ഇന്നു് നിലവിലുള്ള എല്ലാ മതങ്ങളും ഒരു മതസ്ഥാപകനിൽനിന്നു് രൂപം കൊണ്ടിട്ടുള്ളതാണ്. ഓരോ മതസ്ഥാപകനും, തന്റെ ഹൃദയത്തിൽ അനുഭവിച്ച സത്യത്തിലേക്കുള്ള മാർഗ്ഗമാണ്, ഒരോ മതവും. ഒരു പ്രത്യേക മതസ്ഥാപകനെ ചൂണ്ടിക്കാണിക്കുവാനില്ലാത്ത ഹിന്ദുമതവും, അതിന്റെ ഉപജ്ഞാതാക്കളായ അനേകം ഋഷിമാരുടെ ഉള്ളത്തിൽ തെളിഞ്ഞ സത്യത്തിന്റെ ആവിഷ്‌കാരമാണ്. ഇവരെല്ലാം അനുഭവിച്ച സത്യം ഒന്നുതന്നെയായിരുന്നു എന്നു് എല്ലാ മതതത്ത്വങ്ങളും ഏകാഗ്രതയോടെ പഠിച്ചു മനനം ചെയ്യുന്ന ഒരുവനു് അറിയുവാൻ കഴിയും. സത്യം മനസ്സിന്റെ നിശ്ചലതയിലാണു് വെളിവാകുന്നത്. മനസ്സിന്റെ നിശ്ചലത, ലോകത്തിന്റെ ഏതു ഭാഗത്തും വെളിവാക്കുന്നതു് ഒരേ സത്യം തന്നെയായിരിക്കും. കാലദേശസീമകൾക്കു് അതിനെ സ്വാധീനിക്കുവാനാവില്ല.

പിന്നെ എന്തുകൊണ്ടു് വിവിധ മതങ്ങളുടെ സ്വാധീനത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾ തമ്മിൽ ഇന്നും മത്സരം നിലനില്ക്കുന്നു. കാരണം ഒരോ മതത്തിന്റെയും അന്തസത്ത, അതിന്റെ യഥാർത്ഥഭാവത്തിൽ അനുയായികൾക്കു് ഉൾക്കൊള്ളുവാനായില്ല എന്നതാണു് വാസ്തവം. മതതത്ത്വങ്ങളേക്കാൾ, ആധുനികലോകത്തിന്റെ ദുഷ് പ്രവണതകളാണു് ഇന്നുള്ളവരെ നയിക്കുന്നത്. ഇന്നു് ഓരോ മതവും സംഘടിത പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ഭരണനേതൃത്വവും തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനുള്ള ഉപകരണമാക്കി മതങ്ങളെ മാറ്റുന്നതിൽ വിജയിച്ചിട്ടുണ്ടെന്നു് കാണുവാൻ സാധിക്കും. ഓരോ രാഷ്ട്രവും തങ്ങളുടെ അതിർത്തികൾ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി പരസ്പരം പോരടിക്കുന്നതുപോലെ, മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ മതങ്ങൾ തമ്മിൽ തല്ലുന്നതു് നമുക്കു കാണുവാൻ സാധിക്കും. എന്നാൽ അവയുടെ ആഴത്തിലേക്കിറങ്ങുന്ന ഒരുവനു് ഒരോ മതത്തിന്റെയും ആന്തരികസത്ത ഒന്നുതന്നെയാണെന്നറിയുവാൻ അധികം പ്രയാസപ്പെടേണ്ടിവരില്ല. ഇന്നു മതങ്ങളെ പലരും മനുഷ്യന്റെ ഭൗതികസാഹചര്യങ്ങളെ സമൃദ്ധമാക്കുന്നതിനുള്ള ഉപാധിയായിട്ടാണു് കാണുന്നത്. ഇതു് മതത്തിന്റെ യഥാർത്ഥ ലക്ഷ്യം നാം മറക്കുന്നതുമൂലം സംഭവിക്കുന്ന ഭവിഷ്യത്താണ്.

മനുഷ്യന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള അധികാരം, രാഷ്ട്രനേതൃത്വത്തിനും ഭരണാധികാരികൾക്കും നമുക്കു വിട്ടുകൊടുക്കാം. ഒരോമതവും, മനുഷ്യനെ, അതിന്റെ ആചാര്യൻ കണ്ടെത്തിയ ആന്തരികസത്തയിലേക്കു് നയിക്കുവാനായിരിക്കണം ശ്രമിക്കേണ്ടത്. അപ്പോൾ മാത്രമേ മതത്തിനു് അതിന്റെ ലക്ഷ്യം കണ്ടെത്തുവാൻ കഴിയൂ. ഇവിടെ മതങ്ങൾ തമ്മിലുള്ള ഭിന്നതകൾ ഇല്ലാതാവുന്നതു് കാണുവാൻ കഴിയും. രാഷ്ട്രങ്ങളുടെ അതിർത്തിവരമ്പു് നിർണ്ണയിക്കുവാനാകാതെ, അതു് പ്രപഞ്ചസീമകൾക്കപ്പുറം കടന്നു നില്ക്കുന്നതു് ദർശിക്കുവാൻ സാധിക്കും. തന്റെ ഹൃദയത്തിനുള്ളിൽനിന്നും നിറഞ്ഞുകവിയുന്ന ആ കാരുണ്യം, വിശ്വം നിറഞ്ഞുനില്ക്കുന്നതു് അനുഭവിക്കുവാൻ സാധിക്കും. അവിടെ വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ല.

എല്ലാ മതങ്ങളും ആഗ്രഹിക്കുന്നതു് ലേകത്തു് ശാന്തിയും സമാധാനവുമാണ്. എന്നാൽ അതിന്റെ പ്രചരണത്തിനിടയിൽത്തന്നെ പരസ്പരം തമ്മിൽത്തല്ലി ആയിരങ്ങൾ മരിച്ചിട്ടുള്ളതു് ചരിത്രത്തിലേക്കു് തിരിഞ്ഞുനോക്കുമ്പോൾ നമുക്കു് കാണുവാൻ കഴിയും. ചരിത്രാതീതകാലം മുതലുള്ള ഒരോ സംഭവങ്ങളെയും നാം പഠിക്കുമ്പോൾ, സംഘർഷങ്ങളും യുദ്ധങ്ങളും എല്ലാംതന്നെ ഏതെങ്കിലും ഒരു വ്യക്തിയുടെ ഉള്ളിൽ ഉണർന്ന ഒരു ചിന്തയുടെ പരിണതഫലമാണെന്നുകാണാം. ഒരു വ്യക്തിയുടെ ഉള്ളിലെ ചിന്ത വളർന്നു് വികാസം പ്രാപിച്ചിട്ടുള്ളതാണ് ലോകത്തുണ്ടായിട്ടുള്ള എല്ലാ സംഘർഷങ്ങളും, യുദ്ധങ്ങളും.

വ്യക്തിയിലെ ആസുരികതയെ നീക്കംചെയ്യാത്തിടത്തോളം ലോകത്തു് ശാന്തിയും സമാധാനവും നിലനിർത്തുവാനാവില്ല. അതൊന്നു മാത്രമാണു് വിശ്വമാനവികതക്കുവേണ്ടി മതത്തിനു ചെയ്യുവാനുള്ളതും. മതം ലക്ഷ്യമാക്കുന്നതു് മനുഷ്യമനസ്സിന്റെ ശുദ്ധീകരണമാണ്. സ്വന്തം മനസ്സു് ഒരുവനു ചെയ്യുന്നിടത്തോളം കഷ്ടതകൾ ഒരു ശത്രുവിനുകൂടി ചെയ്യുവാനാവില്ല. എന്നാൽ അതേ മനസ്സിനെത്തന്നെ നിയന്ത്രണത്തിത്തിലാക്കുവാനായാൽ ഏതൊരു ബന്ധുവിനെക്കാളും, എന്തിനു് സ്വന്തം പെറ്റമ്മയേക്കാളും സഹായിയായി മാറും.

സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യരാശിയുടെ പ്രാർത്ഥന ലോകാരംഭം മുതൽ തുടങ്ങിയിട്ടുള്ളതാണ്. എന്നാൽ സമാധാനം ലോകത്തു കാണുവാൻ ഇല്ല. ലോകസമാധാനത്തിനുവേണ്ടി വലിയ കൂടിയാലോചനകൾ നടക്കുമ്പോൾ, അതിന്റെ യഥാർത്ഥകാരണം നാം വിസ്മരിക്കുന്നു. ലോകസംഘർഷം ഒഴിവാക്കണമെങ്കിൽ, അദ്യം മനുഷ്യൻ അവന്റെയുള്ളിലെ സംഘർഷം ഒഴിവാക്കണം. അതിനുവേണ്ടതു് മനസ്സിനെ നിയന്ത്രിക്കുവാൻ പരിശീലിക്കുക എന്നതാണ്.

ഭൗതികശാസ്ത്രത്തിനു് മനുഷ്യന്റെ ജനതികരഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ കഴിഞ്ഞേക്കാം, എന്നാൽ അവന്റെ മനസ്സിനെ നിയന്ത്രിക്കുവാൻ ആദ്ധ്യാത്മികശാസ്ത്രം പറയുന്ന പാതയിലൂടെ നീങ്ങുകതന്നെ വേണം. ആധുനികലോകം മനുഷ്യന്റെ ഭൗതികസുഖസൗകര്യങ്ങൾ ഒരുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, അതനുഭവിക്കേണ്ട മനുഷ്യനെ പാടെ മറക്കുന്നു. ഇതുമൂലം, ശാസ്ത്രത്തിന്റെ നേട്ടങ്ങളുടെ ഫലം വേണ്ടവണ്ണം അനുഭവിക്കാനാകാതെ മനുഷ്യൻ മണ്ണടിയുന്നു. ഇവിടെയാണു് അധുനിക സമൂഹത്തിൽ മതത്തിനുള്ള പ്രസക്തി.

അന്ധകാരത്തെ അന്ധകാരംകൊണ്ടു് തുടച്ചുമാറ്റുവാനാവില്ല. അതിനു് പ്രകാശംതന്നെ വേണം. വിദ്വേഷത്തെ വിദ്വേഷംകൊണ്ടു് ഇല്ലായ്മ ചെയ്യുവാനാവില്ല. അതിനു് ആവശ്യം സ്നേഹവും കാരുണ്യവുമാണ്. സന്തോഷവും സമാധാനവും ഒരുവന്റെ മനസ്സിലാണു് കുടികൊള്ളുന്നത്. അതിനാൽ ലോകത്തു് സമാധാനം നിലനില്ക്കണമെങ്കിൽ വ്യക്തിയുടെ മനസ്സിൽ ആദ്യം സമാധാനവും സന്തോഷവും നിറയണം. ഭൂമിയുടെ മറുകോണിൽ ഇരിക്കുന്ന ഒരു കുഞ്ഞു കുരുവിയുടെ ഹൃദയസ്പന്ദനം അതിന്റെ തള്ളയ്ക്കു സ്വന്തം ഹൃദയത്തിനുള്ളിൽ ശ്രവിക്കുവാൻ സാധിക്കും. അന്യരുടെ വേദന സ്വന്തം വേദനയായി അനുഭവിക്കുവാൻ കഴിയുന്ന ഒരു തലത്തിലേക്കു് ഒരോ മനുഷ്യനേയും ഉയർത്തുക എന്നതാണു് എല്ലാ മതങ്ങളും ലക്ഷ്യമാക്കുന്നത്.

സന്തോഷവും സമാധാനവും ഭൗതികലോകുത്തു തേടുന്നത്, മഴവില്ലിന്റെ അറ്റം കണ്ടെത്തുവാൻ ശ്രമിക്കുന്നതുപോലെയാണ്. അടുക്കുംതോറും അതകന്നു കൊണ്ടിരിക്കും. എത്ര തിരഞ്ഞാലും അതു കണ്ടെത്താനാവില്ല. ശാന്തിയും സമാധാനവും അവനവന്റെ ഉള്ളിൽതന്നെ തിരയണം. ആഗ്രഹമാണു് ഒരുവനെ അവന്റെ ഉണ്മയിൽനിന്നും അകറ്റികൊണ്ടുപോകുന്നത്. അതു് അവന്റെ ജീവിതത്തിൽ പ്രശ്‌നങ്ങൾക്കു് തുടക്കം കുറിക്കുകയാണ്. ഈ ലോകത്തു് സർവ്വജീവരാശിക്കും കഴിയുവാൻ വേണ്ടതെല്ലാം ഉണ്ട്. എന്നാൽ ഒരു മനുഷ്യന്റെ അത്യാർത്തിക്കു നിവൃത്തി വരുത്തുവാൻ വേണ്ടത്ര ഇവിടെയില്ല. ഇതിൽനിന്നും മനുഷ്യനു് വിടുതൽ നേടണമെങ്കിൽ മതത്തിന്റെ സത്ത ഉൾക്കൊണ്ടു് ജീവിക്കുക മാത്രമേ വഴിയുള്ളൂ. മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ബന്ധിച്ചുനില്ക്കുന്നവർക്ക്, അതിന്റെ കാമ്പു് നുണയുവാൻ സാധിക്കുകയില്ല. ഒരോ മതവും നിലനില്ക്കുന്നതു് അതിന്റെ ആചാര്യനിൽനിന്നും നിർഗ്ഗളിച്ച കാരുണ്യത്തിലാണ്. അതു് സ്വന്തം ഹൃദയത്തിൽ ആവാഹിച്ചുൾക്കൊള്ളുകയാണു് ഒരു മതാനുയായിയുടെ ധർമ്മം. ആ കാരുണ്യം അവരിൽനിന്നു് അറിയാതെ സമസ്തജീവരാശികളിലേക്കും ആ സമയം പ്രവഹിക്കും. എല്ലാവരോടും കാരുണ്യമുള്ളവരായിരിക്കുന്നതിൽ നാം പരാജയപ്പെടുമ്പോൾ, നാം നമ്മുടെ മനസ്സിലെ ശാന്തി ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്.

ഒരു രാജാവു് വലിയ ദുഃഖിതനായിരുന്നു. അദ്ദേഹം ഒരു മഹാത്മാവിനെ സമീപിച്ചു് തന്റെ വിഷമസ്ഥിതി അറിയിച്ചു. മഹാത്മാവു് പറഞ്ഞു, ആ രാജ്യത്തെ ഏറ്റവും തൃപ്തനായ മനുഷ്യന്റെ ഷർട്ടു ധരിച്ചാൽ അങ്ങയുടെ പ്രശ്‌നം പരിഹരിക്കും. രാജാവു് വളരെക്കാലം തിരഞ്ഞതിനുശേഷം അവസാനം തൃപ്തനായ ഒരു മനുഷ്യനെ കണ്ടെത്തി. പക്ഷേ അദ്ദേഹത്തിനു് ഷർട്ടുണ്ടായിരുന്നില്ല. ജീവിതകാലം മുഴുവൻ സമ്പത്തുനേടുന്നതിനുവേണ്ടി വിനിയോഗിക്കുന്നവർ അവസാനം ആ സത്യം മനസ്സിലാക്കും, ലോകത്തുള്ള സർവ്വസമ്പത്തും നല്കിയാലും മനഃശാന്തിയുടെ ഒരു തരി കൂടി വിലക്കുവാങ്ങുവാനാവില്ല. ഈ സത്യം മനുഷ്യസമൂഹത്തിനു് പകർന്നു നല്കുന്നത്, മഹാത്മാക്കളാണ്. അതു് മനുഷ്യജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ സഹായിക്കുക എന്നതാണു് മതത്തിനുള്ള പങ്ക്. ഒരുവനു് സമാധാനത്തോടും സന്തോഷത്തോടും ജീവിക്കുവാനുള്ള എളുപ്പവഴി, മറ്റുള്ളവരെ അങ്ങനെ ജീവിക്കുവാൻ അനുവദിക്കുക എന്നതാണ്.

പ്രപഞ്ചത്തിൽ എവിടെയും ശാന്തിയും സമാധാനവും നിറഞ്ഞുനില്ക്കുന്നു. എന്നാൽ, മനുഷ്യന്റെ സ്വാർത്ഥതകാരണം അതവനു് അനുഭവിക്കാൻ സാധിക്കുന്നില്ല. പ്രപഞ്ചത്തിലുള്ള ഏതൊന്നിനും അതിന്റേതായ സൗന്ദര്യമുണ്ട്. എന്നാൽ ആരും അതുകാണുന്നില്ല എന്നുമാത്രം. ഇതിനൊക്കെ സാധിക്കുവാൻ തക്കവണ്ണം മനുഷ്യനെ പ്രാപ്തനാക്കുന്നത്, മതത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുള്ള ജീവതമാണ്. മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണു് ഇന്നാവശ്യം. ഇതു് ഒരോ മനുഷ്യഹൃദയത്തിലേക്കും എത്തിക്കുവാനുള്ള കൂട്ടായ യത്‌നമാണു് ഇന്നാവശ്യം. അതിനു് മതത്തിന്റെ പുറമേയുള്ള ആചാരനുഷ്ഠാനങ്ങൾക്കുപരി അതിന്റെ ആന്തരികസത്ത ഒരോ ഹൃദയത്തിനും ഏറ്റുവാങ്ങുവാനാകണം.

ഓണം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉത്സവമാണ്. നമ്മുടെ പൈതൃകത്തിന്റെ ഉത്സവമാണ്. മധുരിക്കുന്ന ഓർമ്മകളുടെയും മാധുര്യമുള്ള പ്രതീക്ഷകളുടെയും ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും ഒരുപോലെ കൊണ്ടാടുന്ന ഉത്സവമാണ് ഓണം. എന്നാൽ ഓണത്തിന്റെ യഥാർത്ഥ സന്ദേശം എന്താണെന്നുകൂടി ചിന്തിക്കേണ്ട അവസരമാണിത്. ഓണത്തിന്റെ തത്വത്തിലേയ്ക്ക് ഓണത്തിന്റെ മൂല്യങ്ങളിലേയ്ക്ക് നമ്മൾ അടുക്കുന്നുണ്ടോ? അതോ ഓരോ ഓണവും പിന്നിടുമ്പോഴും നമ്മൾ അവയിൽ നിന്നും അകലുകയാണോ ചെയ്യുന്നത്?

ഓണം ഐശ്വര്യപൂർണ്ണമായ ഒരു കാലത്തിന്റെ ഓർമ്മമാത്രമല്ല. മനുഷ്യൻ ഈശ്വരനിലേയ്ക്ക് ഉയർന്നതിന്റെ, നരൻ നാരായണനിലേയ്ക്ക് ഉയർന്നതിന്റെ സന്ദേശം കൂടിയാണ്. എല്ലാം സമർപ്പിക്കുന്നവൻ എല്ലാം നേടുമെന്ന വലിയ സത്യത്തിന്റെ വിളമ്പരമാണ് തിരുവോണം. അതിൽ ത്യാഗത്തിന്റെ സന്ദേശമുണ്ട്. സ്വാർത്ഥതയിൽനിന്നും നിസ്വാർത്ഥതയിലേയ്ക്ക് ഉയരാനുള്ള സന്ദേശമുണ്ട്, അഹങ്കാരത്തിൽനിന്നും വിനയത്തിലേയ്ക്ക് ഉയരാനുള്ള സന്ദേശമുണ്ട്. സത്യവും ധർമ്മവും സ്‌നേഹവും സമത്വവും ദാനവും കാരുണ്യവുമൊക്കെ പുലർന്നിരുന്ന ഒരു നല്ല കാലത്തെ വീണ്ടെടുക്കാനുള്ള ആഹ്വാനമുണ്ട്.

ഭക്തന്റെ മനസ്സിൽ അഹങ്കാരം വളർന്നാൽ ഭഗവാനതു മാറ്റും. ശിഷ്യന്റെ ഉള്ളിൽ അഹങ്കാരം വളർന്നാൽ ഗുരു അതു തുടച്ചുകളയും. അത് ഗുരുവിന്റെ കാരുണ്യമാണ്. ഇതുതന്നെയാണ് മഹാബലിയുടെ കാര്യത്തിലും സംഭവിച്ചത്. ബലിയിലുണ്ടായിരുന്ന അഹങ്കാരത്തെയും ആസുരികതയെയും അകറ്റി ബലിയെ ഉദ്ധരിക്കുകയാണ് ഭഗവാൻ ചെയ്തത്. നശ്വരതയിൽ നിന്നും അനശ്വരതയിലേയ്ക്കും മരണത്തിൽ നിന്നും അമൃത പദത്തിലേയ്ക്കും അവിടുന്ന് ബലിയെ ഉയർത്തി. തന്റെ ശിരസ്സു ഭഗവാന്റെ മുൻപിൽ സമർപ്പിച്ചപ്പോഴാണല്ലോ, മഹാബലി പൂർണ്ണനായത്. ശിരസ്സ് അഹങ്കാരത്തിന്റെ ഇരിപ്പിടമാണ്. ഈ അഹങ്കാരം അഥവാ ഞാനെന്ന ഭാവമാണ് ജീവനെ ഈശ്വരനിൽ നിന്നും വേർതിരിക്കുന്നത്. എല്ലാ ദുഃഖത്തിനും കാരണം ഇതുതന്നെ. ഗുരുകൃപകൊണ്ട് മാത്രമേ അഹങ്കാരത്തെ പൂർണ്ണമായും ജയിക്കാൻ കഴിയൂ.

ഓണത്തിന് അത്തപ്പൂക്കളമിടുന്ന മത്സരം നാടെങ്ങും നടക്കാറുണ്ട്. പലതരം വർണ്ണ പുഷ്പങ്ങൾ ചേർത്ത് വെച്ച് ഓരോ ടീമും അത്തപ്പൂക്കളങ്ങൾ ഉണ്ടാക്കും. ഇതിലെ ഓരോ നിറവും മനുഷ്യന്റെ അർത്ഥം, കാമം, തുടങ്ങിയ ലക്ഷ്യങ്ങളുടെ പ്രതീകമാണ്. എന്നാൽ ഈ നിറങ്ങൾ പൂക്കളത്തിന്റെ വൃത്തത്തിൽ ഒതുങ്ങി നിന്നാലെ അതിന് സൗന്ദര്യമുണ്ടാകൂ. അങ്ങനെയല്ലെങ്കിൽ മത്സരത്തിൽ തോറ്റു പോകും. വൃത്തം ധർമ്മത്തിന്റെ പ്രതീകമാണ്. ജീവിതമാകുന്ന മത്സരത്തിൽ നമ്മൾ വിജയിക്കണമെങ്കിൽ നമ്മുടെ ലക്ഷ്യങ്ങളും നമ്മുടെ സുഖങ്ങളും ധർമ്മമാകുന്ന വൃത്തത്തിൽ ഒതുങ്ങി നില്ക്കണം. അങ്ങനെയായാൽ ജീവിതത്തിന് അഴകും മിഴിവും ഉണ്ടാകും. ജീവിതം സന്തോഷ പൂർണ്ണമാകും.

– അമ്മയുടെ ഓണസന്ദേശത്തിൽ നിന്ന്, 2011 അമൃതപുരി

കണ്ണൂര്‍ ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വേളയില്‍

ഇത് ബ്രഹ്മസ്ഥാനമാണ്. എങ്ങും നിറഞ്ഞ ബ്രഹ്മത്തിന് പ്രത്യേക സ്ഥാനമുണ്ടോ എന്ന് ചോദിക്കാം. അതെ, എല്ലായിടവും ബ്രഹ്മസ്ഥാനമാണ്. പക്‌ഷേ നിങ്ങൾ ഇപ്പോൾ ആ ബോധത്തിലല്ല ജീവിക്കുന്നത്. നിങ്ങളെ ബ്രഹ്മബോധത്തിലേക്ക് ഉണർത്താനും ഉയർത്താനും വേണ്ടിയിട്ടാണ് ഈ പ്രതിഷ്ഠ. ഇവിടെ ഒരൊറ്റ സങ്കല്പത്തിൽ ഒരു ശിലയിൽ നാല് ദേവതകൾക്ക് ചൈതന്യം പകർന്നിരിക്കുന്നു. ഒരേ ബ്രഹ്മത്തിന്റെ വിവിധ മുഖങ്ങളാണ് ഈ നാല് രൂപങ്ങളും എന്നു കാണുക. ഒരാളുടെ കൈയും കാലും കണ്ണും മൂക്കുമൊക്കെ കാണുമ്പോൾ വ്യത്യസ്തമായ അവയവങ്ങളായിട്ടല്ലല്ലോ മറിച്ച് ഏകമായ മനുഷ്യരൂപത്തെയല്ലേ നമ്മൾ ദർശിക്കുന്നത്. നാനാവസ്തുക്കളെ അഗ്‌നിയിൽ ഹോമിച്ചാൽ അവയെല്ലം ഏകമായ ഭസ്മമായിത്തീരുന്നു. അതുപോലെ ജ്ഞാനാഗ്‌നിയിൽ നാനാത്വബോധം നശിച്ച് ഏകമായ ബ്രഹ്മബോധം ഉണരുന്നു. നാനാത്വത്തിൽ ഏകത്വം ദർശിക്കുക എന്നതാണ് ഈ പ്രതിഷ്ഠയുടെ തത്വവും സന്ദേശവും.

‘ശിവനും ദേവിയ്ക്കുമാണ് ഇവിടെ പ്രാമുഖ്യം. പ്രപഞ്ചകാരിണിയായ മൂലപ്രകൃതിയാണ് ദേവി. പ്രാരബ്ധങ്ങളെ സ്വയം സ്വീകരിച്ച് ലോകത്തെ ശുദ്ധീകരിക്കുന്ന ബ്രഹ്മഭാവമാണ് ശിവൻ. വിഘ്‌നങ്ങളെ അകറ്റുന്ന ദേവനാണ് ഗണപതി. നാഗം മുരുകനെ സൂചിപ്പിക്കുന്നു. ശിവശക്തി കുടുംബമാണ് ഇവിടം. നാഗം കുണ്ഡലിനിയുടെ പ്രതീകം കൂടിയാണ്. യോഗവിഘ്‌നങ്ങളെ ജയിച്ച് കുണ്ഡലിനീശക്തി നാഗരൂപത്തിൽ മുന്നോട്ട് ഗമിച്ച് ശിവനുമായി ഐക്യം പ്രാപിച്ച് ബ്രഹ്മഭാവത്തിലെത്തുന്നതിന്റെ പ്രതീകം കൂടിയാണു് ഈ പ്രതിഷ്ഠ. ജനങ്ങളെ വിഗ്രഹത്തിൽ ബന്ധിക്കുകയല്ല, ആത്മസാക്ഷാത് ക്കാരത്തിലേക്ക് നയിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അമ്മ പ്രാണൻ പകർന്നിരിക്കുന്ന ഈ പ്രതിഷ്ഠക്ക് ഒരിക്കലും ചൈതന്യലോപം വരികയില്ല.

‘ജനങ്ങൾ ഓരോ ദശാസന്ധിയിലും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അമ്മയ്ക്ക് നേരിൽ അറിയാം. അവരുടെ പ്രാരബ്ധദുഃഖശമനത്തിനു അമ്മ ആവിഷ്‌കരിച്ച സമൂഹ ഗ്രഹദോഷനിവാരണ പൂജകൾ ഇവിടെയുണ്ടാകും. പിതൃബലി ചെയ്യുന്നതുപോലെ ഭക്തജനങ്ങൾ സ്വയംതന്നെ പൂജചെയ്യണം. എങ്കിലേ പ്രാരബ്ധശമനം ഉണ്ടാകുകയുള്ളൂ. ദുരിതശാന്തിക്കു വേണ്ടിയുള്ള പൂജകൾ ചെയ്യുന്നതു നല്ലതുതന്നെ. അതോടൊപ്പം ഇഷ്ടദൈവത്തെ പ്രാർത്ഥിച്ച് പരമാത്മാവിൽ തന്നെ എത്തിച്ചേരുന്നതാണ് ഉത്തമം. ഗ്രഹദേവതകളെയും മറ്റു ദേവതകളെയും ഇഷ്ടദൈവത്തിന്റെ തന്നെ അംശങ്ങളായി കാണണം.

‘ക്ഷേത്രത്തിൽ പോയാൽ ജപം, ധ്യാനം, അർച്ചന തുടങ്ങിയവ ചെയ്ത് ആ ചൈതന്യ പൂർണ്ണമായ അന്തരീക്ഷത്തിൽ കുറച്ച് സമയം ചിലവഴിച്ചാലേ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ. കാര്യസാധ്യത്തിനു വേണ്ടിയുള്ള ഭക്തിയിൽനിന്നു നിഷ്‌കാമഭക്തിയിലേക്കു് ഉയരണം. സൃഷ്ടിയിൽ സ്രഷ്ടാവിനെ കണ്ടു സേവിക്കുന്നതാണ് ഉത്തമമായ ഭക്തി.

– അമ്മ

2011 ജൂലൈ 25
ടോക്കിയോ

നാല് മാസം മുൻപുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ ബന്ധുക്കളും എല്ലാം നഷ്ടപ്പെട്ടവരുമായ നിരവധി പേർ ജപ്പാനിൽ അമ്മയെ ദർശിക്കാൻ എത്തി. ഇപ്പോഴും ദുരന്തം വിതച്ച ഭയത്തിന്റെയും റേഡിയഷനെ കുറിച്ചുള്ള ഭീതിയുടെയും പിടിയിലാണവർ. പലരും അമ്മയോട് ചോദിച്ചു, ‘അമ്മേ ഞങ്ങളുടെ ഈ രാജ്യം സുരക്ഷിതമാണോ? ഞങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളും സുരക്ഷിതരായിക്കുമോ?’ അവരുടെ ദുഃഖം കണ്ട് വേദനിച്ച അമ്മ അന്ന് വൈകുന്നേരത്തെ പരിപാടി കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റർ ദൂരെ സെന്റായിലുള്ള ഏറ്റവും വലിയ അഭയകേന്ദ്രവും സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഷിജിഗാഹാമ കടൽത്തീരവും സന്ദർശിക്കാൻ തീരുമാനിച്ചു.

ജപ്പാനീസ് ഭക്തന്മാരും കൂടെ യാത്ര ചെയ്യുന്നവരും ഉൾപ്പെടെയുള്ള ഒരു വലിയ സംഘത്തോടൊപ്പം വെളുപ്പിന് 5.30ന് ദർശനം അവസാനിച്ച ഉടൻ തന്നെ അമ്മ സെന്റായ്ക്ക് പുറപ്പെട്ടു.

അഭയകേന്ദ്രത്തിലെത്തിയ അമ്മ ഇരുന്നൂറോളം വരുന്ന അന്തേവാസികളെ ഓരോരുത്തരേയും നേരിൽ കണ്ട് തലോടി ആശ്വസിപ്പിച്ചു. അവരോട് അമ്മ പറഞ്ഞു, ‘ഒരു വലിയ സംഭവം കഴിഞ്ഞ സമയത്താണ് അമ്മ ഇവിടെ എത്തുന്നത്. അതിന്റെ ഞെട്ടലിൽ നിന്നു മക്കൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല. വാക്കുകൾപ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്റെ ചില സാഹചര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയില്ല. സ്വീകരിക്കാൻ മാത്രമേ സാധിക്കൂ. ഈ അവസരത്തിൽ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാൻ എത്തിയതാണിവിടെ.’

അഭയ കേന്ദ്രത്തിൽ നിന്നും അമ്മ നേരെ പോയത് ഷിജിഗാഹാമ കടപ്പുറത്തേക്കാണ്. മഹാസമുദ്രത്തിനെ നോക്കി അമ്മ ഏറെ സമയം നിശബ്ദയായി നിലകൊണ്ടു. പിന്നീട് അമ്മയോടൊപ്പം എല്ലാവരും ‘ഓം ശാന്തി’ മന്ത്രം ജപിച്ചു. തുടർന്ന് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ചൊല്ലി. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മക്കായി പ്രാർത്ഥാനാ പൂർവ്വം അമ്മയും ഭക്തന്മാരും പൂക്കൾ സമർപ്പിച്ചു. കടലലകൾ ആ പുഷ്പ ദളങ്ങളെ വാരിയെടുത്തുകൊണ്ടുപോയി.

2011 ജൂലൈ 23, ടോക്കിയോ, ജപ്പാന്‍

2011 മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (എകദേശം നാലര കോടി രൂപ) നല്‍കുമെന്ന് ഇന്നലെ ടോക്കിയോയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് അറിയിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഈ തുക ചിലവഴിക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. ചടങ്ങില്‍ സുനാമി ബാധിത പ്രദേശമായ മിയാഗി ഗവര്‍ണ്ണറുടെ പ്രതിനിധി ശ്രീ കെയ്ക്കി സോമ പങ്കെടുത്തു.

അമ്മയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എം.എ സെന്റര്‍ (മാതാ അമൃതാനന്ദമയീ സെന്റര്‍) ആണ്, ഈ തുക സംഭാവനയായി നല്‍കുന്നത്. മാതാ അമൃതാനന്ദമയി സെന്ററിന്റെ ആഗോളതലത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കുന്ന‘എംബ്രേയ്‌സിങ്ങ് ദി വേള്‍ഡ്’ സുനാമി നാമവശേഷമാക്കിയ ഗ്രാമങ്ങളില്‍ ആദ്യം മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നിരുന്നു.

ശവശരീരങ്ങള്‍ നീക്കം ചെയ്യുക, തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുക, അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന പ്രായമായവരെയും കുട്ടികളേയും സഹായിക്കുക, ആഹാരം, വസ്ര്തം, കുടിവെള്ളം, മരുന്ന്, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്. ഇതുകൂടാതെ, സ്ഥലവാസികളായവര്‍ക്ക് മനഃശക്തി വീണ്ടെടുക്കുന്നതിനുള്ള ആത്മീയവും മനഃശാസ്ര്തപരവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും അമ്മയുടെ ഭക്തന്മാര്‍ നേതൃത്വം നല്‍കി.