മനുഷ്യന്റെ ആത്യന്തികമായ ദുഃഖനിവൃത്തിയെയാണു സനാതനധര്‍മ്മത്തില്‍ മോക്ഷമെന്നു പറയുന്നത്. അതെങ്ങനെ നേടാം എന്നതിനു് ഒറ്റ വഴി എന്ന നിര്‍ബ്ബന്ധബുദ്ധി സനാതനധര്‍മ്മത്തിലില്ല. ഓരോരുത്തരുടെയും ശാരീരികവും മാനസികവും ബുദ്ധിപരവുമായ നിലയനുസരിച്ചു യോജിച്ചതു ഗുരു നിര്‍ദ്ദേശിക്കുകയാണു ചെയ്യുന്നത്. ഒരു താക്കോല്‍കൊണ്ടു് എല്ലാ പെട്ടികളും തുറക്കാന്‍ കഴിയില്ല. അതുപോലെ നമ്മുടെ മനസ്സു് തുറക്കണമെങ്കിലും അവനവന്റെ അറിവിനും സംസ്‌കാരത്തിനും ഇണങ്ങുന്ന മാര്‍ഗ്ഗം വേണം. ഒരു നദി ഒരേ വഴിയിലൂടെ ഒഴുകിയാല്‍ എത്ര പേര്‍ക്കായിരിക്കും ഗുണമുണ്ടാവുക? അതേ നദി പല കൈ വഴികളിലൂടെ ഒഴുകുമ്പോള്‍ അവയുടെയെല്ലാം കരകളില്‍ താമസിക്കുന്ന ആളുകള്‍ക്കു പ്രയോജനം ലഭിക്കുന്നു. ഇതേപോലെ ഗുരുക്കന്മാര്‍ പല മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്നതുകൊണ്ടു കൂടുതല്‍ ആളുകള്‍ക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നു. ചെവികേള്‍ക്കാത്ത ഒരു കുട്ടിയെ പഠിപ്പിക്കണമെങ്കില്‍, അവനു മനസ്സിലാകുന്ന ആംഗ്യഭാഷയില്‍ പഠിപ്പിക്കണം. കണ്ണുകാണാത്ത കുട്ടിയാണെങ്കില്‍ തൊട്ടു മനസ്സിലാക്കത്തക്ക രീതിയില്‍ പഠിപ്പിക്കണം. മന്ദബുദ്ധിയായ കുട്ടിയാണെങ്കില്‍ അവന്റെ തലത്തില്‍ച്ചെന്നു്, മനസ്സിലാകുന്ന രീതിയില്‍ ലളിതമായി വിശദീകരിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്കു കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയൂ. ഇതുപോലെ ഓരോരുത്തരുടെയും കഴിവും മനോഭാവവും, സംസ്‌കാരവും എല്ലാം നോക്കിയാണു ഗുരുക്കന്മാര്‍ അവര്‍ക്കു് ഏതു മാര്‍ഗ്ഗമാണു വേണ്ടതെന്നു നിശ്ചയിക്കുന്നത്. മാര്‍ഗ്ഗങ്ങള്‍ എത്ര വിഭിന്നങ്ങളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ; പരമസത്യം ഒന്നുതന്നെ.

 

വിവിധ ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങള്‍
ഹൈന്ദവധര്‍മ്മത്തില്‍ എല്ലാവര്‍ക്കുംവേണ്ടി, ഒരേ അളവിലുളള കുപ്പായമല്ല തയ്യാറാക്കിയിട്ടുള്ളത്. ഒരാളുടെതന്നെ വളര്‍ച്ചയ്ക്കനുസരിച്ചു ചിലപ്പോള്‍ കുപ്പായം മാറേണ്ടിവരും. മാര്‍ഗ്ഗങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസരിച്ചു നവീകരിക്കേണ്ടി വരും. അതാണു മഹാത്മാക്കള്‍ സനാതനധര്‍മ്മത്തിനു നല്കുന്ന സംഭാവന. ഈ വിശാലതയും ചലനാത്മകതയുമാണു ഹിന്ദുധര്‍മ്മത്തിന്റെ മുഖമുദ്ര. മുല കുടിമാറാത്ത കുഞ്ഞിനു മാംസം നല്കിയാല്‍ അതിനു ദഹിക്കുകയില്ല. അസുഖമാകും. അതു മറ്റുള്ളവര്‍ക്കും പ്രയാസമാകും. അതിനാല്‍ ഓരോരുത്തരുടെയും ദഹനശക്തിയും രുചിഭേദങ്ങളും അനുസരിച്ചു പലതരം ഭക്ഷണങ്ങള്‍ വേണം. എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇതേപോലെ സനാതനധര്‍മ്മത്തില്‍ ആരാധനാസമ്പ്രദായം ഓരോരുത്തരുടെയും സംസ്‌കാരത്തിനനുസരിച്ചു വ്യത്യസ്ത രീതികളിലാണ്. അവരവര്‍ക്കു യോജിച്ചതു സ്വീകരിക്കാം. ഏതു സ്വഭാവക്കാര്‍ക്കും, ഏതു രീതി ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടതു സനാതനധര്‍മ്മത്തില്‍നിന്നും ലഭിക്കും. അങ്ങനെയാണു സനാതനധര്‍മ്മത്തില്‍ ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തി യോഗം, രാജയോഗം, ഹഠയോഗം, കുണ്ഡലിനീയോഗം, ക്രിയായോഗം, സ്വരയോഗം, ലയയോഗം, മന്ത്രയോഗം, തന്ത്രം, നാദോപാസന തുടങ്ങിയ അനേകം ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങള്‍ ഉണ്ടായത്.

ഫ്രിഡ്ജ്, വസ്തുക്കളെ തണുപ്പിക്കുന്നു. ഹീറ്റര്‍ ചൂടാക്കുന്നു, ലൈറ്റ് വെളിച്ചം തരുന്നു. ഫാന്‍ കാറ്റു തരുന്നു. എന്നാല്‍ ഇവയെ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതു് ഒരേ കറന്റുതന്നെയാണ്. അവയുടെ പ്രവര്‍ത്തനസ്വഭാവവും പ്രയോജനവും വിലയും വ്യത്യസ്തങ്ങളാണെന്നു കരുതി, ഒന്നിലെ കറന്റ് മറ്റൊന്നിലെ കറന്റിനെക്കാള്‍ ശ്രേഷ്ഠമാണെന്നോ മോശമാണെന്നോ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? ഉപാധി പലതെങ്കിലും കറന്റു് ഒന്നാണു് എന്നു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ അതിന്റെ പിന്നിലെ ശാസ്ര്തം പഠിച്ചിരിക്കണം; ആ വിഷയത്തില്‍ പ്രായോഗികപരിചയവും ഉണ്ടായിരിക്കണം. അതുപോലെ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ബാഹ്യമായി നോക്കുമ്പോള്‍ പലതായി തോന്നാമെങ്കിലും അവയിലെല്ലാം കുടികൊളളുന്ന ആന്തരികചൈതന്യം ഒന്നുതന്നെയാണ്.

അതു കാണാനുള്ള ജ്ഞാനദൃഷ്ടി സാധനയിലൂടെ നേടണം എന്നു മാത്രം. അതനുഭവിച്ചറിഞ്ഞ ഋഷീശ്വരന്മാര്‍, അവര്‍ ദര്‍ശിച്ച സത്യം തലമുറകള്‍ക്കു കൈമാറി. ആ ആര്‍ഷദര്‍ശനമാണു ഭാരതത്തിലെ സാമാന്യജനങ്ങളുടെ ജീവിതരീതിക്കു രൂപം നല്കിയത്. ആ ഒരു സംസ്‌കാരം പിന്തുടര്‍ന്നവരെ മൊത്തത്തില്‍ വിളിക്കുന്ന പേരാണു ‘ഹിന്ദു’ എന്നത്. വാസ്തവത്തിലതൊരു മതമല്ല. കാരണം, മതമെന്നാല്‍ അഭിപ്രായമെന്നാണു സാമാന്യമായ അര്‍ത്ഥം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സത്യത്തെ ദര്‍ശിച്ച അനേകം ഋഷിമാരുടെ അനുഭവങ്ങളുടെ ആകെത്തുകയാണു് ഈ സംസ്‌കാരം. അതിനാല്‍ ഏതെങ്കിലും ഒരു വ്യക്തി സൃഷ്ടിച്ച മതമല്ല ഹിന്ദുധര്‍മ്മം. ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഒതുങ്ങുന്ന തത്ത്വമല്ല, സമഗ്രമായ ജീവിതദര്‍ശനമാണത്.

ഭാരതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് ‘സനാതന ധര്‍മ്മം’

ഓരോ കാലത്തു് ഓരോ ദേശത്തു ജീവിച്ചിരുന്ന മഹാത്മാക്കള്‍ തങ്ങളുടെ ശിഷ്യര്‍ക്കും അനുയായികള്‍ക്കും ഈശ്വരനെ (പരമതത്ത്വത്തെ) പ്രാപിക്കാനായി നല്കിയ ഉപദേശങ്ങളാണല്ലോ പില്ക്കാലത്തു ഓരോ മതമായിത്തീര്‍ന്നത്. എന്നാല്‍ ഭാരതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് ‘സനാതന ധര്‍മ്മം’ എന്ന പേരില്‍ രൂപംകൊണ്ടത്. പിന്നീടു് അതു ഹിന്ദുമതം എന്നും അറിയപ്പെട്ടു. അതു് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. ഈശ്വരനെ ഇന്ന പേരു ചൊല്ലി മാത്രമേ വിളിക്കാവൂ എന്നോ അവിടുത്തെ പ്രാപിക്കാന്‍ ഏതെങ്കിലും പ്രത്യേക മാര്‍ഗ്ഗത്തിലൂടെ മാത്രമേ നീങ്ങാവൂ എന്നോ സനാതനധര്‍മ്മം നിര്‍ബ്ബന്ധിക്കുന്നില്ല. സനാതനധര്‍മ്മം ഒരു സൂപ്പര്‍മാര്‍ക്കറ്റുപോലെയാണ്. അവിടെ കിട്ടാത്തതായി യാതൊന്നുമില്ല. മഹാത്മാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവയില്‍ ഇഷ്ടമുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുവാനോ സ്വന്തമായ ഒരു പാത വെട്ടിത്തെളിക്കാനോ ഉള്ള സ്വാതന്ത്ര്യം അതു നല്കുന്നുണ്ട്. ഈശ്വരനെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്.

‘മറ്റുള്ളവര്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ അമ്മയ്ക്കു ജന്മദിനം മറ്റു സാധാരണ ദിവസങ്ങളില്‍ ഒന്നു മാത്രമാണു്; നിസ്വാര്‍ത്ഥമായി ലോകത്തെ സേവിക്കാനുള്ള മറ്റൊരു ദിവസം കൂടി മാത്രം. ലോകത്തു് ഒരു ദിവസംപോലും വിശ്രമമോ അവധിയോ എടുക്കാത്ത ഒരേയൊരാള്‍ അമ്മ മാത്രമായിരിക്കും. വര്‍ഷങ്ങളായി പല പത്രപ്രവര്‍ത്തകരും ചോദിച്ചിട്ടുണ്ടു്, എന്തുകൊണ്ടാണു് ഇങ്ങനെ അമ്മ ജനങ്ങളെ ആലിംഗനം ചെയ്തു സ്വന്തം ജീവിതം അവരുടെ ദുഃഖങ്ങളേറ്റുവാങ്ങാന്‍ സമര്‍പ്പിച്ചിരിക്കുന്നതു്? ഒരു മറുചോദ്യമാണു് എപ്പോഴും മറുപടി. പുഴ എന്തിനാണു് ഒഴുകുന്നതു്! പ്രകൃതിയില്‍ ഒരു പുഴ ഒഴുകുംപോലെ സ്വാഭാവികമാണു് അമ്മയുടെ സ്‌നേഹവും.

‘അവസാനശ്വാസംവരെ കണ്ണീരൊപ്പി ആശ്വാസവും സ്‌നേഹവും നല്കി അവരുടെ തോളില്‍ കൈവച്ചു കഴിയാനാണു് ആഗ്രഹ’മെന്നു് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അമ്മയുടെ ജീവിതം ഈ സത്യത്തിന്റെ സാക്ഷ്യപത്രമാണു്. എല്ലാ തടസ്സങ്ങളെയും അതിജീവിക്കുന്നതാണു സ്‌നേഹത്തിന്റെ ശക്തി. അമ്മയുടെ ജീവിതം സ്‌നേഹമാണു്. കഷ്ടതയനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയാണു്. ഈ സ്‌നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്‌കരണ നവോത്ഥാന പ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു. അന്താരാഷ്ട്രതലത്തില്‍പ്പോലും നടക്കുന്ന കാരുണ്യസേവനപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണു്. അമ്മയോടൊപ്പമുള്ള ഓരോ നിമിഷവും ഒരദ്ഭുതമാണു്. സാഹചര്യങ്ങളെയും ലോകത്തെയും ജനനന്മയ്ക്കു വേണ്ടി മാറ്റിമറിക്കുന്ന സമൂഹത്തിനാവശ്യമായ പരിവര്‍ത്തനം സൃഷ്ടിക്കുന്ന, ഒരു മെച്ചപ്പെട്ട ലോകമാക്കി മാറ്റുന്ന മഹാദ്ഭുതം!’

അമ്മയുടെ അന്‍പത്തിയെട്ടാം തിരുനാളിനോടനുബന്ധിച്ചു രാവിലെ നടന്ന ജയന്തി സഭയിലെ സ്വാഗതപ്രഭാഷണത്തില്‍ സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു.

ലോകത്തിനു്, കേരളത്തിനു ഈശ്വരന്‍ നല്കിയ അനുഗ്രഹമാണു് അമ്മ. ഇന്നു ലോകത്തിനു രണ്ടു കാര്യങ്ങള്‍ നഷ്ടമായിരിക്കുന്നു. ഒന്നു് അമ്മ. നമ്മുടെ വീടുകളില്‍ ഇന്നു് അമ്മയില്ല. മമ്മിയേയുള്ളൂ. ‘മമ്മി’ ജഡമാണു്. അമ്മ ജീവിക്കുന്നതും ജീവിപ്പിക്കുന്നതുമാണു്. അമ്മ ഇന്നു അമൃതപുരിയിലാണു്. രണ്ടാമത്തെതു് കിട്ടാത്ത സ്‌നേഹമാണു്. നഷ്ടമായ യഥാര്‍ത്ഥ സ്‌നേഹവും ഇന്നു് അമൃതപുരിയില്‍ മാത്രം. അമ്മയും സ്‌നേഹവും സംഗമിക്കുന്ന ഭൂമിയാണു് അമൃതപുരി. അമ്മ ജനിച്ച ദിവസവും പിന്നീടും പലരും ജനിച്ചു. അവരുടെ ശവക്കല്ലറയില്‍ ജനിച്ചദിവസും മരിച്ചദിവസവും മാത്രമേ ഉണ്ടാകൂ. മരിക്കാറായവരെ ജീവിപ്പിച്ചു് അവര്‍ക്കു ജീവന്‍ നല്കി അമ്മ ജീവിച്ചു. രാഷ്ട്രീയനേതാക്കള്‍ ആലോചിക്കണം ജനങ്ങള്‍ക്കു കൂടൂതല്‍ സേവനം അമ്മയാണോ അവരാണോ എന്നു് നിറഞ്ഞ കൈയടിക്കിടയില്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു.

‘അമ്മാസ് അഡൈ്വസ്’ എന്ന അമ്മയുടെ അമൃതഭാഷണങ്ങള്‍ സമാഹരിച്ച ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് അമ്മയുടെ അന്‍പത്തി എട്ടാമത് ജന്മദിനാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി

അമൃതപുരി 27 09 2011

വാർദ്ധക്യകാലത്ത് ദുരിതമനുഭവിക്കുന്ന അനേകായിരങ്ങൾ നമുക്കുചുറ്റും ഉണ്ട്. മക്കൾ വിദേശത്തും ദൂരസ്ഥലങ്ങളിലും ജോലിചെയ്യുന്നതിനാൽ അവരുടെ സാമീപ്യം ലഭിക്കാതെ രോഗവും ദുരിതവും അനുഭവിക്കുന്നവർ. ദീർഘനാൾ ശയ്യാവലംബികളായി സ്വന്തം ഗൃഹത്തിൽത്തന്നെ കിടക്കുന്നവർ. ആശുപത്രികളിൽ എത്തിപ്പെടുന്നവർ. ‘സേവനവും കരുണയും മുഖമുദ്രയാക്കിയ ആളുകളാവണം ഇവരെ ശുശ്രൂഷിക്കേണ്ടതു്’ എന്ന അമ്മയുടെ വാക്കുകളിൽനിന്നു പ്രചോദനമുൾക്കൊണ്ടുകൊണ്ടു അമൃതസാന്ത്വനം പദ്ധതിക്കു് ഇവിടെ തുടക്കമാകുന്നു. വിദഗ്ധ പരിശീലനം നല്കി 10,000 ഹോം നഴ്‌സുകളെ സമൂഹത്തിനു സമർപ്പിക്കണം എന്നുള്ളതു് അമ്മയുടെ തീരുമാനമാണു്. ആറു മാസത്തെ സൗജന്യ താമസവും പരിശീലനവും കൂടാതെ മാസംതോറും സ്റ്റൈപ്പൻഡും ഇവർക്കു നല്കുന്നതാണു്.

അമൃതസാന്ത്വനത്തിന്റെ ഉദ്ഘാടനം അമ്മയുടെ അൻപത്തിയെട്ടാം ജന്മദിനാഘോഷവേളയിൽ മഹാരാഷ്ട്ര ഗവർണർ ശ്രീ കെ. ശങ്കരനാരായണൻ നിർവ്വഹിച്ചു.