ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

ഒരിക്കല്‍ ഒരു തീവണ്ടിയില്‍ സഞ്ചരിക്കവെ ഒരു വിദേശവനിതയില്‍നിന്നാണു ഞാന്‍ അമ്മയെക്കുറിച്ചു് അറിഞ്ഞതു്. അമ്മയുടെ സ്ഥാപനത്തില്‍ പഠിച്ച ഒരാള്‍ എൻ്റെ സ്നേഹിതനായിരുന്നു. അദ്ദേഹത്തോടു ഞാന്‍ അമ്മയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു് ഒരിക്കല്‍ ഞാന്‍ ആശ്രമത്തില്‍ പോയി.

അമ്മയുടെ പ്രാര്‍ത്ഥനായോഗത്തില്‍ ഞാന്‍ സംബന്ധിച്ചു. നടക്കാന്‍ വടി ആവശ്യമുള്ള ഞാന്‍ അമ്മയുടെ മുറിയിലേക്കു പോകുമ്പോള്‍ വളരെ സാവകാശമാണു നടന്നതു്. അമ്മ നല്ല വേഗം നടന്നു. കുറച്ചു നടന്നു കഴിയുമ്പോള്‍ അമ്മ അവിടെ നില്ക്കും; ഞാന്‍ എത്താന്‍. പിന്നെയും ഞങ്ങള്‍ രണ്ടുപേരുംകൂടി ഒന്നിച്ചു നടന്നു. പിന്നെയും ഞാന്‍ പിന്നിലായി. മൂന്നു വട്ടം അമ്മ എന്നെ തോല്പിച്ചു. ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ല. എന്നെ ഒരു സ്‍ത്രീയും തോല്പിച്ചിട്ടില്ല. ഞാന്‍ ഒരു സ്‍ത്രീയെയും തോല്‍പ്പിച്ചിട്ടുമില്ല. എനിക്കു വിഷമമായപ്പോള്‍ ഞാന്‍ പറഞ്ഞു, ”അമ്മയ്ക്കു തൊണ്ണൂറു വയസ്സാകുമ്പോള്‍ ഇതുപോലെയാണു നടക്കേണ്ടതെന്നു പഠിപ്പിക്കാന്‍ വന്നതാണു ഞാന്‍. അപ്പോള്‍ ഞാന്‍ അദ്ധ്യാപകനായി.” അമ്മ ചിരിച്ചിട്ടു പറഞ്ഞു, ”തിരുമേനി ഫലിതക്കാരനാണെന്നു ഞാന്‍ കേട്ടിട്ടുണ്ടു്.” അങ്ങനെയാണു് അമ്മയെ ആദ്യം കണ്ടതു്… പിന്നത്തെ പിറന്നാളിനു് എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ അന്നു കണ്ട ആളുകള്‍! അവരുടെ സ്നേഹം, അവരുടെ കരുതല്‍… അവര്‍ക്കു ലഭിക്കുന്ന കരുതല്‍. എല്ലാം എന്നെ അദ്ഭുതപ്പെടുത്തി.

അമ്മ ഈശ്വരകടാക്ഷം ധാരാളമുള്ള ഒരാളാണെന്നു് എനിക്കു മനസ്സിലായി. പിന്നെ ഞാന്‍ ചിലപ്പോഴൊക്കെ പോകും. അമ്മ എന്നോടു വളരെ സംസാരിച്ചു. ധാരാളം പുസ്തകങ്ങള്‍ ഞാന്‍ അമ്മയെക്കുറിച്ചു വായിച്ചു. ഓ. രാ ജഗോപാല്‍ എന്നോടു് ഒരിക്കല്‍ ചോദിച്ചു, ”വെറും നാലാം ക്ലാസ്സു വരെ മാത്രം പഠിച്ച ഒരു സ്‍ത്രീ ലോകപ്രസിദ്ധയാകുകയും ഐക്യരാഷ്ട്രസഭയിലും മറ്റും പോയി പ്രസംഗിക്കുകയും ചെയ്യണമെങ്കില്‍ എന്തെങ്കിലും ഒരു വലിയ കാര്യം അതിൻ്റെ പുറകിലില്ലയോ?” ഞാന്‍ ഉണ്ടെന്നു സമ്മതിച്ചു. അദ്ദേഹം പറഞ്ഞു. ”ഈശ്വരനെ മനുഷ്യനില്‍ കാണാന്‍ കഴിയുന്ന ഒരാളാണു് അമ്മ.” ഞാന്‍ അതിനെ എതിര്‍ത്തില്ല. അമ്മ ഇങ്ങനെയാണു്. അവിടെ വരുന്നവരോടൊക്കെ സംസാരിക്കും. അമ്മയോടു ഞാന്‍ കൂടുതല്‍ അടുത്തപ്പോള്‍ അമ്മ ചെയ്യുന്ന സേവനങ്ങളിലൊന്നു് ഒരു വലിയ ആശുപത്രിയാണെന്നു മനസ്സിലായി. ഒരിക്കല്‍ എൻ്റെ ഒരു സ്നേഹിതനായ മാത്യു ടി. തോമസ് അവിടെ അഡ്മിറ്റായി. അന്നു ഞാന്‍ അമ്മയുടെ ആശുപത്രിയില്‍ പോയി. ആ ആശുപത്രിയിലെ കാര്യങ്ങളെല്ലാം മാത്യു ടി. തോമസ്സു് എന്നോടു പറഞ്ഞു. ആ ആശുപത്രി സാധുക്കളെ നല്ലതായി കരുതുന്നു. അമ്മയെ കബളിപ്പിക്കാനാകില്ല. ഇതെനിക്കു മനസ്സിലായതെങ്ങനെയെന്നോ? ഒരു രോഗി എൻ്റെ അടുത്തു വന്നു രോഗത്തിനു സഹായം വേണമെന്നു പറഞ്ഞു.

”നിനക്കു് അമ്മയുടെ പേര്‍ക്കു് ഒരു എഴുത്തു തരാം. എനിക്കു ചെറിയ പരിചയമുണ്ടു്. അതു കൊണ്ടു് അമ്മ നിനക്കുള്ള സഹായം തരും.” ഞാന്‍ പറഞ്ഞു.
അവന്‍ പറഞ്ഞു.
”വേണ്ട!”
ഞാന്‍ ചോദിച്ചു ”അതെന്താ?”
”അമ്മയുടെ അടുക്കല്‍ ചെന്നാല്‍ ഉടനെ അമ്മ ഒരാളിനെ എൻ്റെ വീട്ടിലേക്കു് അയച്ചു് അന്വേഷിക്കും. സ്വത്തെല്ലാം കണ്ടു കഴിഞ്ഞാല്‍ പിന്നെ എനിക്കു സഹായം തരില്ല.” അപ്പോള്‍ ഞാന്‍ വിചാരിച്ചു. ”അമ്മ! സൂത്രക്കാരെക്കാള്‍ വലിയ സൂത്രം അറിയാവുന്ന ആളാണല്ലൊ!”
‘പണമല്ല… മനുഷ്യനാണു് അമ്മയുടെ വലിയ സമ്പത്തു്.’
അമ്മ താണനിലയില്‍നിന്നു് ഉയര്‍ന്നതായതുകൊണ്ടു് ഒരു സാധാരണക്കാരൻ്റെ ആവശ്യം സാധാരണക്കാരനെക്കാള്‍ ഭംഗിയായി അറിയാം. ഇതൊരു വലിയ സത്യമാണു്.

നമ്മളെ സഹായിക്കുകയല്ല; സഹായം കൂടാതെ ജീവിക്കാന്‍ തക്കവണ്ണം വളര്‍ത്തുകയാണു് അമ്മ ഇപ്പോള്‍ ചെയ്യുന്നതു്. ഈ വലിയ ദര്‍ശനമാണു് അമ്മയുടെ പ്രവര്‍ത്തനപരിപാടിയില്‍ ഞാന്‍ കണ്ടതു്. ആളുകളോടൊക്കെ അമ്മയ്ക്കു വലിയ സ്നേഹമാണു്. തിരുവല്ലയില്‍ അമ്മ വന്നപ്പോള്‍ ഞാന്‍ അവിടെപ്പോയിരുന്നു. ഒരു പ്രസംഗമൊക്കെ ഞാന്‍ പറഞ്ഞു. ഒന്‍പതുമണിയായപ്പോള്‍ പ്രസംഗമൊക്കെ കഴിഞ്ഞു് അമ്മ ദര്‍ശന പരിപാടി തുടങ്ങി; അവിടെ വന്ന എല്ലാവരെയും കെട്ടിപ്പിടിച്ചു. പിന്നീടു ഞാന്‍ കേട്ടതു പിറ്റേ ദിവസം രാവിലെ ഒന്‍പതു മണി വരെ അമ്മ ഭക്തരെ ആശ്ലേഷിച്ചു എന്നാണു്. ആളുകള്‍ അത്രയും നേരം കാത്തിരുന്നു.

ദൈവത്തെയും ദൈവത്തിൻ്റെ അനുഗ്രഹത്തെയുംപറ്റി ബോധമുള്ള സമൂഹമാണു മത്സ്യത്തൊഴിലാളികള്‍. അവിടെയാണു് അമ്മ ജനിച്ചു വളര്‍ന്നതു്. രണ്ടാമതായിട്ടു്… ‘കരയും കടലും കൂടിച്ചേരുന്നിട’ത്താണു് അമ്മ താമസിക്കുന്നതു്. നമ്മളെല്ലാവരും പിണക്കുന്നയിടത്താണു് താമസിക്കുന്നതു്. നമ്മള്‍ എപ്പോഴും ഭിന്നതയിലാണു്. അമ്മ യോജിപ്പിൻ്റെ വഴിയിലാണു്. അമ്മയുടെ പരിപാടികള്‍ക്കു പോകുമ്പോള്‍ രാഷ്ട്രീയക്കാരുണ്ടു്. സാംസ്‌കാരിക വിദഗ്ദ്ധരുണ്ടു്. വലിയ പണക്കാരുണ്ടു്. സാധുക്കളുണ്ടു്. പല മതക്കാരുണ്ടു്. ഇതിലെല്ലാം ചേരുകയും ഒന്നിലും ശരിയായി നില്ക്കുകയും ചെയ്യാത്ത ഞാനുമുണ്ടു്… ഇങ്ങനെ പല ആളുകള്‍ ഉണ്ടു്. അതായതു് ”ഒരു വലിയ യോജിപ്പിൻ്റെ സന്ദേശം ലോകത്തിനു കൊടുക്കുന്നു. മനുഷ്യനായിരിക്കുന്ന നിലയില്‍നിന്നു് അവനാകേണ്ട നിലയിലേക്കു് അവനെ കൊണ്ടു വരുന്നതിനുള്ള ദൈവികമായ അനുഗ്രഹവും കൃപയും അമ്മ പ്രാപിക്കുന്നു. അതുകൊണ്ടു ദൈവത്തിൻ്റെ ഒരു ദാനമായി അമ്മയെ ഞാന്‍ കരുതുന്നു.

‘നമ്മള്‍ മനുഷ്യനില്‍നിന്നു് അന്യനാകുകയാണെങ്കില്‍ ദൈവത്തിൻ്റെ അനുഗ്രഹം നഷ്ടപ്പെടും. മനുഷ്യരോടു ചേരുമ്പോള്‍ ദൈവം അനുഗ്രഹിക്കും.’ ആ വലിയ സത്യം ലോകത്തോടു സംസാരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരാളാണു് അമ്മ.

അമ്മ ഇന്നു ലോകം മുഴുവന്‍ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ ആളാണു്. നമ്മള്‍ വിചാരിക്കും വലിയ ഇംഗ്ലീഷ് പറഞ്ഞില്ലെങ്കില്‍ ഒന്നും പറ്റുകയില്ലെന്നു്. അമ്മ പറഞ്ഞു, ഇംഗ്ലീഷ് പറയണ്ട. സ്നേഹം ഉണ്ടായാല്‍ മതിയെന്നു്.

അമ്മ ആശ്ലേഷിക്കുമ്പോള്‍ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാല്‍… സ്നേഹത്തിൻ്റെ ഭാഷയില്‍ മനുഷ്യരോടു സംസാരിക്കുകയാണു്.

ഞങ്ങളുടെ മതത്തിൻ്റെ ഒരു ദൈവം സ്നേഹമാണു്. ഇപ്പോള്‍ അമ്മ പറയുന്നതു് ”ദൈവം സ്നേഹമാകുന്നു. ഞാന്‍ ദൈവത്തോടു കൂടെയാകുന്നു. ഞാനും സ്നേഹമാകുന്നു.”

ഇന്നു ഭിന്നിച്ചു ചിന്തിച്ചു മനുഷ്യനെ കൊലപാതകം ചെയ്യുന്ന ലോകത്തു സ്നേഹത്തിൻ്റെ ദൂതു ജീവിതത്തില്‍ക്കൂടി പ്രഖ്യാപിക്കുന്ന ഈ അമ്മ ലോകത്തിനു് അനുഗ്രഹമാണു്. അങ്ങനെ ദൈവം അമ്മയെ അനുഗ്രഹിച്ചിട്ടുണ്ടു്. തുടര്‍ന്നും അനുഗ്രഹിക്കട്ടെ. അമ്മയില്‍ക്കൂടെ നമ്മളെ ദൈവം ആശീര്‍വദിക്കട്ടെ.

ഇന്നത്തെ കുടുംബജീവിതത്തില്‍ പുരുഷന്‍ രണ്ടു് അധികം രണ്ടു് സമം നാലു് എന്നു പറയും. എന്നാല്‍, സ്‍ത്രീയെ സംബന്ധിച്ചിടത്തോളം രണ്ടു് അധികം രണ്ടു് സമം നാലു മാത്രമല്ല, എന്തുമാകാം. പുരുഷന്‍ ബുദ്ധിയിലും സ്‍ത്രീ മനസ്സിലുമാണു ജീവിക്കുന്നതു്. ഇതുകേട്ടു പെണ്‍മക്കള്‍ വിഷമിക്കണ്ട. പുരുഷന്മാരില്‍ സ്‍ത്രീത്വവും സ്‍ത്രീകളില്‍ പുരുഷത്വവുമുണ്ടു്.

പൊതുവായി പറഞ്ഞാല്‍ പുരുഷൻ്റെ തീരുമാനങ്ങള്‍ ഉറച്ചതാണു്. അതു സാഹചര്യങ്ങള്‍ക്കു സാധാരണ വഴങ്ങിക്കൊടുക്കാറില്ല. മുന്‍പ്രകൃതംവച്ചു് ഓരോ സാഹചര്യങ്ങളില്‍ ഒരു പുരുഷന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നു മുന്‍ കൂട്ടി നിശ്ചയിക്കുവാന്‍ സാധിക്കും. എന്നാല്‍ സ്‍ത്രീ അങ്ങനെയല്ല. സാഹചര്യങ്ങള്‍ക്കു മുന്നില്‍ വഴങ്ങിക്കൊടുക്കുന്ന ദുര്‍ബ്ബലപ്രകൃതമാണു സ്‍ത്രീയുടെതു്. അവരുടെതു കാരുണ്യത്തിൻ്റെ ഹൃദയമാണു്. സ്‍ത്രീകളുടെ ദുഃഖത്തിനു മുഖ്യകാരണവും ഈ മനസ്സലിയുന്ന പ്രകൃതമാണു്. അതുപോലെ ഓരോ സാഹചര്യത്തില്‍ സ്‍ത്രീമനസ്സു് എങ്ങനെ പ്രതികരിക്കുമെന്നു മുന്‍കൂട്ടി തീരുമാനിക്കുവാനും കഴിയില്ല.

ഈ ബുദ്ധിയും മനസ്സുംകൊണ്ടാണു നമ്മുടെ യാത്ര. അതു രണ്ടു് എതിര്‍ദിശകള്‍പോലെയാണു്. അതിനാല്‍ കുടുംബജീവിതത്തില്‍ പലപ്പോഴും ശാന്തിയും സമാധാനവും ലഭിക്കുന്നില്ല. ഈ ചേര്‍ച്ചയില്ലാത്ത മനസ്സിനെയും ബുദ്ധിയെയും താളലയത്തില്‍കൊണ്ടുവരുന്ന ബന്ധുവാണു് ആദ്ധ്യാത്മികത. ഇവയെ പരസ്പരം ഘടിപ്പിക്കുന്ന കണ്ണിയാണു് ആദ്ധ്യാത്മികത. ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കു് വേണ്ട സ്ഥാനം നല്കുമ്പോള്‍ മാത്രമേ അതു യഥാര്‍ത്ഥ ജീവിതമാകുന്നുള്ളൂ. സാധാരണയായി ബുദ്ധി മനസ്സിലേക്കു് ഇറങ്ങിവരാറില്ല. മനസ്സു് ബുദ്ധിയിലേക്കു് ഉയരാറുമില്ല. ഇങ്ങനെയാണു് ഇന്നു നമ്മുടെ കുടുംബജീവിതം മുന്നോട്ടു പോകുന്നതു്.

പല സ്‍ത്രീകളും അമ്മയോടു വന്നു പറയാറുണ്ടു്, ”അമ്മാ, ഞാന്‍ എൻ്റെ ഹൃദയത്തിൻ്റെ വേദനകളെല്ലാം ഭര്‍ത്താവിനോടു പറയും. അദ്ദേഹം ഒന്നു മൂളുകയല്ലാതെ തിരിച്ചു ശരിക്കുള്ള മറുപടി തരാറില്ല. അതിനാല്‍ അദ്ദേഹത്തിനു് എന്നോടു സ്നേഹമുണ്ടെന്ന കാര്യത്തില്‍ എനിക്കു് ഒരു വിശ്വാസവും വരുന്നില്ല.” ഉടനെ അമ്മ പുരുഷനോടു ചോദിച്ചു ”എന്താ മോനെ ഈ കേള്‍ക്കുന്നതു്. മോനു് ആ മോളോടു സ്നേഹമില്ലേ?” ഉടനെ പറയുകയാണു്, ”അങ്ങനെയല്ലമ്മേ, എനിക്കവളോടു നിറഞ്ഞ സ്നേഹമാണുള്ളതു്.” മക്കളേ, ഇതു കല്ലിനുള്ളിലെ തേന്‍പോലെയാണു്. അതിൻ്റെ മാധുര്യം നമുക്കു രുചിക്കാന്‍ കഴിയില്ല. മധുരം നുണയണമെങ്കില്‍ കൈയില്‍ കിട്ടണം. അതുപോലെ സ്നേഹം ഉള്ളില്‍വയേ്ക്കണ്ടതല്ല. അതു വേണ്ട സമയത്തു പ്രകടമാകണം.

ഭര്‍ത്താവിൻ്റെ ഉള്ളില്‍ സ്നേഹം ഇരുന്നതുകൊണ്ടു മാത്രം സ്‍ത്രീക്കു സന്തോഷമുണ്ടാകുന്നില്ലല്ലോ. പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്കു മക്കള്‍ സ്നേഹം ഉള്ളില്‍വച്ചുകൊണ്ടിരുന്നാല്‍ മാത്രം പോരാ. പുറമേക്കു്, വാക്കില്‍ക്കൂടിയും പ്രവൃത്തിയില്‍കൂടിയും പ്രകടിപ്പിക്കുകകൂടി വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി അമ്മ പറയുന്നതാണിതു്. അതില്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നതു ദാഹിച്ചു വലഞ്ഞുവരുന്ന ഒരുവൻ്റെ കൈയില്‍ ഐസുകട്ട വച്ചു കൊടുക്കുന്നതുപോലെയാണു്. ആ സമയത്തു് അവൻ്റെ ദാഹം ശമിപ്പിക്കുവാന്‍ അതുപകരിക്കില്ല. അതിനാല്‍ മക്കള്‍ അവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളുതുറന്നു സ്നേഹിക്കണം. അതു പരസ്പരം അറിയുവാന്‍ കഴിയണം.

അലന്‍ ലാംബ്

കഴിഞ്ഞ നവംബറില്‍ ഞാന്‍ അമ്മയോടു് അവസാനമായി ചോദിച്ച ചോദ്യം ഇതായിരുന്നു, ”അമ്മേ, ഞാനിനി എന്നാണു് അമ്മയെ കാണുക?”
അമ്മയുടെ മറുപടി എനിക്കു സ്വാമിജി തര്‍ജ്ജമ ചെയ്തു തന്നു, ”അമ്മ എപ്പോഴും മോളെ കണ്ടുകൊണ്ടിരിക്കയാണു്. മോളാണു് അമ്മയെ എല്ലായിടത്തും കാണാത്തതു്.” അമ്മയും സ്വാമിജിയും ഇതു പറഞ്ഞു ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും അവരുടെ കൂടെ ഞാനും ചിരിച്ചു. അമ്മ സര്‍വജ്ഞയാണു്, എല്ലായിടത്തും നിറഞ്ഞവളാണു്, പക്ഷേ, അമ്മേ, ഞാനങ്ങനെയല്ലല്ലോ എന്നു ഞാന്‍ ചിന്തിച്ചു.

വീട്ടില്‍ തിരിച്ചെത്തിയിട്ടും ‘അമ്മയെ എല്ലായിടത്തും കാണുക’ എന്നതിനെപ്പറ്റിയാണു ഞാന്‍ ചിന്തിച്ചിരുന്നതു്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അതു് എൻ്റെ മനസ്സില്‍നിന്നു പോയി, ഞാന്‍ മറ്റു കാര്യങ്ങളില്‍ മുഴുകി.

അമ്മയെ കണ്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഒരു ഹൈവേയിലൂടെ ”അമ്മ, അമ്മ, അമ്മ!” എന്നു് ഉറക്കെ പാടിക്കൊണ്ടു വണ്ടിയോടിച്ചു വരികയായിരുന്നു. ഒരു തിരിവെത്തിയപ്പോള്‍ അടുത്ത വരിയില്‍ എൻ്റെ മുന്നിലുള്ള കാറിൻ്റെ വിചിത്രമായ ലൈസന്‍സ് പ്ലെയ്റ്റ് എൻ്റെ കണ്ണില്‍ പെട്ടു, ‘അമ്മ’. (അമേരിക്കയിലും മറ്റും വ്യക്തികള്‍ക്കു് അനുവാദം വാങ്ങി ലൈസന്‍സ് പ്ലെയ്റ്റ് അലങ്കരിക്കുവാനുള്ള സൗകര്യമുണ്ടു്). ഒരു നിമിഷം എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു, കാറ് റോഡില്‍നിന്നും തെന്നിപ്പോയി! ഇത്രയുംകാലം അമ്മയുടെ ഭക്തയായിട്ടും ഇങ്ങനെ അലങ്കരിച്ച ലൈസന്‍സ് പ്ലെയ്റ്റ് ഞാനിതിനു മുന്‍പു കണ്ടിട്ടില്ല. എല്ലായിടത്തും അമ്മയെ കാണണം എന്നു് അമ്മ നിര്‍ദ്ദേശിച്ചതിനെക്കുറിച്ചു ഞാനപ്പോള്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങി. ആ കാറു് ആ സമയത്തു് എൻ്റെ മുന്നില്‍ വന്നുപെട്ടതിൻ്റെ പുറകില്‍ അമ്മയുടെ എന്തെങ്കിലും ലീലയുണ്ടോ? അമ്മയെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ആ കാറു് എൻ്റെ കണ്ണില്‍പ്പെട്ടതു വെറും യാദൃച്ഛികമാണെന്നു് എനിക്കു തോന്നിയില്ല. ഏതായാലും അമ്മയെ എല്ലായിടത്തും കാണാനുള്ള ശ്രമം ഉടന്‍ തുടങ്ങാന്‍തന്നെ ഞാന്‍ നിശ്ചയിച്ചു.

അടുത്ത ദിവസം, എനിക്കൊരു സൂപ്പര്‍മാര്‍ക്കറ്റിലേക്കു പോകേണ്ടിയിരുന്നു. മനസ്സില്‍, അമ്മ എന്നെ എപ്പോഴും കാണുന്നുണ്ടെന്നും ഞാനും അമ്മയെ എല്ലാത്തിലും കാണാന്‍ ശ്രമിക്കണമെന്നുമുള്ള ചിന്തയുമായാണു ഞാന്‍ നടന്നിരുന്നതു്. എൻ്റെ അരികിലായി നടന്നിരുന്ന ഒരു സ്‍ത്രീയെ ഞാന്‍ ശ്രദ്ധിച്ചു, തമാശയോടെ മനസ്സില്‍ ചോദിച്ചു, ”നിങ്ങള്‍ അമ്മയാണോ?” ”അതെ, നിങ്ങള്‍ അമ്മതന്നെയാണു്” എന്നു ഞാന്‍തന്നെ ഉത്തരവും പറഞ്ഞു. എൻ്റെ ചിന്തകളൊന്നും അറിയാതെ അവര്‍ മറ്റൊരു വശത്തേക്കു നടന്നുപോയി. ഞാന്‍ അവിടത്തെ കോഫിഷോപ്പിലേക്കും കയറി. ഒന്നോ രണ്ടോ മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ കാപ്പിക്കു കൂപ്പണ്‍ എടുക്കാന്‍ നില്ക്കുമ്പോള്‍ ഇതേ സ്‍ത്രീ അവരുടെ ക്രെഡിറ്റ് കാര്‍ഡുമായി കാപ്പിക്കു കൂപ്പണ്‍ എടുക്കാന്‍ വേണ്ടി എൻ്റെ മുന്നിലേക്കു് ഇടിച്ചു കയറി. ഞാന്‍ അദ്ഭുതപ്പെട്ടു പോയി. ഞാന്‍ ക്യൂവില്‍ കാത്തുനില്ക്കുകയായിരുന്നു.

സാധാരണയായി ആരും ക്യൂ തെറ്റിച്ചു് ഇടിച്ചു കയറാറില്ല. പക്ഷേ, അവര്‍ ‘അമ്മ’യായിപ്പോയില്ലേ. അതുകൊണ്ടു ഞാന്‍ ഒന്നും മിണ്ടാതെ കാത്തുനിന്നു. പക്ഷേ, അവരുടെ ക്രെഡിറ്റു കാര്‍ഡിനു് എന്തോ പ്രശ്‌നം. കാപ്പിയുടെ ബില്ലടയ്ക്കാനായി പണവുമില്ല. അവര്‍ ‘അമ്മ’യാണെന്നു ഞാന്‍ തീരുമാനിച്ച സ്ഥിതിക്കു് അവരുടെ ബില്ലടയ്ക്കാതെ എനിക്കെന്തു നിവൃത്തി? അവരുടെ കാപ്പിയുടെ 1.58 ഡോളര്‍ ഞാന്‍ കൊടുത്തു. പിന്നീടു് അവര്‍ അവരുടെ സുഹൃത്തിനോടു് ‘ഒരു അപരിചിത’ അവരുടെ കാപ്പിയുടെ പണം കൊടുത്തു എന്നു പറയുന്നതു ഞാന്‍ കേട്ടു. അമ്മയ്ക്കു ഞാന്‍ അപരിചിതയല്ലല്ലോ എന്നു ചിന്തിച്ചു ഞാന്‍ സ്വയം ചിരിച്ചു. എൻ്റെ മഹാമനസ്‌കതയ്ക്കു് ഉടന്‍ പ്രതിഫലവും കിട്ടി. മുറു മുറുപ്പൊന്നും കൂടാതെ മുന്നില്‍ കയറിയ സ്‍ത്രീയെ ഞാന്‍ സഹായിച്ചതിനു കൗണ്ടറിലിരുന്ന സ്‍ത്രീ എൻ്റെ കൈയില്‍നിന്നു ചായയ്ക്കു പണം വാങ്ങിയില്ല. അമ്മയെ എല്ലായിടത്തും കാണാന്‍ ശ്രമിക്കുന്നതു രസമുള്ള കാര്യമാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു.

അടുത്ത ദിവസം എനിക്കു് ഒഴിവായിരുന്നു. ഒറ്റയ്ക്കു ഞാന്‍ വീട്ടിലിരിക്കുന്നു. ഉച്ച കഴിഞ്ഞു മൂന്നു മണിയായിക്കാണും. അന്നു് ആരെയും അമ്മയായി കണ്ടില്ലല്ലോ എന്ന ചിന്ത ഒരു ഞൊടിയില്‍ എൻ്റെ മനസ്സില്‍ വന്നു. പെട്ടെന്നു ഫോണ്‍ അടിച്ചു. വിളിക്കുന്ന ആള്‍ ആരായാലും അമ്മയാണു് എന്നു തീരുമാനിച്ചു കൊണ്ടാണു ഞാന്‍ ഫോണ്‍ എടുത്തതു്. അമ്മ വളരെ രസകരമായിട്ടാണു പാഠങ്ങള്‍ പഠിപ്പിക്കുന്നതു്. ഒരു കമ്പനിക്കുവേണ്ടി ഞാന്‍ കുറച്ചു പുറംപണികള്‍ ചെയ്യുന്നുണ്ടായിരുന്നു. ആ കമ്പനിയിലെ ഒരു ജോലിക്കാരിയാണു വിളിച്ചതു്, ‘റീത്ത’. ഓരോരുത്തരെ വിളിച്ചു ജോലി വൈകുന്നതിനെപ്പറ്റി പറഞ്ഞു ശല്യം ചെയ്യുകയാണു റീത്തയുടെ പണി. എപ്പോഴും ഫോണ്‍ വിളിച്ചു്, ആവശ്യത്തിലധികം വിനയം അഭിനയിച്ചു്, നിര്‍ത്താതെ സംസാരിച്ചു ശല്യം ചെയ്യുന്ന റീത്തയെ കുറച്ചൊരു അമര്‍ഷത്തോടെയാണു ഞാന്‍ കണ്ടിരുന്നതു്.

പക്ഷേ, എന്തു ചെയ്യാം? റീത്ത അമ്മയാണെന്നു ഞാന്‍ സങ്കല്പിച്ചു പോയി. റീത്തയോടുള്ള എൻ്റെ മനഃസ്ഥിതി മാറ്റിയേ പറ്റൂ. മാത്രമല്ല, ചെയ്യാനുള്ള ജോലികളൊക്കെ വേഗം ചെയ്തു തീര്‍ക്കുകയും വേണം. ഇതിനു മുന്‍പൊക്കെ റീത്തയുടെ ഫോണ്‍ വന്നാലും, ‘എനിക്കു സമയം കിട്ടുമ്പോള്‍ ചെയ്യാം’ എന്നു ചിന്തിച്ചു ചെയ്യേണ്ട ജോലികള്‍ ഞാന്‍ പിന്നെയും നീട്ടി വയ്ക്കാറുണ്ടു്. എന്നാല്‍ ഇപ്പോഴിതു് അടിയന്തിരമായി തീര്‍ക്കേണ്ട ജോലിയായി. പേപ്പര്‍പണിയൊക്കെ
വേഗം തീര്‍ത്തു ഫാക്‌സ് ചെയ്തു കഴിഞ്ഞപ്പോള്‍ എൻ്റെ മനസ്സിനു വലിയ ശാന്തിയും സമാധാനവും തോന്നി. റീത്തയെ അമ്മയായി കണ്ടപ്പോള്‍ എൻ്റെ മനസ്സിൻ്റെ ആയാസം കുറഞ്ഞു എന്നു ഞാന്‍ അദ്ഭുതത്തോടെ മനസ്സിലാക്കി.

ആ ഫോണ്‍വിളിക്കു ശേഷം എനിക്കു ചെയ്യാനുള്ള ജോലിയെക്കുറിച്ചോ റീത്തയെക്കുറിച്ചോ ഞാന്‍ മോശമായി ചിന്തിച്ചിട്ടില്ല. ഒരു ദിവസംപോലും എൻ്റെ പണികള്‍ വൈകിച്ചിട്ടുമില്ല. ആശ്ചര്യം തന്നെ, ഒരു ചെറിയ അസഹ്യത മാറ്റിയപ്പോഴേക്കും എൻ്റെ ജീവിതംതന്നെ എത്ര മെച്ചപ്പെട്ടു! ശല്യപ്പെടുത്തുന്ന ഫോണ്‍ വിളികള്‍ക്കു കാത്തുനില്ക്കാതെ എൻ്റെ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതില്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതിലും വലിയ അനുഗ്രഹം, എൻ്റെ മനസ്സില്‍ വളരാന്‍ തുടങ്ങിയ വിനയമാണു്. ആരോടെങ്കിലും അമ്മയാണെന്നു കരുതി സംസാരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ താഴ്ന്നുപോകും. എല്ലാവരോടും ഇങ്ങനെ വിനയത്തോടെ പെരുമാറണം, അതിനുവേണ്ടിയായി എൻ്റെ അടുത്ത ശ്രമം. മറ്റുള്ളവരെയൊക്കെ ഈശ്വരനായി കാണുമ്പോള്‍ നമ്മുടെ ജീവിതത്തിൻ്റെ മേന്മ വര്‍ദ്ധിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. അമ്മയുടെ അനുഗ്രഹംകൊണ്ടുതന്നെയാണു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാനിതു മനസ്സിലാക്കിയതു്.

ജീവിതത്തിലെ ഏതു് അനുഭവവും അമ്മയില്‍നിന്നു് വരുന്നതായി കണ്ടു സ്വീകരിക്കുന്നതു് എൻ്റെ സാധനയുടെ ഒരു ഭാഗമായിരുന്നു. അങ്ങനെയുള്ള സമയത്തു് എനിക്കു തീരെ പ്രതീക്ഷിക്കാതെ ഒരു കയ്‌പ്പേറിയ അനുഭവമുണ്ടായി. ഒരു പൊതുവേദിയില്‍ ആരോ എന്നെ കഠിനമായി കുറ്റപ്പെടുത്തി സംസാരിച്ചു. എനിക്കു വല്ലാത്ത വേദനയും ദുഃഖവും തോന്നി. പിന്നെ ഞാന്‍ ചിന്തിച്ചു, എല്ലാം അമ്മയില്‍നിന്നാണു വരുന്നതു് എങ്കില്‍ ഈ കുറ്റപ്പെടുത്തലും അമ്മയില്‍നിന്നാണു വരുന്നതു്. എനിക്കു് അമ്മയോടു് അടങ്ങാത്ത കോപം വരാന്‍ തുടങ്ങി. അമ്മ എന്നെ കുറ്റപ്പെടുത്തുന്നു എന്നതിനര്‍ത്ഥം അമ്മയ്ക്കു് എന്നെ ഇഷ്ടമില്ല എന്നാണു്. അമ്മയ്ക്കു് എന്നെ ഇഷ്ടമില്ലെങ്കില്‍ എനിക്കു് അമ്മയെയും ഇഷ്ടമില്ല, ഞാന്‍ തീരുമാനിച്ചു. മനസ്സു് എത്ര പെട്ടെന്നാണു ക്ഷോഭിക്കുന്നതു്! ഇങ്ങനെ അമ്മയെക്കുറിച്ചു മോശമായി ചിന്തിച്ചു മനസ്സു് കലുഷമാക്കിയാണു ഞാന്‍ ഉറങ്ങാന്‍ കിടന്നതു്.

വളരെ അപ്രതീക്ഷവും മനോഹരവുമായ ഒരു അനുഭവത്തോടെയാണു ഞാന്‍ പിറ്റേദിവസം ഉറക്കമുണര്‍ന്നതു്. അന്നു രാത്രി അമ്മ എൻ്റെ അടുത്തു വന്നു പ്രേമത്തിൻ്റെ തിളങ്ങുന്ന ഒരു മഞ്ഞു തുള്ളി എനിക്കു സമ്മാനിച്ചതു പോലെയാണു് എനിക്കു തോന്നിയതു്. അമ്മയ്ക്കു് എന്നോടു (മാത്രമല്ല, ഈ ലോകത്തില്‍ ആരോടും) സ്നേഹം മാത്രമേയുള്ളൂ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ഈ പ്രേമം മാത്രമേ സത്യമായിട്ടുള്ളൂ. ലോകം ചെയ്യുന്നതുപോലെ അമ്മ ആരെയും ന്യായവും അന്യായവും നോക്കി വിധി കല്പിക്കാറില്ല. ഈ പ്രേമം നമുക്കില്ലെങ്കില്‍ നാം മറ്റുള്ളവരെ വിമര്‍ശിക്കും അവരുടെ വിമര്‍ശനം കേള്‍ക്കേണ്ടിയും വരും. നമ്മുക്കു തെറ്റു പറ്റിപ്പോകും.

അമ്മ നല്കിയ ഈ അറിവു ഞാന്‍ എത്രയോ പ്രാവശ്യം മറന്നു പോയി, എത്രയോ പ്രാവശ്യം വിലവയ്ക്കാതിരുന്നു. പിന്നീടു് എത്രയോ പ്രാവശ്യം അതോര്‍ത്തു ഞാന്‍ പശ്ചാത്തപിച്ചു. പ്രേമം മാത്രമേ സത്യമായുള്ളൂ എന്ന ഈ അറിവു് അമ്മയുടെ മക്കളില്‍ നിരന്തരം നിലനില്ക്കണേ എന്നാണു് എൻ്റെ പ്രാര്‍ത്ഥന. എല്ലായിടത്തും എപ്പോഴും അമ്മയെ കാണാനുള്ള വിനയവും പ്രേമവും ഞങ്ങള്‍ക്കുണ്ടാകണേ!
•വിവ: പത്മജ ഗോപകുമാര്‍

മേലത്ത് ചന്ദ്രശേഖരൻ

എത്രയായ് കാലം, നീയമ്മയെക്കാണാത്ത-
തെന്നു ചോദിക്കുന്നുദയകിരണങ്ങള്‍.
അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ-
യെന്നു ചോദിക്കുന്നിളംവെയില്‍നാളങ്ങള്‍.

അമ്മയോടൊന്നുരിയാടാതിരിക്കുന്ന-
തെങ്ങനെയെന്നു ചോദിപ്പൂ കിളിമകള്‍.
അമ്മതന്‍ വീട്ടിലേക്കെന്തു നീ പോവാത്ത-
തെന്നു കലമ്പുന്നു കാറ്റും വെളിച്ചവും.

മണ്ണു ചോദിക്കുന്നു വിണ്ണു ചോദിക്കുന്നു:
അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ?
കാടു ചോദിപ്പൂ, കടലു ചോദിപ്പൂ, നീ
കാണാതിരിക്കുന്നതെങ്ങനെയമ്മയെ?

ഒന്നു ചിരിച്ചു മൊഴിഞ്ഞു ഞാനിങ്ങനെ:
നമ്മളീ വിശ്വപ്രകൃതിതന്‍ മക്കളാം
നമ്മളിരിക്കുമിരിപ്പിടമോര്‍ക്കണ-
മമ്മതാന്‍ തീര്‍ത്ത മടിത്തടമല്ലയോ?

ആകയാല്‍ സോദരര്‍ നാമിരിക്കുന്നതീ-
യേകനീഡത്തിലമൃതമാ,ണാനന്ദ-
മാ,ണമ്മ നീട്ടുന്ന പൂവും പ്രസാദവും,
പ്രാണനും പ്രാണനാം സഞ്ജീവനൗഷധം

നോക്കൂ നിശാഗന്ധി പൂക്കുന്നിരുള്‍ഗ്രന്ഥി
നീക്കുന്നു, നാളെ പ്രഭാതം വരു,മല്ലേ?
നമ്മളറിഞ്ഞാലുമില്ലായ്കിലു,മമ്മ
നമ്മെയറിയുന്നിതോരോരോ മാത്രയും.

അമ്മയുടെ സംഭാഷണം സശ്രദ്ധം ശ്രവിച്ചുകൊണ്ടു് ഒരു യുവാവു ധ്യാനമുറിയുടെ വാതിലിനോടു ചേർന്നിരിക്കുന്നു. അദ്ദേഹം ഋഷീകേശത്തുനിന്നും വന്നതാണ്. അവിടെ ഒരു ആശ്രമത്തിൽ കഴിഞ്ഞ നാലു വർഷമായി താമസിക്കുന്നു. എം.എ. ബിരുദധാരി. കഴിഞ്ഞമാസം ദൽഹിയിൽ വന്നപ്പോൾ ഒരു സുഹൃത്തിൽനിന്നും അമ്മയെക്കുറിച്ചറിഞ്ഞു. ഇപ്പോൾ അമ്മയെക്കാണുന്നതിനുവേണ്ടി ആശ്രമത്തിൽ എത്തിയതാണ്. രണ്ടു ദിവസമായി ആശ്രമത്തിൽ താമസിക്കുന്നു.

യുവാവ്: അമ്മേ, ഞാൻ മൂന്നു നാലു വർഷമായി സാധന ചെയ്യുന്നു. പക്ഷേ, നിരാശമാത്രം. ഈശ്വരലാഭം നേടാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ ആകെ തളരുന്നു.

അമ്മ: മോനേ, ഈശ്വരനെ ലഭിക്കാൻ ഏതു രീതിയിലുള്ള വൈരാഗ്യം വേണമെന്നറിയാമോ? വീടിനുള്ളിൽക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു. പെട്ടെന്നു ചൂടുകൊണ്ടു ഞെട്ടിയുണർന്നു. നോക്കുമ്പോൾ ചുറ്റും തീ ആളിപ്പടരുന്നു. വീടു മുഴുവൻ കത്തിയെരിയുകയാണ്. ആ സമയം തീയിൽനിന്നും രക്ഷ നേടുന്നതിനായി ഒരു പരാക്രമം കാട്ടാറില്ലേ. മരണത്തെ മുന്നിൽക്കാണുന്ന ആ സമയത്തു രക്ഷയ്ക്കുവേണ്ടി എങ്ങനെ വിളിവയ്ക്കുമോ അതുപോലെ ഈശ്വരദർശനത്തിനായി കേഴണം. നിലയില്ലാത്ത വെള്ളത്തിലകപ്പെട്ട നീന്തലറിയാത്തവൻ ഒരു ശ്വാസം ലഭിക്കുന്നതിനുവേണ്ടി എങ്ങനെ സാഹസപ്പെടുന്നുവോ, അതുപോലെ പരമാത്മാവിങ്കൽ ലയിക്കുവാൻ ആവേശമുള്ളവനായിരിക്കണം. ഭഗവാനെ കാണാത്തതിലുള്ള വ്യഥ ഓരോ നിമിഷവും ഉണ്ടായിരിക്കണം. ഹൃദയം സദാ നൊന്തുപിടയണം.

ഒന്നു നിർത്തിയതിനു ശേഷം അമ്മ തുടർന്നു, ”മോനേ, ആശ്രമത്തിൽ താമസിച്ചു എന്നതുകൊണ്ടുമാത്രം ഈശ്വരനെ കിട്ടുകയില്ല. തീവ്രവൈരാഗ്യത്തോടെ സാധന ചെയ്യണം. ഈശ്വരനെയല്ലാതെ മറ്റു യാതൊന്നും വേണ്ട, ഈ ഒരു ഭാവം വരണം. പനി ബാധിച്ചവനു മധുരവും കയ്പായിത്തോന്നും. അതുപോലെ ഈശ്വരപ്രേമമാകുന്ന പനി ബാധിച്ചു കഴിഞ്ഞാൽപ്പിന്നെ, മറ്റൊന്നിലേക്കും മനസ്സുപോകില്ല. ഈശ്വരരൂപമല്ലാതെ മറ്റു യാതൊന്നും കാണുവാൻ കണ്ണിഷ്ടപ്പെടില്ല. ഈശ്വരനാമത്തിനുവേണ്ടി കാതുകൊതിക്കും. മറ്റെന്തു ശബ്ദവും അരോചകമായിത്തോന്നും; കാതുപൊള്ളും. വെള്ളത്തിൽനിന്നും കരയ്ക്കിട്ട മീനിനെപ്പോലെ, ഈശ്വരനിൽ എത്തുന്നതുവരെ മനസ്സു് പിടഞ്ഞു കൊണ്ടിരിക്കും.”

അമ്മ കണ്ണുകൾ അടച്ചു ധ്യാനമഗ്നയായി നിലകൊണ്ടു. എല്ലാവരും നിർന്നിമേഷരായി അമ്മയെ നോക്കിയിരിക്കുന്നു.

ഏതാനും മിനിറ്റുകൾ കഴിഞ്ഞ് അമ്മ എഴുന്നേറ്റു. ധ്യാനമുറിയുടെ വരാന്തയിൽക്കൂടി തെക്കുഭാഗത്തേക്കു നടന്നു. കുടിവെള്ളം ശേഖരിക്കുന്നതിനുള്ള ടാങ്ക് ധ്യാനമുറിയുടെ തെക്കുവശത്തെ ചുമരിൽനിന്നും രണ്ടടി വിട്ടു സ്ഥിതിചെയ്യുന്നു. അതിനിടയിൽക്കൂടി ഒരാൾക്കു നടന്നു പോകാം. ശുദ്ധജലം ഈ ടാങ്കിൽ ശേഖരിച്ചതിനുശേഷം മുകളിലുള്ള ടാങ്കിലേക്കു പമ്പു ചെയ്യും. അവിടെനിന്നു് എല്ലാ പൈപ്പുകളിലും എത്തും.
അമ്മ ടാങ്കിൻ്റെ ഉൾവശം ശ്രദ്ധിച്ചു. ”മക്കളേ, അകത്തു പായലു പിടിച്ചുതുടങ്ങി. ഉടനെ കഴുകണം.” അടുത്തുനിന്നിരുന്ന ബ്രഹ്മചാരികളോടു അമ്മ നിർദ്ദേശിച്ചു. പിന്നീടു് ഭക്തർക്കു ദർശനം നല്കുന്നതിനായി കുടിലിലേക്കു പോയി.