ജീവിതം കൈമാറാൻ ഉള്ളതാണു്. സ്വന്തമാക്കാൻ ഉള്ളതല്ല. നാം, ഒന്നായി തീരണം. ഈയൊരു ഭാവമാണു നമ്മള്‍ വളര്‍ത്തേണ്ടതു്.

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കുതിര പന്തയക്കാരനുണ്ടായിരുന്നു. അതിലെ ഭ്രമംകൊണ്ടു് അയാളുടെ ബിസിനസ്സെല്ലാം നഷ്ടമായി.
അയാള്‍ വീട്ടിലെത്തി ഭാര്യയോടു പറഞ്ഞു, ”എൻ്റെ ബിസിനസ്സെല്ലാം നഷ്ടമായി. ഇനി നമ്മള്‍ എന്തു ചെയ്യും?”
ഭാര്യ പറഞ്ഞു, ”ഇനി അങ്ങു കുതിര പന്തയത്തിനു പോകേണ്ട. ഉള്ള പണം കൊണ്ടു നമുക്കു ജീവിക്കാം.”
”ഓ ശരി, നീ കൂടി ഒരു കാര്യം ചെയ്യണം” ഭര്‍ത്താവു പറഞ്ഞു, ”നീ ഇനി, ആഡംബര വസ്ത്രങ്ങള്‍ വാങ്ങുന്നതു ഉപേക്ഷിക്കണം. അതിനുള്ള പണം ഇനി നമുക്കില്ല.”
‘ശരി.’ ഭാര്യയും സമ്മതിച്ചു. ”നമ്മള്‍ കാറോടിക്കാന്‍ ഒരു ഡ്രൈവറെ വച്ചിട്ടില്ലേ, ഈ പണമില്ലാത്ത സമയത്തു്, ഒരു ഡ്രൈവര്‍ക്കു് എവിടെ നിന്നും ശമ്പളം കൊടുക്കാനാണു്? അങ്ങേക്കു ഡ്രൈവിങു് അറിയാമല്ലോ, പിന്നെ എന്തിനാണു് ഒരു ഡ്രൈവര്‍?” ഭാര്യ ചോദിച്ചു.
”ശരിയാണു്, ഇനി ഡ്രൈവര്‍ വേണ്ട. വണ്ടി അത്യാവശ്യത്തിനു ഞാന്‍ തന്നെ ഓടിച്ചു കൊള്ളാം.” ഭര്‍ത്താവു സമ്മതിച്ചു.
ഭര്‍ത്താവു ചോദിച്ചു, ”ഈ കാശില്ലാത്ത സമയത്തു നമുക്കൊരു അടുക്കളക്കാരിയെ വേണോ? വേണ്ട സഹായം ഞാനും ചെയ്തു തരാം.” ഭാര്യ സന്തോഷപൂര്‍വ്വം സമ്മതിച്ചു.
അങ്ങനെ അവര്‍ ജീവിതം പരസ്പരം കൈമാറി. അനാവശ്യ ചെലവുകള്‍ കുറച്ചു് അവര്‍ക്കു നേരിട്ട നഷ്ടം നികത്തി. അങ്ങനെ ജീവിതത്തില്‍ വിജയം നേടാന്‍ കഴിഞ്ഞു.
ഈ ഒരു ഭാവമാണു നമ്മള്‍ വളര്‍ത്തി എടുക്കേണ്ടതു്. ഒരു ഹൃദയമായി തീരുക, ഒന്നായി തീരുക. മറിച്ചു് ”നീ അതു് പറഞ്ഞില്ലേ, നീ എന്നെ ഉപദേശിക്കാനാരാണു്?” ഇങ്ങനെ പറഞ്ഞു പരസ്പരം വേര്‍പിരിയാനുള്ളതല്ല ജീവിതം.