ഒരു ഭര്‍ത്താവും ഭാര്യയോടു പറയാറില്ല, ”എടീ, നാളെ പത്തു മണിക്കു നിന്നെ ഞാന്‍ സ്നേഹിക്കാം. നാളെ അഞ്ചു മണിക്കു സ്നേഹിക്കാം” എന്നു്. അഥവാ ഇങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വാക്കില്‍ നിന്നുതന്നെ വ്യക്തമാണു്, അവിടെ സ്നേഹമില്ല എന്നതു്. സ്നേഹം പിന്നീടു വന്നു ചേരുന്നതോ ചേര്‍ക്കപ്പെടേണ്ടതോ അല്ല. സ്നേഹം ഇപ്പോള്‍ ഇവിടെയാണു്.

ഇന്നു നമ്മുടെ ശരീരം മുകളിലേക്കും വശങ്ങളിലേക്കും വളര്‍ന്നു. എന്നാല്‍, മനസ്സുമാത്രം വളര്‍ന്നിട്ടില്ല എന്നതാണു വാസ്തവം. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ നമ്മള്‍ കുഞ്ഞാകണം. കഞ്ഞിനേ വളരാന്‍ കഴിയൂ. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയും വിനയവും നമുക്കുണ്ടാകണം. വിനയമാണു് ഒരുവനെ വിശ്വത്തോളം വളര്‍ത്തുന്നതു്. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ഇതു കൊണ്ടാണു്.

നമ്മളില്‍ പലരും പരാതി പറയാറുണ്ടു്, ഇന്നത്തെ ലോകത്തു നല്ലതു ചെയ്യാന്‍ പോയാല്‍, വളരാന്‍ കഴിയില്ല എന്നു്. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ലതു ചെയ്യുവാനുള്ള അവസരങ്ങളാണു്. നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ഏതു നിമിഷവും ഉപയോഗപ്രദമാണു്. എന്നാല്‍, അതിനു ശ്രമിക്കാതെ പിന്നത്തേക്കു മാറ്റിവയ്ക്കുന്നവര്‍, വാസ്തവത്തില്‍ ആത്മവഞ്ചനയാണു ചെയ്യുന്നതു്.

പ്രേമവും വിശ്വാസവും ജീവിതത്തിന്റെ സൗന്ദര്യമാണു്. എന്നാല്‍, പ്രേമവും വിശ്വാസവും എവിടെയുണ്ടോ അവിടേക്കു് കല്ലെറിയുക എന്നതു് മനുഷ്യസ്വഭാവമാണു്. ഇതു പാടില്ല, കാരണം, പ്രേമം സമൂഹത്തിനു നറുമണം കൊടുക്കുന്ന പനിനീര്‍പൂവാണു്. അതിനുനേരെ ആരും കല്ലെറിയരുതു്.