‘ശുചിത്വം ഈശ്വരത്വമാണ്. പ്രകൃതിദത്തമായ ഒന്നിനെയും മോടിപിടിപ്പിക്കേണ്ട കാര്യമില്ല. അതിന് അറ്റകുറ്റപണികളും ആവശ്യമില്ല. കാടിനും കടലിനും മലകൾക്കും നദികൾക്കുമൊക്കെ പ്രകൃതിദത്തമായ സൗന്ദര്യമുണ്ട്. അതൊന്നും ദിവസവും തൂത്തുവാരി വൃത്തിയാക്കേണ്ട കാര്യമില്ല. മനുഷ്യനാണ് അവയൊക്കെ വൃത്തികേടാക്കുന്നത്. പക്ഷേ, മനുഷ്യൻ സൃഷ്ടിക്കുന്നതെന്തും ദിവസവും വൃത്തിയാക്കണം; അറ്റകുറ്റപണികളും ചെയ്യണം. എന്നാൽ, നമ്മുടെ പൊതുസ്ഥലങ്ങളേയും അവിടെയുള്ള മൂത്രപ്പുരകളെയും കക്കുസുകളെയും നമ്മുടെ നിരത്തുകളേയും നമ്മൾ ഏതാണ്ട് പൂർണ്ണമായും അവഗണിച്ച മട്ടിലാണ്. വൃത്തിയില്ലായ്മയുടെ പേരിൽ നമ്മുടെ രാജ്യത്തിന്നുണ്ടാക്കിയ അപമാനം കുറച്ചൊന്നുമല്ല.

കോമൺവെൽത്ത് ഗെയിംസ്സിൽ കായികതാരങ്ങൾക്ക് താമസിക്കാനൊരുക്കിയ ഇടങ്ങൾപോലും മുറുക്കിത്തുപ്പിയും ചപ്പുചവറുകളിട്ടും നമ്മൾ വൃത്തികേടാക്കുന്നു. അത് വിദേശചാനലുകളിൽ കാണിച്ച് നമ്മളെ പരിഹസിക്കുന്നു. വിദേശത്തെ പത്രമാസികളിൽ നമ്മുടെ റോഡുകളുടേയും പൊതുസ്ഥലങ്ങളുടേയും വൃത്തിയില്ലായ്മയെ വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ വന്നു. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

ഭാരതം ആണവശക്തിയാണ്. സമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതിരംഗത്തും ഭാരതം മുന്നേറുന്നു. 2025ൽ ഭാരതം ലോകത്തിലെതന്നെ മൂന്നാമത്തെ ശക്തിയാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, പരിസരവൃത്തിയുടെ കാര്യത്തിൽ ഇപ്പോഴും വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല എന്നതാണു് അവസ്ഥ. ജനിച്ച നാടിന്റെ ആത്മാഭിമാനത്തെ കുത്തി മുറിവേല്പിക്കുമ്പോൾ ഹൃദയം വേദനിക്കണം, ‘ഈ അവസ്ഥ ഇല്ലാതാക്കാൻ എനിക്കെന്തു ചെയ്യാൻ കഴിയും’ എന്ന് ആത്മാർത്ഥമായി ചിന്തിക്കണം. നമ്മളാൽ കഴിയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കണം. പത്രം,ടി.വി. ചാനലുകളുടെ സംഭാവന ഇക്കാര്യത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കും എന്നു ഞാൻ വിശ്വസിക്കുന്നു.’

കേരളത്തിൽ മുഴുവൻ ശുചീകരണത്തിന്റെ ഒരു പുതിയ അദ്ധ്യായം തുറക്കുമെന്നും ഇതിനായി സന്നദ്ധപ്രവർത്തകർക്കു സൈക്കിളും വിദ്യാർത്ഥികൾക്കു പത്തു ലക്ഷം തൂവാലകളും നല്കുമെന്നു് 57-മത് ജൻമദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തവേ അമ്മ പറഞ്ഞു.

27/09/2010, അമൃതപുരി

ഒൻപതു ഭാരതീയഭാഷകളിലായി ആരംഭിച്ച മാതാ അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക ഭാരതീയഭാഷാ അന്തർജാലങ്ങൾ (വെബ്‌സൈറ്റ്) ബിഷപ്പ് മാർ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്തു. മലയാളം, തമിഴ്, കന്നട, തെലുങ്ക്, മാറാഠി, ഹിന്ദി, പഞ്ചാബി, ബംഗാളി, സംസ്‌കൃതം തുടങ്ങിയ ഭാഷകളലാണ് അന്തർജാലങ്ങൾ ഇപ്പോൾ ലഭ്യമാവുക.

അൻപതിയേഴു വയസ്സുകൊണ്ടു നൂറു വയസ്സിന്റെ പ്രവർത്തനം നടത്തിയ അമ്മയെ സാധാരണമായതു് അസാധാരണമാക്കുന്നതു എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. ‘സാധാരണക്കാരെ അസാധാരണക്കാരാക്കുന്ന എല്ലാ വിദ്യകളും അമ്മയുടെ കൈയിലുണ്ടു്’ എന്നു ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാർ ക്രിസോസ്റ്റം പറഞ്ഞു.

നർമ്മോക്തി നിറഞ്ഞ പ്രഭാഷണത്തിൽ തന്നെപ്പോലെ അല്ല അമ്മയെന്നു കിസോസ്റ്റം തിരുമേനി പറഞ്ഞു. ‘ഞങ്ങളൊക്കെ പ്രസംഗിക്കുകയേയുള്ളൂ. അമ്മയ്ക്കു പ്രസംഗം കുറവും പ്രവൃത്തി കൂടുതലുമാണു്. തനിക്കു അമ്മയോടു് ഒരു അപേക്ഷയേയുള്ളൂ. ആറാറു മാസം കൂടുമ്പോൾ മഠം മാറ്റി സ്ഥാപിക്കണം. എന്നാൽ കേരളം മുഴുവൻ വികസിക്കുമെന്നു ക്രിസോസ്റ്റം പറഞ്ഞു. സമൂഹം അധഃപതിക്കുന്ന എന്നു പറയുന്നവരോടു തനിക്കു പറയാനുള്ളതു്, അമ്മയില്ലായിരുന്നുവെങ്കിൽ സമൂഹംതന്നെ കാണുകയില്ലായിരുന്നുവെന്നു’ മാർ ക്രിസോസ്റ്റം ഓർമ്മിപ്പിച്ചു.

27/09/2010, അമൃതപുരി

സ്ത്രീകളുടെ അനാഥത്വത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരമായി അമ്മയുടെ കരുണാർദ്രസങ്കല്പത്തിലാണു അമൃതശ്രീ സുരക്ഷാ പദ്ധതി ഇതൾവിരിഞ്ഞതു്. അയ്യായിരം തൊഴിൽ സംഘങ്ങളിലൂടെ ഒരു ലക്ഷം വനിതകളെ തൊഴിൽ സജ്ജരാക്കാൻ അമ്മയുടെ അൻപത്തിനാലാം ജന്മദിനത്തിൽ 2007ലാണു പദ്ധതി ആരംഭിച്ചതു്. ജാതിമതവേലിക്കെട്ടുകൾക്കു് അതീതമായി ആറായിരത്തിലധികം വനിതാതൊഴിൽസംഘങ്ങളുടെ കൂട്ടായ്മയായി അമൃതശ്രീ ഇന്നു വളർന്നിരിക്കുന്നു. അംഗങ്ങളുടെ വാസനയ്ക്കനുസൃതമായി തൊഴിൽമേഖല കണ്ടെത്താനും പരിശീലനം നല്കാനും കുറഞ്ഞ നിരക്കിൽ പ്രവർത്തനമൂലധനം ലഭ്യമാക്കാനും വിഭാവനം ചെയ്യുന്നതാണു പദ്ധതി. സ്വാശ്രയസംഘങ്ങളിലെ ഒരു ലക്ഷം അംഗങ്ങളെ ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവന്ന പദ്ധതിക്കാണു് ഇന്നു തുടക്കം കുറിച്ചതു്.

പതിനായിരം പേർക്കു് ഉദ്ഘാടനവേളയിൽ പോളിസി നല്കി. സ്വാഭാവികമരണം സംഭവിച്ചാൽ 40,000 രൂപയും അപകടമരണം സംഭവിച്ചാൽ 85,000 രൂപയും സ്ഥിരം അംഗവൈകല്യത്തിനു് 75,000 രൂപയും അംഗവൈകല്യത്തിനു് 35,000 രൂപയും നല്കുന്ന പദ്ധതി എൽ.ഐ.സി.യുമായി ചേർന്നാണു മഠം നടപ്പിലാക്കുന്നതു്. കൂടാതെ പതിനഞ്ചു ശതമാനം അമൃതശ്രീ കുടുംബാംഗങ്ങളുടെ കുട്ടികൾക്കു പ്രതിവർഷം 1,200 രൂപ വീതം പഠന സ്കോളർഷിപ്പും നല്കും.

മഠത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അമൃത സ്വാശ്രയസംഘങ്ങളിലെ അംഗങ്ങളായ ഒരു ലക്ഷത്തിൽപ്പരം വനിതകൾക്കു് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന ‘അമൃതശ്രീ സുരക്ഷാപദ്ധതി’ കേന്ദ്ര വിവരസാങ്കേതിക സഹമന്ത്രി ഗുരുദാസ് കാമത്ത് ഉദ്ഘാടനം ചെയ്തു. അമ്മയിൽനിന്നും പ്രീമിയം തുകയായ 15 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഗുരുദാസ് കാമത്ത് ഏറ്റുവാങ്ങി എൽ.ഐ.സിയുടെ സീനിയർ ഡിവിഷണൽ മാനേജർ ദ്വൊരൈസാമിക്കു കൈമാറി.

കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹ്യസാമ്പത്തിക മേഖലകളിൽ വൻ പരിവർത്തനത്തിനാണു ശ്രീ മാതാ അമൃതാനന്ദമയീ ദേവി തുടക്കമിട്ടിരിക്കുന്നതെന്നു കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അഭിപ്രായപ്പെട്ടു. പൗരാണികഭാരതീയ സംസ്‌കാരം ഒരു മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ നന്മ ഉറപ്പാക്കിയിരുന്നു. അമ്മയെപ്പോലെ ഋഷിവര്യന്മാരാണു ഈ സംസ്‌കൃതിയുടെ ചിരന്തനമൂല്യങ്ങൾ ഇന്നും ഭാരതത്തിൽ നിലനിർത്തുന്നതു്. ഭൗതികപുരോഗതി കൈവരിച്ചെങ്കിലും ജീവിതത്തിന്റെ നിലവാരം താഴുന്നു. അമ്മ ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ ഒരു പുതിയ ലോകമാണു വിഭാവന ചെയ്യുന്നതും സ്നേഹത്തിന്റെ ആദ്ധ്യാത്മികതയുടെയും ലോകം നിർമ്മലഭാരതം എന്ന അമ്മയുടെ പുതിയ പദ്ധതിതന്നെ അമ്മയുടെ പ്രവർത്തനത്തിന്റെ ഉൾക്കാഴ്ച വെളിവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

27/09/2010, അമൃതപുരി

അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ സേവനത്തിനു അമ്മയോടു രാജ്യം കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ജന്മം നമ്മുടെ പുണ്യമാണു് മന്ത്രി പറഞ്ഞു.

വൈദികവൈജ്ഞാനിക ആദ്ധ്യാത്മിക താന്ത്രിക മേഖലകളിലെ പണ്ഡിത പ്രതിഭകളെ ആദരിക്കാൻ മഠം ഏർപ്പെടുത്തിയ അമൃതകീർത്തി പുരസ്‌കാരം കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: എൻ.പി. ഉണ്ണിക്കു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അമൃതപുരി, 27/09/2010

ജഗത്ഗുരുശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പിറന്നാളിനോടനുബന്ധിച്ച് നൽകുന്ന അമൃതകീർത്തി പുരസ്‌കാരത്തിന് കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എൻ. പി ഉണ്ണിയെ തിരഞ്ഞെടുത്തു. വൈദികവൈജ്ഞാനിക ആദ്ധ്യാത്മിക താന്ത്രിക മേഖലകളിലെ പണ്ഡിത പ്രതിഭകളെ ആദരിക്കാൻ മഠം ഏർപ്പെടുത്തിയ അമൃതകീർത്തി പുരസ്‌കാരം, അമ്മയുടെ 57-മത് ജന്മദിനത്തിൽ കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എൻ.പി. ഉണ്ണിക്കു കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അമ്മയുടെ കൈകളിൽ നിന്ന് ഏറ്റുവാങ്ങി സമ്മാനിച്ചു.

‘ശേഷിച്ച ജീവിതം ആദ്ധ്യാത്മിക പുരോഗതിക്കായി സമർപ്പിക്കുകയാണെന്ന് വാഗ്ദാനം ചെയ്യുന്നു. അതിനായി അമ്മ വേണ്ടവിധം എന്നെ നയിക്കണം’ എന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി നന്ദിപ്രകാശിപ്പിച്ചുകൊണ്ട് ഡോ: ഉണ്ണി പറഞ്ഞു.

ആദ്ധ്യാത്മിക, ദാർശനിക, വൈജ്ഞാനിക സാഹിത്യത്തിന് സമഗ്ര സംഭാവനകൾ നൽകുന്നവർക്കാണ് അമൃതകീർത്തി പുരസ്‌കാരം നൽകുന്നത്. 123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അമൃതകീർത്തി പുരസ്‌കാരം.

സംഭാവനകൾ

ഭാരതീയസംസ്‌കാരത്തിന്റെ അനഘരത്‌നഖനിയായ സംസ്‌കൃതത്തിന്റെ മുത്തുകളും രത്‌നങ്ങളും പാശ്ചാത്യസംസ്‌കൃതിക്കു പരിചിതമാക്കിയ ഡോ: ഉണ്ണി നാല്പതിലേറെ പ്രൗഡഗ്രന്ഥങ്ങളുടെ കർത്താവാണു്.

തന്ത്രപദ്ധതിയേക്കുറിച്ചും തന്ത്രത്തേക്കുറിച്ചും ഇംഗ്ലീഷിൽ രചിച്ച ഗ്രന്ഥം, കേരള തന്ത്രസാഹിത്യത്തിന്റെ ആംഗലേയ വിവർത്തനവും പഠനവും, ശങ്കരസ്മൃതി വിവർത്തനവും പഠനവും തുടങ്ങിയ ഗ്രന്ഥങ്ങൾ പൗര്യസ്ത്യ പാശ്ചാത്യ സംസ്‌കാരങ്ങളെ വിളക്കിചേർക്കുന്ന കണ്ണികളായി. കൗടില്യന്റെ അർഥശാസ്ത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പഠനവും, മൂന്നോളം വാല്യങ്ങളായി പ്രസിദ്ധീകരിച്ച അർഥശാസ്ത്രവ്യാഖ്യാനം എന്നിവ ഇംഗ്ലീഷിൽ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ ഏറെ ആദരവ് പിടിച്ചുപറ്റി.

കാളിദാസന്റെ സമ്പൂർണ്ണ കൃതികൾ ആംഗലേയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഡോ. ഉണ്ണി, മലയാളഭാഷയിലും ഈടുറ്റ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗണേശപുരാണം (മലയാളപരിഭാഷ), 108 ഉപനിഷത്തുകളുടെ മലയാളപരിഭാഷ, ശ്രീമദ് ദേവീഭാഗവതം (ടിപ്പണിയോടുകൂടി), 70ഓളം പുരാണങ്ങളുടെ സംക്ഷിപ്ത വിവരണമായ പുരാണസർവ്വസ്വം തുടങ്ങിയവ അതിൽ ചിലതുമാത്രം.

വിവിധ സർവകലാശാലകളിൽ ഡോ.ഉണ്ണി വിസിറ്റിംഗ് പ്രൊഫസറായും 12ഓളം സർവകലാശാലകളിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ സംസ്‌കൃതിയെക്കുറിച്ചുള്ള 150ഓളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 വർഷത്തെ അദ്ധ്യാപന രംഗത്തെ സേവനത്തിനിടയിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഡോ. ഉണ്ണി സംസ്‌കൃതഭാഷ പകർന്നുനൽകി.

ജീവിതം

ശ്രീ വല്ലഭന്റെ (തിരുവല്ല) തിരുമുറ്റത്തുനിന്നും ശ്രീ പത്മനാഭ സന്നിധിയിലേയ്ക്കുള്ള (തിരുവനന്തപുരം) യാത്രയിൽ ഡോ. എൻ.പി.ഉണ്ണിയ്ക്ക് സൂര്യ തേജസ്സായി വഴികാട്ടിയത് സംസ്‌കൃതഭാഷ മാത്രമായിരുന്നു. സംസ്‌കൃതത്തിന്റെ കൈപിടിച്ച് പ്രകാശത്തിലേക്ക് നടന്നപ്പോൾ പടിഞ്ഞാറൻ നാടുകൾക്ക് ദേവനാഗരിക ഭാഷയുടെ സത്തയും സൗന്ദര്യവും പകർന്നു നൽകാൻ അദ്ദേഹത്തിനു സാധിച്ചു.

1936 ജനവരി 26ന് തിരുവല്ലയിലാണ് അദ്ദേഹം ജനിച്ചത്. 1958ൽ സംസ്‌കൃതം ബി.ഏ. ഓണേഴ്‌സ് പാസ്സാവുന്നത് സ്വർണ്ണ തിളക്കത്തോടെ ഒന്നാം റാങ്ക് നേടിയാണ്. 1972ൽ കേരള സർവ്വകലാശാലയിൽ സംസ്‌കൃതം റീഡറായി. 80മുതൽ 96വരെ അവിടെ സംസ്‌കൃത വിഭാഗം മേധാവിയായി സേവനം അനുഷ്ഠിച്ചു. ശ്രീശങ്കരന്റെ പാദമുദ്ര പതിഞ്ഞ കാലടിയിലെ സംസ്‌കൃത സർവ്വകലാശാലയുടെ മുഴുവൻസമയ വൈസ്ചാർസിലറായി 96മുതൽ 2000വരെ സേവനം അനുഷ്ഠിച്ചു.