ഭജന അവസാനിച്ചു. അന്തരീക്ഷം ധ്യാനമഗ്നമായി. അല്പം കഴിഞ്ഞു മക്കളുടെ മുഖകമലങ്ങളിലെ തേന്‍ നുകരാന്‍ മത്സരിച്ചു പറക്കുന്ന രണ്ടു കരിവണ്ടുകളെപ്പോലെ അമ്മയുടെ മിഴികള്‍ ഇളകി. ഒരു ബ്രഹ്മചാരി മെല്ലെ തന്റെ സംശയം അവതരിപ്പിച്ചു.

”അമ്മേ, ഇന്നുച്ചയ്ക്കു അമ്മ പശുവിനു കാടി കൊടുക്കുമ്പോള്‍ സംസാരിക്കാന്‍ വന്നവരോടു പറഞ്ഞില്ലേ, മിണ്ടാതിരിക്കാന്‍. അമ്മ ചെയ്യുന്നതു ജോലിയല്ല . കാടിയിലൂടെ ആ മിണ്ടാപ്രാണികള്‍ക്കു് അമ്മയുടെ സ്നേഹം പകരുകയാണെന്നും പറഞ്ഞല്ലോ. സാധാരണയായി സ്നേഹം വാക്കുകളിലൂടെയല്ലേ പ്രകടിപ്പിക്കുന്നത്. അമ്മ പറയുന്നതു കേട്ടപ്പോള്‍ തോന്നി സംസാരം സ്നേഹം പകരാന്‍ തടസ്സമുണ്ടാക്കുകയാണെന്ന്. ശരിയാണോ?”

”ശരിയാ മോനേ. യഥാര്‍ത്ഥത്തില്‍ വാക്കും സ്നേഹവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാന്‍ പ്രയാസമാണ്. ശരിയായ സ്നേഹത്തില്‍ വാക്കുകളേയില്ല. അതു നിശ്ശബ്ദമാണ്. മൗനവും സ്നേഹവും തമ്മിലാണു അടുപ്പമുള്ളത്. നിശ്ചലമായൊരു തടാകംപോലെ, നിറഞ്ഞ സ്നേഹാനുഭവത്തില്‍ വാക്കുകളുടെ ഓളങ്ങളില്ല.

നിശ്ചലമായ മനസ്സിന്റെ ചലനമാണു വാക്കും ചിന്തയുമൊക്കെ. സ്നേഹത്തിന്റെ സ്വതഃസിദ്ധഭാവം നിശ്ചലതയും, അതില്‍നിന്നുണ്ടാകുന്ന നിശ്ശബ്ദതയുമാണ്. മനസ്സിന്റെ ചിലയ്ക്കല്‍ എല്ലാം അവിടെയൊടുങ്ങുന്നു. ആ പൂര്‍ണ്ണ പ്രശാന്തിയിലാണു യഥാര്‍ത്ഥ സ്നേഹം നുകരാന്‍ കഴിയുന്നത്. സത്യത്തില്‍ സ്നേഹത്തിനൊരു ഭാഷയേ ഉള്ളൂ. അതു നിശ്ശബ്ദതയാണ്. നിശ്ശബ്ദത മാത്രമാണ്.”