ആദ്ധ്യാത്മികത എന്നു കേള്‍ക്കുമ്പോള്‍, ഭയക്കുന്നവരാണു ജനങ്ങളില്‍ അധികംപേരും. സ്വത്തു സമ്പാദിക്കരുതെന്നോ കുടുംബജീവിതം വെടിയണമെന്നോ അല്ല ആദ്ധ്യാത്മികത എന്നതുകൊണ്ടു് അര്‍ത്ഥമാക്കുന്നതു്. സ്വത്തു സമ്പാദിച്ചുകൊണ്ടു കുടുംബജീവിതം നയിച്ചുകൊള്ളൂ.പക്ഷേ, തത്ത്വം അറിഞ്ഞായിരിക്കണം ജീവിക്കേണ്ടതു്.

കർഷകർക്കൊപ്പം അമൃതാ വിശ്വവിദ്യാപീഠം വിദ്യാർത്ഥികൾ

ആദ്ധ്യാത്മികതത്ത്വമറിയാതുള്ള സ്വത്തുസമ്പാദനവും കുടുംബജീവിതവുമെല്ലാം കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിക്കുന്നതുപോലെയാണു്. ഈ സമ്പാദ്യങ്ങളോ സ്വന്തക്കാരോ ഒന്നും ശാശ്വതമായി നമ്മുടെ കൂടെ വരുന്നതല്ല. അവയ്ക്കു് അവയുടെതായ സ്ഥാനം മാത്രമേ ജീവിതത്തില്‍ നല്കുവാന്‍ പാടുള്ളൂ.

എല്ലാം ഉപേക്ഷിക്കണം എന്നല്ല, ഈ ഭൗതികലോകത്തു് എങ്ങനെ വിവേകപൂര്‍വ്വം ആനന്ദപ്രദമായി ജീവിക്കാം എന്നു പഠിപ്പിക്കുന്നതാണു് ആദ്ധ്യാത്മികതത്ത്വങ്ങള്‍. നീന്തലറിയാത്തവന്‍ കടലിലിറങ്ങിയാല്‍ തിര അവനെ അടിച്ചുമറിച്ചിടും. അവന്റെ ജീവന്‍തന്നെ അപകടത്തിലാകും.

എന്നാല്‍ നീന്തല്‍ പഠിച്ചവന്‍ കടലിലെ തിരകളില്‍ നീന്തി രസിക്കും. അവനു് അതു് ആനന്ദകരമായ ലീലയാണു്. ഇതുപോലെ ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ ഈ ലോകത്തെ ഒന്നുകൂടി ആനന്ദപൂര്‍ണ്ണമായി പുല്കുവാന്‍ കഴിയുന്നു. അല്ലാതെ മരിച്ചു കഴിഞ്ഞു സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വേണ്ടിയുള്ളതോ കുറെ അന്ധവിശ്വാസങ്ങളോ അല്ല ആദ്ധ്യാത്മികത. സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍തന്നെ.

ഈ ലോകത്തെ ഒരു കുട്ടിയുടെ ലീലപോലെ നോക്കി കണ്ടാല്‍, മനസ്സിനെ അനുഭൂതിതലത്തിലേക്കുയര്‍ത്തുവാന്‍ കഴിയും. ഈ ജീവിതത്തില്‍തന്നെ ആനന്ദം അനുഭവിക്കാന്‍ വേണ്ട ശക്തിയും ധൈര്യവും എങ്ങനെ സംഭരിക്കാം എന്നു പഠിപ്പിക്കുന്ന തത്ത്വമാണു് ആദ്ധ്യാത്മികത.

ജോലിയൊന്നും ചെയ്യാതെ വെറുതെ കുത്തിയിരിക്കാന്‍, മടിയന്മാരായിരിക്കാന്‍ ഈ മാര്‍ഗ്ഗം ഉപദേശിക്കുന്നില്ല. ഒരാള്‍ സാധാരണ എട്ടു മണിക്കൂര്‍ ജോലി ചെയ്യുമെങ്കില്‍ അതു പത്തു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു് അധികം നേടിയ പണം മിച്ചംവച്ചു സാധുസേവയ്ക്കായി ഉപയോഗിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതു് ആദ്ധ്യാത്മികതയാണു്. അതാണു യഥാര്‍ത്ഥ ഈശ്വരപൂജ.

ഹരിപ്രിയ
(കര്‍ക്കടകമാസം രാമായണമാസം)

വേദവേദ്യനായ ഭഗവാന്‍ ‘ദാശരഥി ശ്രീരാമനായി’ അവതരിച്ചപ്പോള്‍ വേദം രാമായണകാവ്യമായി വാല്മീകിയുടെ മുഖത്തു നിന്നു നിര്‍ഗ്ഗളിച്ചു.സര്‍വ്വേശ്വരനെ മനസ്സിലാക്കിത്തരുന്ന കാര്യത്തില്‍ വേദം, ആചാര്യനെപ്പോലെ കത്തിക്കുന്നു. പുരാണം, സുഹൃത്തിനെപ്പോലെ കഥകള്‍ പറയുന്നു. കാവ്യം, കാമുകിയെപ്പോലെ കളഭാഷണം ചെയ്യുന്നു.

ഭാഷ ഏതായാലും പ്രതിപാദ്യവിഷയം ആത്മാവിനെക്കുറിച്ചുതന്നെ. സമസ്തലോകങ്ങളും ആത്മാവായ രാമങ്കല്‍ രമിക്കുന്നു. ശ്രീരാമനാകട്ടെ, നാടുപേക്ഷിച്ചു സുമുഖനായി കാടു കയറി തൻ്റെ സ്നേഹംകൊണ്ടു കാട്ടാളനെയും കഴുകനെയും മരഞ്ചാടികളെയും ഉദ്ധരിക്കുന്നു. മാമുനിമാര്‍ക്കുപോലും സതീധര്‍മ്മം അനുഷ്ഠിച്ചു സീതയാകാന്‍ മോഹം ഉളവാകുന്നു.

എങ്കിലും ഈ പൂര്‍ണ്ണാവതാര കാലത്തും കലിയുഗാവതാരംപോലെ സര്‍വ്വരെയും വാരിപ്പുണരുന്ന ഒരു വാത്സല്യപ്രവാഹം ഉണ്ടായിരുന്നില്ല. അപൂര്‍വ്വമായി പ്രകടമാവുന്ന ഈശ്വരാലിംഗനത്തെ കവികള്‍ വാനോളം പുകഴ്ത്തിപ്പാടിയിരുന്നു. തുഞ്ചൻ്റെ പൈങ്കിളി കൊഞ്ചുന്ന രാമായണത്തില്‍ ശ്രീരാമാലിംഗനം വര്‍ണ്ണിക്കുന്ന രണ്ടുമൂന്നു രംഗങ്ങള്‍ ഉണ്ടു്.

ആദ്യം ആ ഭാഗ്യം ലഭിച്ചതു നിഷാദനായ ഗുഹനാണു്. സീതാരാമലക്ഷ്മണന്മാരെ തോണിയിലേറ്റി ഗംഗ കടത്തിയ ഗുഹന്‍ ശ്രീരാമനോടു ശ്രീപാദം പിന്തുടരാന്‍ അനുവാദം ചോദിക്കുന്നു. ആ സമയം ഭക്തനില്‍ അതിയായ സന്തോഷം തോന്നിയ ശ്രീരാമചന്ദ്രന്‍, പതിനാലു വത്സരം കഴിഞ്ഞു താന്‍ വരുമെന്നു വാക്കു പറഞ്ഞു ഗാഢാലിംഗനം ചെയ്തു ഗുഹനെ യാത്രയാക്കുന്നു.

ഈ വിവരമെല്ലാം അറിഞ്ഞു ജ്യേഷ്ഠനെ തിരിച്ചു വിളിക്കാന്‍ പുറപ്പെട്ട ഭരതന്‍ ശൃംഗിവേര പുരത്തുവച്ചു തന്നെ പ്രണമിക്കുന്ന ഗുഹനെ പ്രശംസിക്കുന്നതു ശ്രദ്ധിക്കുക. ഗുഹനെ പുണര്‍ന്നു ഭരതന്‍ പറയുന്നു,
”ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍
ആലിംഗനം ചെയ്തുവല്ലോ ഭവാനെ ലോ-
കാലംബനഭൂതനാകിയ രാഘവന്‍.
ലക്ഷ്മീഭഗവതീദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ
ധന്യനാകുന്നിതു നീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ!”

ലക്ഷ്മീഭഗവതിക്കു മാത്രം അര്‍ഹതപ്പെട്ട ആലിംഗനം! ദേവീഭാഗവതത്തില്‍ പരാശക്തി, പ്രേമാഭ്യര്‍ത്ഥന നടത്തുന്ന മഹിഷാസുരനോടു പറയുന്നു, ”പരമാത്മാവായ പരമപുരുഷനോടല്ലാതെ മറ്റാരോടും എനിക്കു പ്രേമമില്ല.”അങ്ങനെ ആത്മാരാമന്മാര്‍ ദ്വന്ദ്വാരാമന്മാരെ ഉദ്ധരിക്കാന്‍ ഇറങ്ങിവരുന്നു. ദുര്‍ല്ലഭമായ ദര്‍ശനാലിംഗനങ്ങള്‍ സുലഭമായി ലഭിക്കുന്നു.’സീതാലിംഗന നിര്‍വൃതരാമാ’ എന്നു രാമായണത്തിലുണ്ടെങ്കിലും ആദികവി അതൊന്നും ഫോട്ടോ എടുത്തിട്ടില്ല.

കിഷ്‌കിന്ധാധിപനായിരുന്ന വാനരരാജന്‍ സുഗ്രീവന്‍ ശ്രീരാമൻ്റെ പാദം പ്രണമിച്ചു ഭക്തിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു രംഗം പിന്നീടു കാണാം. ബാലിവധത്തിനു ശ്രീരാമനുമായി സഖ്യം ചെയ്ത തനിക്കു്, ‘മണ്ണിനായി ഊഴി കുഴിച്ചപ്പോള്‍ നിധി കിട്ടിയ’ ഭാഗ്യമാണു ലഭിച്ചതെന്നു സുഗ്രീവന്‍. ഇനി ശത്രുജയവും വേണ്ട. ദാരാസുഖവും വേണ്ട. നാമസങ്കീര്‍ത്തനപ്രിയനായി, അച്യുതക്ഷേത്രങ്ങള്‍ തോറും സഞ്ചരിച്ചു് അര്‍ച്ചനം, വന്ദനം, ദാസ്യം… ഇങ്ങനെ ജീവിക്കാന്‍ പ്രാര്‍ത്ഥിച്ച സുഗ്രീവനും ലഭിച്ചു ഒരു ആലിംഗനം.

ഒരു രാജ്യത്തെ പ്രജകളെ മുഴുവന്‍ രാമദാസരാക്കാന്‍ കഴിവുള്ള ഈ വീരനു ഭക്തിമാര്‍ഗ്ഗം തത്കാലം വേണ്ടെന്നായിരുന്നു രാമൻ്റെ ഇച്ഛ.”അംഗസംഗംകൊണ്ടു കല്മഷം വേരറ്റമംഗലാത്മാവായ സുഗ്രീവനെത്തദാമായയാ തത്ര മോഹിപ്പിച്ചതന്നേരം കാര്യസിദ്ധിക്കു കരുണാജലനിധി.” അവതാരപുരുഷൻ്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്നവര്‍ ധന്യര്‍! ബാലിയെപ്പോലെ ലീല തുടങ്ങുമ്പോള്‍ത്തന്നെ ഹതരാകേണ്ടി വന്നാലുള്ള അവസ്ഥയോ? ഊറ്റം വെടിയുക. സീറോ ആയാലല്ലേ ഹീറോ ആവാന്‍ പറ്റൂ.

പക്ഷേ, ഹനുമാനു ലഭിച്ച ആലിംഗനം ഇവയെക്കാളൊക്കെ മികച്ച അര്‍ഹത തെളിയിച്ചവനുള്ളതായിരുന്നു. ”കണ്ടൂ സീതയെ. ലങ്ക ചുട്ടു പൊട്ടിച്ചു. രാവണപുത്രനെ വധിച്ചു. ചൂഡാരത്‌നവും അടയാളവാക്കും ലഭിച്ചിട്ടുണ്ടു്. അവിടുത്തെ കൃപയാല്‍ എല്ലാം സാധിച്ചു. ഈ ദാസനെ പാലിച്ചാലും.” എന്നും പറഞ്ഞു ഹനുമാന്‍ സമുദ്രലംഘനം മുതലുള്ള ചരിത്രമെല്ലാം വിവരിച്ചു വന്ദിക്കുമ്പോള്‍ ശ്രീരാമന്‍ പ്രീതനായി പറയുന്നു, ”നീ സദയം ചെയ്ത ഈ ഉപകാരത്തിനു സര്‍വ്വസ്വവും ഞാന്‍ നിനക്കു തന്നിരിക്കുന്നു. പ്രണയപൂര്‍വ്വം ചെയ്ത ഈ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനില്ല! നാം തമ്മില്‍ ഒന്നാവുകയല്ലാതെ!”പുനരപി രമാവരന്‍ മാരുതപുത്രനെപ്പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍. ഉരസി മുഹുരപി മുഹുരണച്ചു പുല്കീടിനാന്‍ഓര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം!”

ആ ഭാഗ്യം വളര്‍ന്നു. ഇന്നു മായാസാഗരം തരണം ചെയ്യാന്‍ ഹനുമത്സ്മരണകൊണ്ടു സാധിക്കുന്നു. നേര്‍വഴി കാട്ടിക്കൊണ്ടെന്നും നമ്മോടൊത്തു വസിക്കുന്ന അമ്മ, വിശ്വത്തെ മുഴുവന്‍ മാറില്‍ ചേര്‍ത്തു പുണര്‍ന്നു്, ‘ജഗത്തു് ഈശ്വരനാല്‍ പൊതിയപ്പെട്ടിരിക്കുന്നു’ എന്ന ഉപനിഷദ്വാക്യം നമുക്കു പ്രത്യക്ഷമാക്കിത്തരുന്നു! ശ്രീരാമാലിംഗനം സ്മരിച്ചു കവികള്‍ സമാധിസ്ഥരാകുന്നു! അമ്മയുടെ ആലിംഗനം നമുക്കു ആത്മസൗഖ്യം പ്രദാനം ചെയ്യുന്നു. അമ്മ, ഋഷിമാര്‍ ലോകത്തിനു നല്കിയ അനശ്വരസമ്പത്തായ സനാതനധര്‍മ്മതത്ത്വങ്ങളെ വിലമതിക്കുന്നു. ജീവിക്കുവാന്‍ വായുവും വെള്ളവും ആവശ്യമായതുപോലെ ശാന്തി അന്വേഷിക്കുന്ന ആര്‍ക്കും രാമായണത്തെ ഒഴിവാക്കാനാവില്ല!

ജയ് ശ്രീരാം!

സൂസന്ന ഹില്‍2011

എനിക്കു യാത്ര ചെയ്യാന്‍ ഇഷ്ടമാണു്. പ്രത്യേകിച്ചു് ഏഷ്യന്‍ രാജ്യങ്ങളിലേക്കു്. അതിനു കാരണം അവിടത്തെ സംസ്‌കാരവും തത്ത്വശാസ്ത്രങ്ങളുമാണു്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടു്. ഒരു നേഴ്‌സായ ഞാന്‍ കുറെ നാള്‍ ജോലി ചെയ്തു പണം സമ്പാദിച്ചു മറ്റു രാജ്യങ്ങള്‍ കാണാന്‍ പോകും. 2001ല്‍ എനിക്കു രണ്ടു മാസം ലീവു കിട്ടി. അങ്ങനെയാണു ഭാരതത്തിലേക്കു് ഒരു ആത്മീയയാത്ര ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതു്. അതിനു മുന്‍പും ഞാന്‍ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ടു്. ആ രാജ്യവും അവിടത്തെ ജനങ്ങളും അവരുടെ സംസ്‌കാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ആദ്യത്തെ തവണ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ത്തന്നെ അവിടത്തെ പല ആശ്രമങ്ങളെക്കുറിച്ചും ഞാന്‍ കേട്ടിരുന്നു. എന്നാല്‍ ആത്മീയതയെക്കുറിച്ചു ഒന്നുമറിയാത്ത ഞാന്‍ അന്നു് ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്നില്ല. ഒരു ഗുരുവിനെ സ്വീകരിക്കുക, നമുക്കു യഥാര്‍ത്ഥത്തില്‍ വേണ്ടതു് എന്താണെന്നു് അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളൂ എന്നു തീരുമാനിച്ചു ഗുരുവിനു നമ്മളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുക, ഇതൊക്കെ വളരെ അബദ്ധമാണു് എന്നാണു് എനിക്കു തോന്നിയിരുന്നതു്. എന്നാല്‍, കാലം കഴിയുംതോറും ഞാന്‍ ഒരു കാര്യം മനസ്സിലാക്കി, ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആനന്ദം അനുഭവിച്ചിട്ടില്ല. മാത്രമല്ല, നിസ്സാരകാര്യങ്ങള്‍ മതി ഞാന്‍ നിരാശകൊണ്ടു തളര്‍ന്നു പോകാന്‍. എനിക്കു മനസ്സിനു ശാന്തിയും സമാധാനവും വേണം. അതു ഭാരതത്തിലെ ഏതെങ്കിലും ആശ്രമത്തില്‍നിന്നു ലഭിക്കുമെങ്കില്‍ അതിനുവേണ്ടി ഒന്നു ശ്രമിച്ചാലെന്താണെന്നു ഞാന്‍ ചിന്തിച്ചു. അതാണു 2001ലെ എൻ്റെ ആത്മീയയാത്രയുടെ തുടക്കം.

ഭാരതത്തിലെ ആശ്രമങ്ങളെക്കുറിച്ചു ബുക്കുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഞാന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആരോ എനിക്കയച്ചു തന്ന ഒരു ചെറിയ പുസ്തകത്തില്‍ കേരളത്തിലെ ഏതോ ഒരു അമ്മയുടെ ആശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. അതില്‍ അമ്മയുടെ ഒരു ചിത്രവുമുണ്ടായിരുന്നു. ആ ചിത്രത്തോടു് എനിക്കു വല്ലാത്ത ഒരു ആകര്‍ഷണം തോന്നി. അമ്മയെ കണ്ടാല്‍ കൊള്ളാമെന്നു് എനിക്കു തോന്നി. 2001 ജനുവരിയില്‍ പുതിയ അനുഭവങ്ങളും അറിവുകളും ഏറ്റുവാങ്ങാന്‍ തയ്യാറായി ഞാന്‍ ചെന്നൈയില്‍ വിമാനമിറങ്ങി.

ആദ്യം തമിഴ്‌നാട്ടിലെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കാമെന്നു ഞാന്‍ നിശ്ചയിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ തമിഴ്‌നാട്ടിലെ മൂന്നു് ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ചു ധാരാളം പേരുടെ ഉപദേശങ്ങളും ഞാന്‍ കേട്ടു. പക്ഷേ, ഞാന്‍ അന്വേഷിച്ചിരുന്നതെന്താണോ, അതു് എനിക്കു് എവിടെനിന്നും ലഭിച്ചില്ല. സത്യം പറഞ്ഞാല്‍, പറയുന്നവര്‍തന്നെ ഒരിക്കലും ആചരിക്കാത്ത, നമുക്കു് ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഉപദേശങ്ങള്‍ കേട്ടു് എനിക്കു മടുത്തു. ആത്മീയജീവിതം എനിക്കു പറ്റാത്തതാണെന്നു വീണ്ടും എനിക്കു തോന്നി.

ഇനി ആശ്രമങ്ങളൊന്നും എനിക്കു വേണ്ട. കുറച്ചുനാള്‍ വിശ്രമിക്കാന്‍ ശാന്തിയും സമാധാനവുമുള്ള ഒരു സ്ഥലം, അതുമതി എനിക്കു്, ഞാന്‍ തീരുമാനിച്ചു. ഇനി എവിടെ പോകണം എന്നു തീരുമാനിക്കാന്‍ വേണ്ടി ഭൂപടം എടുക്കാനായി ഞാന്‍ ബാഗില്‍ കൈയിട്ടു. കൈയില്‍ തടഞ്ഞതു് അമ്മയുടെ ചിരിക്കുന്ന മുഖമുള്ള ആ ചെറിയ പുസ്തകം. ആശ്രമങ്ങളൊന്നും ഇനി വേണ്ട എന്നു് ഉറപ്പിച്ചു് ആ പുസ്തകം ഞാന്‍ തിരിച്ചു ബാഗിലിട്ടു. ഭൂപടമെടുത്തു സ്ഥലങ്ങള്‍ നോക്കാന്‍ തുടങ്ങി. തമിഴ്‌നാടിനോടു് അടുത്താണല്ലോ കേരളം കിടക്കുന്നതു് എന്നു ഞാന്‍ അപ്പോഴാണു ശ്രദ്ധിച്ചതു്. പക്ഷേ, മുന്‍പു വന്ന അനുഭവം വച്ചു നോക്കുമ്പോള്‍ ഭാരതത്തില്‍ സ്ഥലങ്ങള്‍ അടുത്താണു് എന്നതുകൊണ്ടുമാത്രം എത്തിപ്പെടാന്‍ എളുപ്പമാകണമെന്നില്ല എന്നെനിക്കു് അറിയാമായിരുന്നു. ട്രെയിനില്‍ റിസര്‍വേഷന്‍ എടുക്കാന്‍ മാത്രം വളരെ സമയം പോകും. യാത്രയാകട്ടെ അതിലേറെ സമയമെടുക്കും. കേരളത്തിലേക്കു പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച വൈകിട്ടു ഞാന്‍ പുറപ്പെട്ടു. കേരളത്തിലേക്കു്! ഇനി ഒരു ആശ്രമത്തിലേക്കുമില്ല എന്നു തീരുമാനിച്ചുറപ്പിച്ച ഞാന്‍ പിറ്റേദിവസം സായാഹ്നമായപ്പോള്‍ അമ്മയുടെ ആശ്രമത്തിലെത്തി. എങ്ങനെ ഞാനവിടെ എത്തിപ്പെട്ടു എന്നെനിക്കിപ്പോഴും അറിയില്ല. എങ്കിലും ഒറ്റനോട്ടത്തില്‍ മനോഹരമായ ആ ആശ്രമപരിസരം എനിക്കു വളരെ ഇഷ്ടപ്പെട്ടു. കടലിനും കായലിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ആ ആശ്രമത്തില്‍ അന്നു കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ. പരിസരം വളരെ ശാന്തം, ഗംഭീരം. പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ദൂരെയെവിടെയോ ഒരു ആന ചിന്നം വിളിക്കുന്ന സ്വരം.

ആശ്രമത്തില്‍ താമസത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായതിനുശേഷം ഞാന്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. അടുത്ത ദിവസം ആദ്യമായി ഞാന്‍ അമ്മയെ കണ്ടു. അതു ധ്യാനത്തിൻ്റെ ദിവസമായിരുന്നു. എല്ലാവരും ആശ്രമത്തിൻ്റെ ഹാളില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ അമ്മ വന്നു. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടു കാത്തുനില്ക്കുന്നവരോടൊക്കെ സംസാരിച്ചുകൊണ്ടു വരുന്ന അമ്മയെ കണ്ടപ്പോള്‍ വലിയ ഒരു ആശ്രമത്തിലെ അധിപയാണു് ഈ വരുന്നതെന്നു വിശ്വസിക്കാന്‍ എനിക്കല്പം പ്രയാസം തോന്നി. എത്ര സാധാരണക്കാരിയെപ്പോലെയാണു് അമ്മ പെരുമാറുന്നതു്! ഹാളില്‍ ഒരുക്കിവച്ചിരിക്കുന്ന പീഠത്തില്‍ അമ്മ ഇരുന്നതിനുശേഷം കുറച്ചു സമയം കൂടി എല്ലാവരും അമ്മയ്ക്കു ചുറ്റുമിരുന്നു ധ്യാനിച്ചു.

ധ്യാനത്തിനുശേഷം അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമായിരുന്നു. ആര്‍ക്കു് എന്തു ചോദ്യങ്ങള്‍ വേണമെങ്കിലും അമ്മയോടു ചോദിക്കാം. ഇതൊരു ആശ്രമമല്ല, ഒരു വീടുപോലെയാണു് എനിക്കു തോന്നിയതു്, ഒരു വലിയ കുടുംബം. എല്ലാവരുടെയും കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കുന്നു. ചോദ്യോത്തരവേളയ്ക്കു ശേഷം എല്ലാവര്‍ക്കും അമ്മ ഭക്ഷണം നല്കി. അപ്പോഴും അമ്മ ഓരോരുത്തരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശേഷങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കിയും തമാശ പറഞ്ഞും എല്ലാവരെയും അമ്മ തൃപ്തരാക്കി. എത്ര സാധാരണക്കാരിയെപ്പോലെയാണു് അമ്മ പെരുമാറുന്നതു്!

അടുത്ത ദിവസം, ബുധനാഴ്ച. അന്നാണു് എനിക്കു് ആദ്യമായി അമ്മയുടെ ദര്‍ശനം കിട്ടുന്നതു്. അമ്മയുടെ ആദ്യത്തെ ആലിംഗനം. അതു വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. ആലിംഗനം പെട്ടെന്നു കഴിഞ്ഞു. ഞാനാണെങ്കില്‍ എങ്ങനെ പെരുമാറണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അമ്മയുടെ കരവലയങ്ങളില്‍ അമര്‍ന്ന ആ കുറച്ചു സമയം ഞാന്‍ അനുഭവിച്ച സുരക്ഷിതത്വവും ഭദ്രതയും… എങ്ങനെയാണതു വാക്കുകള്‍ കൊണ്ടു വിവരിക്കുന്നതു്? എന്തിനെയാണു ഞാന്‍ ഭയപ്പെട്ടിരുന്നതു്? എന്തിനാണു ഞാന്‍ ദുഃഖിച്ചിരുന്നതു്? കണ്ണിലെ കൃഷ്ണമണികളടയ്ക്കാതെ എന്നെ കാത്തുകൊണ്ടു് എപ്പോഴും ഒരമ്മയുണ്ടായിരുന്നുവല്ലോ. എത്രയോ കാലമായി ഞാന്‍ വരുമെന്നും പ്രതീക്ഷിച്ചു് അമ്മ കാത്തിരിക്കുകയായിരുന്നുവല്ലോ. എന്നെ ആലിംഗനം ചെയ്യുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം, അമ്മ അനുഭവിക്കുന്ന ആനന്ദത്തിൻ്റെ എത്രയോ ചെറിയ ഒരു അംശമാണു്!

ദര്‍ശനത്തിനുശേഷം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. വരുന്നവരെയൊക്കെ ഒരേപോലെ സ്നേഹത്തോടെ അമ്മ സ്വീകരിക്കുന്നു. ഈ ദിവ്യമായ സ്നേഹം ഏറ്റുവാങ്ങാന്‍ എനിക്കെന്താണു് അര്‍ഹത എന്നോര്‍ത്തു് എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കുറെ സമയം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. അവസാനം കണ്ണീരിലൂടെ മനസ്സിലെ മാലിന്യങ്ങള്‍ കുറെയെല്ലാം ഒഴുകിപ്പോയി ഹൃദയത്തിലെ ഭാരമെല്ലാം കുറഞ്ഞു എന്നു തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഇതിനു മുന്‍പു് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ശാന്തിയും സമാധാനവും ഹൃദയത്തില്‍ ഞാനറിഞ്ഞു.

ആശ്രമത്തില്‍ ഒരു ദിവസം താമസിക്കാനേ ഞാനാദ്യം തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ ലോകത്തില്‍ ഇനി ഒന്നും കാണാനും അറിയാനുമില്ല എന്നു തീരുമാനിച്ചു ഞാന്‍ മറ്റെങ്ങും പോകാതെ അടുത്ത രണ്ടാഴ്ച കൂടി അമ്മയുടെ ആശ്രമത്തില്‍ ചെലവഴിച്ചു. അമ്മ ഉത്തരഭാരതയാത്രയ്ക്കു പോയില്ലായിരുന്നെങ്കില്‍ കുറെ നാള്‍ കൂടി ഞാന്‍ ആശ്രമത്തില്‍ താമസിച്ചേനെ. എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത കാലമാണു് അമ്മയുടെ കൂടെ ജീവിച്ച ആ രണ്ടാഴ്ചക്കാലം. ഇപ്പോഴും കണ്ണടച്ചാല്‍ ആ രംഗങ്ങള്‍ മനസ്സില്‍ തെളിയും. അമ്മയുമൊത്തുള്ള ധ്യാനവും വൈകുന്നേരത്തെ അമ്മയുടെ ഭജനയും ആശ്രമത്തിലെ ആനയായ രാമനു് അമ്മ തീറ്റ കൊടുക്കുന്നതും…

അമ്മ യാത്രയായതിനുശേഷം ആശ്രമത്തില്‍ താമസിക്കാന്‍ എനിക്കു മനസ്സു് വന്നില്ല. ഗോവയിലുള്ള കുറച്ചു സുഹൃത്തുക്കളെ കണ്ടതിനുശേഷം ഞാന്‍ തിരിച്ചു പോന്നു. അമ്മയുടെ ആശ്രമത്തില്‍ പോയതിനുശേഷം ജീവിതത്തില്‍ ഇതുവരെ മറ്റൊരു ആശ്രമത്തിലും ഞാന്‍ പോയിട്ടില്ല. അതിൻ്റെ ആവശ്യം എനിക്കു തോന്നിയിട്ടില്ല. മാത്രമല്ല, അമ്മയുടെ ആശ്രമത്തില്‍നിന്നു വന്നതിനുശേഷം അമ്മയെയും ഞാനിതുവരെ പിന്നെ കണ്ടിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. എനിക്കു പിന്നെ അതിനു് അവസരം കിട്ടിയിട്ടില്ല. അമ്മ സാധാരണ സന്ദര്‍ശിക്കാറുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വളരെ ദൂരെയാണു ലിത്വാനിയ. അതുകൊണ്ടു് അമ്മയെ എത്രയും വേഗം കാണാനായി മറ്റു രാജ്യങ്ങളൊന്നും സന്ദര്‍ശിക്കാതെ ഭാരതത്തിലേക്കു പോകാനുള്ള പണം സമ്പാദിക്കാനുള്ള ശ്രമത്തിലാണു ഞാനിപ്പോള്‍. അമ്മയെ നേരിട്ടു കാണുന്നതുവരെ എൻ്റെ അമ്മയെ ഹൃദയത്തില്‍ കാണാന്‍ കഴിയണേ എന്നാണു് എൻ്റെ പ്രാര്‍ത്ഥന.

ഇപ്പോഴും ഞാന്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കു ദുഃഖിക്കാറുണ്ടു്. എന്നാല്‍ എൻ്റെ ദുഃഖങ്ങള്‍ക്കൊക്കെ ഉത്തരവാദി ഞാനാണെന്നു് ഇപ്പോഴെനിക്കറിയാം. ആരെയും കുറ്റപ്പെടുത്താതെ ഞാന്‍ സ്വയം മാറാന്‍ ശ്രമിക്കും. ദുഃഖങ്ങള്‍ അമ്മയോടു മാത്രം പറയും. ഹൃദയത്തില്‍ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അമ്മയുടെ സ്നേഹവും കാരുണ്യവും ഉള്ളില്‍ വന്നു നിറയും. മനസ്സു് ശാന്തമാകും. ഒരു നിധി കൊണ്ടുനടക്കുന്നതുപോലെയാണു ഞാന്‍ അമ്മയെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതു്. അമ്മയുടെ സ്നേഹം എന്നെ മറ്റൊരാളാക്കി മാറ്റി. ഈശ്വരൻ്റെ പരമപ്രേമത്തിനു് അര്‍ഹയാണു ഞാനും എന്നറിഞ്ഞതു മുതല്‍ ലോകത്തിലുള്ളവര്‍ക്കു മുഴുവന്‍ സ്നേഹം വാരിക്കോരി കൊടുക്കാന്‍ തയ്യാറായിരിക്കുകയാണു ഞാനിപ്പോള്‍.

യൂസഫലി കേച്ചേരി

അമ്മേ, ഭവല്‍പ്പാദസരോരുഹങ്ങള്‍
അന്യൂനപുണ്യത്തിനിരിപ്പിടങ്ങള്‍
ഈ രണ്ടു ഭാഗ്യങ്ങളുമൊത്ത നാടേ
പാരിൻ്റെ സൗഭാഗ്യ വിളക്കു നീയേ

ഞാനെൻ്റെ ദുഃഖങ്ങളുമേറ്റി വന്നാല്‍
ആനന്ദവുംകൊണ്ടു മടങ്ങിടും ഞാന്‍!
ആരാകിലും ശോകവിനാശമേകി
സാരാര്‍ത്ഥമോതിസ്സുധതന്നയയ്ക്കും.

അത്രയ്ക്കു കാരുണ്യമഹാസമുദ്ര-
മല്ലേ ഭവന്മാനസനീലവാനം
ആ മഞ്ജുവാനത്തൊരു താരമായി-
ട്ടാചന്ദ്രതാരം വിലസേണമീ ഞാന്‍.

കാലം മഹായാത്ര തുടര്‍ന്നിടുമ്പോള്‍
കാലന്‍ വരാമെന്നുയിരേറ്റെടുക്കാന്‍
ആവട്ടെ അന്നും മുറുകേ പുണര്‍ന്നീ
ആഗസ്വിയെപ്പാപവിമുക്തനാക്കൂ

ലക്ഷങ്ങള്‍ ചുറ്റും വരിനിന്നിടുമ്പോള്‍
ദക്ഷിണയൊന്നുമേയില്ലാത്തൊരെന്നിലെ
എന്നെ വിളിച്ചുണര്‍ത്തും ഭവതിക്കൊരു
ലക്ഷം നമസ്‌കൃതിയോതാം ഞാനംബികേ.

1985 ജൂൺ 19 ബുധൻ

താടിയും മുടിയും നീട്ടിവളർത്തിയ ഒരു യുവാവു് ആശ്രമത്തിലെത്തി. അദ്ദേഹം ഒരു ബ്രഹ്മചാരിയെ സമീപിച്ചു താൻ ഒരു പത്ര ലേഖകനാണെന്നു സ്വയം പരിചയപ്പെടുത്തി. 
പത്രലേ: വള്ളിക്കാവിലമ്മയെക്കുറിച്ചു നല്ലതും ചീത്തയുമായി പലതും കേൾക്കാൻ ഇടയായി. എന്താണു യഥാർത്ഥത്തിൽ ഈ ആശ്രമത്തിൽ നടക്കുന്നതെന്നറിയാൻ വന്നതാണ്. ഒന്നുരണ്ടു് അന്തേവാസികളോടു സംസാരിച്ചു. എന്നാൽ ഒരു കാര്യം മാത്രം എനിക്കു മനസ്സിലാവുന്നില്ല.                   
ബ്രഹ്മ: എന്താണത്?
പത്രലേ: എങ്ങനെ നിങ്ങളെപ്പോലുള്ള അഭ്യസ്തവിദ്യർക്കു് ഒരു മനുഷ്യദൈവത്തിൽ ഇത്ര അന്ധമായി വിശ്വസിക്കാൻ കഴിയുന്നു? 
ബ്രഹ്മ: എന്താണു ദൈവമെന്നു പറഞ്ഞാൽ താങ്കൾ മനസ്സിലാക്കുന്നത്? നാലു കൈയും കിരീടവുമായി ആകാശത്തിനപ്പുറം ഒരു സ്വർഗ്ഗത്തിലിരിക്കുന്ന ആളെന്നാണോ? 
പത്രലേ: അങ്ങനെയല്ല. ഈശ്വരസങ്കല്പം ഓരോരുത്തർക്കും അവരവരുടെ രീതിയിലാണു. നമ്മൾ മഹത്തായി കരുതുന്ന ഗുണങ്ങളുടെ മൂർത്തിയായിട്ടാണു പൊതുവെ പലരും ഈശ്വരനെ ഭാവന ചെയ്യുന്നതു്. 
ബ്രഹ്മ: അപ്പോൾ ഈശ്വരീയഗുണങ്ങൾ ഒരു മനുഷ്യനിൽ പ്രകാശിക്കുന്നതു കണ്ടാൽ ആ വ്യക്തിയെ ഈശ്വരതുല്യം ആരാധിക്കുന്നതിലെന്താണു തെറ്റ്? അതല്ലെങ്കിൽപ്പിന്നെ മനുഷ്യൻ കൊത്തിയുണ്ടാക്കി മനുഷ്യൻ പ്രതിഷ്ഠിച്ചു പൂജിക്കുന്ന വിഗ്രഹത്തിലൊതുങ്ങുന്നതാണു് ഈശ്വരനെന്നു പറയേണ്ടിവരും.

മനുഷ്യൻ (ജീവാത്മാവു്) പരമാർത്ഥത്തിൽ ഈശ്വരൻതന്നെയാണെന്നും, നിരന്തരമായ അഭ്യാസത്തിലൂടെ അഹങ്കാരം (താൻ പരിമിതനാണെന്ന ബോധം) നശിക്കുമ്പോൾ തൻ്റെ ഈശ്വരത്വത്തെ അവൻ മനസ്സിലാക്കുന്നുവെന്നുമാണു ഭാരതീയ ആദ്ധ്യാത്മികശാസ്ത്രങ്ങൾ പറയുന്നത്. എങ്ങും വ്യാപ്തമായിരിക്കുന്ന ചൈതന്യത്തിനു് ഒരു വിഗ്രഹത്തിലൂടെ പ്രകാശിക്കാമെങ്കിൽ എന്തുകൊണ്ടു മനുഷ്യദേഹത്തിലൂടെ പ്രകാശിച്ചുകൂടാ?