ഇന്നു് ഒരു സ്ഥലത്തു് എത്തിച്ചേരുവാന്‍ വഴികള്‍ പലതുമുണ്ടു്. വാഹനങ്ങള്‍ എല്ലാ മോഡലുകളിലുമുണ്ടു്. എത്ര വേഗത്തില്‍ വേണമെങ്കിലും അവിടെ എത്തിച്ചേരാം. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും വിഷമമോ കഷ്ടതകളോ ദുഃഖമോ വരുമ്പോള്‍ മറ്റു വഴികള്‍ ഒന്നുമില്ല. വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ നമുക്കിന്നു കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുന്പില് തെളിയുന്നില്ല. ഇവിടെയാണു് ആദ്ധ്യാത്മികതയുടെ പ്രസക്തി.

നമ്മള് ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ടു്. എന്തുകൊണ്ടു നമുക്കു വിഷമം വന്നു? എന്താണു വിഷമിക്കാന്‍ കാരണം? ഇവയുടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ ശ്രമിക്കണം. അതു മനസ്സിലായില്ലെങ്കില്‍ പിന്നെയും ദുഃഖം മാത്രമായിരിക്കും ഫലം.
ഒരു യുവതിയുടെ അടുത്തു കാമുകന് വന്നു്, ‘നീ എത്ര സുന്ദരിയായിരിക്കുന്നു. നിന്റെ സാമീപ്യം എനിക്കെത്ര സന്തോഷം പകരുന്നു. നീയില്ലാത്ത ജീവിതത്തെക്കുറിച്ചു് എനിക്കു് ആലോചിക്കുവാന്‍ കൂടി വയ്യ.’ ഇങ്ങനെ പറയുന്നതു കേള്‍ക്കുമ്പോള്‍ അവള്‍ക്കു വലിയ സന്തോഷം തോന്നും.
എന്നാല്‍, അധികം വൈകാതെ തന്നെ ‘നീ എന്റെ അടുത്തേക്കു വരികയേ വേണ്ട. നിന്നെ കാണുന്നതുതന്നെ എനിക്കു് അലര്‍ജിയാണു്’ എന്നും അയാള്‍ പറഞ്ഞേക്കാം. അതു കേള്‍ക്കുമ്പോള്‍ അവള് ദുഃഖിച്ചു തളരും. ഇതാണു ലോകത്തിന്റെ സ്വഭാവം എന്നറിയുന്നില്ല. അതു കാരണം ദുഃഖിക്കേണ്ടി വരുന്നു.
ലോകത്തിന്റെ സ്വഭാവം എന്താണു്? ഒരു പശുവിനെ സ്നേഹിക്കുന്നതു പാലിനുവേണ്ടിയാണു്. ഒരു വസ്തുവിന്റെ പിന്നിലാണു സ്നേഹം. പാലു കിട്ടിയില്ലെങ്കില്‍ അതിനെ ഇറച്ചിവെട്ടുകാരനു വില്‍ക്കും. ലോകത്തെ ചാരി നിന്നാല്‍ ഇതായിരിക്കും ഫലം. എപ്പോഴും അതു നമ്മളോടൊപ്പം ഉണ്ടായിരിക്കുകയില്ല. ദുഃഖം വരുന്ന സമയം ‘എന്തുകൊണ്ടു് എനിക്കീ ദുഃഖം വന്നു. എന്താണു കാരണം?’ ഓരോ സാഹചര്യത്തിലും ഇതിനുത്തരം കണ്ടെത്തുവാന്‍ ശ്രമിച്ചാല്‍ നമുക്കു മുന്നോട്ടു പോകുവാന്‍ പ്രയാസമില്ല.
നദി മുറിച്ചു കടക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവന് പ്രയത്നം വിടാതെ തുടര്‍ന്നാല്‍ പിന്നീടു സമുദ്രം കടക്കുവാനുള്ള ശക്തിയാര്‍ജ്ജിക്കും. ജീവിതത്തില്‍ ഇടക്കിടെ പ്രശ്നങ്ങള്‍ വരുന്നതു നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുകയാണു ചെയ്യുന്നതു്. അതു നമ്മളിലെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഈശ്വരന് ഒരുക്കുന്ന സാഹചര്യങ്ങളാണു്. കാലില്ചെറിയ മുള്ളു തട്ടുമ്പോള്‍, നാം ഒന്നുകൂടി ശ്രദ്ധയോടെ നടക്കും. വലിയ കുഴിയില്‍ വീഴുന്നതില്‍ നിന്നും അതു നമ്മെ രക്ഷിക്കും. ഇതോര്ത്തുകൊണ്ടു നമ്മള് പരമാത്മാവിങ്കല്‍ മുറുകെപ്പിടിക്കുവാന്‍ ശ്രമിക്കണം.
എന്നും ചെറിയ ചെറിയ ഭാരം മാത്രം പൊക്കിയെടുത്തു കൊണ്ടിരുന്നാല്‍ ചാമ്പ്യനാകാന്‍ സാധിക്കില്ല. ചാമ്പ്യനാകണമെങ്കില്‍ അതിനുള്ള ശ്രമം ചെയ്യണം. ആദ്യം ഇരുപത്തഞ്ചു കിലോ, പിന്നെ മുപ്പതുകിലോ, പിന്നെ നാല്പതു്, പിന്നെ അന്‍പതു് ഇങ്ങനെ കൂട്ടി കൂട്ടി പോകണം. അങ്ങനെ ശ്രമം വിടാതെ തുടര്‍ന്നവര്‍ മാത്രമേ ഏതു രംഗത്തും വിജയിച്ചു കാണുന്നുള്ളൂ.
ചെറിയ ഭാരം മാത്രം ഉയര്‍ത്തി ശീലിച്ചാല്‍ വലിയ ഭാരം ഉയര്‍ത്തേണ്ടി വരുമ്പോള്‍, മറിഞ്ഞു വീഴും. ഇപ്പോള്‍ നമുക്കു നമ്മളില്‍ത്തന്നെ നില്ക്കുവാന് അറിയില്ല. നമ്മള് എന്തിനെ ചാരി നില്ക്കുന്നുവോ അതൊന്നു മാറിയാല്‍ താഴെ വീണതു തന്നെ. എന്നാല്‍, ആദ്ധ്യാത്മികത, നമുക്കു നമ്മളില്‍ത്തന്നെ നില്ക്കുവാന് വേണ്ട പരിശീലനം തരുന്നു.

Download Amma App and stay connected to Amma