നമ്മുടെ ജീവിതത്തിലും അവശ്യം വേണ്ടതു ക്ഷമതന്നെയാണു്. ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.

ഒരു ചെടിയിലെ പൂമൊട്ടു വലിച്ചു നിവര്‍ത്തിയാല്‍, പൂവിൻ്റെ പരിമളവും ഭംഗിയും അറിയുവാന്‍കഴിയില്ല. സ്വാഭാവികമായി വിടരുവാന്‍ അനുവദിച്ചാല്‍ മാത്രമേ, അതറിയുവാന്‍ സാധിക്കൂ. അതുപോലെ, ജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ക്ഷമ കൂടാതെ കഴിയില്ല. ജീവിതം സന്തോഷഭരിതം ആക്കിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേണ്ട പ്രഥമഗുണം ക്ഷമ തന്നെയാണു്.

ഒരു ഗ്രാമത്തിലുള്ള ജനങ്ങള്‍ മുഴുവന്‍ ഐക്യതയോടെയും ശാന്തിയോടെയും ജീവിക്കുന്നതായി കണ്ടു. ആ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം, ഇതിനു സാധിച്ചതു്, അവര്‍ക്കെല്ലാം മാതൃകയായി ഒരു കുടുംബം അവിടെ ഉണ്ടായിരുന്നതിനാലാണു്. എവിടെയെങ്കിലും വഴക്കു തുടങ്ങിയാല്‍, ഉടനെ അവരിലൊരാള്‍ പറയും, ”അങ്ങേ വീട്ടിലെ സ്ത്രീയെ നോക്കൂ. എത്ര ഐക്യതയോടെയാണു് അവര്‍ ഭര്‍ത്താവുമൊന്നിച്ചു കഴിയുന്നതു്. എന്തെങ്കിലും ഒച്ചയോ ബഹളമോ അവിടെനിന്നും കേള്‍ക്കാനുണ്ടോ! എത്ര സ്നേഹമാണു്. അവരെക്കണ്ടു പഠിക്കണം.” ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും അവിടെ നിശ്ശബ്ദമാകും. അങ്ങനെ ആ ഗ്രാമം മുഴുവന്‍ ശാന്തിയോടും സമാധാനത്തോടും ജീവിച്ചു പോന്നു.

അങ്ങനെയിരിക്കെ ആ ദമ്പതികളുടെ മുപ്പതാമത്തെ വിവാഹ വാര്‍ഷികം വന്നെത്തി. ഗ്രാമത്തിലുള്ളവരെല്ലാം എത്തിയിട്ടുണ്ടു്. വളരെ വിപുലമായ രീതിയിലുള്ള ആഘോഷമാണു്. ആ കുടുംബത്തെപ്പറ്റി കേട്ടറിഞ്ഞ പത്രക്കാരും അവിടെ എത്തിയിട്ടുണ്ടു്. അവര്‍ ആ ദമ്പതികളോടു ചോദിച്ചു, ”നിങ്ങളെപ്പറ്റി പുകഴ്ത്തി പറയാത്ത ആരുംതന്നെ ഈ ഗ്രാമത്തിലില്ല. ഈ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം പ്രചോദനമാണു നിങ്ങള്‍ എന്നാണു് ഇവിടുള്ളവര്‍ പറയുന്നതു്. എന്നാല്‍, നിങ്ങളുടെ ഭര്‍ത്താവു മുന്‍പു വളരെ മുന്‍കോപിയായിരുന്നുവെന്നാണു കേട്ടിട്ടുള്ളതു്. പക്ഷേ, കല്യാണത്തിനുശേഷം നിങ്ങള്‍ തമ്മില്‍ ഒരു തവണയെങ്കിലും വഴക്കിട്ടതായിട്ടു കേട്ടിട്ടുമില്ല. അതിൻ്റെ രഹസ്യമെന്താണെന്നു് ഒന്നു പറഞ്ഞുതരണം?”

ചോദ്യം കേട്ട ഭാര്യ പറഞ്ഞു, ”പറയത്തക്ക വലിയ രഹസ്യമൊന്നും ഇതിൻ്റെ പിന്നിലില്ല. കല്യാണം കഴിഞ്ഞു് മൂന്നാമത്തെ ദിവസം ഞങ്ങളൊരു ഉല്ലാസയാത്രയ്ക്കു പോയി. കൂടെ ഒരു കഴുതയെയും കൂട്ടിയിരുന്നു. ഞങ്ങളുടെ ഭാണ്ഡങ്ങളും ഭക്ഷണ സാധനങ്ങളും ആ കഴുതയായിരുന്നു ചുമന്നിരുന്നതു്. യാത്രയ്ക്കിടയില്‍ കഴുത കാലിടറി വീണു. എൻ്റെ ഭര്‍ത്താവിനു് അതു് ഒട്ടും ഇഷ്ടമായില്ല. അദ്ദേഹം ഓടിച്ചെന്നു് ആ കഴുതയുടെ ചെവിക്കു പിടിച്ചുകൊണ്ടു പറഞ്ഞു. ”ഇതു് ആദ്യത്തെ താക്കീതാണു്. നീ സൂക്ഷിക്കണം, കേട്ടോ, കേട്ടോ…” എന്നു്. താഴെ വീണ കെട്ടുകള്‍ വീണ്ടും എടുത്തു കഴുതയുടെ പുറത്തുവച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വഴിയിലുള്ള ഒരു കല്ലില്‍തട്ടി കഴുത വീണ്ടും മറിഞ്ഞു വീണു. അദ്ദേഹം ദേഷ്യത്തോടെ അതിൻ്റെ അടുത്തുചെന്നു്, രണ്ടു ചെവിയിലും മുറുകെ പിടിച്ചുകൊണ്ടു ശരിക്കും അലറുകയായിരുന്നു. ”ഇതു രണ്ടാമത്തെ താക്കീതാണു്. നീ സൂക്ഷിക്കണം കേട്ടോ, കേട്ടോ…” കഴുതയെ വീണ്ടും പിടിച്ചുയര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഞങ്ങള്‍ക്കു ചെന്നു ചേരേണ്ട സ്ഥലത്തു് എത്തിച്ചേരുവാന്‍ രണ്ടു മൂന്നു വലിയ മലകള്‍ കയറിയിറങ്ങേണ്ടിയിരുന്നു. രണ്ടു മലകള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ കയറിയിറങ്ങി. മൂന്നാമത്തെ മലയുടെ പകുതിദൂരം പിന്നിട്ടപ്പോഴേക്കും കഴുത കുഴഞ്ഞു വീണു. എൻ്റെ ഭര്‍ത്താവിനു ദേഷ്യം ഒട്ടും നിയന്ത്രിക്കുവാനായില്ല. അദ്ദേഹം തോക്കു് ഉറയില്‍ നിന്നും വലിച്ചെടുത്തു. ആ കഴുതയുടെ നേരെ നിറയൊഴിച്ചു. അതു മരിച്ചു വീണു.

എനിക്കതു് ഒട്ടും സഹിക്കുവാനായില്ല. വലിയ വിഷമം തോന്നി. ”അയ്യോ, അങ്ങെന്താണീ ചെയ്തതു്. ഇതൊരു തിരിച്ചറിവില്ലാത്ത മൃഗമല്ലേ. അങ്ങു ചെയ്തതു ശരിയാണോ? കഷ്ടമേ…” ഞാനറിയാതെ പറഞ്ഞു പോയി. അതുകേട്ടതും അദ്ദേഹം എൻ്റെ നേരെ ചാടിവീണു്, ചെവിയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു, ”ഇതു് ആദ്യത്തെ താക്കീതാണു്. നീ സൂക്ഷിക്കണം കേട്ടോ, കേട്ടോ…” എന്നു്. കഴുതയ്ക്കു സംഭവിച്ചതു പെട്ടെന്നെനിക്കു് ഓര്‍മ്മ വന്നു. ഇതുതന്നെ ഞങ്ങളുടെ ജീവിതത്തിൻ്റെ വിജയരഹസ്യം.”

വാസ്തവത്തില്‍, ഇവിടെ ക്ഷമ ഭയത്തോടുകൂടി ഉള്ളതാണെങ്കിലും അതിനും ഒരു മഹത്ത്വമുണ്ടു്. വൈരം കാഷ്ടത്തിലാണു കിടക്കുന്നതെങ്കിലും നമ്മളതെടുക്കും. വേണ്ടെന്നു വയ്ക്കില്ല. കാരണം, അതിൻ്റെ മൂല്യം അത്രയ്ക്കു വലുതാണു്. ഇതുപോലെ, ക്ഷമയുടെ മഹത്ത്വവും വിലമതിക്കാനാവാത്തതാണു്.