ജീവിതത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധ്രിക്കേണ്ട ഒരു കാര്യം നമ്മുടെ കോപം നിയന്ത്രിക്കുക എന്നതാണു്. ദേഷ്യം എന്നതു രണ്ടുവശത്തും മൂര്‍ച്ചയുള്ള ഒരു കത്തി പോലെയാണു്. അതു പിടിച്ചിരിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും.

നമുക്കു് ആരോടെങ്കിലും ഒരാളോടു ദേഷ്യം തോന്നുമ്പോള്‍, നമ്മുടെ മനസ്സു് എത്ര കലുഷമാകുന്നു. ശാന്തമായി ഇരിക്കാനോ നില്ക്കാനോ കിടക്കാനോ ഒന്നും കഴിയാത്തവിധം മനസ്സു് അസ്വസ്ഥമായിരിക്കും. അതനുസരിച്ചു രക്തം ചൂടാകും. ഇല്ലാത്ത രോഗങ്ങള്‍ക്കൊക്കെ അതു വഴിയൊരുക്കും. ദേഷ്യത്തിൻ്റെ ആ ചൂടില്‍ നമ്മളിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മള്‍ അറിയാറില്ല എന്നുമാത്രം.

പലരും പലപ്രാവശ്യം ചിന്തിച്ചേ ആരോടെങ്കിലും ചിരിക്കുകയുള്ളൂ. ഒന്നു ചിരിച്ചു പോയാല്‍ അതൊരു പരിചയമായിപ്പോകില്ലേ. ആ പരിചയത്തിൻ്റെ പേരില്‍ അയാള്‍ എന്തെങ്കിലും സഹായം ആവശ്യപ്പെടുമോ? പൈസക്കെന്തെങ്കിലും ആവശ്യമുള്ള ആളാണോ? ഇതൊക്കെ ചിന്തിച്ചു വളരെ ശ്രദ്ധിച്ചു മാത്രമേ പലരും ചിരിക്കുവാന്‍ തയ്യാറാകൂ. എന്നാല്‍, ദേഷ്യത്തിൻ്റെ കാര്യത്തില്‍ അങ്ങനെയല്ല. എല്ലാം മറന്നു്, പൂര്‍ണ്ണമായി ദ്വേഷിക്കും. എങ്കിലും, ചില സ്ഥലങ്ങളില്‍ നമ്മള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കാറുമുണ്ടു്.

മേലുദ്യോഗസ്ഥരോടു സാധാരണ ആരും ദ്വേഷിക്കാറില്ല. കാരണം, ശിക്ഷ കിട്ടുമെന്നറിയാം. ചിലപ്പോള്‍ സ്ഥലം മാറ്റമായിരിക്കും അല്ലെങ്കില്‍, പ്രമോഷനു തടസ്സമായിരിക്കും. അതുമല്ലെങ്കില്‍ ജോലി തന്നെ നഷ്ടമായെന്നും വരാം. അതിനാല്‍, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും പരമാവധി നിയന്ത്രണം പാലിക്കുന്നു. അതിനു കഴിയാതെ വന്നിട്ടുള്ളവര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍, മറ്റുള്ളവര്‍ ഒരു പാഠമായി എടുക്കാറുണ്ടു്.

എന്നാല്‍, തങ്ങളെക്കാള്‍ താഴെയുള്ളവരോടു ദ്വേഷിക്കുന്ന കാര്യത്തില്‍ ആരും ഒരു നിയന്ത്രണവും പാലിച്ചു കാണാറില്ല. ഇവിടെയാണു വാസ്തവത്തില്‍ സ്വയം നിയന്ത്രിക്കേണ്ടതു്. കാരണം, അവര്‍ക്കു നമ്മളെ തിരിച്ചൊന്നും പറയുവാന്‍ കഴിയില്ല. നമ്മളെ ആശ്രയിച്ചു നില്ക്കുന്നവരാണു് അവര്‍.

അവര്‍ പ്രത്യക്ഷത്തില്‍ യാതൊന്നും പ്രകടിപ്പിച്ചു എന്നു വരില്ല. എന്നാല്‍, അവരുടെ ഹൃദയം തളരും. അവരുടെ മനസ്സു് അറിയാതെ പറഞ്ഞു പോകും, ”ഈശ്വരാ, ഞാനറിയാത്ത തെറ്റിനു് ഈ വഴക്കു കേള്‍ക്കേണ്ടി വരുന്നല്ലോ. ഈശ്വരാ, സത്യം നീ കാണുന്നില്ലേ…” അവരുടെ ഹൃദയത്തില്‍ നിന്നും ഉയരുന്ന ഈ വാക്കുകളുടെ ശോകതരംഗങ്ങള്‍ നമുക്കു് ഒരു ശാപമായിത്തീരും. അതില്‍ നിന്നും മോചനം നേടുക അത്ര എളുപ്പമല്ല.

ചിലര്‍ എത്ര നന്നായി പഠിച്ചാലും പരീക്ഷയില്‍ ജയിക്കാറില്ല. എത്ര ഇൻ്റര്‍വ്യൂവിനു പോയാലും ജോലി ലഭിക്കാറില്ല. കാരണം, ആരുടെയെങ്കിലും ഹൃദയത്തെ വേദന പെടുത്തിയിരിക്കും. അവരുടെ ഹൃദയം നൊന്ത പ്രാര്‍ത്ഥന ശാപമായി, നമ്മുടെ മുന്നില്‍ തടസ്സമായി നില്ക്കുകയാണു്. നമ്മളിലേക്കൊഴുകേണ്ട ഈശ്വര കൃപയ്ക്കു് അതു തടസ്സം സൃഷ്ടിക്കും.

ഇതിനര്‍ത്ഥം ശാസിക്കേണ്ട സാഹചര്യങ്ങളില്‍ അതു ചെയ്യേണ്ടെന്നല്ല. തെറ്റുകള്‍ കാണുമ്പോള്‍ അതു തിരുത്തേണ്ടത് ആവശ്യമാണു്. സ്നേഹവും സൗമ്യതയും എല്ലാവരുടെ മുന്നിലും വിജയിച്ചു എന്നു വരില്ല. അവിടെ ഗൗരവം കാണിക്കാം. എന്നാല്‍, അതു് ആ വ്യക്തിയുടെ നേരെയാകരുതു്. ആ വ്യക്തിയുടെ തെറ്റായ പ്രവൃത്തിക്കു നേരെ ആകണം. ആവശ്യമില്ലാതെ ഗൗരവപ്പെടുവാന്‍ പാടില്ല. നമ്മുടെ വാക്കും പ്രവൃത്തിയും മറ്റുള്ളവരുടെ ഹൃദയത്തെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രം.