ചില കുടുംബങ്ങളില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ മരണം നടക്കുന്നതു കാണാം. ചില കുടുംബങ്ങളില്‍ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. ചിലര്‍ക്കു് എത്ര കല്യാണാലോചനകള്‍ വന്നാലും ഒന്നും ശരിയായി കാണാറില്ല. ചില കുടുംബങ്ങളില്‍ കുട്ടികള്‍ ജനിക്കാറില്ല. ചില കുടുംബത്തില്‍ ചെറുപ്രായക്കാര്‍ക്കും മരണം സംഭവിക്കുന്നു. ചില കുടുംബങ്ങളില്‍, പെണ്‍കുട്ടികള്‍ മുപ്പതും നാല്പതും വയസ്സാകുമ്പോള്‍ തന്നെ വിധവകളാകുന്നു. ഇതിനൊക്കെ കര്‍മ്മഫലമെന്നു മാത്രമേ കാരണം പറയുവാന്‍ കഴിയൂ.

അതിനാലാണു നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും, നമ്മുടെ ഓരോ വാക്കും, ഓരോ നോട്ടവും എന്തിനു്, നമ്മുടെ ഓരോ ചിന്തയും ശ്രദ്ധിച്ചു വേണം എന്നു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്. കാരണം, ഇവയ്‌ക്കെല്ലാം അതിന്റേതായ ഫലമുണ്ടു്. നമ്മുടെ ഓരോ ചീത്ത പ്രവൃത്തിയും നല്ല പ്രവൃത്തിയും മറ്റനേകം പേരെ സ്വാധീനിക്കുന്നുണ്ടു്.

ഇതു പറയുമ്പോള്‍, അമ്മ ഒരു കഥ ഓര്‍ക്കുകയാണു്: രാജകൊട്ടാരത്തില്‍ വിദൂഷകന്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ടു്. പക്ഷേ, രാജാവിനു കഥ ശരിക്കു മനസ്സിലായില്ല. വിദൂഷകന്‍ തന്നെ കളിയാക്കുകയാണെന്നു തെറ്റിദ്ധരിച്ച രാജാവു്, ദേഷ്യത്തോടെ വിദൂഷകനു് ഒരടി കൊടുത്തു.

വിദൂഷകന്‍ വേദന കൊണ്ടു പുളഞ്ഞു. ദേഷ്യം കൊണ്ടു പല്ലിറുമ്മി. എന്നാല്‍, തന്നെ അടിച്ചതു രാജാവാണു്, മറുത്തൊരക്ഷരം പോലും പറയുവാന്‍ കഴിയില്ല. ഒരു കാരണവും കൂടാതെ അടികിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകനു നിയന്ത്രിക്കുവാനായില്ല. വിദൂഷകന്‍, അടുത്തു നിന്നയാള്‍ക്കു് ഒരടി കൊടുത്തു.

അയാള്‍ വിദൂഷകനോടു ചോദിച്ചു, ”അങ്ങെന്താണീ ചെയ്തതു്? ഞാനങ്ങയെ ഒന്നും ചെയ്തില്ലല്ലോ, പിന്നെ എന്തിനാണു് എന്നെ അടിച്ചതു്.”

”അതിനെന്താ നീ, നിന്റെ അടുത്തു നില്ക്കുന്നയാള്‍ക്കു് ഒരടി കൊടുക്കു്. ജീവിതം ഒരു വലിയ ചക്രം പോലെയാണു്. അതു കറങ്ങി വരുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു നമുക്കു കാണാം. ഇപ്പോള്‍ മടിക്കേണ്ട, കൊടുത്തു കൊള്ളൂ.” ഇതായിരുന്നു വിദൂഷകന്റെ മറുപടി.

ഇന്നു നമുക്കു ചുറ്റും കണ്ടു വരുന്നതും ഇതു തന്നെയാണു്. തന്റെ പകയും ദേഷ്യവും അടുത്തു നില്ക്കുന്നവരോടാണു തീര്‍ക്കുന്നതു്. വാസ്തവത്തില്‍, അവര്‍ ഒന്നുമറിഞ്ഞിട്ടുണ്ടാകില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ കൊടുത്തതു തിരിയെ നമ്മളിലേക്കു തന്നെ മടങ്ങിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല.