ലോകാരംഭകാലം മുതൽ ഭൂമിയിൽ സംഘർഷമുണ്ടു്. അതു പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ലെന്നു പറഞ്ഞാൽ, മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണു്. എങ്കിലും, സത്യം അതല്ലേ! കാരണം, നല്ലതും ചീത്തയും ലോകത്തിൽ എന്നുമുണ്ടു്. നന്മയെ സ്വീകരിക്കാനും തിന്മയെ തിരസ്‌കരിക്കാനുമുള്ള ശ്രമത്തിനിടയിൽ സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.
അത്തരം സംഘർഷങ്ങൾ ആഭ്യന്തരലഹളകളായും യുദ്ധമായും സമരമായും ഒക്കെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ടു്. എന്നാൽ, അവയെല്ലാം ചില വ്യക്തികളുടെയും വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നു പറയാൻ സാധിക്കില്ല. അത്തരം സംഘർഷങ്ങളിൽ അപൂർവ്വം ചിലതെങ്കിലും, ഒരു രാജ്യത്തിൻ്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുവായ വികാരം മാനിച്ചു്, മഹത്തായ ചില ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടിയായിരുന്നു. നിർഭാഗ്യവശാൽ, മനുഷ്യൻ നടത്തിയിട്ടുള്ള ഒട്ടുമിക്ക യുദ്ധങ്ങളും സത്യത്തിനും നീതിക്കും നിരക്കാത്തവയായിരുന്നു. അത്യന്തം സ്വാർത്ഥത നിറഞ്ഞ ലക്ഷ്യങ്ങളായിരുന്നു അവയുടെയെല്ലാം പിന്നിലുണ്ടായിരുന്നതു്.
ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുൻപു മുതൽ, മൗര്യസാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ്റെ കാലഘട്ടം വരെ, ഭാരതത്തിൽ നടന്നിട്ടുള്ള യുദ്ധങ്ങളിൽ സത്യത്തിനും ധർമ്മത്തിനും വലിയ സ്ഥാനമുണ്ടായിരുന്നതായി കാണാം. അക്കാലത്തു് ഒരു മഹായുദ്ധമുണ്ടായാൽ, അന്നും ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക, വേണ്ടിവന്നാൽ നശിപ്പിക്കുക എന്നതൊക്കെ യുദ്ധത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ, യുദ്ധക്കളത്തിലും യുദ്ധമുറയിലും വ്യക്തവും നീതിനിഷ്ഠവുമായ നിയമങ്ങളുണ്ടായിരുന്നു.
ഉദാഹരണത്തിനു്, കാലാൾപ്പട മറുപക്ഷത്തെ കാലാൾപ്പടയിലെ ഭടന്മാരുമായി മാത്രമേ പൊരുതാൻ പാടുള്ളൂ. ആന, കുതിര, രഥം എന്നിവയിൽ സഞ്ചരിച്ചിരുന്ന ഭടന്മാരുടെ കാര്യവും അതുപോലെയാണു്. ഗദ, വാൾ, കുന്തം, അമ്പും വില്ലും എന്നീ ആയുധങ്ങളേന്തി യുദ്ധം ചെയ്യുന്നവരും ഇതേ നിയമം പാലിക്കണം. യുദ്ധത്തിൽ മുറിവേല്ക്കുകയോ നിരായുധനാവുകയോ ചെയ്യുന്ന ഭടനെ ആക്രമിക്കാൻ പാടില്ല. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധജനങ്ങൾ എന്നിവരെ ഉപദ്രവിക്കരുതു്. സൂര്യോദയത്തിൽ ശംഖനാദം മുഴക്കി യുദ്ധമാരംഭിക്കും. സൂര്യാസ്തമയം ആയാൽ നിർത്തും. വീണ്ടും രാവിലെ യുദ്ധം ആരംഭിക്കും.
യുദ്ധം ജയിച്ച രാജാവു്, ശത്രുപക്ഷത്തുനിന്നു താൻ പിടിച്ചെടുത്ത രാജ്യവും സമ്പത്തും കീഴടങ്ങിയ രാജാവിനോ അദ്ദേഹത്തിൻ്റെ അനന്തരാവകാശികൾക്കോ സന്തോഷത്തോടെ മടക്കിക്കൊടുത്ത ചരിത്രവുമുണ്ടു്. ഇതായിരുന്നു ധർമ്മയുദ്ധത്തിൻ്റെ പൊതുവായ സ്വഭാവം. യുദ്ധക്കളത്തിലും യുദ്ധാനന്തരവും ശത്രുവിനെ ആദരവോടും ദയയോടും പരിഗണിക്കുന്ന മഹത്തായൊരു പാരമ്പര്യം. ശത്രുരാജ്യത്തിലെ ജനങ്ങളുടെ വികാരവും അവരുടെ സംസ്‌കാരവും മാനിക്കുന്ന ധീരമായ കാഴ്ചപ്പാടായിരുന്നു അന്നുണ്ടായിരുന്നതു്.
ഇന്നു് ഭീകരാക്രമണം തടയാൻ സുരക്ഷാസ്ഥാപനങ്ങളിലെയും വിമാനത്താവളങ്ങളിലെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ടു്. അങ്ങനെയുള്ള നടപടികൾ അത്യാവശ്യംതന്നെ. എന്നാലതു മാത്രം അതിനു ശാശ്വതപരിഹാരമാകുന്നില്ല. പക്ഷേ ഏറ്റവും വിനാശകാരിയായ മറ്റൊരു സ്‌ഫോടകവസ്തുവുണ്ടു്. അതിനെ കണ്ടെത്താൻ കഴിയുന്ന യന്ത്രങ്ങളിന്നില്ല. അതു മനുഷ്യമനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണു്.
പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്കു മക്കള്‍ സ്നേഹം ഉള്ളില്‍വച്ചുകൊണ്ടിരുന്നാല്‍ മാത്രം പോരാ. പുറമേക്കു്, വാക്കില്‍ക്കൂടിയും പ്രവൃത്തിയില്‍കൂടിയും പ്രകടിപ്പിക്കുകകൂടി വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി അമ്മ പറയുന്നതാണിതു്. അതില്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നതു ദാഹിച്ചു വലഞ്ഞുവരുന്ന ഒരുവൻ്റെ കൈയില്‍ ഐസുകട്ട വച്ചു കൊടുക്കുന്നതുപോലെയാണു്. ആ സമയത്തു് അവൻ്റെ ദാഹം ശമിപ്പിക്കുവാന്‍ അതുപകരിക്കില്ല. അതിനാല്‍ മക്കള്‍ അവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളുതുറന്നു സ്നേഹിക്കണം. അതു പരസ്പരം അറിയുവാന്‍ കഴിയണം.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കുടുംബത്തില്‍ ഭാര്യയ്ക്കു മൃഗങ്ങളെ വളരെ ഇഷ്ടമാണു്. ഒരിക്കല്‍ അവര്‍ ഒരു മൃഗശാല കാണുവാന്‍ പോയി. അവിടെ ഒരു കുരങ്ങനെ കണ്ടപ്പോള്‍ ഭാര്യയ്ക്കു് അതിനെ വാങ്ങിയാല്‍ കൊള്ളാമെന്നു വലിയ ആഗ്രഹം. ഭര്‍ത്താവിനോടു് അനുവാദം ചോദിച്ചു. പക്ഷേ, ഭര്‍ത്താവു സമ്മതിച്ചില്ല. ഭാര്യയ്ക്കു തിരിച്ചുവന്നിട്ടും കുരങ്ങിനോടുള്ള സ്നേഹം വിട്ടകലുന്നില്ല. ഒരു ദിവസം ഭര്‍ത്താവു വീട്ടിലില്ലാത്തനേരം അവര്‍ ആ കുരങ്ങനെ വാങ്ങിക്കൊണ്ടുവന്നു. ഭര്‍ത്താവു തിരിയെ വന്നപ്പോള്‍ കുരങ്ങനെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്നു.
ഭര്‍ത്താവു ചോദിച്ചു, ”നീ എന്താണു് ഈ കാട്ടിക്കൂട്ടിയിരിക്കുന്നതു്”. ”ഞാനതിനെ അങ്ങു വാങ്ങിപ്പോയി” ഭാര്യ പറഞ്ഞു. ”ആട്ടെ നീ ഇതിനു് എന്തു തിന്നാന്‍ കൊടുക്കും?” ”നമ്മള്‍ കഴിക്കുന്നതിൻ്റെ ഒരു പങ്കു കൊടുക്കും.” ”നീ ഇതിനെ എവിടെ കിടത്തും?” ”നമ്മുടെ കട്ടിലില്‍ കിടത്തും.” ”അയ്യോ, അതിനെന്തു നാറ്റമായിരിക്കും.” ”അതിനെന്താ ഇരുപതു വര്‍ഷം ഞാന്‍ നിങ്ങളുടെ നാറ്റം അനുഭവിച്ചില്ലേ, ഇനി ഈ കുരങ്ങിൻ്റെതു കൂടി അനുഭവിക്കട്ടെ.”
ഇതിൻ്റെ അര്‍ത്ഥമെന്തെന്നാല്‍ ഭൗതികജീവിതം തൊലിപ്പുറമെയുള്ള സ്നേഹം മാത്രമാണു്. ഇന്നു നമ്മുടെതു്, പരസ്പരം അറിഞ്ഞുള്ള സ്നേഹമല്ല. ഹൃദയങ്ങള്‍ പരസ്പരം അറിയുന്നില്ല. ഭാര്യയ്ക്കു ഭര്‍ത്താവിൻ്റെ ഹൃദയം അറിയില്ല. ഭര്‍ത്താവിനു ഭാര്യയുടെ ഹൃദയം അറിയില്ല. ആരും വിട്ടുവീഴ്ചയ്ക്കു തയ്യാറുമല്ല. ഈ രീതിയിലൊരു ജീവിതമാണു മുന്നോട്ടുപോകുന്നതു്. അങ്ങനെയുള്ള ജീവിതത്തില്‍ എങ്ങനെ ശാന്തി അനുഭവിക്കുവാന്‍ കഴിയും? എന്നാല്‍ ആദ്ധ്യാത്മികത മനസ്സിലാക്കുന്നതിലൂടെ നമ്മള്‍ പരസ്പരം അറിയുവാനും വിട്ടുവീഴ്ച ചെയ്യുവാനും തയ്യാറാകുന്നു. പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതാണു ജീവിതത്തിലെ എല്ലാ തകര്‍ച്ചകള്‍ക്കും കാരണം.
ഒരാളിനു ജീവിതത്തില്‍ യഥാര്‍ത്ഥസ്നേഹം ആദ്യം ലഭിക്കുന്നതു് അമ്മയില്‍നിന്നുമാണു്. ഒരമ്മയ്ക്കു പിഞ്ചുകുഞ്ഞിനോടുള്ള സ്നേഹത്തില്‍ കളങ്കം കാണുവാന്‍ കഴിയില്ല. യാതൊരു പ്രതീക്ഷയുമില്ലാത്ത സ്നേഹമാണതു്. അമ്മയുടെ ഈ സ്നേഹം കൊച്ചുകുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കു് വളരെ ആവശ്യമാണു്. പാശ്ചാത്യരാജ്യങ്ങള്‍ ബുദ്ധിജീവികളുടെ നാടാണെന്നു പറയുമെങ്കിലും അവിടെ മാനസികരോഗികളും ധാരാളമുണ്ടു്. അതിനു കാരണം ഈ സ്നേഹത്തിൻ്റെ അഭാവമാണു്. കാറില്‍ പെട്രോള്‍ ഉണ്ടെങ്കിലും അതു സ്റ്റാര്‍ട്ടാകണമെങ്കില്‍ ബാറ്ററി വേണം. അതുപോലെ, പെറ്റമ്മയില്‍ നിന്നും ലഭിക്കുന്ന സ്നേഹമാണു്, നമ്മുടെ ജീവിതത്തിൻ്റെ ഫൗണ്ടേഷന്‍.
മറ്റുള്ളവരുടെ സ്നേഹം സ്നേഹമല്ലേ എന്നു ചോദിക്കാം. അതും സ്നേഹംതന്നെ. പക്ഷേ, അതിൻ്റെ പിന്നില്‍ എപ്പോഴും ഒരു പ്രതീക്ഷയുണ്ടു്. ഭാര്യ ഒരു തെറ്റു ചെയ്താല്‍ ഭര്‍ത്താവു് ഉപേക്ഷിക്കാറുണ്ടു്. ഭര്‍ത്താവിനു് ഒരു പിഴ സംഭവിച്ചാല്‍ ഭാര്യ വിട്ടുപോകാറുണ്ടു്. ഈ സ്നേഹം ചെറിയ തെറ്റിനു മുന്‍പില്‍പോലും വിട്ടുപിരിയുന്നതാണു്. ഇതു മൃഗമനസ്സുകളുടെ സ്വഭാവമാണു്. പശുവിനെ സ്നേഹിക്കുന്നതു പാലിനു വേണ്ടിയാണു്. പാലു ലഭിക്കുന്നതു്, ഒന്നു നില്ക്കട്ടെ കുറച്ചുനാളുകൂടി വീട്ടില്‍ നിര്‍ത്തിയെന്നു വരാം. പിന്നീടതിനെ ഇറച്ചിക്കാരനു വില്ക്കും. ഇതുപോലെയാണു ലോകത്തില്‍ ഇന്നു സ്നേഹം. അതിനെ യഥാര്‍ത്ഥ സ്നേഹമെന്നു പറയുവാന്‍ അമ്മയ്ക്കു കഴിയില്ല.
ഈ മൃഗീയമനസ്സിനെ ഈശ്വരത്വത്തിലേക്കു് ഉയര്‍ത്തുന്നതാണു് ആദ്ധ്യാത്മികത. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വേര്‍പിരിയാറുണ്ടെങ്കിലും ഒരു തള്ള തൻ്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറാകില്ല; തൊണ്ണൂറുശതമാനം തള്ളമാരും. ഒരു കുട്ടിക്കു തൻ്റെ ചെറുപ്പത്തില്‍ അമ്മയില്‍നിന്നും ലഭിക്കുന്ന സ്നേഹമാണു് അതിനു ലോകത്തിൻ്റെ സ്നേഹം സ്വീകരിക്കുവാനും തന്നിലുള്ള സ്നേഹത്തെ മറ്റുള്ളവര്‍ക്കു നല്കുവാനും ശക്തി പകരുന്നതു്. മാതാവില്‍നിന്നും കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന സ്നേഹം നഷ്ടമായാല്‍, അതു് ആ കുഞ്ഞിൻ്റെയും രാജ്യത്തിൻ്റെയും നാശത്തിനു കാരണമാകും എന്നു മക്കള്‍ ഓര്‍ക്കണം.
1989ല്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഒരു ഡോക്ടറായിരുന്നു ഞാന്‍. ലോകത്തിലെ എല്ലാ ഭൗതികസുഖങ്ങളും എനിക്കുണ്ടായിരുന്നു. അതു കൊണ്ടുതന്നെ എനിക്കൊട്ടും താത്പര്യമില്ലാത്ത വിഷയമായിരുന്നു ആത്മീയത.
ഒരു ദിവസം ഭാരതത്തില്‍ നിന്നു് എൻ്റെ സഹോദരന്‍ എന്നെ ഫോണില്‍ വിളിച്ചു. അവനു കഴുത്തിനു് എന്തോ പ്രശ്‌നമുണ്ടെന്നും ഡോക്ടര്‍മാര്‍ക്കു് എന്താണു പ്രശ്‌നമെന്നു കണ്ടുപിടിക്കാനോ ചികിത്സിക്കാനോ പറ്റുന്നുമില്ല എന്നായിരുന്നു പറഞ്ഞതു്. ഞാന്‍ അവനോടു ചികിത്സയ്ക്കായി അമേരിക്കയിലേക്കു വരാന്‍ പറഞ്ഞു. അതിൻ്റെ ആവശ്യമില്ല എന്നാണവന്‍ മറുപടി പറഞ്ഞതു്. അമ്മ അവനെ നോക്കിക്കൊള്ളാമെന്നു് ഏറ്റിട്ടുണ്ടത്രേ. ആരാണീ അമ്മ എന്നു ചോദിച്ചപ്പോള്‍, അവരൊരു ദിവ്യവനിതയാണു് എന്നവന്‍ പറഞ്ഞു.
എനിക്കു മനുഷ്യരുടെ ദിവ്യത്വത്തിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. അവരുടെ ദിവ്യത്വത്തിനു നിൻ്റെ അസുഖത്തിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നു ഞാന്‍ അവനോടു ചോദിച്ചു. അതിനു് അവന്‍ പറഞ്ഞ മറുപടി ഇതാണു്, ”ഏതു കാളിയെയാണോ ശ്രീരാമകൃഷ്ണപരമഹംസന്‍ വിഗ്രഹരൂപത്തില്‍ ആരാധിച്ചതു്, ആ കാളി ഇപ്പോള്‍ മനുഷ്യരൂപം പൂണ്ടു വന്നിരിക്കയാണു്.” അമ്മയെക്കുറിച്ചു ഞാന്‍ ആദ്യമായി കേള്‍ക്കുന്ന വാചകം! ഇതു കേട്ടപ്പോള്‍ എന്നില്‍ അസാധാരണമായി എന്തോ സംഭവിച്ചു. എൻ്റെ ശരീരത്തിലെ ഓരോ തന്മാത്രകളും അമ്മയെ ഉള്‍ക്കൊണ്ടു എന്നു വേണം പറയാന്‍. ഒരു നിമിഷം കൊണ്ടു് എൻ്റെ ശരീരഘടന തന്നെ മാറിപ്പോയി.
സഹോദരനോടു സംസാരിച്ചു ഫോണ്‍ വച്ച ഞാന്‍ ആദ്യം ചെയ്തതു ഭാരതത്തിലേക്കു് ഒരു ടിക്കറ്റു ബുക്കു ചെയ്യുകയാണു്. എൻ്റെ അഞ്ചു വര്‍ഷത്തെ സ്വകാര്യ പ്രാക്ടീസിനിടയ്ക്കു് ഒരു ദിവസംപോലും ഞാന്‍ അവധിയെടുത്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അപ്പോള്‍ ഭാര്യയോടും കുഞ്ഞുങ്ങളോടും ഒന്നാലോചിക്കുകപോലും ചെയ്യാതെ, ഓഫീസിലേക്കു ഫോണ്‍ ചെയ്തു് അവധിപോലും എടുക്കാതെ ഞാന്‍ പുറപ്പെട്ടു. എനിക്കെന്താണു പറ്റിയതെന്നോ ഞാനെന്താണു ചെയ്യുന്നതെന്നോ എനിക്കു ബോധമുണ്ടായിരുന്നില്ല. പക്ഷേ, ഒന്നെനിക്കുറപ്പായിരുന്നു, എനിക്കു് അമ്മയെ കാണാതെ വയ്യ.
അത്യാവശ്യം വേണ്ട സാധനങ്ങള്‍ നിറച്ച ഒരു കൊച്ചു ബാഗും തോളില്‍ തൂക്കി ആശ്രമത്തില്‍ വന്നു കയറുമ്പോഴും ഞാന്‍ സാധാരണ നിലയിലായിരുന്നില്ല. ആശ്രമത്തിലെത്തിയ ഞാന്‍ ആദ്യമായി കണ്ടതു സ്വാമി അമൃതസ്വരൂപാനന്ദ പുരിയെയായിരുന്നു. എവിടെനിന്നാണു വരുന്നതെന്നു സ്വാമി ചോദിച്ചപ്പോള്‍, അമേരിക്കയില്‍നിന്നു വരുന്ന വഴിയാണെന്നും അമ്മയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും എനിക്കു് അമ്മയെ കാണണമെന്നും ഞാന്‍ പറഞ്ഞു. സ്വാമിജി എൻ്റെ കൂടെ വന്നു. ഒരുമിച്ചിരുന്നു. അമ്മയെക്കുറിച്ചു പറയാന്‍ തുടങ്ങി. ഞാനതു് ഒരിക്കലും മറക്കുകയില്ല. അമ്മയെക്കുറിച്ചു പറയുമ്പോള്‍ സ്വാമിജിയുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞൊഴുകിയിരുന്നു, ശബ്ദം ഇടറിയിരുന്നു. അമ്മ ദര്‍ശനത്തിനു വരുന്ന സമയംവരെ ഞങ്ങള്‍ സംസാരിച്ചു.
പിന്നീടു്, സ്വാമിജി എന്നെ അമ്മയുടെ ദര്‍ശനം നടക്കുന്ന കുടിലിലേക്കു കൊണ്ടുപോയി. അവിടെ അമ്മയെയും പ്രതീക്ഷിച്ചു ഞാനിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അമ്മ വന്നു. പ്രേമവും ആനന്ദവും മനുഷ്യരൂപം പൂണ്ടാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു രൂപം. അമ്മ ദര്‍ശനം കൊടുക്കുന്നതു നോക്കിക്കൊണ്ടു വളരെ സമയം അമ്മയുടെ അടുത്തു ഞാനിരുന്നു. അവസാനം അമ്മ എന്നെ വിളിച്ചു. എനിക്കു് അമ്മയെ കണ്ടു മതിയായില്ല, അമ്മയുടെ കൂടെ കുറച്ചു ദിവസം താമസിക്കണമെന്നു ഞാന്‍ അമ്മയോടു പറഞ്ഞു. ”അമ്മ അമേരിക്കയിലേക്കു വരുമ്പോള്‍ മോനെ കാണാം” എന്നാണു് അമ്മ മറുപടി പറഞ്ഞതു്.
അടുത്ത ദിവസം ഞാന്‍ കാലിഫോര്‍ണിയയിലേക്കു തിരിച്ചു പോയി. എൻ്റെ പെട്ടെന്നുള്ള ഈ യാത്രയില്‍ പരിഭ്രമിച്ചു് അരിശം പിടിച്ചിരിക്കുകയായിരുന്നു എൻ്റെ ഭാര്യ. അവളെ സമാധാനിപ്പിക്കാനായി ആശ്രമത്തില്‍നിന്നു വാങ്ങിയ അമ്മയെക്കുറിച്ചുള്ള പുസ്തകങ്ങളും അമ്മ പാടിയ ഭജനകളുടെ കാസറ്റുകളും ഞാന്‍ പുറത്തെടുത്തു. അമ്മ പാടിയ ഒരു ഭജന വച്ചു. അമ്മയുടെ ശബ്ദം കേട്ടതും എന്നെപ്പോലെത്തന്നെ ആത്മീയതയില്‍ ഒട്ടും താത്പര്യമില്ലാതിരുന്ന എൻ്റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ആ നിമിഷം മുതല്‍ അവരും അടിമുടി മാറി.
അതുവരെ ഭൗതികസുഖങ്ങളില്‍ മുഴുകി ജീവിച്ചിരുന്നവരായിരുന്നു ഞങ്ങള്‍. എന്നാല്‍ അതുവരെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്ന വസ്തുക്കളൊക്കെ വളരെ നിസ്സാരമാണെന്നു് ഇപ്പോള്‍ ഞങ്ങള്‍ക്കു തോന്നാന്‍ തുടങ്ങി. അമ്മ മാത്രമായി ഞങ്ങളുടെ ജീവിതലക്ഷ്യം. അധികം താമസിയാതെ എൻ്റെ ഭാര്യ ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങളുമായി ഭാരതത്തിലേക്കു പോയി, ആശ്രമത്തില്‍ താമസമാക്കി. വര്‍ഷത്തിലൊരിക്കല്‍, അമ്മ അമേരിക്കയിലേക്കു വരുന്നതിനു മുന്‍പു ഞങ്ങളുടെ വീട്ടില്‍ അമ്മയെ സ്വീകരിക്കാനായി എൻ്റെ ഭാര്യ അമേരിക്കയിലെത്തും. മറ്റു സമയം മുഴുവന്‍ അവള്‍ ആശ്രമത്തില്‍തന്നെ താമസിച്ചു. അമ്മ യാത്ര ചെയ്യുമ്പോള്‍ അവള്‍ എല്ലായിടത്തും അമ്മയുടെകൂടെ പോയി.
ഒരു ദിവസം എൻ്റെ നാഭിയില്‍ ഒരു മുഴ കണ്ടു. പരിശോധനയില്‍ അതു കാന്‍സര്‍ ആണെന്നു കണ്ടെത്തി. അടിയന്തരമായി ഒരു ശസ്ത്രക്രിയ നടത്തണമെന്നും അസ്ഥിയിലെ മജ്ജ മാറ്റിവയേ്ക്കണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ അമ്മയെ വിളിച്ചു് എന്തു ചെയ്യണമെന്നു് അന്വേഷിച്ചു. എൻ്റെ അസുഖത്തിൻ്റെ വിവരം കേട്ടപ്പോള്‍ അമ്മയ്ക്കു് അദ്ഭുതമായിരുന്നു. ”മോനു് എന്തെങ്കിലും വിഷമം വരുമെന്നു് അമ്മയ്ക്കു തോന്നിയില്ലല്ലോ. എന്തായാലും മോന്‍ ഡോക്ടര്‍മാര്‍ പറയുന്നതുപോലെ ചെയ്യൂ” എന്നാണു് അമ്മ പറഞ്ഞതു്. അങ്ങനെ ഞാന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി. എല്ലിലെ മജ്ജ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പൊക്കെ ചെയ്തു. എന്നാല്‍ അദ്ഭുതമെന്നു പറയട്ടെ, തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സറിൻ്റെ ലക്ഷണമൊന്നും കണ്ടില്ല. ഡോക്ടര്‍മാര്‍ക്കൊക്കെ അദ്ഭുതമായിരുന്നു. രോഗലക്ഷണങ്ങളില്‍നിന്നു് എൻ്റെ അസുഖം കാന്‍സറാണെന്നു് അവര്‍ക്കു് ഉറപ്പായിരുന്നു. എന്നാല്‍ പരിശോധനയിലൊന്നും എനിക്കു രോഗത്തിൻ്റെ ഒരു ലാഞ്ഛനയുമില്ല.
1994ല്‍ ഞങ്ങള്‍ അമൃതപുരിയില്‍ സ്ഥിരതാമസമാക്കി. ആശ്രമത്തില്‍ താമസിക്കാന്‍ വന്നപ്പോള്‍ എനിക്കു് ഇത്രയേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. എൻ്റെ ഭാര്യയും മക്കളും ചെയ്യുന്നതുപോലെ ആശ്രമത്തില്‍ താമസിക്കുക, അമ്മ പോകുന്നിടത്തൊക്കെ, ഭാരതത്തിലും വിദേശങ്ങളിലും അമ്മയുടെ കൂടെ യാത്ര ചെയ്യുക. അത്രമാത്രം. അമ്മയ്ക്കു് ഒരു ഹോസ്പിറ്റല്‍ പണിയാനുള്ള ഉദ്ദേശ്യമുണ്ടെന്നു് എനിക്കു് അറിയാമായിരുന്നു. മറ്റു പല ചാരിറ്റബിള്‍ ഹോസ്പിറ്റലുകളുംപോലെ ചിലവും സാങ്കേതികമേന്മയും കുറഞ്ഞ ഒരു ആശുപത്രിയായിരിക്കും അതു് എന്നായിരുന്നു എൻ്റെ ധാരണ. ആശ്രമത്തില്‍നിന്നു് ഒഴിവുണ്ടാകുന്ന സമയം വല്ലപ്പോഴും ഹോസ്പിറ്റലിലേക്കു പോകേണ്ടി വരുമെന്നേ ഞാന്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍ എത്ര വലിയ ജോലിയാണു് എന്നെ കാത്തിരിക്കുന്നതെന്നു് അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല.
അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഒരു തെളിഞ്ഞ പ്രഭാതത്തില്‍ ഞാന്‍ ഹോസ്പിറ്റല്‍ പണിയുന്ന സ്ഥലത്തെത്തി. 22 ഏക്കറുള്ള ഒരു ചതുപ്പു പ്രദേശം. അടുത്തുള്ള ഒരു കുന്നിന്‍പ്രദേശത്തു നിന്നും മണ്ണു കൊണ്ടുവന്നു് അതു സാവധാനം നികത്തിയെടുക്കുകയാണു്. ആ സമയത്തു് അവിടെ വിരലിലെണ്ണാവുന്ന ആളുകളേ പണിയെടുക്കുന്നുള്ളൂ. കുറച്ചു ലോറികള്‍ മണ്ണടിക്കുന്നുണ്ടു്, ആ മണ്ണു് കുറച്ചുപേര്‍ നിരപ്പാക്കുന്നുണ്ടു്. ഇതു മാസങ്ങളോളം തുടര്‍ന്നു. പിന്നെയാണു പൈലിങ് ജോലി തുടങ്ങിയതു്. ഒരിക്കലും തീരുകയില്ല എന്നു തോന്നിയ പൈലിങിൻ്റെ പണി ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. എത്ര വലിയ ജോലിയാണവിടെ നടന്നതു്! എത്രയോ സ്റ്റീല്‍ തൂണുകളാണു മുപ്പതു മീറ്റര്‍ ആഴത്തില്‍ ഭൂമിയിലേക്കു താഴ്ത്തിയിറക്കിയതു്. അന്നു ഭൂമിയില്‍ കുഴിച്ച കുഴികളില്‍ നിറച്ച സിമൻ്റും സ്റ്റീലുമൊക്കെ എത്ര വലിയ കെട്ടിടങ്ങളെയാണു താങ്ങി നിര്‍ത്താന്‍ പോകുന്നതെന്നു് അന്നെനിക്കു സങ്കല്പിക്കാനാവില്ലായിരുന്നു.
ഭീമാകാരമായ കെട്ടിടങ്ങള്‍ പതുക്കെപ്പതുക്കെ ഉയര്‍ന്നുവന്നു. ആറു ലക്ഷം ചതുരശ്രയടിയുള്ള അതിബൃഹത്തായ കെട്ടിടങ്ങള്‍ രൂപപ്പെട്ടു വരുന്ന കാഴ്ച അദ്ഭുതകരമായിരുന്നു. ഏറ്റവും അവിശ്വസനീയമായ കാര്യം എന്തെന്നാല്‍, ഇത്ര വലിയ ജോലി പുറത്തുള്ള ഒരു കരാറുകാരെയും ഏല്പിക്കാതെ കെട്ടിടനിര്‍മ്മാണത്തില്‍ പരിചയസമ്പന്നരായ ആശ്രമത്തിലെ അന്തേവാസികളുടെ മേല്‍നോട്ടത്തില്‍ നടന്നു എന്നതാണു്. പണിസ്ഥലത്തുതന്നെ അവര്‍ ഇഷ്ടികകളുണ്ടാക്കി. അടുത്തുള്ള കരിങ്കല്‍ഖനിയില്‍നിന്നു കരിങ്കല്ലുകള്‍ കൊണ്ടുവന്നു പൊട്ടിച്ചു ചെറിയ കഷ്ണങ്ങളാക്കി വലിയ കോണ്‍ക്രീറ്റു തൂണുകളും ബീമുകളും ചുമരുകളും പണിതു; എല്ലാം ചെത്തിത്തേച്ചു മിനുക്കി, പെയിൻ്റടിച്ചു. ലോഹംകൊണ്ടു നിര്‍മ്മിക്കുന്ന ജനലുകള്‍, വാതിലുകള്‍, സ്റ്റീല്‍ മേശകള്‍, കസേരകള്‍, ഇലക്ട്രിക് കാബിനറ്റുകള്‍ തുടങ്ങിയ എല്ലാ ജോലികള്‍ക്കും ആശ്രമത്തിലെ ബ്രഹ്‌മചാരികള്‍ മികച്ചരീതിയില്‍ മേല്‍നോട്ടം വഹിച്ചു. എല്ലാ പണിയും കൃത്യമായും വിദഗ്ദ്ധമായും നടന്നു. ഹോസ്പിറ്റലിലെ മരപ്പണികളുടെ ഭംഗിയും പൂര്‍ണ്ണതയും കണ്ടാല്‍ അതൊരു അദ്ഭുതപ്രവൃത്തിയാണെന്നു തന്നെ തോന്നും. അവിടെയാരും ജോലി ചെയ്തിരുന്നില്ല, സേവനമാണു ചെയ്തിരുന്നതു്. അമ്മയുടെ ദൈവികമായ ഇച്ഛാശക്തി മക്കളുടെ കൈകളിലൂടെ പ്രവര്‍ത്തിച്ചപ്പോള്‍ ഏറ്റവും പരിപൂര്‍ണ്ണമായ ഒരു കെട്ടിടം ഉയര്‍ന്നുവന്നു.
ഈ സംരംഭത്തില്‍ ഉടനീളം അമ്മയുടെ അദൃശ്യമായ സാന്നിദ്ധ്യം പ്രകടമായിരുന്നു. ഹോസ്പിറ്റലിൻ്റെ പണി നടക്കുന്ന സമയത്തു പലപ്പോഴും എനിക്കു് ഒരു പരിചയവുമില്ലാത്ത വിഷയങ്ങളില്‍ ഉടന്‍ തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ടു്. എനിക്കു വേണ്ട സമയത്തു വേണ്ടതൊക്കെ അമ്മ എത്തിച്ചിരുന്നു എന്നുവേണം കരുതാന്‍. സഹായം അഭ്യര്‍ത്ഥിക്കാതെതന്നെ അമ്മയെ സേവിക്കണമെന്നു് ആഗ്രഹിക്കുന്ന പല വ്യക്തികളില്‍നിന്നും എനിക്കു സഹായം ലഭിച്ചു. ഇത്രയും വലിയ ഒരു ഹോസ്പിറ്റല്‍ രൂപകല്പന ചെയ്യുന്നതിനു ഞാന്‍ ബുദ്ധിമുട്ടിയപ്പോള്‍, ഏതൊക്കെ വിഭാഗങ്ങള്‍ എവിടെയൊക്കെ വരണമെന്നു തീരുമാനിക്കാനാകാതെ കുഴങ്ങിയപ്പോള്‍, ലോകത്തിലെ നാനാകോണുകളില്‍നിന്നും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമെത്തി. എൻ്റെ ജോലി എളുപ്പമായി.
ഹോസ്പിറ്റലിലേക്കു വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതായിരുന്നു അടുത്ത പ്രശ്‌നം. മേന്മയുടെ കാര്യത്തില്‍ കുറച്ചു വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാലും ചിലവു ചുരുക്കിക്കൊണ്ടു നാട്ടില്‍നിന്നു തന്നെ വേണ്ട ഉപകരണങ്ങള്‍ വാങ്ങാം എന്നാണു ഞാന്‍ തീരുമാനിച്ചതു്. പക്ഷേ, അമ്മയുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ ഉപകരണങ്ങള്‍ ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍നിന്നും ഹോസ്പിറ്റലില്‍ എത്തി. ഇന്നു സാങ്കേതികതയിലും രോഗപരിശോധനയിലും ലോകത്തിലെ ഏതു മികച്ച ഹോസ്പിറ്റലിനോടും കിടപിടിക്കുന്നതാണു നമ്മുടെ ഹോസ്പിറ്റല്‍.
സത്യം പറഞ്ഞാല്‍ ഭാരതത്തിലെ മിക്കവാറും ഹോസ്പിറ്റലുകളെക്കുറിച്ചു് എനിക്കു വലിയ അഭിപ്രായമുണ്ടായിരുന്നില്ല. സിമൻ്റു ഭിത്തികളും ഇരുമ്പിൻ്റെ കട്ടിലുകളുമുണ്ടെങ്കില്‍ ഹോസ്പിറ്റലുകളായി എന്നാണു പൊതുവെ ഇവിടെയുള്ളവരുടെ ധാരണ. ഒരു ആശുപത്രിക്കു് അത്യാവശ്യം വേണ്ട പല പ്രധാന കാര്യങ്ങളെക്കുറിച്ചും നടത്തിപ്പുകാര്‍ക്കു ശ്രദ്ധയില്ല. ഇങ്ങനെ വരുന്നതിൻ്റെ ഒരു കാരണം ചിലവു ചുരുക്കലാകാം. എന്നാല്‍ ആശുപത്രിയിലെ വായു സഞ്ചാരം, അന്തരീക്ഷത്തിലെ ഊഷ്മാവ്, ഈര്‍പ്പം, പൊടി, കാര്‍ബണ്‍ഡൈഓക്‌സൈഡിൻ്റെ ക്രമീകരണം, അണുക്കളുടെ നിയന്ത്രണം, ഓക്‌സിജൻ്റെ ലഭ്യത, സാന്ദ്രീകരിച്ച വായു, വൃത്തിയുള്ള മുറികള്‍, അഗ്നി രക്ഷാസംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍വത്കരിച്ച വിവരങ്ങളുടെ ശേഖരം, പൂര്‍ണ്ണമായും യന്ത്രീകരിച്ച കെട്ടിടങ്ങള്‍ ഇതിൻ്റെയൊക്കെ പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ല. അമ്മയാകട്ടെ, നമ്മുടെ ഹോസ്പിറ്റല്‍ പണിയുന്ന വേളയില്‍ സമയാസമയത്തു് ഓരോ രംഗത്തുമുള്ള വിദഗ്ദ്ധരെ അയച്ചു തന്നു. ഇവരുടെ നിസ്സ്വാര്‍ത്ഥമായ സേവനംമൂലം എയിംസിനു്, രോഗികള്‍ക്കു മികച്ച പരിചരണം നല്കാനും അവരുടെ സുരക്ഷ ഉറപ്പു വരുത്താനും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനും കഴിഞ്ഞു.
ഹോസ്പിറ്റലിൻ്റെ പണി തീര്‍ന്നപ്പോഴോ! എവിടെനിന്നെന്നറിയാതെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സാങ്കേതികവിദഗ്ദ്ധര്‍ എല്ലാവരും അവരുടെ സേവനം നല്കാന്‍ തയ്യാറായെത്തി. ലോകം മുഴുവനുമുള്ള അമ്മയുടെ മക്കള്‍ അമ്മയുടെ സ്നേഹസന്ദേശം ഉള്‍ക്കൊണ്ടു സന്നദ്ധസേവകരായി വന്നുചേര്‍ന്നു; ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
അമ്മയുടെ ദിവ്യശക്തി എത്രയോ പേരുടെ കൈകളിലൂടെ പ്രവര്‍ത്തിക്കുന്നതു ദിവസവും ഞാന്‍ കാണുന്നു. ഈ അവസരം എനിക്കു തന്നതിനു് അമ്മയ്ക്കു് എൻ്റെ പ്രണാമങ്ങള്‍. • (വിവ: പത്മജ ഗോപകുമാര്‍)
(ഡോ. പ്രേം നായര്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണു്. മെഡിക്കല്‍ ബിരുദത്തിനു ശേഷം അദ്ദേഹം ബിരുദാനന്തര ബിരുദത്തിനായി അമേരിക്കയിലേക്കു പോയി. തുടര്‍ന്നു്, ഗാസ്‌ട്രോഎന്‍ട്രോളജിയിലും കരളിൻ്റെ അസുഖങ്ങളിലും സ്‌പെഷലൈസേഷനും നേടി. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ കോളേജ് ഓഫ് മെഡിസിനില്‍ പ്രൊഫസറായും ലോസാഞ്ചലസിലെ ഹോസ്പിറ്റല്‍ ഓഫ് ദ ഗുഡ് സാമരിറ്റനില്‍ ഗാസ്‌ട്രോഎന്‍ട്രോളജി പ്രോഗ്രാമിൻ്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുകയായിരുന്ന ഡോ. പ്രേം നായര്‍ 1994ല്‍ ജോലി രാജിവച്ചു് അമൃതപുരിയിലേക്കു വന്നു. ഇപ്പോള്‍ അദ്ദേഹം എയിംസിലെ മെഡിക്കല്‍ ഡയറക്ടര്‍ ആണു്.)
വളരെ ദു:ഖത്തോടെയാണ് അവിടുത്തെ അമ്മ ശ്രീമതി ദമയന്തി-ജിയുടെ വിയോഗ വാർത്ത അറിഞ്ഞത്. കുടുംബത്തിന് മാത്രമല്ല, അവർ സ്വന്തം മക്കളെപ്പോലെ കരുതിയിരുന്ന മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഭക്ത സമൂഹത്തിനും ഇത് തീരാനഷ്ടം തന്നെയാണ്.
എല്ലാവരുടെയും ക്ഷേമത്തിനായി വളരെയധികം ശ്രദ്ധിച്ചിരുന്ന ധർമ്മശീലമുള്ള ഒരു ഈശ്വരഭക്തയായിരുന്നു ശ്രീമതി ദമയന്തി-ജി. അവർ നടത്തിയിരുന്ന നിസ്വാർത്ഥ സേവനങ്ങളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. തീർത്ഥാടനത്തിന് പോകുന്ന യാത്രക്കാർക്ക് നൽകിയിരുന്ന സേവനങ്ങൾ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നത്, പശുത്തൊഴുത്തിൽ വെള്ളം കയറിയപ്പോൾ പശുക്കളെ വീട്ടിനകത്തേക്ക് കൊണ്ടുവന്നത്, ചെടികളോടും മരങ്ങളോടുമെല്ലാം അവർക്കുണ്ടായിരുന്ന ഉദാത്തമായ സ്‌നേഹം എന്നിവയെപ്പറ്റിയെല്ലാം ഞാൻ കേട്ടിട്ടുണ്ട്.
മാതൃത്വത്തിന്റെ പ്രതിരൂപമായ അവിടുന്ന് ദമയന്തിഅമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. മരണം ജീവിതത്തിന്റെ ഭാഗമാണെന്നും, നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും അല്ലാതെ എങ്ങനെ മരിക്കുന്നു എന്നതല്ലെന്നും അമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ശ്രീമതി ദമയന്തി-ജി നമ്മളോട് വിട പറഞ്ഞെങ്കിലും ആ ജീവിതത്തിൽ അവർ പ്രതിനിധാനം ചെയ്ത മൂല്യങ്ങൾ എല്ലാവരിലും എല്ലാക്കാലവും നിലനിൽക്കും.
ശ്രീമതി ദമയന്തി ജിയുടെ കുടുംബത്തിനെയും, മാതാ അമൃതാനന്ദമയിമഠത്തിലെ അന്തേവാസികളെയും ഭക്തരെയും ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി !