നമ്മുടെ കര്‍മ്മമല്ല, ഈശ്വര കൃപയാണു് എല്ലാ വിജയത്തിനും അടിസ്ഥാനം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മുടെ കര്‍മ്മം കൂടാതെ മറ്റു പല ഘടകങ്ങളും അതില്‍ വരും. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ മാത്രമേ, പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ.

നമുക്കു നന്നായറിയാം, നമ്മള്‍ എത്ര ശ്രദ്ധവച്ചു റോഡു കുറുകെ കടന്നാലും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ അശ്രദ്ധയോടെയാണു വാഹനമോടിക്കുന്നതെങ്കില്‍ നമ്മെ ഇടിച്ചെന്നിരിക്കും. അതുപോലെ, നമ്മള്‍ വളരെ ശ്രദ്ധയോടെ എല്ലാ ട്രാഫിക്കു നിയമങ്ങളും പാലിച്ചു വാഹനമോടിക്കുകയാണെന്നിരിക്കട്ടെ, എന്നാലും മദ്യപനായ ഡ്രൈവര്‍ ഓടിക്കുന്ന, എതിരെ വരുന്ന വാഹനം നമ്മളെ ഇടിച്ചെന്നിരിക്കാം.

ഇന്നു പലതും നമുക്കറിയാമെങ്കിലും ലോകത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മാത്രം നമുക്കറിയില്ല. എന്നാല്‍, അതു മനസ്സിലാക്കി നീങ്ങിയാല്‍ മാത്രമേ, ശാന്തിയുണ്ടാകൂ. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഇന്നു നമുക്കു ചുറ്റുമുണ്ടു്. ഭൗതിക സാഹചര്യങ്ങള്‍ എങ്ങനെ മാറിയാലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ അവ ഉണ്ടാക്കുന്നില്ല.

അമ്മ ഒരു സംഭവം ഓര്‍ക്കുകയാണു്: ഒരിക്കലൊരു ഭാരതീയനെ അമേരിക്കയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാം അവര്‍ ഒരുക്കി വച്ചിട്ടുണ്ടു്. അദ്ദേഹം താമസ സ്ഥലത്തു് എത്തിയ ഉടനെ സ്വീകരിക്കാന്‍ വന്ന സ്ത്രീ ചോദിച്ചു, ”അങ്ങേക്കു് എന്താണു കുടിക്കാന്‍വേണ്ടതു്?” വളരെ ഭവ്യതയോടുള്ള ചോദ്യം കേട്ടു് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു, ”എനിക്കു ചായ മതി.”

”ഏതു തരം ചായയാണു് അങ്ങേക്കു വേണ്ടതു്. കഫീനുള്ള ചായയാണോ, അതോ കഫീനില്ലാത്ത ചായയാണോ? അതോ നാരങ്ങാ ചായ വേണോ, ഇഞ്ചി ചേര്‍ത്ത ചായ മതിയോ?” ഇങ്ങനെ അനേകം ചായകളുടെ പേരു ചോദിക്കുവാന്‍ തുടങ്ങി. വന്നയാളാകട്ടെ ഇങ്ങനെയുള്ള പേരുകള്‍ ഒന്നും കേട്ടിട്ടേയില്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളതു്, വെറും ചായ മാത്രം. അദ്ദേഹത്തിനു് ആകെ ആശയകുഴപ്പമായി. ‘എന്തേ ഇവരിങ്ങനെ ചോദിക്കുന്നതു്?’

 ”എനിക്കു സാധാരണ ചായ മതി.”

ആ സ്ത്രീ പോയിട്ടു വീണ്ടും തിരിയെ വന്നു പറഞ്ഞു, ”ക്ഷമിക്കണം, അങ്ങേക്കു പഞ്ചസാരയുള്ള ചായ വേണോ പഞ്ചസാരയില്ലാത്ത ചായ വേണോ? അതോ പ്രകൃതി ചായ വേണോ?”.

വന്നയാള്‍ക്കു ക്ഷമ ഏതാണ്ടു നഷ്ടമായിത്തുടങ്ങി, ”എനിക്കു ചായമാത്രം മതി.”

ആ സ്ത്രീ വീണ്ടും ചോദിച്ചു, ”ക്ഷമിക്കണം, അങ്ങേക്കു പാല്‍ചേര്‍ത്ത ചായ വേണോ, പാലില്ലാത്ത ചായ വേണോ? നൂറുശതമാനം കൊഴുപ്പുള്ള ചായ വേണോ, കൊഴുപ്പൊട്ടുമില്ലാത്ത ചായ വേണോ! അതോ കൊഴുപ്പു് എണ്‍പതുശതമാനം വേണമോ, അതോ അന്‍പതുശതമാനം മതിയോ.”

അദ്ദേഹം വല്ലാതായി, ”അയ്യോ എനിക്കു് ഒരു ഗ്ലാസ്സു വെള്ളം മാത്രം മതിയേ” എന്നു പറഞ്ഞു.

ഉടനെ ആ സ്ത്രീ വീണ്ടും ചോദിച്ചു, ”അങ്ങേക്കു ഫില്‍റ്റര്‍ വാട്ടര്‍ വേണോ. അതോ സ്പ്രിങ്‌ വാട്ടര്‍ വേണോ, അതുമല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വേണോ!” ഇങ്ങനെ ചോദ്യം തുടര്‍ന്നു.

അദ്ദേഹത്തിന്റെ ക്ഷമ പൂര്‍ണ്ണമായും നശിച്ചു. അദ്ദേഹം വേഗം അകത്തു ചെന്നു് അവിടെ നിന്നും ഒരു ഗ്ലാസ്സുവെള്ളം എടുത്തു കുടിച്ചു. കാര്യം അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിനുവേണ്ടി എത്രമാത്രം ചോദ്യങ്ങളാണു് ചോദിച്ചു കൊണ്ടിരുന്നതു്. ഉള്ളതു ചെറിയ ഒരാഗ്രഹമാണെങ്കിലും അതു നിറവേറ്റാന്‍ അനേകം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകാം. മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണു് ഇന്നു ചെയ്യുന്നതു്.