക്കു ദുഃഖം അടക്കാന്‍ പറ്റാതെയായി. നിസ്സാരമായ ഒരു തക്കാളി സ്വീകരിക്കണേ എന്നു പറയാനും പറ്റുന്നില്ല. കണ്ണീരൊലിപ്പിച്ചു തേങ്ങിക്കൊണ്ടാണു ചേച്ചി ദര്‍ശനം വാങ്ങിയതു്. അമ്മ അതും ശ്രദ്ധിക്കുന്ന മട്ടില്ല.

മൂന്നുപേര്‍ക്കും ദര്‍ശനം കൊടുത്തു വിടുന്നതിനു മുന്‍പു് എന്തോ നോക്കാനെന്നവണ്ണം അമ്മ ആ താലം വച്ചിരുന്ന പീഠത്തിലേക്കു തിരിഞ്ഞു. തക്കാളി കൈയിലെടുത്തു. ഒരു കള്ളച്ചിരിയോടെ മൂന്നുപേരെയും നോക്കി. എന്നിട്ടു് എത്രയോ ദിവസമായി ആഹാരം കഴിച്ചിട്ടില്ല എന്ന മട്ടില്‍ കൊതിയോടെ അതു കടിച്ചു തിന്നാന്‍ തുടങ്ങി. ചുവന്നു തുടുത്ത വലിയ തക്കാളി, അതിൻ്റെ ചാറു വലിച്ചുകുടിച്ചു് അമ്മ ആസ്വദിച്ചു കഴിക്കുകയാണു്. താടിയിലൂടെ താഴെക്കൊഴുകുന്ന ചാറു് ഇടത്തെ കൈകൊണ്ടു് ഇടയ്ക്കു തുടയ്ക്കുന്നുണ്ടു്. ഈ ദൃശ്യം കൗതുകത്തോടെ നോക്കിനില്ക്കുന്ന ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും. തക്കാളി കഴിക്കുന്നതിനിടയില്‍ത്തന്നെ ‘പരമപ്രേമം, പരമപ്രേമം’ എന്നു് അമ്മ പറയുന്നുമുണ്ടു്. മക്കളുടെ പ്രേമമാകു ന്ന ഫലം കഴിക്കാന്‍ വേണ്ടിയാണല്ലോ അമ്മയ്ക്കു വിശക്കാറുള്ളതു്. കഴിച്ചിട്ടും കഴിച്ചിട്ടും മതിവരാത്ത മട്ടില്‍ അമ്മ പിന്നെയും തക്കാളിയുടെ ചാറു വലിച്ചു കുടിക്കുകയാണു്. ചേച്ചിക്കു പിന്നെയൊന്നും ഓര്‍മ്മയില്ലാതെയായി. ‘അമ്മേ, പരാശക്തീ’ എന്നു് ഉറക്കെ വിളിച്ചു കരഞ്ഞിരുന്നുവെന്നു പിന്നീടു മോന്‍ പറഞ്ഞപ്പോഴാണു് അറിഞ്ഞതു്. തക്കാളി ഏതാണ്ടു മുഴുവന്‍തന്നെ അമ്മ കൊതിയോടെ കഴിച്ചു. ബാക്കി വന്ന ചന്ദ്രക്കലപോലത്തെ ഒരു പൊട്ടു തക്കളിക്കഷ്ണം പുറകില്‍ നിന്നും നീണ്ടുവന്ന അനേകം കൈകളിലൊന്നില്‍ അമ്മ കൊടുത്തു.

അമ്മയുടെ അടുത്തു സാധാരണ കാണുന്ന ഒരു കാഴ്ചയുണ്ടു്. അമ്മയ്ക്കു കഴിക്കാന്‍ മക്കളാരെങ്കിലും എന്തെങ്കിലും വീട്ടില്‍ നിന്നു് ഉണ്ടാക്കിക്കൊണ്ടുവരും. അതു് അമ്മയ്ക്കു സമര്‍പ്പിച്ചാല്‍ ചുറ്റുമുള്ളവരുടെ കണ്ണുകള്‍ ബള്‍ബു കത്തിച്ചതുപോലെയാകും. അമ്മ കഴിച്ചതിനുശേഷമു ള്ള പ്രസാദം കിട്ടാന്‍ എല്ലാവരും കൈനീട്ടും. ഒരാള്‍ക്കു കിട്ടിയാല്‍ അതില്‍നിന്നു് ഒരു തരിയെങ്കിലും സ്റ്റേജില്‍ നില്ക്കുന്ന എല്ലാവര്‍ക്കും കിട്ടും. അമ്മയുടെ പ്രസാദത്തിനു വേണ്ടിയാണല്ലോ ഭക്തന്റെയും വിശപ്പു്.

കഥ മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍, എൻ്റെ പ്രാര്‍ത്ഥനയുടെ ഫലം അമ്മ സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ വിനയംകൊണ്ടും ഭക്തികൊണ്ടും ഞാന്‍ തല കുനിച്ചുനിന്നു. ഭഗവത് പ്രസാദത്താല്‍ മൃഗങ്ങള്‍ക്കും ചെടികള്‍ക്കും വരെ മോക്ഷം കിട്ടിയിട്ടുണ്ടു് എന്നു ഞാന്‍ കേട്ടിട്ടുണ്ടു്. എന്നാല്‍ എൻ്റെ ഗതി ഭാവിയില്‍ എന്താകുമെന്നു ഞാന്‍ ചിന്തിക്കുന്നില്ല. എനിക്കിനി അതു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ!

പത്മജ ഗോപകുമാര്‍

കരുണാബ്ധി കടഞ്ഞു നേടിയോ-
രമൃതിന്‍ തുള്ളികളേകി മക്കളില്‍
അറിവിന്റമൃതും പകര്‍ന്നു നീ
നരജന്മം സഫലീകരിക്കയോ?

എരിയുന്ന മനസ്സുമായ് നിന്ന-
രികില്‍ വന്നണയുന്നവര്‍ക്കു നീ
വരമായരുളുന്ന തേന്‍മൊഴി
മധുവായ് തന്നെ നുകര്‍ന്നിടുന്നു ഞാന്‍

കരകാണാതുഴലുന്ന മക്കളെ
കരകേറ്റീടുക നിന്‍ കരങ്ങളാല്‍
ജപമാലയുമായി ഞാന്‍ സദാ
ജനനീ നിന്‍ തിരുനാമമോതിടാം.

കുമാര്‍ജി

മക്കളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു് വളരെയധികം മാറ്റം അമ്മ കാണുന്നുണ്ടു്. കുറേ മക്കള്‍ സിഗററ്റു വലിയും, മദ്യപാനവും ആഡംബരവും മറ്റും ഉപേക്ഷിച്ചു. പക്ഷേ, എല്ലാവരുമായിട്ടില്ല. അടുത്ത വര്‍ഷം ഇന്നുള്ളതിൻ്റെ ഇരട്ടിയിലധികം മക്കളില്‍ ഈ മാറ്റം അമ്മയ്ക്കു കാണുവാന്‍ കഴിയണം. അതാണു യഥാര്‍ത്ഥ പിറന്നാള്‍ സമ്മാനം.

ചില മക്കളുണ്ടു്. വളരെ ദൂരത്തുനിന്നും പല ബസ്സുകള്‍ കയറി കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ വരും. പക്ഷേ, ഒരു നിമിഷം കാത്തുനില്ക്കുവാനുള്ള ക്ഷമ കാണിക്കാറില്ല. മറ്റു ചില കുഞ്ഞുങ്ങളുണ്ടു്; ആശ്രമത്തില്‍ എത്തിയാല്‍ കൂട്ടംകൂടി സംസാരിക്കുവാനും പുകവലിക്കാനുമാണു താത്പര്യം. മദ്യപിച്ചു വരുന്ന മക്കളെയും കാണാം.

മക്കളേ, പണം ചെലവു ചെയ്തു്, കഷ്ടപ്പാടുകള്‍ പലതും സഹിച്ചു് ആശ്രമത്തില്‍ എത്തുന്നതു് ഈശ്വരചിന്ത ചെയ്യുവാനായിരിക്കണം. കിട്ടുന്ന സമയം ഏകാന്തമായിരുന്നു ധ്യാനജപാദികള്‍ നടത്തി മനസ്സിനെ അന്തര്‍മുഖമാക്കാനാണു ശ്രമിക്കേണ്ടതു്. മക്കളുടെ ഭാഗത്തുനിന്നും കുറച്ചെങ്കിലും പ്രാര്‍ത്ഥനയും നിഷ്‌കാമസേവനത്തിനുള്ള ഭാവവും ഉണ്ടാകണം. പ്രാകൃതമായ സ്വാര്‍ത്ഥതകളെ ആട്ടിയകറ്റണം.

ആനന്ദം, വസ്തുവിലല്ല, ഉള്ളിലാണെന്നു മക്കള്‍ക്കറിയാവുന്നതാണു്. സന്തോഷത്തിനുവേണ്ടി ബാഹ്യമായ ഏതൊരു വസ്തുവിനെ ആശ്രയിക്കുമ്പോഴും നമ്മുടെ ശക്തിയാണു നഷ്ടമാകുന്നതു്. ആനന്ദം അവയില്‍നിന്നുമല്ല വരുന്നതു്. ആനന്ദം കള്ളിലും കഞ്ചാവിലുമാണെങ്കില്‍ അതുപയോഗിക്കുന്നവര്‍ മാനസികരോഗികളായി ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല. ആനന്ദം പുറത്താണെന്നു കരുതുന്നതുമൂലം, എപ്പോഴും കരയാന്‍ മാത്രമേ സമയമുള്ളൂ. സിഗററ്റു വലിക്കുന്ന മക്കള്‍ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു് അതിൻ്റെ കവറിലെഴുതിയിരിക്കുന്നതു കാണാറുണ്ടു്. പക്ഷേ, അതും വായിച്ചുകൊണ്ടുതന്നെ കത്തിച്ചു ചുണ്ടത്തു വയ്ക്കും. അവര്‍ അതിനടിമയായി കഴിഞ്ഞു. അവര്‍ ദുര്‍ബ്ബലരാണു്.

സ്വന്തം ശക്തിയില്‍ ഉറച്ചു നില്ക്കുന്നവനാണു ധീരന്‍. മറ്റുള്ള വസ്തുക്കളില്‍ ചാരിനില്ക്കുന്നതു ധീരതയല്ല: അടിമത്തമാണു്. പുകവലിക്കാതെയും മദ്യപിക്കാതെയും ഇരുന്നാല്‍, മറ്റുള്ളവര്‍ എന്തുകരുതും എന്നു ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ ഏറ്റവും വലിയ ഭീരുക്കളാണു്. ദുര്‍ബ്ബലരാണു്.

മക്കളേ, ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ, ഉടുതുണിക്കു മറുതുണിയില്ലാതെ എത്രയോ സാധുക്കള്‍ വിഷമിക്കുന്നു. ഫീസു നല്കുവാന്‍ പ്രാപ്തിയില്ലാത്തതു കാരണം എത്രയോ കുട്ടികള്‍ പഠിത്തം അവസാനിപ്പിക്കുന്നു. എത്രയോ പാവങ്ങള്‍ പുരമേയാന്‍ പണമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീടുമായി കഴിയുന്നു. അസുഖംമൂലം വേദനകൊണ്ടു കിടന്നു പുളയുമ്പോള്‍ ആ വേദന ശമിപ്പിക്കാനുള്ള ഗുളിക വാങ്ങുന്നതിനു പണമില്ലാതെ ദുഃഖിക്കുന്ന എത്രയോ പാവങ്ങളുണ്ടു്? ആയുസ്സും ആരോഗ്യവും നഷ്ടമാക്കുന്ന ഈ കള്ളിനും കഞ്ചാവിനും സിഗററ്റിനും ചെലവഴിക്കുന്ന പണം മതി ഇവരെ സഹായിക്കാന്‍. ആ സാധുക്കളോടു കാട്ടുന്ന കരുണയാണു യഥാര്‍ത്ഥത്തില്‍ അമ്മയോടുള്ള സ്നേഹം.

സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ചും അന്യരെ സേവിക്കാനുള്ള ഒരു ഭാവം വളര്‍ത്തുക. ഈശ്വരന്‍ ഓടിവന്നു് ഇരുകരങ്ങളിലും വാരിപ്പുണരും. മക്കളേ, പ്രാര്‍ത്ഥനകൊണ്ടുമാത്രം ഈശ്വരനെ പ്രാപിക്കാന്‍ കഴിയില്ല. സേവനമാകുന്ന പാസ്‌പോര്‍ട്ടു കൂടാതെ മുക്തിയിലേക്കുള്ള എന്‍.ഒ.സി. കിട്ടുകയില്ല. നിഷ്‌കാമകര്‍മ്മം ചെയ്യുന്നവനു മാത്രമേ ഈശ്വരലാഭത്തിനര്‍ഹതയുള്ളൂ, മുക്തിപദം നേടാന്‍ കഴിയൂ.