ശരിയായ സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയമാണ്. ഹൃദയത്തിലെ ഈ സ്നേഹാനുഭൂതി പകരാന്‍ വാക്കുകളില്ല. വാക്കുകള്‍ക്കു ഹൃദയത്തില്‍ ഇടമില്ല. അവയുടെ സ്ഥാനം ബുദ്ധിയിലാണ്. ബുദ്ധിക്കു സംസാരിക്കാനറിയാം. എന്നാല്‍ അതു് ഒരു ടേപ്പ് റിക്കാര്‍ഡര്‍ പോലെയേ ഉള്ളൂ. വാക്കുകള്‍ വെറുതെ ചവച്ചു തുപ്പാനേ ബുദ്ധിക്കു കഴിവുള്ളൂ. അവയ്ക്കു പിന്നില്‍ വികാരമില്ല.

കരുണയെന്തെന്നു ബുദ്ധിക്കു് അനുഭവിച്ചറിയാനാവില്ല. ദയയും സ്നേഹവുമൊന്നും ബുദ്ധിയുടെ പരിധിയില്‍ വരില്ല. അതിന്റെ കൈയില്‍ ആകെയുള്ളതു യുക്തിയാണ്. സ്നേഹത്തെയും കരുണയെയുമൊക്കെ യുക്തിയുക്തം അതു വിലയിരുത്താന്‍ നോക്കും. മോനേ, വാക്കുകള്‍ കൂടുമ്പോള്‍ അവിടെ സ്നേഹം കുറയുകയാണ്. സ്നേഹിക്കുന്ന വ്യക്തി സദാ ധ്യാനമഗ്നനെപ്പോലെയാണ്. അത്തരം സ്നേഹമുള്ളിടത്തു ചിന്തകള്‍ നിലയ്ക്കുന്നു.
യഥാര്‍ത്ഥപ്രേമി ചിന്തിക്കുകയല്ല, ധ്യാനിക്കുകയാണു ചെയ്യുന്നത്. തന്റെ സ്നേഹഭാജനത്തെ ക്കുറിച്ചുള്ള ചിന്തകള്‍ മാത്രമേ അയാളുടെ മനസ്സില്‍ ഉള്ളൂ. അവിടെ പലതരം ചിന്തകള്‍ക്കു കടന്നുവരാനിടമില്ല. ആകെയവിടെയുള്ളതു പ്രേമിയെക്കുറിച്ചുള്ള ചിന്ത ഒന്നു മാത്രമാണ്.
ഒറ്റ വൃക്ഷത്തെ മാത്രമായി കാടു് എന്നു പറയാന്‍ പറ്റാത്തപോലെ ഒറ്റ ചിന്ത മാത്രമുള്ളപ്പോള്‍ മനസ്സുണ്ടെന്നുതന്നെ പറയാന്‍ കഴിയില്ല. പ്രേമിയെപ്പറ്റി മാത്രമുള്ള ആ ഏകചിന്ത ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നു വരുന്നതാണ്, വാക്കുകള്‍ക്കും സംസാരത്തിനും എത്തിച്ചേരാനാകാത്തത്ര ആഴങ്ങളില്‍നിന്ന്. അവിടെ വിശദീകരണങ്ങളില്ല. അതിനെപ്പറ്റി കൂടുതലൊന്നും പറയാനേ കഴിയില്ല.
സ്നേഹിക്കുന്നയാള് സദാ ധ്യാനത്തിലാഴ്ന്നു കഴിയുന്നു. അവിടെ ദ്വൈതമില്ല.
സ്നേഹത്തിന്റെ നിഴലാണു ധ്യാനം. നമ്മള് തീര്‍ത്തും നിശ്ശബ്ദരും ആത്മനിഷ്ഠരും ആയിത്തീരുകയാണവിടെ ചെയ്യുന്നത്. ആത്മവിശ്രാന്തിയില്‍ ലയിച്ചിരിക്കുന്നയാള്‍ക്കു സംസാരിക്കാന്‍ തന്നെ കഴിയില്ല. അതാണു ആദിഗുരുവായ ദക്ഷിണാമൂര്‍ത്തി സദാ മൗനത്തില്‍ ഇരിക്കുന്നതായി കാണുന്നത്. ജ്ഞാനവൃദ്ധന്മാരായ തന്റെ ശിഷ്യര്‍ക്കു ദക്ഷിണാമൂര്‍ത്തി മൗനത്തിലൂടെയാണു് ഉപദേശിച്ചതായി പറയുന്നത്. ഗുരുവും മൗനം. ശിഷ്യരും മൗനം. ആ മൗനത്തിലൂടെ ഗുരു ശിഷ്യര്‍ക്കു ജ്ഞാനോപദേശം നല്‍കുകയും ചെയ്തു അവരതു് ഉള്‍ക്കൊണ്ടു തത്ത്വം സാക്ഷാത്ക്കരിക്കുകയും ചെയ്തു.

Download Amma App and stay connected to Amma