Category / അമൃതവാണി

സംസ്‌കാരവും സയൻസും രണ്ടും നമുക്കാവശ്യമാണ്. മനുഷ്യജീവിതത്തിനു ലക്ഷ്യബോധവും അർത്ഥവും പകരുന്നതു നല്ല സംസ്‌കാരമാണ്. സംസ്‌കാരം ശാസ്ര്തത്തിന്‍റെ കണ്ണാകണം. സയൻസു സംസ്‌കാരത്തിന്‍റെ കൈകളായിത്തീരണം

ശിഷ്യന്‍റെ വിനയവും പ്രേമവും കാണുമ്പോൾ ഗുരുവാത്സല്യം വിദ്യയായി പ്രവഹിക്കുന്നു. പ്രേമത്തിൽനിന്നാണു വിദ്യയുദിക്കുന്നത്. വിനയത്തിലൂടെയാണതു പുഷ്ടിപ്പെടുന്നത്. ആ ഗുരുത്ത്വവും വിനയവുമാണു നമ്മൾ കാത്തുസൂക്ഷിക്കേണ്ടത്.

വേദോപനിഷത്തുകൾ കടലുപോലെയാണ്. കടൽജലം സൂര്യന്റെ ചൂടിൽ നീരാവിയായിത്തീർന്നു മഴയായി വർഷിക്കുമ്പോൾ ജനങ്ങളുടെ സർവ്വവിധ ആവശ്യങ്ങൾക്കും അതു പ്രയോജനപ്പെടുന്നു. ഇതുപോലെ സത്യത്തിൽ ജീവിക്കുന്ന മഹാത്മാക്കൾ വേദസാരത്തെ സാധാരണ ജനങ്ങൾക്കുപോലും എളുപ്പം ഉൾക്കൊള്ളുവാനും ജീവിതത്തിൽ പകർത്തുവാനും കഴിയുംവിധം കാലോചിതമായി പ്രകാശിപ്പിക്കുന്നു.

ഈശ്വരന്‍റെ സാന്നിദ്ധ്യവും ഈശ്വരകൃപയും ജനങ്ങൾക്കു് അനുഭവിക്കാൻ കഴിയുന്നതു മഹാത്മാക്കളിലൂടെയാണ്.

മഞ്ഞു്, വെള്ളം തന്നെയാണെങ്കിലും ജനങ്ങൾക്കു കുടിക്കുവാനോ കുളിക്കുവാനോ അതു് ഉപകരിക്കുന്നില്ല. എന്നാൽ സൂര്യന്റെ ചൂടിൽ ഹിമാലയത്തിലെ ആ മഞ്ഞുരുകി ഗംഗയായി ജനമദ്ധ്യത്തിലേക്കു് ഒഴുകിയെത്തുമ്പോൾ എല്ലാവർക്കും അതു് പ്രയോജനപ്പെടുന്നു. ഈ ഗംഗയെപ്പോലെയാണു മഹാത്മാക്കൾ.