ഒരു മഹാത്മാവു്, ‘കാരുണ്യം ജീവിതത്തിൽ’ എന്ന വിഷയത്തെക്കുറിച്ചൊരു പുസ്തകം എഴുതി. അതു് അച്ചടിക്കാനുള്ള പണത്തിനുവേണ്ടി അദ്ദേഹം തൻ്റെ ചില സുഹൃത്തുക്കളെ സമീപിച്ചു. അവരെല്ലാം വേണ്ട സഹായം ചെയ്തുകൊടുത്തു. എന്നാൽ പുസ്തകം പ്രസ്സിൽ കൊടുക്കുന്നതിനു മുൻപു്, ആ നഗരത്തിൽ പട്ടിണിമൂലം പലരും മരിക്കുകയുണ്ടായി. മഹാത്മാവു മറ്റൊന്നും ചിന്തിച്ചില്ല. പുസ്തകം അച്ചടിക്കാനുള്ള പണമെടുത്തു് അദ്ദേഹം ജനങ്ങൾക്കു് ആഹാരം വാങ്ങാൻ നല്കി.
ഇതിഷ്ടപ്പെടാതെ സംഭാവന ചെയ്തവർ മഹാത്മാവിനോടു ചോദിച്ചു, ”അങ്ങെന്താണീ കാണിച്ചതു്? ഇനിയെങ്ങനെ പുസ്തകം അച്ചടിക്കും? പട്ടിണിയും ദാരിദ്ര്യവും ഒക്കെ സാധാരണമാണു്. ഓരോ നിമിഷവും ഈ ലോകത്തിൽ ജനനവും മരണവും നടക്കുന്നുണ്ടു്. പക്ഷേ, അതിൻ്റെ പേരിൽ ഇത്ര വലിയൊരു തുക ചെലവാക്കിയതു ശരിയായില്ല.” മറുത്തൊന്നും പറയാതെ മഹാത്മാവു ചിരിക്കുകമാത്രം ചെയ്തു.
കുറെനാൾ കഴിഞ്ഞപ്പോൾ പുസ്തകം അച്ചടിക്കാനുള്ള അപേക്ഷയുമായി മഹാത്മാവു വീണ്ടും പഴയ സുഹൃത്തുക്കളെ സമീപിച്ചു. അല്പം മടിച്ചിട്ടാണെങ്കിലും അവർ പണം നല്കി. പക്ഷേ, പുസ്തകം അച്ചടിക്കാൻ കൊടുക്കുന്നതിനു തലേദിവസം ആ നഗരത്തിൽ വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടായി. ആയിരങ്ങൾ മരിച്ചു; അനവധിപേരുടെ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു. ഇത്തവണയും മഹാത്മാവു്, പുസ്തകം അച്ചടിക്കാൻ വച്ചിരുന്ന പണമെടുത്തു ദുരന്തബാധിതരെ സഹായിക്കാൻ കൊടുത്തു. പണം സംഭാവന ചെയ്തവർക്കിതു തീരെ ഇഷ്ടപ്പെട്ടില്ല. അവർ മഹാത്മാവിനോടു ക്ഷുഭിതരായി സംസാരിച്ചു. എല്ലാം കേട്ടു് അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.
ഇങ്ങനെയൊക്കെയായിട്ടും മഹാത്മാവു വളരെ ബുദ്ധിമുട്ടി പണം ശേഖരിച്ചു പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷേ, അതിൻ്റെ കവറിൽ, ‘മൂന്നാം പതിപ്പു്’ എന്നെഴുതിയിരുന്നു. പണം കൊടുത്തവരും മറ്റും അദ്ദേഹത്തിനോടു ക്ഷോഭിച്ചു, ”ഹേ മനുഷ്യാ, നിങ്ങളൊരു സന്ന്യാസിയല്ലേ? ഇങ്ങനെ കള്ളം പറയാമോ? ഇതെങ്ങനെ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാകും? ഇതിൻ്റെ ഒന്നും രണ്ടും പതിപ്പുകൾ എവിടെ? നിങ്ങളെന്താ ഞങ്ങളെ വിഡ്ഢികളാക്കുകയാണോ?”
മഹാത്മാവു ചിരിച്ചുകൊണ്ടു പറഞ്ഞു, ”അതേ, ഈ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പു തന്നെയാണിതു്. ആദ്യത്തതു് ഈ നഗരത്തിൽ പട്ടിണിമരണം ഉണ്ടായപ്പോഴായിരുന്നു. രണ്ടാംപതിപ്പു വെള്ളപ്പൊക്കത്തിൽ ആയിരങ്ങളുടെ ജീവനും സ്വത്തും നശിച്ചപ്പോഴായിരുന്നു. പ്രിയപ്പെട്ടവരേ, പുസ്തകത്തിൽനിന്നു വെറും പൊള്ളയായ അറിവു മാത്രമേ കിട്ടുകയുള്ളൂ. ഈ പുസ്തകത്തിൻ്റെ ആദ്യത്തെ രണ്ടു പതിപ്പുകളും കാരുണ്യം ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണു കാട്ടിത്തന്നതു്. ജീവൻ തുടിക്കുന്ന മനുഷ്യൻ സഹായത്തിനായി കേഴുമ്പോൾ, അവരെ കൈ നീട്ടി സ്നേഹപൂർവ്വം കരകയറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണു കാരുണ്യത്തെക്കുറിച്ചു വർണ്ണിക്കുന്ന പുസ്തകവും അതിലെ വാക്കുകളും?”
നന്മയും തിന്മയും നിറഞ്ഞ ഒരു സമൂഹത്തിലാണു നാമിന്നു കഴിയുന്നതു്. ഇന്നുമാത്രമല്ല, എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നുള്ളതാണു വാസ്തവം. ലോകം ഉണ്ടായ കാലം മുതല്‍ ആരംഭിച്ച ഈ ദ്വന്ദ്വഭാവത്തിലാണു അതിൻ്റെ നിലനില്പു തന്നെ. ഇരുളും വെളിച്ചവും പോലെ; സുഖവും ദുഃഖവുംപോലെ; കുന്നും കുഴിയുംപോലെ. വിശ്വപ്രകൃതിയും ആ ദ്വന്ദ്വഭാവത്തിലലിഞ്ഞുനില്ക്കുന്നു.
ഇരുളുണ്ടെങ്കിലേ വെളിച്ചത്തിൻ്റെ വിലയറിയൂ. അതുപോലെ, തിന്മയുണ്ടെങ്കിലേ നന്മ തിരിച്ചറിയുവാനാവൂ. ഏതെങ്കിലും ഒന്നുമാത്രമായാല്‍ ജീവിതംതന്നെ അര്‍ത്ഥരഹിതമായിപ്പോകും. അതൊരു വിശ്വപ്രതിഭാസമാണു്; വിശ്വനായകനായ സര്‍വ്വേശ്വരൻ്റെ ലീല! ആ ലീലയില്‍ മുങ്ങിപ്പൊങ്ങി എങ്ങനെയെന്നറിയാതെ, എങ്ങോട്ടെന്നറിയാതെ സംസാരസാഗരത്തിലൂടെയുള്ള ഈ യാത്രയുടെ പൊരുള്‍ ആരറിഞ്ഞിരിക്കുന്നു!
അതറിഞ്ഞവരാണു് ഈശ്വരാത്മഭൂതന്മാരായിപ്പിറന്ന അവതാരപുരുഷന്മാര്‍. അവിടെ ലിംഗ വചന ഭേദങ്ങളില്ല; സ്ഥല കാലവ്യത്യാസങ്ങളില്ല. ഓരോ നിയാമകഘട്ടത്തില്‍ മനുഷ്യസമുദായത്തിൻ്റെ മാത്രമല്ല, സര്‍വ്വജീവരാശികളുടെയും നിലനില്പിനും സംരക്ഷണത്തിനും സമതുലിതമായ ഒരു ആഗോളവ്യവസ്ഥിതിക്കും അനുഗുണമാവുന്ന വിധത്തില്‍ പ്രപഞ്ചശക്തിയുടെ ഉദയം ഉണ്ടായിക്കൊണ്ടിരിക്കുന്നു.
”പരിത്രാണായ സാധൂനാംവിനാശായ ച ദുഷ്‌കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായസംഭവാമി യുഗേ യുഗേ.”(ഗീത 48) എന്ന ഗീതാവചനം ഓര്‍മ്മിപ്പിക്കുന്നതു് ആ ശക്തിയുടെ, സത്യത്തിൻ്റെ ഉദയംതന്നെയാണു്. പക്ഷേ, അതു തിരിച്ചറിയുവാന്‍ പലപ്പോഴും വ്യാവഹാരികലോകത്തിനു കഴിയാറില്ല. അവിടെ അസത്യവും അധര്‍മ്മവും അശാന്തിയും മേല്‍ക്കോയ്മ നേടിയിട്ടുള്ളതാണു ചരിത്രം. എന്നാല്‍ ആ ചരിത്രഗതിയെ നിയന്ത്രിക്കുവാനും നേര്‍വഴിക്കു നയിക്കുവാനും യുഗ ധര്‍മ്മം ജാഗ്രത്തായിരിക്കുന്നു.
ആ ധര്‍മ്മോദ്ധാരണവാഞ്ഛയോടെ, പ്രപഞ്ചത്തില്‍ പ്രത്യാശാപൂര്‍ണ്ണമായൊരു ശുഭകാലത്തിൻ്റെ ഹൃത്‌സ്പപന്ദനങ്ങളുണര്‍ത്തുന്നവരെയാണു് ‘അവതാരപുരുഷന്മാര്‍’ എന്നു വിളിക്കുന്നതു്. അങ്ങനെയുള്ള മഹാമനീഷികളെ ‘ആള്‍ദൈവങ്ങള്‍’ എന്നു വിളിച്ചു് അപഹസിക്കുന്നവരുടെ അവിവേകത്തിനു മാപ്പുകൊടുക്കുക. ക്ഷമയാണു് ഏറ്റവും വലിയ ആയുധമെന്നും ശക്തിയെന്നും അനുഗ്രഹമെന്നും ലോകത്തെ അറിയിച്ച ബുദ്ധനും ക്രിസ്തുവുമൊക്കെ മാനവചരിത്രത്തിലിടം പിടിച്ചതു് അവരുടെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും ഫലമായിട്ടാണു്.
എന്നാല്‍, അവര്‍ക്കും എത്രയോ മുന്‍പു്, ക്ഷണഭംഗുരമായ ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചും പാരമാര്‍ത്ഥികമായ സത്യത്തിൻ്റെ സൗന്ദര്യത്തെക്കുറിച്ചും മനസ്സിലാക്കിയ ജ്ഞാന തപസ്വികള്‍ വസിച്ചിരുന്ന നാടാണു ഭാരതം. അവര്‍ പകര്‍ന്നുതന്ന പാരമ്പര്യത്തിൻ്റെയും പൈതൃകത്തിൻ്റെയും ഊര്‍ജ്ജസ്വലമായ കാന്തിയാണു വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും ഒളിമങ്ങാതെ ഇന്നും തുടിച്ചുനില്ക്കുന്നതു്.
കേവലം ബാഹ്യമായ ലോകത്തിനപ്പുറത്തു് അനന്തവും അചിന്ത്യവുമായ ഒരു അന്തര്‍ലോകമുണ്ടെന്നും നാം ആ ലോകത്തെക്കുറിച്ചുള്ള അറിവു നേടുമ്പോള്‍ മാത്രമേ ആത്മബോധം ഉണരുകയുള്ളൂ എന്നും ബോദ്ധ്യപ്പെടുത്തിയതു് ഇവിടെയുണ്ടായിരുന്ന ഋഷികളാണു്. അവരുടെ അന്വേഷണങ്ങളുടെയും ദര്‍ശനങ്ങളുടെയും സാരസംഗ്രഹമാണു ശ്രീമദ് ഭഗവദ്ഗീത. പരമാത്മസ്വരൂപനായ ശ്രീകൃഷ്ണഭഗവാൻ്റെ സന്ദേശമെന്ന നിലയില്‍, സമ്യക്കായൊരു ജീവിത തത്ത്വസംഹിതയുടെ ക്രിയാപാഠങ്ങള്‍ എന്ന നിലയില്‍, സമസ്തലോകത്തിനും ഉത്കര്‍ഷമരുളുന്ന സനാതന ധര്‍മ്മത്തിൻ്റെ നിധിപേടകം എന്ന നിലയില്‍ നമുക്കു കൈവന്ന സുകൃതമാണു് ആ മഹാഗ്രന്ഥം.
ആ മഹാഗ്രന്ഥത്തിലെ ഓരോ ശ്ലോകത്തിൻ്റെയും ഓരോ വരിയുടെയും ഓരോ വാക്കിൻ്റെയും അര്‍ത്ഥതലങ്ങളുടെ ധ്വനിസാന്ദ്രമായ മുഴക്കമാണു് ഇന്നു ലോക മാതാവായി സജ്ജനങ്ങള്‍ ആദരിക്കുന്ന മാതാ അമൃതാനന്ദമയീ ദേവിയുടെ നിരതിശയമായ വാക് കര്‍മ്മങ്ങളിലൂടെ ലോകം കേട്ടു കൊണ്ടിരിക്കുന്നതു്. ഭഗവദ്ഗീതയ്ക്കു് എത്രയോ വ്യാഖ്യാനങ്ങളും പഠനങ്ങളും വിശദീകരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടു്. അതിലെ ഓരോ ‘യോഗ’വും അന്തരാത്മാവിനെ ശുദ്ധീകരിക്കുവാനും ശാക്തീകരിക്കുവാനുമുള്ള സാധനാമന്ത്രങ്ങളാണു്.
ആ മന്ത്രങ്ങളില്‍ നിഗൂഢമായി അലിഞ്ഞിരിക്കുന്ന പ്രായോഗികജീവിത വേദാന്തമാണു് അമ്മയുടെ പ്രഭാഷണങ്ങളിലൂടെ ലളിതീകരിച്ചു സാധാരണജനങ്ങള്‍ക്കു സുഗ്രാഹ്യമാകുന്ന വിധത്തില്‍ സാര്‍വ്വ ജനീനമായ ഉത്കര്‍ഷത്തിനുവേണ്ടി, നന്മയ്ക്കുവേണ്ടി, ശാന്തിക്കുവേണ്ടി അവതരിച്ചുകൊണ്ടിരിക്കുന്നതു്. അമ്മയ്ക്കു നിരാശയില്ല, നിരുന്മേഷമില്ല, സന്ദേഹങ്ങളില്ല. ആരെന്തു പറഞ്ഞാലും ഒരു പരിഭവവുമില്ല! ആ സമചിത്തത, ആ സമ്യഗ്ദര്‍ശനം, ആ ശുഭകാമന അതാണു ശ്രീകൃഷ്ണഭഗവാനുണ്ടായിരുന്നതു്.
പിറന്നുവീണ നാള്‍ മുതല്‍ എന്തെല്ലാം പ്രതിസന്ധികളെ ഭഗവാനു നേരിടേണ്ടിവന്നു! പ്രതിലോമശക്തികളോടു് എതിരിടേണ്ടിവന്നു! അപവാദങ്ങള്‍ കേള്‍ക്കേണ്ടിവന്നു! ഒരു മനുഷ്യജന്മത്തില്‍ സങ്കല്പിക്കുവാനാവാത്ത അനുഭവങ്ങള്‍ പിന്നിടേണ്ടിവന്നു! എന്നിട്ടും ഒരിടത്തും ഒരിക്കലും തളര്‍ന്നു പോകാതെ ആ ഹൃദയം നിരുപാധികമായ കര്‍മ്മത്തിൻ്റെയും നിരുപമമായ പ്രേമത്തിൻ്റെയും ധര്‍മ്മനിലാവില്‍ കുളിച്ചുനിന്നു. ഉറ്റവരെന്നോ ഉടയവരെന്നോ ഉള്ള ഭേദചിന്തയില്ലാതെ എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നു നിന്നു. ‘മല്ലന്മാര്‍ക്കിടിവാള്‍’ എന്നൊക്കെ കവികള്‍ പാടിയിട്ടുണ്ടെങ്കിലും, ദുഷ്ടശക്തികള്‍ക്കെല്ലാം പേടിസ്വപ്‌നമായിരുന്നെങ്കിലും ആ വല്ലവീവല്ലഭന്‍ സര്‍വ്വ ചരാചരപ്രേമത്തിൻ്റെയും സര്‍വ്വോത്കര്‍ഷത്തിൻ്റെയും ഉത്കൃഷ്ട പ്രതീകമായിരുന്നു.
അമ്മയെ നോക്കൂ. അമ്മയും അതുപോലെതന്നെയല്ലേ? ആ അമ്മ ആരാണു്, എന്താണു ചെയ്യുന്നതെന്നു കാണുവാനല്ലേ കണ്ണുകള്‍ ദൈവം തന്നിരിക്കുന്നതു്? അതു് അറിയുവാനല്ലേ മനോഹൃദയങ്ങള്‍ നല്കിയിട്ടുള്ളതു്? അതൊന്നും അറിയാതെ കാലപ്രവാഹത്തില്‍ ഒഴുകിയൊലിച്ചുപോകാനുള്ളതല്ല ജന്മം എന്ന വകതിരിവു് ഇനി എന്നാണുണ്ടാവുക? ആ വകതിരിവാണു് ആത്മബോധത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പു്. ആ ബോധം ഉണ്ടാകുമ്പോഴേ അമ്മ നമ്മുടെ ഉള്ളിലാണെന്ന സത്യം വെളിപ്പെടുകയുള്ളൂ. ആ സത്യം തന്നെയാണു ദയ; അതുതന്നെയാണു ക്ഷമ; അതുതന്നെയാണു തിതിക്ഷ; അതുതന്നെയാണു് അപരിഗ്രഹവും അസ്തേയവും.
എല്ലാം ചേരുമ്പോഴാണു സംശുദ്ധമായ മാനവികതയുടെ ഉദയം. ആ ഉദയകാന്തി ലോകം അമ്മയില്‍ കാണുന്നു. അമ്മയെ ഭര്‍ത്സിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനും ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ചു തളര്‍ത്തുവാനും ബോധപൂര്‍വ്വമായ ചില നീക്കങ്ങള്‍ അടുത്തയിടെയുണ്ടായല്ലോ? അതിനു കരു നീക്കിയവര്‍ക്കെതിരെ പ്രതികരിച്ചവരെപ്പോലും പിന്‍തിരിപ്പിക്കുകയാണു് അമ്മ ചെയ്തതു്. ‘അവര്‍ ചെയ്തതെന്തെന്നു് അവരറിയുന്നില്ല’ എന്നു ക്രിസ്തുദേവന്‍ പറഞ്ഞതു പോലെ, ‘എല്ലാവര്‍ക്കും സദ്ബുദ്ധിയുണ്ടാവണേ’ എന്ന പ്രാര്‍ത്ഥനയായിരുന്നു അമ്മയുടെതു്.
ഭൂമിയോളം ക്ഷമ എന്നു കേട്ടിട്ടില്ലേ? ആ ക്ഷമയാണു് ഏറ്റവും വലിയ സദ്ഗുരു എന്നു മഹാകവി കുമാരനാശാന്‍ ‘ചിന്താവിഷ്ടയായ സീതയില്‍’ പാടിയിട്ടുള്ളതു് ഇവിടെ ഓര്‍മ്മിക്കട്ടെ. ആര്‍ഷദര്‍ശനത്തിലുണര്‍ന്നു്, വേദാന്ത ചിന്തകളുടെ രത്‌നഖനികള്‍ തുറന്നു തന്ന കവിയാണു് ആശാന്‍. ആ ക്ഷമ, ആ സഹിഷ്ണുത ജീവലോകത്തിനു മാതൃകയാവുന്നു, ഗുരു കാരുണ്യമാവുന്നു. ആ കാരുണ്യത്തിൻ്റെ കടല്ക്കരയില്‍ ശാന്തി തേടിയെത്തുന്ന പതിനായിരങ്ങള്‍ക്കു് അമ്മ അമൃതസാന്ത്വനമാവുന്നു; സ്നേഹത്തിൻ്റെ ഭിക്ഷാപാത്രമാകുന്നു; ആശ്രയസ്വപ്‌നമാകുന്നു; അഭയസത്രമാവുന്നു!
തേനുള്ള പൂക്കളില്‍ മാത്രമേ ചിത്രശലഭങ്ങള്‍ പറന്നെത്താറുള്ളൂ. വിളക്കിൻ്റെ ഒളിയുള്ളിടത്തേ ആത്മാവിൻ്റെ നിലവിളികള്‍ അസ്തമിക്കുകയുള്ളൂ. അനാഥമായ മനുഷ്യജന്മത്തില്‍ അകന്മഷമായ സ്നേഹത്തിൻ്റെ മധുരവും പ്രകാശവുമാണു് അമ്മ പൊഴിച്ചുകൊണ്ടിരിക്കുന്നതു്. അവിടേക്കു പുരുഷാരങ്ങള്‍ ഒഴുകിയെത്തുന്നതു സ്വാഭാവികം. സങ്കടപ്പെരുങ്കടല്‍ താണ്ടിയെത്തുന്നവരുടെ കണ്ണീരില്‍ ആ ഹൃദയം അലിയുന്നു. ആ സംഗമത്തിലും സമാശ്ലേഷത്തിലും എത്രയോ നൊമ്പരങ്ങള്‍ക്കറുതി ഉണ്ടാവുന്നു. എങ്കിലും നിയതിയുടെ വിധിയെ ആര്‍ക്കും മറി കടക്കുവാനാവുകയില്ല.
ജന്മാന്തരകൃതമായ പുണ്യപാപങ്ങളുടെ ഫലം നാം അനുഭവിച്ചേ തീരൂ. ഇതു ഭാരതീയവിശ്വാസമാണു്. ആ വിശ്വാസത്തില്‍ ആശ്വാസം നല്കാന്‍ ഒരാളുണ്ടാവുക എന്നതാണു് ഈശ്വരേച്ഛയായി കാണേണ്ടതു്. അതൊരിച്ഛാശക്തിയാണു്; മനക്കരുത്താണു്; ആത്മവീര്യമാണു്. അതുണ്ടാകുവാന്‍ അഹംബോധമറ്റ ഒരു ആത്മസമര്‍പ്പണമാണു വേണ്ടതു്. എല്ലാം അമ്മ അല്ലെങ്കില്‍ ജഗദീശ്വരിയായ കരുണാമയി എന്നൊരു വിചാരവും വിശ്വാസവുമുണ്ടാകുമ്പോള്‍ ആ വിശ്വാസത്തില്‍ നമ്മുടെ ഇഷ്ടദൈവങ്ങള്‍ക്കൊക്കെ ഒരേ രൂപവും ഭാവവും. അതുതന്നെ അദ്വൈതം.
ശ്രീശങ്കരനും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും മുങ്ങിക്കുളിച്ചുണര്‍ന്നതു് ആ തീര്‍ത്ഥത്തിലാണു്. അമ്മ അമൃതേശ്വരിയും ജ്ഞാന സ്‌നാനത്തിലുണര്‍ന്നതു് ആ തീര്‍ത്ഥത്തില്‍ത്തന്നെ. കലിയുഗമാണിതു്! ധര്‍മ്മച്യുതികളും സത്യവിരോധങ്ങളും ദയാരാഹിത്യവും സ്വാര്‍ത്ഥതയും പത്തിവിടര്‍ത്തിയാടുന്ന കാലം! മനുഷ്യൻ്റെ തിന്മകള്‍കൊണ്ടും അതിക്രമങ്ങള്‍കൊണ്ടും വിളിച്ചുവരുത്തുന്ന പ്രകൃതിദുരന്തങ്ങള്‍. അതിനിടയില്‍ ഒരിറ്റു ശാന്തി പകരുവാനാരുണ്ടു് എന്നു് അന്വേഷിക്കുമ്പോള്‍, കെടാവിളക്കുപോലെ അമ്മ! പ്രേമപയസ്വിനിയായ അമൃതേശ്വരീ! അമ്മേ! അവിടുത്തെ പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമം.
പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. ആദ്ധ്യാത്മികജീവികള്‍ക്കു ജന്മനാളും പക്കനാളുമൊന്നുമില്ല. അവരതൊക്കെ വിടേണ്ടവരാണു്. മക്കളുടെ സന്തോഷത്തിനായി അമ്മ ഇതിനൊക്കെ ഇരുന്നുതരുന്നു. പക്ഷേ, അമ്മയ്ക്കു സന്തോഷം ഉണ്ടാകുന്നതു നമ്മുടെ സംസ്‌കാരം ഉള്‍ക്കൊണ്ടുകൊണ്ടു്, നമ്മുടെ സംസ്‌കാരത്തെ പുനഃപ്രതിഷ്ഠ ചെയ്യും എന്നു മക്കള്‍ ഈ ദിവസം പ്രതിജ്ഞ എടുക്കുന്നതിലാണു്. അതനുസരിച്ചു ജീവിക്കുന്നതിലാണു്. ഈയൊരു നിശ്ചയദാർഢ്യമാണു നമുക്കുണ്ടാകേണ്ടതു്.
പലരും ഉയര്‍ത്താറുള്ള ഒരു ചോദ്യമുണ്ടു്, ”നാം എങ്ങോട്ടേക്കാണു പോകുന്നതു്?” ശരിയാണു്, ഋഷികളുടെ നാടായ ഭാരതം എങ്ങോട്ടേക്കാണു പൊയ്‌ക്കൊണ്ടിരിക്കുന്നതു്? നമ്മള്‍ ഓരോരുത്തരും നമ്മുടെ ഉള്ളിലേക്കു നോക്കി ചോദിക്കേണ്ട ഒരു ചോദ്യമാണിതു്. സമയം വൈകിയിരിക്കുന്നു. ഇനിയും അമാന്തിക്കുവാന്‍ പാടില്ല. വൈകിയാല്‍, അപകടമാണു്. ഇതു മക്കളെ ഭയപ്പെടുത്തുവാന്‍ വേണ്ടി അമ്മ പറയുന്നതല്ല. സത്യം തുറന്നുപറയുന്നു എന്നു മാത്രം. ഇനിയും ആശയ്ക്കു വകയുണ്ടു്. അപകടം മുന്നില്‍കണ്ടു്, ശ്രദ്ധിച്ചു നീങ്ങിയാല്‍ തീര്‍ത്തും അതിനെ മാറ്റിയെടുക്കുവാനും കഴിയും.
ഇതു അസത്യത്തിൻ്റെയും അധര്‍മ്മത്തിൻ്റെയും യുഗമാണു്. വിവേകബുദ്ധി നശിച്ച ഒരു സമൂഹമാണു ഇന്നു ചുറ്റും വളര്‍ന്നു കൊണ്ടിരിക്കുന്നതു്. വാസ്തവമായാലും അല്ലെങ്കിലും സമൂഹത്തിനു മാര്‍ഗ്ഗദര്‍ശികളായിരിക്കേണ്ട പലരുടെയും പേരു് ഇന്നു കളങ്കപ്പെട്ടിരിക്കുന്നു. ധര്‍മ്മത്തിൻ്റെ നാശം സര്‍വ്വത്ര പ്രകടമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും അമ്മയ്ക്കു തോന്നാറുണ്ടു്, നമുക്കു ഒരു വിപ്ലവംതന്നെ സൃഷ്ടിക്കേണ്ടതുണ്ടു്. ഇവിടെ ഒരു പ്രളയം വരണം. അതിനു് 2000-ാംമാണ്ടു വരുന്നതും കാത്തിരിക്കുകയല്ല വേണ്ടതു്.
ആ പ്രളയം, ഇപ്പോള്‍ ഇവിടെവച്ചു് ഉണ്ടാകണം. ഒരു നിമിഷം കൂടി അമാന്തിക്കുവാന്‍ പാടില്ല. പക്ഷേ, അമ്മ പറയുന്ന ആ പ്രളയം മനസ്സിൻ്റെ പ്രളയമാണു്. നമുക്കെല്ലാം മനസ്സുണ്ടു്, പക്ഷേ, മനഃസാക്ഷിയില്ല. അതിനാല്‍ ഈ മനസ്സിൻ്റെ ശുചീകരണമാണു് ഇന്നാവശ്യം. ഋഷിമാര്‍ നമുക്കു കനിഞ്ഞു നല്കിയ വരപ്രസാദമാണു് ആത്മീയത. അതു ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ നമ്മുടെ ജീവിതംതന്നെ ഇരുളടഞ്ഞതാകും. ഈ സംസ്‌കാരം നാം വേണ്ടവിധം ഉള്‍ക്കൊണ്ടില്ലെങ്കില്‍, നമ്മുടെ ജീവിതം നശിച്ചതിനു തുല്യമാണു്.
മറിച്ചു്, ആത്മീയത അറിഞ്ഞു് അതനുസരിച്ചു ജീവിച്ചാല്‍ നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും സുന്ദരവും ആനന്ദപൂര്‍ണ്ണവുമായിത്തീരും. അതിനാല്‍ ഈ ആത്മീയതയെ ജീവിതത്തില്‍ ഉദ്ധരിച്ചെടുക്കേണ്ടതു് എന്തുകൊണ്ടും ആവശ്യമാണു്. ധര്‍മ്മമാകുന്ന നമ്മുടെ മാതാവിനു് ഇന്നു ഹൃദ്രോഗം ബാധിച്ചിരിക്കുന്നു. എത്രയും പെട്ടെന്നു് ഓപ്പറേഷന്‍ ചെയ്തു രോഗം മാറ്റേണ്ടതുണ്ടു്. അതാണു നമ്മുടെ കടമ. അതിനുള്ള പ്രതിജ്ഞ ഇന്നുതന്നെ മക്കള്‍ എടുക്കണം.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എൻ്റെ ശ്വാസംമുട്ടലിനോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു. പലപ്പോഴും ദീനം സ്വാതന്ത്ര്യത്തെപ്പോലും നശിപ്പിക്കുന്ന ഒരു ബന്ധനമായിരുന്നു എനിക്കു്. മനസ്സിലെ ഇച്ഛയ്‌ക്കൊത്തു കുട്ടികളോടൊത്തു കൂടി കളിക്കുവാനോ കായല്‍പ്പരപ്പില്‍ നീന്തിത്തുടിക്കുവാനോ ഇഷ്ടമുള്ള ആഹാരങ്ങളെല്ലാം കഴിക്കാനോപോലും കഴിയാത്തവിധം അതെൻ്റെ ചെറുപ്പകാലത്തു് എന്നെ വരിഞ്ഞുകെട്ടിയിട്ടു. പരിസ്ഥിതിയിലെ ഏതുമാറ്റവും ശ്വാസംമുട്ടലിനു കാരണമാവും. ശ്വാസതടസ്സമുള്ളപ്പോള്‍ ആശ്വാസത്തിനായി കഴിക്കുന്ന മരുന്നുകള്‍ അല്പശാന്തിക്കുള്ള ഉപാധികള്‍ മാത്രം ആയിരുന്നു.
വളരുംതോറും ഞാന്‍ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ ആയി… ശ്വാസം മുട്ടലില്‍ നിന്നുള്ള മുക്തി മാത്രമായിരുന്നു എനിക്കു് അന്നുണ്ടായിരുന്ന ചിന്ത. മരുന്നുകള്‍ മാറിമാറി കഴിച്ചു. ചികിത്സകള്‍ മാറി… ദീനം ജന്മനാ ഉള്ളതായതുകൊണ്ടു പൂര്‍ണ്ണമായി ഭേദപ്പെടുകയില്ല എന്നതായിരുന്നു അറിവു്. നിഴലുപോലെ അസ്വാതന്ത്ര്യം എൻ്റെ പിന്നാലെയുണ്ടെന്ന അറിവു്. ശരിക്കും രോഗത്തില്‍നിന്നുള്ള ആശ്വാസം ഞാനാശിച്ചതു് ആ നാളുകളിലായിരുന്നു.
രോഗം മാറുവാനുള്ള ഇച്ഛയെന്നില്‍ കൂടിവന്നപ്പോള്‍ ഞാനോര്‍ത്തതു് അമ്മയെക്കുറിച്ചായിരുന്നു. ദീനം ഭേദപ്പെടാന്‍ അമ്മ എന്നെക്കാള്‍ ആശിച്ചിരുന്നു എന്നതു് എൻ്റെ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നിരുന്നു. അങ്ങനെയാണു് ഒരുനാള്‍ ഞാന്‍ അമ്മയോടു് ഇക്കാര്യം പറഞ്ഞതു്. എനിക്കു് രോഗത്തില്‍നിന്നുള്ള മുക്തി വേണം. മറ്റെന്തിലും വലുതു് ആരോഗ്യമുള്ള അവസ്ഥയാണു്… അമ്മയെന്നെ അരികിലേക്കണച്ചു. സമാശ്വസിപ്പിക്കുവാനായി ചിരിച്ചു… എന്നോടു രോഗം മാറുമെന്നു പറഞ്ഞു.
കൂടപ്പിറപ്പിൻ്റെ ശബ്ദമായിരുന്നില്ല അതു്. എൻ്റെ ആശ്വാസമിച്ഛിക്കുന്ന അമ്മയുടെ വാക്കുകളെ അന്നാദ്യമായി ഹൃദയംകൊണ്ടു് ഏറ്റുവാങ്ങുകയായിരുന്നു ഞാനപ്പോള്‍… അമ്മയ്ക്കല്ലാതെ അങ്ങനെ ഒരാളെ ആശ്വസിപ്പിക്കാനാവില്ല… മക്കള്‍ക്കല്ലാതെ ആ വാക്കുകള്‍ ആശ്വാസമരുളുകയും ചെയ്യുകയില്ല… അദ്ഭുതമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ നിഴലു പോലെ പിന്‍തുടര്‍ന്നിരുന്ന ആ ദീനം പിന്നീടു് ഈ നാളുവരെയും വന്നിട്ടില്ല. വിശ്വാസത്തിൻ്റെയും, ആധികളില്‍നിന്നു മനുഷ്യനു് ആശ്വാസമരുളുവാനുള്ള ഇച്ഛയുടെയും പ്രതിക്രിയ എന്നെ വിസ്മയിപ്പിച്ചിരുന്നു. പക്ഷേ, അതു് എന്നെ സംബന്ധിച്ചു യുക്തിക്കു നിരക്കാത്തതായിരുന്നില്ല. ആത്യന്തികമായ ആശ്വാസം വിശ്വാസത്തിൻ്റെയും ഇച്ഛയുടെയും വരദാനമാണെന്നു് എനിക്കുറപ്പുണ്ടായിരുന്നു…
ഈ സന്ദര്‍ഭത്തില്‍ മറ്റൊരനുഭവം കൂടി പങ്കുവയ്ക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. അന്നു ഞാന്‍ ആശ്രമാന്തേവാസിയാണു്. പരിമിതമായ സൗകര്യങ്ങളേയുള്ളൂ അന്നത്തെ ആശ്രമത്തിനു്. സുഗുണച്ഛന്‍ (അമ്മയുടെ അച്ഛന്‍) തൻ്റെ പാര്‍പ്പിടവും അതു നിന്നിരുന്ന 14 സെന്റു വരുന്ന പുരയിടവും ആശ്രമത്തിനായി നല്കിയ ശേഷം ബ്രഹ്‌മചാരികളെല്ലാം ഒരുമിച്ചു താമസിക്കുന്ന കാലം. പഠിപ്പു കഴിഞ്ഞു വന്ന ഞാനും അവരോടൊപ്പം കൂടി. അറിവിനപ്പുറമുള്ള അഖിലവും അറിയണമെന്ന ഇച്ഛയായിരുന്നു ഉള്ളില്‍. അമ്മയുടെ ഓരോ വാക്കുകളും സാധകൻ്റെ ആത്മവിശ്വാസത്തെ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കും വിധമായിരുന്നു.
അനന്യമായ ഒരു തരം പ്രചോദനം അമ്മയില്‍നിന്നും ഞങ്ങളന്നു് അനുഭവിച്ചിരുന്നു. പക്ഷേ, അമ്മ ആശ്രമത്തിലെ ചിട്ടകളുടെ കാര്യത്തില്‍ കര്‍ക്കശയായിരുന്നു. ആശ്രമത്തിലെ പതിവുകളും ചിട്ടകളും തെറ്റാന്‍ പാടില്ല. അന്തേവാസി ആയിരുന്നുവെങ്കിലും എൻ്റെ ഉള്ളില്‍ വേറിട്ട ഒരു ചിന്ത അഹംബോധമായി നിലനിന്നിരുന്നു. സത്യത്തില്‍ അക്കാര്യം എനിക്കുതന്നെ സ്വയമത്ര ബോധ്യപ്പെട്ടിരുന്നില്ല എന്നതു മറ്റൊരു വാസ്തവം. സത്യാന്വേഷകൻ്റെ ചിട്ടകള്‍ പാലിക്കുന്നതില്‍ ഞാന്‍ വീഴ്ച വരുത്തിയിരുന്നില്ല എന്ന ബോധ്യത്തിനപ്പുറം ഞാന്‍ അമ്മയുടെ കൂടപ്പിറപ്പാണെന്ന ഒരു അഭിമാനബോധവുമുണ്ടു്.
അങ്ങനെയിരിക്കെയാണു് ഒരു സംഭവം നടന്നതു്. ആശ്രമത്തിലെ താമസസൗകര്യത്തിനും അതോടനുബന്ധിച്ച ചിട്ട ക്രമങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നതു്, അമ്മ നീലുമോന്‍ (സ്വാമി പരമാത്മാനന്ദ പുരി) എന്നു വിളിച്ചിരുന്ന വിദേശശിഷ്യനായിരുന്നു. അദ്ദേഹമാകട്ടെ, ചിട്ടകള്‍ നടപ്പാക്കുന്നതില്‍ കടുകിട വ്യതിചലിക്കാത്തയാളായിരുന്നു. ബ്രഹ്‌മചാരികള്‍ താമസിക്കുന്ന ഓരോ ചെറുകുടിലിലും അദ്ദേഹത്തിൻ്റെ ശ്രദ്ധയെത്തും. പലപ്പോഴും നിയമപാലകൻ്റെ ധാര്‍ഷ്ട്യത്തോടെ ഇടപെടുകയും ചെയ്യും.
അന്നു കുടിലില്‍ ഉറങ്ങാനായി അനുവദിച്ചിരുന്ന പായകള്‍ എടുത്തപ്പോള്‍ ഒരെണ്ണം കൂടുതലെടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. നിലത്തു രണ്ടു പായകള്‍ ഒന്നിനു മീതെ ഒന്നായി വിരിച്ചാല്‍ തണുപ്പില്‍നിന്നു രക്ഷ നേടാം; അങ്ങനെ കിടക്കുകയും ചെയ്തു. പക്ഷേ, ആ നേരം നീലുമോന്‍ കുടിലിലെത്തി, ഞാന്‍ ചെയ്ത കടുംകൈ കണ്ടെത്തി. ഒരാളിനു് ഒരു പായ മാത്രമേ അനുവദിക്കൂ എന്നദ്ദേഹം പറഞ്ഞു. എന്തോ, എനിക്കദ്ദേഹത്തിൻ്റെ ധാര്‍ഷ്ട്യം അത്രയ്ക്കും പിടിച്ചില്ല. ഒരു പായയ്ക്കുകൂടിയുള്ള പരിഗണന എനിക്കില്ലേ എന്നാണു് അപ്പോള്‍ മനസ്സില്‍ വന്നതു്. മാത്രവുമല്ല, ഭാരതംപോലെ ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ഒരു പൗരനു രണ്ടുപായ വിരിച്ചുറങ്ങാനാവില്ലെന്നു് സായ്പ് പറഞ്ഞാല്‍ അതു് അംഗീകരിച്ചു കൊടുത്തിരുന്ന കാലം കഴിഞ്ഞുപോയെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.
അദ്ദേഹം കുടിലില്‍ നിന്നിറങ്ങിപ്പോയി. എനിക്കു കാര്യം മനസ്സിലായി. അമ്മയോടു പരാതി അറിയിക്കാനാണു പോക്കു്. അമ്മയന്വേഷിച്ചാല്‍ പറയേണ്ടുന്ന കാര്യങ്ങള്‍ ഞാനും മനസ്സില്‍ കരുതിവച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെയാണു കാര്യങ്ങള്‍ നീങ്ങിയതു്. പക്ഷേ, പരിണതി മാത്രം അപ്രതീക്ഷിതമായിരുന്നു. അമ്മ കാര്യമന്വേഷിച്ചപ്പോള്‍ ഞാന്‍ വിനയപുരസ്സരം മറുപടി പറഞ്ഞു. നീലുമോൻ്റെ സമീപനം ശരിയല്ലെന്നും ഞാന്‍ പരാതിയുന്നയിച്ചു. അമ്മയുടെ നിയമങ്ങള്‍ അതേ പടി പാലിക്കുമെന്നും അതിനു് അയാള്‍ ധാര്‍ഷ്ട്യം കലര്‍ന്ന ആജ്ഞ നല്‌കേണ്ടതില്ലല്ലോയെന്നും ഞാന്‍ പറഞ്ഞു.
പക്ഷേ, അമ്മയുടെ മറുപടി കര്‍ക്കശമായിരുന്നു. അമ്മ പറഞ്ഞു, അന്തേവാസിയായി കഴിയണമെങ്കില്‍ ആശ്രമത്തിലെ മനുഷ്യരല്ല ഒരു ചെറു പ്രാണിപോലും പറയുന്നതു കേള്‍ക്കാനുള്ള മനസ്സുവേണമെന്നു്. എനിക്കു മനസ്സു് വേദനിച്ചു. ഞാന്‍ ആശ്രമം വിട്ടിറങ്ങിപ്പോന്നു. തൊഴില്‍ ചെയ്തു ജീവിക്കുവാനാണു ഞാനപ്പോള്‍ തീരുമാനിച്ചതു്. മറ്റൊരു സുഹൃത്തിനോടൊത്തു താമസിച്ചു് ഒരു തൊഴില്‍ ശരിപ്പെടുത്തുകയും ചെയ്തു. പക്ഷേ, നാളുകള്‍ കഴിഞ്ഞപ്പോള്‍ എൻ്റെ ധാരണകള്‍ മാറി മറിഞ്ഞു. അമ്മ എന്തു പറയണമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചതു് എന്നു ഞാന്‍ ചിന്തിച്ചുനോക്കി. എൻ്റെയുള്ളിലെ അഹങ്കാരത്തിൻ്റെ ആഴം ഞാനപ്പോഴാണു മനസ്സിലാക്കിയതു്.
അമ്മയെന്ന മഹാഗുരുവില്‍നിന്നു് അങ്ങനെയൊരു സന്ദര്‍ഭത്തില്‍ മറ്റെന്താണു പ്രതീക്ഷിക്കാനാവുക..? എനിക്കു വല്ലാത്ത ദുഃഖം തോന്നി. ഞാന്‍ അമ്മയ്ക്കരികിലേക്കു തിരികെ എത്തി. ആ പാദം നമസ്‌കരിച്ചു സംഭവിച്ചു പോയ പിഴവു മനസ്സിലായെന്നു പറഞ്ഞു. അമ്മയുടെ മുഖത്തു പഴയ കാര്‍ക്കശ്യം തെല്ലുമുണ്ടായിരുന്നില്ല. അമ്മ ചിരിയോടെ അരികിലണച്ചു. എന്നിട്ടു മനസ്സിനെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു തന്നു. മഹാഗുരുവിൻ്റെ പാഠശാല ജീവിതം തന്നെയാണു്.
മനസ്സിൻ്റെ ഭിഷഗ്വരനായ അമ്മ പിന്നീടെനിക്കു ബോധ്യമാക്കിത്തന്നതു ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിസ്സാരതയാണു്. കേരളത്തെ നടുക്കിയ സുനാമി ബാധയുടെ നേരം. ഞാന്‍ കടല്‍ത്തിരകള്‍ നാശംവിതച്ച ആലപ്പാട്ടെ തീര പ്രദേശത്തു തന്നെയുണ്ടായിരുന്നു. ഉറ്റവരും അടുപ്പമുള്ളവരുമായ ധാരാളം പേര്‍ ഒരു നിമിഷത്തില്‍ ഇല്ലാതെ വരുന്നതിൻ്റെ ഞെട്ടലാണു ഞാനന്നനുഭവിച്ചതു്. അമ്മയുടെ നേതൃത്വത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഉടന്‍ തന്നെ പങ്കാളിയായി. മരണമടഞ്ഞ ഉറ്റവരെ ഓര്‍ത്തുകരയുന്ന മക്കളെ മടിയില്‍ക്കിടത്തി സാന്ത്വനിപ്പിക്കുകയും ശേഷിച്ച ജീവിതങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു അമ്മ ചെയ്തുകൊണ്ടിരുന്നതു്. അമ്മ മക്കള്‍ക്കഭയമാകുന്നതിൻ്റെ നേര്‍ക്കാഴ്ചകള്‍ ഹൃദയാനുഭവങ്ങളായി എൻ്റെ ഉള്ളില്‍ തറഞ്ഞു… അതോടൊപ്പംതന്നെ എൻ്റെയുള്ളില്‍ ഒരു പരിണാമം സംഭവിക്കുകയായിരുന്നു.
ആ കാലത്തു് എനിക്കുള്ള മറ്റൊരു ദീനംകൂടി കണ്ടുപിടിക്കപ്പെട്ടിരുന്നു. ഹൃദയ സംബന്ധിയായ അസുഖമായിരുന്നു അതു്. ദീനകാരണം ജന്മനാ ഉള്ളതാണെന്നും അതുകൊണ്ടു് ഇനിമേല്‍ ആപത്തു വരാതിരിക്കാനായി ചില മരുന്നുകള്‍ നിത്യേന കഴിക്കണമെന്നുമായിരുന്നു വൈദ്യനിര്‍ദ്ദേശം. അതനുസരിച്ചു ഞാന്‍ പ്രതിദിനം ഏഴോളം ഗുളികകള്‍തന്നെ കഴിക്കുന്നുണ്ടായിരുന്നു. സുനാമി ബാധയുടെ കെടുതികളില്‍നിന്നു് അമ്മ മക്കളെ കൈപിടിച്ചു കരേറ്റുന്നതു കണ്ടപ്പോള്‍ ഞാനൊരു തീരുമാനം എടുത്തു. ഇത്രയേറെ നശ്വരമായ ജീവിതം നിലനിര്‍ത്തുവാനായി മരുന്നു കഴിക്കുന്നതെന്തിനെന്നാണു ഞാന്‍ ചിന്തിച്ചതു്. നിത്യശക്തിയുടെ രക്ഷ എൻ്റെ വിധിയാണെങ്കില്‍ അതു മതിയെന്നു ഞാന്‍ നിനച്ചു.
ഒപ്പം കൊണ്ടുനടക്കാറുണ്ടായിരുന്ന മരുന്നുകള്‍ നിറച്ച ചെപ്പു ഞാന്‍ ആ നേരംതന്നെ ഉപേക്ഷിച്ചുകളഞ്ഞു. അമ്മയിലുള്ള മനസ്സു് മതിയാകും അതിനപ്പുറമൊന്നും വേണ്ടെന്നു ഞാനുള്ളില്‍ നിനച്ചിരുന്നു. ഇപ്പോള്‍ എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ സംഭവം കഴിഞ്ഞിട്ടു മരുന്നിൻ്റെ കാര്യം ഞാനിപ്പോള്‍ ഓര്‍മ്മിക്കാറുപോലും ഇല്ല. അസുഖം എന്നെ പിന്നീടു് അലട്ടിയിട്ടുമില്ല. ആദിയില്‍ ശരീരത്തിൻ്റെ ഭിഷഗ്വരനായിരുന്ന അമ്മ എന്നില്‍ ആ നേരം മനസ്സിൻ്റെ ഭിഷഗ്വരനായി മാറുകയായിരുന്നു. രോഗത്തിൻ്റെ അനുഭവങ്ങളില്‍നിന്നും വീണ്ടെടുത്ത അതേ വിശ്വാസം എൻ്റെ മനസ്സില്‍നിന്നും രോഗമെന്ന ആശയത്തെത്തന്നെ നീക്കം ചെയ്യുകയായിരുന്നു…. മനസ്സിൻ്റെ ആധികളില്‍നിന്നും ഉള്‍ഭയങ്ങളില്‍നിന്നുമുള്ള പുറത്തു വരലായിരുന്നു അതെനിക്കു്.
ഇവിടെയാണു് ഏറ്റവും പ്രധാനമായ ഒരു വസ്തുത സൂചിപ്പിക്കുവാനുള്ളതു്. ഞാന്‍ എങ്ങനെയാണു് ഈ സ്ഥിതിയില്‍തന്നെയായി തീര്‍ന്നതു് എന്നതാണതു്. ഒരു പക്ഷേ, ശ്വാസം മുട്ടലിനാല്‍ വലഞ്ഞിരുന്ന ഒരു ചെറുകുട്ടിയെ കൈകളിലെടുത്തു് ആശുപത്രിയിലെത്തിച്ചതു മുതല്‍, അവന്‍ രോഗങ്ങളെയും മരുന്നിനെയും സംബന്ധിച്ച ആധികള്‍ വെടിഞ്ഞവനായിത്തീരുംവരെയുള്ള ജീവിതാനുഭവങ്ങളുടെ പരിണതിയാണതു്. വിശ്വാസലബ്ധമായ ധൈര്യത്തിൻ്റെയും അതുവഴി യഥാര്‍ത്ഥ ജ്ഞാനത്തെ സംബന്ധിച്ച അറിവിൻ്റെയും പാതയിലേക്കു് എൻ്റെ ജീവിതത്തെ നയിച്ചതു് അമ്മയെന്ന മഹാശക്തിയും അവിടുന്നേകിയ അനുഭവങ്ങളുമാണു്. ഇവിടെ അമ്മയെന്ന അനുഭവസത്യം ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഭിഷഗ്വരന്‍ എന്നതിലുപരി ആത്മാവിൻ്റെ ഭിഷഗ്വരനായി മാറുകയാണു്.
ചെറുപ്പകാലത്തു് ആശ്രമത്തിൻ്റെതായി പന്തളത്തു കുരമ്പാലയിലുള്ള ക്ഷേത്രത്തില്‍ ഞാന്‍ ചിലനാളുകള്‍ പൂജാരിയായി കഴിഞ്ഞിരുന്നു. ഭക്തിയുടെ ആകാശ വിശാലത മനസ്സറിഞ്ഞ ആ നാളുകളില്‍ എനിക്കു വേദനാജനകമായ ഒരനുഭവമുണ്ടായി. സ്ഥലവാസിയായ ഒരാള്‍ ക്ഷേത്രത്തെ നശിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു അതു്. അന്നത്തെ എൻ്റെ ഭക്ത മനസ്സില്‍ തൻ്റെതന്നെ ഒരു പിശകായാണു് അതു ഞാന്‍ മനസ്സിലാക്കിയതു്. ഞാന്‍ ചെയ്തിരുന്ന പൂജാകര്‍മ്മങ്ങളിലെ ദോഷമാവണം ക്ഷേത്രത്തിനു് അങ്ങനെയൊരു വിധിയുണ്ടാകാന്‍ കാരണമെന്നു് എൻ്റെ മനസ്സു് വേദനിച്ചു. അന്നു രാത്രി ഞാനുറങ്ങിയതേയില്ല. പിറ്റേന്നു പുലര്‍കാലത്തു തന്നെ അമ്മ ആശ്രമത്തില്‍നിന്നു സ്വാമി അമൃതാത്മാനന്ദപുരിയെ കുരമ്പാല അമ്പലത്തിലേക്കയച്ചു. അവിടെ എനിക്കു് എന്തോ വിഷമമുണ്ടെന്നും അമ്മ അദ്ദേഹത്തോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആ സംഭവവും എന്നില്‍ അദ്ഭുതമുളവാക്കിയില്ല. അകലെയായിരിക്കുമ്പോഴും അമ്മയോടു നിരന്തരം സംവദിക്കുവാന്‍ സാധിക്കുമെന്നു് എനിക്കു വിശ്വാസമുണ്ടായിരുന്നു.
ചുവടുകള്‍ പതറുമ്പോഴൊക്കെയും ആ കാരുണ്യം എന്നെ കൈ പിടിച്ചു നടത്തിയിട്ടുണ്ടു്. വേദാന്ത പഠനത്തിൻ്റെ കാര്‍ക്കശ്യത്തിലും ഹിമാലയജീവിതത്തിലെ ത്യാഗ സന്നദ്ധതയിലും എൻ്റെ മനസ്സു് അഹംഭാവത്തിൻ്റെ നിഴലാര്‍ന്ന നാളുകളും ഓര്‍മ്മിച്ചുപോകുന്നു. ഹൃദയത്തില്‍നിന്നും ഈശ്വരനെ വിളിക്കാനുള്ള നൈസര്‍ഗ്ഗിക ശേഷിയെ അമ്മയെപ്പോഴും എനിക്കു ചൂണ്ടിക്കാട്ടിത്തന്നു. തത്ത്വത്തിലെ ഭക്തിയുടെ പൊരുളും അവിടുന്നുതന്നെ അനുഭവങ്ങളിലൂടെ പഠിപ്പിക്കുകയായിരുന്നു. അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മഹദ്‌സന്ദേശങ്ങള്‍ തന്നെയാകുന്നു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളുമല്ല, അമ്മയെന്ന ജീവിക്കുന്ന മാതൃകയിലാണു ജീവല്‍ഭാഷയിലെ അറിവു ലഭിക്കുക. നേര്‍ക്കാഴ്ചയായി, അനുഭവമായി, തത്ത്വങ്ങള്‍ ജീവിക്കുന്ന മാതൃകയായി മുന്നിലുള്ളപ്പോള്‍ മറ്റെവിടെയാണലയാനുള്ളതെന്നു ഞാന്‍ സ്വയം ചോദിച്ചുപോകുന്നു.
ഞങ്ങള്‍ പറയ കടവുകാര്‍ ഇന്നും ചെറിയ മനുഷ്യരാണു്. ജലരാശിയാല്‍ വലയം ചെയ്യപ്പെട്ട ചെറിയ കരകളില്‍നിന്നും ഇന്നു ഞങ്ങള്‍ക്കു ചക്രവാളത്തിൻ്റെ വിശാലതയ്ക്കപ്പുറമുള്ള ലോകം കാണുവാനാവുന്നുണ്ടു്. ലോകത്തിനു സ്നേഹമേകുന്ന വിശ്വമാതാവിൻ്റെ മണ്ണായി ഞങ്ങളീ കരയെ ഹൃദയത്തിലേറ്റുന്നു… അമ്മയോടൊത്തുള്ള കഴിഞ്ഞുപോയ അറുപതു വര്‍ഷങ്ങള്‍…! ഞങ്ങളിന്നു കാറ്റിൻ്റെയും ആകാശമേഘങ്ങളുടെയും സഞ്ചാരനിയോഗങ്ങളുടെ പൊരുളറിയുന്നു…